കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ വേണ്ടേ വേണ്ട -ഗ്രേസ് ആന്‍റണി

ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയാണ് എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിയായ ഗ്രേസ് തുടക്കം കുറിച്ചത്. പിന്നീട് കാംബോജി, ജോര്‍ജ്ജേട്ടന്‍സ് പൂരം, ലക്ഷ്യം എന്നീ സിനിമകളിലും അഭിനയിച്ചു. ഏറ്റവും പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ്... Read More

ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയാണ് എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിയായ ഗ്രേസ് തുടക്കം കുറിച്ചത്. പിന്നീട് കാംബോജി, ജോര്‍ജ്ജേട്ടന്‍സ് പൂരം, ലക്ഷ്യം എന്നീ സിനിമകളിലും അഭിനയിച്ചു. ഏറ്റവും പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് ഫാസിലിന്‍റെ നായികാവേഷത്തില്‍ അഭിനയിച്ചതോടെ കൂടുതല്‍ ശ്രദ്ധേയയായി. തന്മയത്വത്തോടെയുള്ള അഭിനയമികവ് കാഴ്ചവച്ച ഗ്രേസ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. നല്ലൊരു നര്‍ത്തകിയുമാണ് ഗ്രേസ്.

 

കുമ്പളങ്ങി നൈറ്റ്സിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് ശരിക്കും ദൈവത്തിന്‍റെ ഒരു ഗ്രേസ് തന്നെയാണ് അല്ലേ?

 

ഹാപ്പി വെഡ്ഡിംഗ് സിനിമയില്‍ അഭിനയിച്ചതുകണ്ടിട്ടാണ് ശ്യാമേട്ടന്‍ എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. ഇരട്ടി സന്തോഷമായിരുന്നു. ആ കഥാപാത്രത്തെ ഭംഗിയാക്കിയതുകൊണ്ടാണല്ലോ വിളിച്ചത്. കുമ്പളങ്ങി നൈറ്റ്സിന്‍റെ ടീം അടിപൊളിയായിരുന്നു. ഓരോരുത്തരുടെയും വേഷങ്ങള്‍ പൂര്‍വ്വാധികം ഭംഗിയാക്കാന്‍ ആഗ്രഹിക്കുന്ന ഒരു ടീമായിരുന്നു. അതും ഫഹദ്ക്കയുടെ ഭാര്യയുടെ വേഷമെന്ന് പറയുമ്പോള്‍ അത് ചെറിയ കാര്യമല്ലല്ലോ. ഫഹദ്ക്കയോട് പണ്ട് മുതല്‍ തന്നെ എനിക്ക് വലിയ ഒരു ആരാധനയാണ്. ഒരു ആരാധിക ഇഷ്പ്പെട്ട നടനോടൊപ്പം അഭിനയിക്കുമ്പോഴുണ്ടായ സന്തോഷം എനിക്ക് പറഞ്ഞുഫലിപ്പിക്കാന്‍ സാധിക്കില്ല. അത്രയ്ക്ക് സന്തോഷമായിരുന്നു. സെറ്റില്‍ വളരെ നല്ല സപ്പോര്‍ട്ടാണ് കിട്ടിയത്. ഷൂട്ടിംഗ് സമയത്ത് വളരെ ഹാപ്പിയായിരുന്നു എല്ലാവരും.

 

ഫഹദ് ഫാസിലുമായുള്ള കോമ്പിനേഷന്‍ എങ്ങനെയുണ്ടായിരുന്നു. എന്താണ് അദ്ദേഹം അഭിനയത്തെക്കുറിച്ച് പറഞ്ഞത്?

 

ഇക്ക ഭയങ്കര പ്രൊഫഷനലാണ്. അദ്ദേഹം സെറ്റില്‍ ക്യാരക്ടര്‍ ആയിട്ടാണ് എപ്പോഴും നില്‍ക്കുന്നത്. അധികം സംസാരമോ ചിരിയോ കളിയോ ഒന്നുമില്ല. എപ്പോഴും ക്യാരക്ടറിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്. പുറത്ത് ആളിനെ, കാണാറില്ല. ഷോട്ടിന്‍റെ സമയത്ത് മാത്രമേ വരാറുള്ളൂ. എങ്കിലും അഭിനയിക്കുന്ന സമയത്ത് കൂടെയുള്ള ക്യാരക്ടറിന് അഭിനയിക്കാനുള്ള ഒരു സ്പേസ് തരാറുണ്ട്. അഭിനയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിച്ചാല്‍ കൃത്യമായ മറുപടി തരും.

 

 

അനുസരണയുള്ള ഒരു ഭാര്യയില്‍നിന്നും പെട്ടെന്ന് ‘ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം’ എന്ന ശക്തമായ താക്കീത്, ഗ്രേസിന്‍റെ ആ ഡയലോഗ് വൈറലായല്ലോ?

 

സിനിമ കണ്ടതിനുശേഷം സിമി എന്ന തന്‍റെ കഥാപാത്രത്തെ ഓര്‍മ്മ വരുമ്പോള്‍ ഓര്‍ത്തുപോകുന്ന ഡയലോഗ് ആണിത്. ഇതിനുള്ള നന്ദി ശ്യാമേട്ടനോടാണ് പറയേണ്ടത്. എന്നോട് പറഞ്ഞിരുന്നു ഷമ്മിയെന്ന ഇക്കയുടെ കഥാപാത്രത്തിന്‍റെ നിലപാട് വരെ മാറുന്ന ഒരു ഡയലോഗ് വരുന്നുണ്ടെന്ന്. പക്ഷേ ഇത്രയ്ക്ക് കോംപ്ലിക്കേറ്റഡ് സീനായിരിക്കുമെന്ന് കരുതിയതേയില്ല. പക്ഷേ ഡയലോഗിനെക്കുറിച്ചൊക്കെ നന്നായി പറഞ്ഞുതന്നിരുന്നു. അതുകൊണ്ടുതന്നെ അതിന്‍റെ ഇമോഷന്‍സും മനസ്സിലായിരുന്നു. സിനിമ കണ്ടിട്ട് ഒരുപാട് മെസ്സേജുകള്‍ ഇതിനെക്കുറിച്ച് വന്നപ്പോഴാണ് ഈ ഡയലോഗ് ഇത്രയ്ക്ക് ഹിറ്റായത് അറിയുന്നത്. എനിക്കും ഒരുപാട് ഇഷ്ടപ്പെട്ട ഡയലോഗ് ആണ്.

 

കുമ്പളങ്ങിയിലെ സിമിയെപ്പോലെ വ്യക്തിജീവിതത്തിലും കര്‍ക്കശനിലപാടും കാഴ്ചപ്പാടുമുള്ള ആളാണോ ഗ്രേസ്?

 

വ്യക്തിജീവിതത്തിലും അഭിപ്രായങ്ങള്‍ പറയാറുണ്ട്. എങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ പറയാറില്ല. കുമ്പളങ്ങിയിലെ സിമി എന്‍റെ പ്രായത്തേക്കാള്‍ ഒരുപാട് മുതിര്‍ന്ന ക്യാരക്ടര്‍ ആണ്. അതുകൊണ്ട് ഒത്തിരി ചലഞ്ചായിട്ട് തോന്നുകയും ചെയ്തു. എന്നെക്കാള്‍ പ്രായമുള്ള ക്യാരക്ടര്‍ ചെയ്യുന്നത് ശ്രമകരമായിരിക്കുമല്ലോ. പക്ഷേ എന്നെ അത് വിശ്വസിച്ച് ഏല്‍പ്പിച്ചതില്‍ സന്തോഷം. എന്‍റെ പ്രായത്തില്‍ കടന്നുവരുന്ന അഭിപ്രായങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഒരു നിലപാടുണ്ട്. സങ്കീര്‍ണ്ണമായ വിഷയങ്ങളൊന്നും ഇതുവരെ എന്‍റെ മുന്നില്‍ വന്നിട്ടില്ല. വന്നാല്‍ ചിലപ്പോള്‍ പറയുമായിരിക്കും. അതുതന്നെയാണ് എന്‍റെ പ്രകൃതം.

 

കുമ്പളങ്ങി പോലുള്ള മനോഹരമായ ലൊക്കേഷന്‍ പശ്ചാത്തലത്തില്‍ കഴിക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്ഷണം ഏതായിരിക്കും. ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലവും ഇതാണോ?

 

കുഴിമന്തി… കുഴിമന്തിയുടെ വലിയൊരു ഫാനാണ് ഞാന്‍. കുമ്പളങ്ങിയില്‍ മാത്രമല്ല, ഏത് സ്ഥലത്തുവച്ച് കിട്ടിയാലും കുഴിമന്തിയെ ഞാന്‍ അകത്താക്കിയിരിക്കും. എന്‍റെ വീടാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം.

 

അഭിനയത്തെ ഒരു ഹോബിയായാണോ കാണുന്നത്. മറ്റ് ഹോബികള്‍ എന്തെല്ലാമാണ്?

 

മൊത്തത്തില്‍ മനസ്സ് നിറയെ ആര്‍ട്ടാണ്. അഭിനയം, നൃത്തം, സംഗീതം ഇവയെല്ലാമാണ് ഹോബികള്‍. മറ്റൊരു ലോകവുമായും അടുപ്പമില്ല.

 

 

വേഷവിധാനത്തില്‍ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടോ?

 

ചുരിദാര്‍, കുര്‍ത്ത, ജീന്‍സും ടോപ്പും ഇവയൊക്കെയാണ് ഞാന്‍ സാധാരണയായി ഉപയോഗിക്കുന്നത്. കംഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങള്‍ക്കാണ് ശ്രദ്ധ കൊടുക്കാറുള്ളത്.

 

ഗ്രേസിന്‍റെ മുളന്തുരുത്തിയിലുള്ള വീട്ടില്‍ ആരൊക്കെയുണ്ട്?

 

മുളന്തുരുത്തിയില്‍ പപ്പ, അമ്മ, ചേച്ചി, ചേച്ചിയുടെ ഭര്‍ത്താവ്, വാവ ഇവരാണ് വീട്ടിലുള്ളത്.

 

കുമ്പളങ്ങിയില്‍ ശബ്ദം ഡബ്ബ് ചെയ്തത് ഗ്രേസ് തന്നെയാണോ. സിനിമയിലെ ശബ്ദവും അല്ലാതെയുള്ള ശബ്ദവും വ്യത്യാസം തോന്നുന്നില്ലല്ലോ?

 

ഡബ്ബിംഗല്ല. സിംഗ് സൗണ്ടാണ്. അതായത് ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ റിക്കാര്‍ഡ് ചെയ്യുന്ന സംവിധാനം. ഇതില്‍ അഭിനയിച്ച എല്ലാവരുടെയും ഒറിജിനല്‍ ശബ്ദം തന്നെയാണ്. ഡബ്ബിംഗ് അല്ല.

 

മുളന്തുരുത്തി… കുമ്പളങ്ങി… ഇനി എങ്ങോട്ടാണ് യാത്ര…?

 

കുമ്പളങ്ങിയിലെ ക്യാമറ വര്‍ക്ക് ചെയ്ത ഷൈജു ഖാലിദും സമീര്‍താഹിറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയാണ് അടുത്തത്. വിനയ് ഫോര്‍ട്ടാണ് ഹീറോ. മൂന്ന് നായികമാര്‍ സിനിമയിലുണ്ട്. അതില്‍ ഒരു നായികാവേഷത്തില്‍ ഞാനാണ്. ഈ സിനിമയുടെ സംവിധായകന്‍ അഷ്റഫ് ആണ്.

 

ജീവിതത്തില്‍ ഇതുപോലെ ഫഹദ് അഭിനയിച്ച ഷമ്മിയെയാണ് പങ്കാളിയായി ലഭിക്കുന്നതെങ്കില്‍…?

 

അയ്യോ.. ഷമ്മിയെപ്പോലെ ഒരാളെ എനിക്ക് പേടിയാണ്… അതുപോലെയുള്ള ഒരാളെ ഞാന്‍ തെരഞ്ഞെടുക്കില്ല. പാവം ഒരു മനുഷ്യനെമാത്രമേ ഞാന്‍ തെരഞ്ഞെടുക്കുകയുള്ളൂ. ആദ്യമായിട്ടാണ് സിനിമയിലാണെങ്കില്‍ പോലും ഇതുപോലെയുള്ള ഒരാളെ കാണുന്നത്… ഷമ്മിയായി തകര്‍ത്തഭിനയിച്ചു ഫഹദ്ക്ക. ഗംഭീരമാക്കി എന്നുപറഞ്ഞാല്‍ പോരാ. അതിഗംഭീരമാക്കി. ഷമ്മിയെന്ന കഥാപാത്രത്തിന്‍റെ മുഖത്ത് നോക്കി അഭിനയിക്കാന്‍ തന്നെ എന്ത് പ്രയാസമാണ്. അതുകൊണ്ട് നോ… നോ… നോ…

 

സുനില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO