ഈ അപൂര്‍വ്വ നേട്ടം ശ്രീനിവാസന്‍ കുടുംബത്തിന് സ്വന്തം

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ കൂടി സംവിധാനരംഗത്ത് പ്രവേശിക്കുന്നതോടെ അച്ഛനും മക്കളുമായി ഒരു വീട്ടില്‍ നിന്നും മൂന്ന് സംവിധായകര്‍ എത്തുകയാണ്. കുറച്ച് മാസങ്ങള്‍ക്കു മുമ്പാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ധ്യാന്‍ സംവിധാനം ചെയ്യുന്ന 'ലൗ ആക്ഷന്‍... Read More

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ കൂടി സംവിധാനരംഗത്ത് പ്രവേശിക്കുന്നതോടെ അച്ഛനും മക്കളുമായി ഒരു വീട്ടില്‍ നിന്നും മൂന്ന് സംവിധായകര്‍ എത്തുകയാണ്. കുറച്ച് മാസങ്ങള്‍ക്കു മുമ്പാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ധ്യാന്‍ സംവിധാനം ചെയ്യുന്ന ‘ലൗ ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടായത്.
മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഇത് അത്യപൂര്‍വ്വമായതും വേറിട്ടുനിര്‍ത്തുന്നതുമായ ഒരു കാര്യമാണ്. ഒരു വീട്ടില്‍ നിന്നും അച്ഛനും മക്കളുമായി മൂന്നുപേര്‍ നടന്മാരായും തിരക്കഥാകൃത്തുക്കളായും സംവിധായകരായും രംഗത്ത് എത്തിയിരിക്കുന്ന അപൂര്‍വ്വ അനുഭവം സംഭവിച്ചിരിക്കുകയാണ്.

 

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന ആളാണ് ശ്രീനിവാസന്‍. ‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്’ എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസനും തിരക്കഥ രചിച്ചുകൊണ്ട് സംവിധായകനായി മാറി.

 

ശ്രീനിവാസനാകട്ടെ, അഭിനയരംഗത്ത് തുടക്കം കുറിച്ചതിനുശേഷം മെല്ലെ മെല്ലെയായിരുന്നു തിരക്കഥാകൃത്തായതും സംവിധായകനായതും.
വിനീത് പില്‍ക്കാലത്ത് വിവിധ സിനിമകളിലൂടെ തന്‍റെ കഴിവുകള്‍ പ്രകടമാക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസന്‍റെ രണ്ടാമത്തെ മകനും വിനീതിന്‍റെ ഇളയസഹോദരനുമായ ധ്യാന്‍ ശ്രീനിവാസനെ തിര എന്ന സിനിമയിലുടെ മലയാളത്തിന് പരിചയപ്പെടുത്തിയത് വിനീത് തന്നെയാണ്. ധ്യാന്‍ അതിനുശേഷവും മറ്റുപല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ഗൂഢാലോചന എന്ന സിനിമയുടെ തിരക്കഥയെഴുതിയത് ധ്യാന്‍ ശ്രീനിവാസനാണ്. ഈ സിനിമയില്‍ നായക വേഷം ചെയ്തതും ധ്യാന്‍ തന്നെയാണ്.

 

രാജീവ് കുമാര്‍- അശോക് കുമാര്‍, പ്രേംനസീര്‍- പ്രേംനവാസ്, റാഫി- ഷാഫി, എ.കെ. സാജന്‍-എ.കെ. സന്തോഷ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്… ഇങ്ങനെ ചില സഹോദരങ്ങള്‍ അഭിനയരംഗത്തും സംവിധാനരംഗത്തും തിരക്കഥാരംഗത്തുമൊക്കെ വന്നിട്ടുണ്ടെങ്കിലും അച്ഛനും മകളുമായുള്ള മൂന്നുപേരുടെ സംഗമം സിനിമയില്‍ ഇത് ആദ്യം തന്നെ എന്നുപറയാം.

 

മമ്മൂട്ടിയും ഇളയ സഹോദരങ്ങളായ ഇബ്രാഹിം കുട്ടിയും സക്കറിയയും ഒരേ വീട്ടിലെ മൂന്ന് അഭിനേതാക്കളാണ്. പക്ഷേ, അവര്‍ അഭിനയരംഗത്ത് മാത്രമായി ഉറച്ചുനില്‍ക്കുന്നവരാണ്. ലളിത-പത്മിനി-രാഗിണിമാരും കലാരഞ്ജിനി, കല്‍പ്പന, ഉര്‍വ്വശിമാരും ഒക്കെ അഭിനയവേദിയിലേയുള്ളൂ.

 

ശ്രീനിവാസന്‍ സിനിമയില്‍ പേരും പ്രശസ്തിയും ആര്‍ജ്ജിച്ച് സജീവമായി നില്‍ക്കുന്ന ഒരാളാണെങ്കിലും രണ്ട് മക്കളെയും സിനിമയിലേക്ക് കൊണ്ടുവരാന്‍ താനായി ശ്രമിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. ഒരിക്കല്‍ മക്കളെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടുമായി സംസാരിക്കുമ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞതിങ്ങനെ. ‘തന്‍റെ മക്കള്‍ രണ്ടുപേരും ഐ.എ.എസുകാരനോ ഐ.പി.എസ് കാരനോ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ആകണമെന്ന് ആഗ്രഹിക്കുന്നില്ല. അവരവര്‍ക്കിഷ്ടമായ മേഖല അവര്‍ തന്നെ തെരഞ്ഞെടുക്കട്ടെ. എനിക്ക് ഒരു കാര്യത്തിലെ നിര്‍ബന്ധമുള്ളു. രണ്ടുപേര്‍ക്കും ഇത്തിരി കോമണ്‍സെന്‍സ് ഉണ്ടാകണമെന്ന് മാത്രം. മൂത്തമകന്‍ വിനീത് അതുണ്ടെന്ന് സിനിമകളിലൂടെ തെളിയിച്ചു. ധ്യാനിന് അതുണ്ടോയെന്ന് എനിക്കറിയില്ല. ധ്യാന്‍ ഇനി അത് തെളിയിക്കണം.’

Show Less

No comments Yet

SLIDESHOW

LATEST VIDEO