സച്ചി ഒരുക്കുന്ന ‘അയ്യപ്പനും കോശിയും’

കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തി ഗ്രാമപ്രദേശമായ ആനക്കട്ടിയില്‍ അയ്യപ്പനും കോശിയും പൂര്‍ത്തിയായി. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയില്‍ പൃഥ്വിരാജും ബിജുമേനോനും കേന്ദ്ര... Read More

കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തി ഗ്രാമപ്രദേശമായ ആനക്കട്ടിയില്‍ അയ്യപ്പനും കോശിയും പൂര്‍ത്തിയായി. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയില്‍ പൃഥ്വിരാജും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്തെന്ന നിലയില്‍ ശ്രദ്ധേയനായ സച്ചി സംവിധാനചുമതലയേല്‍ക്കുന്ന രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. 2015 ല്‍ സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യചിത്രം അനാര്‍ക്കലി വേറിട്ടൊരു കാഴ്ചാനുഭവമായിരുന്നു. എന്നിട്ടും നാലുവര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ സിനിമയിലേക്കെത്തുന്നത്. അനാര്‍ക്കലിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജും ബിജുമേനോനുമാണ് അയ്യപ്പനും കോശിയുമായെത്തുന്നത്.

 

 

തിരക്കഥാകൃത്തായി സിനിമയില്‍ വരുമ്പോള്‍ സംവിധായകനാകണമെന്നുതന്നെയായിരുന്നു ആഗ്രഹം. എങ്ങനെയെങ്കിലുമൊരു സിനിമ സംവിധാനം ചെയ്തിട്ടുകാര്യമില്ല. ആദ്യം ചെയ്യുന്ന സിനിമ കഥാപരമായും സാങ്കേതികപരമായും മികച്ചതാകണം, നല്ല എഫര്‍ട്ടുള്ളതായിരിക്കണം, ഡയറക്ടോറിയല്‍ സിനിമയായിരിക്കണമെന്നു ഉറപ്പിച്ചിരുന്നു. ആ ഒരു തീരുമാനത്തില്‍ നിന്നാണ് അനാര്‍ക്കലി സംഭവിച്ചതെന്ന് തിരക്കഥാകൃത്തും സംവിധായകനായ സച്ചി പറഞ്ഞു.

 

സൗഹൃദത്തിന്‍റെ പേരില്‍ സിനിമ ചെയ്യുന്ന ആളല്ല പൃഥ്വിരാജ്

 

അനാര്‍ക്കലിയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ശന്തനു എന്ന നായക കഥാപാത്രം ഒരു കാമുകനാണ്.. നേവല്‍ ഓഫീസറാണ്. നിനക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാറാണെന്നു കാമുകന്മാരും കാമുകിമാരും സ്ഥിരമായി പറയാറുള്ളതാണ്. പക്ഷേ ശന്തനു മരണത്തോടടുക്കുന്ന വലിയ സാഹസം കാണിച്ചിട്ടാണ് പ്രണയം പൂര്‍ത്തീകരിക്കുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്‍റെ മുന്നില്‍ ആദ്യം വന്ന മുഖം പൃഥ്വിരാജിന്‍റേതാണ്. അതിനുരണ്ട് കാരണങ്ങളുണ്ട്. നായകന്‍ നേവല്‍ ഓഫീസറായതുകൊണ്ട് അതിനനുസരിച്ചുള്ള ഫിസിക്കുണ്ടാവണം. നല്ല ശബ്ദമായിരിക്കണം. ആ കഥാപാത്രത്തിന് പറ്റുന്ന വേറൊരു നടനും എന്‍റെ മനസ്സില്‍ ഉണ്ടായില്ല. പൃഥ്വിരാജിനോട് കഥ പറഞ്ഞപ്പോള്‍ വളരെ താല്‍പ്പര്യപൂര്‍വ്വം കേള്‍ക്കുകയും ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.

 

ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നതിനു മുമ്പ് നിങ്ങള്‍ സംവിധാനം ചെയ്യണമെന്നു പല പ്രാവശ്യം എന്നോട് പറയുകയും നിര്‍ബന്ധിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ്. ആദ്യ സംരംഭത്തില്‍ പൃഥ്വിരാജ് വേണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്‍റെ ആഗ്രഹം അറിഞ്ഞിട്ട് പൃഥ്വിരാജ് വന്ന് അഭിനയിച്ചതല്ല. ശന്തനു എന്ന നായക കഥാപാത്രത്തെ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രമാണ് പൃഥ്വിരാജ് അഭിനയിക്കാന്‍ തയ്യാറായത്.

 

 

വളരെ പ്രൊഫഷണലായിട്ടും അത്രയ്ക്ക് ഡെഡിക്കേഷനോടുംകൂടിയാണ് പൃഥ്വിരാജ് സിനിമയെ കാണുന്നത്. സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചും അതിന്‍റെ സാങ്കേതിക വശങ്ങളെക്കുറിച്ചും തറവായിട്ട് പഠിക്കുകയും അതിന്‍റെ പ്രയോഗരൂപങ്ങള്‍ എങ്ങനെയാണെന്നും വ്യക്തമായിട്ട് അറിയുന്നൊരു നടനാണ്. ആദ്യത്തെ സംവിധാനസംരംഭത്തില്‍ അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു. സൗഹൃദത്തിന്‍റെ പേരിലൊന്നും സിനിമ കമിറ്റ് ചെയ്യുന്ന ആളല്ല പൃഥ്വിരാജ്, ഇത് ഞാന്‍ ചെയ്യേണ്ട സിനിമയാണ്, ഞാന്‍ ചെയ്താല്‍ നന്നാകുമെന്നു തോന്നിപ്പിക്കുന്ന സിനിമ മാത്രമേ ചെയ്യൂ. അങ്ങനെ വേണം സിനിമയെ കാണാന്‍.

 

ഏതുകഥയും ബിജുമേനോനോട് ഞാന്‍ പറയാറുണ്ട്

 

അനാര്‍ക്കലിയിലെ മറ്റൊരു പ്രധാനകഥാപാത്രമാണ് സക്കറിയ. സിനിമയിലുള്ള സുഹൃത്തുക്കളില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് ബിജുമേനോന്‍. സിനിമയ്ക്കുള്ളില്‍ മാത്രമല്ല സിനിമയ്ക്ക് പുറത്തു വ്യക്തിപരമായ കാര്യങ്ങളും കുടുംബപരമായ വിഷയങ്ങളും സംസാരിക്കുന്ന സുഹൃത്താണ്. അത്രയും ആഴത്തിലുള്ള ബന്ധമാണ്. സക്കറിയയെ ബിജു ചെയ്യുമോന്നറിയില്ല. കാരണം ബിജു ഹീറോ വേഷം ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്.

 

അനാര്‍ക്കലിയില്‍ സപ്പോര്‍ട്ടിംഗ് ക്യാരക്ടറാണ് സക്കറിയ. പല പ്രതിസന്ധികളിലും നായകന്‍റെ കൂടെ നില്‍ക്കുന്ന ഉറ്റ സുഹൃത്ത്. അനാര്‍ക്കലി നായക കഥാപാത്രത്തിന്‍റെ സിനിമയാണ്. സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ബിജുവാണ് ആ കഥാപാത്രം ചെയ്യേണ്ടതെന്നു എനിക്ക് തോന്നിയിരുന്നു. പറഞ്ഞാല്‍ ബിജു ചെയ്യും. പക്ഷേ ആ സമയത്ത് സൗഹൃദം നമ്മള്‍ ചൂഷണം ചെയ്യുന്നതുപോലെയാകില്ലേ. സൗഹൃദങ്ങള്‍ സിനിമയ്ക്കുവേണ്ടി ഉപയോഗിക്കുന്നതിനോട് എനിക്ക് താല്‍പ്പര്യമില്ല.

 

സംവിധാനം ചെയ്യാന്‍ ഉറപ്പിച്ചു, ഇതാണ് കഥയെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരിച്ചിരുന്നു. ഏതുകഥയും ബിജുവിനോട് ഞാന്‍ പറയാറുണ്ട്. അനാര്‍ക്കലിയുടെ കഥ പറഞ്ഞപ്പോള്‍ സക്കറിയയുടെ ക്യാരക്ടര്‍ ആരാണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നീ ചെയ്യണമെന്നാണ് ആഗ്രഹം. ഈ സമയത്ത് ഒരു സപ്പോര്‍ട്ടിംഗ് ക്യാരക്ടര്‍ ചെയ്യേണ്ട ആവശ്യം നിനക്കില്ലല്ലോ. ഹേയ്.. സക്കറിയ ഞാന്‍ തന്നെയാണ് ചെയ്യുന്നത്. സപ്പോര്‍ട്ടിംഗൊന്നും നോക്കണ്ട. നിന്‍റെ ആദ്യത്തെ പടമായതുകൊണ്ടുമല്ല. ആ കഥാപാത്രം നല്ലതാണെന്നു എനിക്ക് തോന്നിയതുകൊണ്ടാണ് ചെയ്യാമെന്ന് പറഞ്ഞത്. അങ്ങനെയാണ് ബിജുമേനോന്‍ അനാര്‍ക്കലിയില്‍ അഭിനയിക്കുന്നത്.

 

 

എഴുത്തിന്‍റെ തിരക്കൊഴിഞ്ഞപ്പോള്‍ വീണ്ടും

 

അനാര്‍ക്കലി ചെയ്യുന്നതിനുമുമ്പ് സ്ക്രിപ്റ്റ് എഴുതികൊടുക്കാമെന്ന് ഏറ്റുപോയ ചില പ്രോജക്ടുകളുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞിട്ടുവേണം സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചാലോചിക്കാന്‍. അനാര്‍ക്കലിക്കുശേഷം സംവിധാനം ചെയ്യാന്‍ വേണ്ടി പലരും വിളിച്ചു. പക്ഷേ കമ്മിറ്റ് ചെയ്ത സംഭവങ്ങള്‍ തീര്‍ത്തു കൊടുക്കേണ്ട ബാദ്ധ്യത നമുക്കുണ്ട്. ഒരു പടം സംവിധാനം ചെയ്തു വിജയിച്ചതുകൊണ്ട് മറ്റുള്ളവരോട് നോ പറയാന്‍ എനിക്ക് പറ്റില്ല. പറഞ്ഞുപോയവാക്കും, നമ്മളെ വിശ്വസിച്ച് ഒരു സംവിധായകന്‍ ഒരു സ്ക്രിപ്റ്റിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുമ്പോള്‍ സോറി.. ഞാന്‍ ഇനി വേറെ ആര്‍ക്കും വേണ്ടി എഴുതുന്നില്ല. നിങ്ങള് മറ്റ് ആരെകൊണ്ടെങ്കിലും എഴുതിക്ക്.. ഞാനെഴുതുന്നത് ഞാന്‍ തന്നെ സംവിധാനം ചെയ്തോളാമെന്ന് എങ്ങനെപറയും. അങ്ങനെ പറയാന്‍ പറ്റാത്തതുകൊണ്ട് നേരത്തെ കമിറ്റ് ചെയ്ത സ്ക്രിപ്റ്റുകള്‍ എഴുതികൊടുത്തു. ഇപ്പോള്‍ എഴുത്തിന്‍റെ തിരക്കൊഴിഞ്ഞു വീണ്ടും സംവിധാനത്തിലേക്കുവന്നു.

 

നിര്‍മ്മാണം രഞ്ജിത്ത്

 

വന്‍വിജയങ്ങളായ സിനിമകളും ആരാധന തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സൃഷ്ടികര്‍ത്താവുമൊക്കെയായ രഞ്ജിത്ത് ചേട്ടന്‍.. എന്‍റെ കമ്പനിക്കുവേണ്ടി നീയൊരു പടം ചെയ്യണമെന്ന് എന്നോട് പറഞ്ഞപ്പോള്‍ എങ്കില്‍ അടുത്തപടം രഞ്ജിത്ത് ചേട്ടന്‍ പ്രൊഡ്യൂസ് ചെയ്യുന്നതാകട്ടെയെന്നു തീരുമാനിച്ചു. സിനിമയെക്കുറിച്ച് ഇത്രയധികം അറിവുള്ളൊരാള്‍. നൂറ് ശതമാനവും വിജയിക്കുമെന്നുറപ്പില്ലാത്ത തന്‍റെ ഉള്ളിലുള്ള ചലച്ചിത്രകാരനെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്തിട്ടുള്ള ആളാണ്. നല്ല സിനിമയുടെ വക്താവാണ്. അങ്ങനെയൊരാള്‍ നിര്‍മ്മാതാവായി വരുമ്പോള്‍ മനസ്സമാധാനത്തോടെ പടം സംവിധാനം ചെയ്യാന്‍ കഴിയുമെന്ന തോന്നലാണ് എനിക്കുണ്ടായത്. ഷൂട്ടിംഗിനുവേണ്ടി ഞാന്‍ ആവശ്യപ്പെട്ടതൊക്കെ തന്നിട്ടുണ്ട്. സിനിമയുടെ കാര്യത്തില്‍ എന്തെങ്കിലും ഇടപെടലോ നോ എന്നോ ഇതുവരെ പറഞ്ഞിട്ടില്ല. നമ്മുടെ കൂടെ നില്‍ക്കുകയാണ്. നല്ലൊരു കൂട്ടായ്മയിലാണ് ഷൂട്ടിംഗ് മുന്നോട്ടുനീങ്ങുന്നത്.

 

 

രഞ്ജിത്ത് ചേട്ടനോട് കഥയുടെ ചെറിയൊരു രൂപം പറയുകയും അത് ഇഷ്ടപ്പെടുകയും ചെയ്തു. രഞ്ജിത്ത് ചേട്ടന്‍റെ വളരെ അടുത്ത സുഹൃത്താണ് പി.എം. ശശിധരന്‍. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സ് എന്ന കമ്പനിയില്‍ രഞ്ജിത്ത് ചേട്ടന്‍റെ കൂടെയുള്ളത് ശശിധരനാണ്. അവരൊന്നിച്ചാണ് പടങ്ങള്‍ പ്രൊഡ്യൂസ് ചെയ്യുന്നത്. ശശിയേട്ടന്‍ പ്രൊഡ്യൂസറായിട്ടല്ല നമ്മളോട് പെരുമാറുന്നത്. ഒരു അനുജനോടെന്നപോലെ അത്രയധികം സ്നേഹത്തോടെയാണ് ഓരോ കാര്യവും ചോദിക്കുന്നതും പറയുന്നതും. നമ്മുടെ പേഴ്സണല്‍ കാര്യങ്ങളില്‍വരെ സ്നേഹത്തോടെ ഇടപെടുന്ന നല്ലൊരു മനുഷ്യനാണ്. എന്നെ സംബന്ധിച്ച് ഈയൊരു പ്രൊഡക്ഷന്‍ കമ്പനി (രഞ്ജിത്ത് ചേട്ടനും ശശിയേട്ടനും) നമ്മള്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമ കൊണ്ടുപോകുന്നത്.

 

അയ്യപ്പനും കോശിയും സച്ചിയും

 

അയ്യപ്പന്‍നായര്‍ 53 വയസ്സ്. അട്ടപ്പാടിപോലെ വളരെ റിമോട്ടായ ഒരു ആദിവാസി മേഖലയിലെ പോലീസ് സ്റ്റേഷനില്‍ റിട്ടയര്‍ ചെയ്യാറായ എസ്.ഐ ആണ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജുമേനോന്‍ ആണ്. ഇതേ പ്രായത്തിലുള്ള ഏതെങ്കിലുമൊരു നടനെകൊണ്ട് ചെയ്യിക്കാമെന്നാണ് ഞാന്‍ ആലോചിച്ചത്. പക്ഷേ ഇതിനകത്ത് വയലന്‍സ് കുറച്ചുവരുന്നുണ്ട്. സിനിമാറ്റിക് രീതിയിലുള്ള വയലന്‍സല്ല. നോര്‍മല്‍ ലൈഫില്‍ ഒരു മനുഷ്യന്‍ വയലന്‍സിലേക്ക് പോകുന്നതെങ്ങനെയാണ്. ആ ഒരു താളത്തിലും സ്വഭാവത്തിലുമുള്ള വയലന്‍സാണ്. വളരെ നാച്വറലായിട്ടുള്ള ഫൈറ്റാണ്.

 

ബിജുമേനോന്‍റെ ഒരു പ്രത്യേകത ബിഹേവിയര്‍ പാറ്റേണിലുള്ള അഭിനയരീതിയാണ്. മാത്രമല്ല ഇങ്ങനെയുള്ള കാര്യങ്ങളില്‍ എവിടെയൊക്കെ സിനിമാറ്റിക് സ്വഭാവം വരുമെന്ന് വ്യക്തമായി അറിഞ്ഞിരിക്കുകയും കഴിവതും അതുമാറ്റി ചെയ്യുകയും ചെയ്യുന്ന സ്വഭാവം ബിജുവിനുണ്ട്. അതുകൊണ്ടു ബിജുതന്നെ ചെയ്യട്ടെയെന്നും തീരുമാനിച്ചു. ഇപ്പോള്‍ ബിജു ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളിലെ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വളരെ വ്യത്യസ്തമായ വേഷമാണ്. അടുത്തകാലത്ത് ബിജു ചെയ്തിട്ടുള്ള ഭൂരിഭാഗം കഥാപാത്രങ്ങളും ഹ്യൂമറിനു ഇംപോര്‍ട്ടന്‍സുള്ളതാണ്. അതില്‍ നിന്നുമാറി വളരെ സ്ട്രോങ്ങായിട്ടുള്ള, വ്യക്തിത്വമുള്ള കഥാപാത്രമാണ് അയ്യപ്പന്‍.

 

 

കോശി 35 വയസ്സ്. പതിനേഴ് വര്‍ഷത്തെ പട്ടാളജീവിതം കഴിഞ്ഞിറങ്ങിയ ഒരു ഹവില്‍ദാറാണ് കോശി. കട്ടപ്പനയിലെ വലിയൊരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു, പതിനെട്ടാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു, മുപ്പത്തിയഞ്ച് വയസ്സായപ്പോള്‍ തിരിച്ചുപോന്നു. മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ റിട്ടയര്‍മെന്‍റ് ലൈഫ് ആടിപാടി ആഘോഷിക്കുകയാണ് കോശി. ചെറിയ പ്രായത്തില്‍ പട്ടാളത്തില്‍ പോയി പതിനേഴ് വര്‍ഷം കഴിഞ്ഞുവരുമ്പോള്‍ പൊതുസമൂഹത്തില്‍ പരസ്പരബഹുമാനത്തോടെ എങ്ങനെ ജീവിക്കണമെന്ന് അയാള്‍ ശീലിച്ചിട്ടില്ല.
നാട്ടില്‍ അത്യാവശ്യം രാഷ്ട്രീയ ബന്ധമൊക്കെയുള്ള ആളാണ് കോശിയുടെ അപ്പന്‍ കുര്യന്‍.

 

ഒന്നിനെയും വക വയ്ക്കാത്ത തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിനുവേണ്ടി അങ്ങേയറ്റം വരെ പോരാടുന്നൊരാള്‍. വാശിയും ദുശാഠ്യവും അഹങ്കാരവുമെല്ലാം ഒത്തുചേര്‍ന്ന് ഒട്ടും മെരുങ്ങാത്തൊരു അപ്പന്‍റെ മകനാണ് കോശി. അപ്പന്‍റെ പിടിവാശിയും അല്‍പ്പസ്വല്‍പ്പം അഹങ്കാരവും മകന് കിട്ടിയിട്ടുണ്ട്. ആരോടും വിട്ടുകൊടുക്കില്ല. തോറ്റു പിന്‍മാറുകയില്ല. കോശിയുടെ വേഷത്തിന് ഏറ്റവും അനുയോജ്യനായ നടന്‍ പൃഥ്വിരാജ് തന്നെയാണ്. അതുകൊണ്ടാണ് പൃഥ്വിരാജിനോട് കഥ പറഞ്ഞത്. കഥ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രമാണ് പൃഥ്വിരാജ് അഭിനയിക്കാന്‍ തയ്യാറായത്.

 

വളരെ അവിചാരിതമായി ഒരു പ്രശ്നത്തില്‍ അയ്യപ്പനും കോശിയും കൂട്ടിമുട്ടുകയും അതേ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് കഥ. മറ്റുള്ളവര്‍ക്ക് ചെറുതെന്ന് തോന്നുന്നത് അവരെ രണ്ടുപേരെയും സംബന്ധിച്ച് വലിയ സംഭവങ്ങളാണ്. അനാര്‍ക്കലിയില്‍ സുഹൃത്തുക്കളായി അഭിനയിച്ചവര്‍ ഈ സിനിമയില്‍ ശത്രുക്കളാണ്. അയ്യപ്പനും കോശിയും സ്ട്രോംഗാണ്. ഇരുമ്പ് പോലെയുള്ള കഥാപാത്രങ്ങളാണ്. സിനിമയില്‍ രണ്ടുപേര്‍ക്കും തുല്യപ്രാധാന്യമുണ്ട്.

 

 

താരങ്ങളും  ടെക്നീഷ്യന്‍സും

 

ബാനര്‍ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സ്, നിര്‍മ്മാണം രഞ്ജിത്ത്, പി.എം. ശശിധരന്‍, തിരക്കഥ, സംവിധാനം സച്ചി, ക്യാമറാമാന്‍ സുധീപ് ഇളമണ്‍, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, പ്രൊഡ: കണ്‍ട്രോളര്‍ ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസ്, ചീഫ് അസ്സോ: ഡയറക്ടര്‍ ജയന്‍ നമ്പ്യാര്‍, എക്സി: പ്രൊഡ്യൂസര്‍ അഗ്നിവേഷ് രഞ്ജിത്ത്, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, അസോ: ഡയറക്ടര്‍ രനിത്ത് ഇളമാട്, മന്‍സൂര്‍ റഷീദ്, അസി: ഡയറക്ടേഴ്സ് വിനോദ് ഗംഗ, സഞ്ജയന്‍ മാര്‍ക്കോസ്, സാജിദ് മണ്ണേല്‍, സ്റ്റില്‍സ് ഹരി തിരുമല, പ്രൊഡ; എക്സിക്യുട്ടീവ് ജിതേഷ് അഞ്ചുമന, പൗലോസ് കുറുമറ്റം, സംഗീതം ജേക്സ് ബിജോയ്. പൃഥ്വിരാജ്, ബിജുമേനോന്‍, രഞ്ജിത്ത്, അനില്‍ നെടുമങ്ങാട്, അനുമോഹന്‍, ഷാജുശ്രീധര്‍, സാബു, വിനോദ് തോമസ്, ഗൗരിനന്ദ, അന്നാരാജന്‍, ധന്യ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

 

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO