വിധിയെ തോല്‍പ്പിച്ച വിജയങ്ങള്‍

ഇക്കഴിഞ്ഞ ഡിസംബര്‍ 3-ാം തീയതി. ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ വിജ്ഞാന്‍ ഭവനാണ് വേദി. രാജ്യത്തെ കോടാനുകോടി തൊഴിലാളികളില്‍നിന്നും തെരഞ്ഞെടുത്ത ഒരു വ്യക്തിക്ക്, സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള 'ബെസ്റ്റ് എംപ്ലോയി' അവാര്‍ഡ് ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു സമ്മാനിക്കുന്ന ചടങ്ങ്... Read More

ഇക്കഴിഞ്ഞ ഡിസംബര്‍ 3-ാം തീയതി. ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ വിജ്ഞാന്‍ ഭവനാണ് വേദി. രാജ്യത്തെ കോടാനുകോടി തൊഴിലാളികളില്‍നിന്നും തെരഞ്ഞെടുത്ത ഒരു വ്യക്തിക്ക്, സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ‘ബെസ്റ്റ് എംപ്ലോയി’ അവാര്‍ഡ് ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു സമ്മാനിക്കുന്ന ചടങ്ങ് നടക്കുകയാണ്. മുംബൈ ഗാണ്‍സോലിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള തൃശൂര്‍ മുള്ളൂര്‍ക്കര നടുവില്‍ മഠത്തില്‍ ബാലസുബ്രഹ്മണ്യഅയ്യരുടേയും മീനയുടേയും മകള്‍ വനിതാ അയ്യരാണ് പുരസ്ക്കാര ജേതാവ്. പ്രൗഢഗംഭീരമായ സദസില്‍ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍ക്കൊപ്പം ബാലസുബ്രഹ്മണ്യഅയ്യരും മീനയും, വനിതയുടെ ഭര്‍ത്താവ് മണികണ്ഠനുമുണ്ടായിരുന്നു ചടങ്ങ് വീക്ഷിക്കുവാന്‍.

 

ഏതൊരച്ഛനേയും അമ്മയേയും സംബന്ധിച്ചിടത്തോളം അഭിമാനകരമായ മുഹൂര്‍ത്തം. രാജ്യത്തെ രണ്ടാമത്തെ പൗരനില്‍നിന്നും മകള്‍ ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങാന്‍ പോവുകയാണ്, അവളുടെ രണ്ടാം ദേശീയ പുരസ്കാരം. ‘എംപവര്‍മെന്‍റ് ഓഫ് പേര്‍സന്‍സ് വിത്ത് ഡിസ്എബിലിറ്റി റോള്‍ മോഡല്‍’ അവാര്‍ഡായിരുന്നു ആദ്യത്തേത്. ആറുവര്‍ഷം മുന്‍പ് ഇതുപോലൊരു ഡിസംബര്‍ 3 ന് അന്നത്തെ രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജിയായിരുന്നു ആ അവാര്‍ഡ് സമ്മാനിച്ചത്. ഇപ്പോഴിതാ മറ്റൊരു ഡിസംബര്‍ 3 ന് പിന്നെയുമൊരു ദേശീയപുരസ്കാരം തങ്ങളുടെ മകളെ തേടിയെത്തിയിരിക്കുന്നു.

 

 

ബാലസുബ്രഹ്മണ്യഅയ്യരുടേയും മീനയുടേയും മനസ്സ് പക്ഷേ പിറകോട്ട് സഞ്ചരിക്കാന്‍ തുടങ്ങി. മൂന്ന് പതിറ്റാണ്ട് പിറകിലേക്ക്… അയ്യരും കുടുംബവും അന്ന് മുബൈയിലായിരുന്നു താമസമെങ്കിലും അയ്യര്‍ക്ക് ജോലി സൗദി അറേബ്യയിലായിരുന്നു. മീനയും മൂത്തമകന്‍ വരുണും മാത്രം മുംബൈയിലും. അങ്ങനിരിക്കെയാണ് അവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നത്. നല്ല സുന്ദരിയായ, ഓമനത്വമുള്ള ഒരു പെണ്‍കുഞ്ഞ്. അയ്യരും മീനയും സന്തോഷം കൊണ്ട് ദൈവത്തിന് നന്ദി പറഞ്ഞു. ആ സന്തോഷം പക്ഷേ കടുത്ത ദുഃഖത്തിനും നിരാശയ്ക്കുമൊക്കെ വഴിമാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല. കുഞ്ഞിന് ഏഴുമാസം പ്രായമായപ്പോഴാണ്, കേഴ് വി ശക്തിയില്ല എന്നുള്ള ഞെട്ടിക്കുന്ന സത്യം അയ്യരും കുടുംബവും തിരിച്ചറിഞ്ഞത്. അതോടെ സന്തോഷം അലതല്ലിയിരുന്ന കുടുംബത്തില്‍ ദുഃഖത്തിന്‍റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി.

 

സമാനതകളില്ലാത്ത ഒരു പോരാട്ടം തന്നെയാണ് അയ്യരും മീനയും പിന്നീട് വിധിയുമായി നടത്തിയത്. ദൈവം ഒരു വ്യക്തിക്ക് എന്തെങ്കിലും ഒരു വൈകല്യം നല്‍കിയാല്‍ അതിനെ അതിജീവിക്കുവാന്‍ ഒന്‍പത് കഴിവുകള്‍ വേറെ നല്‍കിയിരിക്കും എന്ന് എവിടെയോ കേട്ടറിഞ്ഞുണ്ടായിരുന്ന സുബ്രഹ്മണ്യഅയ്യര്‍ മകളുടെ ആ ഒന്‍പതുകഴിവുകളും കണ്ടെത്തി ഉത്തേജിപ്പിക്കുവാന്‍ തന്നെ തീരുമാനിച്ചു. അതിനായി ആദ്യം ചെയ്തത്, നൊന്തുപ്രസവിച്ച മകള്‍ക്ക് ദൈവം കേഴ്വി ശക്തി നല്‍കിയില്ല എന്നറിഞ്ഞ നിമിഷം മുതല്‍ തളര്‍ന്നുപോയ ഭാര്യ മീനയെ വിധിയുമായുള്ള പോരാട്ടത്തിന് സജ്ജയാക്കുകയായിരുന്നു.

 

അയ്യര്‍ മീന ആന്‍റ് വനിത VS വിധി

 

അതേതുടര്‍ന്നാണ് ഇത്തരത്തില്‍ വൈകല്യമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന സ്ക്കൂളുകളെക്കുറിച്ച് അന്വേഷിച്ചതും, ചെന്നൈയിലെ ബാലവിദ്യാലയ സ്പെഷ്യല്‍ സ്ക്കൂളിനെപ്പറ്റി അറിഞ്ഞതും. കേഴ്വിശക്തിയില്ലാത്ത കുട്ടികളെ പ്രത്യേക സ്ക്കൂളില്‍ ചേര്‍ത്ത് പ്രത്യേക പരിശീലനം നല്‍കിയില്ലെങ്കില്‍ അത് അവരുടെ സംസാരശേഷിയേയും ബാധിക്കാനിടയുണ്ടെന്നുകൂടി കേട്ടപ്പോള്‍ ഒട്ടും താമസിക്കാതെ കുഞ്ഞിനെ ചെന്നൈയിലെ സ്ക്കൂളില്‍ ചേര്‍ക്കാന്‍തന്നെ തീരുമാനിച്ചു. കുഞ്ഞുവനിതയ്ക്ക് അന്ന് ഒരു വയസ്സാണ് പ്രായം. അവളുടെ അച്ഛന്‍ സൗദി അറേബ്യയില്‍. അതായത് മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് ഒരു പറിച്ചുനടല്‍, ബുദ്ധിമുട്ടുള്ള സാഹചര്യം. എന്നിട്ടും പക്ഷേ അയ്യരും ഭാര്യയും പിന്മാറിയില്ല. കാരണം അവര്‍ക്ക് മറ്റെന്തിലും വലുത് മകളുടെ ഭാവിയായിരുന്നു. അതുകൊണ്ടാണ് മകന്‍ വരുണിനെ അമ്മൂമ്മയോടൊപ്പം മുംബൈയിലാക്കിയിട്ട് ഒരു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകള്‍ വനിതയുമായി മീന ചെന്നൈയ്ക്ക് തിരിച്ചത്. വരുണിന് അപ്പോള്‍ രണ്ടുവയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നുകൂടി ഓര്‍ക്കണം. അതൊന്നും പക്ഷേ മീനയെ പിന്തിരിപ്പിച്ചില്ല.

 

 

സ്ക്കൂളിലെ നിയമങ്ങളും ചിട്ടകളുമൊക്കെ വളരെ കര്‍ശനമായിരുന്നു. പഠനവും പരിശീലനവും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ലിപ്മൂവ്മെന്‍റ് വഴിയുള്ള പഠനമാകയാല്‍ ഏതെങ്കിലും ഒരു ഭാഷയിലേ പഠനം നടത്താവൂ എന്നുള്ളത് നിര്‍ബന്ധമുള്ള കാര്യമായിരുന്നു. വനിതയ്ക്കായി തെരഞ്ഞെടുത്തത് ഇംഗ്ലീഷ് ഭാഷയായിരുന്നു. സ്ക്കൂളില്‍ പഠിപ്പിക്കുന്ന അതേഭാഷ മാത്രമേ രക്ഷകര്‍ത്താക്കള്‍ വീട്ടില്‍ സംസാരിക്കാവൂ എന്നും, രക്ഷകര്‍ത്താക്കള്‍ കഴിയുന്നിടത്തോളം സമയം കുട്ടിയുമായി ചെലവഴിക്കണം എന്നുമൊക്കെയുള്ള നിബന്ധനകളുണ്ടായിരുന്നു. എല്ലാം വിട്ടുവീഴ്ചയില്ലാതെ പാലിക്കുവാന്‍ മീന തയ്യാറായപ്പോള്‍, വനിത ലിപ് റീഡിംഗ് വഴി ഓരോരോ വാക്കുകളായി പഠിക്കുവാനും തുടങ്ങി.

 

അപ്പോഴേക്കും ബാലസുബ്രഹ്മണ്യഅയ്യര്‍ സൗദി അറേബ്യയിലെ ജോലി ഉപേക്ഷിച്ച് മുംബൈയില്‍ തിരിച്ചെത്തി, വരുണിനെയും കൂട്ടി ചെന്നൈയില്‍ വന്ന് കുടുംബമായി താമസിക്കുവാന്‍ തുടങ്ങി. അപ്പോഴാണ് സാമ്പത്തികം എന്ന മറ്റൊരു വലിയ പ്രതിസന്ധി കൂടി അവരെ തുറിച്ചുനോക്കിയത്. അയ്യര്‍ ജോലി ഉപേക്ഷിച്ചു, മീനയ്ക്ക് ജോലിയില്ല, വരുണിന്‍റെയും വനിതയുടെയും പഠനച്ചെലവ്, വീട്ടുവാടക, പിന്നെ വീട്ടുചെലവ് എല്ലാം കൂടി നാലുവശത്തുനിന്നും വരിഞ്ഞുമുറുക്കിയെങ്കിലും അയ്യര്‍ പിന്‍മാറിയില്ല. എങ്ങനെയൊക്കെ യോ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു.

 

അങ്ങനെ അഞ്ചുവര്‍ഷം ചെന്നൈയില്‍ പഠിച്ചശേഷം, സാധാരണ സ്ക്കൂളിലേക്ക് മാറി. അപ്പോഴും വനിതയ്ക്ക് വായിച്ചുപഠിക്കാനല്ലാതെ കേട്ടുപഠിക്കാനാകില്ല എന്നതുകൊണ്ട്, അതിനായി കിട്ടാവുന്ന ബുക്കുകളൊക്കെയും വാങ്ങി വീട് ഒരു ലൈബ്രറിയാക്കുവാനും ബാലസുബ്രഹ്മണ്യഅയ്യര്‍ തയ്യാറായി. ഒപ്പം മറ്റൊന്നുകൂടി ചെയ്തു. ഒരു കാര്യത്തിലും വരുണിന് പിറകിലാകരുത് വനിത എന്നുള്ളതുകൊണ്ട് വരുണിനെപ്പോലെ തന്നെ കരാട്ടെ, സ്വിമ്മിംഗ്, സ്കേറ്റിംഗ്, പാട്ട്, യോഗ എന്നിവയിലൊക്കെ വനിതയ്ക്ക് പരിശീലനം നല്‍കി. അതുകൂടാതെ ഡാന്‍സും പഠിപ്പിച്ചു. മകളുടെ വാശിയും അതിനൊരുകാരണമായി.

 

9-ാമത്തെ വയസ്സില്‍ ബ്ലാക് ബെല്‍റ്റ്; പിന്നെ സിനിമയിലേക്ക്…

 

പഠിച്ച എല്ലാ കാര്യങ്ങളിലും മികവുകാട്ടിയ വനിത, ഒന്‍പതാമത്തെ വയസ്സില്‍ കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി. ആ വാര്‍ത്ത പത്രത്തില്‍ കണ്ട സംവിധായകന്‍ സന്തോഷ് ശിവന്‍, ‘മല്ലി’ എന്ന തന്‍റെ പുതിയ ചിത്രത്തില്‍ വനിതയെ നായികയാക്കുവാന്‍ തീരുമാനിച്ചെങ്കിലും, കേഴ്വിശക്തിയില്ലാത്തതിനാല്‍, കഥയില്‍ മാറ്റം വരുത്തി, നായികയുടെ കൂട്ടുകാരിയായ നഗരത്തില്‍ നിന്നുള്ള പെണ്‍കുട്ടിയായിട്ടാണ് വനിതയെ അഭിനയിപ്പിച്ചത്. കാരണം, ഏറെ സംഭാഷണമുള്ള റോളായിരുന്നു നായികയുടേത്. ഏതായാലും നഗരത്തില്‍ നിന്നുള്ള പെണ്‍കുട്ടിയായി തകര്‍ത്തഭിനയിച്ച വനിതയ്ക്ക്, മല്ലിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുക കൂടി ചെയ്തതോടെ സിനിമയിലും സീരിയലിലും പരസ്യചിത്രങ്ങളിലുമൊക്കെ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പഠനത്തില്‍ ശ്രദ്ധിക്കുവാനായി അതില്‍ പലതും ഉപേക്ഷിക്കേണ്ടി വന്നു.

 

എങ്കിലും ഭരതനാട്യം, പെയിന്‍റിംഗ്, ജുവലറി മേക്കിംഗ്, റെയ്ക്കി.. എന്നീ മേഖലകളിലൊക്കെ പ്രാവീണ്യം തെളിയിക്കുവാനുള്ള ഒരവസരവും നഷ്ടപ്പെടുത്തിയില്ല. അവയില്‍ മിക്കതിലും പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തുകൊണ്ടിരുന്നു. അതിന്‍റെ കൂടെ പഠനത്തിലും മികവ് കാട്ടിയ വനിത ഇലക്ട്രോണിക്സ് ആന്‍റ് ടെലികമ്മ്യൂണിക്കേഷന്‍സില്‍ ബിരുദം നേടുകയും ബാങ്ക് ഓഫ് ബറോഡയില്‍ ഉദ്യോഗം സമ്പാദിക്കുകയും ചെയ്തു. ഇപ്പോള്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് വനിത. 7 മാസം മുതല്‍ 5 വയസ്സുവരെ പഠിച്ച ബാലവിദ്യാലയത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷമായിരുന്നു ഈ ഡിസംബര്‍ മാസത്തില്‍.

 

 

അതേ ഡിസംബറില്‍ തന്നെ ഇവിടുന്ന് പഠിച്ചുപോയ വനിതയ്ക്ക് ദേശീയ പുരസ്കാരം നേടിയതില്‍ അഭിമാനിക്കുകയാണ് സ്ക്കൂള്‍ അധികൃതരും വനിതയും. തനിക്ക് കിട്ടിയ രണ്ട് ദേശീയ പുരസ്കാരങ്ങളും വിധിയോട് പടപൊരുതി നേടിയതാണെന്നും, തന്നെപ്പോലെ ഏതെങ്കിലും വൈകല്യവുമായി ജനിക്കുന്ന കുട്ടികള്‍ക്ക് തന്‍റെ ജീവിതം ഒരു പ്രചോദനമാകണമെന്നുമാണ് വനിതയുടെ താല്‍പ്പര്യം. അതുതന്നെയാണ് വനിതയെ നേട്ടങ്ങളുടെ കൊടുമുടികളിലെത്തിക്കുവാന്‍ സമാനതകളില്ലാത്ത ത്യാഗം സഹിച്ച ബാലസുബ്രഹ്മണ്യന്‍ അയ്യര്‍ എന്ന അച്ഛനും, മീനഎന്ന അമ്മയ്ക്കും പറയാനുള്ളത്. ഭര്‍ത്താവ് മണികണ്ഠനും മറിച്ചൊരഭിപ്രായമല്ല.

 

അത്ഭുതപ്രതിഭ

 

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്…. കൊല്ലം നഗരത്തിലെ പ്രശസ്തമായ തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ദീപാരാധനയ്ക്കുശേഷം ഭക്തിഗാനസുധ അവതരിപ്പിക്കുകയായിരുന്നു ആദിശങ്കരരാജ ഓര്‍ക്കസ്ട്രായുടെ ബാനറില്‍ രാകേഷ് രജനികാന്ത് എന്ന ചെറുപ്പക്കാരന്‍. ഏതാണ്ട് രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന ഒറ്റയാള്‍ ഗാനാലാപനം. പരിപാടി കേള്‍ക്കുവാനെത്തിയവരുടെ കൂട്ടത്തില്‍ തിരുമുല്ലവാരം കാണുവാന്‍ വന്ന രണ്ട് വിദേശികളുമുണ്ടായിരുന്നു. ഭാഷ അറിഞ്ഞുകൂടെങ്കിലും രാകേഷിന്‍റെ പാട്ടിന്‍റെ താളത്തില്‍ ലയിച്ചിരുന്ന അവര്‍, ആ രണ്ടര മണിക്കൂര്‍ നേരവും ഇരുന്ന ഇരുപ്പില്‍ നിന്നും എഴുന്നേറ്റില്ല. എന്നുമാത്രമല്ല, പരിപാടി അവസാനിച്ചപ്പോള്‍ വേദിയിലെത്തി ഗായകനെ അഭിനന്ദിക്കുകയും ചെയ്തു.

 

അപ്പോഴാണ് അത്ഭുതം കൊണ്ട് അവര്‍ ഞെട്ടിപ്പോയത്. അത്രനേരവും ശ്രുതിമധുരമായി പാടിയ രാകേഷ്, വൈകല്യങ്ങളുടെ ആകെ തുകയാണെന്നുള്ളത് അവര്‍ക്ക് വിശ്വസിക്കുവാനായില്ല. കാഴ്ചശക്തി നൂറുശതമാനവും ഇല്ലാത്ത, ശാരീരിക വൈകല്യം നൂറുശതമാനവും ഉള്ള, രാകേഷ് നൂറുശതമാനവും ഓട്ടിസ്റ്റിക്കുമാണ്. അതായത് ഇല്ലാത്ത വൈകല്യങ്ങളൊന്നും ഇല്ലെന്നു സാരം. അതേസമയം ആലാപനമാകട്ടെ നൂറ് ശതമാനവും പെര്‍ഫെക്ടും.

 

 

അന്ന് രാകേഷിനെ അത്ഭുത പ്രതിഭ എന്ന് വിശേഷിപ്പിച്ച ആ വിദേശികള്‍ ഒരു കാര്യം പറയാന്‍ മറന്നില്ല; ഈ ചെറുപ്പക്കാരനെ രാജ്യം അംഗീകരിക്കുന്ന ഒരു ദിവസം വരും. ഇക്കഴിഞ്ഞ ഡിസംബര്‍ 3 ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യാനായിഡുവില്‍നിന്ന് ഭിന്നശേഷിക്കാരിലെ അസാമാന്യ പ്രതിഭയ്ക്കുള്ള ദേശീയപുരസ്ക്കാരം രാകേഷ് ഏറ്റുവാങ്ങിയ വാര്‍ത്ത കേള്‍ക്കുകയും കാണുകയും വായിക്കുകയും ചെയ്തപ്പോള്‍, വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ വിദേശികള്‍ നടത്തിയ പ്രവചനമാണ്, അതിന് സാക്ഷ്യം വഹിച്ച വ്യക്തി എന്ന നിലയില്‍ ഈ ലേഖകന് ഓര്‍മ്മ വന്നത്.

 

കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിന് സമീപം ‘ശക്തികുടീര്‍’- ല്‍ റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്‍ രജനികാന്തിന്‍റെയും കുസുമത്തിന്‍റെയും മകന്‍ രാകേഷിന് കാഴ്ച വൈകല്യം ഉണ്ടെന്ന് ആദ്യമായി കണ്ടുപിടിച്ചത് മുത്തച്ഛന്‍ ഗിരിധര്‍ലാല്‍ റാംജിയായിരുന്നു. അന്‍പതുകളുടെ ആദ്യം ഗുജറാത്തില്‍ നിന്നും കേരളത്തിലെത്തിയവരായിരുന്നു ഗിരിധര്‍ ലാലും കുടുംബവും. കേരളം, കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍നിന്നും അണുകുടുംബ വ്യവസ്ഥിതിയിലേക്ക് ധൃതഗതിയില്‍ ചുവടുമാറ്റം നടത്തിക്കൊണ്ടിരുന്നപ്പോഴും, കൂട്ടുകുടുംബത്തിന്‍റെ നന്മകള്‍ തിരിച്ചറിഞ്ഞ് ജീവിച്ച വ്യക്തിയാണ് ഗിരിധര്‍ലാല്‍ റാംജി. ഒരുപക്ഷേ അതുതന്നെയാകാം, വൈകല്യങ്ങളോട് പടവെട്ടി പാട്ടിന്‍റെ ലോകത്ത് പ്രതിഭ തെളിയിക്കുവാന്‍ രാകേഷിന് അവസരമൊരുക്കിയത്.

 

പേരക്കുട്ടിയില്‍ കാഴ്ചവൈകല്യം കണ്ടെത്തിയ തിരുവനന്തപുരത്തെ വിദഗ്ദ്ധ വൈദ്യപരിശോധന അവനില്‍ വേറെയും പല വൈകല്യങ്ങളുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ ദുഃഖം കടിച്ചമര്‍ത്തി, ഉള്ള വൈകല്യങ്ങളെ അതിജീവിക്കുവാനുള്ള മാര്‍ഗ്ഗം തേടുകയാണ് ഗിരിധര്‍ലാലും കുടുംബവും ചെയ്തത്. അതേതുടര്‍ന്നാണ്, വിധി കാഴ്ചയുടെ ലോകം നിഷേധിച്ച രാകേഷിനെ ശബ്ദത്തിന്‍റെ ലോകത്തേയ്ക്ക് നയിക്കുവാന്‍ ആ മുത്തച്ഛന്‍ തീരുമാനിച്ചത്. അതിനായി അദ്ദേഹം അവനൊരു ടേപ്പ് റിക്കാര്‍ഡര്‍ വാങ്ങിക്കൊടുത്തു. അതുപക്ഷേ ഛിന്നഭിന്നമാക്കാന്‍ അധികസമയം വേണ്ടി വന്നില്ല. പിന്നെയും വാങ്ങിക്കൊടുത്തു ഒരെണ്ണം. അതിന്‍റെയും ഗതി പഴയതുതന്നെയായിരുന്നു. എന്നിട്ടും പിന്‍മാറാതെ ടേപ്പ് റിക്കാര്‍ഡറുകള്‍ പലതുവാങ്ങി കൊടുത്തു. അങ്ങനെയാണ് ഒടുവില്‍ അതില്‍ നിന്നുള്ള ശബ്ദത്തിന് കാതുകൊടുക്കുവാനും, അതനുസരിച്ച് ചുണ്ടനക്കുവാനുമൊക്കെ കൊച്ചുരാകേഷ് തയ്യാറായത്.

 

 

അതുപിന്നെ അവന്‍റെ ഉറ്റ ചങ്ങാതിയായി മാറി. സ്വന്തമായി ഒന്നും ചെയ്യാനറിയാത്ത, ഒന്നിനെക്കുറിച്ചും ചിന്തിക്കാനറിയാത്ത രാകേഷ് മെല്ലെ മെല്ലെ പാട്ടിന്‍റെ ലോകത്തേയ്ക്ക് തിരിഞ്ഞു. പ്രാഥമികപഠനം പോലും ലഭിച്ചിട്ടില്ലെങ്കിലും ഒരിക്കല്‍ കേട്ട പാട്ടുകള്‍ ഹൃദിസ്ഥമാക്കുവാനും, രാഗവും താളവും ചോരാതെ പാടുവാനും അജ്ഞാതമായ ഒരനുഗ്രഹം ഉള്ളതുപോലെ പാട്ടുകള്‍ രാകേഷിന്‍റെ ജീവതാളമായി മാറി. ദേഷ്യം വന്നാല്‍ അക്രമാസക്തനാവുകയും, സ്വന്തം കൈത്തണ്ടയില്‍ തന്നെ വന്യഭാവത്തോടെ കടിക്കുകയുമൊക്കെ ചെയ്യുന്ന രാകേഷ് പക്ഷേ സംഗീതത്തിന്‍റെ കാര്യം പറയുമ്പോള്‍ കാണിക്കുന്ന ശാന്തത അതിശയകരമാണ്. പരിപാടിയുള്ള ദിവസങ്ങളില്‍ നന്നേ നേരം പുലരും മുന്‍പുതന്നെ എഴുന്നേല്‍ക്കുകയും, പരിപാടി കഴിഞ്ഞ് മടങ്ങിവരും വരെ തികഞ്ഞ ശാന്തത പുലര്‍ത്തുകയുമൊക്കെ ചെയ്യുന്നതുകാണുമ്പോള്‍, പഴയ രാകേഷ് തന്നെയാണോ അതെന്ന് സംശയം തോന്നുമെന്നാണ് രാകേഷിന്‍റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന ഇളയച്ഛന്‍ കൃഷ്ണകുമാര്‍ പറയുന്നത്. വൈസ് പ്രസിഡന്‍റില്‍ നിന്നും അവാര്‍ഡ് വാങ്ങുവാന്‍ പോയപ്പോഴൊക്കെ, അതിശയിപ്പിക്കുന്ന ശാന്തതയാണ് രാകേഷ് പുലര്‍ത്തിയതെന്നും കൃഷ്ണകുമാര്‍ പറയുന്നു.

 

സ്വന്തം അനുജത്തിയുടെ വിവാഹസല്‍ക്കാര വേളയില്‍ പാടിക്കൊണ്ടാണ് രാകേഷിന്‍റെ തുടക്കം. 2004 ല്‍ അങ്ങനൊരു തുടക്കം കുറിക്കുമ്പോള്‍ രാകേഷിന് പ്രായം 23 . പിന്നീട് 2007 ല്‍ കൊല്ലം പണ്ടകശാല ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിക്ക് ആദിശങ്കരാ ഓര്‍ക്കസ്ട്രായുടെ പേരില്‍ പാടിത്തുടങ്ങി. ആ തുടക്കം കേരളത്തിനകത്തും പുറത്തുമായി ഇതിനകം ആയിരത്തിനടുപ്പിച്ച് സ്റ്റേജുകള്‍ പിന്നിട്ടുകഴിഞ്ഞു. മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ആറ് ഭാഷകളിലെ ഗാനങ്ങള്‍ വേദിയില്‍ പാടുന്ന രാകേഷ് കര്‍ണ്ണാടക സംഗീതകച്ചേരിയും നടത്താറുണ്ട്. ഉമയനല്ലൂര്‍ ഗോവിന്ദരാജിന്‍റെ ശിക്ഷണത്തിലാണ് ഇപ്പോള്‍ സംഗീതപഠനം.

 

പി. ജയചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO