‘സുരാജേട്ടന്‍ ഇന്നും ആ പഴയ ആള് തന്നെ’ – സുപ്രിയ സുരാജ്

ഏതാണ്ട് 9 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുരാജും കുടുംബവും ആദ്യമായി മഹിളയുടെ താളുകളില്‍ എത്തുന്നത്. സുരാജിനെകുടുംബസമേതം ഒരു മാഗസിന് മുന്നിലെത്തിച്ച ക്രെഡിറ്റും മഹിളാരത്നത്തിന് സ്വന്തം. അന്ന് സുരാജ് ഇത്ര താരമായിട്ടില്ല. പക്ഷേ ജനകീയനായിരുന്നു. നിരവധി സിനിമകളിലൂടെ... Read More

ഏതാണ്ട് 9 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുരാജും കുടുംബവും ആദ്യമായി മഹിളയുടെ താളുകളില്‍ എത്തുന്നത്. സുരാജിനെകുടുംബസമേതം ഒരു മാഗസിന് മുന്നിലെത്തിച്ച ക്രെഡിറ്റും മഹിളാരത്നത്തിന് സ്വന്തം. അന്ന് സുരാജ് ഇത്ര താരമായിട്ടില്ല. പക്ഷേ ജനകീയനായിരുന്നു. നിരവധി സിനിമകളിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ കുടിയേറിക്കൊണ്ടിരിക്കുന്ന സമയം. എന്നിട്ടും തിരക്കുകളില്‍ നിന്ന് ഒഴിവുകണ്ടെത്തി അദ്ദേഹം ഞങ്ങളോടൊപ്പം സഹകരിച്ചു. അന്നും സുരാജ് താമസിക്കുന്നത് എറണാകുളത്താണ്. അവിടെ കടവന്ത്ര, ചെലവന്നൂര്‍ റോഡിലുള്ള ഹീരാവാട്ടേഴ്സിന്‍റെ ഫ്ളാറ്റില്‍. വാടകയ്ക്കാണ് താമസം. ഇളയമകന്‍ വസുദേവ് കൈക്കുഞ്ഞാണ്. ഏറിയാല്‍ രണ്ടുവയസ് പ്രായം. മൂത്തവന്‍ കാശിനാഥ്. യൂ.കെ.ജിയില്‍ പഠിക്കുന്നു. ഒമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം കാഴ്ചകളെല്ലാം മാറുകയാണ്. സുരാജ് മലയാളസിനിമയിലെ മൂല്യമുള്ള താരമായി മാറിയിരിക്കുന്നു.

 

 

വെറും കോമഡി വേഷങ്ങള്‍ കെട്ടിയാടിയിരുന്ന താരത്തില്‍ നിന്ന്, സ്വഭാവവേഷങ്ങളിലെ അത്യുജ്ജ്വലപ്രകടനം ദേശീയതലത്തിലും അദ്ദേഹത്തെ ഒന്നാമനാക്കി. നായകനായും നിറഞ്ഞാടുന്നു. അദ്ദേഹത്തിന്‍റെ പേരില്‍ മാത്രം സിനിമകളുടെ ബിസിനസ്സും വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ഒരു താരത്തിന് ലഭിക്കാവുന്ന സ്വപ്നതുല്യമായ നേട്ടങ്ങള്‍. കുടുംബത്തിലാകട്ടെ മൂന്നാമതൊരു അതിഥി കൂടി അവര്‍ക്കിടയിലേക്ക് കടന്നെത്തിയിരിക്കുന്നു. ഹൃദ്യ സുരാജ്. അവര്‍ക്ക് ആറ്റുനോറ്റുണ്ടായ പെണ്‍കുഞ്ഞ്. താമസം വാടക വീട്ടില്‍നിന്ന് സ്വന്തം ഫ്ളാറ്റിലേക്ക് മാറ്റി. കൊച്ചിയിലെ അംബരചുംബികളായ സ്കൈ ലൈന്‍റെ ഫ്ളാറ്റുകളിലൊന്നിലാണ് ഇപ്പോള്‍ താമസം. നിവിന്‍പോളിയും കലാഭവന്‍ ഷാജോണും ഗീതുമോഹന്‍ദാസുമൊക്കെ അയല്‍ക്കാരാണ്. കാശിനാഥ് എട്ടിലും വസുദേവ് മൂന്നിലും ഹൃദ്യ ഒന്നിലും പഠിക്കുന്നു. ബാഹ്യമായ ഈ രൂപപരിണാമങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമപ്പുറം സുരാജിലും സുപ്രിയയിലും വലിയ മാറ്റങ്ങളൊന്നും കാണാനില്ല. പഴയതിനെക്കാളും ലളിതമാണ് അവരുടെ ജീവിതം. അതിലും ഹൃദ്യമാണ് പെരുമാറ്റം. ഞങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ഇവിടെ തുടങ്ങുകയായി…

 

അത്ഭുതപ്പെടുത്തുന്നതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന അഭിനേതാവിന്‍റെ വളര്‍ച്ച. ഇന്ത്യയിലെ മികച്ച നടന്‍, സംസ്ഥാനപുരസ്കാരം മൂന്ന് തവണ സ്വന്തമാക്കിയ ഹാസ്യനടന്‍, സ്വഭാവനടന്‍. അങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കീഴടക്കിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഈ നേട്ടങ്ങള്‍ ഗൃഹനാഥനായ, ഭര്‍ത്താവായ സുരാജിനെ അഹങ്കാരിയാക്കിയിട്ടുണ്ടോ?

 

സുരാജേട്ടനോ, അദ്ദേഹമിന്നും ആ പഴയ ആള് തന്നെയാണ്. ജോലി സംബന്ധമായ ടെന്‍ഷനുകളും അതിന്‍റെ ഭാഗമായുള്ള കൊച്ചു ദേഷ്യങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ പുള്ളിക്കാരന് ഒരു മാറ്റവുമില്ല.

 

സുരാജിന് എങ്ങനെ ഈ വ്യക്തിത്വം നിലനിര്‍ത്താന്‍ കഴിയുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?

 

ചേട്ടനൊരു തികഞ്ഞ ദൈവവിശ്വാസിയാണ്. അതാകാം അതിന് കാരണം. അതുപോലെ ചേട്ടന് വന്നവഴികളെ കുറിച്ച് നല്ല നിശ്ചയമുണ്ട്. ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചിട്ടുള്ള ആളാണ്. അതുകൊണ്ട് മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് വേഗത്തില്‍ കഴിയുന്നു.

 

സുരാജ് തികഞ്ഞ ഈശ്വരവിശ്വാസിയാണെന്ന് സുപ്രിയ പറയുന്നു. സ്വന്തം കാര്യമോ?

 

ഓര്‍മ്മവെച്ച കാലം മുതലേ എല്ലാദിവസവും രാവിലെ കുടുംബക്ഷേത്രത്തില്‍(കരമനമണ്ണടി ക്ഷേത്രം) പോയി തൊഴുതിട്ടാണ് ഞാന്‍ സ്ക്കൂളില്‍ പോയിരുന്നത്. കോളേജില്‍ പഠിക്കുമ്പോഴും ആ ശീലം ഉപേക്ഷിച്ചിട്ടില്ല. അക്കാലത്ത് ഞാന്‍ പതിവായി പൊയ്ക്കൊണ്ടിരിക്കുന്ന അമ്പലങ്ങളാണ് ആറ്റുകാല്‍ ക്ഷേത്രവും പത്മനാഭസ്വാമി ക്ഷേത്രവുമൊക്കെ. (ഇടയ്ക്കൊന്ന് ഇടപെടുകയാണ്. സുപ്രിയ പത്മനാഭസ്വാമി ക്ഷേത്രത്തെ പരാമര്‍ശിച്ചതുകൊണ്ട് പ്രത്യേകിച്ചും. സുരാജ് സുപ്രിയയെ പെണ്ണുകാണാന്‍ ആദ്യമെത്തിയത് പത്മനാഭസ്വാമി ക്ഷേത്രത്തിലാണ്. അന്ന് സുരാജിനും സുപ്രിയയ്ക്കും ഒരു കോമണ്‍ ഫ്രണ്ടുണ്ട്. ശ്രീലത. സുപ്രിയയും ശ്രീലതയും ഒരുമിച്ച് പഠിച്ചവരാണ്. സുരാജിനാകട്ടെ ശ്രീലത ബന്ധുവും. സുരാജിന് കല്യാണാലോചനകള്‍ തകൃതിയായി നടക്കുന്ന സമയം. ആയിടെ സുരാജ് തന്നെയാണ് ശ്രീലതയോട് ‘നിന്‍റെ പരിചയത്തില്‍ പെണ്‍കുട്ടികളൊന്നും ഇല്ലേ’യെന്ന് ചോദിച്ചത്. ശ്രീലത സുപ്രിയയുടെ കാര്യം പറഞ്ഞു. അങ്ങനെ വളരെ രഹസ്യമായി സുരാജ് സുപ്രിയയെ പെണ്ണുകാണാന്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി.

 

പ്രഥമദര്‍ശനത്തില്‍ തന്നെ രണ്ടുപേരും പ്രണയബദ്ധരായി എന്നുപറഞ്ഞാല്‍ മതിയല്ലോ. പിന്നെ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചാണ് അവരുടെ വിവാഹം നടത്തിക്കൊടുക്കുന്നത്. അറേഞ്ച്ഡ് മാര്യേജ് എന്നുപറയുന്നുണ്ടെങ്കിലും അവരുടെ ആദ്യപെണ്ണുകാണല്‍ നടന്ന് മൂന്നുവര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു കല്യാണം. അതുവരെ രണ്ടുപേരും പ്രണയിച്ച് ജീവിക്കുകയായിരുന്നു. ഇനി സുപ്രിയയിലേക്ക് തന്നെ തിരിച്ചുവരാം.) എറണാകുളത്ത് വന്നതിനുശേഷം, ദിവസേനയുള്ള ക്ഷേത്രദര്‍ശനങ്ങള്‍ ഇല്ലെന്നേയുള്ളൂ. എന്നാല്‍ പതിവായി പോകുന്ന ക്ഷേത്രങ്ങളുണ്ട്. അതിലൊന്ന് പാവക്കുളം ക്ഷേത്രമാണ്. സന്തോഷമുണ്ടായാലും സന്താപമുണ്ടായാലും ആദ്യം പോയി പ്രാര്‍ത്ഥിക്കുന്നത് അവിടെയാണ്. ശിവനാണ് പ്രധാനപ്രതിഷ്ഠ. ദേവിയുമുണ്ട്. ഇവിടെയുള്ളപ്പോള്‍ ചേട്ടനും എന്‍റെയൊപ്പം വരും.

 

എല്ലാ വെള്ളിയാഴ്ചയും ചോറ്റാനിക്കരയില്‍ പോകും. വസുദേവ് തൃപ്പൂണിത്തുറയ്ക്കടുത്തുള്ള ഒരു സ്കൂളിലാണ് പഠിക്കുന്നത്. അവനെ ഡ്രോപ് ചെയ്തിട്ടാണ് ചോറ്റാനിക്കരയിലേക്ക് പോകുന്നത്. വര്‍ഷത്തിലൊരിക്കല്‍ മൂകാംബികയില്‍ പോകുന്നതും മുടക്കാറില്ല. ഏറ്റവും ഒടുവില്‍ പോയത് ഇക്കഴിഞ്ഞ ജൂലായ് ഏഴിനാണ്. കാശിയുടെ ജന്മദിനമാണ് അന്ന്. മൂന്നുപേരെയും എഴുത്തിനിരുത്തിയത് മൂകാംബികയിലാണ്. ഗുരുവായൂരില്‍ ചോറൂണും. പക്ഷേ മോളുടെ ചോറൂണ് ആദ്യം നടത്തിയത് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചാണ്. ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞുണ്ടാകണമെന്ന് ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ചത് ആറ്റുകാലമ്മയോടാണ്. ആ ക്ഷേത്രനടയില്‍ എത്രയോ തവണ ഞാന്‍ പൊങ്കാലയിട്ടിരിക്കുന്നു.

 

 

ഒരു പെണ്‍കുഞ്ഞ് നിങ്ങളുടെ ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു, അല്ലേ?

 

ചേട്ടനെപ്പോഴും പറയുമായിരുന്നു, വീട്ടിലൊരു പെണ്‍കുട്ടി ഉണ്ടെങ്കിലേ ഒരു സുഖമുള്ളൂ എന്ന്. എനിക്കും പെണ്‍കുട്ടികളെ ഇഷ്ടമായിരുന്നു. പെണ്‍കുട്ടികളാകുമ്പോള്‍ ഒരുക്കാമല്ലോ. സ്വയമൊരുങ്ങുന്നത് ഇഷ്ടമല്ലെങ്കിലും. എന്‍റെ കസിന്‍സിന്‍റെ കുട്ടികളെയൊക്കെ ഒരുക്കിയിരുന്നത് ഞാനായിരുന്നു. എന്നാലും ആദ്യത്തെ കുട്ടി ആണായിരിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്. അതങ്ങനെ തന്നെ ഫലിച്ചു. കാശിനാഥ് ജനിക്കുമ്പോള്‍ ചേട്ടന്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു. ഒരു ശിവക്ഷേത്രത്തിലായിരുന്നു അന്ന് ഷൂട്ട്. അതുകൊണ്ട് ആദ്യം ജനിച്ച കുഞ്ഞിന് കാശിനാഥന്‍ എന്ന പേരിട്ടു.

 

രണ്ടാമത്തെ കുട്ടി പെണ്‍കുട്ടിയാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. അവള്‍ക്കുവേണ്ടി പല പേരുകളും കരുതിവച്ചിരുന്നു. പക്ഷേ ജനിച്ചത് ആണ്‍കുട്ടിയായിരുന്നു. സുരാജേട്ടന്‍റെ അച്ഛന്‍റെ പേര് വാസുദേവന്‍നായര്‍ എന്നാണ്. അത് ചുരുക്കി വസുദേവ് എന്നിട്ടു.
ഒരു പെണ്‍കുട്ടിയെ കൊതിച്ചുതന്നെയാണ് മൂന്നാമതും ഗര്‍ഭിണിയായത്. ഇത്തവണ ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥനകേട്ടു. നേരത്തെ പറഞ്ഞല്ലോ, മോള്‍ക്കുവേണ്ടി പല പേരുകളും കണ്ടുവെച്ചിരുന്നുവെന്ന്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട പേര് ഹൃദ്യയെന്നായിരുന്നു. ചേട്ടന്‍റെ സഹോദരിയുടെ ഛായയാണ് മോള്‍ക്ക്.

മക്കളുടെ ജനനമാണ് സുരാജിന് ഭാഗ്യങ്ങളെല്ലാം കൊണ്ടുതന്നതെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?

 

വേണമെങ്കില്‍ അങ്ങനെ പറയാം. കാരണം കാശി ജനിച്ച സമയത്താണ് രാജമാണിക്യം ഇറങ്ങുന്നത്. ചേട്ടന് വലിയ കരിയര്‍ ബ്രേക്ക് സമ്മാനിച്ച ചിത്രമാണത്. വസുദേവ് ജനിച്ചതിനുപിന്നാലെയാണ് ചേട്ടന് മികച്ച ഹാസ്യനടനുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ ആദ്യപുരസ്കാരം ലഭിക്കുന്നത്.(ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലെ പ്രകടനം മുന്‍നിര്‍ത്തി). മകളുടെ ജനനത്തോടെ മികച്ച നടനുള്ള ദേശീയപുരസ്കാരവും ചേട്ടനെ തേടിയെത്തി. മക്കളുടെ ജനനം സമ്മാനിച്ച ഭാഗ്യമാണെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും അതിന് പിന്നിലെ ചേട്ടന്‍റെ പരിശ്രമങ്ങളെയും മറന്നുകൂടാ.

 

നാട്ടില്‍ സ്വന്തമായൊരു വീട് പണിയണമെന്നുള്ളത് സുരാജിന്‍റെ വലിയ സ്വപ്നമായിരുന്നെന്ന് കേട്ടിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് എറണാകുളത്തേയ്ക്ക് താമസം മാറ്റിയത്?

 

സിനിമയില്‍ അവസരങ്ങള്‍ കൂടിയപ്പോള്‍ ചേട്ടനെ ഞങ്ങള്‍ക്ക് കാണാന്‍ കൂടെ കിട്ടാതായി. തിരുവനന്തപുരത്തു നിന്ന് ലൊക്കേഷനിലേക്ക് വന്നുപോകുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ വേറെയും. എറണാകുളം പോലൊരു സ്ഥലമാകുമ്പോള്‍ നാലോ അഞ്ചോ മണിക്കൂറുകള്‍ കൊണ്ട് എവിടെയും പോയി വരാം. ആ ഉദ്ദേശത്തോടെയാണ് എറണാകുളത്തേയ്ക്ക് താമസം മാറ്റിയത്. സത്യത്തില്‍ അതൊരു അനുഗ്രഹമായി എന്നുവേണം പറയാന്‍. കാരണം ആഴ്ചയില്‍ ഒരിക്കലെങ്കിലും ചേട്ടന് വീട്ടില്‍ വരാമെന്നായി. അഥവാ ഷൂട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രയാസമാണെങ്കില്‍ ഒരു ശനിയോ ഞായറോ ഞങ്ങള്‍ ലൊക്കേഷനിലേക്ക് പോകും. അതോടെ ചേട്ടനെ ഞങ്ങള്‍ക്ക് മിസ് ചെയ്യാതെയായി.

 

എന്നാല്‍ പ്രശ്നമിതൊന്നുമല്ല. എറണാകുളവുമായി ഞങ്ങള്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു. പക്ഷേ കുട്ടികളുടെ കാര്യം അങ്ങനെയല്ല. വെക്കേഷനോ മറ്റോ കുട്ടികള്‍ എന്‍റെയോ ചേട്ടന്‍റയോ വീടുകളിലേക്ക് പോയാല്‍ പിന്നെ തിരിച്ചുവരാന്‍ മടിയാണ്. വീട്ടിലാകുമ്പോള്‍ അവര്‍ക്ക് എവിടെ വേണമെങ്കിലും പോകാം. ഓടിച്ചാടി നടക്കാം. പക്ഷേ ഇവിടെ പറ്റില്ലല്ലോ. ഫ്ളാറ്റല്ലേ. ജയിലിലകപ്പെട്ട മാതിരിയാണ് അവര്‍ക്ക്. ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ടുവര്‍ഷം കൂടി എറണാകുളത്തുനിന്നേ മതിയാകൂ. കാശി എട്ടിലാണ് പഠിക്കുന്നത്. ഇടയ്ക്കുവെച്ച് സ്ക്കൂള്‍ മാറ്റാനൊക്കെ ബുദ്ധിമുട്ടാണ്. അവന്‍ പത്തുകഴിയട്ടെ. എന്നിട്ട് വേണം നാട്ടില്‍ ഒരു വീടുവെച്ച് അവിടേയ്ക്ക് താമസം മാറ്റാന്‍. അത് ചേട്ടന്‍റെ മാത്രമല്ല ഞങ്ങളുടെയും സ്വപ്നമാണ്.

 

കാശിയുടെയും വസുവിന്‍റെയുമൊക്കെ പെറ്റാണോ ഹൃദ്യ?

 

അതെ. ഈ വെക്കേഷന് ഞങ്ങളൊരു ടൂര്‍ പോയിരുന്നു. ഊട്ടി, മൊസനഗുഡി, വയനാട് അങ്ങനെകുറെ സ്ഥലങ്ങള്‍. ആറുദിവസത്തെ ട്രിപ്പായിരുന്നു. ഒരു ദിവസം ഊഞ്ഞാലില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ മോളുടെ കാല് അതിനിടയില്‍ വീണ് ലിഗമെന്‍റിന് ക്ഷതം സംഭവിച്ചു. ഹോസ്പിറ്റലില്‍ കാണിച്ചെങ്കിലും കുറവുണ്ടായില്ല. തിരിച്ചുവന്നപ്പോള്‍ എന്‍റെ വീട്ടിലാണ് കുറച്ചുദിവസം അവള്‍ നിന്നത്. അവിടെയൊരു വൈദ്യനുണ്ട്. തടവാന്‍ വേണ്ടിയായിരുന്നു. ആ ദിവസങ്ങളില്‍ കാശിയും വസുവും ഇവിടെ ഒറ്റയ്ക്ക്. അനുജത്തിയെ കാണാതായപ്പോള്‍ രണ്ടുപേരും വിഷമത്തിലായിരുന്നു. മിണ്ടാട്ടമൊന്നുമില്ല. ഇടയ്ക്കിടെ വന്ന് അന്വേഷിക്കും. അവളില്ലാത്തതുകൊണ്ട് വഴക്കിടാനാളില്ലെന്നാണ് അവരുടെ പരിഭവം. അനുജത്തിയെ പിരിഞ്ഞിരുന്നപ്പോഴാണ് അവരുടെ സ്നേഹം അടുത്തറിയാനായത്.

 

 

ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം, എം.ബി.എയില്‍ ബിരുദം. എന്നിട്ടും വീട്ടമ്മയായി കഴിഞ്ഞുകൂടാനാണോ പ്ലാന്‍?

 

ഐ.സി.ഐ.സി.ഐ ബാങ്കില്‍ ജോലിയുണ്ടായിരുന്നു. ഉദ്യോഗം കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് കണ്ടപ്പോഴാണ് രാജിവച്ചത്. എറണാകുളത്തെ സ്ക്കൂള്‍ ഷെഡ്യൂളുകള്‍ ഏറെയും അതിരാവിലെ ആരംഭിച്ച് ഉച്ചയോടെ അവസാനിക്കുന്നതാണ്. സ്ക്കൂള്‍ വിട്ട് കുട്ടികള്‍ വീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ ആരെങ്കിലും ഉണ്ടാവണ്ടെ. ചേട്ടന്‍ മിക്കപ്പോഴും സ്ഥലത്തുണ്ടാവില്ല. ഞാന്‍ കൂടി ഇല്ലാതെ വന്നാലോ. അതവരുടെ പഠനത്തെ മാത്രമല്ല പേഴ്സണല്‍ ലൈഫിലും വലിയ ശൂന്യത സൃഷ്ടിക്കും. അതുകൊണ്ടാണ് ജോലി വേണ്ടെന്നുവച്ചത്. എന്നുകരുതി വെറുതെയിരിക്കുകയാണെന്ന് ഇന്നേവരെ തോന്നിയിട്ടില്ല. ചേട്ടന്‍റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കാന്‍ തന്നെ സമയം തികയാറില്ല.

 

കുട്ടികളോട് പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് പറയുമ്പോള്‍ അവര്‍ എന്നെ കളിയാക്കും. വെറുതെ ഒരു ഷെല്‍ഫ് കൂടി വാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ അതില്‍ സൂക്ഷിച്ചിട്ടെന്ത് കാര്യമെന്നാണവര്‍ ചോദിക്കുന്നത്. അമ്മ നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടൊന്നും കാര്യമില്ലെന്നാണ് അവരുടെ പരിഹാസത്തിന്‍റെ ധ്വനി. ഞാനവരെ തിരുത്തും. ഞാന്‍ പഠിച്ചതുകൊണ്ടാണ് അവരുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നതെന്ന് പറയും. അതുപോലെ ചേട്ടന്‍റെ കണക്കുകളെല്ലാം നോക്കുന്നതും ഞാന്‍ തന്നെയാണ്. അദ്ദേഹത്തിനൊരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഉണ്ടെങ്കില്‍ കൂടിയും. പഠിച്ചതിന്‍റെ മഹത്വം അതൊക്കെയാണ്.

 

ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടിട്ടുള്ളതാണ് സുരാജ് ചൂടുള്ള ആഹാരവിഭവങ്ങളെ കഴിക്കാറുള്ളൂ. വീട്ടിലും അതുതന്നെയാണോ ശീലം?

 

അതെ. ആഹാരം കുറച്ചേ കഴിക്കാറുള്ളൂ. പക്ഷേ അത് ചൂടോടെ തന്നെ കിട്ടണം. രാവിലെ ഉണ്ടാക്കിയ ഭക്ഷണമൊന്നും വൈകുന്നേരം കഴിക്കുന്നത് ഇഷ്ടമല്ല. അതുപോലെ മീന്‍വിഭവങ്ങളും ചേട്ടന് നിര്‍ബന്ധമാണ്. അതിവിടെ എല്ലാദിവസവും ഉണ്ടാകും.

 

സുപ്രിയ നന്നായി പാചകം ചെയ്യാറുണ്ടെന്ന് സുരാജ് പറഞ്ഞുകേട്ടിട്ടുണ്ട്?

 

അത്യാവശ്യം. എവിടെ നിന്ന് നല്ല ഭക്ഷണം കഴിക്കാന്‍ ഇടവന്നാലും അതൊക്കെ വീട്ടില്‍ പരീക്ഷിച്ചുനോക്കാറുണ്ട്. ഒന്നും പരാജയപ്പെട്ടിട്ടില്ല. അതാണ് ആത്മവിശ്വാസം.

 

സുപ്രിയ ഉണ്ടാക്കുന്ന വിഭവങ്ങളില്‍ സുരാജിന് ഏറ്റവും ഇഷ്ടം ഏതൊക്കെയാണ്?

 

മട്ടന്‍. ചെമ്മീന്‍ കറി. പിടിയും കോഴിക്കറിയും.

 

പിടിയും കോഴിക്കറിയും അത് എന്താണ്?

 

ഒരിക്കല്‍ തൊടുപുഴയില്‍ പോയപ്പോള്‍ അവിടുന്ന് രുചിച്ചതാണ് പിടിയും കോഴിക്കറിയും. പിന്നെ അതുണ്ടാക്കുന്ന വിധം ചോദിച്ചറിഞ്ഞു. വീട്ടില്‍ വന്ന് ചെയ്തുനോക്കി. നന്നായിരുന്നുവെന്ന് ചേട്ടനും പറഞ്ഞു. അതില്‍പിന്നെ പിടിയും കോഴിക്കറിയുടെയും ആരാധകനാണ് ചേട്ടന്‍.

 

അതെങ്ങനെയാണ് ഉണ്ടാക്കുന്നത്?

 

വറുത്ത അരിപ്പൊടി ചൂട് തേങ്ങാപ്പാലില്‍ കുഴച്ച് ചെറിയ ഉരുളകളാക്കും. പിന്നീടത് തേങ്ങാപ്പാലില്‍ വേവിച്ചെടുക്കും. കുഴമ്പുരൂപത്തിലുള്ള ഈ വിഭവമാണ് പിടി.
പിടിയില്‍ ഞാന്‍ കോഴിക്കറി മിക്സ് ചെയ്യാറില്ല. പകരം അത് രണ്ടും പ്രത്യേകം കൂട്ടിച്ചേര്‍ത്ത് കഴിക്കുകയാണ് ചെയ്യുന്നത്.

 

സുരാജിന്‍റെ സിനിമകള്‍ കാണാറുണ്ടോ?

 

എല്ലാ സിനിമകളും പോയിക്കാണും.

 

ഏറ്റവും ഇഷ്ടപ്പെട്ട സിനിമ?

 

ഹലോ. പിന്നെ മായാവി.

 

ഇഷ്ടമില്ലാത്തതോ?

 

ഇഷ്ടപ്പെടാത്തത് എന്നൊന്നില്ല. എന്നാല്‍ കാണാത്ത രണ്ട് സിനിമകളുണ്ട്. അലിഭായ്യും നീരാളിയും.

 

അതിനെന്താ കാരണം?

 

അലിഭായ്യില്‍ ചേട്ടന്‍ ബോംബ് ബ്ലാസ്റ്റില്‍ മരിക്കുകയാണ്. അതുപോലെ ക്രൂരമായ അന്ത്യമാണ് നീരാളിയിലേതും. ജീവിതത്തിലൊരിക്കലും കാണാന്‍ ഇടവരരുതേ എന്നാഗ്രഹിക്കുന്ന രംഗങ്ങളാണ് അതൊക്കെ. അതുകൊണ്ടാണ് ആ സിനിമകളും കാണാത്തത്.

 

 

അപ്പോള്‍ തീര്‍ച്ചയായും സുരാജിന്‍റെ ഇമോഷണല്‍ രംഗങ്ങളും കണ്ടിരിക്കാന്‍
ഇഷ്ടമാകില്ലല്ലോ?

 

കരയാന്‍ ആര്‍ക്കാണിഷ്ടമുള്ളത്. ചിരിക്കാനാണ് എനിക്കും ഒത്തിരി ഇഷ്ടം.

 

അപ്പോള്‍ കുട്ടികളോ?

 

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ തന്‍റെ മകളെ ചേട്ടന്‍ ചേര്‍ത്തുപിടിച്ചുകരയുന്ന ഒരു രംഗമുണ്ട്. അതിപ്പോഴും ടി.വിയില്‍ കണ്ടാല്‍ മോളിലിരുന്ന് കരയും. അതുപോലെ അച്ഛനെആരെങ്കിലും അടിക്കുന്ന രംഗങ്ങള്‍ ഉണ്ടെങ്കില്‍ അതും അവര്‍ക്ക് കാണാനിഷ്ടമല്ല. ഉടനെചാനല്‍ മാറ്റിക്കളയും.

 

സുരാജിന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനോ?

 

അപ്പൂപ്പനെ കണ്ടുവെന്നാണ് അതുകണ്ടിറങ്ങിയപ്പോള്‍ വസു പറഞ്ഞത്. ആ സിനിമയിലെ ചേട്ടന്‍ അപ്പിയറന്‍സ് ചേട്ടന്‍റെ അച്ഛനെപ്പോലെ തന്നെയായിരുന്നു. അച്ഛനുണ്ടായിരുന്ന സമയത്തായിരുന്നു ആ സിനിമ ഇറങ്ങേണ്ടിയിരുന്നത്. അതിന്‍റെ കഥ മുഴുവനും ഞാന്‍ വായിച്ചതാണ്. എന്നിട്ടും അവസാനരംഗങ്ങള്‍ കണ്ടപ്പോള്‍ ഞാനുമറിയാതെ കരഞ്ഞുപോയി. ആ വൃദ്ധവേഷം ചേട്ടന്‍ അത്ര ഗംഭീരമാക്കിയിരുന്നു.

 

സുരാജിന്‍റെ സിനിമകളുടെ കഥകള്‍ സുപ്രിയയോട് പറയാറുണ്ടോ?

 

ഉണ്ട്. ചേട്ടന് വളരെ ഇഷ്ടപ്പെട്ട തിരക്കഥകളാണെങ്കില്‍ അത് വായിച്ച് എന്നോട് അഭിപ്രായം പറയാന്‍ പറയും.

 

സുരാജ് നിര്‍മ്മാണരംഗത്തേയ്ക്ക് കൂടി കാല്‍വയ്ക്കുകയാണല്ലോ. അതിന്‍റെ ടെന്‍ഷനുണ്ടോ?

 

ടെന്‍ഷനില്ലാതില്ല. പക്ഷേ അതിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. അത് തുടങ്ങി കഴിഞ്ഞാലേ കൂടുതല്‍ എന്തെങ്കിലും പറയാനാകൂ.

 

തയ്യാറാക്കിയത്:- കെ. സുരേഷ്

 

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO