ആയിരം മുഖങ്ങളുള്ള സിനിമ, സംവിധാനം ഭരത്ബാല

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീളുന്ന ഭാരതത്തിന്‍റെ പഴയതാളങ്ങളിലൂടെ കടന്നുപോകുന്ന ആയിരം സിനിമകള്‍കൊണ്ട് ഇന്ദ്രജാലമൊരുക്കുകയാണ് സംവിധായകന്‍ ഭരത്ബാല. ഭാരതത്തിന്‍റെ സംസ്ക്കാരം, വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍, ഐതിഹ്യം, വേഷം, ഭാഷ, ഭക്ഷണം, സാഹിത്യം, സംഗീതം, ആയോധനകലകള്‍ തുടങ്ങി... Read More

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീളുന്ന ഭാരതത്തിന്‍റെ പഴയതാളങ്ങളിലൂടെ കടന്നുപോകുന്ന ആയിരം സിനിമകള്‍കൊണ്ട് ഇന്ദ്രജാലമൊരുക്കുകയാണ് സംവിധായകന്‍ ഭരത്ബാല. ഭാരതത്തിന്‍റെ സംസ്ക്കാരം, വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍, ഐതിഹ്യം, വേഷം, ഭാഷ, ഭക്ഷണം, സാഹിത്യം, സംഗീതം, ആയോധനകലകള്‍ തുടങ്ങി പരമ്പരാഗതമായതെല്ലാം ഒറ്റചരടില്‍ കോര്‍ത്തെടുക്കുകയാണ്.

 

നവഭാരതത്തിന്‍റെ ഉള്ളറകളില്‍ കൊത്തിവെച്ച വിസ്മയകാഴ്ചകളാകും ഭരത്ബാലയുടെ സ്വപ്നസാക്ഷാത്ക്കാരമായ വിര്‍ച്വല്‍ ഭാരത്. വ്യത്യസ്തകള്‍ സംഗമിക്കുന്ന ഭൂപ്രകൃതിയിലൂടെയുള്ള യാത്ര ഭാരതത്തെ അറിയാനും കാണാനും കേള്‍ക്കാനും അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. പത്ത് മിനിറ്റ് വീതമുള്ള സിനിമയില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളും പുഴകളും മലകളും പുല്‍ക്കൊടികളും അഭിനേതാക്കളാകുന്നു. വിര്‍ച്വല്‍ ഭാരതിന്‍റെ തുടക്കം ആലപ്പുഴയിലാണ്. ആയിരത്തിലെ ഒന്നാമന്‍ ആലപ്പുഴയില്‍ പൂര്‍ത്തിയായി കഴിഞ്ഞു.

 

 

ചുണ്ടന്‍ വള്ളങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ആദ്യസിനിമയ്ക്ക് താളം എന്നാണ് പേര്. ചുണ്ടന്‍ വള്ളവും തുഴക്കാരും അവരുടെ കൂടിചേരലും തുഴയെറിയലിന്‍റെ താളവും വേഗവും അതിശയപ്പെടുത്തുന്ന കാഴ്ചയാണ്. താളവേഗത്തിലുള്ള കുതിപ്പിന് അനുയോജ്യമായ പേര് തന്നെയാണ് ഭരത്ബാല നല്‍കിയിരിക്കുന്നത്. കഥകളി, തിരുവാതിര, തീതെയ്യങ്ങള്‍, കളരിപ്പയറ്റ്… കേരളീയ കലകളെല്ലാം ചിത്രീകരിക്കപ്പെടുന്നുണ്ട്. ദേശത്തിന്‍റെ പാരമ്പര്യവും സംസ്ക്കാരവും കലകളും സാങ്കേതിക വിദ്യയും സംഗീതവും ചേര്‍ത്തുവായിക്കപ്പെടുന്ന ഓരോ സിനിമയിലും ഓരോ വിഷയത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

 

വിര്‍ച്വല്‍ ഭാരതിലെ ആദ്യചിത്രമായ ‘താളം’ ദുല്‍ഖര്‍ സല്‍മാന്‍റെ എഫ്.ബി പേജിലൂടെ റിലീസ് ചെയ്തു. വിര്‍ച്വല്‍ ഭാരതിന്‍റെ സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാനാണ്. ബാല്യകാല സുഹൃത്തുക്കള്‍ കൈകോര്‍ക്കുന്ന സംഭവബഹുലമായ അടയാളപ്പെടുത്തലായിരിക്കും ആയിരം സിനിമകള്‍. എ.ആര്‍. റഹ്മാന്‍റെ ‘മാതുചേ സലാം'(വന്ദേമാതരം) എന്ന മ്യൂസിക് ആല്‍ബത്തിന് ദൃശ്യചാരുതയേകിയത് ഭരത്ബാലയാണ്. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുവേണ്ടി തയ്യാറാക്കിയ ഉദ്ഘാടനഗാനം ചിത്രീകരിച്ചതും ഭരത്ബാലയാണ്.

 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെക്കുറിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കിയ ഭരത്ബാല പരസ്യചിത്രങ്ങളുടെ സംവിധായകനെന്ന നിലയിലും ശ്രദ്ധേയനാണ്. ഹരി ഓം (ഇംഗ്ലീഷ്), മരിയന്‍ (തമിഴ്) പത്തുവര്‍ഷത്തിനിടയില്‍ രണ്ടേ രണ്ട് സിനിമ. വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് വിര്‍ച്വല്‍ ഭാരതിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുള്ളത്. വിര്‍ച്വല്‍ ഭാരതിലെ സിനിമകള്‍ ആദ്യം യൂ ടൂബിലും ഇന്‍സ്റ്റഗ്രാമിലുമാണ് വരിക. ഓരോ ആഴ്ചയിലും ഓരോ സിനിമ വീതം റിലീസ് ചെയ്യാനാണ് പദ്ധതി.

 

 

കേരളത്തിലെത്തിയ ഭരത്ബാലയുടെ വലംകൈ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ. കബീറാണ്. ഭരത്ബാലയുമായുള്ള സൗഹൃദത്തിന് രണ്ട് പതിറ്റാണ്ടിന്‍റെ പഴക്കമുണ്ടെന്ന് കബീര്‍ പറഞ്ഞു. ഡെല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് കേരളത്തില്‍ നിന്നുള്ള സന്നാഹങ്ങളൊരുക്കി ഭരത്ബാലയ്ക്ക് എത്തിച്ചുകൊടുത്തത് കബീറാണ്. വിര്‍ച്വല്‍ ഭാരതിന്‍റെ ചിത്രീകരണതുടക്കം കേരളത്തില്‍ ആലപ്പുഴയിലാകാനുള്ള കാരണവും ഈ സൗഹൃദം തന്നെയാണ്.
ഭാരതത്തിന്‍റെ തനതുസംസ്ക്കാരം ചിത്രീകരിക്കുകയും സംരക്ഷിക്കുകയുമാണ് തന്‍റെ ലക്ഷ്യമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം സിനിമകളും പൂര്‍ത്തിയാക്കുമെന്നും ഭരത്ബാല പറയുന്നു.

 

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO