സമ്പൂര്‍ണ്ണ ദ്വൈവാരഫലം 2019 നവംബര്‍ 1 മുതല്‍ നവംബര്‍ 15 വരെ (1195 തുലാം 15 മുതല്‍ 29 വരെ)

  ഗ്രഹപകര്‍ച്ചകള്‍   നവംബര്‍ 04 (തുലാം 18-ാം തീയതി) 12.32 pm ന് വ്യാഴം ധനുവിലേക്കും, നവംബര്‍ 07-ാം തീയതി (തുലാം 21) 3.24 pm ന് ബുധനും, നവംബര്‍ 10-ാം തീയതി... Read More

 

ഗ്രഹപകര്‍ച്ചകള്‍

 

നവംബര്‍ 04 (തുലാം 18-ാം തീയതി) 12.32 pm ന് വ്യാഴം ധനുവിലേക്കും,
നവംബര്‍ 07-ാം തീയതി (തുലാം 21) 3.24 pm ന് ബുധനും,
നവംബര്‍ 10-ാം തീയതി (തുലാം 24) 2.44 pm ന് കുജനും തുലാത്തിലേക്കും പകര്‍ച്ച


 

 

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )

സര്‍വ്വേശ്വരകാരകനായ വ്യാഴം ഭാഗ്യസ്ഥാനത്തേക്ക് മാറുന്ന സമയം മുതല്‍ ഉദ്യോഗം, ധനാഗമം, അധികാരികളുടെ പ്രശംസ, പ്രശസ്ത സേവനത്തിന് അംഗീകാരം, വ്രതാനുഷ്ഠാനങ്ങളും, പുണ്യകര്‍മ്മങ്ങളും ചെയ്യുവാനവസരം, ശാരീരികവും മാനസികവുമായ സുഖം, നല്ല വിവാഹബന്ധം, സന്താനലബ്ധി, ദേവപിതൃകാര്യങ്ങളില്‍ താല്‍പ്പര്യം, ബന്ധുസഹായം തുടങ്ങിയ നല്ല ഫലങ്ങളുണ്ടാകും. നേത്രരോഗം, സ്ഥാനചലനം, വൃഥായാത്രകള്‍, അന്യദേശഗമനമോ വാസമോ, അധികാരികളുടെ അപ്രീതി, അകീര്‍ത്തി, കുടുംബാംഗങ്ങള്‍ക്കും കുടുംബാംഗങ്ങളെക്കൊണ്ട് തനിക്കും പലവിധത്തിലുള്ള ക്ലേശങ്ങള്‍, പൂര്‍വ്വികമായ ഭൂസ്വത്തിനും നാല്‍ക്കാലികള്‍ക്കും കൃഷിക്കും നാശം എന്നിവയ്ക്കിടയുണ്ട്. ദേവീഭജനവും, സര്‍പ്പപ്രീതിയും മഹാവിഷ്ണുവിന് ഇഷ്ടവഴിപാടും ദോഷങ്ങളകറ്റും.


 

 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള പണ്ഡിതന്മാര്‍ക്ക് ആദരവും കവികള്‍ക്കും കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ധാരാളം അവസരങ്ങളും പ്രശസ്തിയും ധനവും ലഭിക്കും. ഉയര്‍ന്ന വിദ്യാഭ്യാസം, സ്ഥിരമോ താല്‍ക്കാലികമോ ആയ ജോലി, ബുദ്ധിപൂര്‍വ്വം കാര്യങ്ങളെ സമീപിക്കുന്നതിനാല്‍ ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, മധുരഭാഷണം, സമ്പത്ത്, സല്‍കീര്‍ത്തി, അധികാരം, വിവിധ സംഘടനാനേതാക്കന്മാര്‍ക്ക് സംഘനായകത്വപദവി, വസ്ത്രാഭരണാദി അലങ്കാരവസ്തുക്കളുടെ ലഭ്യത, ശത്രുജയം, സന്താനത്തെക്കൊണ്ട് സന്തോഷം, കളത്രഗുണം എന്നിവയ്ക്കുള്ള യോഗമുണ്ട്. സാമ്പത്തികബാദ്ധ്യത, വിവാദം, പരിഭവം, വ്യവഹാരം, ശാഠ്യബുദ്ധി, നിസ്സാരകാര്യത്തിനായി കോപിക്കുകയോ കലഹിക്കുകയോ അകലുകയോ വേണ്ടിവരിക, അലസത, രോഗപീഡ, ശരീരത്തിന് ക്ഷതമോ മുറിവോ പറ്റുക, കുടുംബാംഗങ്ങള്‍ക്ക് രോഗാരിഷ്ടത എന്നിവയുമുണ്ടാകാം. ശിവഭജനവും ശാസ്താപ്രീതിയും ദോഷശാന്തി വരുത്തും.


 

 

മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

അച്ചടി, വിവിധമാധ്യമങ്ങള്‍, ഗ്രന്ഥരചന, പ്രസിദ്ധീകരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും പണവും അംഗീകാരവും ലഭിക്കും. പ്രവര്‍ത്തനമികവിന് അധികാരികളുടെ പ്രശംസ ലഭിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. വനംവകുപ്പുമായി ബന്ധപ്പെട്ട ജോലിയോ ആള്‍പാര്‍പ്പുകുറഞ്ഞ സ്ഥലത്ത് മാറി താമസിക്കേണ്ടതായോ വരാം. പലവിധത്തില്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകും. കുടുംബാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. പ്രതിയോഗികളുമായുള്ള വാദപ്രതിവാദങ്ങളില്‍ വിജയവും ബന്ധുസഹായവും പിതൃസ്വത്തും വാഹനങ്ങളും നാല്‍ക്കാലികളും ലഭിക്കാന്‍ യോഗവുമുണ്ട്. മന്ത്രതന്ത്രാദികളില്‍ താല്‍പ്പര്യമുണ്ടാകും. കഴിവുകള്‍ തെളിയിക്കാന്‍ അവസരവും അതിലൂടെ മറ്റുള്ളവരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്യും. സ്ത്രീക്ലേശം, രോഗാരിഷ്ടതകള്‍, അധികം യാത്ര, ജോലിഭാരം കൊണ്ടുള്ള ക്ലേശം മറ്റുള്ളവരുടെ പരിഭവം കേള്‍ക്കേണ്ടി വരിക, ശിരോരോഗം എന്നിവയ്ക്കിടയുണ്ട്. സുബ്രഹ്മണ്യസ്വാമി, ഗണപതി, മഹാവിഷ്ണു എന്നിവര്‍ക്ക് വഴിപാട് നടത്തി പ്രീതിപ്പെടുത്തുന്നത് ശുഭകരമാണ്.


 

 

കര്‍ക്കടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ആരെയും ആശ്രയിക്കേണ്ടതായ സാഹചര്യം വരാം. കാര്യങ്ങള്‍ സാമര്‍ത്ഥ്യത്തോടും ഉത്സാഹത്തോടും ചെയ്തുതീര്‍ക്കും. എതിരാളികളെ സധൈര്യം നേരിടും. പുത്രഗുണം, ബന്ധുസ്നേഹം, സല്‍പ്പേര് എന്നിവയ്ക്ക് പുറമെ മന്ത്രം, മന്ത്രവാദം, പൂജ, ക്ഷേത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യവും അവസരവും ലഭിക്കും. അധികച്ചെലവുനിമിത്തം ധനപരനായ പരാധീനത, നീര്‍ദോഷം തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉദരപീഡ, മനഃക്ലേശം എന്നിവയ്ക്കിടയുണ്ട്. ദേവിക്ക് പായസനിവേദ്യവും ശാസ്താവിന് നീരാജനവും നാഗങ്ങള്‍ക്ക് ഇഷ്ടവഴിപാടും നടത്തി പ്രാര്‍ത്ഥിക്കുന്നത് ഗുണകരമാണ്.


 

 

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)

വിദേശത്തോ സ്വദേശത്തോ നല്ല വിദ്യാഭ്യാസം ചെയ്യാനുള്ള അവസരമുണ്ടാകും. വസ്ത്രം, ആഭരണം, അലങ്കാരവസ്തുക്കള്‍ എന്നിവ ശേഖരിക്കാനവസരമുണ്ടാകും. അമിതവ്യയം കാരണം സാമ്പത്തികസ്ഥിതി പരുങ്ങലിലാകും. തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിരന്തരമായ പരിശ്രമം വേണ്ടിവരും. കോളേജ്, സര്‍വ്വകലാശാല അദ്ധ്യാപകര്‍ക്ക് ക്രമമായ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനയും അറിവിന് അംഗീകാരവും ലഭിക്കും. തര്‍ക്കങ്ങളിലോ വിവാദങ്ങളിലോ ഇടപെട്ട് തന്‍റെ അഭിപ്രായം പറയേണ്ട സന്ദര്‍ഭമുണ്ടാകാം. ദുര്‍ജനങ്ങളെ സേവിക്കുകയോ അവരുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കേണ്ടതോ ആയ സാഹചര്യം വരാം. കളത്രസുഖം, മറ്റുള്ളവരെ സഹായിക്കുവാനവസരം, ശാരീരികവും മാനസികവുമായ സ്വസ്ഥത എന്നിവയുണ്ടാകും. സഹോദരക്ലേശം, കര്‍ണ്ണരോഗം, പിടിവാശിയും അശ്രദ്ധയും കാരണം പലതരത്തില്‍ കഷ്ടനഷ്ടങ്ങള്‍ എന്നിവയ്ക്കും ഇടയുണ്ട്. ശിവപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യുന്നത് ഏറ്റവും ശുഭകരമാണ്.


 

 

കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ആചാര്യന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. സ്വന്തം കഴിവും ബുദ്ധിയും കൊണ്ട് സമ്പത്തും പുതിയ ഗൃഹോപകരണങ്ങളും വാഹനവും സമ്പാദിക്കും. ഇഷ്ടഭക്ഷണം, സഹോദരസഹായം, ഗൃഹത്തില്‍ സന്തോഷവും ഐശ്വര്യവും സുഖവും എന്നിവയുണ്ടാകും. സര്‍ക്കാരുമായോ മറ്റ് വിവിധ ധനകാര്യസ്ഥാപനവുമായോ ഉള്ള ഇടപാടുകള്‍കൊണ്ടോ ധനം അപഹരിക്കപ്പെടുകയോ, അമിതവ്യയം, ദാനം എന്നിവ കാരണമായോ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കാനിടയുണ്ട്. കൃഷിഭൂമി, കാര്‍ഷികവിളകള്‍ എന്നിവയില്‍ നിന്ന് പ്രതീക്ഷിച്ച ആദായം കിട്ടാതിരിക്കുക, വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുക, ചെലവുചുരുക്കല്‍, പ്രതീക്ഷിച്ച കാര്യങ്ങള്‍ക്ക് തടസ്സങ്ങള്‍, പോരില്‍ സാമര്‍ത്ഥ്യം, വൃഥാസഞ്ചാരവും, ഒന്നിലും പ്രത്യേകതാല്‍പ്പര്യം ഇല്ലാതിരിക്കുക, ശാഠ്യബുദ്ധി, വിദേശവാസം അഥവാ സ്വദേശത്തുതന്നെ ഒന്നിലധികം സ്ഥലങ്ങളില്‍ മാറി മാറി വസിക്കേണ്ട സാഹചര്യം, കുലാചാരമര്യാദകളുടെ അനുഷ്ഠാനത്തില്‍ പോരായ്മ, മാതൃക്ലേശം എന്നിവയ്ക്കിടയുണ്ട്. സാഹസപ്രവൃത്തികള്‍ ചെയ്യേണ്ടതായും പലപ്പോഴും ദേഷ്യപ്പെടേണ്ടതായും വരാം. ശരീരത്തില്‍ മുറിവോ ചതവോ ഉണ്ടാകാം. മഹാവിഷ്ണുവിനും ഗണപതിക്കും ഭൈരവനും ഇഷ്ടവഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുന്നത് ദോഷപരിഹാരമാണ്.


 

 

തുലാക്കൂറ് : (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കും. സംഭാഷണചാതുര്യത്താല്‍ മറ്റുള്ളവരെ വശീകരിക്കാന്‍ കഴിയും. വിവിധ ശാസ്ത്രമേഖലകളിലുള്ള പ്രാവീണ്യം പ്രശസ്തിക്കും വാഗ്വൈഭവം ആദരവിനും കാരണമാകും. ആജ്ഞാനുവര്‍ത്തികളായ ഭൃത്യന്മാരും പരിജനങ്ങളും സേവനതല്‍പ്പരരായി ഉണ്ടാകും. സ്വപ്രയത്നത്താല്‍ ധനം സമ്പാദിക്കും. കവികള്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും പ്രതിഫലമായും മറ്റും ധനം വന്നുചേരാനിടയുണ്ട്. വിവിധ പഞ്ചായത്തുകാര്യാലയങ്ങളുടെയോ അതിലുപരിയായ സ്ഥാപനങ്ങളുടെയോ അധികാരസ്ഥാനത്തിന് യോഗമുണ്ട്. സഹോദരസഹായം, നേത്രരോഗം, സന്താനക്ലേശം, കളത്രക്ലേശം, മനഃക്ലേശം, ദുര്‍ജനസംസര്‍ഗ്ഗം, പ്രതീക്ഷിച്ചപോലെ ഫലസമൃദ്ധി കിട്ടാതിരിക്കുക, പലപ്രകാരത്തില്‍ ധനനഷ്ടം, കരുതലോടെ ധനം വ്യയം ചെയ്യേണ്ടി വരിക, മുഖം നോക്കാതെ പ്രതികരിക്കുകയോ ദേഷ്യപ്പെടുകയോ ശകാരിക്കുകയോ ചെയ്യേണ്ടി വരിക, സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് പലഭാഗത്തുനിന്നും തടസ്സങ്ങള്‍ എന്നിവയുണ്ടാകാം. ശാസ്താവിനും ഭഗവതിക്കും ഇഷ്ടവഴിപാടുകള്‍ നടത്തുന്നത് ഏറ്റവും ശുഭകരമാണ്.


 

 

വൃശ്ചികക്കൂറ് : (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരവും, നല്ല ഉദ്യോഗവും വിവിധശാസ്ത്രങ്ങളില്‍ അറിവ് നേടാനുള്ള സന്ദര്‍ഭവും മറ്റുള്ളവരുടെ ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യവും വന്നുചേരും. വേദവേദാംഗാദി ശാസ്ത്രജ്ഞാനികള്‍ക്ക് അവരുടെ വിദ്വത്വവും കഴിവും പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്നതിലൂടെ പേരും പെരുമയും ലഭിക്കും. സുഖാനുഭവം, ആര്‍ഭാടത്തില്‍ വിമുഖത, ദാനധര്‍മ്മങ്ങളില്‍ താല്‍പ്പര്യം, നല്ല ഭക്ഷണം, ഐശ്വര്യം എന്നിവയുണ്ടാകാം. വാക്ചാതുര്യത്താല്‍ മറ്റുള്ളവരുടെ പ്രശംസ നേടുമെങ്കിലും ഔദ്യോഗികകാര്യങ്ങളില്‍ നിര്‍ദാക്ഷിണ്യം നടപടിയെടുക്കും. തുടങ്ങിവച്ച കാര്യം പൂര്‍ത്തീകരിക്കാന്‍ കാലതാമസം വേണ്ടിവരും. ന്യായമായ കാര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടും. കണ്ണിന് വൈഷമ്യം, ബന്ധുക്കളുമായി വിരോധം, പിതൃപുത്രക്ലേശം, വൃഥാസഞ്ചാരം, അന്യദേശവാസം, ശാരീരികമായ വൈകല്യങ്ങള്‍, വാതാദിരോഗോപദ്രവം എന്നിവ ഉണ്ടാകാം. ശിവന് ധാരയും സര്‍പ്പപ്രീതിയും ദോഷങ്ങളകറ്റും.


 

 

ധനുക്കൂറ് : (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

നിരവധി ജീവനക്കാരുള്ള വിഭാഗത്തില്‍ അധികാരിയാവുകയോ ദേശത്തിന്‍റെയോ ഗ്രാമത്തിന്‍റെയോ നഗരത്തിന്‍റെയോ അധികാരിയായി രാജതുല്യം ശോഭിക്കുകയോ ചെയ്യും. സ്വന്തമായി തീരുമാനങ്ങളെടുക്കാനും പ്രതാപത്താല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യനാകാനും യോഗമുണ്ട്. ബുദ്ധിയും സത്യനിഷ്ഠയും കര്‍മ്മകുശലതയും ഉത്സാഹവും സാഹസപ്രവൃത്തികളും സമഭാവനയും കൊണ്ട് സല്‍പ്പേര് നേടും. നല്ല സാമ്പത്തികസ്ഥിതിയും സൗഭാഗ്യവും സന്താനസൗഖ്യവും കുടുംബസുഖവും ഐശ്വര്യവും സുഖഭോഗങ്ങളുമുണ്ടാകും. വിദേശവാസം, വിദൂരയാത്രകള്‍, പാഴ്ച്ചെലവിലൂടെ ധനനഷ്ടം, ചെവിക്കോ കണ്ണിനോ അസുഖം, ശാരീരികാസ്വാസ്ഥ്യം, ബന്ധുവിരോധം, ആലസ്യം എന്നിവയുണ്ടാകാം. വിഷ്ണുഭജനവും ഗണപതിപ്രീതിയും ശ്രേയസ്ക്കരങ്ങളാണ്.


 

 

മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

വ്യാഴം സര്‍വ്വാഭീഷ്ടരാശിയില്‍ നില്‍ക്കുന്നതിനാല്‍ യശസ്സ്, പൈതൃകസമ്പത്ത്, സല്‍കീര്‍ത്തി, അധികാരം, വാഹനങ്ങള്‍, വിശേഷപ്പെട്ട വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കും യോഗമുണ്ട്. അറിവിന് തക്ക അംഗീകാരം ലഭിക്കും. ബുദ്ധിപൂര്‍വ്വമായും സത്യസന്ധമായും നിയമപരമായും കാര്യങ്ങള്‍ നടപ്പിലാക്കുന്നതുകൊണ്ട് അധികാരികള്‍ക്ക് സുസമ്മതനാണെങ്കിലും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ക്ക് അപ്രിയനാകാനും ചിലപ്പോള്‍ പ്രതിഷേധങ്ങളെ നേരിടേണ്ടതായും വരാം. ബന്ധപ്പെടുന്ന രംഗങ്ങളിലെല്ലാം ശോഭിക്കുവാനും തുടങ്ങുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും കഴിയും. സര്‍ക്കാരില്‍ നിന്നോ വിവിധ സന്നദ്ധസംഘടനകളില്‍നിന്നോ ധനവും ബഹുമതിയും ലഭിക്കാന്‍ യോഗമുണ്ട്. പൈതൃകവസ്തുക്കള്‍ക്ക് നാശം, പിതൃക്ലേശം, പരദേശവാസം, ശത്രുക്കളെക്കൊണ്ട് മനഃക്ലേശം, അധികമായ ധനവ്യയം, കണ്ണിനും ഉദരത്തിനും വ്യാധി എന്നിവയ്ക്കും സാധ്യതയുണ്ട്. സര്‍വ്വപ്രീതിയും ശാസ്താപ്രീതിയും ശുഭഫലങ്ങള്‍ നല്‍കും.


 

 

കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

വിദേശത്തോ വിദൂരത്തോ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കുന്നതിന് അവസരം ലഭിക്കാം. സമൂഹത്തില്‍ മാന്യസ്ഥാനം, സുഖം, സമ്പത്ത്, പുത്രസൗഭാഗ്യം, വിശേഷപ്പെട്ട വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, വാഹനങ്ങള്‍, കാര്‍ഷികവിളകളില്‍നിന്ന് നല്ല ആദായം എന്നിവയുണ്ടാകും. നെയ്ത്ത്, ടെക്സ്റ്റയില്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല വിറ്റുവരവും ലാഭവും ഉണ്ടാകും. ശില്‍പ്പികള്‍ക്കും കലാകാരന്മാര്‍ക്കും കൂടുതല്‍ പ്രശോഭിക്കാനും ധനാഗമത്തിനും സന്ദര്‍ഭമുണ്ടാകും. വിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ച, നൈസര്‍ഗ്ഗികമായ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കിടയാകും. വാക്സാമര്‍ത്ഥ്യം കൊണ്ടും സാമം, ദാനം തുടങ്ങിയ ചതുരുപായങ്ങളാലും ശത്രുവിനെപ്പോലും വശത്താക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ സഫലമായി പര്യവസാനിക്കും. ഈശ്വരഭക്തി, ഗുരുഭക്തി, ബ്രാഹ്മണപൂജ, സദാചാരം, ദാനധര്‍മ്മങ്ങള്‍ എന്നിവയില്‍ താല്‍പ്പര്യം. ആചാരാനുഷ്ഠാനങ്ങളില്‍ അലസത, അധികം സംസാരം, പിതൃക്ലേശം, രോഗപീഡ എന്നിവയുണ്ടാകാം. കുലദേവതാപ്രീതിയും പ്രാര്‍ത്ഥനയും ക്ലേശങ്ങളകറ്റും.


 

 

മീനക്കൂറ് : (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന ജോലിയും പ്രസിദ്ധിയും മെച്ചപ്പെട്ട ശമ്പളവും രാജകീയമായ സ്ഥാനമാനങ്ങളും ലഭിക്കും. കൃഷിയില്‍ നിന്ന് വരുമാനം, വിശേഷവസ്തുക്കളുടെ ലഭ്യത, ഐശ്വര്യം, പുത്രസുഖം, നേതൃസ്ഥാനം, പ്രവര്‍ത്തനമേഖലയില്‍ പേരും പ്രശസ്തിയും ഉണ്ടാകും. ശില്‍പ്പവേല ചെയ്യുന്നവര്‍ക്ക് അവരുടെ കഴിവിന് പ്രശംസയും മെച്ചപ്പെട്ട പ്രതിഫലവും ലഭിക്കും. ദേവപൂജയിലും പിതൃപ്രീതിയിലും ഗുരുജനങ്ങളെ ആദരിക്കുന്നതിലും അതിഥികളെ സല്‍ക്കരിക്കുന്നതിലും താല്‍പ്പര്യമുണ്ടാകും. സ്വന്തം മനസ്സാക്ഷിക്ക് നിരക്കാത്തതും അനുചിതവുമായ കാര്യങ്ങള്‍ ചെയ്യേണ്ടി വരിക, കണ്ണിന് വൈകല്യം, ധനാഗമത്തില്‍ കുറവ്, അകാരണമായ കലഹം, ആചാരാനുഷ്ഠാനത്തില്‍ താല്‍പ്പര്യക്കുറവ്, ബന്ധുക്കളുമായി വിരോധം, കളത്രക്ലേശം, രോഗപീഡ എന്നിവയ്ക്കും ഇടയുണ്ട്. ശിവാഷ്ടോത്തരം ചൊല്ലുന്നതും ശിവന് ധാരയും ഇഷ്ടവഴിപാടുകളും നടത്തുന്നതും ശുഭകരമാണ്.

 


 

Show Less

No comments Yet

SLIDESHOW

LATEST VIDEO