സുരേഷ് ഗോപി, അതുക്കും മേലെ…

കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിക്കൊപ്പം ഒരു ദീര്‍ഘയാത്രയ്ക്ക് പോകാനുള്ള അവസരം എനിക്കുണ്ടായി. തിരുവനന്തപുരത്തുനിന്നാണ് അദ്ദേഹം വന്നത്. വരുന്ന വഴിയെ എന്നെ കൊല്ലത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കാവാലത്തേയ്ക്കായിരുന്നു ആദ്യയാത്ര. അവിടെ ഒരു ജലശുദ്ധീകരണപ്ലാന്‍റിന്‍റെ ഉദ്ഘാടനം. കുട്ടനാട്ടിലെ... Read More

കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിക്കൊപ്പം ഒരു ദീര്‍ഘയാത്രയ്ക്ക് പോകാനുള്ള അവസരം എനിക്കുണ്ടായി.
തിരുവനന്തപുരത്തുനിന്നാണ് അദ്ദേഹം വന്നത്. വരുന്ന വഴിയെ എന്നെ കൊല്ലത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
കാവാലത്തേയ്ക്കായിരുന്നു ആദ്യയാത്ര. അവിടെ ഒരു ജലശുദ്ധീകരണപ്ലാന്‍റിന്‍റെ ഉദ്ഘാടനം. കുട്ടനാട്ടിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് അവിടുത്തെ ഓരുജലം. അവരുടെ ഒരു ആവശ്യത്തിനും അത് ഉപയോഗക്ഷമമല്ല. പ്രശ്നപരിഹാരത്തിനായി ഒരു ശുചീകരണപ്ലാന്‍റ് നിര്‍മ്മിച്ചുകൊടുത്തിരിക്കുകയാണ് സുരേഷ് ഗോപി. പാര്‍ലമെന്‍റംഗത്തിന്‍റെ പ്രാദേശിക വികസനഫണ്ടിലെ തുക ഉപയോഗിച്ച്. ഇത്തരം ചില ശുചീകരണപ്ലാന്‍റുകള്‍ മുമ്പ് വേറെയും അദ്ദേഹം നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ടെന്ന് ആ യാത്രയ്ക്കിടയിലാണ് ഞാനറിയുന്നത്.
കാവാലത്തുനിന്ന് പാലക്കാട്ടേക്കായിരുന്നു പിന്നീടുള്ള യാത്ര. അവിടെ വല്ലപ്പുഴ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് മുന്നില്‍ എം.പിയുടെ ഔദ്യോഗിക വാഹനം വന്നുനില്‍ക്കുമ്പോള്‍ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. ജനസാഗരമായിരുന്നു ചുറ്റും. ഒരു നുള്ളുമണ്ണ് വീഴാന്‍ ഇടമില്ലാത്ത വിധം തിരക്ക്. അധികവും സ്ക്കൂള്‍ കുട്ടികള്‍. അവരില്‍ ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളായിരുന്നു.


യാത്രയ്ക്കിടെ സുരേഷ് ഗോപി സൂചിപ്പിച്ചിരുന്നതാണ് വല്ലപ്പുഴയിലെ സ്ക്കൂള്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നത്തെക്കുറിച്ച്. മിക്സഡ് സ്ക്കൂളാണെങ്കിലും മൂവായിരത്തിലധികം പെണ്‍കുട്ടികള്‍ മാത്രം അവിടെ പഠിക്കുന്നുണ്ട്. പക്ഷേ അവരുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ തീരെ കുറവായിരുന്നു.

പെണ്‍കുട്ടികള്‍ നേരിടുന്ന ഈ പ്രശ്നം സ്ക്കൂളിലെ അദ്ധ്യാപിക കൂടിയായ ശശികല ടീച്ചര്‍ ഒരിക്കല്‍ സുരേഷ്ഗോപിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഉടനടി തന്നെ എം.പി ഫണ്ടില്‍നിന്ന് 22 ലക്ഷം രൂപ അദ്ദേഹം അനുവദിച്ചു. ആ തുക ഉപയോഗിച്ച് നിര്‍മ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിന്‍റെ ഉദ്ഘാടനത്തിന് ആണ് അദ്ദേഹം എത്തിയിരിക്കുന്നത്.
കുട്ടികള്‍ അദ്ദേഹത്തെ ആവേശപൂര്‍വ്വം എതിരേറ്റു. ഒരു സിനിമാനടനോടുള്ള ആരാധനയായിരുന്നില്ല അത്. വര്‍ഷങ്ങളായി തങ്ങള്‍ ആഗ്രഹിച്ചുനടന്നിരുന്ന ഒരു വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി തന്ന ഒരു വലിയ മനുഷ്യസ്നേഹിയോടുള്ള ഹൃദയവായ്പ്പായിരുന്നു. വാക്കുകളില്‍ മാത്രമല്ല അതവരുടെ ഓരോ ചലനങ്ങളിലും നിറഞ്ഞുനിന്നിരുന്നു.
സുരേഷ്ഗോപിയെന്ന നടനെ, ജനപ്രതിനിധിയെ, സുഹൃത്തിനെയോര്‍ത്ത് ഞാനഭിമാനപൂര്‍വ്വം തലയുയര്‍ത്തി നിന്ന അപൂര്‍വ്വനിമിഷം കൂടിയായിരുന്നു അത്.
മൂന്ന് ദിവസം മുമ്പ് അതിനേക്കാളും സുന്ദരമായ മറ്റൊരു മുഹൂര്‍ത്തത്തിന് ഞാന്‍ സാക്ഷിയായി.
അതും പാലക്കാട് ജില്ലയില്‍ തന്നെയായിരുന്നു. അവിടെ ഗോവിന്ദപുരം എന്നൊരു ഗ്രാമമുണ്ട്. ചക്കിലിയ സമുദായത്തില്‍പ്പെട്ട നാനൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന അംബേദ്കര്‍ കോളനി ഗോവിന്ദപുരത്താണ്.

2017 ല്‍ അവിടെ ഒരു സംഭവമുണ്ടായി. ചക്കിലിയ വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി അവിടുത്തെ ഉയര്‍ന്ന ജാതിയിലുള്ള പയ്യനുമായി ഒളിച്ചോടി. അതിനുശേഷം കടുത്ത ജാതിഭ്രഷ്ട് അനുഭവിക്കുകയാണ് അവിടുത്തെ കോളനിവാസികള്‍. അത് വൈകാതെ രാഷ്ട്രീയ ഭ്രഷ്ടായും വളര്‍ന്നു. അതോടെ പഞ്ചായത്തുപോലും കോളനിവാസികളെ തിരിഞ്ഞുനോക്കാതെയായി. അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണവും.
അവിടേയ്ക്ക് പല രാഷ്ട്രീയകക്ഷിനേതാക്കളും എത്തിയെങ്കിലും സുരേഷ് ഗോപി മാത്രമാണ് സ്വന്തം ചെലവില്‍ ഒരു വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് പ്രഖ്യാപിച്ചത്.
അതുകൊണ്ടും തീര്‍ന്നില്ല. ഗോവിന്ദപുരത്ത് ഒരു ക്ഷേത്രമുണ്ട്. ഉത്സവത്തിന് സമൂഹസദ്യ അവിടെ പതിവുള്ളതാണ്. പക്ഷേ ഉയര്‍ന്ന ജാതിക്കാരെയും താഴ്ന്ന ജാതിക്കാരെയും പ്രത്യേകം സ്ഥലങ്ങളിലിരുത്തിയാണ് സദ്യ വിളമ്പുന്നത്.
ഈ ഉച്ചനീചത്വമറിയാമായിരുന്ന സുരേഷ്ഗോപി അന്നവിടെ പന്തലൊരുക്കി സദ്യയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. ആ പന്തീഭോജനത്തില്‍ ഉയര്‍ന്ന ജാതിക്കാരെയും താഴ്ന്ന ജാതിക്കാരെയും വിളിച്ചുവരുത്തി അവര്‍ക്കൊപ്പമിരുന്ന് സദ്യയും കഴിച്ചാണ് അന്നദ്ദേഹം മടങ്ങിയത്.


നവോത്ഥാനം വാക്കുകളിലല്ല പ്രവൃത്തിയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും സുരേഷ് ഗോപി പറയാതെ പറഞ്ഞുവച്ചു.
അന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയ വീടിന്‍റെ താക്കോല്‍ ദാനചടങ്ങ് ഇക്കഴിഞ്ഞ ഫെബ്രുവരി 9 ന് ഗോവിന്ദപുരത്ത് ആഘോഷപൂര്‍വ്വം കൊണ്ടാടി.


സത്യത്തില്‍ അംബേദ്കര്‍ കോളനി മാത്രമല്ല ഇതുപോലെ തൊട്ടുകൂടായ്മയും തീണ്ടലും അനുഭവിക്കുന്ന ധാരാളമിടങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവരുടെ കണ്ണീരൊപ്പാന്‍ ജനപ്രതിനിധികള്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ബാദ്ധ്യതയുണ്ട്. അതിന് ഏറ്റവും ഉദാത്തമാതൃകയാണ് സുരേഷ്ഗോപിയെ പോലുള്ളവര്‍. ആ പ്രകാശഗോപുരങ്ങളാകട്ടെ നമുക്കുള്ള വഴികാട്ടിയും.
-കെ. സുരേഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO