മാനവമൈത്രി സന്ദേശവുമായി ശബരിമല മേല്‍ശാന്തി

ശബരിമല മേല്‍ശാന്തി, അരീക്കര സുധീര്‍ നമ്പൂതിരി കെട്ടുനിറച്ച് ശബരീശസന്നിധിയിലേക്ക് യാത്രയാകുന്ന പുണ്യനിമിഷമാണിത്. മകള്‍ വേദികയും, സഹോദരന്‍മാരുമടക്കം ഇരുപതംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടാന്‍ യാത്രയാകുന്നത്. ദീര്‍ഘകാലമായി തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് സുധീര്‍... Read More

ശബരിമല മേല്‍ശാന്തി, അരീക്കര സുധീര്‍ നമ്പൂതിരി കെട്ടുനിറച്ച് ശബരീശസന്നിധിയിലേക്ക് യാത്രയാകുന്ന പുണ്യനിമിഷമാണിത്. മകള്‍ വേദികയും, സഹോദരന്‍മാരുമടക്കം ഇരുപതംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടാന്‍ യാത്രയാകുന്നത്. ദീര്‍ഘകാലമായി തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് സുധീര്‍ നമ്പൂതിരി. ശബരീശനെ പൂജിക്കാനുള്ള നിയോഗം ഓര്‍ക്കാപ്പുറത്തെത്തിയതിന്‍റെ ആഹ്ലാദവിസ്മയങ്ങള്‍ക്കിടയിലാണ്, അദ്ദേഹവും കുടുംബാംഗങ്ങളും ഇപ്പോഴും. ക്ഷേത്രത്തിനരികിലുള്ള വീട്ടിലിരുന്ന് ഭാര്യ ശ്രീജയ്ക്കൊപ്പം ‘മഹിളാരത്ന’ത്തോട് മനസ്സ് തുറക്കുകയാണദ്ദേഹം. പിന്നിട്ട വഴികളെക്കുറിച്ച്… അരീക്കര ദേശത്തു നിന്നും തിരുന്നാവായയിലെത്തിയ ചരിത്രപശ്ചാത്തലത്തെക്കുറിച്ച്… ഭക്തിയുടെ ഉദാത്തലക്ഷ്യമായ മാനവമൈത്രിയെക്കുറിച്ച്…. ശബരിമല ദര്‍ശനത്തിനായുള്ള കഠിനവ്രതത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചുമെല്ലാം വിശദമായി അദ്ദേഹം സംസാരിക്കുന്നു.

 

വേട്ടക്കരനും ശ്രീചക്രവും നെഞ്ചോട് ചേര്‍ത്ത്

 

തിരുന്നാവായ നാവാമുകുന്ദക്ഷേത്രത്തിലെ മേല്‍ശാന്തിമാരായി സാമൂതിരി രാജാവിന്‍റെ ഭരണകാലത്ത് എത്തിയവരായിരുന്നു ഞങ്ങളുടെ കാരണവന്മാര്‍. താന്ത്രികവും വൈദികവും ഒത്തുചേര്‍ന്ന കുടുംബത്തില്‍ നിന്നുള്ളവരാകണം മേല്‍ശാന്തിമാര്‍ എന്ന് ദേവപ്രശ്നത്തില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു അത്. വൈദ്യപരിജ്ഞാനവും താന്ത്രികവിധികളും ഒത്തുചേര്‍ന്ന കുടുംബങ്ങള്‍ വിരളമായിരിക്കുമല്ലോ. അങ്ങനെയാണ് സാമൂതിരിയുടെ നിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണം, അന്നത്തെ കുറുമ്പ്രനാട് രാജഭരണപരിധിയിലുള്ള നന്‍മണ്ട- ബാലുശ്ശേരിക്കടുത്തുള്ള അരീക്കര ദേശത്തുള്ള ഞങ്ങളുടെ തറവാട്ടില്‍ എത്തുന്നത്. കാരണം, ഞങ്ങളുടെ കാരണവന്മാര്‍ വിഷചികിത്സാരംഗത്ത് പേരുകേട്ടവരായിരുന്നു. സാമൂതിരി രാജാവിന്‍റെ നിര്‍ദ്ദേശമാകയാല്‍, കുറുമ്പ്രനാട് രാജാവ് അനുഗ്രഹാശിസ്സുകളോടെയാണ് അവരെ തിരുന്നാവായയിലേക്ക് അയച്ചത്.

 

 

സ്വത്ത് വകകള്‍ എല്ലാം ഉപേക്ഷിച്ച് അവര്‍ യാത്രയായപ്പോള്‍ ഒരു കാര്യം മാത്രമേ അവര്‍ സ്വന്തമായി കൊണ്ടുപോന്നുള്ളൂ…  ഇല്ലത്തെ തേവാരപ്പുരയിലെ ശ്രീചക്രവും, വേട്ടക്കരനും മാത്രം. അതവര്‍ നെഞ്ചോട് ചേര്‍ത്ത് നാവാമുകുന്ദക്ഷേത്രത്തിലെത്തി. തലമുറകള്‍ പലത് കഴിഞ്ഞിരിക്കുന്നു. ഇന്നും ഞങ്ങള്‍ ഭക്ത്യാദരങ്ങളോടെ ഇവിടെ ഇല്ലത്ത്, ശ്രീചക്രവും, വേട്ടക്കരനേയും യഥാവിധി പൂജിച്ച് കൊണ്ടേയിരിക്കുന്നു. കുറുമ്പ്രനാട് രാജാവയച്ച കാരണവന്മാര്‍ക്ക് സാമൂതിരി രാജാവ് ക്ഷേത്രത്തിനടുത്ത് താമരക്കായലിനടുത്തായി താമസസ്ഥലവും ഭൂമിയും നല്‍കി.. ഒരര്‍ത്ഥത്തിലൊരു പറിച്ചുനടല്‍… പിന്തിരിഞ്ഞ് നോക്കുമ്പോള്‍ എന്തെല്ലാം അത്ഭുതങ്ങള്‍, പത്തോളം തലമുറകള്‍, നാല്‍പ്പതോളം മേല്‍ശാന്തിമാര്‍… ലാഭേച്ഛ നോക്കാതെ അവരെല്ലാം തന്നെ നാവാമുകുന്ദന്‍റെ മുന്നില്‍ സര്‍വ്വവും സമര്‍പ്പിക്കുകയായിരുന്നു. അതിന്‍റെയൊക്കെ സദ്ഫലങ്ങളാണ് ഇപ്പോള്‍ ഞങ്ങള്‍ ഈ തലമുറക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഞാന്‍ ശബരിമലയിലെ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കാരണവന്മാര്‍ ചെയ്ത പുണ്യങ്ങള്‍ കൊണ്ടാണല്ലോ ഇതെല്ലാം…

 

കാരണവന്മാര്‍ തലമുറകളായി ഞങ്ങളെ പറഞ്ഞുപഠിപ്പിച്ചത്, ഞങ്ങളുടെ ‘പെറ്റമ്മ വേട്ടക്കരനും, പോറ്റമ്മ നാവാമുകുന്ദനു’ മാണെന്നാണ്.. അണുകിട തെറ്റാതെ ആ വിശ്വാസപ്രമാണത്തിനൊത്താണ് ഞങ്ങള്‍ ജീവിച്ചുവരുന്നത്. എന്‍റെ കുട്ടിക്കാലത്ത്, കുടുംബത്തില്‍ വരുമാനം കുറവായിരുന്നു. അതിനാല്‍ പഠനകാലത്ത് തന്നെ, പല ക്ഷേത്രങ്ങളില്‍ ശാന്തിപ്പണിയും എടുത്തിരുന്നു. അതുവഴി ക്ഷേത്രസംബന്ധിയായ വസ്തുതകളും, പൂജാദികര്‍മ്മങ്ങളും ഹൃദിസ്ഥമാക്കാന്‍ ചെറിയ പ്രായത്തില്‍തന്നെ എനിക്ക് ഭാഗ്യവുമുണ്ടായി. ശരിയായ വിധത്തില്‍, ജ്യോതിഷം പഠിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് അച്ഛന്‍ നാരായണന്‍ നമ്പൂതിരി എന്ന പ്രസിദ്ധ ജ്യോതിഷപണ്ഡിതന്‍ മണപ്പുഴ രാമന്‍ നമ്പൂതിരിയുടെ അടുക്കല്‍ ജ്യോതിഷമഭ്യസിപ്പിക്കാന്‍ എത്തിച്ചത്. ഏറെക്കാലം അദ്ദേഹത്തിന്‍റെ കീഴില്‍ ജ്യോതിഷമഭ്യസിക്കാന്‍ കഴിഞ്ഞത് എന്‍റെ ജീവിതത്തിലെ വലിയ സൗഭാഗ്യമായി ഞാന്‍ കരുതുന്നു. പിന്നിട്ട നാള്‍വഴികള്‍ ഒന്നൊന്നായി അദ്ദേഹം ഓര്‍ത്തെടുക്കേ, ആദ്യമായി ഇതൊക്കെ കേള്‍ക്കുന്ന കൗതുകത്തോടെ ഒപ്പമിരിക്കുകയാണ് മക്കള്‍ ദേവികയും, വേദികയും.

 

ദീര്‍ഘ തപസ്യയ്ക്കുള്ള അംഗീകാരം

 

‘ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത കേട്ടപ്പോള്‍, വല്ലാത്ത ഒരവസ്ഥയിലായിരുന്നു ഞങ്ങള്‍… സത്യമോ, മിഥ്യയോ എന്നറിയാനാവാതെ ആകെ നിശബ്ദമായി പോകുന്ന ഒരവസ്ഥ… എത്രയോ കാലമായി അദ്ദേഹം ഒരു തപസ്യപോലെ ചെയ്തുവരുന്ന പൂജാദികര്‍മ്മങ്ങള്‍ക്കും, സാത്വികജീവിതത്തിനും ഭഗവാന്‍ നല്‍കിയ അനുഗ്രഹവും അംഗീകാരവും തന്നെയാണിത്… ആ സന്തോഷം എങ്ങനെപ്രകടമാക്കണമെന്ന് സത്യമായും എനിക്ക് ഇപ്പോഴുമറിയില്ല…’

 

ഭാര്യ ശ്രീജയുടെ വാക്കുകള്‍… ‘നാവാമുകുന്ദ ക്ഷേത്രത്തിലെ മേല്‍ശാന്തിയായതിനാല്‍ അദ്ദേഹത്തിന് തിരക്കുകള്‍ ഏറെയാണ്. മറ്റ് ക്ഷേത്രങ്ങളെപ്പോലെയല്ല, പിതൃമോക്ഷപുണ്യത്തിനായി, ബലിതര്‍പ്പണത്തിനായി നാനാദിക്കുകളില്‍ നിന്നും എത്തുന്നവരാണിവിടെ ഏറെയും… മരണമടഞ്ഞുപോയവരുടെ ഓര്‍മ്മകളോടെയാണവര്‍, ബലിയര്‍പ്പിച്ച്, ഭാരതപ്പുഴയില്‍ മുങ്ങിനിവര്‍ന്ന് ക്ഷേത്രത്തിലെത്തുന്നത്. അവര്‍ എല്ലാ സങ്കടങ്ങളും പ്രാര്‍ത്ഥനകളും ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുന്നതിന്‍റെ സാക്ഷിയായി നില്‍ക്കുന്നത് മേല്‍ശാന്തി തന്നെയാണല്ലോ. ആ നൊമ്പരങ്ങളും പേറിയാണ് അദ്ദേഹം നടയടച്ച് എല്ലാദിവസവും വീട്ടിലെത്തുന്നത്. ആ മാനസികാവസ്ഥ നിശബ്ദമായി കണ്ടുനില്‍ക്കാനെ എനിക്ക് എന്നും കഴിഞ്ഞിട്ടുള്ളൂ.

 

ആ വേദനകള്‍ക്കൊക്കെയുള്ള സദ്ഫലമായിട്ടാണ് ഈ അംഗീകാരം ഭഗവാന്‍ നല്‍കിയതെന്ന ഉറച്ചവിശ്വാസമാണ് എനിക്കുള്ളത്. വാവരെ ഉറ്റതോഴനാക്കുന്നതിലൂടെ സര്‍വ്വമത സാഹോദര്യത്തിന്‍റെ വിളംബരം നിശബ്ദമായി ഉയര്‍ത്തുന്ന സന്നിധാനമാണ് ശബരിമല. ഇവിടെ അദ്ദേഹത്തിന്‍റെ ജീവിതവും, ആവിധത്തില്‍ ജാതിമത വ്യതിയാനത്തിന്‍റെ വേലിക്കെട്ടില്ലാതെ ഏവരോടും തികഞ്ഞ സൗഹാര്‍ദ്ദത്തിലായിരുന്നു എന്നുപറയാന്‍ എനിക്ക് അഭിമാനമേറെയാണ്.’

 

ഭാര്യ ശ്രീജയുടെ വാക്കുകള്‍ ഏറ്റെടുത്ത് പിന്നീട് സംസാരിച്ചത് മേല്‍ശാന്തി തന്നെയായിരുന്നു. ‘ഇതൊന്നും പറയാനുള്ളതല്ല, കാരണം ഇതൊക്കെ എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. ഇപ്പോഴിത് സന്ദര്‍ഭവശാല്‍ പറഞ്ഞതുകൊണ്ട് മാത്രം ഞാന്‍ പറയുകയാണ്. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മലപ്പുറത്താണ്. സ്വാഭാവികമായും ഇസ്ലാമികവിശ്വാസികള്‍ ഏറെയുളളയിടം കൂടിയാണല്ലോ ഇവിടം. പക്ഷേ, മതത്തിന്‍റെ പേരില്‍ ഒരുവിധത്തിലുള്ള മാറ്റിനിര്‍ത്തലുകളോ, വേലിക്കെട്ടുകളോ ഇന്നേവരെ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇത് ഭാരതപ്പുഴയുടെ തീരമാണ്, മാമാങ്കത്തിന്‍റെ മണ്ണാണ്, സാംസ്ക്കാരിക പൈതൃകമേറിയയിടമാണ്. ഇവിടെ കാണുന്നതുപോലുള്ള മതസാഹോദര്യം മറ്റൊരിടത്തും കാണാനാവില്ല എന്നുതന്നെയാണ് ഞാനിപ്പോഴും ഉറച്ചുവിശ്വസിക്കുന്നത്.

 

നോക്കൂ.. ഞാന്‍ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയറിഞ്ഞ് അത്യാഹ്ലാദത്തോടെ രംഗത്തിറങ്ങിയവരില്‍, എനിക്ക് സ്വീകരണം നല്‍കാന്‍ മുന്‍പന്തിയില്‍ നിന്നവരില്‍, എത്രയെത്ര മുസ്ലീം സഹോദരന്‍മാരുണ്ടെന്ന് അറിയാമോ? എന്‍റെ കൂടെ പഠിച്ചവരിലേറെയും ഇന്ന് വിദേശത്താണ്- നാനാജാതിമതസ്ഥര്‍. സന്തോഷം ഏതുവിധത്തില്‍ പങ്കുവയ്ക്കണമെന്ന് അറിയാത്ത അവസ്ഥയിലാണവര്‍. ഫേസ്ബുക്കിലും, ട്വിറ്ററിലുമൊക്കെ അവര്‍ എന്നെക്കുറിച്ച് എഴുതുമ്പോള്‍ മനസ്സ് മാത്രമല്ല, കണ്ണും നിറഞ്ഞുപോകുന്നു. മുസ്ലീം സംഘടനകള്‍ നടത്തുന്ന ആഘോഷപരിപാടികളില്‍ അവരെന്നെ മുഖ്യാതിഥിയാക്കുന്നു… മതത്തിന്‍റെ അതിര്‍കെട്ടുകളില്ലാത്ത മാനവികതയാണവിടെ തെളിയുന്നത്… ഭക്തിയുടെ മൂര്‍ത്തമായ ലക്ഷ്യവും അതുതന്നെയല്ലേ.

 

 

വ്രതാനുഷ്ഠാനങ്ങള്‍ മനസ്സ് നിര്‍മ്മലമാക്കാന്‍

 

വാവരുമായുള്ള സൗഹാര്‍ദ്ദത്തിലൂടെ സര്‍വ്വമത സാഹോദര്യമെന്ന വിശാലമായ ദര്‍ശനമാണ് ശബരീശന്‍ അതിന്‍റെ സമഗ്രഭാവത്തില്‍ വിളംബരം ചെയ്തത്. ഭാഗ്യവശാല്‍ ബാല്യകാലം തൊട്ടേ മാതാപിതാക്കള്‍ എനിക്ക് പറഞ്ഞുതന്നതും, ഞാന്‍ കടന്നുവന്നതും ആവിധം ചിന്തകളിലൂടെയായിരുന്നു. അതുകൊണ്ടാവാം, വെറുമൊരു സാധാരണക്കാരനായ എനിക്ക് ഭഗവാന് പാദസേവ ചെയ്യാന്‍ ഈവിധമൊരു സാഹചര്യമുണ്ടായത്. കഠിനവ്രതമെടുത്ത്, ആചാരബദ്ധമായാണ് ഓരോ അയ്യപ്പനും മല ചവിട്ടുന്നത്. എല്ലാ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും അകറ്റി ഹൃദയനൈര്‍മ്മല്യത്തോടെ, പതിനെട്ടാം പടി ചവിട്ടാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയാണ് എനിക്കുള്ളത്. നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഭഗവാനെ എങ്ങനെ നമുക്ക് കണ്ടെത്താനാകുമെന്നതാണ് പ്രധാനം. ‘തത്വമസി’യുടെ അര്‍ത്ഥം പൂര്‍ണ്ണസാഫല്യമാകുന്നത് അപ്പോഴാണല്ലോ.

 

നമ്മള്‍ ഓരോ മനുഷ്യരുടെയും ഉള്ളില്‍ മറഞ്ഞുകിടക്കുന്ന മാലിന്യങ്ങളെ സ്വയം തിരിച്ചറിഞ്ഞ്, തുടച്ചുമാറ്റി സ്ഫടികതുല്യമായി നമ്മുടെ മനസ്സിനെ മാറ്റാനുള്ളതാണ് ഓരോ തീര്‍ത്ഥാടനകാലവും. അതു നാം തിരിച്ചറിയുന്നതിലൂടെയേ ശബരിമല ദര്‍ശനം പൂര്‍ത്തിയാവുകയുള്ളൂ. ഓരോ ഭക്തനും, അനുഷ്ഠിക്കുന്ന കഠിനവ്രതങ്ങളും, ശാരീരികക്ലേശവുമൊക്കെ ആ യാത്രയിലേക്കുള്ള വഴികാട്ടികളാണെന്നുമുള്ള തിരിച്ചറിവുണ്ടാവുകയാണ് പ്രധാനം.. അയ്യപ്പനും വാവരും തമ്മിലുള്ള സുദൃഢ ഹൃദയബന്ധങ്ങള്‍ക്ക് ഇന്നത്തെ കാലത്തും ഏറെ പ്രസക്തി ഉണ്ടെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്…’

 

അദ്ദേഹത്തിന്‍റെ അര്‍ത്ഥഗരിമയേറിയ വാക്കുകള്‍… ഏറെ കലുഷിതമായ സാമൂഹ്യസാഹചര്യത്തില്‍, മാനവമൈത്രി സന്ദേശമുയര്‍ത്തിയുള്ള ശബരിമല മേല്‍ശാന്തിയുടെ വാക്കുകള്‍ക്ക് പ്രസക്തി ഏറെയാണ്… വീടിന് തൊട്ടരികിലായി നിളാ നദി ഒഴുകുന്നു… അവിടെ പ്രണാമമര്‍പ്പിക്കുന്ന ഭക്തഹൃദയങ്ങള്‍.. നിത്യവും നിളയില്‍ മുങ്ങിനിവര്‍ന്ന്, നാവാമുകുന്ദന് മുന്നില്‍ സാഷ്ടാംഗ പ്രണാമമര്‍പ്പിച്ചിരുന്ന മുഖ്യശാന്തിയിതാ മറ്റൊരു നിയോഗമേറ്റെടുത്ത് പമ്പാതടത്തിലേക്കെത്തുന്നു… നിളയില്‍ നിന്ന് പമ്പയിലേക്കുള്ള അഭൗമായ ആത്മീയ തീര്‍ത്ഥയാത്ര…

 

പ്രദീപ് ഉഷസ്സ്

Show Less

No comments Yet

SLIDESHOW

LATEST VIDEO