സഭാനാഥന്‍ ഹാപ്പിയാണ്; ഗൃഹനാഥനും

കേരള നിയമനിര്‍മ്മാണസഭയുടെ നാഥനാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അച്ചടക്കത്തിന്‍റെ ഭാഷയില്‍ മാത്രം സഭാംഗങ്ങളോട് സംസാരിക്കുന്ന സ്പീക്കര്‍ വീട്ടിലെത്തിയാല്‍ തനി ഗൃഹനാഥനാണ്. അച്ചടക്കത്തിന്‍റെ കാര്യത്തില്‍ കോംപ്രമൈസിനില്ലെങ്കിലും വീട്ടില്‍ അദ്ദേഹം സ്നേഹവാത്സല്യങ്ങള്‍ ചൊരിയുന്ന ഭര്‍ത്താവും അച്ഛനുമൊക്കെയാണ്. തിരക്കുകള്‍ക്കിടയിലും... Read More

കേരള നിയമനിര്‍മ്മാണസഭയുടെ നാഥനാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അച്ചടക്കത്തിന്‍റെ ഭാഷയില്‍ മാത്രം സഭാംഗങ്ങളോട് സംസാരിക്കുന്ന സ്പീക്കര്‍ വീട്ടിലെത്തിയാല്‍ തനി ഗൃഹനാഥനാണ്. അച്ചടക്കത്തിന്‍റെ കാര്യത്തില്‍ കോംപ്രമൈസിനില്ലെങ്കിലും വീട്ടില്‍ അദ്ദേഹം സ്നേഹവാത്സല്യങ്ങള്‍ ചൊരിയുന്ന ഭര്‍ത്താവും അച്ഛനുമൊക്കെയാണ്. തിരക്കുകള്‍ക്കിടയിലും വീട്ടുകാര്യങ്ങള്‍ നോക്കാന്‍ ഓടിയെത്തുന്ന ഗൃഹനാഥന്‍റെ കുടുംബവിശേഷങ്ങള്‍ അറിയാനാണ് ഞങ്ങള്‍ സ്പീക്കറുടെ ഔദ്യോഗികവസതിയായ ‘നീതി’ യില്‍ എത്തിയത്. ഞങ്ങളവിടെ എത്തുമ്പോള്‍ അദ്ദേഹം പ്രഭാത വ്യായാമത്തിലായിരുന്നു. ഗസല്‍ഗാനം ആസ്വദിച്ചുകൊണ്ടുള്ള വ്യായാമം അദ്ദേഹത്തിന് പതിവാണ്. തുടര്‍ന്ന് വീട്ടിലെ സ്വീകരണമുറിയിലേക്ക്.

 

നിറപുഞ്ചിരിയോടെ അതിഥികളെ വരവേറ്റ ശ്രീരാമകൃഷ്ണനും ഭാര്യ ദിവ്യയും മഹിളാരത്നം വാനയക്കാര്‍ക്കായി മനസുതുറന്നു. സ്പീക്കറുടെ വീട്ടുവിശേഷങ്ങളില്‍ തുടങ്ങിയ സംഭാഷണം യാത്ര, ഭക്ഷണം, രാഷ്ട്രീയം തുടങ്ങി വിവിധതലങ്ങളിലേക്ക് കടന്നു. വീട്ടുവിശേഷങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയതുകൊണ്ട് ഗൃഹനാഥയോടായിരുന്നു ആദ്യചോദ്യങ്ങള്‍. ഭാര്യയുടെ മറുപടി ചെറുപുഞ്ചിരിയോടെ കേട്ടിരുന്ന ശ്രീരാമകൃഷ്ണന്‍ നര്‍മ്മത്തിന്‍റെ ഭാഷയില്‍ ചില ഇടപെടലുകളും നടത്തി. വായനക്കാര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് സ്പീക്കര്‍ സംഭാഷണം അവസാനിപ്പിച്ചത്. തുടര്‍ന്നുനടന്ന ഫോട്ടോസെഷനില്‍ മക്കളായ നിരഞ്ജനയും പ്രിയരഞ്ജനും ഭാഗമാവുകയും ചെയ്തു.

 

 

നിയമസഭയുടെ നാഥന്‍ എന്ന നിലയ്ക്ക് ഇദ്ദേഹത്തിന് നല്ല പേരാണുള്ളത്. ഗൃഹനാഥന്‍ എന്ന നിലയില്‍ എങ്ങനെയാണ് ?

 

നല്ല നാഥനാണ്. നല്ലതേ പറയാനുള്ളൂ.

 

സഭയിലേതുപോലെ വീട്ടിലും അച്ചടക്കത്തിന്‍റെ വക്താവ് തന്നെയാണോ. ഇടയ്ക്കിടയ്ക്ക് റൂളിങ് ഒക്കെ നടത്താറുണ്ടോ ?

 

അച്ചടക്കത്തിന്‍റെ കാര്യത്തില്‍ നിര്‍ബന്ധമാണ്. എല്ലാക്കാര്യത്തിലും ഒരച്ചടക്കം കാത്തുസൂക്ഷിക്കാറുണ്ട്. അക്കാര്യത്തില്‍ സഭയിലേതുപോലെ തന്നെയാണ് വീട്ടിലും.

 

സാധാരണ പൊതുപ്രവര്‍ത്തകരുടെ ഭാര്യമാര്‍ പറയുന്ന ഒരു പരിഭവമുണ്ട്. ഭര്‍ത്താവിനെ വീട്ടുകാര്യങ്ങള്‍ക്കൊന്നും കിട്ടില്ല എന്ന്. ഇവിടെ അത്തരം പ്രശ്നങ്ങളെന്തേലും ഉണ്ടോ ?

 

ഒരിക്കലുമില്ല. ഞങ്ങളുടെയും കുടുംബത്തിന്‍റെയും എല്ലാക്കാര്യത്തിലും അദ്ദേഹമുണ്ടാകും. ജീവിതത്തില്‍ ഇന്നേവരെ അങ്ങനൊരു പരാതി ഞങ്ങള്‍ക്കാര്‍ക്കുമില്ല.  ഇതൊക്കെ ചുമ്മാതെ എന്നെ എത്തിക്കാന്‍ വേണ്ടി പറയുന്നതാ (നര്‍മ്മത്തിന്‍റെ ഭാഷയില്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു. എല്ലാവരും ചിരിക്കുന്നു)

 

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന് പത്തില്‍ എത്രമാര്‍ക്ക് നല്‍കാം ?

 

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നൂറുശതമാനവും സത്യസന്ധമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് കണ്ണുമടച്ച് നൂറുശതമാനം മാര്‍ക്കും നല്‍കാം.

 

ഭാര്യ നൂറുശതമാനം മാര്‍ക്കാണ് അങ്ങേയ്ക്ക് തന്നിരിക്കുന്നത്. ഇത് കൂടുതലാണോ കുറവാണോ ?

 

ഇത് സ്നേഹംകൊണ്ട് കുറച്ചധികം മാര്‍ക്ക് തന്നതാണ്. കാരണം, യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നുമാണ് ഇവള്‍ വന്നത്. ഞാന്‍ നേരെ വിപരീതമാണ്. എന്‍റെ അച്ഛന്‍ വള്ളുവനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും അധ്യാപകപ്രസ്ഥാനത്തിന്‍റെയുമൊക്കെ ആദ്യകാല നേതാവ് ആയിരുന്നു. അദ്ദേഹം വള്ളുവനാട് താലൂക്ക് കമ്മറ്റി അംഗമായിരുന്നു. ദേശാഭിമാനി പത്രത്തിന്‍റെ അഞ്ചാംപേജ് 15 വര്‍ഷം കൈകാര്യം ചെയ്തിരുന്നു. ബോംബെയില്‍ നിന്നുള്ള ബ്ലിറ്റ്സിന്‍റെ എഡിറ്ററായിരുന്നു. എന്നാലിവര്‍ നിലമ്പൂര്‍ കാട്ടിലെ കൃഷിമാത്രമാണ് കണ്ടുശീലിച്ചിരുന്നത്. അതുകൊണ്ട് ഞാന്‍ കല്യാണത്തിന് മുമ്പ് ദിവ്യക്ക് ഒരു കത്തയച്ചു.

 

ഞാന്‍ രാഷ്ട്രീയക്കാരനാണ്, സാമാന്യം തിരക്കുള്ള ജീവിതമാകും എന്‍റേത് എന്നൊക്കെ കത്തില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, ഇത്രകണ്ട് തിരക്കുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നിവര്‍ പിന്നീടൊരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പാതിരാത്രി വീട്ടില്‍ വന്നുകയറും, അതിരാവിലെ വീണ്ടും പുറപ്പെടും. രാവിലെ തന്നെ വീട്ടില്‍ ആള്‍ക്കാര്‍ അന്വേഷിച്ചുവരും. ഇതൊക്കെയാണ് പൊതുപ്രവര്‍ത്തകരുടെ ഒരു രീതി. എന്‍റെ അവസ്ഥയും അങ്ങനെ തന്നെ. ആദ്യമൊക്കെ ഇവള്‍ക്കതൊരു ബുദ്ധിമുട്ട് പോലെ ആയിരുന്നു. പിന്നീട് അതിനോടൊത്ത് ജീവിക്കാമെന്നായി. ഇന്നവര്‍ക്ക് ഞാന്‍ എന്താണെന്നും എന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും നന്നായി അറിയാം. അതിന്‍റെ സ്നേഹക്കൂടുതല്‍ കൊണ്ടാണ് മാര്‍ക്കും കൂടിയത്.

 

ഇപ്പോള്‍ ജനങ്ങളുടെ കാര്യം മാത്രം നോക്കിയാല്‍ പോരാ. 140 എം.എല്‍.എമാരുടെ കാര്യങ്ങളും നോക്കണം. എപ്പോഴെങ്കിലും ഒരു മടുപ്പ് തോന്നിയിട്ടുണ്ടോ ?

 

ഇല്ല, ഞാന്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് നിര്‍വഹിക്കുന്ന ആളാണ്. മള്‍ട്ടി ലെവലില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനാകും ഞാനെപ്പോഴും ശ്രമിക്കുക. ഓഫീസ് കാര്യങ്ങള്‍ക്ക് നിശ്ചിതസമയം നീക്കിവെയ്ക്കും. അതുകഴിഞ്ഞ് മക്കളോടൊത്ത് ചെലവിടാനും കുറച്ചുസമയം കണ്ടെത്തും. അതേസമയം, ചിലപ്പോഴെങ്കിലും ഈ തിരക്കുകള്‍ അലോസരപ്പെടുത്താറുമുണ്ട്. അന്നേരം, ഞാന്‍ ഒറ്റക്കിരിക്കാനാകും താത്പര്യപ്പെടുക. കുറച്ചുനേരം തനിച്ചിരുന്ന് കഴിയുമ്പോള്‍ മനസ്സ് ശാന്തമാകും. അതുകഴിഞ്ഞ് ഞാന്‍ വീണ്ടും പതിവുകളിലേക്ക് മടങ്ങും.

 

അച്ഛന്‍ നല്ലൊരധ്യാപകനായിരുന്നു. അദ്ദേഹം അങ്ങയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് ?

 

അച്ഛനും അമ്മയും എന്നെ സ്വാധീനിച്ച വ്യക്തികളാണ്. രണ്ടുപേരും രണ്ട് തലങ്ങളിലാണെന്ന് മാത്രം. അമ്മ ജീവിതത്തെ വളരെ പ്ലീസിങ് ആയി നോക്കിക്കണ്ട വ്യക്തിയാണ്. എല്ലാത്തിലും സന്തോഷം കാണും. ഒരിക്കലും നെഗറ്റീവ് അല്ല. എന്നാല്‍ അച്ഛന്‍ നേരെ വിപരീതമാണ്. എല്ലാത്തിന്‍റെയും നെഗറ്റീവ്വശം അദ്ദേഹം പറഞ്ഞുതരും. അദ്ദേഹം കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ നമ്മുടെ കോണ്‍ഫിഡന്‍സ് ലെവല്‍ താഴോട്ട് പോകും. അങ്ങനെ പോയാലും വേണ്ടില്ല യാഥാര്‍ഥ്യബോധത്തോടെ വേണം കാര്യങ്ങളെ സമീപിക്കാന്‍ എന്നതായിരുന്നു അച്ഛന്‍റെ നിലപാട്. അതെനിക്കിഷ്ടമാണ്. അതേപ്പോലെ തന്നെ അദ്ദേഹത്തിന്‍റെ സത്യസന്ധത, ബന്ധങ്ങള്‍. ഇതൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതൊരനുഭവം ആയിരുന്നു. ഒരു കാര്യം കേട്ടാല്‍ അതിന്‍റെ നെഗറ്റീവ് വശം ചിന്തിക്കാന്‍ അച്ഛനും എല്ലാത്തിനെയും പോസിറ്റീവായി സമീപിക്കാന്‍ അമ്മയും എന്നെ പഠിപ്പിച്ചു. അതുകൊണ്ടായിരിക്കാം എനിക്ക് കുറച്ച് ബാലന്‍സ്ഡ് ആകാന്‍ സാധിച്ചത്.
അങ്ങ് അത്യാവശ്യം എഴുതുന്നയാളാണ്. നിലപാടുകള്‍ തുറന്നുപറയുകയും ചെയ്യും.

 

 

ആദര്‍ശം, നിലപാട്, പ്രവൃത്തി ഇവ മൂന്നും ഒരുമിച്ച് കൊണ്ടുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമാണോ ?

 

അതത്ര എളപ്പമുള്ള കാര്യമല്ല. പക്ഷേ, നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ സാധിക്കാവുന്നതേയുള്ളൂ. കണ്‍വിന്‍സിങ് എന്നുപറയുന്ന ഒരു ഫാക്ടര്‍ കൂടി ഇവിടെ പ്രധാനഘടകമാണ്. നമുക്ക് ഒരു ലക്ഷ്യമുണ്ടെന്ന് കരുതുക. അത് സ്വായത്തമാക്കാന്‍ നമുക്ക് മറ്റുള്ളവരുടെ സഹായംകൂടി ചിലപ്പോള്‍ വേണ്ടിവന്നേക്കാം. നാം എന്തിനുവേണ്ടി അക്കാര്യം ആഗ്രഹിക്കണമെന്നും അതിലേക്കടുക്കാന്‍ നാം എന്തുചെയ്യണമെന്നും മറ്റുള്ളവരെ പറഞ്ഞ് മനസിലാക്കിക്കാന്‍ സാധിച്ചാല്‍ വിജയം കൈക്കുള്ളില്‍ ഒതുങ്ങും. അതിന് വേണ്ടത് കണ്‍വിന്‍സിങ് ആക്കുന്ന തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ്.

 

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണ് ?

 

ലോകം മുഴുവന്‍ യാത്ര ചെയ്യുക. അതിരുകളില്ലാത്ത യാത്ര അനുഭവമാണ്. മനുഷ്യരെ അടുത്തറിയാനും ജീവിതം പഠിക്കാനും യാത്രകള്‍ ഉപകരിക്കും.

 

ഒരുപാട് യാത്രചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ ?

 

യാത്ര പണ്ടേ ഇഷ്ടമുള്ള സംഗതിയാണ്. പാലക്കാട് ഉണ്ടായിരുന്ന നാളുകളില്‍ തമിഴ്നാടന്‍ ഗ്രാമങ്ങളിലേക്കൊക്കെ യാത്രകള്‍ പോകുന്നത് പതിവായിരുന്നു. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല. ഒരു ബസില്‍ കയറി അതിന്‍റെ ലാസ്റ്റ് പോയിന്‍റിലേക്ക് ടിക്കറ്റ് എടുക്കും. ബസ് എവിടെ നില്‍ക്കുന്നുവോ അവിടെ ഇറങ്ങും. തുടര്‍ന്ന് മറ്റെങ്ങോട്ടെങ്കിലും യാത്ര തുടരും. ഞാന്‍ പറഞ്ഞല്ലോ ഓരോ യാത്രയും ഓരോ പാഠമാണ്. ജീവിതങ്ങള്‍ അടുത്തറിയാനുള്ള പാഠം.

 

ഇന്നുവരെ ചെന്നെത്തിയിട്ടുള്ളതില്‍ വെച്ചേറ്റവും ഇഷ്ടപ്പെട്ട സ്ഥലം ?

 

ഇന്ത്യക്ക് പുറത്താണെങ്കില്‍ അത് വെനിസ്വേലയാണ്.

 

എന്തുകൊണ്ട് ?

 

വികാരങ്ങള്‍ മറച്ചുവെയ്ക്കാത്ത ജനസമൂഹമാണ് അവിടുള്ളത്. മനസ്സില്‍ എന്താണോ അത് വെളിപ്പെടുത്തും.ഒ രാള്‍ക്ക് ഒരാളോട് പ്രണയം തോന്നിയാല്‍ അത് പറയും. കാമം തോന്നിയാല്‍ അത് പറയും. ദേഷ്യം വന്നാലും വെറുപ്പ് വന്നാലും മറച്ചുവെയ്ക്കില്ല, അവര്‍ അത് പ്രകടമാക്കിയിരിക്കും. പാട്ട്, നൃത്തം, വിപ്ലവം എല്ലാംകൂടി കുഴഞ്ഞുമറിഞ്ഞൊരു കള്‍ച്ചറാണ് അവിടുള്ളത്. നൈസര്‍ഗിക വാസനകള്‍ക്ക് കൂച്ചുവിലങ്ങിടാതെ അവര്‍ അവരായി തന്നെ നിലകൊള്ളുന്നു എന്നതാണ് എനിക്ക് വെനിസ്വേലക്കാരോട് ഇഷ്ടം തോന്നാന്‍ കാരണം. യൂറോപ്യന്‍ രാജ്യങ്ങളുടെ എലഗന്‍സ് എനിക്കിഷ്ടമാണ്. അതേസമയം, എനിക്ക് യു.എസ്. കള്‍ച്ചറിനോട് നീരസമാണ്. അവിടെ എവരിതിങ് ഫോര്‍ സെയില്‍ എന്ന കള്‍ച്ചറാണ്. അതെനിക്കിഷ്ടമല്ല. മനുഷ്യബന്ധങ്ങളെ പണം കൊണ്ടളക്കുന്ന ക്യാപിറ്റലിസത്തിന്‍റെ കള്‍ച്ചറാണ് അവിടെ ഉള്ളത്. കൃത്രിമസ്വര്‍ഗം എന്നും പറയാം.

 

വായന, പുസ്തകം – ഈ ലോകത്തെക്കുറിച്ച് ?

 

വായനയുടെ ലോകത്തേയ്ക്ക് എന്നെ നയിച്ചത് അച്ഛനാണ്. പുസ്തകങ്ങള്‍ അറിവാണെന്ന പാഠം പകര്‍ന്നുതന്നത് അദ്ദേഹമാണ്. വലിയ വരുമാനമൊന്നുമുള്ള ആളായിരുന്നില്ല അദ്ദേഹം. എന്നിട്ടും അക്കാലത്ത് ഡി.സി. ബുക്സിന്‍റെ ഭാരതവിജ്ഞാനകോശം ഖണ്ഡശ: വരുത്തിച്ച് അദ്ദേഹം ഞങ്ങളെക്കൊണ്ട് വായിപ്പിക്കുമായിരുന്നു. നിരവധി നോവലുകളും വായിക്കാന്‍ തന്നു. എം.ടി. വാസുദേവന്‍നായര്‍ ഒരു സ്വാധീനശക്തിയാണ്. എം.ടിയുടെ വാക്കുകളിലൂടെ വള്ളുവനാടിനെ അനുഭവിച്ചിട്ടുണ്ട്. എം.ടിയുടെ പുസ്തകം വായിച്ചാല്‍ നമ്മുടെ നാട് കാണുന്നതുപോലെയാണ്. തൃത്താലപ്പുഴയും താന്നിക്കുന്നും കണ്ണാന്തളിപ്പൂക്കളുമെന്നൊക്കെപ്പറയുന്നത് നമ്മുടെ ചുറ്റുമാണെന്ന് തോന്നിപ്പോകും. അതോടൊപ്പം വിപ്ലവസ്മരണകളുറങ്ങുന്ന പുസ്തകങ്ങളും വായിക്കും. എന്‍റെ മകള്‍ക്ക് ഞാന്‍ നിരഞ്ജന എന്ന പേരിട്ടത് ചിരസ്മരണ വായിച്ചിട്ടാണ്. അതാണ് എന്നെ സ്വാധീനിച്ച ഏറ്റവും വലിയ പുസ്തകവും. നിരഞ്ജന എഴുതിയ ചിരസ്മരണ കയ്യൂരിലെ ഓര്‍മ്മകള്‍ വിവരിക്കുന്ന മനോഹരമായ നോവലാണ്.

 

ഒരു അച്ഛന്‍ എന്ന നിലയിലെ സ്വയംവിലയിരുത്തല്‍ എന്താണ് ?

 

മക്കള്‍ എന്‍റെ ക്രെയിസ് ആണ്. ആ വാക്കാണ് ഏറ്റവും അനുയോജ്യം. ഞാന്‍ നല്ലൊരു അച്ഛനാണ് എന്നാണ് എന്‍റെ വിലയിരുത്തല്‍. അവര്‍ക്കും അങ്ങനെ തന്നെയാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ നേരത്തെപറഞ്ഞല്ലോ, എത്രയൊക്കെ തിരക്കുണ്ടെങ്കിലും ഞാന്‍ അവര്‍ക്കുവേണ്ടി കുറച്ചുസമയം കണ്ടെത്താറുണ്ട്. അവരുടെ കാര്യങ്ങളൊക്കെ നോക്കാറുമുണ്ട്.

 

മക്കളുടെ കാര്യത്തില്‍ അങ്ങ് തൃപ്തനാണോ ?

 

പൂര്‍ണ്ണമായി തൃപ്തനല്ല. കാരണം, എനിക്ക് എന്‍റെ അച്ഛനില്‍ നിന്നും ഒരുപാട് ഗുണഗണങ്ങള്‍ പകര്‍ന്നുകിട്ടിയിട്ടുണ്ട്. എന്നെ മോള്‍ഡ് ചെയ്യുന്നതില്‍ അച്ഛന് നല്ല പങ്കുണ്ടായിരുന്നു. എന്‍റെ മക്കളുടെ വ്യക്തിത്വം വികസിപ്പിച്ചെടുക്കുന്ന കാര്യത്തില്‍ എനിക്കത്രത്തോളം ഇന്‍വോള്‍വ്ഡ് ആകാന്‍ സാധിച്ചിട്ടില്ല. പത്താംക്ലാസ് വരെയുള്ള കാലയളവിലാണ് ഒരുകുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുക. എന്‍റെ മകളുടെ ഒന്നാംക്ലാസ് മുതല്‍ പത്തുവരെയുള്ള കാലയളവ് നോക്കിയാല്‍ ഞാന്‍ ആദ്യ അഞ്ചുകൊല്ലം തിരുവനന്തപുരത്തായിരുന്നു. അഞ്ചുകൊല്ലം ഡെല്‍ഹിയില്‍ ആയിരുന്നു. അക്കാലത്ത് മാസത്തില്‍ നാലോ അഞ്ചോ തവണ മാത്രം വീട്ടില്‍ വരുന്ന അതിഥി മാത്രമായിരുന്നു ഞാന്‍. ആ വരവുകളിലൊക്കെ ഞാന്‍ അവരെ ഓമനിക്കുക മാത്രമാണ് ചെയ്തിരുന്നത്. ക്യാരക്ടര്‍ മോള്‍ഡ് ചെയ്യുന്നതില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. അതേസമയം, അവര്‍ എന്നില്‍നിന്നും കുറേ നല്ലകാര്യങ്ങള്‍ കണ്ടുശീലിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്.

 

ഇഷ്ടഭക്ഷണം എന്താണ് ?

 

സൗത്ത് ഇന്ത്യന്‍ ബ്രേക്ഫാസ്റ്റിനോടാണ് ഏറെ പ്രിയം. ദോശയും തേങ്ങാചമ്മന്തിയും ഉണ്ടെങ്കില്‍ കുശാലാണ്. ദോശ, ഇഡ്ഡലി, വട ഇതൊക്കെ മൂന്നുനേരം കിട്ടിയാലും അകത്താക്കും. അത്രയ്ക്കിഷ്ടമാണ്. അതേസമയം, നമ്മെ സ്വീകരിക്കുന്നവരുടെ ഇഷ്ടങ്ങള്‍ കൂടി നോക്കേണ്ടതുണ്ട്. അതിഥികളെ ഭക്ഷണംകൊണ്ട് സത്കരിക്കുന്നതില്‍ മലബാറുകാര്‍ മുമ്പന്തിയിലാണ്. എന്‍റെ മണ്ഡലമായ പൊന്നാനിയാണ് അതിന്‍റെ ഒരു കേന്ദ്രം. ഞാന്‍ പെരിന്തല്‍മണ്ണക്കാരനാണ്. പൊന്നാനിയില്‍ എനിക്ക് ഒരു ഉമ്മയുണ്ട്. ഞാനവിടെ ചെന്നാല്‍ ഉമ്മയുടെ വീട്ടിലാകും താമസിക്കുക. ഞാനവിടെ എത്തിയാല്‍ പിന്നെ ഉമ്മയ്ക്ക് ആഘോഷമാണ്. അവര്‍ എനിക്കുവേണ്ടതെല്ലാം വെച്ചുണ്ടാക്കും. ഇന്നും അവര്‍ക്കറിയില്ല എനിക്കേറ്റവും ഇഷ്ടം എന്താണെന്ന്. അതിഥിസത്കാരത്തിന്‍റെ മറുപുറമാണ് അത്. എനിക്ക് എന്തൊക്കെ ഉണ്ടാക്കിത്തരാന്‍ ഒക്കുമോ അതെല്ലാം ഉമ്മ വിളമ്പിവെയ്ക്കും. ഞാനതെല്ലാം കഴിക്കുകയും ചെയ്യും. വ്യത്യസ്തമായ നോണ്‍വെജ് വിഭവങ്ങള്‍ ഉണ്ടാക്കുക, അത് മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുക – ഇത് മലബാറുകാരുടെ ഒരു രീതിയാണ്. അങ്ങനെവരുമ്പോള്‍ പൊന്നാനിക്കാര്‍ തരുന്ന നോണ്‍വെജ് വിഭവങ്ങളും ഞാന്‍ കഴിക്കും. അതവരുടെ സന്തോഷത്തിനുവേണ്ടിയാണ്.

 

 

ഗസലുകളോടുള്ള പ്രണയം ?

 

ഗസല്‍സ്, മെലഡീസ്, ബഹളങ്ങളില്ലാത്ത മ്യൂസിക് ഇതൊക്കെ എനിക്ക് ഹരമാണ്. കേട്ടുകൊണ്ടേയിരിക്കും. അത് കേട്ടുകേട്ടാണോയെന്നറിയില്ല. എന്‍റെ മകള്‍ ഗസല്‍ പാടും. ഇപ്പോള്‍ മകളെ ഗസല്‍ പഠിപ്പിക്കുന്നുണ്ട്. ഭാര്യയും അത്യാവശ്യം പാടും.

 

കുടുംബത്തെക്കുറിച്ച് ?

 

ഭാര്യ ദിവ്യ അധ്യാപികയാണ്. മകള്‍ നിരഞ്ജന എം.ബി.എക്ക് പഠിക്കുന്നു. മകന്‍ പ്രിയരഞ്ജന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

 

വായനക്കാരോട് എന്താണ് പറയാനുള്ളത് ?

 

എല്ലാവര്‍ക്കും നന്‍മയുടെ നല്ലൊരുപുതുവത്സരം നേരുന്നു. ഈ പുതുവത്സരത്തില്‍ സഹിഷ്ണുത കൈമുതലായി സൂക്ഷിക്കുക. തനിക്ക് ശരിയെന്ന് തോന്നുന്ന ഒരുകാര്യം മറ്റൊരാള്‍ക്ക് ശരിയായിരിക്കണമെന്നില്ല. അപ്പോള്‍ അയാളെക്കൂടി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. രണ്ടാമത്തേത്ത് കുറച്ച് ആത്മീയമാണെന്ന് വേണമെങ്കില്‍ പറയാം. മനുഷ്യജീവിതത്തെക്കുറിച്ച് എല്ലാവര്‍ക്കും ഒരു ധാരണ ഉണ്ടാകണം. ആദ്യത്തെ ഇരുപതുകൊല്ലം നാം രക്ഷിതാക്കളുടെ ചിറകിനുള്ളില്‍ ഒതുങ്ങി വളരും. അടുത്ത 20-30 കൊല്ലം നമ്മുടേതായ ലോകമാണ്. അപ്പോഴേക്കും 50 പിന്നിട്ടിട്ടുണ്ടാകും. പിന്നെ കൗണ്ട് ഡൗണ്‍ ആണ്. അധികമായി കിട്ടുന്ന ഓരോ നാളും ബോണസാണ്. ഈ ചുരുങ്ങിയ കാലയളവില്‍ നാം പരസ്പരം വെറുപ്പും വിദ്വേഷവും കാണിക്കാതെ സാഹോദര്യത്തോടെ ജീവിക്കുക. അത്രമാത്രം.

 

കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും,
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിന് നാം വൃഥാ….
എന്ന പൂന്താനത്തിന്‍റെ വാക്കുകള്‍ മനസ്സില്‍ കുറിച്ചിടുക.

തയ്യാറാക്കിയത്

– അനീഷ് മോഹനചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO