മായാജാലം തീര്‍ക്കുന്ന പ്രാണ

ശബ്ദവിസ്മയം കൊണ്ട് മായാജാലം തീര്‍ക്കുന്ന പ്രാണ മലയാളസിനിമയില്‍ ഒരുമാറ്റത്തിന് തുടക്കം കുറിക്കുകയാണ്. സ്വതന്ത്രചിന്തകള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ള വ്യക്തിയെ പ്രണയിക്കാനുള്ള സ്വാതന്ത്ര്യം... Read More

ശബ്ദവിസ്മയം കൊണ്ട് മായാജാലം തീര്‍ക്കുന്ന പ്രാണ മലയാളസിനിമയില്‍ ഒരുമാറ്റത്തിന് തുടക്കം കുറിക്കുകയാണ്. സ്വതന്ത്രചിന്തകള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ള വ്യക്തിയെ പ്രണയിക്കാനുള്ള സ്വാതന്ത്ര്യം അങ്ങിനെ കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങളും അതിനുപിന്നിലെ രാഷ്ട്രീയവും പ്രാണയിലൂടെ മുന്നോട്ടുവെയ്ക്കാന്‍ സംവിധായകന്‍ വി.കെ. പ്രകാശിന് സാധിച്ചു.

 

മലയാളസിനിമയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള വി.കെ.പി. ഇക്കുറി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തില്‍ ഒപ്പിയെടുത്ത സിങ്ക് സൗണ്ട് സറൗണ്ട് സിസ്റ്റമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിട്ടുള്ളത്. ഇതു പ്രാണയുടെ ആസ്വാദനനിലവാരം കൂട്ടുന്നു. പി.സി. ശ്രീറാമിന്റെ ക്യാമറാകണ്ണുകളിലൂടെ പകര്‍ത്തപ്പെട്ട ഫ്രെയിമുകള്‍ നല്‍കുന്ന ദൃശ്യപ്പൊലിമ വേറെ. നീണ്ടൊരിടവേളയ്ക്ക് ശേഷം നിത്യാമേനോന്‍ തന്റെ അഭിനയത്തികവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു എന്നതും എടുത്തുപറയേണ്ടതുണ്ട്. ചിത്രത്തലുടനീളം ഏകാംഗയായി നിറഞ്ഞുനില്‍ക്കുന്ന നിത്യ ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

 

സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തിലാണ് പ്രാണയെ ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും ചിത്രം മുന്നോട്ടുവെയ്ക്കുന്നത് കേരളസമൂഹം ഇന്ന് ചര്‍ച്ച ചെയ്യുന്ന സമസ്യകള്‍ തന്നെ. ഇവിടെ കഥാഖ്യാനത്തിനുള്ള ഒരു പ്ലാറ്റ്‌ഫോം മാത്രമാണ് ഹോറര്‍ ആംബിയന്‍സ്.പ്രേതവും പ്രേതാലയങ്ങളുമൊന്നും മലയാളസിനിമാലോകത്തിന് അന്യമല്ല. ഹൊറര്‍ സബ്ജക്ടുകള്‍ അഭ്രപാളിയിലേക്ക് പകര്‍ത്തുമ്പോള്‍ പ്രേക്ഷകരെ ഭയചകിതരാക്കാന്‍ അണിയറക്കാര്‍ ഉപയോഗിച്ച് മടുത്ത കുറേ ക്ലീഷേസംഗതികളുണ്ട്. അവയെല്ലാം തന്നെ പൂര്‍ണമായി ഒഴിവാക്കാന്‍ ടീം പ്രാണയ്ക്ക് സാധിച്ചു എന്ന് തന്നെ പറയാം. ശബ്ദവിന്യാസം കൊണ്ട് പ്രേക്ഷകമനസിലേക്ക് ഭീതിയുടെ കണങ്ങള്‍ എറിയാനും അത് അതിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ പിടിച്ചുനിര്‍ത്താനും ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് സാധിച്ചു. അതിന്റെ ഫുള്‍ക്രെഡിറ്റും റസൂല്‍പൂക്കുട്ടിക്ക് സ്വന്തം.

 

സാമാന്യപ്രേക്ഷകന്റെ ശരാശരി ഹൊറര്‍ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്ന തരത്തിലാണ് രാജേഷ് ജയരാമന്‍ തിരക്കഥയൊരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ വേവ്‌ലംഗ്ത് ആദ്യാവസാനം നിലനിര്‍ത്തുന്ന പശ്ചാത്തലസംഗീതവും എടുത്തുപറയേണ്ട സംഗതിതന്നെയാണ്. നാലുഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ പ്രാണ വാണിജ്യവിജയം നേടുമെന്ന സൂചനയാണ് ആദ്യറിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് രാജ് നിര്‍മ്മിക്കുന്ന (പ്രവീണ്‍ എസ്. കുമാര്‍, അനിതാരാജ് എന്നിവര്‍ക്കൊപ്പം) ചിത്രമാണ് പ്രാണ. മൊയ്തീനിലെ ശാരദാംബരം എന്ന ഹിറ്റ് ഗാനം ആലപിച്ച ശില്‍പാരാജ് പ്രാണയില്‍ ആലചിച്ച ശലഭമായി …. എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകപ്രീതിനേടിയത് പ്രാണയുടെ വിജയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

 

അനീഷ് മോഹനചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO