വെണ്‍മണിമനയിലെ ശരത്കാലം..!

വെണ്‍മണിമനയില്‍ എല്ലാവരും സന്തോഷത്തിലാണ്. തിമര്‍ത്തുപെയ്ത മഴ തോര്‍ന്നൊഴിഞ്ഞതിന് പിന്നാലെയാണ് ഞങ്ങള്‍ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ മനയിലെത്തിയത്. ഗൃഹനാഥന്‍റെ റോളില്‍ നിറഞ്ഞുനില്‍ക്കുന്നത് മലയാളികളുടെ സ്വന്തം ശരത് എന്ന ശരത്ദാസ്. നിറപുഞ്ചിരിയാര്‍ന്ന മുഖത്തോടെ ശരത്തും കുടുംബവും അതിഥികളെ വരവേറ്റു.... Read More

വെണ്‍മണിമനയില്‍ എല്ലാവരും സന്തോഷത്തിലാണ്. തിമര്‍ത്തുപെയ്ത മഴ തോര്‍ന്നൊഴിഞ്ഞതിന് പിന്നാലെയാണ് ഞങ്ങള്‍ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ മനയിലെത്തിയത്. ഗൃഹനാഥന്‍റെ റോളില്‍ നിറഞ്ഞുനില്‍ക്കുന്നത് മലയാളികളുടെ സ്വന്തം ശരത് എന്ന ശരത്ദാസ്. നിറപുഞ്ചിരിയാര്‍ന്ന മുഖത്തോടെ ശരത്തും കുടുംബവും അതിഥികളെ വരവേറ്റു. ഒരവധിക്കാലം പിന്നിട്ടതിന്‍റെ ആലസ്യമുണ്ടെങ്കിലും അച്ഛനോടൊപ്പം സന്തോഷം പങ്കിടാന്‍ വേദയും ധ്യാനയും തയ്യാറായിക്കഴിഞ്ഞു. മഞ്ജുശരത്തും കൂടി ചേര്‍ന്നതോടെ കുടുംബത്തില്‍ ആകെയൊരുമേളംതന്നെ. സീരിയല്‍ രംഗത്തെ നിറസാന്നിദ്ധ്യമായ ശരത് തിരക്കുകളെല്ലാം മാറ്റിവെച്ച് ‘മഹിളാരത്ന’ത്തോട് മനസ്സ് തുറന്നു.

 

വെണ്‍മണിമനയിലെ പുതിയ വിശേഷങ്ങള്‍ എന്തൊക്കെ?

 

സന്തോഷം, സമാധാനം. എല്ലാവരും സൗഖ്യമായിരിക്കുന്നു.

 

 

 

നീണ്ടൊരിടവേളയ്ക്കുശേഷമാണ് ശരത്തിനെ കാണുന്നത്. പക്ഷേ, ഓര്‍മ്മകള്‍ക്കധികം പഴക്കമില്ലാത്തപോലെ?

ശരിയാണ്. കാലം പെട്ടെന്ന് കടന്നുപോകുന്നു. നാടും നഗരവുമൊക്കെ മാറി. നമ്മുടെ ജീവിതവും അതിനൊത്ത് വേഗത്തില്‍ പായുകയാണ്.

 

ഇത്രയും പറഞ്ഞുകഴിഞ്ഞതും വേദയും ധ്യാനയും എത്തി. ശരത്തിന്‍റെ മൂത്തമകളാണ് വേദ. രണ്ടാമത്തെയാളാണ് ധ്യാന. ‘മഹിളാരത്ന’ത്തിനുവേണ്ടി പ്ലാന്‍ചെയ്ത ഫോട്ടോ സെഷനില്‍ പങ്കെടുക്കാന്‍ പുത്തനുടുപ്പും ധരിച്ചാണ് ഇരുവരും എത്തിയത്. കുരുന്നുമുഖങ്ങളില്‍ സന്തോഷം നിറഞ്ഞുനിന്നിരുന്നു.

 

ഭര്‍ത്താക്കന്മാരെ വീട്ടില്‍ കിട്ടാന്‍ പ്രയാസമാണെന്ന പരാതിയാണ് മിക്ക സെലിബ്രിറ്റിമാരുടെയും ഭാര്യമാര്‍ക്കുള്ളത്. ശരത്തിന്‍റെ കാര്യം എങ്ങനെയാണ്?

 

തിരക്കുകളുണ്ടെങ്കിലും വീട്ടുകാര്യങ്ങള്‍ക്ക് ഏട്ടനെ ലഭ്യമാകാത്ത സാഹചര്യമൊന്നുമില്ല- മഞ്ജു പറഞ്ഞു. അപ്പോഴേയ്ക്കും ശരത് ഇടപെട്ടു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പറ്റുന്ന സാഹചര്യങ്ങളൊക്കെ പരമാവധി പ്രയോജനപ്പെടുത്തും. പക്ഷേ, എല്ലായ്പ്പോഴും സാധിക്കണമെന്നില്ല. ഷൂട്ടുള്ള ദിവസങ്ങളില്‍ ഞാന്‍ രാവിലെതന്നെ പോകും. കുട്ടികള്‍ സ്ക്കൂളിലേക്കും മഞ്ജു ഓഫീസിലും പോകും.

 

പിന്നെ വീട്ടില്‍ അമ്മ മാത്രമാകും ഉണ്ടാവുക. വൈകുന്നരം എല്ലാവരും തിരികെയെത്തും. പക്ഷേ, എനിക്ക് പലപ്പോഴും വൈകിയേ എത്താന്‍ സാധിക്കാറുള്ളു. എന്നിരുന്നാലും ആഴ്ചയിലൊരുനാളെങ്കിലും ഞാന്‍ കുടുംബത്തില്‍ തന്നെയുണ്ടാകും. ഞായറാഴ്ച ഞാന്‍ മിക്കപ്പോഴും വീട്ടില്‍തന്നെയുണ്ടാകും. മറ്റുപരിപാടികളൊന്നും കമിറ്റ് ചെയ്യില്ല.

 

ശരത്തിന്‍റെ വേരുകള്‍ തിരുവൈരാണിക്കുളത്തല്ലേ?

 

അതെയതെ. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ അച്ഛന്‍ സകുടുംബം ഇങ്ങോട്ട് പോരുകയായിരുന്നു. വിഖ്യാതമായ ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ഞങ്ങളുടെ കുടുംബത്തിന് ഊരാണ്‍മയുണ്ടായിരുന്നു. മുത്തശ്ശി മരിച്ചു. അച്ഛന്‍ മരിച്ചു. അച്ഛന്‍റെ രണ്ട് സഹോദരങ്ങളും മരിച്ചു. അങ്ങനെ തറവാട്ടില്‍ ആരുമില്ലാതെയായി. അതോടെ തറവാട് കൊടുത്തു. വെണ്‍മണി കവികുടുംബത്തിന് ഒരുപാട് താവഴികളുണ്ട്. പലരും പല വഴിയില്‍, പല ദേശങ്ങളിലായാണ് നിലകൊള്ളുന്നത്. ഒരൊത്തുകൂടല്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

 

മഞ്ജുവിന്‍റെ നാടും ആലുവയില്‍ തന്നെയാണോ?

 

അല്ല. പാലക്കാട് അകത്തേത്തറയിലാണ് മഞ്ജുവിന്‍റെ തറവാട്. എന്‍റെ തറവാടാണ് ആലുവയില്‍. ഞങ്ങള്‍ രണ്ടുപേരും ഇപ്പോള്‍ താമസിക്കുന്നത് തിരുവനന്തപുരത്തും. അതുകൊണ്ടുതന്നെ ഞങ്ങളുടെ യാത്രകള്‍ മിക്കപ്പോഴും കേരളത്തിനകത്തുതന്നെയാകും. കുട്ടിക്കാനം, പീരുമേട്, തെന്മല ഇവിടങ്ങളിലേക്കൊക്കെ ധാരാളം സഞ്ചരിച്ചിട്ടുണ്ട്.

 

 

ശരത് അടുക്കളയില്‍ അത്യാവശ്യം പൊടിക്കൈകളൊക്കെ പ്രയോഗിക്കാറുണ്ടെന്നൊരു ശ്രുതി കേട്ടു. ശരിയാണോ?

 

ഹേയ്… അങ്ങനൊന്നുമില്ല. എല്ലാവരുംകൂടി ഒത്തുചേരുമ്പോള്‍ ചെറിയൊരാഘോഷമൊക്കെ തട്ടിക്കൂട്ടും. അങ്ങനെ വരുമ്പോള്‍ ചെറിയ ചില അടുക്കള പരീക്ഷണങ്ങളൊക്കെ ഞാന്‍ നടത്തും. ഞങ്ങള്‍ എല്ലാവരും സസ്യാഹാരം കഴിക്കുന്നവരാണ്. ആ കാറ്റഗറിയില്‍പ്പെട്ട തിരിച്ചുകടിക്കാത്ത എന്തും ഞാന്‍ അകത്താക്കും.

 

ശരത്തിന്‍റേതായി ഒരു സംഗീത വിരുന്ന് ഉടന്‍ പുറത്തുവരുമെന്ന് കേള്‍ക്കുന്നു. ശരിയാണോ?

 

അതെയതെ… ശരിയാണ്. ഒരാല്‍ബം ഉടന്‍ പ്രതീക്ഷിക്കാം.

 

അതേക്കുറിച്ച് കൂടുതല്‍ പറയാമോ?

 

എനിക്ക് അത്യാവശ്യം സംഗീതത്തില്‍കമ്പമുണ്ട്. സംഗീതസംവിധാനത്തിലാണ് താല്‍പ്പര്യം. മകള്‍ വേദയും അത്യാവശ്യം നന്നായി പാടും. അച്ഛന്‍റെ കഴിവ് അവള്‍ക്കാണ് കിട്ടിയിരിക്കുന്നത്. ഞങ്ങളുടെ തറവാട്ടില്‍ അനുജത്തിയുടെ കല്യാണത്തോടനുബന്ധിച്ച് ഒരു പാട്ട് എഴുതി ചിട്ടപ്പെടുത്തിയിരുന്നു. അത് ഞാന്‍ വേദയെക്കൊണ്ട് പാടിക്കുകയും ചെയ്തു. അതിനെ ഒരു സംഗീത ആല്‍ബമാക്കി ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. ഉടന്‍ പ്രതീക്ഷിക്കാം.

 

വലിയൊരു കഥകളി കലാകാരന്‍റെ മകനാണ് ശരത്. അദ്ദേഹത്തിന്‍റെ സര്‍ഗശേഷി ശരത്തിനും മകള്‍ക്കും ലഭിച്ചിട്ടുണ്ട്. ഭാര്യ പാടുമോ?

 

ഇല്ല. അവള്‍ നമ്മളെക്കൊണ്ട് പാടിക്കാറുണ്ട്. (ശരത് ചിരിക്കുന്നു)

 

’90 കളില്‍ നിതീഷ്ഭരദ്വാജ് (മഹാഭാരതം, ഞാന്‍ ഗന്ധര്‍വ്വന്‍ ഫെയിം) ആയിരുന്നു മലയാളികളുടെ ശ്രീകൃഷ്ണന്‍. ഇപ്പോള്‍ ശരത്താണ്. അല്ലേ?

 

(ശരത് ചിരിക്കുന്നു) എന്നു ചിലരൊക്കെ പറയുന്നു. അതൊരംഗീകാരമായാണ് ഞാന്‍ കാണുന്നത്. ഞാന്‍ കഥകളി പഠിച്ചിട്ടുണ്ട്. അതില്‍ ശ്രീകൃഷ്ണന്‍റെ വേഷം കെട്ടണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷേ, സാധിച്ചില്ല. ആ ആഗ്രഹം സീരിയലിലൂടെ സാധിച്ചു. തുളസീദാസേട്ടന്‍ സംവിധാനം ചെയ്ത ‘ശ്രീമഹാഭാഗവതം’ പരമ്പരയിലാണ് ഞാന്‍ ശ്രീകൃഷ്ണനായി അഭിനയിച്ചത്. അത് വലിയൊരു ഭാഗ്യവും നിമിത്തവുമായി ഞാന്‍ കാണുന്നു.

 

ശ്രീകൃഷ്ണനായി ബ്രാന്‍റ് ചെയ്യപ്പെട്ട അനുഭവം എന്തെങ്കിലും?

 

തീര്‍ച്ചയായും, നിരവധി അനുഭവങ്ങളുണ്ട്. ‘ശ്രീമഹാഭാഗവതം’ സംപ്രേഷണം ചെയ്തിരുന്ന കാലത്ത് പലരും എന്നെ ശ്രീകൃഷ്ണനായാണ് കണ്ടിരുന്നത്. വിശിഷ്യാ മുതിര്‍ന്ന സ്ത്രീകള്‍. അന്നൊക്കെ ചില കടകളില്‍ എന്നെ ഉദ്ഘാടനത്തിന് ക്ഷണിക്കുമായിരുന്നു. ശ്രീകൃഷ്ണന്‍റെ വേഷത്തില്‍ വന്ന് ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു ചിലരുടെ ആവശ്യം. ഞാന്‍ സ്നേഹപൂര്‍വ്വം അത് നിരസിച്ചു.

 

 

 

ക്യാമറയ്ക്ക് മുന്നില്‍ വേഷം കെട്ടുന്നതുപോലെ റിയല്‍ ലൈഫില്‍ പറ്റില്ലല്ലോ. ഭഗവാന്‍ വെറെ, ശരത് എന്ന അഭിനേതാവ് വേറെ. അക്കാര്യം ഞാന്‍ എന്നെ ക്ഷണിക്കാനെത്തിയവരോട് പറഞ്ഞു. പിന്നെയുമുണ്ട് രസകരമായ അനുഭവങ്ങള്‍. ചില അമ്പലങ്ങളില്‍ ദര്‍ശനം നടത്തവെ, അവിടെയുള്ള ഭക്തര്‍ എന്നെ വന്ന് കാണുകയും എന്‍റെ കയ്യില്‍നിന്ന് പ്രസാദം വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അനുഗ്രഹം തേടിയെത്തിയവരുമുണ്ട്. ഒരഭിനേതാവ് മാത്രമായ എനിക്ക് എന്തുചെയ്യാനാകും? ഞാനാക്കാര്യം അവരോട് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഒന്നോര്‍ക്കുമ്പോള്‍ സന്തോഷത്തിന് വക നല്‍കുന്ന സംഗതികളാണിവ. ഞാന്‍ ചെയ്ത ശ്രീകൃഷ്ണ വേഷം പ്രേക്ഷകര്‍ അത്രത്തോളം ഇഷ്ടപ്പെട്ടു എന്നതിന്‍റെ തെളിവായിവേണം ഇതിനെയൊക്കെ കാണാന്‍.

 

സീരിയല്‍രംഗത്തെ പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്?

 

എല്ലാം സംഭവബഹുലമാണ്. മുമ്പ് ഞാന്‍ ശ്രീകൃഷ്ണനായിരുന്നെങ്കില്‍ ഇപ്പോള്‍ കംസനാണ്. നേര്‍വിപരീതം! മഴവില്‍മനോരമ സംപ്രേഷണം ചെയ്യുന്ന ‘ഭ്രമണം’ എന്ന സീരിയലില്‍ ഞാന്‍ ഒരു പക്കാ വില്ലനായാണ് അഭിനയിക്കുന്നത്. സ്ത്രീലംബടനായ ഒരു തനിവില്ലന്‍ കഥാപാത്രം. കൃഷ്ണവേഷം പ്രേക്ഷകരെ ആകര്‍ഷിച്ചപ്പോള്‍ ഭ്രമണത്തിലെ രവിശങ്കര്‍ എന്ന വില്ലന്‍ പ്രേക്ഷകരെ വെറുപ്പിക്കുകയാണ്. തികച്ചും വ്യത്യസ്തവും അഭിനയസാദ്ധ്യതകളുമുള്ള ഒരു ക്യാരക്ടറാണത്.

 

അനുഗ്രഹം തേടിയെത്തിയ ഭക്തര്‍ ഇപ്പോള്‍ നിഗ്രഹിക്കാന്‍ എത്തുന്നുണ്ടോ?

 

അതെയതെ… ഫോണിലൂടെയും മറ്റുമൊക്കെ ഭീഷണികളൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്. ഇന്ന് നാം സമൂഹത്തില്‍ കാണുന്ന തിന്മകളുടെ ആകെത്തുകയാണ് രവിശങ്കര്‍. ഭാര്യയുണ്ടായിട്ടും പരസ്ത്രീകളുടെ പിന്നാലെ പോവുകയും അവരെ കെണിയില്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വില്ലനെ ഒരു സ്ത്രീക്കും അംഗീകരിക്കാനാകില്ല. അവര്‍ക്ക് അത്തരം കഥാപാത്രങ്ങളോട് വെറുപ്പുണ്ടാകുന്നത് സ്വാഭാവികം. അതിന്‍റെ അനുരണനങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

 

കൃഷ്ണന്‍റെ ഇമേജ് കംസന്‍ കൊണ്ടുപോവുമോ?

 

തല്‍ക്കാലം ആ ഇമേജ് പോയ്ക്കോട്ടെയെന്ന് ഞാനും കരുതുന്നു. കാരണം ഒരഭിനേതാവിന് വേണ്ടത് മികച്ച വേഷങ്ങളാണ്. പോസിറ്റീവ് കഥാപാത്രങ്ങള്‍ മാത്രമല്ലല്ലോ നാം സ്വീകരിക്കേണ്ടത്. അഭിനയസാദ്ധ്യതയുള്ള വ്യത്യസ്തമായ വേഷങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ ഒരഭിനേതാവിന് പൂര്‍ണ്ണത കൈവരികയുള്ളു എന്നാണ് എന്‍റെ പക്ഷം. രവിശങ്കര്‍ എന്ന കഥാപാത്രം വിജയിച്ചതിന്‍റെ ഫുള്‍ക്രെഡിറ്റും സംവിധായകന്‍ ജോയ്സി സാറിനാണ്. കാരണം അദ്ദേഹമാണ് ഇത്രയും നല്ലൊരു കഥാപാത്രത്തെ എനിക്ക് സമ്മാനിച്ചത്.

 

ശരത്തിന്‍റെ വില്ലന്‍വേഷത്തെക്കുറിച്ച് പൊതുഅഭിപ്രായം എങ്ങനെ?

 

എനിക്ക് വില്ലന്‍വേഷം ചേരില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. പക്ഷേ, ഇപ്പോള്‍ ‘ഭ്രമണം’ മഴവില്‍ മനോരമയുടെ റേറ്റിംഗില്‍ ഒന്നാമതെത്തി. അതില്‍ എന്‍റെ ക്യാരക്ടറിന്‍റെ ഒരു ഇന്‍ഫ്ളുവന്‍സും ഉണ്ടായിരിക്കാം. ഏതായാലും ഭ്രമണത്തിന് പ്രേക്ഷകര്‍ ഏറെയാണ്.

 

 

ശരത്തിന്‍റെ വില്ലനെ വീട്ടുകാര്‍ എങ്ങനെയാണ് സ്വീകരിച്ചത്?

 

ഭ്രമണം കുട്ടികളെ കാണിക്കേണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു. അച്ഛനെ വെറുക്കപ്പെട്ടവന്‍റെ റോളില്‍ അവര്‍ കാണേണ്ടെന്ന് കരുതി. പക്ഷേ, അവര്‍ക്ക് കഥ പറഞ്ഞുകൊടുക്കാറുണ്ട്.

 

ഭാര്യയുടെ അഭിപ്രായം?

 

വില്ലനായാല്‍ പ്രത്യേകിച്ച് അഭിനയിക്കേണ്ടതില്ലല്ലോ എന്നാണ് മഞ്ജുവിന്‍റെ പക്ഷം.(വീട്ടില്‍ പൊട്ടിച്ചിരി ഉയര്‍ന്നു).

 

കഥാപാത്രത്തെ വീട്ടിലേക്ക് കൊണ്ടുവരുന്ന സ്വഭാവം ശരത്തിനുണ്ടോ?

 

പണ്ടുണ്ടായിരുന്നു. ഇപ്പോഴില്ല. പണ്ട് കുറേനാള്‍ ഞാന്‍ സ്ഥിരമായി അവശകാമുകന്‍റെ വേഷം ചെയ്തിരുന്നു. രണ്ടോ മൂന്നോ കൊല്ലം അതുതുടര്‍ന്നപ്പോള്‍ ഞാനും അവശനായി മാറി. വീട്ടിലെത്തുമ്പോഴും കഥാപാത്രത്തിന്‍റെ ഒരു ഹാങ്ഓവര്‍ എന്നെ വിടാതെ പിന്തുടരുമായിരുന്നു. പിന്നീട് ഞാന്‍ അത്തരം സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യം പറയുകയാണെങ്കില്‍ ഭ്രമണത്തിലെ രവിശങ്കറിനെ ഒരിക്കലും വീട്ടില്‍ കൊണ്ടുവരാനാകില്ലല്ലോ.

 

ശരത് ഒരു ബഹുമുഖപ്രതിഭയാണ്, അഭിനേതാവ്, ഗായകന്‍, അവതാരകന്‍, ഡബിങ് അര്‍ട്ടിസ്റ്റ്, വയലിനിസ്റ്റ്, മൃദംഗവിദ്വാന്‍- മക്കളും അച്ഛന്‍റെ വഴിതന്നെയാണോ?

 

എനിക്ക് ലഭിച്ച കഴിവുകളെല്ലാം പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ്. മകള്‍ വേദ നന്നായി പാടും. അവള്‍ സംഗീതം പഠിക്കുന്നുണ്ട്. കൂടെ കളരി അഭ്യാസവും നടത്തുന്നു. രണ്ടാമത്തെയാള്‍ക്ക് ഡാന്‍സിനോടാണ് താല്‍പ്പര്യം. പൊടിക്ക് അഭിനയകമ്പമുണ്ടോയെന്ന് സംശയമുണ്ട്. അയാളെയും കളരി അഭ്യസിപ്പിക്കാന്‍ ഉദ്ദേശമുണ്ട്. ലേശംകൂടി കഴിയട്ടെ. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഇതൊക്കെ അനിവാര്യമാണല്ലോ.

 

 

 

അഭിനേതാവായ ശരത് ജനിക്കുന്നത് ഏത് സാഹചര്യത്തിലാണ്?

 

അച്ഛന്‍ വെണ്‍മണി ഹരിദാസ് കഥകളിയിലെ വായ്പ്പാട്ടുകാരനായിരുന്നു. കഥകളിയില്‍ വായ്പ്പാട്ടിന് വലിയ സ്ഥാനമാണുള്ളത്. ഇക്കാര്യത്തില്‍ അച്ഛന് അസാമാന്യപാടവമുണ്ടായിരുന്നു. ചെറുപ്പംമുതലേ, അച്ഛന്‍റെ ശബ്ദത്തിലെ ഗതിവിഗതികളും നിമ്നോന്നതികളും ഞാന്‍ മാറിനിന്ന് കണ്ടാസ്വദിച്ചിട്ടുണ്ട്. ആ അനുഭവംതന്നെയാകാം എന്നിലും അഭിനയത്തിന്‍റെ മുകുളങ്ങള്‍ മൊട്ടിടാന്‍ ഹേതുവായതും.

 

അതേസമയം അഭിനയരംഗത്തേക്ക് എത്തിയത് അവിചാരിതമായിരുന്നു കേട്ടോ. 1994 ലാണ് ഷാജി എന്‍. കരുണ്‍സാറിന്‍റെ ‘സ്വം’ എന്ന ചിത്രത്തില്‍ ഞാന്‍ വേഷമിടുന്നത്. അച്ഛനോടൊപ്പമായിരുന്നു അരങ്ങേറ്റം. ഷാജി സാര്‍ സ്ക്രിപ്റ്റ് എഴുതിയാല്‍ അത് മുഴുവന്‍ നമ്പൂതിരി മാഷിനെ കൊണ്ട് വരപ്പിക്കുന്നത് പതിവാണ്. അങ്ങ നെ മാഷ് സ്വം വരച്ചപ്പോള്‍ അതിലെ രാമയ്യ എന്ന കഥാപാത്രത്തിന് അച്ഛന്‍റെ ഛായയുണ്ടെന്ന് നമ്പൂതിരിമാഷ് ഷാജിസാറിനോട് പറഞ്ഞു.

 

അങ്ങനെയാണ് അച്ഛന്‍ ആ ചിത്രത്തിന്‍റെ ഭാഗമാകുന്നത്. ചിത്രീകരണത്തിനുമുമ്പ് അച്ഛന്‍റെ കുറെ നിശ്ചലദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു ഫോട്ടോഗ്രാഫര്‍ വീട്ടിലെത്തി. അദ്ദേഹം എന്‍റെയും കുറേ ചിത്രങ്ങള്‍ പകര്‍ത്തി. ആ ഫോട്ടോകളാണ് എന്നെയും ‘സ്വം’ എന്ന ചിത്രത്തിന്‍റെ ഭാഗമാക്കിയത്. തീര്‍ത്തും അവിചാരിതമെന്നോ നിമിത്തമെന്നോ ഒക്കെ പറയാം. ആദ്യചിത്രം അച്ഛനോടൊപ്പം, അതും അദ്ദേഹത്തിന്‍റെ മകനായിത്തന്നെ. ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു ഭാഗ്യമായി തോന്നുന്നു.

 

ഇപ്പോള്‍ 25 കൊല്ലം പിന്നിട്ടു. സുദീര്‍ഘമായൊരു കാലയളവാണത്. കാലം മുന്നോട്ടുപോകുമ്പോഴും ശരത്തിന് പ്രായം കുറഞ്ഞുവരികയാണോ? സിനിമയില്‍ മമ്മൂട്ടിയും സീരിയലില്‍ ശരത്തും പ്രായംകൊണ്ട് പിന്നോട്ടുവളരുന്നതായാണ് ശ്രുതി. അതേക്കുറിച്ച്?

 

(ശരത് പൊട്ടിച്ചിരിക്കുന്നു) അങ്ങനൊന്നുമില്ല. പതിനാലാം വയസ്സിലാണ് ഞാന്‍ അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്നവിടന്നിങ്ങോട്ട് ചെറുതും വലുതുമായി കുറച്ചുവേഷങ്ങള്‍. എല്ലാം ഒരു ഭാഗ്യമായി കരുതുന്നു.

 

ശരത്തിന്‍റെ സൗന്ദര്യരഹസ്യം എന്താണ്? സീരിയല്‍ പ്രേക്ഷകരായ സ്ത്രീകള്‍ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്.

 

അങ്ങനെ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ല. ഞാന്‍ നേരത്തെ പറഞ്ഞല്ലോ, സസ്യാഹാരമാണ് ഞങ്ങള്‍ എല്ലാവരും കഴിക്കുന്നത്. പിന്നെ, ഞാന്‍ പതിവായി യോഗചെയ്യാറുണ്ട്. അത്രതന്നെ. അതിന്‍റെ ഒരു പ്രസരിപ്പ് എനിക്ക് ലഭിക്കുന്നുമുണ്ടാകാം.

 

ശരത്തിന്‍റെ കഥാപാത്രങ്ങളില്‍ മക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?

 

സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’ പ്രൊഡ്യൂസ് ചെയ്ത ‘മാമാങ്കം’ എന്ന സീരിയലുണ്ടായിരുന്നു. ഫ്ളവേഴ്സ് ചാനലാണ് അത് സംപ്രേഷണം ചെയ്തത്. അതില്‍ ഞാന്‍ ഒരു പോലീസ് ഓഫീസറായിട്ടാണ് അഭിനയിച്ചത്. വേഷം മാറി കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഓഫീസര്‍. അതില്‍ ഒരു മന്ദബുദ്ധിയുടെ വേഷപ്പകര്‍ച്ചയില്‍ ഞാന്‍ എത്തുന്നുണ്ടായിരുന്നു. ലേശം കോമിക്കായ ഒരു ക്യാരക്ടര്‍. വേദയ്ക്കും ധ്യാനയ്ക്കും ആ വേഷം നന്നേ ഇഷ്ടപ്പെട്ടു.

 

അടുത്ത ചോദ്യം മഞ്ജുവിനോടാണ്. ശരത്തിന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട വേഷം ഏതാണ്?

 

പത്രം സിനിമയിലെ ഇബ്നു.

 

 

സീരിയലിലെ വേഷം?

 

ശ്രീകൃഷ്ണന്‍.

 

കാല്‍നൂറ്റാണ്ടുകാലത്തെ അഭിനയജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം എന്താണ്?

 

ലാലേട്ടന്‍ എന്ന നടനവിസ്മയം. അതുതന്നെയാണ് മറക്കാനാകാത്ത അനുഭവം. എന്‍റെ അച്ഛന്‍ ലാലേട്ടനോടൊപ്പം ഷാജി എന്‍.കരുണ്‍സാറിന്‍റെ ‘വാനപ്രസ്ഥം’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്‍റെ ലൊക്കേഷനില്‍ ഞാനും പോയിട്ടുണ്ട്. എന്നും വൈകുവോളം ഷൂട്ടിംഗ് ഉണ്ടാകും. അതുകഴിഞ്ഞ് കഥകളി കലാകാരന്മാരും ലാലേട്ടനുമൊക്കെ ഒരു ക്യാമ്പില്‍ ഒത്തുകൂടി പാട്ടും കൂത്തുമായി നേരം മുഴുവിപ്പിക്കും. പുലര്‍ച്ചെയാകും ഉറങ്ങാന്‍ പോവുക. എത്ര വൈകിക്കിടന്നാലും പിറ്റേന്ന് വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് മേക്കപ്പിടാന്‍ എത്തുന്ന ലാലേട്ടന്‍ ഒരു വിസ്മയംതന്നെയാണ്.

 

പിന്നീട് നാളേറെ കഴിഞ്ഞിട്ടാണ് ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ എനിക്കൊരവസരം ലഭിക്കുന്നത്. സിബിമലയില്‍ സാറിന്‍റെ ‘ദേവദൂതന്‍’ എന്ന ചിത്രത്തിലാണ് ഞാന്‍ ലാലേട്ടനൊപ്പം ആദ്യമായി അഭിനയിച്ചത്. അതിന്‍റെ ലൊക്കേഷനില്‍വെച്ചാണ് ലാലേട്ടന്‍റെ അഭിനയമാസ്മരികത അടുത്തറിയാന്‍ സാധിച്ചത്. രണ്ട് വ്യത്യസ്തവേഷപ്പകര്‍ച്ചകളിലൂടെ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിച്ച ആ നാളുകള്‍ മറക്കാനാകില്ല. പിന്നീട് ലാലേട്ടന്‍റെ ‘നാട്ടുരാജാവ്’ എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചെങ്കിലും അദ്ദേഹവുമൊത്തുള്ള കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല.

 

കുറച്ച് സിനിമകളില്‍ മാത്രമാണ് ശരത് വേഷമിട്ടത്. മിക്കതിലും ചെറിയ കഥാപാത്രങ്ങള്‍. പക്ഷേ, അവയില്‍ പലതും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍തന്നെയാണ്. അതിനോടൊപ്പം ചില ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാനും ശരത്തിന് സാധിച്ചു. അതേക്കുറിച്ച്?

 

പത്രത്തിലെ ഇബ്നുവും ദേവദൂതനിലെ മനോജും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നല്ല ഓര്‍മ്മകള്‍ മാത്രമാണ് ആ വേഷങ്ങളെക്കുറിച്ചുള്ളത്. അതിനേക്കാളുപരി സന്തോഷം നല്‍കുന്നതാണ് ചില സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചത്. ഇന്നും എന്നെ ചില വേദികളില്‍ ക്ഷണിക്കുമ്പോള്‍, അല്ലെങ്കില്‍ ചില വേദികളില്‍ ഇരിക്കുമ്പോള്‍ ഞാന്‍ അഭിനയിച്ച ഗാനങ്ങള്‍ പ്ലേ ചെയ്തുകേള്‍ക്കാറുണ്ട്. വല്ലാത്തൊരു സന്തോഷവും ആവേശവുമാണ് അത് തരുന്നത്. ഗാനങ്ങള്‍ക്ക് മരണമില്ല. നമ്മുടെ കാലം കഴിഞ്ഞാലും ആ ഗാനങ്ങള്‍ ഇവിടെത്തന്നെയുണ്ടാകും. അതിലൂടെ നമ്മുടെ ഒരടയാളപ്പെടുത്തല്‍ എന്നും അവശേഷിക്കുകയും ചെയ്യും. ദേവദൂതനിലേയും മധുരനൊമ്പരക്കാറ്റിലേയും ഗാനങ്ങള്‍ ഏത് മലയാളിക്കാണ് മറക്കാനാവുക.

 

 

കുടുംബത്തെക്കുറിച്ച്?

 

ഭാര്യ മഞ്ജുശരത് കിംസ് ആശുപത്രിയില്‍ സീനിയര്‍ ഓഡിയോളജിസ്റ്റാണ്. മൂത്തമകള്‍ വേദശരത് ആറാംക്ലാസിലാണ്. ഇളയമകള്‍ ധ്യാനശരത് രണ്ടാം ക്ലാസിലാണ്. ഇരുവരും തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിനികളാണ്. അമ്മ സരസ്വതിഹരിദാസും ഞങ്ങള്‍ക്കൊപ്പമാണ് താമസിക്കുന്നത്.

 

തയ്യാറാക്കിയത്-

അനീഷ് മോഹനചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO