സൗബിന്‍ നായകനാകുന്ന ‘സുഡാനി ഫ്രം നൈജീരിയ’ മാര്‍ച്ച് 23ന് തിയേറ്ററുകളിലെത്തും

കാലില്‍ കൊരുത്ത പന്തുമായി ഗോള്‍ മുഖത്തേയ്ക്ക് ചാട്ടുളിപോലെ പായുന്ന ഫുട്ബോള്‍ കളിക്കാരും മൈതാനത്തിനുപുറത്തെ അവരുടെ ജീവിതവും പശ്ചാത്തലമാക്കി സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ ചിത്രീകരണം ആഫ്രിക്കയില്‍ പൂര്‍ത്തിയായി.  ... Read More

കാലില്‍ കൊരുത്ത പന്തുമായി ഗോള്‍ മുഖത്തേയ്ക്ക് ചാട്ടുളിപോലെ പായുന്ന ഫുട്ബോള്‍ കളിക്കാരും മൈതാനത്തിനുപുറത്തെ അവരുടെ ജീവിതവും പശ്ചാത്തലമാക്കി സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ ചിത്രീകരണം ആഫ്രിക്കയില്‍ പൂര്‍ത്തിയായി.

 

ഇത് കളിക്കളത്തിലെ കഥയല്ല. അതിനപ്പുറത്ത് കളിക്കാരെയും മാനേജര്‍മാരെയും അവരെ ചുറ്റിപറ്റി നില്‍ക്കുന്ന മറ്റ് ആളുകളുടെയും ജീവിതവഴികളിലൂടെയാണ് കഥയുടെ സഞ്ചാരം. സൗബിന്‍ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ ധാരാളം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും മികവ് തെളിയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സൗബിന്‍ ഷാഹിര്‍ നായകനായി അഭിനയിക്കുന്ന പ്രഥമ ചിത്രമാണിത്. സിനിമയില്‍ രണ്ട് നായകന്മാരുണ്ട്. സൗബിനൊപ്പമെത്തുന്ന രണ്ടാമന്‍ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സനാണ്. നൈജീരിയയിലെ സിനിമ-ടി.വി താരമാണ് സാമുവല്‍ റോബിന്‍സണ്‍.

 

 

നവംബര്‍ മുതല്‍ മെയ് മാസം വരെ കേരളത്തില്‍ ഫുട്ബോള്‍ കളിയുടെ സീസനാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫുട്ബോള്‍ ക്ലബ്ബുകളുള്ളതും ഏറ്റവും അധികം ടൂര്‍ണ്ണമെന്‍റുകള്‍ സംഘടിപ്പിക്കുന്നതും മലബാറിലാണ്. കാല്‍പന്തുകളിയുടെ നാടെന്ന വിശേഷണം പണ്ടേ മലബാറിന് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് മലപ്പുറം വളരെ മുന്നിലാണ്. അത്രമാത്രം ഫുട്ബോളിനെ സ്നേഹിക്കുന്ന, ഫുട്ബോള്‍ കളിക്കാരെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നവരുടെ നാടാണ് മലപ്പുറം. ഈ സിനിമയില്‍ പന്ത് ഉരുളുന്നത് മലപ്പുറത്തെ വാഴിയൂര്‍ എന്ന ഗ്രാമപ്രദേശത്താണ്.

 

മലപ്പുറത്തെ ക്ലബ്ബുകള്‍ക്ക് വിദേശകളിക്കാരെ എത്തിച്ചുകൊടുക്കുന്ന മാനേജരുടെ വേഷമാണ് സൗബിന്‍ ഷാഹിറിന്. നിയമപരമായി ഒരു ടീമില്‍ മൂന്ന് വിദേശകളിക്കാരെ അനുവദിച്ചിട്ടുള്ളതാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ ആറും ഏഴും വിദേശകളിക്കാരെ മാനേജര്‍മാര്‍ നാട്ടിലെത്തിക്കും. ഒരാള്‍ക്ക് എന്തെങ്കിലും അപകടം പറ്റി കളിക്കാന്‍ പറ്റാതെ മാറിയാല്‍ അടുത്ത ആളെ ഇറക്കും. ആഫ്രിക്കയില്‍ നിന്ന് മലപ്പുറത്തെ ക്ലബ്ബില്‍ കളിക്കാനെത്തിയ നൈജീരിയക്കാരനാണ് സാമുവല്‍ റോബിന്‍സണ്‍. മാനേജരായ സൗബിനും സാമുവലും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണിതെന്നുപറയാം. അതേസമയം തന്നെ ഹ്യൂമറിലൂടെ ചിറക് വിരിക്കുന്ന തീക്ഷ്ണമായ ബന്ധങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണെന്നും പറയാം.

 

മലപ്പുറത്തെത്തുന്ന വിദേശകളിക്കാരില്‍ കൂടുതല്‍ പേരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. ഇവരെ താമസിപ്പിക്കുന്നത് ഗ്രാമത്തിലെ വീടുകളിലാണ്. കളിയില്ലാത്ത ദിവസങ്ങളില്‍ ഇവര് സാധനങ്ങള്‍ വാങ്ങിക്കാന്‍ ഗ്രാമപ്രദേശത്തെ ചെറിയ കടകളില്‍ വരും. അവര് ചോദിക്കുന്നതും പറയുന്നതും കടക്കാരുടെ മറുപടിയും നാട്ടുകാരുടെ ഇടപെടലുമൊക്കെ കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്. നേരിട്ട് അനുഭവിച്ചറിഞ്ഞ സംഭവങ്ങളില്‍ നിന്നാണ് സിനിമയ്ക്ക് കഥ ഉണ്ടാവുന്നതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ സക്കരിയ പറയുന്നു.

 

 

എന്‍റെ നാട്ടില്‍ ഇതുപോലെ ഒരു മാനേജരുണ്ട്. അദ്ദേഹത്തെ എനിക്കറിയാം. അദ്ദേഹത്തോടും മറ്റ് മാനേജര്‍മാരോടും സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ പറ്റിയ കുറെ കാര്യങ്ങളുണ്ട്. അതിനകത്ത് നിന്നുകൊണ്ട് കഥ രൂപപ്പെടുത്തുകയും പിന്നീട് മൊഹ്സിന്‍ പെരാരിയുമായി ചേര്‍ന്ന് തിരക്കഥ ഉണ്ടാക്കി. മൊഹ്സിന്‍ വഴിയാണ് നിര്‍മ്മാതാക്കളായ സമീര്‍താഹിറിനെയും ഷൈജു ഖാലിദിനെയും കാണുന്നത്. അവരോട് കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് കൈതന്നു. അതിനുശേഷമാണ് ആര്‍ട്ടിസ്റ്റുകളിലേക്ക് പോകുന്നത്.

 

നിര്‍മ്മാതാക്കളും അവരുടെ അടുത്ത സുഹൃത്തുക്കളും ഞങ്ങളും കൂടിയുള്ള ഒരു ഡിസ്ക്കഷനില്‍ വെച്ച് മാനേജരുടെ വേഷം സൗബിന്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് ആദ്യം പറഞ്ഞത് രാജീവ് രവിയാണ്. അതൊരു നല്ല ചോയ്സായിരുന്നു.
നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണെ കിട്ടാന്‍ കുറച്ച് പണിയെടുത്തു. ആഫ്രിക്കയിലെ ഒരു ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ കുറച്ച് ആര്‍ട്ടിസ്റ്റുകളുടെ വീഡിയോ അവര്‍ അയച്ചുതന്നു. മുപ്പതുപേരുടെ വീഡിയോ കണ്ടു. നമ്മള്‍ ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ആളെ കിട്ടിയില്ല. ഒടുവില്‍ നമ്മള് തന്നെ ഗൂഗിള്‍ സെര്‍ച്ച് ചെയ്തു തപ്പിയെടുത്തതാണ് സിനിമ- ടിവി താരമായ സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരനെ. സൗബിനും സാമുവലും നല്ല കോമ്പിനേഷനാണ്. രണ്ടുപേരും നന്നായി ചെയ്തിട്ടുണ്ട്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയിലുള്ള രസകരമായ സിനിമയായിരിക്കും സുഡാനി ഫ്രം നൈജീരിയയെന്നു സംവിധായകന്‍ സക്കറിയ പറഞ്ഞു.

 

 

ആഡ് ഫിലിം മേക്കറും ഷോര്‍ട്ട് ഫിലിം സംവിധായകനുമായ സക്കരിയ ഒരുക്കുന്ന പ്രഥമ ചലച്ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ക്യാമറാമാനും സംവിധായകനുമായ സമീര്‍താഹിറും ക്യാമറാമാന്‍ ഷൈജുഖാലിദും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അവരുടെ സിനിമാരീതികളോട് ചേര്‍ന്നുനില്‍ക്കുന്നതായതുകൊണ്ടാണ് സക്കറിയയുടെ സിനിമ നിര്‍മ്മിക്കാന്‍ ഇരുവരും തയ്യാറായത്.

ഹാപ്പി ഔവേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ഷൈജുഖാലിദ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നൗഫല്‍അബ്ദുള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ താഹിര്‍ മട്ടാഞ്ചേരി, കലാസംവിധാനം അനീസ് നാടോടി, പ്രൊഡ: എക്സിക്യുട്ടീവ് കിഷോര്‍ പുറക്കാട്ടിരി, മേക്കപ്പ് ആര്‍.ജി. വയനാടന്‍, വസ്ത്രാലങ്കാരം മസ്ഹര്‍ഹംസ, പി.ആര്‍.ഒ എ.എസ്. ദിനേശ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി, പരസ്യകല ഓള്‍ഡ് മങ്ക്, എക്സി:പ്രൊഡ്യൂസര്‍ സനു താഹിര്‍, സംഗീതം റെക്സ് വിജയന്‍. മാര്‍ച്ച് 23ന് ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO