സമ്പൂര്‍ണ്ണ ദ്വൈവാരഫലം – 2018 ജനുവരി 15 മുതല്‍ 31 വരെ (1193 മകരം 1 മുതല്‍ 17 വരെ)

  സമ്പൂര്‍ണ്ണ ദ്വൈവാരഫലം - 2018 ജനുവരി 15 മുതല്‍ 31 വരെ (1193 മകരം 1 മുതല്‍ 17 വരെ) ഗ്രഹപ്പകര്‍ച്ചകള്‍   സൂര്യന്‍-2018 ജനുവരി 14(1193 ധനു 30)ന് ഞായറാഴ്ച പകല്‍... Read More

 

സമ്പൂര്‍ണ്ണ ദ്വൈവാരഫലം – 2018 ജനുവരി 15 മുതല്‍ 31 വരെ (1193 മകരം 1 മുതല്‍ 17 വരെ)

ഗ്രഹപ്പകര്‍ച്ചകള്‍

 

സൂര്യന്‍-2018 ജനുവരി 14(1193 ധനു 30)ന് ഞായറാഴ്ച പകല്‍ 1 മണി 47 മിനിട്ടിന്
മകരം രാശിയിലേയ്ക്ക് പകരുന്നു. ധനുക്കൂറില്‍ മകര രവിസംക്രമം-മകരവിളക്ക്
ചൊവ്വ- 2018 ജനുവരി 17(1193 മകരം 3) വെളുപ്പിന് 4 മണി 51 മിനിട്ടിന് തുലാത്തില്‍ നിന്ന് വൃശ്ചികത്തിലേയ്ക്ക് പകരുന്നു
ബുധന്‍- 2018 ജനുവരി 28(1193 മകരം 14) രാത്രി 12 മണി 51 മിനിട്ടിന് ധനുവില്‍ നിന്ന് മകരത്തിലേയ്ക്ക് പകരുന്നു

 

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

സൂര്യന്‍, ശുക്രന്‍ ഇവര്‍ 10 ലും, വ്യാഴം 7 ലും ചൊവ്വ 7 ലും 17-ാം തീയതിക്കുശേഷം 8 ലും ശനി 9 ലും ബുധന്‍ 28-ാം തീയതിവരെ 9 ലും മേല്‍ 10 ലും വരികയാല്‍
ഗുണാധിക്യഫലങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍രംഗത്ത് അനായാസമുന്നേറ്റം നടത്താന്‍ കഴിയും. ജോലിക്കായി പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക്, നിയമന ഉത്തരവുകള്‍ ലഭിക്കാം. താല്‍ക്കാലിക ജോലിയില്‍ പ്രവേശിക്കാനുള്ള യോഗമുണ്ട്. കരാര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാം. സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ലഭ്യതയുണ്ടാകും. ലോണ്‍ കിട്ടും. ചിട്ടി പിടിക്കാന്‍ സാധിക്കും. കൂടുതല്‍ കരുതല്‍ ധനശേഖരണത്തിന് അവസരം ഉണ്ടാകും. കുടുംബാഭിവൃദ്ധിക്കായി പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. പൈതൃകം വഴി ലഭിക്കാനുള്ളവ ലഭിക്കാനിടയുണ്ട്. വിവാഹ ആലോചനകള്‍ നടപ്പാക്കാന്‍ കഴിയും. പുതിയ കച്ചവടസംരംഭങ്ങള്‍ തുടങ്ങും. ആരോഗ്യപരമായി കാലം മെച്ചപ്പെട്ടതായിരിക്കും. ഊര്‍ജ്ജസ്വലതയോടുകൂടി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കും. ഭൂമി വാങ്ങാനും ഗൃഹനിര്‍മ്മാണത്തിനും അവസരമുണ്ടാകും. വിദേശജോലി പ്രതീക്ഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ടാകും. അപ്രതീക്ഷിതമായി ധനം വന്നുചേരാനുള്ള യോഗം കാണുന്നുണ്ട്. കാര്യങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് സുഗമമായി നടക്കാന്‍ ഇടയുള്ള സമയം.

 

പരിഹാരം: ഭദ്രയിങ്കല്‍ കുരുതി, ശിവങ്കല്‍ ജലധാര, മൃത്യുഞ്ജയാര്‍ച്ചന. വിഷ്ണുവിങ്കല്‍ പാല്‍പ്പായസം, ശാസ്താവിങ്കല്‍ ശനിയാഴ്ച ഭാഗ്യസൂക്താര്‍ച്ചന, നെയ് വിളക്ക്.

 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

സൂര്യന്‍, ശുക്രന്‍ ഇവര്‍ 9 ലും, ശനി 8 ലും ബുധന്‍ 27-ാം തീയതിവരെ 8 ലും ശേഷം 9 ലും, വ്യാഴം 6 ലും, ചൊവ്വ 17-ാം തീയതി വരെ 6 ലും മേല്‍ 7 ലും വരികയാല്‍
ചില കാര്യങ്ങള്‍ ഗുണപ്രദമായി അനുഭവപ്പെടാം. പക്ഷേ ഭൂരിഭാഗവും പ്രതികൂലമായി തുടരും. വിവാഹാലോചനകള്‍ വരാനും പ്രാവര്‍ത്തികമാകാനും ഇടയുണ്ട്. കുടുംബജീവിതം സംതൃപ്താവസ്ഥ കാണിക്കും. സ്ത്രീകള്‍ നിമിത്തം ചില അവസരങ്ങളും സഹായവും കിട്ടും. പുതുവസ്ത്രങ്ങള്‍ വാങ്ങും. 17-ാം തീയതിക്കുശേഷം ഭൂമി വാങ്ങാനുള്ള ആലോചനകള്‍ നടപ്പാക്കുകയോ, പൈതൃകപരമായുള്ള ലഭ്യതയ്ക്കോ അവസരം വരും. സഹോദരങ്ങളില്‍ നിന്നും സഹായങ്ങളുണ്ടാകും. വിദേശയാത്രകള്‍, വിവാഹം, ജോലിപ്രവേശം തുടങ്ങിയവ നടപ്പാകും. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കും. ഉദരവ്യാധികള്‍ അലട്ടും. ആഹാരകാര്യം കൊണ്ട് ആരോഗ്യക്ഷയത്തിന് ഇടവരും. പണയവസ്തുക്കള്‍ കൈമോശം വരാം. തക്കസമയത്ത് തീരുമാനം കൈക്കൊള്ളാന്‍ കഴിയാതെ വരും. അനാവശ്യകലഹങ്ങള്‍ക്ക് ഇടയുണ്ട്. ബന്ധുക്കളില്‍ നിന്നോ അയല്‍വാസികളില്‍ നിന്നോ ദോഷാനുഭവം കിട്ടാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സാമ്പത്തികക്രമക്കേടുകളില്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകാന്‍ ഇടയുള്ളതുകൊണ്ട് ശ്രദ്ധിക്കുക.

 

പരിഹാരം: ശിവങ്കല്‍ രുദ്രനാമാര്‍ച്ചന, ദേവിക്ക് കടുംപായസം, ഭാഗ്യസൂക്തം, ശാസ്താവിങ്കല്‍ എള്ളുപായസനേദ്യം, നീരാജനം(ശനിയാഴ്ച), വിഷ്ണുവിങ്കല്‍ അഷ്ടോത്തരശതനാമാര്‍ച്ചന, പാല്‍പായസം(വ്യാഴാഴ്ച), സര്‍പ്പക്കാവില്‍ സര്‍പ്പംപാട്ട്.

 

മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

സൂര്യന്‍, ശുക്രന്‍ 8 ലും ശനി 7 ലും ബുധന്‍ 28 വരെ 7 ലും ശേഷം 8 ലും വ്യാഴം 5 ലും ചൊവ്വ 17 വരെ 5 ലും മേല്‍ 6 ലും വരികയാല്‍
സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുവേണം ഗുണലബ്ധിയുണ്ടാക്കാന്‍. ഗുണപ്രദങ്ങളായ അവസ്ഥകള്‍ ഉണ്ടാകും. ചില ഗ്രഹപ്പിഴകള്‍ കാണുന്നു. കഠിനതരങ്ങളായ വിഷമാവസ്ഥകളേയും അഭിമുഖീകരിക്കേണ്ടി വരും. ദാമ്പത്യജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കാം. പങ്കാളികളില്‍ നിന്നും സംതൃപ്തിയുണ്ടാകാന്‍ ഇടയില്ല.
കാരണമില്ലാതെയുണ്ടാകുന്ന കലഹങ്ങളാലോ, രോഗദുരിതങ്ങളെകൊണ്ടോ ക്ലേശങ്ങള്‍ വരാനിടയുണ്ട്. ആരോഗ്യക്ഷയത്തിനും ഇടവരും. ജോലിയുടെ കാഠിന്യാവസ്ഥ കൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ അലട്ടും. പലപ്പോഴും തടസ്സങ്ങളോ, കാലതാമസങ്ങളോ വന്നുഭവിക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും ഇട കാണുന്നുണ്ട്. ഗവണ്‍മെന്‍റില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങളെ ചൊല്ലി തര്‍ക്കങ്ങള്‍, കേസ്സുകള്‍ ഇവയ്ക്ക് സാധ്യത.
സാമ്പത്തികരംഗം ഭേദപ്പെട്ടതാണെങ്കിലും, ചെലവുകള്‍ അധികരിക്കും. വിവാഹാലോചനകള്‍ വരാമെങ്കിലും തീരുമാനമാകാന്‍ കാലതാമസം വരും. കച്ചവടമോ, മറ്റ് സ്വയംതൊഴിലുകളോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സങ്ങളെ അതിജീവിക്കേണ്ടി വരും. ജോലി പ്രതീക്ഷിക്കുന്നവര്‍ക്ക് സാദ്ധ്യത. സര്‍ക്കാര്‍ ജോലിക്കാര്‍, മറ്റ് തൊഴില്‍ രംഗത്തുള്ളവര്‍, ഇവര്‍ക്ക് ജോലിഭാരം അധികരിക്കും.
പൊതുവില്‍ വിഷമാവസ്ഥകള്‍ അധികരിക്കും. എങ്കിലും ഇവയെല്ലാം കഠിനങ്ങളാകാതെയിരിക്കാനുള്ള ഗ്രഹയോഗമുണ്ട്. അവസ്ഥകള്‍ മെച്ചപ്പെടുത്താനായി ഈശ്വരസേവകള്‍ അനുഷ്ഠിക്കുക.

 

പരിഹാരം: ശിവങ്കല്‍ ജലധാര, മൃത്യുഞ്ജയഹോമം, സൂര്യക്ഷേത്രത്തില്‍ ഞായറാഴ്ച തൊഴുത് സൂര്യനമസ്ക്കാരം, ശനിയാഴ്ച ശാസ്താവിങ്കല്‍ നീരാജനം, നിത്യവും 108 ല്‍ കുറയാത്ത പഞ്ചാക്ഷരി ജപം, ഭഗവതിക്ഷേത്രത്തില്‍ ശ്രീസൂക്താര്‍ച്ചന, കടുംപായസം(വെള്ളിയാഴ്ച).

 

കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

സൂര്യന്‍, ശുക്രന്‍ 7 ലും ശനി 6 ലും ബുധന്‍ 27 വരെ 6 ലും മേല്‍ 7 ലും വ്യാഴം 4 ലും ചൊവ്വ 17 വരെ 4 ലും മേല്‍ 5 ലും നിലകൊള്ളുന്നു. സുഖദുഃഖസമ്മിശ്ര അവസ്ഥയുണ്ട്. അതിനാല്‍ ക്ഷയവര്‍ദ്ധനവുകള്‍ ഇടവിട്ട് അനുഭവിക്കാം. ഗുണാവസ്ഥകള്‍ക്ക് മേല്‍ക്കൈ പ്രതീക്ഷിക്കാം.
കുടുംബാന്തരീക്ഷത്തില്‍ ഇടയ്ക്ക് ഇഷ്ടക്കേടുകളും പൊട്ടിത്തെറികളും സംഭവിക്കും. വാഹന യാത്രികര്‍ വളരെ ശ്രദ്ധിക്കണം. അപകടങ്ങള്‍ വരാതെ കരുതലോടെ നീങ്ങുക. ബന്ധുക്കള്‍, പരിസരവാസികള്‍ ഇവരെ കൊണ്ട് സ്ഥലവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളോ കലഹങ്ങളോ വരാന്‍ ഇട കാണുന്നു. പുതുവീട് വാങ്ങാനോ പുതുക്കാനോയുള്ള തീരുമാനം സാര്‍ത്ഥകമാകാന്‍ ഇടയുണ്ട്. അധികാരസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് സ്വജനങ്ങളില്‍ നിന്നോ, ഉദ്യോഗസ്ഥരില്‍ നിന്നോ പ്രതികൂലതകള്‍ ഉണ്ടാകാം. വിദേശജോലിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല രീതിയിലുള്ള ജോലി കിട്ടും. അകാരണമായി വ്യക്തി-കുടുംബ ബന്ധങ്ങളില്‍ വിള്ളലുകള്‍ക്ക് സാദ്ധ്യത കാണുന്നു. അപകീര്‍ത്തികള്‍ അലട്ടും. കുട്ടികളുടെ, ആരോഗ്യസ്ഥിതി കുഴപ്പമില്ലാതെ തുടരും. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്, മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കാനും പുരോഗതിക്കും സാദ്ധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസത വരാനിടയുണ്ട്. വിവാഹാലോചനകള്‍ വരാമെങ്കിലും പ്രാവര്‍ത്തികമാകാന്‍ സാദ്ധ്യതയില്ല. കലാകാരന്മാര്‍ക്കും, എഴുത്തുകാര്‍ക്കും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.

 

പരിഹാരം: ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ഉമാമഹേശ്വര പൂജ, സുബ്രഹ്മണ്യന് പഞ്ചാമൃത നേദ്യം(ചൊവ്വാഴ്ച), ഭഗവതിക്ക് അതിമധുര പായസനേദ്യം, വെള്ളിയാഴ്ച. നിത്യവും നവഗ്രഹസ്തോത്രം ജപിക്കുക.

 

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)

വ്യാഴം 3 ലും സൂര്യന്‍, ശുക്രന്‍ 6 ലും ശനി 5 ലും ബുധന്‍ 27 വരെ 5 ലും മേല്‍ 6 ലും കുജന്‍ 17-ാം തീയതി വരെ 3 ലും വരികയാല്‍
കഠിനതരങ്ങളായ അവസ്ഥയ്ക്ക് ആശ്വാസമുണ്ടാകും. ആരോഗ്യപരമായി ഉണര്‍വ്വും, രോഗക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ശമനത്തിനും ഇടയുണ്ട്. സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും ലഭിക്കേണ്ട നിയമനങ്ങള്‍ക്ക് സാധ്യത കാണുന്നു. ജോലിക്കായി പ്രതീക്ഷിക്കുന്നവര്‍ക്ക് അത് നടക്കാന്‍ യോഗമുണ്ട്. വിവാഹാന്വേഷകര്‍ക്ക് വിവാഹലബ്ധിയുണ്ടാകാം. കുടുംബാന്തരീക്ഷവും ദാമ്പത്യജീവിതവും സുഭദ്രമായിരിക്കില്ല. സംശയങ്ങള്‍ക്ക് അടിമപ്പെട്ടുള്ള കലഹങ്ങള്‍ക്ക് സാധ്യത കാണുന്നു. സന്താനങ്ങളെക്കൊണ്ടുള്ള വിഷമാവസ്ഥകള്‍ അനുഭവിക്കും. സാമ്പത്തിക സുസ്ഥിരത ഉണ്ടാവാന്‍ ഇടയില്ല. തൊഴില്‍രംഗങ്ങളില്‍ കൃത്യതയ്ക്കും പൂര്‍ണ്ണതയ്ക്കും സ്ഥാനമില്ലാതെ വരും. അതുമൂലം അതൃപ്തിയും മേലധികാരികളുടെ ശകാരത്തിനും അവകാശമുണ്ടാകും. കലാകാരന്മാര്‍ ശ്രദ്ധിച്ചുനീങ്ങണം. അപകീര്‍ത്തിഭയം അലട്ടും. അവസരങ്ങള്‍ നന്നായി വിനിയോഗിക്കാന്‍ സാധിക്കാതെ വന്നുചേരാം. ഭരണവിഭാഗങ്ങള്‍ക്ക് വെല്ലുവിളികള്‍ ധാരാളമായി നേരിടേണ്ടി വരും. മനോധൈര്യം കുറഞ്ഞും എല്ലാ പ്രവൃത്തികളിലും ഉന്മേഷം കുറഞ്ഞും കാണപ്പെടാനിടയുണ്ട്. വിവാഹാലോചനകള്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രം നടത്താന്‍ ശ്രദ്ധിക്കുക. പ്രണയസാഫല്യത്തിനും തടസ്സങ്ങളുണ്ടാകാം. ഈശ്വരവിചാരത്തോടെ നീങ്ങുക.

 

പരിഹാരം: വ്യാഴാഴ്ച വിഷ്ണുവിങ്കല്‍ ആയൂഃസൂക്താര്‍ച്ചന, പാല്‍പായസം, ശിവങ്കല്‍ രുദ്രമന്ത്രാര്‍ച്ചന, ഹനുമാന്‍ സ്വാമിക്ക് ചൊവ്വാഴ്ച വടമാല, ഭദ്രയ്ക്ക് നെയ്വിളക്ക്, ചൊവ്വാഴ്ച ഭഗവതിയിങ്കല്‍ കടുംപായസം, ലളിതാ അഷ്ടോത്തരി ദിവസവും വായിക്കുക.

 

കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര, 1, 2 പാദങ്ങള്‍)

സൂര്യന്‍ ശുക്രന്‍ 5 ലും ശനി 4 ലും വ്യാഴം 2 ലും ചൊവ്വ 17-ാം തീയതിവരെ 2 ലും മേല്‍ 3 ലും, ബുധന്‍ 27-ാം തീയതിവരെ 4 ലും മേല്‍ 5 ലും വരികയാല്‍
പ്രയാസങ്ങളെ അതിജീവിച്ചും ഗുണങ്ങള്‍ ഉണ്ടാകേണ്ട സമയം. ഗൃഹാന്തരീക്ഷം അത്ര ഗുണപ്രദമായിരിക്കില്ല. സ്വജനങ്ങളുടെ രോഗദുരിത ക്ലേശാനുഭവങ്ങള്‍ കൊണ്ടും, മാതൃതുല്യരായവരുടെ ക്ലേശാപത്തുകള്‍, തൊഴില്‍രംഗത്ത് ഉണ്ടാകാവുന്ന അനര്‍ത്ഥങ്ങള്‍ ഇവ കൊണ്ട് ദുരിതാനുഭവങ്ങള്‍ ഉണ്ടാകേണ്ടതാകുന്നു. എന്നാല്‍ ആകസ്മികമായി സാമ്പത്തികലാഭമുണ്ടാകാം. ഉദ്യോഗത്തില്‍ സ്ഥാനലബ്ധി പ്രതീക്ഷിക്കാം. നല്ല വാക്കുകളെക്കൊണ്ട് മറ്റുള്ളവരുടെ ഇഷ്ടത്തെ നേടാന്‍ സാധിക്കും. നല്ല വിവാഹാലോചനകള്‍ വന്നെത്തും. 17-ാം തീയതിക്കുശേഷം, ഭൂമി ലഭ്യതായോഗം, പുതുഗൃഹ ലഭ്യതായോഗം ഇവയുണ്ടാകും. കുടുംബത്ത് മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള അവസരം വരും. വിദേശത്തുള്ള ബന്ധുക്കളെക്കൊണ്ട് സാമ്പത്തികലാഭമുണ്ടാകും. മത്സരപ്പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയും. പുതുവാഹനലഭ്യത, പഴയത് മാറ്റി വാങ്ങല്‍ ഇവ നടക്കും. ആദായവര്‍ദ്ധനവിനുവേണ്ടി യത്നിക്കും. സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. ഭരണാധിപന്മാര്‍ ഊര്‍ജ്ജസ്വലതയോടുകൂടി പ്രവര്‍ത്തിച്ച് കീര്‍ത്തി നേടും. എല്ലാ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗുണാധിക്യം കാണുന്നു. എന്നാല്‍, ശനി ദോഷപ്രദമാകയാല്‍, ചില ദുരിതങ്ങളും പ്രതീക്ഷിക്കുക.

 

പരിഹാരം: ശനിയാഴ്ച ശിവങ്കല്‍ മൃത്യുഞ്ജയം, ശാസ്താവിന് നീരാജനം, വിഷ്ണു അഷ്ടോത്തര നാമജപം, പാല്‍പായസം, നിത്യവും ഗണപതി അഷ്ടോത്തരം ചൊല്ലുക.

 

തുലാക്കൂറ് : (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

വ്യാഴം ജന്മത്തിലും ചൊവ്വ 17-ാം തീയതി വരെ ജന്മത്തിലും മേല്‍ 2 ലും ശനി 3 ലും ശുക്രന്‍ 4 ലും വരികയാല്‍ അനാരോഗ്യം ഇടയ്ക്ക് അലട്ടാമെങ്കിലും ചില ഗുണാനുഭവങ്ങളും കാണുന്നു. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥലമാറ്റമുണ്ടാകാം. ഉന്നതങ്ങളില്‍ അഴിച്ചുപണിയുണ്ടാകാം. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചില സ്ഥാനചലനം അനുഭവത്തില്‍വരാം. ചെലവുകള്‍ അധികരിച്ച് വരുന്നതാകുന്നു. അനാവശ്യരീതിയില്‍ സാമ്പത്തികം ചെലവാക്കേണ്ടിവരും. ശരീരത്തില്‍ മുറിവ്, ഒടിവ്, ചതവ് ഇവയ്ക്ക് സാദ്ധ്യതയുണ്ട്. എന്നാല്‍, വിദേശജോലി പ്രതീക്ഷിക്കുന്നവര്‍ക്ക് ആഗ്രഹാനുസരണമുള്ള ജോലി ലഭ്യതയുണ്ടാകും.
സ്ഥലം വാങ്ങാനുള്ള യോഗം കാണുന്നു. എന്നുമാത്രമല്ല, ഗൃഹനിര്‍മ്മാണം, പഴയത് പുതുക്കല്‍, ഇവയിലേതെങ്കിലും തുടങ്ങിവയ്ക്കും ബന്ധുസഹായം ലഭിക്കും. ലോണ്‍ കയ്യില്‍വന്നുചേരും. വിവാഹാലോചനകള്‍ നടപ്പില്‍ വരും. പ്രണയസാഫല്യവും കാണുന്നുണ്ട്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്ക് ഏറ്റവും നല്ല സമയകാലം. നല്ല വിളവുകള്‍ ലഭിക്കുമെന്ന് കാണുന്നു. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് പുരോഗതിയുടെ കാലമാകുന്നു. കച്ചവടം, അഭിവൃദ്ധിപ്പെടും. വാഹനങ്ങള്‍ വാങ്ങാനുള്ള കാലമല്ല. എന്തെങ്കിലും സുഖഹാനിക്ക് കാരണമായ കാര്യങ്ങള്‍ സദാ ഉണ്ടായിക്കൊണ്ടിരിക്കും.

 

പരിഹാരം: വിഷ്ണുവിങ്കല്‍ വ്യാഴാഴ്ച സഹസ്രനാമാര്‍ച്ചന, ശിവങ്കല്‍ ധാര, പിന്‍വിളക്ക്, സുബ്രഹ്മണ്യന് പഞ്ചാമൃതം, സര്‍പ്പക്കാവില്‍ നൂറും പാലും. വിഷ്ണു അഷ്ടോത്തരി നിത്യം പാരായണം.

 

 

വൃശ്ചികക്കൂറ് : (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

സൂര്യന്‍ ശുക്രന്‍ 3 ലും ശനി 2 ലും ബുധന്‍ 27-ാം തീയതിവരെ 2 ലും മേല്‍ 3 ലും വ്യാഴം 12 ലും ചൊവ്വ 17-ാം തീയതിവരെ 12 ലും മേല്‍ ജന്മത്തും വരികയാല്‍
എല്ലാ ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ വിഷമിപ്പിക്കുന്ന കാലം. സുഖഹാനി, സാമ്പത്തിക പരാധീനതകള്‍. ചെലവുകള്‍ അധികരിക്കുക, അനാവശ്യരീതിയില്‍ ധനം കയ്യില്‍നിന്ന് പോകുന്നതും യാത്രകള്‍ കൊണ്ടുണ്ടാകുന്ന വിഷമാവസ്ഥകള്‍ എന്നിവ അനുഭവമാകാനിടയുണ്ട്. സ്ഥാനഭ്രംശം, ജോലികള്‍ കൃത്യമായി ചെയ്തുകൊടുക്കാന്‍ സാധിക്കാതെ വരിക, തന്മൂലമുണ്ടാകുന്ന ദോഷദുരിതങ്ങളെ അനുഭവിക്കേണ്ടി വരുക, ജോലിസ്ഥലങ്ങളില്‍ തൊഴില്‍ ഉടമകളുമായി കലഹങ്ങളോ, അഭിപ്രായവ്യത്യാസങ്ങളോ, ഉണ്ടാകുക ഇവയും ഫലമാകുന്നു. മെഷീന്‍ ജോലികള്‍, എഞ്ചിനീയറിംഗ് ജോലി ഇവ ചെയ്യുന്നവരും വളരെ ശ്രദ്ധിച്ച് പണിയെടുക്കണം. സ്വന്തം ഇഷ്ടങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാതെ വരാം. ധനം കരുതലോടെ കൈകാര്യം ചെയ്യേണ്ടതാണ്. പുതുതായി ചെയ്യേണ്ട കാര്യങ്ങള്‍ മാറ്റിവയ്ക്കരുത്. വിവാഹാലോചനകള്‍ വരാമെങ്കിലും യാഥാര്‍ത്ഥ്യമാകാന്‍ സമയം എടുക്കും. മൊത്തത്തില്‍ ഗ്രഹസ്ഥിതി വളരെ ക്ലേശപ്രദം ആകുന്നു.
എന്നാല്‍ ചില ഗ്രഹങ്ങള്‍ അനുകൂലമായി നില്‍ക്കുന്നു. അതിനാല്‍ അല്‍പ്പം ക്ലേശം സഹിച്ചും മുന്നോട്ടുനീങ്ങാന്‍ സാധിക്കും. ആചാരപരമായി ഉള്ള പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ പാലിക്കുക. അനാവശ്യവാക്കുതര്‍ക്കങ്ങള്‍ക്കോ വഴക്കുകള്‍ക്കോ, സാഹസികത നിറഞ്ഞ പ്രവൃത്തികളിലോ ഇടപെടാതെയിരിക്കേണ്ടതും ആകുന്നു.

 

പരിഹാരം: ശനിയാഴ്ച ശിവങ്കല്‍ മൃത്യുഞ്ജയഹോമം, നവഗ്രഹക്ഷേത്രത്തില്‍ നവഗ്രഹപൂജ, ശാസ്താവിന് നീരാജനം(ശനിയാഴ്ച), ദേവിയിങ്കല്‍ ഐക്യമന്ത്രസൂക്താര്‍ച്ചന, വിഷ്ണു സഹസ്രനാമജപമോ, അര്‍ച്ചനയോ വ്യാഴാഴ്ച നടത്തുക, ശിവപഞ്ചാക്ഷരി 101 നിത്യം തവണ നിത്യം ജപിക്കുക.

 

ധനുക്കൂറ് : (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ശനി ജന്മത്തിലും, ബുധന്‍ 27-ാം തീയതിവരെ ജന്മത്തിലും ശേഷം 2 ലും സൂര്യനും, ശുക്രനും 2 ലും വ്യാഴം 11 ലും ചൊവ്വാ 17-ാം തീയതി വരെ 11 ലും മേല്‍ 12 ലും നിലകൊള്ളുക കൊണ്ട് വൈഷമ്യങ്ങളെ അതിജീവിച്ചും പുരോഗതിയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. നിയമന ഉത്തരവുകള്‍ കാത്തിരിക്കുന്നവര്‍ക്ക് അതിനുള്ള ലഭ്യത കാണുന്നു. ഇപ്പോള്‍ എഴുതുന്ന ടെസ്റ്റുകളും ഫലപ്രാപ്തമായി വരും. ജനപ്രതിനിധികള്‍ക്ക് നല്ല സമയം. ശോഭിക്കാന്‍ സാധിക്കും. അധികമായി ചില ഉത്തരവാദിത്തങ്ങളെ ഏല്‍ക്കേണ്ടതായി വരും. കരാര്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് അധികാരികളുമായി പിണക്കത്തിന് ഇടവരും. സാമ്പത്തികം പ്രതീക്ഷിച്ചത്ര കൈവന്നുചേരാന്‍ കാലതാമസം ഭവിക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും, പുതുതായി ഇവ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയം. ഗൃഹത്തിന്‍റെ വാസ്തുപരമായി ചില പോരായ്മയെ പരിഹരിക്കാന്‍ സാധിക്കും. പഴയ വീട് മോടി പിടിപ്പിക്കല്‍, ചുറ്റുമതിലുകളുടെ നിര്‍മ്മാണം, ജലാശയനിര്‍മ്മാണം, പുരയിടത്തില്‍ ആദായത്തിന് ഉതകുന്ന കൃഷികള്‍ ഇവയെല്ലാം നടപ്പാക്കാന്‍ സാധിക്കും. വിദേശത്തുള്ള ബന്ധുക്കളുടെ സഹായലഭ്യത കാണുന്നു. വിദേശജോലി പ്രതീക്ഷിക്കുന്നവര്‍ക്കും സമയം അനുകൂലമാണ്.

വിവാഹാലോചനകള്‍ നടപ്പാകും. ജീവിത ഉയര്‍ച്ചയെ ലക്ഷ്യമാക്കിയുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ സാധിക്കും. ഊഹക്കച്ചവടക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും നല്ല കാലം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പ്രൊമോഷന്‍ ഉണ്ടാകും. സ്ഥലംമാറ്റയോഗം കാണുന്നു. എന്നാല്‍ ശാരീരികമായി ചില അസ്വസ്ഥതകള്‍ സദാ അലട്ടും. അന്യര്‍ക്കുവേണ്ടി അനാവശ്യകലഹങ്ങള്‍ ഉണ്ടാക്കും. സംസാരരീതി ആപത്തില്‍ എത്തിക്കാം.

 

പരിഹാരം: ശനിയാഴ്ച ശിവങ്കല്‍ വിളക്ക്, പിന്‍വിളക്ക്, കൂവളമാല മൃത്യുഞ്ജയ ഹോമം, പഞ്ചാക്ഷരി ജപം ഇവ നടത്തുക. ശാസ്താവിങ്കല്‍ നീരാജനം. ഭഗവതിയിങ്കല്‍ ശ്രീസൂക്താര്‍ച്ചന. വിഷ്ണുവിങ്കല്‍ ദര്‍ശനം(വ്യാഴം) പ്രാര്‍ത്ഥന നടത്തുക. രുധിരമാല ഭഗവതിക്ക് ഉടയാട, നെയ് വിളക്ക്.

 

മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

സൂര്യനും ശുക്രനും ജന്മത്തിലും ശനി 12 ലും മേല്‍ ജന്മത്തിലും വ്യാഴം 10 ലും ചൊവ്വ 17-ാം തീയതി വരെ 10 ലും മേല്‍ 11 ലും സ്ഥിതിവരികയാല്‍
അലര്‍ജി, ആസ്ത്മ ഇത്യാദി രോഗങ്ങളില്‍ ക്ലേശം അനുഭവിക്കുന്നവര്‍ക്ക്, രോഗവര്‍ദ്ധനവ് ഉണ്ടാകാം. സാംക്രമിക രോഗങ്ങളുടെ പിടിയില്‍പ്പെടാം. ഉഷ്ണാധിക്യത്താല്‍ ഉണ്ടാകാവുന്ന ദുരിതങ്ങള്‍ക്കും അവകാശമുണ്ട്. അനാവശ്യയാത്രകള്‍ നടത്തേണ്ടി വരും. ഭാരിച്ച ഉത്തരവാദിത്വം കൊണ്ട് ക്ലേശവും ഫലമാകുന്നു. തൊഴില്‍രംഗങ്ങളില്‍ മേലധികാരികളുടെ ശകാരത്തിന് പാത്രീഭവിക്കാന്‍ ഇട കാണുന്നു. അനാവശ്യപ്രശ്നങ്ങളില്‍പ്പെട്ട് സംഘര്‍ഷം ഉണ്ടാകാതെ ശ്രദ്ധിക്കണം. തൊഴില്‍രംഗത്ത് ദുരിതങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. നമ്മളോടുള്ള ഉദാരമനസ്കത കുറഞ്ഞിരിക്കും. ഏറ്റെടുത്ത ജോലികളില്‍ പോലും കൃത്യത പാലിക്കാന്‍ സാധിക്കാതെ വരാം. തദ്വാരാ അനുഭവിക്കാവുന്ന ക്ലേശങ്ങള്‍ക്കും ഇട കാണുന്നു. കടം വാങ്ങാന്‍ ഇടയുണ്ട്.

സ്വത്തുക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും ഇടകാണുന്നു. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിഷമാവസ്ഥകള്‍ അനുഭവിക്കേണ്ടിവരും. വിജയസാധ്യതകള്‍ മങ്ങിയും, വിമര്‍ശനങ്ങളെ അഭിമുഖീകരിക്കേണ്ടതായും കാണുന്നു. മദ്യാസക്തി, മയക്കുമരുന്ന് ഇവയോടുള്ള ആസക്തി വര്‍ദ്ധിച്ചുവരും. വിവാഹാന്വേഷകര്‍ക്ക് ആലോചനകള്‍ വരാനും നടപ്പാക്കാനും സാധിക്കും. എങ്കിലും സമയം മെച്ചപ്പെട്ടതല്ല എന്നു മനസ്സിലാക്കുക.

 

പരിഹാരം: ശിവങ്കല്‍ മൃത്യുഞ്ജയഹോമം, ഞായര്‍ ദിവസം സൂര്യന് പൊങ്കാല, ശനിയാഴ്ച ശാസ്താവിങ്കല്‍ പായസനേദ്യം, നീരാജനം, നെയ്വിളക്ക്. നരസിംഹമൂര്‍ത്തിക്ക് പാനകം, രുധിരമാല ദേവിക്ക് കുങ്കുമാര്‍ച്ചന, ഉടയാട, കടുംപായസനേദ്യം.

 

കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍ ചതയം പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

സൂര്യന്‍ ശുക്രനും 12 ലും ശനി 11 ലും ബുധന്‍ 27 വരെ 11 ലും മേല്‍ 12 ലും വ്യാഴം 9 ലും ചൊവ്വ 17 തീയതിവരെ 9 ലും മേല്‍ 10 ലും വരികയാല്‍
ഗുണപ്രദമായ അവസ്ഥകള്‍ ഉണ്ടാകുമെന്ന് ഗ്രഹനില സൂചിപ്പിക്കുന്നു. സാമ്പത്തികം മെച്ചപ്പെട്ടതായിരിക്കും. തൊഴില്‍രംഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കും. ഊഹക്കച്ചവടങ്ങളില്‍ നിന്നും ധനലാഭ ലഭ്യത കാണുന്നു. കുടുംബസ്വത്തുക്കള്‍ വന്നുചേരും. വിദ്യാഭ്യാസം പുനഃസ്ഥാപിക്കാന്‍ സാധിക്കുകയും ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്കും വിദൂരവിദ്യാഭ്യാസയോഗം ആഗ്രഹിക്കുന്നവര്‍ക്കും അതിനുള്ള അവസരങ്ങളുമുണ്ടാകും. മത്സരപരീക്ഷകളില്‍ സുനിശ്ചിത വിജയങ്ങള്‍ പ്രതീക്ഷിക്കാം. രാഷ്ട്രീയ സാംസ്ക്കാരികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റവും പ്രശസ്തിയും വന്നുചേരും. എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും അവസരങ്ങള്‍ ധാരാളമുണ്ടാകും. തന്‍റെ ജോലികള്‍ അംഗീകരിക്കപ്പെടാനും സാധ്യത കാണുന്നു. അവാര്‍ഡുകളോ, പുരസ്കാരങ്ങളോ, ലഭിക്കാന്‍ ഇടകാണുന്നുണ്ട്.
മുടങ്ങിക്കിടന്ന ഗൃഹനിര്‍മ്മാണം തുടങ്ങും. അതിനായി ലോണ്‍ ലഭ്യതയും കാണുന്നു. ചിട്ടികള്‍ പിടിക്കാം, വിവാഹാലോചനകള്‍ ധാരാളമായി വരാമെങ്കിലും ചില കാരണങ്ങളെ കൊണ്ട് അവ മാറ്റിവയ്ക്കേണ്ടതായി വരും. എന്നാല്‍ കുടുംബഭദ്രത, ദാമ്പത്യസൗഖ്യം ഇവയ്ക്ക് നേരിയ പോറല്‍ ഏല്‍ക്കാന്‍ ഇടയുണ്ട്, പങ്കാളിയെക്കൊണ്ടുള്ള ദുരിതങ്ങള്‍ അനുഭവിക്കും. കുടുംബത്ത് അനാവശ്യകലഹങ്ങളുണ്ടാകാം.

 

പരിഹാരം: ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ഉമാമഹേശ്വരി പൂജ, പുഷ്പാഞ്ജലി, ശിവാഷ്ടകം ജപം, സൂര്യക്ഷേത്രത്തില്‍(ഞായറാഴ്ച) സൂര്യനമസ്ക്കാരം വഴിപാടുകള്‍.
ഭഗവതിയിങ്കല്‍ പട്ട് സമര്‍പ്പിക്കുക. വിഷ്ണുവിങ്കല്‍ വ്യാഴാഴ്ച പാല്‍പായസം, നെയ്വിളക്ക്, ഭാഗ്യസൂക്താര്‍ച്ചന, സുബ്രഹ്മണ്യന് നെയ് വിളക്ക്.

 

മീനക്കൂറ് : (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

വ്യാഴം 8 ലും ചൊവ്വ 17-ാം തീയതിവരെ 8 ലും മേല്‍ 9 ലും ശനി 10 ലും സൂര്യ, ശുക്രന്മാര്‍ 11 ലും വരികയാല്‍ രോഗബാധിതര്‍ക്ക് അല്‍പ്പമായ ആശ്വാസം അനുഭവപ്പെടും. കഠിനതരങ്ങളായ അനുഭവങ്ങള്‍ക്ക് തല്‍ക്കാല ശാന്തി വരും. കഷ്ടനഷ്ടങ്ങള്‍ക്ക് ഇടവരുന്ന അവസ്ഥകള്‍ ഉണ്ടാകാം. അപകടങ്ങള്‍, അംഗഭംഗം ഇത്യാദി അനുഭവങ്ങള്‍ക്കും സാദ്ധ്യത. കര്‍മ്മരംഗം സാധാരണരീതിയില്‍ തുടരും. പല അവസരങ്ങളും കയ്യില്‍ നിന്നും വ്യതിചലിച്ച് പോകും. സമ്പാദ്യങ്ങള്‍ വരെ കൈവിട്ടുപോകുന്ന അവസ്ഥ സംഭവിക്കാം. വിലപ്പെട്ട വസ്തുക്കള്‍ക്ക് നഷ്ടം സംഭവിക്കാം. തസ്ക്കര ശല്യ അനുഭവങ്ങള്‍ ഉണ്ടാകാം.

 

ആരോഗ്യപരമായി കാലം മെച്ചപ്പെട്ടതായിരിക്കില്ല. പനി, പകര്‍ച്ചവ്യാധി, മഞ്ഞപ്പിത്തരോഗങ്ങളോ അലട്ടാമെന്നു കാണുന്നു. എന്നാല്‍ സമയത്തിന്‍റെ ആനുകൂല്യത ലഭിക്കുകയാല്‍ കാര്യസാധ്യത, കുടുംബഭദ്രത, വിവാഹം പോലുള്ള മംഗളകര്‍മ്മ ലഭ്യത, ജോലിയ്ക്കുള്ള പരിശ്രമങ്ങള്‍ക്ക് ഗുണലഭ്യത, സര്‍ക്കാര്‍ ആനുകൂല്യലഭ്യത, ഗൃഹനിര്‍മ്മാണത്തിനായുള്ള പരിശ്രമങ്ങള്‍ സാധൂകരിക്കപ്പെടല്‍, ഗൃഹവിപുലീകരണശ്രമങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറും. കൃഷിയില്‍ ശ്രദ്ധിക്കുകയും തന്മൂലം നേട്ടങ്ങള്‍ ഉണ്ടാക്കാനും സാധിക്കും.
എല്ലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കാലത്തിന്‍റെ ഗുണാനുഭവങ്ങളും അനുഭവപ്പെടാം. എങ്കിലും കൂടുതലായും ദോഷാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

 

പരിഹാരം: വ്യാഴാഴ്ച വിഷ്ണു അഷ്ടോത്തര ശതനാമാവലി പാരായണം ചെയ്യുക. ഭഗവതിയിങ്കല്‍ കടുംപായസനേദ്യം, സുബ്രഹ്മണ്യങ്കല്‍ പഞ്ചാമൃതനേദ്യം, ശനിയാഴ്ച അയ്യപ്പന് നെയ് വിളക്ക്, നീരാജനം പുഷ്പാഞ്ജലി, രുധിരമാല ദേവിക്ക് ഉടയാട, നെയ്വിളക്ക്, ആഞ്ജനേയന് വടമാല.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO