പൊലീസില്‍ ഒറ്റുകാരുണ്ട്; അത് സി.പി.എം അനുകൂലികളാണ്

  -ഡോ. ടി.പി. സെന്‍കുമാര്‍   "വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വഴുതിവീഴുന്ന കേരളപൊലീസ് ഇന്ന് നാഥനില്ലാക്കളരിയാണ്. അതിനെ നിയന്ത്രിക്കാന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ അത് അദ്ദേഹത്തിന്‍റെ പരാജയമാണ്. കേരളാപൊലീസ് ജനങ്ങളെ സേവിക്കാനായി... Read More

 

-ഡോ. ടി.പി. സെന്‍കുമാര്‍

 

“വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വഴുതിവീഴുന്ന കേരളപൊലീസ് ഇന്ന് നാഥനില്ലാക്കളരിയാണ്. അതിനെ നിയന്ത്രിക്കാന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ അത് അദ്ദേഹത്തിന്‍റെ പരാജയമാണ്. കേരളാപൊലീസ് ജനങ്ങളെ സേവിക്കാനായി നിലകൊള്ളേണ്ട സേനയാണ്. അല്ലാതെ ആരുടെയെങ്കിലും ആജ്ഞാനുവര്‍ത്തികളായി നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനുള്ളതല്ല. ശബരിമലയില്‍ ഇല്ലാത്ത സുപ്രീംകോടതിവിധി നടപ്പാക്കാന്‍ ധൃതികാട്ടിയ മുഖ്യമന്ത്രി സഭാതര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടും എന്ത് നിലപാടാണ് കൈക്കൊണ്ടതെന്ന് ജനം കണ്ടു. ശബരിമലയില്‍ പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി എന്ത് നിര്‍ദ്ദേശമാണ് റിട്ടേണായി പൊലീസുകാര്‍ക്ക് നല്‍കിയതെന്ന് വ്യക്തമാക്കണം. ഇതിനൊന്നും കൃത്യമായ ഉത്തരം നല്‍കാനാകാത്ത സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സമ്പൂര്‍ണപരാജയമാണ്.” മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറിന്‍റെ വാക്കുകളാണിത്. ആനുകാലിക, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെക്കുറിച്ച് ‘കേരളശബ്ദ’ത്തോട് മനസ്സുതുറക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന താങ്കള്‍ ആ പണിക്ക് കൊള്ളാത്ത ആളാണ് എന്ന് പറഞ്ഞാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന്‍ ആ സ്ഥാനത്ത് നിന്നും മാറ്റിയത്. എന്നിട്ട് അദ്ദേഹത്തിന് വിശ്വാസമുള്ളവരെ ആ സ്ഥാനത്ത് നിയോഗിച്ചു. ഇന്ന് അതേ മുഖ്യമന്ത്രി പറയുന്നു കേരളാപൊലീസിലെ ചിലര്‍ നാറാണത്തു ഭ്രാന്തന്‍മാരാണെന്ന്. വാസ്തവത്തില്‍ ഇവിടെന്താണ് നടക്കുന്നത് ?
മുഖ്യമന്ത്രിക്ക് വേണ്ടത് നിയമത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്ന ഉദ്യോഗസ്ഥരെയല്ല. അദ്ദേഹത്തിന് താത്പര്യം ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരെയാണ്. അതിന് പാകപ്പെട്ടവരെ അദ്ദേഹം താക്കോല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു. അതിന്‍റെ ദുരവസ്ഥയാണ് ഇന്ന് കേരളംനേരിടുന്നത്. സര്‍ക്കാരിന് എന്താണ് വേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അവര്‍ അത് ചെയ്തുനല്‍കുന്നു. ഉദ്യോഗസ്ഥര്‍ക്ക് അവരുടേതായ താത്പര്യങ്ങളുമുണ്ട്. അവര്‍ അതും നിറവേറ്റുന്നു. സര്‍ക്കാരിന് വേണ്ടതെല്ലാം ഉദ്യോഗസ്ഥര്‍ ചെയ്തുനല്‍കുമ്പോള്‍ അവര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്കുനേരെ സര്‍ക്കാരും കണ്ണടയ്ക്കുന്നു. ഇവിടെ നീതിലഭിക്കാതെ പോകുന്നത് ജനങ്ങള്‍ക്കാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് ഞാന്‍ പൊലീസ് മേധാവി ആകുന്നത്. ഒരിക്കലും ഞാന്‍ നിയമത്തിന് അതീതമായി പ്രവര്‍ത്തിച്ചിട്ടില്ല. ആര്‍ക്കുവേണ്ടിയും വിടുപണി എടുത്തിട്ടുമില്ല. പക്ഷേ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ അവര്‍ എന്നെ മാറ്റാന്‍ തീരുമാനിച്ചു. ഒരുപക്ഷേ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ഓഫീസറായതുകൊണ്ടാകാം അവര്‍ അങ്ങനെ തീരുമാനിച്ചത്. അവര്‍ അത് ചെയ്തു. തങ്ങളുടെ പ്രവൃത്തി ന്യായീകരിക്കാന്‍ എന്തെങ്കിലുമൊക്കെ കാരണം നിരത്തണമല്ലോ. അതിന് അവര്‍ കണ്ടെത്തിയ കുറേയധികം ന്യായീകരണങ്ങളുണ്ട്. അതില്‍ കഴമ്പില്ലെന്ന് അവര്‍ക്കിപ്പോള്‍ ബോധ്യമായിട്ടുണ്ടാകും. ഇവിടെ എനിക്ക് മനസ്സിലാകാത്ത കാര്യം മറ്റൊന്നാണ്. പണ്ടത്തെപ്പോലെ സംസ്ഥാന പൊലീസ് മേധാവിയെ പെട്ടെന്നൊന്നും മാറ്റാവുന്ന സാഹചര്യമില്ല ഇപ്പോഴുള്ളത്. പുതിയൊരാളെ കൊണ്ടുവരുന്നതും അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ആ സ്ഥാനത്തിരിക്കുന്നവര്‍ കുറച്ചുകൂടി സുരക്ഷിതരാണ്. സേഫ് സോണില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുറേക്കൂടി നീതിയുക്തമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആരെയും ഭയക്കാതെ ആജ്ഞാനുവര്‍ത്തിയായി ഒതുങ്ങാതെ നിര്‍ഭയമായി ജോലിചെയ്യാനുള്ള സാഹചര്യം ഇപ്പോഴുണ്ട് എന്ന് സാരം. എന്നിട്ടും അതുചെയ്യുന്നില്ലെങ്കില്‍ അത് പരിതാപകരമാണ്.
പൊലീസുകാരില്‍ ഒറ്റുകാരുണ്ടെന്നാണ് മുഖ്യമന്ത്രി ആക്ഷേപിക്കുന്നത് ?

പൊലീസുകാരില്‍ ഒറ്റുകാരുണ്ട്. പക്ഷേ, അത് സി.പി.എം. അനുകൂലികളായ ഒറ്റുകാരാണ്. ആരെങ്കിലും സേനയെ ഒറ്റുകൊടുത്തിട്ടുണ്ടെങ്കില്‍ അത് സി.പി.എമ്മിനുവേണ്ടി മാത്രമാണ്. മറ്റ് സംഘടനകള്‍ക്കുവേണ്ടി ആരും ഇവിടെ ആരെയും ഒറ്റുകൊടുത്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടാന്‍ സെന്‍കുമാറിന് കഴിയില്ലെന്നാണ് മുഖ്യമന്ത്രി ആക്ഷേപിച്ചത്. പക്ഷേ, ഇന്ന് കെവിന്‍ വധം മുതല്‍ വരാപ്പുഴ, നെടുങ്കണ്ടം കസ്റ്റഡി മരണങ്ങള്‍ വരെ പ്രശ്നങ്ങളുടെ പട്ടിക നീളുന്നു ?
ആക്ഷേപം ആര്‍ക്കും ഉന്നയിക്കാമല്ലോ. പെരുമ്പാവൂരിലെ ജിഷാ കേസില്‍ അന്ന് ഞങ്ങള്‍ ചിലരെ പിടികൂടി സംഭവസ്ഥലത്ത് കൊണ്ടുവന്നിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയത്തിന്‍റെ പേരില്‍ മാത്രമാണ് രണ്ടുമൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. അവരാണോ പ്രതികളെന്ന് ഒരു തെളിവുമില്ല. ഒരുപക്ഷേ അവരുടെ മുഖം പുറത്തുകാണിച്ചിരുന്നെങ്കില്‍ അവരുടെ വീട്ടുകാര്‍ ആത്മഹത്യചെയ്തേനെ. പക്ഷേ അവര്‍ സംശയത്തിന്‍റെ നിഴലില്‍ ആയതുകൊണ്ട് മാത്രം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കസ്റ്റഡിയിലെടുത്തു. അവരുടെ ഐഡന്‍റിറ്റി വെളിവാകാതിരിക്കാന്‍ മുഖം മൂടിയാണ് കൊണ്ടുവന്നത്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. പക്ഷേ, അന്ന് ഞങ്ങള്‍ പൊലീസിനെ വേഷം കെട്ടിച്ച് കൊണ്ടുവന്നെന്നായിരുന്നു ഒരു പ്രമുഖന്‍റെ ആക്ഷേപം. ഇന്ന് അദ്ദേഹത്തിന് സ്വന്തം മക്കളുടെ ചെയ്ത്തുകള്‍ കാരണം തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ്. അന്ന് എനിക്കെതിരെ ആരോപണം ഉന്നയിച്ചവരാണല്ലോ ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. ഞങ്ങള്‍ പൊലീസുകാരെ വേഷം മാറ്റി കൊണ്ടുവന്നതാണെങ്കില്‍ ഇപ്പോഴത്തെ പൊലീസ് നേതൃത്വത്തിന് അത് കണ്ടുപിടിക്കാമല്ലോ. മൂന്നുകൊല്ലമായിട്ടും ഒന്നും സംഭവിച്ചില്ല. സി.പി.എമ്മുകാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി ഇത്രയൊക്കെയേ ഉള്ളൂ.
പൊലീസില്‍ വര്‍ഗീയത പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇത് ഗൗരവകരമായ വിഷയമല്ലേ ?
തീര്‍ച്ചയായും. പൊലീസില്‍ വെച്ചുപൊറുപ്പിക്കാനാകാത്ത സംഗതിയാണത്. എന്‍റെ കാലത്ത് ‘പച്ചവെളിച്ചം’ എന്ന വാട്സ് ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ അത് പൊലീസിന്‍റെ പുറത്തുനിന്നുള്ള ചില നീക്കങ്ങളായിരുന്നു. അതേസമയം, രാഷ്ട്രീയ ഗ്രൂപ്പുകള്‍ കുറച്ച് ശക്തമായിരുന്നു. എല്‍.ഡി.എഫിനുവേണ്ടി പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. അതിന്‍റെ പേരില്‍ ഞാന്‍ പലരെയും സസ്പെന്‍റ് ചെയ്തിരുന്നു. 2015 ല്‍ ഞാന്‍ ഇതുസംബന്ധിച്ച് സര്‍ക്കുലറുകളും ഇറക്കിയിരുന്നു. പക്ഷേ, ഇന്ന് എല്ലാം കീഴിന്‍മേല്‍ മറിഞ്ഞതായാണ് വിവരം. യഥാരാജാ തഥാ പ്രജാ. അതാണിവിടത്തെ പ്രശ്നം. പൊലീസ് മേധാവി എങ്ങനെയാണോ അതുപോലെയാകും സംസ്ഥാനത്തെ ഓരോ പൊലീസ് ഉദ്യോഗസ്ഥനും. ഡി.ജി.പി. ഇങ്ങ് തിരുവനന്തപുരത്ത് ഇരുന്നാല്‍ മതി. അദ്ദേഹത്തിന്‍റെ പാതയാകും അങ്ങ് മഞ്ചേശ്വരത്തെ പൊലീസുകാരനും പിന്തുടരുക.
പൊലീസ് മേധാവിക്ക് പല റോളുകളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുക എന്നത്. പൊലീസുകാരുടെ സി.ആറിലെ ഒരു കോളം തന്നെ അതാണ്. ഇതുമുന്നില്‍ കണ്ടാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആള്‍ ഇന്ത്യാ സര്‍വീസ് വേണം എന്ന് വാദിച്ചത്. കാലാകാലങ്ങളില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ നിര്‍ഭയവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം എന്നാണ് പട്ടേല്‍ അഭിപ്രായപ്പെട്ടത്. എന്നാലിന്ന് പൊലീസിന്‍റെ തലപ്പത്തിരിക്കുന്ന പലരും അധികാരികളുടെ കാലുനക്കികളായി മാറിയിരിക്കുന്നു. ഇത് ഞാന്‍ ഇന്നാദ്യമായി പറയുന്നതല്ല. പണ്ടേ പറയുന്നതാണ്. ഉന്നതങ്ങളില്‍ ഇരിക്കുന്ന പലരും കാര്യപ്രാപ്തി ഇല്ലാത്തവരും സ്വജനപക്ഷപാദികളുമൊക്കെയാണ്. നല്ലരീതിയില്‍ പണിയെടുക്കുന്നവരും സേനയിലുണ്ട്. പക്ഷേ എണ്ണത്തില്‍ കുറവാണെന്ന് മാത്രം. സാധാരണഗതിയില്‍ മോശക്കാരായ ഒന്നോരണ്ടോ പേര്‍ മാത്രമാണ് ഉന്നതപദവികളില്‍ എത്തുക. മറ്റുള്ളവര്‍ നല്ല ഉദ്യോഗസ്ഥരായിരിക്കും. എന്നാലിപ്പോള്‍ ഏറെക്കുറേ പലരും മോശക്കാരാണ്. അത്തരം ആള്‍ക്കാരെ തിരഞ്ഞുപിടിച്ച് സര്‍ക്കാര്‍ താക്കോല്‍സ്ഥാനങ്ങളില്‍ നിയമിച്ചു എന്ന് പറയുന്നതാകും ശരി.

2021 മേയ് മാസത്തിന് ശേഷം കേരളം ഇവിടുണ്ടാകുമെന്ന് കാല്‍നക്കികളായ പൊലീസുകാര്‍ ഓര്‍ക്കണം എന്ന് അങ്ങ് പറഞ്ഞിരുന്നു. 2021 നുശേഷം ഇവര്‍ക്ക് എന്ത് സംഭവിക്കുമെന്നാണ് അര്‍ത്ഥമാക്കുന്നത്?

ഈ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകില്ല എന്നകാര്യം നൂറുശതമാനം ഉറപ്പാണ്. അതിന്‍റെ സൂചനകള്‍ പലര്‍ക്കും ലഭിച്ചിട്ടുണ്ട്. പൊലീസുകാരില്‍ പലരും ചാഞ്ചാട്ടം കാണിച്ച് തുടങ്ങിയിട്ടുണ്ട്. കാലാകാലങ്ങളില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ഇഷ്ടക്കാരാകാന്‍ ചില പൊലീസുകാര്‍ക്ക് നല്ല മിടുക്കാണ്. ശ്രീ കെ. കരുണാകരന്‍റെ ഏറ്റവും വലിയ അടുപ്പക്കാരന്‍ എന്നറിയപ്പെട്ടിരുന്ന രമണ്‍ ശ്രീവാസ്തവയെയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ പൊലീസ് ഉപദേശകനായി വെച്ചിരിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ കരുണാകരന്‍ എന്ന രാഷ്ട്രീയപ്രതിഭയുടെ അന്ത്യംകുറിക്കാന്‍ ഇടയാക്കിയതും ഈ രമണ്‍ശ്രീവാസ്തവ തന്നെയായിരുന്നു എന്നത് ചരിത്രസത്യം. അങ്ങനൊരാളെ പൊലീസ് ഉപദേശകനാക്കിയത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവിടെ പൊലീസുകാര്‍ക്ക് എങ്ങോട്ടുവേണമെങ്കിലും പോകാനുള്ള സ്പേസുണ്ട്. പക്ഷേ, ഇനി വരുന്ന സര്‍ക്കാര്‍ ഇത്തരക്കാരെ കണ്ടറിഞ്ഞുവേണം വിലയിരുത്താനെന്നാണ് എനിക്ക് പറയാനുള്ളത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകരും എന്നു പറയുന്നതിന് അടിസ്ഥാനമെന്താണ്?
1925 ലാണ് രാഷ്ട്രീയ സ്വയം സേവക സംഘം എന്ന പ്രസ്ഥാനം രൂപം കൊള്ളുന്നത്. അതേ വര്‍ഷം തന്നെയാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും പിറവിയെടുക്കുന്നത്. രണ്ട് പ്രസ്ഥാനങ്ങള്‍ക്കും എന്ത് സംഭവിച്ചു എന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആര്‍.എസ്.എസിന്‍റെ അനുഭാവത്തില്‍ നിന്നും പിറവിയെടുത്ത ജനസംഘവും അതിലൂടെ രൂപംകൊണ്ട ഭാരതീയ ജനതാപാര്‍ട്ടിയും ഇന്നെവിടെ നില്‍ക്കുന്നു? ബി.ജെ.പി. ഇന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്നു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അവര്‍ വന്‍മുന്നേറ്റം നടത്തുന്നു. അതേസമയം, പതിറ്റാണ്ടുകള്‍ സി.പി.എം. കുത്തയാക്കി വെച്ചിരുന്ന സംസ്ഥാനങ്ങളില്‍ അവരുടെ അവസ്ഥ എന്താണ് ? നാള്‍ക്കുനാള്‍ അവര്‍ തകര്‍ന്നടിയുന്നു. ഇന്ത്യയിലെ ആദ്യപ്രതിപക്ഷം അവരായിരുന്നു എന്നോര്‍ക്കണം. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളാണ് അവര്‍ മുന്നോട്ടുവെയ്ക്കുന്നത്. അതിന്‍റെ ജീര്‍ണത ആ പാര്‍ട്ടിക്കുണ്ട്. മാത്രമല്ല ചിലര്‍ ആ പാര്‍ട്ടിയെ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി മാറ്റിയെടുത്തു. അതാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം ജീര്‍ണതയുടെ കാഴ്ചകളാണ് കേരളത്തിലും കാണുന്നത്.
അടുത്തിടെ അങ്ങ് പറയുകയുണ്ടായി ഇങ്ങനെ പോയാല്‍ ബാലഗോകുലത്തില്‍ പങ്കെടുക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നും കുട്ടികളെ കൊണ്ടുവരേണ്ടിവരും എന്ന്. എന്തായിരുന്നു അതുപറയാനുണ്ടായ സാഹചര്യം ?
എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്കല്‍ സ്റ്റഡി ഡിപ്പാര്‍ട്മെന്‍റിന്‍റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് അത് പറഞ്ഞത്. 1971 മുതല്‍ 2015 വരെയുള്ള സെന്‍സസ് റിപ്പോര്‍ട്ട് പരിശോധിക്കുക. അതിനുശേഷം 2015 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ പരിശോധിക്കുക. ഹിന്ദുജനനനിരക്ക് വളരെയധികം കുറയുകയാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രിസ്ത്യന്‍ ജനനനിരക്കും കുറയുന്നു.
2015 ലെ ഹിന്ദുജനനനിരക്ക് 42.87 ശതമാനവും, മുസ്ലിം ജനനനിരക്ക് 41.45 ശതമാനവും ക്രിസ്ത്യന്‍ ജനനനിരക്ക് 15.42 ശതമാനവും ആയിരുന്നു. 2016 ലെ കണക്ക് പരിശോധിച്ചാല്‍ ഹിന്ദുജനനനിരക്ക് 41.88 ശതമാനവും മുസ്ലിം ജനനനിരക്ക് 42.55 ശതമാനവും ക്രിസ്ത്യന്‍ ജനനനിരക്ക് 15.35 ശതമാനവുമാണ്. 2017 ലേക്കുവന്നാല്‍ ഹിന്ദുജനനനിരക്ക് 41.71 ശതമാനവും മുസ്ലിം ജനനിരക്ക് 43 ശതമാനവും ക്രിസ്ത്യന്‍ ജനനനിരക്ക് 14.96 ശതമാനവുമായി മാറിയെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇനി മരണനിരക്ക് പരിശോധിക്കാം. ജനസംഖ്യയുടെ 54.73 ശതമാനം വരുന്ന ഹിന്ദുക്കളില്‍ 60 ശതമാനവും, 18.38 ശതമാനം വരുന്ന ക്രിസ്ത്യാനികളില്‍ 20 ശതമാനവുമാണ് മരണനിരക്ക്. അതേസമയം, ജനസംഖ്യയില്‍ 26.56 ശതമാനം വരുന്ന മുസ്ലിംവിഭാഗത്തില്‍ 19.27 ശതമാനം മാത്രമാണ് മരണനിരക്ക്.
1951 ല്‍ കേരളത്തിലെ മുസ്ലിം വിഭാഗം ആകെ ജനസംഖ്യയുടെ 17.53 ശതമാനമായിരുന്നു. ക്രിസ്ത്യന്‍ വിഭാഗം 20.86 ശതമാനവും. ഹിന്ദുക്കള്‍ 61.62 ശതമാനവും ആയിരുന്നു. എന്നാലിന്ന് മുസ്ലിംവിഭാഗം 26.56 ശതമാനമായി കൂടിയപ്പോള്‍, ക്രിസ്ത്യാനികള്‍ 18.38 ശതമാനമായും ഹിന്ദുക്കള്‍ 54.73 ശതമാനമായും കുറഞ്ഞു. ഇത് ഗൗരവമായി ചിന്തിക്കേണ്ടസംഗതിയാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ നിന്നും ഹിന്ദുക്കുട്ടികളെ കൊണ്ടുവരേണ്ടിവരുമെന്ന് പറഞ്ഞത്.
അങ്ങയുടെ വാക്കുകള്‍ ഇഴകീറി പരിശോധിച്ചാല്‍ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുന്നു എന്ന് അനുമാനിക്കേണ്ടിവരും. ഇതില്‍ ഇത്രകണ്ട് ആശങ്കപ്പെടേണ്ടതുണ്ടോ ?
കേരളത്തിലെ ഒരു ന്യൂനപക്ഷ വിഭാഗമാണ് ക്രിസ്ത്യാനികള്‍. അവര്‍ ജനനനിരക്കില്‍ വളരെ പിന്നിലോട്ട് പോയിട്ടുണ്ട്. അതേസമയം, മരണനിരക്കില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും അവരുടെ ജനസംഖ്യാശതമാനത്തില്‍ നിന്നും വളരെ ഉയരെയുള്ള നിരക്കിലാണ്. 100 പേര്‍ മരിക്കുമ്പോള്‍ അതില്‍ 60 പേര്‍ ഹിന്ദുക്കളാണ്. 20 പേര്‍ ക്രിസ്ത്യാനികളും. അതേസമയം, 100 കുട്ടികള്‍ ജനിക്കുമ്പോള്‍ 41.7 ശതമാനം മാത്രമാണ് ഹിന്ദുക്കള്‍. 14.9 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. ഇത് ചിന്തനീയമായ സംഗതിയാണ്. നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്നുപറയുന്നത് തുല്യതയാണ്. ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 14 പറയുന്നത് തുല്യതയെക്കുറിച്ചാണ്. തുല്യതയുള്ള മതങ്ങളും തുല്യതയുള്ള ജനങ്ങളുമാണ് നമുക്ക് വേണ്ടത്. 1971 മുതല്‍ ജനസംഖ്യാനിയന്ത്രണത്തിന് വേണ്ടി നാം ആഹ്വാനം ചെയ്യുന്നുണ്ട്. അപ്പോള്‍ ആ ചുമതല നിര്‍വഹിക്കാന്‍ എല്ലാവിഭാഗങ്ങളും ബാധ്യസ്ഥരല്ലേ ? ഇന്ന് ഇന്ത്യയിലെ ജനസംഘ്യ 137 കോടിയായി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നാം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും. ഇങ്ങനെ പോയാല്‍ നമുക്ക് ആവശ്യത്തിന് ഭക്ഷണമുണ്ടാകില്ലെന്ന് മാത്രമല്ല കഴിച്ച ഭക്ഷണം പുറത്തുപോകാന്‍ പോലും സ്ഥലമുണ്ടാകില്ല. അതുകൊണ്ടുതന്നെ ജനസംഖ്യാനിയന്ത്രണം അത്യന്താപേക്ഷിതമാണ്.

 

 

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ പലരും അടുത്തിടെയായി ബി.ജെ.പി. സംഘ്പരിവാര്‍വേദികളിലേക്ക് പുതുതായി കടന്നുവരുന്നു. സ്ഥാനമാനങ്ങള്‍ കണ്ടിട്ടാണ് ഇവരുടെ വരവെന്ന് ആക്ഷേപമുണ്ട്. അങ്ങയുടെ വിലയിരുത്തല്‍ ?
ബി.ജെ.പി. അതിവേഗം വളരുന്ന പ്രസ്ഥാനമാണ്. അവര്‍ രാഷ്ട്രപുരോഗതി ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിനൊപ്പം നില്‍ക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അതിനായി പലരും സമീപിക്കുന്നത് സ്വാഭാവികം. അതില്‍ നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് കൂടെക്കൂട്ടേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമാണ്.
ബി.ജെ.പി. ദേശീയഅധ്യക്ഷന്‍ അമിത് ഷാ ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഇതേവിഷയത്തില്‍ ഒരു എം.പി. കൊണ്ടുവന്ന സ്വകാര്യബില്ലിനെ എതിര്‍ക്കുകയും ചെയ്തു. ഇതൊരു ഇരട്ടത്താപ്പല്ലേ ? ശബരിമല ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ അങ്ങയുടെ അഭിപ്രായം എന്താണ് ?
ഒരിക്കലും ഇരട്ടത്താപ്പല്ല. പ്രസ്തുത എം.പി. സ്വന്തം മേനിപറച്ചിലിനുവേണ്ടി നടത്തിയയൊരു ഗിമിക്കായിരുന്നു അത്. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ നിയമം വരാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ ആ നിയമത്തിനാകും പ്രാമുഖ്യം വരിക. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതുകൊണ്ട് മാത്രമാണ് നിയമനിര്‍മ്മാണത്തിന് കാലവിളംബമുണ്ടാകുന്നത്. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സംശയിക്കേണ്ട കാര്യമില്ല.
പൊലീസ് കുപ്പായം അഴിച്ചുവെച്ച ശേഷം അങ്ങ് പല വിഷയങ്ങളിലും നിലപാട് വെട്ടിത്തുറന്ന് പറയുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. എവിടെനിന്നെങ്കിലും ഭീഷണി ഉണ്ടോ ?
കേരളം മുഴുവന്‍ എന്‍റെ പോസ്റ്ററുകള്‍ ഒട്ടിച്ച് ഭീഷണി മുഴക്കിയവരൊക്കെയുണ്ട്. ഞാന്‍ ഇന്ന് അതിനെക്കുറിച്ച് ചിന്തിക്കാറില്ല. ആലോചിക്കാറുമില്ല.

പൊലീസില്‍ ചിലര്‍ പറയുന്നു സെന്‍കുമാറിന്‍റെ ശത്രു സെന്‍കുമാറിന്‍റെ നാക്കാണ് എന്ന്. അവരോട് എന്താണ് പറയാനുള്ളത് ?

അവര്‍ക്ക് നട്ടെല്ലില്ല എന്ന് ഞാന്‍ പറയും. നമ്മുടെ നാവ് നമുക്ക് സംസാരിക്കാനുള്ളതാണ്. രുചി നോക്കാന്‍ വേണ്ടി മാത്രമല്ല. ചിലര്‍ അതിനെ കാല്‍നക്കാന്‍ വേണ്ടി മാത്രമായും ഉപയോഗിക്കുന്നു. അത് ഹീനമാണ്. പറയേണ്ട കാര്യങ്ങള്‍ പറയുകതന്നെവേണം. ഞാന്‍ അന്നും ഇന്നും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും. അതിന് സാധിക്കാത്തവര്‍ നാവ് വായ്ക്കുള്ളിലിട്ടിരിക്കുന്നു. അവരോട് ഞാനെന്ത് പറയാന്‍. നമ്മള്‍ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് പറയാനുള്ളത് പറഞ്ഞാല്‍ ഒരുപ്രശ്നവുമില്ല.
ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയാകും, കേരളാഗവര്‍ണര്‍ പദവി ലഭിക്കും, ശബരിമല കേന്ദ്രം ഏറ്റെടുത്ത് അതിന്‍റെ തലപ്പത്ത് സെന്‍കുമാര്‍ എത്തും തുടങ്ങി നിരവധി കാര്യങ്ങളാണ് പ്രചരിക്കപ്പെട്ടത്?
ഞാന്‍ ഗവര്‍ണര്‍ പദവിയിലെത്തും എന്ന് എഴുതിയത് ഒരാളാണ്. എന്‍റെ സര്‍വീസ് കാലയളവിലും അയാള്‍ എനിക്കെതിരെ ധാരാളം എഴുതിയിട്ടുണ്ട്. സ്വന്തം പേരില്‍ എഴുതാത്ത അയാള്‍ ആരുടെ നാവാണ് എന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ ബോധ്യമാകും. കേരളത്തിലെ ബി.ജെ.പി. നേതാക്കന്‍മാരെ എനിക്കെതിരെ തിരിക്കുക എന്നതായിരുന്നു ആ വാര്‍ത്തയുടെ ലക്ഷ്യം. പക്ഷേ, അതുവന്നതോടെ ഞാന്‍ ഗവര്‍ണറാകണം എന്ന ആവശ്യം ബി.ജെ.പി. കേന്ദ്രങ്ങളില്‍ നിന്നുപോലും ഉയരാന്‍ തുടങ്ങി എന്നതാണ് വാസ്തവം. എന്‍റെ പുസ്തകം സുഗതകുമാരി ടീച്ചര്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂറിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ആ സമയത്ത് ഓണക്കൂര്‍ സാര്‍ ഒരു കാവ്യനീതി എന്നപോലെ ഞാന്‍ ഗവര്‍ണര്‍ ആയി വരണമെന്നുപോലും പ്രസംഗിക്കുകയുണ്ടായി. സൈബര്‍ ഇടങ്ങളില്‍ എന്നെക്കുറിച്ച് പ്രചരിക്കുന്ന പല സംഗതികളും അസത്യങ്ങളാണ്.
അഭിഭാഷകവൃത്തിയിലേക്ക് തിരിയാന്‍ ഉദ്ദേശ്യമുണ്ടോ ?
ചില കാര്യങ്ങള്‍ നോക്കണമല്ലോ. ഞാന്‍ 1994 ല്‍ എല്‍.എല്‍.ബി. കഴിഞ്ഞതാണ്.

16-31 ആഗസ്റ്റ്- 2019 ലക്കത്തില്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO