ആത്മവിശ്വാസം കരുത്താക്കിയ ദേശീയ പവ്വര്‍ ലിഫ്റ്റിംഗ് താരം

മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ വിമന്‍സ് മോഡല്‍ ഫിസിക്കില്‍ 'സ്ട്രോംഗ് വുമണ്‍ ഓഫ് കേരള' മത്സരം കൊച്ചിയില്‍ നടക്കുന്നു... ശരീരത്തിന്‍റെ ശക്തിയും സൗന്ദര്യവും വ്യക്തമാക്കുന്ന വേഷവിധാനങ്ങള്‍ അണിഞ്ഞ് റാമ്പില്‍ മത്സരാര്‍ത്ഥികള്‍ നിറഞ്ഞു. വാദ്യഘോഷങ്ങള്‍ക്കും വര്‍ണ്ണവിസ്മയങ്ങള്‍ക്കുമിടയില്‍... Read More

മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ വിമന്‍സ് മോഡല്‍ ഫിസിക്കില്‍ ‘സ്ട്രോംഗ് വുമണ്‍ ഓഫ് കേരള’ മത്സരം കൊച്ചിയില്‍ നടക്കുന്നു… ശരീരത്തിന്‍റെ ശക്തിയും സൗന്ദര്യവും വ്യക്തമാക്കുന്ന വേഷവിധാനങ്ങള്‍ അണിഞ്ഞ് റാമ്പില്‍ മത്സരാര്‍ത്ഥികള്‍ നിറഞ്ഞു. വാദ്യഘോഷങ്ങള്‍ക്കും വര്‍ണ്ണവിസ്മയങ്ങള്‍ക്കുമിടയില്‍ ഷോര്‍ട്സും, സ്ലീവ്ലെസ് ഇന്നറും, ഹൈഹീല്‍ഡ് ഷൂസുമണിഞ്ഞവര്‍ ചുവടുകള്‍ വെച്ചു…

 

അവര്‍ക്കിടയില്‍ ഏറെ വ്യത്യസ്തയായി ഒരു യുവതി. ഹിജാബും ഫുള്‍സ്ലീവ് സ്പോര്‍ട്സ് ഫിറ്റുമണിഞ്ഞ് ആത്മവിശ്വാസത്തോടെ റാമ്പിലെത്തി. കേരളത്തിലെ ഇതര ശരീരസൗന്ദര്യ മത്സരവേദികളിലൊന്നും ഇന്നേവരെ കാണാത്ത കാഴ്ചയായിരുന്നു ഇത്. ശരീരസൗന്ദര്യമത്സരവേദിയില്‍, ശരീരം പൂര്‍ണ്ണമായും മറച്ച് മത്സരത്തിനിറങ്ങുകയോ? അസംഭാവ്യമെന്ന മട്ടായിരുന്നു പലര്‍ക്കും. വേദിയില്‍ അണിനിരന്ന ഇതര മത്സരാര്‍ത്ഥികള്‍ക്കിടയില്‍ എല്ലാവിധത്തിലും ‘ചെറുതായ’ ഈ യുവതാരം രൂപംകൊണ്ടും ഭാവംകൊണ്ടും വേറിട്ടുനിന്നു…

 

നിറഞ്ഞ പുഞ്ചിരിയോടെ കാണികളെ അഭിവാദ്യം ചെയ്തു. ഉറച്ച ചുവടുകള്‍ വെച്ചു. മത്സരത്തിന്‍റെ ഓരോ ഘട്ടം കഴിയുമ്പോഴും ഹിജാബണിഞ്ഞ ആ യുവതി, ഒന്നാംനിരയിലേക്ക് ഉയര്‍ന്നു കൊണ്ടിരുന്നു. കാണികളുടെ ആവേശഭരിത കരഘോഷങ്ങള്‍ക്കിടയില്‍ മത്സരഫലം പുറത്തുവന്നു. ഒന്നാംസ്ഥാനം ഹിജാബണിഞ്ഞ ആ മിടുക്കിക്കു തന്നെ…

 

 

 

ഇത് മജീസിയാബാനു

 

ആം റസ്ലിംഗ് രംഗത്തും, പവ്വര്‍ ലിഫ്റ്റിംഗ് രംഗത്തും ഭാരതത്തിനുവേണ്ടി, ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കേരളത്തിന്‍റെ അഭിമാനതാരം. വെയ്റ്റ്ലിഫ്റ്റിംഗ് രംഗത്ത് ഹിജാബ് (ശിരോവസ്ത്രം) അണിഞ്ഞ് മത്സരരംഗത്തിറങ്ങുന്ന ലോകത്തിലെ അപൂര്‍വ്വം കായികതാരങ്ങള്‍ക്കിടയിലാണ് ഇന്ന് മജീസിയയുടെ സ്ഥാനം.

 

ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള മജീസിയയാണ് ഇക്കുറി തുര്‍ക്കിയില്‍ നടക്കുന്ന രാജ്യാന്തര പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കളത്തിലിറങ്ങുന്നത്. ഇതിനുവേണ്ടിയുള്ള കഠിനപരിശീലനത്തിലാണ് മാഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്‍റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി കൂടിയായ മജീസിയ ഇപ്പോള്‍. ലക്ഷ്യബോധവും, നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ പഠനവും, കായിക പരിശീലനവും ഒരുമിച്ച് ഒരു തടസ്സവുമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് തന്‍റെ ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ യുവകായികതാരം…

 

നാട്ടുവഴികള്‍ പിന്നിട്ട്, ദേശീയ വേദികളിലേക്ക്

 

വടകരയിലെ ‘ഹാംസ്ട്രിംഗ് ഫിറ്റ്നെസ്സ് സെന്‍ററില്‍’ ഞങ്ങളെത്തുമ്പോള്‍ അവിടെ തിരക്കിട്ട പ്രാക്ടീസ് നടക്കുകയാണ്. തടിച്ച കണ്ണാടിവാതിലിനപ്പുറം, ഫിറ്റ്നെസ് യന്ത്രങ്ങള്‍ താളാത്മകമായി ചലിക്കുന്നു… ഇരുന്നും, കിടന്നും, ഓടിയും ഭാരമുയര്‍ത്തിയുമെല്ലാം വര്‍ക്ക് ഔട്ടില്‍ മുഴുകിയവര്‍. അവര്‍ക്കിടയില്‍ ചടുലചലനങ്ങളുമായി ട്രെയിനര്‍ ഷമ്മാസും.

 

അല്‍പ്പനേരത്തിനുള്ളില്‍ മജീസിയ വന്നു. ഒരു ദേശീയതാരത്തിന്‍റെ ധാടിയോ, മോടിയോ ഒന്നുമില്ലാതെ, തനി നാട്ടുമ്പുറത്തുകാരിയായി.വടകരയിലെ ഉള്‍നാടന്‍ ഗ്രാമമായ ഓര്‍ക്കാട്ടേരിയിലെ, മുസ്ലീംകുടുംബത്തില്‍ ജനിച്ച്, കായിക രംഗത്തെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ യുവതാരം, ജീവിതയാത്രയിലെ വെല്ലുവിളികളെ ഇച്ഛാശക്തിയോടെ നേരിട്ടതിനെക്കുറിച്ച് ‘മഹിളാരത്ന’ ത്തോട് മനസ്സ് തുറന്നു.

 

 

‘കുട്ടിക്കാലത്തുതന്നെ വെല്ലുവിളികളെ നേരിട്ടുവളരുന്ന പ്രകൃതമായിരുന്നു എന്‍റേത്. ചിലതെല്ലാം ആണ്‍കുട്ടികള്‍ മാത്രം ചെയ്താല്‍ മതിയെന്ന പൊതുധാരണയോട് എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സ്ക്കൂള്‍കാലത്ത് ഓടാനും, ചാടാനും, എന്തിന് മരംകേറാനുമെല്ലാം ഞാന്‍ റെഡിയായിരുന്നു. എന്‍റെ സ്വഭാവമറിഞ്ഞ് വീട്ടുകാര്‍ നല്‍കിയ പിന്തുണയാണ് ഈ കായികജീവിതത്തില്‍ എനിക്ക് കിട്ടിയ ആദ്യത്തെ സമ്മാനം.

 

ഉപ്പ അബ്ദുള്‍മജീദും, ഉമ്മ റസിയയുമൊക്കെ ആദ്യമേതന്നെ എന്നെ തടഞ്ഞിരുന്നുവെങ്കില്‍ ഇന്നീ മജീസിയ ഇല്ല. ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചതിനാല്‍ സ്വാഭാവികമായും വിലക്കുകളും ധാരാളമായി ഉണ്ടാകും. പലരും ആദ്യമൊക്കെ വലിയ പരാതികള്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും വീട്ടുകാര്‍ എന്‍റെ ഒപ്പം നിന്നു. എന്‍റെ ലക്ഷ്യമെന്തെന്ന് അവര്‍ക്കറിയാമായിരുന്നു, ആശങ്കപ്പെട്ടവരോട് സൗമ്യമായി അവരതെല്ലാം വിശദീകരിച്ചുകൊടുത്തു.

 

ചിലപ്പോഴെല്ലാം എനിക്ക് തോന്നിയിട്ടുണ്ട് എന്നിലൂടെ ഉമ്മയാണോ ജയിക്കുന്നതെന്ന്. കാരണം ഉമ്മയ്ക്ക് വലിയ കായിക സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. നന്നായി പഠിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അവരുടെ യൗവ്വനകാലത്ത് അതൊക്കെ വെറും സ്വപ്നങ്ങള്‍ മാത്രമായി ഒടുങ്ങുകയാണുണ്ടായത്. ഉമ്മ അതേക്കുറിച്ചൊന്നും എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല, ആരോടും പരാതിപ്പെട്ടിട്ടില്ല… പക്ഷേ, ആ ചോരയാണല്ലോ എന്‍റേത്. അതെനിക്കറിയാം. ഒപ്പം ഉപ്പയും അനുജനുമൊക്കെ തരുന്ന പിന്‍ബലം കൂടിയാകുമ്പോള്‍ എനിക്ക് ലഭിക്കുന്ന ആത്മധൈര്യം വളരെ വലുതാണ്.

 

എന്‍റെ അനുജന്‍ നിസാമുദ്ദീന്‍ നീന്തല്‍താരമാണ്. അവന്‍റെ കൂടെ പലപ്പോഴും ഞാന്‍ കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സിലില്‍ പോകുമായിരുന്നു.ഒരു ദിവസം സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളോട് എനിക്ക് സ്പോര്‍ട്സിനോടുളള താല്‍പ്പര്യമറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ ബോക്സിംഗ് പഠിക്കാന്‍ തുടങ്ങിയത്. കോഴിക്കോട്ടുള്ള പൂളാടിക്കുന്നിലെ ജിമ്മിലായിരുന്നു ആദ്യകാല പരിശീലനം.

 

പൂളാടിക്കുന്നിലെ പരിശീലനത്തിനിടയില്‍ കോച്ചുമാരായ രാഘവന്‍, രമേശ് എന്നീ ഗുരുക്കളാണ് വെയ്റ്റ്ലിഫ്റ്റിംഗ് ആണ് എനിക്ക് അനുയോജ്യമെന്ന് കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ജയാ ജിംനേഷ്യത്തിലെ ജയദാസ് മാസ്റ്ററിന്‍റെ അടുത്ത് പഠിക്കാന്‍ പോകുന്നത്. ആ പരിശീലനം എനിക്ക് പകര്‍ന്നുതന്ന ആത്മവിശ്വാസം അളവറ്റതായിരുന്നു. ജയാജിമ്മിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് ജില്ലാതല മത്സരമായി. അതില്‍ ഞാന്‍ വിജയിച്ചു. സ്റ്റേറ്റ് സെലക്ഷന്‍ കിട്ടി. തുടര്‍ന്ന് നടന്ന ഏഷ്യന്‍ പവ്വര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളി നേടാനും എനിക്ക് ഭാഗ്യമുണ്ടായി.

 

 

ഗൂഗിള്‍ തന്ന ആത്മധൈര്യം

 

ഇതിനിടയില്‍ സ്ട്രോംഗ് വുമണ്‍ മത്സരത്തെക്കുറിച്ച് അറിഞ്ഞു. പക്ഷേ, നിലവിലുള്ള ഡ്രസ്കോഡ് അനുസരിച്ച് മത്സരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. അങ്ങനെയാണ് ഇന്‍റര്‍നെറ്റിലൂടെ വിശദമായി ഞാന്‍ പഠിച്ചത്. ഗൂഗിളിലൂടെയുള്ള ആ യാത്രയിലാണ് ലോകത്ത് പലയിടത്തുമുള്ള വനിതാതാരങ്ങള്‍ ഫുള്‍ഡ്രസ്സിട്ട് മത്സരത്തില്‍ പങ്കെടുക്കുന്നതായി ഞാന്‍ മനസ്സിലാക്കിയത്. അതുപോലെ മുസ്ലീങ്ങളായ പല സീനിയര്‍ താരങ്ങളും ഹിജാബ് അണിഞ്ഞാണ് വേദിയിലെത്തിയിരുന്നതെന്നും എനിക്ക് മനസ്സിലായി.

 

 

ഈ കാഴ്ചകള്‍ എനിക്ക് നല്‍കിയ ആത്മധൈര്യം വളരെ വലുതായിരുന്നു. മത്സരവേദികളില്‍ വസ്ത്രത്തിനല്ല, നമ്മുടെ പെര്‍ഫോമന്‍സിനാണ് പ്രാധാന്യം. മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നമ്മള്‍ ചെയ്യേണ്ടതില്ലല്ലോ. നമുക്ക് ശരിയെന്ന് തോന്നുന്നത് നമ്മുടെ വിശ്വാസത്തിനും മനസ്സാക്ഷിക്കുമനുസരിച്ച് ചെയ്യുക എന്നതാണല്ലോ പ്രധാനം. അങ്ങനെയാണ് ഞാന്‍ ഹിജാബ് ധരിച്ച് സ്ട്രോംഗ് വുമണ്‍ മത്സരവേദിയിലെത്തിയതും ഒന്നാംസ്ഥാനം നേടിയതും.

 

ഇതോടൊപ്പംതന്നെ പഞ്ചഗുസ്തിമത്സരത്തിലും ഞാന്‍ പരിശീലനം നേടുന്നുണ്ടായിരുന്നു. അതിലും ദേശീയ അംഗീകാരംനേടാന്‍ കഴിഞ്ഞു. അടുത്തിടെ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാനിറങ്ങുക എന്ന മഹാഭാഗ്യവും ദൈവാനുഗ്രഹത്താല്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് മാസത്തില്‍ ലക്നോവില്‍ നടന്ന നാഷണല്‍ ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ ലഭിച്ചതും എനിക്കായിരുന്നു.

 

രാജ്യാന്തര പഞ്ചഗുസ്തി മത്സരത്തിനു പുറമെ വേള്‍ഡ് ക്ലാസിക് പവ്വര്‍ ലിഫ്റ്റിംഗ്, വേള്‍ഡ് പവ്വര്‍ ലിഫ്റ്റിംഗ്, നാഷണല്‍ ക്ലാസിക് പവ്വര്‍ ലിഫ്റ്റിംഗ്, ദക്ഷിണേന്ത്യന്‍ പവ്വര്‍ ലിഫ്റ്റിംഗ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകള്‍ ഉടനെ വരുന്നുണ്ട്. ഇതിനൊക്കെ വേണ്ടി തുടര്‍ച്ചയായ പരിശീലനം അത്യാവശ്യമാണ്. എനിക്കുവേണ്ടി എല്ലാ സഹായവും നല്‍കുന്ന പരിശീലകരെ കിട്ടി എന്നതാണ് എന്‍റെ മറ്റൊരു സൗഭാഗ്യം. ജയദാസ്മാഷ്, ഷമ്മാസ് അബ്ദുള്‍ലത്തീഫ്, ഇ.വി. സലീഷ് തുടങ്ങിയവര്‍ എല്ലാ ഉപദേശവും നല്‍കി എനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശമേകി ഒപ്പമുണ്ട്.

 

 

ബോഡിബില്‍ഡിംഗ് ചെയ്യുമ്പോള്‍ നല്ല ഭക്ഷണവും പ്രധാനമാണ്. എല്ലാവിധ ഭക്ഷണവും കഴിക്കുമെങ്കിലും വെജിറ്റേറിയന്‍ വിഭവങ്ങളോടാണ് എനിക്ക് ഏറെ താല്‍പ്പര്യം. ഡ്രൈഫ്രൂട്സും ഫ്രഷ്പച്ചക്കറികളും നിത്യവും കഴിക്കും. ഒരുപാട് മാംസാഹാരം കഴിച്ച് പ്രോട്ടീന്‍ ഗുളികകളും ഹോര്‍മോണ്‍ ഇന്‍ജക്ഷനും എടുത്താല്‍ മാത്രമേ, ബോഡിബില്‍ഡറാകാന്‍ കഴിയൂ എന്ന വിശ്വാസം തെറ്റാണ്. അത് ശാസ്ത്രീയ രീതിയുമല്ല. ഒരു മുസ്ലീംപെണ്‍കുട്ടിയെന്ന നിലയില്‍ ആദ്യകാലത്ത് എനിക്കേറെ വെല്ലുവിളികളുണ്ടായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.

 

 

പക്ഷേ, ഒരു തൊട്ടാവാടിപോലെ അന്ന് ഞാന്‍ തളര്‍ന്നുപോയിരുന്നുവെങ്കില്‍ ഇന്നത്തെ മജീസിയ ഉണ്ടാകുമായിരുന്നില്ലല്ലോ. വെല്ലുവിളികളെ ധൈര്യത്തോടെ നേരിടുന്നതാണ് പ്രധാനം. ആദ്യമൊക്കെ ജിമ്മില്‍ പോകുന്നതിനെ പരിഹസിച്ചവര്‍പോലും പിന്നീട് എനിക്ക് മെഡലുകള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തതായാണ് എന്‍റെ അനുഭവം.

 

പെണ്‍കുട്ടികള്‍ അവസരങ്ങള്‍ തിരിച്ചറിയണം

 

ഇന്ന് ബോക്സിംഗിലും പവ്വര്‍ലിഫ്റ്റിംഗിലും മറ്റ് കായികയിനങ്ങളിലുമൊക്കെ തിളങ്ങാന്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് വലിയ അവസരങ്ങളാണുള്ളത്. ഞാന്‍ പരിശീലനം തുടങ്ങുമ്പോള്‍ ആധുനിക സൗകര്യങ്ങളുള്ള ജിമ്മുകള്‍തന്നെ വിരളമായിരുന്നു. ഇന്നതല്ല സ്ഥിതി, നല്ല ജിമ്മുകള്‍ ധാരാളമുണ്ട്. കഴിവുള്ള ട്രെയിനര്‍മാരും ഒട്ടേറെയുണ്ട്. ഞാന്‍ എപ്പോഴും ഹിജാബ് അണിയുന്നു. ‘ഹിജാബ് പവ്വര്‍ലിഫ്റ്റര്‍’ എന്ന വിശേഷണവും ഫീല്‍ഡില്‍ എനിക്കുണ്ട്. പക്ഷേ, അത് ആരുടെയെങ്കിലും നിര്‍ബന്ധത്തിന്‍റെ പേരിലോ സമ്മര്‍ദ്ദത്തിന്‍റെപേരിലോ അല്ല. ഹിജാബ് കുട്ടിക്കാലം മുതലെ എന്‍റെ ഐഡന്‍റിറ്റിയായി ഒപ്പമുണ്ട്. അതുകൊണ്ടുതന്നെ സ്വന്തമിഷ്ടമനുസരിച്ച് ഞാനത് അണിയുന്നു എന്നുമാത്രം…

 

നമുക്ക് വലിയ വലിയ സ്വപ്നങ്ങള്‍ കാണാം. പക്ഷേ, അത് പ്രാവര്‍ത്തികമാക്കാനുള്ള താല്‍പ്പര്യവുംകൂടിയുണ്ടാകണം… നാട്ടുമ്പുറത്തെ കൊച്ച് ഇടവഴികളിലൂടെ ഓടിവളര്‍ന്നാണ് ഞാന്‍ ഇവിടംവരെ എത്തിയത്. ഒരിക്കലും ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. ഒട്ടേറെപ്പേര്‍ ഒപ്പംനിന്ന് കൈപിടിച്ചുയര്‍ത്തി ഇവിടംവരെ എത്തിച്ചതാണ്… അതുപോലെ പുതിയ തലമുറകളും രംഗത്തിറങ്ങണം…

 

കീഴടക്കാന്‍ നമുക്കേറെയുണ്ടെന്ന് അറിയണം. അത് സാദ്ധ്യമാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസവുമുണ്ടാകണം. തികഞ്ഞ ആത്മവിശ്വാസത്തോടെ, എന്നാല്‍ തികഞ്ഞ ലാളിത്യത്തോടെ, മജീസിയാബാനു എന്ന ഇന്ത്യന്‍ താരത്തിന്‍റെ വാക്കുകള്‍.

 

 

കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കണം. പവ്വര്‍ലിഫ്റ്റിംഗില്‍ ലോക കിരീടം നേടാന്‍ കഴിയണം. ഒപ്പം വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്കായി ആധുനിക സൗകര്യങ്ങളുള്ള പവ്വര്‍ലിഫ്റ്റിംഗ് അക്കാദമി തുടങ്ങണം. കായികരംഗത്ത് മികവ് തെളിയിക്കുന്നവര്‍ക്ക് സൗജന്യപരിശീലനം നല്‍കണം. ഇതിന്‍റെയെല്ലാം ഒപ്പംതന്നെ പഠനവും മുന്നോട്ടുകൊണ്ടുപോകണം. നല്ല ഒരു ഡോക്ടര്‍ എന്ന പേരുകൂടി സ്വന്തമാക്കണം.

 

മജീസിയ സ്വപ്നങ്ങളുടെ പട്ടിക നിരത്തുകയാണ്. ഇതെല്ലാം കേവലം സ്വപ്നങ്ങളല്ലെന്നും നിശ്ചയദാര്‍ഢ്യത്തോടെ പ്രാവര്‍ത്തികമാക്കാവുന്ന വസ്തുതകള്‍തന്നെയാണെന്നും മജീസിയാ പറയാതെ പറയുന്നുണ്ട്. ആ കായികതാരത്തിന്‍റെ പ്രോജ്ജ്വല സ്വപ്നങ്ങള്‍ക്ക് നമുക്ക് നിറഞ്ഞ മനസ്സോടെ ഒരുഗ്രന്‍ കയ്യടി നല്‍കാം… മജീസിയാ… ഭാരതം കാത്തിരിക്കുന്നത് നിന്നെയാണ്.

 

തയ്യാറാക്കിയത്: പ്രദീപ് ഉഷസ്സ്

Show Less

No comments Yet

SLIDESHOW

LATEST VIDEO