ഓര്‍മ്മകളില്‍ സുഷമാജി

    -ഡോ.സി.വി. ആനന്ദബോസ്     അന്ന് ശ്രീമതി സുഷമാസ്വരാജ്, എ.ബി. വാജ്പേയ് മന്ത്രിസഭയില്‍ അംഗമാണ്. മന്ത്രിയെ കാണാന്‍ ഞങ്ങള്‍ എത്തിയത് ഒരു പ്രത്യേകദൗത്യവുമായാണ്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഇന്ന് കേന്ദ്രവിദേശകാര്യമന്ത്രിയായ ശ്രീ... Read More

 

 

-ഡോ.സി.വി. ആനന്ദബോസ്

 

 

അന്ന് ശ്രീമതി സുഷമാസ്വരാജ്, എ.ബി. വാജ്പേയ് മന്ത്രിസഭയില്‍ അംഗമാണ്. മന്ത്രിയെ കാണാന്‍ ഞങ്ങള്‍ എത്തിയത് ഒരു പ്രത്യേകദൗത്യവുമായാണ്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഇന്ന് കേന്ദ്രവിദേശകാര്യമന്ത്രിയായ ശ്രീ വി. മുരളീധരന്‍, കേരളത്തില്‍ അന്ന് മന്ത്രിയായിരുന്ന ഡോ. എം.എ. കുട്ടപ്പന്‍, ദേശീയ യുവജനോത്സവത്തിന്‍റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ലേഖകനും. രണ്ട് കാര്യങ്ങളാണ് ഞങ്ങള്‍ക്ക് സുഷമാജിയോട് പറയാനുണ്ടായിരുന്നത്. ഒന്ന്, സുഷമാജി തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ യുവജനോത്സവത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കുക. രണ്ട്, യുവജനോത്സവത്തിന്‍റെ ഉദ്ഘാടനവും സമാപനവും ദൂരദര്‍ശനില്‍ തല്‍സമയം സംപ്രേഷണം ചെയ്യാന്‍ നടപടി സ്വീകരിക്കുക.
പലതും പറഞ്ഞു വരുന്നതിനിടയില്‍ ലേഖകന്‍ സുഷമാജിയോട് ചൂണ്ടിക്കാട്ടി, കേരളത്തിലെ കാമ്പസ്സുകളില്‍ ഏറ്റവും ജനപ്രീതിയുള്ള വിശിഷ്ടവനിത സുഷമാജിയാണെന്ന്. അന്ന് ഒരു പ്രമുഖ വനിതാമാസികയില്‍ ഈ സര്‍വ്വേഫലം പ്രസിദ്ധീകരിച്ചിരുന്നു. അതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സുഷമാജിക്ക് വലിയ താല്‍പ്പര്യമായി. കേരളത്തിലെ നവതലമുറ തന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം അവര്‍ പ്രകടിപ്പിച്ചു. പിന്നീട് സംസാരം കേരളീയ കലകളെക്കുറിച്ചായി. കഥകളിയെക്കുറിച്ചും ഭരതനാട്യത്തെക്കുറിച്ചും മോഹിനിയാട്ടത്തെക്കുറിച്ചും ഒക്കെ. മോഹിനിയാട്ടം കാണാന്‍ തനിക്ക് വലിയ താല്‍പ്പര്യമാണ് എന്നുപറയുകയും ചെയ്തു. കേരളത്തിലെ സ്ത്രീകള്‍ ധരിക്കുന്ന കസവുള്ള സെറ്റുമുണ്ട് സുഷമാജിക്ക് വലിയ ഇഷ്ടമുള്ള ഒരു വേഷവിധാനമായിരുന്നു.
കേന്ദ്രമന്ത്രിയായിരുന്ന ശ്രീ. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ മനസ്സില്‍ ഒരു ആശയം ഉദിക്കുന്നു. ഇന്ത്യാക്കാര്‍, വിശേഷിച്ചു മലയാളികള്‍, വളരെയധികമുള്ള യു.എ.ഇയില്‍ അവരോട് എമ്പതി(തന്മയീ ഭാവം) കാട്ടുന്ന ഒരു ഉദ്യോഗസ്ഥനെ അംബാസിഡറായി അയയ്ക്കണം. ഒരാശയം കിട്ടിയാല്‍ ഉടനടി നടപ്പാക്കുന്നതാണല്ലോ അല്‍ഫോണ്‍സിന്‍റെ ശൈലി. മദര്‍ തെരേസയെ പുണ്യവതിയായി മാര്‍പാപ്പാ പ്രഖ്യാപിച്ച വേളയില്‍ ഇന്ത്യാഗവണ്‍മെന്‍റിനെ പ്രതിനിധീകരിച്ചു വത്തിക്കാനില്‍ പോയ സംഘത്തില്‍ വിദേശകാര്യമന്ത്രി സുഷമാ ജിയോടൊപ്പം അല്‍ഫോണ്‍സും ഉണ്ടായിരുന്നു. നീണ്ട വിമാനയാത്രയ്ക്കിടയില്‍ അല്‍ഫോണ്‍സ് തന്‍റെ നിര്‍ദ്ദേശം സുഷമാജിയുടെ മുന്നില്‍ അവതരിപ്പിച്ചു. ലേഖകന്‍റെ പേരാണ് അല്‍ഫോണ്‍സ് ആ പദവിയിലേക്ക് നിര്‍ദ്ദേശിച്ചത്, അതിനുള്ള യോഗ്യതയെക്കുറിച്ച് വിശദമായി പറഞ്ഞുധരിപ്പിക്കുകയും ചെയ്തു. സുഷമാജി പറഞ്ഞു, ആ നിര്‍ദ്ദേശം എനിക്ക് വളരെ സ്വീകാര്യമാണ്. പക്ഷേ അറബി അറിയാവുന്ന ഒരാളെ ഉടന്‍ യു.എ.ഇയില്‍ നിയമിക്കണം എന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച് അടുത്ത ദിവസമാണ് ഓസ്ട്രേലിയയിലെ അംബാസിഡറെ അങ്ങോട്ട് മാറ്റിയത്. സുഷുമാജിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നോട് കാട്ടിയ സന്മനസ്സിനെക്കുറിച്ച് നന്ദിയോടെ ഓര്‍ത്തുപോകുകയാണ്.
ഏറ്റവും ഒടുവില്‍ സുഷമാജിയെ കാണുന്നത് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങിലാണ്. സുഷമാജി മന്ത്രിയാവും എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അനാരോഗ്യം മൂലം സുഷമാജി ഒഴിഞ്ഞുനിന്നു. മന്ത്രിസഭയില്‍ നിന്നും ഒഴിഞ്ഞുനിന്ന അതേ ലാഘവത്തോടെ ഭൂമുഖത്തുനിന്നും തന്നെ ഒഴിഞ്ഞുപോയി; നിറ പുഞ്ചിരി മാത്രം അവശേഷിപ്പിച്ചുകൊണ്ട്.
ഡെല്‍ഹിയുടെ ആദ്യത്തെ വനിതാമുഖ്യമന്ത്രിയായിരുന്നല്ലോ ശ്രീമതി സുഷമാസ്വരാജ്. അതിനുശേഷം മൂന്ന് വട്ടം ഡെല്‍ഹി ഭരിച്ച വനിതാ മുഖ്യമന്ത്രി ശ്രീമതി ഷീലാദീക്ഷിതുമായും വളരെ അടുത്ത് ഇടപഴകേണ്ട അവസരങ്ങള്‍ ലേഖകന് ഉണ്ടായിട്ടുണ്ട്. രണ്ടുപേരുടെയും രാഷ്ട്രീയ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ഒരു ഘടകമുണ്ട്- ഉള്ളിവില. ഉള്ളിവില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തിലാണ് സുഷമാജിക്ക് മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴം കൈവിട്ടുപോയത്. ഏതാണ്ട് ഇതേ സന്ദിഗ്ധാവസ്ഥ ഷീലാജിക്കും ഒരു ഘട്ടത്തിലുണ്ടായി. അത്തരുണത്തില്‍ ലേഖകന്‍ നേതൃത്വം നല്‍കിയ ‘നാഫെഡ്’ വിപണിയില്‍ ഇടപെട്ടു. രാജസ്ഥാനിലെ അല്‍വാറില്‍ നിന്നും ട്രക്ക് കണക്കിന് ഉള്ളി കൊണ്ടുവന്ന് ചെറിയ ചെറിയ വാഹനങ്ങളിലാക്കി മാര്‍ക്കറ്റ് വിലയില്‍ നിന്നും 30% കുറച്ച് കൊടുക്കുന്ന ഒരു പദ്ധതി- ‘ഈസിമാര്‍ക്കറ്റ്.’ ഇതോടെ ഡെല്‍ഹിയില്‍ ഉള്ളിവില ഇടിഞ്ഞു; ഷീലാജിയുടെ സര്‍ക്കാര്‍ സുഗമമമായി മുന്നോട്ടുപോവുകയും ചെയ്തു. ഉള്ളിയാല്‍ വീഴ്ത്തപ്പെട്ട സുഷമാജിയും, ഉള്ളിയാല്‍ വാഴ്ത്തപ്പെട്ട ഷീലാജിയും ഡെല്‍ഹി ഭരണത്തിന് മാതൃത്വത്തിന്‍റെ മഹത്വം പകര്‍ന്നു. ഷീലാജി മുന്നാലെ മുകളിലെത്തി, തൊട്ടുപിന്നാലെ സുഷമാജിയും.
കേരളത്തിന് സുഷമാജിയെക്കുറിച്ച് ഓര്‍ക്കാന്‍ പല കാര്യങ്ങളുണ്ട്. ഇന്നും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു വാര്‍ത്ത ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് മാധ്യമങ്ങളിലൂടെ പ്രചരിക്കുകയുണ്ടായി. ബെന്‍സണ്‍, ബെന്‍സി എന്നീ രണ്ട് കുട്ടികള്‍. പാവം കുട്ടികള്‍ക്ക് എയ്ഡ്സ് പിടിപെട്ടു. അവരെ സ്കൂളില്‍ നിന്ന് പറഞ്ഞയയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. വൃദ്ധയായ മുത്തശ്ശിയുടെ പരിചരണയില്‍ വളര്‍ന്നിരുന്ന ഈ കുട്ടികള്‍ക്ക് ഒരു ഗതിയുമില്ലാതായി. സമൂഹം നിഷ്കളങ്കരായ ഈ കുട്ടികള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചു. ആ കുഞ്ഞുമനസ്സുകള്‍ക്ക് താങ്ങാനാവാത്ത ഒരു നൊമ്പരക്കൂട് തീര്‍ത്തുകൊണ്ട്. ആരും ഇവരുടെ കാര്യം ശ്രദ്ധിച്ചില്ല, രാഷ്ട്രീയനേതാക്കള്‍ ഇവരെ കയ്യൊഴിഞ്ഞു. ഈ വിവരം സുഷമാജിയോട് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. സുഷമാജിയുടെ പ്രതികരണം പെട്ടെന്നായിരുന്നു. ആ കുട്ടികളുടെ എല്ലാ ചെലവുകളും വഹിക്കാന്‍ സുഷമാജി ഉത്തരവിട്ടു. ആ കുഞ്ഞുങ്ങളെ തന്‍റെയടുത്ത് കൊണ്ടുവരുവാന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് ആ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ ഒരമ്മയുടെ വാത്സല്യത്തോടെ രണ്ട് കുഞ്ഞുങ്ങളെയും കെട്ടിപ്പിടിച്ചു അവരുടെ നെറുകയില്‍ പലവട്ടം ചുംബിച്ചു. ഇതിനുമുമ്പ് എയ്ഡ്സ് രോഗികള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ഡയാനാ രാജകുമാരി മനുഷ്യമനസ്സില്‍ കോറിയിട്ട ലോലഭാവങ്ങള്‍ ഒരിക്കല്‍കൂടി ജ്വലിപ്പിക്കാന്‍ സുഷമാജിക്ക് കഴിഞ്ഞു. മാതൃത്വമെന്തെന്നും, മനുഷ്യത്വം എന്തെന്നും കേരളത്തിന് ബോദ്ധ്യപ്പെട്ടു; ലോകത്തിന് ബോദ്ധ്യപ്പെട്ടു.
സുഷമാജി മണ്‍മറഞ്ഞു എന്നുകേട്ടപ്പോള്‍ രാഷ്ട്രീയത്തിനതീതമായി കേരളത്തിന്‍റെ ആത്മാവില്‍ ഒരു വലിയ നൊമ്പരം. സുഷമാജിയെപ്പോലെ കനിവിന്‍റെ തിരുശേഷിപ്പുകള്‍ നമ്മുടെ രാഷ്ട്രീയരംഗത്തെ ശുദ്ധികലശത്തിന് പ്രേരകമാകട്ടെ എന്ന് നല്ലവരായ ജനങ്ങളെല്ലാം ആഗ്രഹിക്കുന്നു. ധൂമകേതുക്കള്‍ മാത്രം വിഹരിക്കുന്ന രാഷ്ട്രീയ നഭസ്സില്‍ ഒരു മാതൃനക്ഷത്രത്തിനും ഇടമുണ്ടല്ലോ. ഏതെങ്കിലും ഒരു നക്ഷത്രത്തിന് സുഷമ എന്ന പേര് നല്‍കിയാല്‍ സാമാന്യജനങ്ങള്‍ അത് അനുചിതമായി കരുതില്ല. അല്ലെങ്കില്‍ ബെന്‍സനും ബെന്‍സിയും പറയട്ടെ.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO