പ്രണവിന്‍റെ പ്രതിഫലം 2 കോടി, ആദ്യപ്രതിഫലം അമ്മൂമ്മയുടെ കയ്യില്‍ നിന്ന്

ആദി 50 കോടി ക്ലബ്ബിലേക്ക് കടക്കുന്നതിനിടെ പ്രണവ് മോഹന്‍ലാല്‍ രണ്ടാമത്തെ ചിത്രത്തിന്‍റെ എഗ്രിമെന്‍റില്‍ ഒപ്പിട്ടുകഴിഞ്ഞു. രണ്ട് കോടി രൂപയാണ് പ്രതിഫലം. ആദിയിലെ അദ്ദേഹത്തിന്‍റെ പ്രതിഫലം ഒരു കോടി രൂപയായിരുന്നു.        മലയാളസിനിമാചരിത്രത്തില്‍... Read More

ആദി 50 കോടി ക്ലബ്ബിലേക്ക് കടക്കുന്നതിനിടെ പ്രണവ് മോഹന്‍ലാല്‍ രണ്ടാമത്തെ ചിത്രത്തിന്‍റെ എഗ്രിമെന്‍റില്‍ ഒപ്പിട്ടുകഴിഞ്ഞു. രണ്ട് കോടി രൂപയാണ് പ്രതിഫലം. ആദിയിലെ അദ്ദേഹത്തിന്‍റെ പ്രതിഫലം ഒരു കോടി രൂപയായിരുന്നു.

 

     മലയാളസിനിമാചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു തുടക്കക്കാരന് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സിനിമയില്‍ തന്നെ ഇത്രയും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നത്.

 

     ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അരുണ്‍ഗോപിയാണ്. രാമലീലയ്ക്കുശേഷം അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. രാമലീലയുടെ നിര്‍മ്മാതാവും ടോമിച്ചനായിരുന്നു.

 

     ആദിക്കുശേഷം നിരവധി ഓഫറുകള്‍ പ്രണവിനെത്തേടി എത്തുന്നുണ്ടായിരുന്നു വെങ്കിലും ഒന്നിനും പിടികൊടുക്കാതെ അദ്ദേഹം ഹിമാലയത്തിലേക്ക് മുങ്ങി. സുഹൃത്തിനോടൊപ്പമായിരുന്നു യാത്ര.

 

     ആദി പ്രേക്ഷകപ്രീതി നേടി തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ പ്രണവ് ഹിമവാന്‍റെ മടിത്തട്ടിലൂടെ നടന്നുനീങ്ങുകയായിരുന്നു. വിജയങ്ങളിലും കടുത്ത നിസ്സംഗത പുലര്‍ത്തിക്കൊണ്ട്.

 

     ഹിമാലയന്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ പ്രണവ് ആദ്യം ഒപ്പിട്ടത് മുളകുപാടത്തിന്‍റെ സിനിമയാണ്.

 

   

     ആദിക്കുശേഷം ഇനിയെന്തെന്ന ചോദ്യം സ്വാഭാവികമായിരുന്നു. പലരും പ്രണവിനെ സമീപിക്കുകയും ചെയ്തു. പക്ഷേ കാമ്പുള്ള സിനിമയല്ലാതെ ഇനിയൊന്നില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു അപ്പു. അപ്പോഴാണ് അരുണ്‍ഗോപിയുടെ പ്രവേശനം. നേരത്തെ ചര്‍ച്ച ചെയ്ത ഒരു സബ്ജക്ടാണ്. കഥ ഓക്കെയായി വന്നപ്പോള്‍ പ്രണവ് സമ്മതം മൂളി.
ഏറ്റവും നിര്‍ണ്ണായകമായൊരു ഘട്ടത്തില്‍ പോലും ദിലീപിനെ വച്ച് സിനിമ ചെയ്യാനും അത് വിജയിപ്പിച്ചെടുക്കാനുമായതിന്‍റെ ക്രെഡിറ്റാണ് അരുണ്‍ഗോപിക്ക് ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയതെന്ന് പറയേണ്ടി വരും. ടോമിച്ചനെപ്പോലൊരു നിര്‍മ്മാതാവ് കൂടിയാകുമ്പോള്‍ ആ തെരഞ്ഞെടുപ്പ് സമ്പൂര്‍ണ്ണമാവുകയാണ്.

 

     മലയാളത്തില്‍ ആദ്യമായി 150 കോടി ക്ലബ്ബിലെത്തിയ പുലിമുരുകന്‍റെ നിര്‍മ്മാതാവാണ് ടോമിച്ചന്‍ മുളകുപാടം. രാമലീലയുടെ സമയത്താകട്ടെ പ്രതിസന്ധികള്‍ ഏറെയുണ്ടായെങ്കിലും ഒരിക്കല്‍ പോലും സംവിധായകനെ തള്ളിപ്പറയാന്‍ ടോമിച്ചന്‍ തയ്യാറായില്ല. ലാലുമായുള്ള അടുത്ത സൗഹൃദവും അവരുടെ പുതിയ പ്രണവ് പ്രോജക്ടിന് അനുകൂലഘടകമായി നിന്നു.

 

 

ആദ്യപ്രതിഫലം  അമ്മൂമ്മയുടെ കയ്യില്‍ നിന്ന്
സിനിമയുടെ ഒരു ഭാഗം ആകണമെന്ന്, പ്രണവ് തീരുമാനിച്ചിരുന്നത് സത്യമാണ്. അത് പക്ഷേ നടനായിട്ടല്ല. സംവിധായകന്‍ ആകണമെന്നതായിരുന്നു അയാളുടെ സ്വപ്നം. അതിനുവേണ്ടിയാണ് ജീത്തുവിന്‍റെ കീഴില്‍ സംവിധാനസഹായിയായി നിന്നതും.
അപ്പുവിനെ(പ്രണവിന്‍റെ വിളിപ്പേര്) നടനായി കാണാനാഗ്രഹിച്ചവരില്‍ മുമ്പന്‍ പക്ഷേ ആന്‍റണി പെരുമ്പാവൂരായിരുന്നു. പല സന്ദര്‍ഭങ്ങളിലും അദ്ദേഹം ഈ ആവശ്യം അപ്പുവിനോട് തുറന്ന് പറഞ്ഞിട്ടുമുണ്ട്. അപ്പോഴൊന്നും അപ്പു പിടികൊടുത്തിട്ടില്ല.
ഒരിക്കല്‍ ഇതുപോലൊരു ഒത്തുചേരലിനിടെ ആന്‍റണി ഒരു ഓഫര്‍ വച്ചു. തീര്‍ത്തും ആകസ്മികമായി. ഒരു കോടി രൂപ പ്രതിഫലം തരും. എന്‍റെ സിനിമയില്‍ അഭിനയിക്കണം.

     പണത്തിന്‍റെ കനമൊന്നും പ്രണവിനെ അശേഷം ബാധിച്ചില്ല. പക്ഷേ തീരുമാനമെടുക്കാന്‍ ആ മനസ്സ് ചാഞ്ചല്യപ്പെട്ടുനില്‍ക്കുന്ന നിമിഷത്തില്‍ മറ്റൊന്നിനും ഇട നല്‍കാതെ ആന്‍റണി ലാലിന്‍റെ അമ്മയെക്കൊണ്ട് അപ്പുവിന് ആദ്യത്തെ അഡ്വാന്‍സ് നല്‍കി. ഒരു ലക്ഷം രൂപയുടെ ചെക്ക്. പിന്നെ പിന്തിരിയാന്‍ അപ്പുവിനും കഴിയുമായിരുന്നില്ല. അഭിനയിക്കാനുള്ള തീരുമാനമെടുക്കുന്നത് അവിടം മുതല്‍ക്കാണ്.
ആദിയില്‍ അഭിനയിച്ചതിന് പ്രതിഫലമായി ഒരു കോടി കിട്ടിയെങ്കിലും അതില്‍ നിന്ന് അദ്ദേഹം ഇക്കാലത്തിനിടയില്‍ ചെലവിട്ടത് രണ്ടരലക്ഷം രൂപ മാത്രമാണ്. ഹിമാലയമൊക്കെ ചുറ്റിക്കറങ്ങിയതും ആ ചെലവില്‍ പെടും.

 

അച്ഛന്‍റെ മകന്‍
താരങ്ങളുടെ മക്കള്‍ അഭിനേതാക്കളാകുന്ന കണ്ണിയിലെ അവസാന പേരുകാരില്‍ ഒരാളാണ് അപ്പു. പക്ഷേ മറ്റൊരു താരപുത്രന്മാര്‍ക്കും അവകാശപ്പെടാനാവാത്ത മേന്മ ഇക്കാര്യത്തില്‍ പ്രണവിനുണ്ട്.

 

     പൃഥ്വി തൊട്ട് ഇങ്ങോട്ട് പല താരപുത്രന്മാരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ചിലര്‍ ഗോപ്യമായും മറ്റ് ചിലര്‍ അസന്ദിഗ്ദ്ധമായും പ്രഖ്യാപിച്ച കാര്യമുണ്ട്. തങ്ങളാരും അഭിനയവഴിയില്‍ അവരുടെ പിതാക്കന്മാരുടെ കെയര്‍ ഓഫില്‍ അറിയപ്പെടാനോ ആ നിഴലില്‍ ഒതുങ്ങിക്കൂടാനോ ആഗ്രഹിക്കുന്നവരല്ലെന്ന്.

 

    അവരുടെ കാഴ്ചപ്പാട് തെറ്റെന്ന് പറയുന്നില്ല. അത് ശരിയുമായിരിക്കാം. അതില്‍ ഒരു പരിധിവരെ അവരൊക്കെ വിജയിച്ചിട്ടുമുണ്ട്.

 

    പക്ഷേ പ്രണവിന്‍റെ കാര്യത്തില്‍ അയാള്‍ നായകനായി അരങ്ങേറ്റം കുറിച്ചതുതന്നെ അച്ഛന്‍റെ കൈപിടിച്ചുകൊണ്ടാണ്.

 

     ആ കെയര്‍ഓഫില്‍ താന്‍ അറിയപ്പെട്ടാല്‍ മതിയെന്ന് അപ്പുവും ആഗ്രഹിച്ചിരുന്നു എന്നുവേണം കരുതാന്‍. ആദിയില്‍ ഒരു അതിഥിവേഷം ചെയ്തുകൊണ്ട് ലാലും മകന്‍റെ മനസ്സിനൊപ്പം സഞ്ചരിക്കുന്നതായിട്ടാണ് തോന്നിയത്. അച്ഛനില്‍ നിന്ന് ആഗ്രഹിക്കുന്ന ആ ഗുരുസാന്നിദ്ധ്യം തന്നെയാണ് അപ്പുവിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും.

കെ. സുരേഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO