സംഗീതത്തിന്‍റെ രാജകുമാരി

ഇന്ത്യന്‍ സംഗീതലോകത്തെ അത്ഭുതവും അഭിമാനവുമാണ് ലതാമങ്കേഷ്ക്കര്‍ എന്ന ഗായിക. ഉത്തരേന്ത്യയിലെ പ്രശസ്ത നാടക കലാകാരനായ ദീനാനാഥ് മങ്കേഷ്- നര്‍മ്മദാ ദമ്പതികളുടെ മൂത്തമകളായി പിറന്ന ലതയ്ക്ക് മാതാപിതാക്കള്‍ പേരിട്ടത് ഹേമ എന്നായിരുന്നു. അവര്‍ മകളെ ലത... Read More

ഇന്ത്യന്‍ സംഗീതലോകത്തെ അത്ഭുതവും അഭിമാനവുമാണ് ലതാമങ്കേഷ്ക്കര്‍ എന്ന ഗായിക. ഉത്തരേന്ത്യയിലെ പ്രശസ്ത നാടക കലാകാരനായ ദീനാനാഥ് മങ്കേഷ്- നര്‍മ്മദാ ദമ്പതികളുടെ മൂത്തമകളായി പിറന്ന ലതയ്ക്ക് മാതാപിതാക്കള്‍ പേരിട്ടത് ഹേമ എന്നായിരുന്നു. അവര്‍ മകളെ ലത എന്ന് ഓമനിച്ചുവിളിച്ചു. ആ ഓമനപ്പേരില്‍തന്നെ അവര്‍ വിശ്വപ്രസിദ്ധഗായിക ലതാമങ്കേഷ്ക്കറായി. ബാല്യം തൊട്ടേ ലതയുടെ രക്തത്തില്‍ കല അലിഞ്ഞുചേര്‍ന്നിരുന്നു. അതിനുകാരണം അച്ഛന്‍ കലാകാരനായതുതന്നെ. സുഖദുഃഖങ്ങള്‍ ജീവിതത്തില്‍ ഒരുപോലെ കയ്പും മധുരവുമായി അനുഭവിച്ചുകൊണ്ടായിരുന്നു ലതയുടെ വളര്‍ച്ച. ഭാരതത്തിന്‍റെ ചലച്ചിത്രഗാനശാഖയില്‍ വാനമ്പാടിയായി വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച ലതാമങ്കേഷ്ക്കറിന്‍റെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം.

 

 

വീട്ടില്‍ വരുന്ന കലാകാരന്മാര്‍ക്ക് പിതാവ് ദീനാനാഥ് പാട്ടുപഠിപ്പിക്കുന്നത് കണ്ടും കേട്ടുമായിരുന്നു ലതയുടെ ബാല്യം പിന്നിട്ടത്. ആറാം വയസ്സില്‍തന്നെ ലത പാടാന്‍ തുടങ്ങി. ഒരിക്കല്‍ അച്ഛന്‍ നടത്തുന്ന നാടകത്തില്‍ നാരദന്‍റെ വേഷത്തില്‍ അഭിനയിക്കേണ്ട നടന്‍ വന്നില്ല. അന്ന് ഏഴുവയസ്സുകാരിയായിരുന്ന ലത നാരദന്‍റെ ചമയമിട്ട് ആ നാടകത്തില്‍ പാടി അഭിനയിച്ചു. ദൈവനിയോഗംപോലെ അപ്രതീക്ഷിതമായ ഒരു അരങ്ങേറ്റം. പിന്നീട് ലതയുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അപ്രതീക്ഷിതങ്ങളായിരുന്നു. നാടകരംഗത്ത് മുടിചൂഡാമന്നനായി വിളങ്ങിയിരുന്ന ദീനാനാഥ് മങ്കേഷ്ക്കറിന്‍റെ ജീവിതത്തില്‍ കയറ്റങ്ങള്‍ക്ക് പിറകെ ഇറക്കമായിത്തുടങ്ങി. സിനിമയുടെ ആഗമനത്തോടെ മുപ്പതുകളില്‍ നാടകകലയ്ക്ക് മങ്ങലേറ്റു. ബ്രഹ്മാണ്ഡമായ നാടകങ്ങള്‍ നടത്തി സിനിമയെ വെല്ലാന്‍ സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ടും സുഹൃത്തുക്കളുടെ വഞ്ചനനിമിത്തവും പാര്‍പ്പിടംതന്നെ ലേലത്തില്‍ നഷ്ടപ്പെട്ടു.

 

ദീനാനാഥും കുടുംബവും തെരുവിലേക്ക് എടുത്തെറിയപ്പെട്ടു. ജീവിതവിരക്തിയുടെ മുനമ്പിലെത്തിയ ലതയുടെ പിതാവ് മദ്യപാനിയായി. കുടുംബം കടത്തില്‍ മുങ്ങിത്താണു. സമ്പത്തും സല്‍പേരും നഷ്ടപ്പെട്ട് അപമാനം ഭയന്ന് ദീനാനാഥ് വീട്ടില്‍തന്നെ ചടഞ്ഞുകൂടി. 1942- ല്‍ അദ്ദേഹം മരണമടഞ്ഞു. തന്‍റെ പതിമൂന്നാമത്തെ വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട ലതയുടെ ചുമലിലായി കുടുംബഭാരം. മൂത്തമകളായതുകൊണ്ട് കുടുംബം പുലര്‍ത്തേണ്ട ഉത്തരവാദിത്വം. അമ്മയെ കൂടാതെ പറക്കമുറ്റാത്ത മൂന്ന് അനുജത്തിമാര്‍ ഒരു അനുജന്‍… കുടുംബം പുലര്‍ത്താനായി ലത ആ ചെറുപ്രായത്തില്‍ മറാത്തി സിനിമകളില്‍ കൊച്ചുകൊച്ച് വേഷങ്ങള്‍ ചെയ്തു. അതിലൂടെ കിട്ടിയ വരുമാനം ചെറുതെങ്കിലും അത് കുടുംബത്തെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സഹായകമായി. 1947 നുശേഷം അഭിനയം നിര്‍ത്തി മുറപ്രകാരം സംഗീതം പഠിച്ചു. വീണ്ടും മറാത്തി സിനിമകളില്‍ അഭിനയിച്ചും പാടിയും ലത ജീവിതമാര്‍ഗ്ഗം കണ്ടെത്തി.

 

 

മറാത്തി പിന്നണിഗായികയായിരുന്ന ലതാമങ്കേഷ്ക്കറെ ഹിന്ദി സിനിമയിലേക്ക് ആനയിച്ച് അവരുടെ ജീവിതത്തിന്‍റെ ഗതി മാറ്റിയത് അന്നത്തെ പ്രശസ്ത സംഗീതജ്ഞന്‍ നൗഷാദ് അലിഖാന്‍ ആയിരുന്നു. ലതാമങ്കേഷ്ക്കറുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് നൗഷാദ് അലിഖാന്‍ പറഞ്ഞത് ഇങ്ങനെ. ‘1948 -ല്‍ ഒരു ദിവസം എന്‍റെ ഓഫീസ് ബോയ് എന്നെ കാണാന്‍ ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു എന്ന് പറഞ്ഞു. അവള്‍ മറാത്തി സിനിമകളില്‍ കോറസ് പാടുന്ന പെണ്ണാണെന്നും, ഹിന്ദിയില്‍ പാടാന്‍ ആഗ്രഹിക്കുന്നുവെന്നും അവള്‍ പറഞ്ഞതായി അവന്‍ എന്നോട് പറഞ്ഞു. അവളെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു.

 

മെലിഞ്ഞ ഒരു പെണ്‍കുട്ടി, അല്‍പ്പം അഴുക്കായ സാരിയുമുടുത്ത് റബ്ബര്‍ ചെരിപ്പും ധരിച്ചുവന്ന അവള്‍ കസേരയില്‍ ഇരുന്നു. അവളെക്കുറിച്ച് ചോദിച്ചറിഞ്ഞശേഷം അവള്‍ക്കറിയാവുന്ന ഒരു ഹിന്ദിപാട്ട് പാടാന്‍ പറഞ്ഞു. അന്നത്തെ പ്രശസ്ത ഗായിക നൂര്‍ജഹാന്‍ പാടിയ ഒരു പാട്ട് അവള്‍ പാടി. എന്‍റെ കൂട്ടുകാരോട് ഞാന്‍ പറഞ്ഞു. ഇവളുടെ ശബ്ദത്തിന് ഒരു പ്രത്യേക ആകര്‍ഷണീയതയും കേള്‍വിക്കാരെ ആകര്‍ഷിക്കുന്ന മാധുര്യവുമുണ്ട്. ഗസല്‍ പാടുന്നതില്‍ പ്രസിദ്ധരായ ജോഹര്‍ഭായ്, രാജകുമാരി, നൂര്‍ജഹാന്‍, സുരയ്യ, ഷംഷദ്ബേഗം എന്നിവര്‍ക്ക് സമകാലീനയായി ഇവള്‍ പ്രശസ്തയാവും. ഞാന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

 

 

അമര്‍ എന്ന സിനിമയില്‍ ഞാന്‍ പറഞ്ഞുകൊടുത്ത റേഞ്ചില്‍ ലതയ്ക്ക് പാടാന്‍ കഴിഞ്ഞില്ല. കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ സദാ ഓര്‍ത്തുകൊണ്ടിരുന്നതിനാലാണ് അവര്‍ക്ക് പാടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്ന് മനസ്സിലായി. കണ്ണുകള്‍ അടച്ച് ഗാനം റെക്കോര്‍ഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വലിയൊരു ശബ്ദംകേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ ലത ബോധംകെട്ട് വീണുകിടക്കയായിരുന്നു. ഞാന്‍ ലതയുടെ മുഖത്ത് വെള്ളം തളിച്ചു. അല്‍പ്പസമയത്തിനുശേഷം ബോധം വീണ്ടെടുത്തു. പിറ്റേന്ന് അതേ പാട്ട് ലത വളരെ മനോഹരമായി പാടി.  ലതയുടെ വളര്‍ച്ചയും കീര്‍ത്തിയും തുടക്കംമുതലേ കണ്ട് ആഹ്ലാദിക്കുന്നവനാണ് ഞാന്‍.

 

അവരുടെ വളര്‍ച്ചയ്ക്ക് ഞാനൊരു വഴികാട്ടിയായിരുന്നു എന്നല്ലാതെ ലതയുടെ ശബ്ദത്തെ പക്വതപ്പെടുത്തി വലിയ ഗായികയാക്കിയത് ഞാനാണ് എന്ന് ഒരിക്കലും ഞാന്‍ പറയില്ല.’ നൗഷാദ് അലിയുടെ വിവരണത്തില്‍നിന്നുതന്നെ ലത തന്‍റെ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍ നമുക്ക് ഊഹിക്കാനാവും. അവിവാഹിതയായ ലതാമങ്കേഷ്ക്കര്‍ പാടിയ താരാട്ടുപാട്ടുകള്‍ എന്നും ശ്രോതാക്കളുടെ കരളലിയിപ്പിക്കുന്നതാണ്. മലയാളത്തില്‍ അപൂര്‍വ്വം ഗാനങ്ങള്‍ മാത്രം പാടിയിട്ടുള്ള ലതാമങ്കേഷ്ക്കറിന്‍റെ ‘നെല്ല്’ എന്ന സിനിമയിലെ ‘കദളി ചെങ്കദളി’ എന്ന ഗാനം തലമുറകളെ അതിജീവിച്ച ചിരഞ് ജീവിപ്പാട്ടാണ്.

 

 

2019 സെപ്തംബറില്‍ 90 തികഞ്ഞ ലതാമങ്കേഷ്ക്കറിന് ലഭിച്ചിട്ടുള്ള പുരസ്കാരങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. ഭാരത്രത്ന, പത്മവിഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്രപുരസ്കാരങ്ങള്‍, ഫിലിംഫെയര്‍ അവാര്‍ഡുകള്‍ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തവയാണ്. അതുപോലെ ലതാമങ്കേഷ്ക്കറിനെക്കുറിച്ചുള്ള വിശേഷണങ്ങളും. ഭാരതത്തിന്‍റെ ദേശീയനാദം, നൈറ്റിങ്ങ്ഗേള്‍ ഓഫ് ഇന്ത്യ, ക്വീന്‍ ഓഫ് മെലഡി, വോയ്സ് ഓഫ് മില്യേനിയം എന്നിങ്ങനെ എത്രയെത്ര. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്നാണ് ചൊല്ല്. ദാരിദ്ര്യദുഃഖങ്ങളാകുന്ന അഗ്നിയില്‍ കുരുത്ത ലതാമങ്കേഷ്ക്കറിന്‍റെ ജീവിതം വര്‍ത്തമാനകാല സ്ത്രീ സമൂഹത്തിനും ഏതൊരു കലാകാരിക്കും കരുത്തും ആത്മവിശ്വാസവുമേകുന്നതാണ്. എത്ര ഉയരങ്ങളിലായാലും തന്‍റെ എളിമയും വിനയവും കാത്തുസൂക്ഷിക്കുന്ന ഈ നാദരൂപിണിയെ എത്ര നമിച്ചാലും മതിവരില്ല.

 

സി.കെ. അജയ്കുമാര്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO