വീണ്ടും ചില വീട്ടുവിശേഷങ്ങളും കുടുംബപുരാണവുമായി സത്യന്‍അന്തിക്കാട്

അന്തിക്കാട് ഗ്രാമപഞ്ചായത്ത് തുടങ്ങുകയാണ്. കാഞ്ഞാണി കഴിഞ്ഞുള്ള വടക്കുഭാഗത്തുനിന്നും അന്തിക്കാട് പഞ്ചായത്തിലെ ഒന്നാം നമ്പര്‍ വീട് ആരുടേതെന്ന് അറിയാമോ? നമ്മളറിയുന്ന അന്തിക്കാട്ടുകാരന്‍.   ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ വീട്. പഞ്ചായത്തിന്‍റെ വടക്കുഭാഗത്ത് നിന്നും തുടങ്ങുന്ന... Read More

അന്തിക്കാട് ഗ്രാമപഞ്ചായത്ത് തുടങ്ങുകയാണ്. കാഞ്ഞാണി കഴിഞ്ഞുള്ള വടക്കുഭാഗത്തുനിന്നും അന്തിക്കാട് പഞ്ചായത്തിലെ ഒന്നാം നമ്പര്‍ വീട് ആരുടേതെന്ന് അറിയാമോ? നമ്മളറിയുന്ന അന്തിക്കാട്ടുകാരന്‍.

 

ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ വീട്. പഞ്ചായത്തിന്‍റെ വടക്കുഭാഗത്ത് നിന്നും തുടങ്ങുന്ന ആദ്യത്തെ വീടിന്‍റെ പൂമുഖത്ത് നില്‍ക്കുമ്പോള്‍ ഓര്‍ത്തുപോയി. ‘നമ്പര്‍ 1 സ്നേഹതീരം… അന്തിക്കാട് നോര്‍ത്ത്.’ ഈ ചലച്ചിത്രകാരന്‍റെ ഒരു സിനിമയുടെ പേര് ഇവിടെയിപ്പോള്‍ അര്‍ത്ഥമുള്ളതായി തോന്നി. ഈ സിനിമാക്കാരന്‍റെ വീടിന്‍റെ മുറ്റത്തുനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പല സിനിമകളുടെയും പേരുകള്‍ ഇവിടെ അര്‍ത്ഥമുള്ളതായി തോന്നി.

 

നന്മകളുള്ള കഥകള്‍ പറഞ്ഞ സംവിധായകന്‍. ‘കുടുംബപുരാണം’പോലെ കുടുംബകഥകള്‍ പറഞ്ഞ സംവിധായകന്‍. ‘കുടുംബപുരാണം’ പോലെ കുടുംബകഥകള്‍ പലതും സിനിമയാക്കിയ ഒരു കുടുംബനാഥന്‍, ധാരാളം ‘സന്ദേശ’ങ്ങള്‍ നല്‍കിയ സംവിധായകന്‍. ഏത് സിനിമയിലും പുതിയ ‘അര്‍ത്ഥ’ങ്ങള്‍ ‘സമൂഹ’ത്തിന് നല്‍കുന്ന ഒരു ചലച്ചിത്രകാരന്‍. ‘കൊച്ചുകൊച്ച് സന്തോഷങ്ങളും’ ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനവും’ നല്‍കിയ ‘ഇരട്ടക്കുട്ടികളുടെ അച്ഛന്‍.’

 

 

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ചോദിക്കാനും പറയാനുമായിട്ടായിരുന്നു ഞങ്ങള്‍ സത്യന്‍ അന്തിക്കാടിന്‍റെ വീട്ടിലെത്തുന്നത്. അന്തിക്കാട്ടെ ആ ഒന്നാം നമ്പര്‍ വീടിന്‍റെ പൂമുഖത്ത് തന്നെ സത്യന്‍ അപ്പോഴുണ്ടായിരുന്നു. സസ്നേഹത്തോടെയുള്ള ചിരി മുഖഭാവത്തില്‍ കണ്ടുകൊണ്ടുള്ള വരവേല്‍പ്പ്.

 

ക്രിസ്തുമസ് കാലത്ത് റിലീസായ ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ അഭൂതപൂര്‍വ്വമായ വിജയം മലയാളികളുടെ മനസ്സിനക്കരെ തുടികൊട്ടി നില്‍ക്കുന്ന വേളയില്‍ ഞങ്ങളുടെ ഇന്നത്തെ ചിന്തകളും വിഷയങ്ങളും പുതിയ കഥ തുടരുന്നതുപോലെയായി. ഒരു കിന്നാരം പറച്ചില്‍പോലെ മാത്രമായിരുന്നില്ല ഞങ്ങളുടെ വര്‍ത്തമാനം. ജീവിതത്തിന്‍റെ ഒരദ്ധ്യായം ഒന്നു മുതല്‍ എന്ന പോലെ തുറക്കപ്പെടുകയായിരുന്നു.

 

പണ്ടേ നെല്‍കൃഷി ഉള്‍പ്പെടെ കൃഷിരംഗത്ത് സജീവമാണ് സത്യന്‍റെ കുടുംബം. മുറ്റത്ത് വെയിലിനെ സ്വീകരിച്ചുകൊണ്ട് നാളികേരം കൊപ്രയാക്കി മാറ്റാന്‍ ഉണക്കാനിട്ടിരിക്കുന്നു. അതിനോട് ചേര്‍ന്നുതന്നെ പച്ചമഞ്ഞളും ഉണങ്ങുന്നു. ഇതെല്ലാം സ്വന്തം പുരയിടത്തില്‍ നിന്നുമാണെന്ന് സത്യന്‍ അന്തിക്കാട് പറയുമ്പോള്‍ നാഗരികത കാര്‍ന്നുതിന്നാത്ത ഗ്രാമത്തിന്‍റെ പുണ്യമല്ലേ ഈ കാഴ്ചകളെന്ന് മനസ്സില്‍ തോന്നാതിരുന്നില്ല.

 

ആദ്യം തന്നെ ചോദിക്കട്ടെ. ഈ സത്യന്‍ എന്നുള്ള പേരിട്ടത് ആരാണ്?

 

എനിക്ക് സത്യന്‍ എന്നുള്ള പേരിട്ടത് എന്‍റെ മൂത്ത ജ്യേഷ്ഠനാണ്. അദ്ദേഹം നടന്‍ സത്യന്‍റെ വലിയ ഒരു ആരാധകനായിരുന്നു. ഞാന്‍ പില്‍ക്കാലത്ത് സിനിമാസംവിധായകനായി സിനിമയില്‍ വരുമെന്നത് ജ്യേഷ്ഠന്‍ ചിന്തിക്കാത്ത ഒരു കാര്യവുമാണ്.

 

ആട്ടെ, നടന്‍ സത്യനെ എന്നെങ്കിലും നേരില്‍ കാണാന്‍ അവസരം ലഭിച്ചിട്ടുണ്ടോ?

 

ഇല്ല. ഷൂട്ടിംഗ് സെറ്റിലൊന്നും ഞാന്‍ പോയിട്ടില്ല. ഞാന്‍ സിനിമയിലെത്തുമ്പോഴേക്കും അദ്ദേഹം മരിക്കുകയും ചെയ്തിരുന്നു.

 

തൃശൂര്‍ ജില്ലയുടെ നന്മകള്‍ എന്താണ്?

 

ഒരുപാട് നന്മകളും പുണ്യവുമുള്ള ഒരു നാടാണ് തൃശൂര്‍ ജില്ല. തൃശൂര്‍പൂരം തന്നെ എത്ര പുണ്യമാണ്? ഓരോരുത്തര്‍ക്കും അവരവര്‍ ജനിച്ച നാടും ചുറ്റുപാടുകളുമായി നല്ലൊരു സ്നേഹവും ബന്ധവുമുണ്ട്. എനിക്കൊരു മുഖംമൂടിയും ആവശ്യമില്ലാത്ത ഒരു സ്ഥലമാണ് തൃശൂര്‍.

 

ഇന്ന്… ബന്ധങ്ങളുടെ വില കുറയുന്നുവോ, കൂടുന്നുവോ… ഇല്ലാതാകുന്നുവോ…?

 

എന്നെ സംബന്ധിച്ചിടത്തോളം ബന്ധങ്ങളുടെ വില ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നുതന്നെ പറയാന്‍ കഴിയും. ബന്ധങ്ങളുടെ വില നഷ്ടപ്പെടുന്നത് അതില്‍ സ്വാര്‍ത്ഥചിന്ത വരുമ്പോഴാണ്. ഒരാളിനെ നമുക്ക് സൗഹൃദത്തിലാക്കണം… അയാളില്‍ നിന്ന് നമുക്കെന്ത് നേട്ടം എന്ന് ചിന്തിക്കുമ്പോഴാണ് ബന്ധങ്ങളുടെ വില ഇല്ലാതാകുന്നത്.

 

 

ക്ഷേത്രദര്‍ശനം പതിവാണോ?

 

ഞാന്‍ പതിവായി ക്ഷേത്രദര്‍ശനം നടത്തുന്ന ഒരാളല്ല. നമ്മള്‍ കണ്ണടച്ച് മനസ്സുകൊണ്ട് ധ്യാനിച്ചാല്‍ ഈശ്വരന്‍ അവിടെയുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മുടെ പ്രവൃത്തികളിലാണ് ദൈവമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 

ദൈവത്തിനോട് എപ്പോഴെങ്കിലും കടം പറഞ്ഞിട്ടുണ്ടോ?

 

ദൈവത്തിനോടങ്ങനെ കടമൊന്നും പറഞ്ഞിട്ടില്ല. കാരണം എന്തെങ്കിലും ഒരു കാര്യസാദ്ധ്യത്തിനായി ഞാന്‍ ദൈവത്തിന്‍റെയടുത്ത് സമീപിച്ചിട്ടുമില്ല. ദൈവത്തിനോട് നമ്മള്‍ പറയുന്നത് നമ്മളെ നന്നായി നയിക്കണം…. നമുക്ക് നല്ല ചിന്തകളുണ്ടാകണം… അല്ലെങ്കില്‍ നമ്മള്‍ കാരണം മറ്റൊരാള്‍ വേദനിക്കരുത് എന്നാണ്. എല്ലാ ദിവസവും മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നത് അതുതന്നെയാണ്. അതുതന്നെയാണ് ദൈവമെന്നും ഞാന്‍ കരുതുന്നു.

 

ഈ അന്തിക്കാട് ഗ്രാമംവിട്ട് ഒരു നഗരജീവിതം…, ഫ്ളാറ്റ് ജീവിതം… എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

 

മദ്രാസിലായിരിക്കുമ്പോള്‍ ഫ്ളാറ്റില്‍ താമസിച്ചിട്ടുണ്ട്. പക്ഷെ, ഫ്ളാറ്റ് ജീവിതം ഞാന്‍ ആഗ്രഹിച്ചിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട് നഗരങ്ങളില്‍ താമസിക്കുമ്പോഴും അന്തിക്കാട് ഗ്രാമം എന്നെ എപ്പോഴും തിരിച്ചുവിളിക്കും. അതുകൊണ്ടുതന്നെ അതില്‍ നിന്നും വിട്ടുപോകാന്‍ ഞാന്‍ ശ്രമിക്കാറുമില്ല.

 

അമ്മയെക്കുറിച്ച് പറയാമോ?

 

എന്‍റെ അമ്മയുടെ പേര് കല്യാണി എന്നാണ്. അമ്മ മരിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. അമ്മ കൂടെ ഇല്ലാതായപ്പോഴാണ് അമ്മയുടെ വിലയും മൂല്യവുമൊക്കെ കൂടുതലായി ഞാനറിയുന്നത്. അമ്മ കൂടെയുള്ള കാലത്ത് അമ്മയെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിട്ടില്ല എന്നുവേണം പറയുവാന്‍. ഇത് എന്‍റെ കാര്യം മാത്രമല്ല, മിക്കവാറും മക്കള്‍ അങ്ങനെയാണെന്ന് തോന്നുന്നു.

 

അമ്മ മരിച്ചതിനുശേഷമായിരുന്നു ഞാന്‍ ‘മനസ്സിനക്കരെ’ എന്ന സിനിമയെടുത്തത്. അതിലൊക്കെ അമ്മയുടെ ഒരു സ്വാധീനമുണ്ടായിരുന്നു. എന്‍റെ അമ്മ വളരെ ബോള്‍ഡായിട്ടുള്ള ഒരു സ്ത്രീയായിരുന്നു. എന്‍റെ അച്ഛന്‍ കുറേക്കൂടി നേരത്തെ മരിച്ചുപോയിരുന്നു.

 

ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഒളിച്ചോടുകയല്ല, അതിനെ നേരിടുകയാണ് വേണ്ടതെന്ന പാഠം അമ്മയില്‍ നിന്നുമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ഞാന്‍ വീട്ടിലെ ഇളയ കുട്ടിയായതുകൊണ്ട് അമ്മയുടെ സ്നേഹവാത്സല്യങ്ങളും അനുഭവിച്ചിട്ടുണ്ട്. സ്ക്കൂളില്‍ ചെറിയ ക്ലാസില്‍ പഠിക്കുന്ന സമയത്തും ഞാന്‍ അമ്മയുടെ മുല കുടിച്ചിട്ടുള്ളയാളാണ്.

 

അന്തിക്കാട് പോസ്റ്റോഫീസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍… അനുഭവങ്ങള്‍ പറയാനുണ്ടോ…?

 

ഇവിടുത്തെ ഞങ്ങളുടെ പോസ്റ്റോഫീസുമായി എനിക്ക് അഭേദ്യമായൊരു ബന്ധമുണ്ട്. എന്‍റെ ജീവിതവുമായി വലിയൊരു പങ്കുവഹിച്ചിട്ടുമുണ്ട്. പോസ്റ്റോഫീസിലെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍. ഞാന്‍ മദ്രാസിലായിരിക്കുമ്പോള്‍ എന്‍റെ ഭാര്യ നിമ്മി എനിക്ക് സ്ഥിരമായി കത്തുകളെഴുതുമായിരുന്നു. ഞാന്‍ മറുപടി അയയ്ക്കുമായിരുന്നു. മാറി മാറി വരുന്ന പോസ്റ്റുമാന്മാരുമായി എനിക്ക് വ്യക്തിബന്ധങ്ങളുണ്ടായിരുന്നു. പോസ്റ്റുമാനെ കണ്ടുകഴിയുമ്പോള്‍ നമുക്കെപ്പോഴും ഒരു സന്തോഷം തന്നെയുണ്ടാകും. സിനിമാസംവിധാനം പഠിക്കാന്‍ മദ്രാസില്‍ പോയ സമയത്തൊക്കെ വീട്ടില്‍ നിന്നും പതിവായി മണിഓര്‍ഡര്‍ വരുമായിരുന്നു.

 

 

റേഷന്‍കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാറുണ്ടോ?

 

ഇപ്പോഴും റേഷന്‍കടയില്‍ നിന്നും മണ്ണെണ്ണ വാങ്ങിക്കാറുണ്ട്. അരി റേഷന്‍ കടയില്‍നിന്ന് വാങ്ങിക്കേണ്ടി വന്നിട്ടില്ല. കാരണം സ്വന്തമായി ഇത്തിരി നെല്‍കൃഷിയുള്ളതുകൊണ്ട് കുത്തരിച്ചോറാണ് കഴിച്ചുകൊണ്ടിരിക്കുന്നത്. ഗോതമ്പും മണ്ണെണ്ണയുമൊക്കെ പണ്ടുകാലം മുതലേ റേഷന്‍കടയില്‍ നിന്നുമാണ് വാങ്ങുന്നത്.

 

കൃഷിഭവനുമായി ബന്ധം?

 

ലേശം കൃഷിയൊക്കെ ഉള്ളതുകൊണ്ട് കൃഷിഭവനില്‍ പോകേണ്ടി വരും. അതുപക്ഷേ, ഭാര്യയാണ് അവിടെ പോകുക പതിവ്. ഞാനങ്ങനെ പോകാറില്ല.

 

സ്വാതന്ത്ര്യം വേണോ, സ്നേഹം വേണോയെന്ന് ഒരാള്‍ ചോദിച്ചുവെന്നിരിക്കട്ടെ. ഏതായിരിക്കും ആദ്യം വേണമെന്ന് പറയുക?

 

സ്വാതന്ത്ര്യം മതിയെന്നു പറയും. സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ സ്നേഹിക്കാമല്ലോ.

 

അന്തിക്കാട്ട് ആരാധന എന്നൊരു സിനിമാതിയേറ്റര്‍ ഉള്ളതായി അറിയാം. അവിടുത്തെ സിനിമാക്കാഴ്ചയെക്കുറിച്ച് പറയാമോ?

 

ആരാധനതിയേറ്റര്‍ ഇന്നില്ല. ഓഡിറ്റോറിയമായി മാറി. പണ്ട് പോപ്പുലര്‍ എന്നായിരുന്നു തിയേറ്ററിന്‍റെ പേര്. അന്നത് ഓല ടാക്കീസായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് തിയേറ്ററിന് അരികിലൂടെ നടന്നുപോകുമ്പോള്‍ നടപ്പ് ഒന്ന് സ്ലോ ചെയ്യും. പ്രേംനസീറിന്‍റെയും മറ്റും സിനിമകളായിരിക്കും ഓടിക്കൊണ്ടിരിക്കുന്നത്. പുറത്തുനില്‍ക്കുമ്പോള്‍ സിനിമയിലെ ഡയലോഗുകളൊക്കെ കേള്‍ക്കാം. അതൊക്കെ ശ്രദ്ധിക്കുമായിരുന്നു. പില്‍ക്കാലത്ത് ഞാന്‍ സിനിമ പഠിക്കാന്‍ മദ്രാസില്‍ പോകുമ്പോള്‍ നസീര്‍സാറിനെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ ശബ്ദമാണല്ലോ അന്ന് ഞാന്‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ കേട്ടിരുന്നതെന്ന് ആലോചിക്കുമായിരുന്നു. ആദ്യമായി നസീര്‍സാറിനെ കാണുമ്പോള്‍ എനിക്ക് അതിശയം തോന്നിയിട്ടുണ്ട്. സ്ക്രീനില്‍ വലുതായി കണ്ടിരുന്നയാളെ നേരില്‍ കണ്ടപ്പോള്‍ തീരെ ചെറുതായിട്ട് തോന്നിപ്പോയി. ആരാധനതിയേറ്ററിന്‍റെ മുന്നില്‍നിന്ന് നസീര്‍ സാറിന്‍റെ ശബ്ദം കേട്ടിരുന്ന കാര്യം ഞാന്‍ നസീര്‍സാറിനോടുതന്നെ പറഞ്ഞിട്ടുമുണ്ട്. നസീര്‍ സാര്‍ അഭിനയിച്ചിട്ടുള്ള സിനിമാസെറ്റില്‍ സാറിന് വീട്ടില്‍നിന്നും ഉച്ചയ്ക്ക് ചോറുകൊണ്ടുവരും. ഞങ്ങള്‍ക്കൊക്കെ അത് ഷെയര്‍ ചെയ്യും. അതെല്ലാം ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.

 

സൈക്കിള്‍ പഠനം… സൈക്കിള്‍ യാത്ര… ഇതേക്കുറിച്ചൊക്കെ ഒന്നുപറയാമോ?

 

എന്‍റെ തറവാടിനടുത്ത് പാടമുണ്ട്. അവിടെ വേനല്‍ക്കാലത്ത് ഇഷ്ടികയുണ്ടാക്കാന്‍ മണ്ണെടുക്കും. മണ്ണെടുത്തുകഴിയുമ്പോള്‍ പാടം റണ്‍വേ പോലെ കിടക്കും. അവിടെ രാത്രിയില്‍ നിലാവത്തായിരുന്നു കുട്ടിക്കാലത്തെ എന്‍റെ സൈക്കിള്‍ പഠനം. കൂട്ടുകാരാണ് പഠിപ്പിച്ചത്. സൈക്കിളോടിക്കാന്‍ നന്നായി പഠിച്ചുകഴിഞ്ഞപ്പോള്‍ സ്ക്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത് സൈക്കിളിലാണ്. സ്വന്തം സൈക്കിളില്‍ സ്ക്കൂളില്‍ പോയിവന്നതില്‍ എനിക്കന്ന് ചെറിയൊരു അഹങ്കാരവും ഉണ്ടായിരുന്നു.

 

 

യാത്ര പുറപ്പെടുമ്പോള്‍ രാഹുകാലം നോക്കാറുണ്ടോ?

 

ഞാന്‍ നോക്കാറില്ല. അല്ലാതെ തന്നെ ഒരുപാട് പ്രതിബന്ധങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. അതിനിടയില്‍ രാഹുകാലം കൂടിയൊക്കെ നോക്കാന്‍ പോയാല്‍ കാര്യങ്ങള്‍ മുന്നോട്ടുപോകില്ല. എന്‍റെ ശ്രദ്ധേയമായ ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത് രാഹുകാലത്തിലാണ്. ടി.പി. ബാലഗോപാലന്‍ എം.എയായിരുന്നു സിനിമ. ഷൂട്ടിംഗ് തുടങ്ങാന്‍ ഒരുങ്ങുമ്പോഴേക്കും യൂണിറ്റിലുള്ള ആരോ പറഞ്ഞു, രാഹുകാലം തുടങ്ങി. ഇനി ഒന്നരമണിക്കൂര്‍ കഴിഞ്ഞേ അത് തീരുകയുള്ളൂ. ഞാന്‍ പ്രൊഡ്യൂസര്‍ ടി.കെ. ബാലചന്ദ്രനെ വിളിച്ചുചോദിച്ചു, രാഹുകാലമാണ്, ഷൂട്ടിംഗ് തുടങ്ങുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന്. എനിക്കൊരു പ്രശ്നവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജോലിയാണ് ദൈവമെന്നാണ് ഞാനും വിശ്വസിക്കുന്നത്. ആ സിനിമ സൂപ്പര്‍ ഹിറ്റുമായിരുന്നു.

 

അടുത്തകാലത്ത് വന്ന സിനിമകളിലൊന്നും പാട്ടെഴുതി കാണുന്നില്ലല്ലോ. പഴയ കാലങ്ങളില്‍ പല നല്ല പാട്ടുകളും എഴുതിയിട്ടുള്ളതാണല്ലോ?

 

പാട്ടെഴുതാന്‍ ഇവിടെ എന്നേക്കാള്‍ കഴിവുള്ള ധാരാളം പേരുണ്ടല്ലോ. അതൊന്ന്. പിന്നെ, ഒരുപാട് കലാകാരന്മാരുടെ കോണ്‍ട്രിബ്യൂഷന്‍ എന്‍റെ സിനിമയ്ക്ക് വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമുണ്ട്. എന്തുപറഞ്ഞാലും നീ എന്‍റേതല്ലേ വാവേന്ന്… ഞാന്‍ എഴുതില്ല. അത് ഗിരീഷ് പുത്തഞ്ചേരി എഴുതിയപ്പോഴാണ് നന്നായത്. ‘കുന്നുമണി ചെപ്പുതുറന്നെന്നെ നോക്കും നേരമെന്ന് എനിക്കെഴുതാന്‍ പറ്റില്ല. അത് ഓ.എന്‍.വി എഴുതിയപ്പോഴാണ് നന്നായത്. മറ്റുള്ളവരുടെ നല്ല സംഭാവനകള്‍ എന്‍റെ സിനിമയ്ക്ക് വേണമെന്ന് ആഗ്രഹിക്കുന്ന സ്വാര്‍ത്ഥനായ ഒരു സംവിധായകനാണ് ഞാന്‍.

 

കാര്‍ സ്വന്തമാക്കിയ ശേഷം ബസ്സ് യാത്ര ചെയ്യാറുണ്ടോ?

 

ഇല്ല. പക്ഷേ, എനിക്ക് ഇപ്പോഴും ബസ്സ്യാത്ര ഇഷ്ടവും രസവുമാണ്. മുമ്പ് ബസ്സ്യാത്ര ചെയ്യുമ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ബസ്സില്‍ കയറിയാല്‍ ആളുകളുടെ കുറെ ചോദ്യമുണ്ട്? മോഹന്‍ലാല്‍ ഇപ്പോള്‍ എത്ര രൂപയാണ് വാങ്ങിക്കുന്നത്? മഞ്ജുവാര്യര്‍ എത്ര രൂപ വാങ്ങുന്നുണ്ട്? ആ നടനും ഈ നടിയും തമ്മില്‍ പ്രണയമാണോ… എന്നിങ്ങനെയുള്ള കുറെ ചോദ്യങ്ങളുണ്ട്. അതില്‍നിന്നൊക്കെ ഒഴിവാകാനും കൂടിയാണ് ബസ്സ്യാത്ര വേണ്ടെന്നു വയ്ക്കുന്നത്.

 

 

താങ്കളുടെ മിക്ക സിനിമകളിലും പ്രൈവറ്റ് ബസ്സ് കാണാറുണ്ട്. അതേക്കുറിച്ച് എന്തുപറയുന്നു?

 

എന്‍റെ അച്ഛന്‍ ബസ്സ്കണ്ടക്ടറായിരുന്നു. ആ ഒരു അറ്റാച്ച്മെന്‍റായിരിക്കാം. ഏറ്റവും പുതിയ സിനിമയായ ‘ഞാന്‍ പ്രകാശനി’ലുമുണ്ട് പ്രൈവറ്റ് ബസ്സിലെ സീന്‍. എന്‍റെ ‘വരവേല്‍പ്പ്’ എന്ന സിനിമ ഒരു ബസ്സ് ഓണറുടെ തന്നെ കഥയായിരുന്നു. ‘രസതന്ത്രം’ സിനിമയില്‍ ബസ്സിലെ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാലും പറഞ്ഞിട്ടുണ്ട്, സത്യന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോഴാണ് കാലങ്ങള്‍ കൂടി ബസ്സില്‍ കയറുന്നതെന്ന്.

 

 

നെറ്റ് ബാങ്കിംഗ്, ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ്… ഇതൊക്കെ ശീലമാക്കിയിട്ടുണ്ടോ?

 

എനിക്ക് അതൊന്നും വലിയ പരിചിതമല്ല. അത് എന്‍റെ മക്കളെക്കൊണ്ട് ചെയ്യിക്കുകയാണ് പതിവ്. മൊബൈല്‍ ഫോണില്‍ കാള്‍ അറ്റന്‍റ് ചെയ്യും, എസ്.എം.എസ് അയയ്ക്കും, വാട്ട്സ് ആപ്പ് ഉപയോഗിക്കും. യൂ ട്യൂബ് നോക്കും എന്നല്ലാതെ അതില്‍ കൂടുതലായി ഒന്നും ചെയ്യാറില്ല. ഫെയ്സ്ബുക്കില്‍ ചില പോസ്റ്റുകളിടും. പക്ഷേ, അതിന്‍റെ റിയാക്ഷനൊന്നും അറിയാറേയില്ല.

 

ഇപ്പോള്‍ വിവാഹക്ഷണക്കത്തുകള്‍ വാട്ട്സ് ആപ്പില്‍ കിട്ടുന്നതാണല്ലോ പതിവ്. അതിന് മൂല്യം കുറവാണെന്ന് തോന്നാറുണ്ടോ?

 

ഇല്ല. കമ്മ്യൂണിക്കേറ്റ് ചെയ്യുക എന്നതാണ് പ്രധാനം. വീട്ടില്‍ വന്ന് കല്യാണം ക്ഷണിക്കാമെന്ന് പറയുമ്പോഴും ഞാന്‍ അവരോട് പറയുന്നത് വാട്ട്സ് ആപ്പില്‍ അയച്ചാല്‍ മതിയെന്നാണ്. എന്‍റെ മകന്‍റെ കല്യാണത്തിനുപോലും ക്ഷണിക്കുമ്പോള്‍ ഞാന്‍ അവരോടെല്ലാം പറഞ്ഞത് സാന്നിദ്ധ്യം വേണ്ട…, അനുഗ്രഹിച്ചാല്‍ മതിയെന്നാണ്. ഏറ്റവും ഈസിയായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ എങ്ങനെകഴിയുന്നുവോ, അങ്ങനെ ചെയ്യുക. ഫോണില്‍ ഒന്ന് വിളിച്ചുപറയുന്നതുകൊണ്ട് മൂല്യം നഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ, ക്ഷണക്കത്ത് വാട്ട്സ് ആപ്പില്‍ അയച്ചാല്‍ ഡേറ്റും മുഹൂര്‍ത്തവും സ്ഥലവും ഒക്കെ ഒന്നോര്‍ത്തെടുക്കാന്‍ സാധിക്കും.

 

ഞാന്‍ നന്മയില്‍ വിശ്വസിക്കുന്നു. ആളുകള്‍ക്ക് ദ്രോഹമില്ലാത്ത വിധത്തില്‍ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. രാവിലെ ശകുനം ശരിയായില്ല… ഒന്നാം തീയതി ശരിയായില്ല എന്നൊക്കെയുള്ള നിമിത്തങ്ങളെക്കുറിച്ച് പറയുന്നത് ഓരോരോ ഒഴിവുകഴിവാണെന്നാണ് എന്‍റെ അഭിപ്രായം. നമ്മള്‍ നമ്മുടെ ജോലികള്‍ കൃത്യമായി ചെയ്യുക. കര്‍മ്മം നന്നായി ചെയ്താല്‍ എല്ലാ ശകുനങ്ങളും നല്ലതുതന്നെയാണെന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം.

 

ജി. കൃഷ്ണന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO