27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 4

    27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും - ഭാഗം 4   രോഹിണി   പൊതുസ്വഭാവം   ഒറ്റാലുപോലെ താരാപഥത്തില്‍ കാണപ്പെടുന്ന നാല്‍പ്പത്തിരണ്ട് നക്ഷത്രങ്ങളുടെ ഒരു സമൂഹമാണ് ഇടവം രാശിയില്‍ സ്ഥിതിചെയ്യുന്ന രോഹിണി നക്ഷത്രം.... Read More

 

 

27 നക്ഷത്രസവിശേഷതകളും ദോഷപരിഹാരങ്ങളും – ഭാഗം 4


 

രോഹിണി

 

പൊതുസ്വഭാവം

 

ഒറ്റാലുപോലെ താരാപഥത്തില്‍ കാണപ്പെടുന്ന നാല്‍പ്പത്തിരണ്ട് നക്ഷത്രങ്ങളുടെ ഒരു സമൂഹമാണ് ഇടവം രാശിയില്‍ സ്ഥിതിചെയ്യുന്ന രോഹിണി നക്ഷത്രം. ആരോഗ്യം, കര്‍മ്മകുശലത, കണ്ണുകള്‍ക്ക് ഒരു പ്രത്യേക വശ്യത, ബുദ്ധി, മാന്യത, പ്രിയഭാഷണം, സത്യസന്ധത, സൗന്ദര്യം, മറ്റുള്ളവരോടുള്ള ഹൃദ്യമായ പെരുമാറ്റം, പെട്ടെന്ന് പിണങ്ങുന്ന സ്വഭാവം. യാതൊരു കണക്കുകൂട്ടലുകളുമില്ലാതെയുള്ള ചെലവഴിക്കല്‍, അന്യരുടെ ന്യൂനതകളും വീഴ്ചകളും ഒറ്റനോട്ടത്തില്‍ കണ്ടെത്താനുള്ള സാമര്‍ത്ഥ്യം, ദുഃഖങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാതെ സ്വയം കടിച്ചമര്‍ത്താനുള്ള കഴിവ്, അന്യരില്‍നിന്ന് സാമ്പത്തികസഹായങ്ങള്‍ സ്വീകരിക്കാനുള്ള വിമുഖത തുടങ്ങിയവ ഇവരുടെ പ്രത്യേകതകളാണ്. ഇവര്‍ക്ക് ബാല്യകാലത്ത് ക്ലേശങ്ങള്‍ വര്‍ദ്ധിക്കും. ഏകദേശം 15 വയസ്സുവരെ ദുരിതാവസ്ഥ ഉണ്ടാകും. ജീവിതമദ്ധ്യം മുതല്‍ കഷ്ടപ്പാടുകള്‍ മാറി നല്ല കാലം തുടങ്ങും. ഉറച്ച മനസ്സും ഉത്സാഹവും ഇവരുടെ വിജയരഹസ്യമാണ്.

 

മറ്റുള്ളവരെ ആപത്ത് ഘട്ടത്തില്‍ ആത്മാര്‍ത്ഥമായി സഹായിക്കാന്‍ സന്മനസ്സുള്ള ഇവര്‍ വിരോധികളോട് അത് മനസ്സില്‍വച്ച് അവസരം കിട്ടുമ്പോള്‍ പകരം വീട്ടുന്നവര്‍ കൂടിയാണ്. ഏത് രംഗത്തായാലും രോഹിണിനക്ഷത്രക്കാര്‍ പടിപടിയായി ഉയര്‍ച്ചനേടി ശോഭിക്കും. സാഹിത്യാദികലകള്‍ ആസ്വദിക്കാന്‍ ഇവര്‍ക്കുള്ള കഴിവ് ശ്രദ്ധേയമാണ്. അടിക്കടിയുള്ള ജലദോഷം, നെഞ്ചില്‍ അസ്വസ്ഥത, കാലിനുവേദന എന്നീ രോഗാവസ്ഥകളുണ്ടാകാം.
ദശാനാഥന്‍ ചന്ദ്രനും, രാശിനാഥന്‍ ശുക്രനും, നക്ഷത്രദേവത ബ്രഹ്മാവുമാണ്.


 

ദശാകാലം:

 

രോഹിണി നക്ഷത്രക്കാരുടെ ജനനം ചന്ദ്രദശയിലാണ്. ശരാശരി അഞ്ചുവയസ്സുവരെ ചന്ദ്രദശ നില്‍ക്കാം. തുടര്‍ന്ന് 12 വയസ്സുവരെ കുജദശയും, 30 വയസ്സുവരെ രാഹൂര്‍ദശയും, 46 വയസ്സുവരെ വ്യാഴദശയുമാണ്. അതിനുശേഷം 65 വയസ്സുവരെ ശനിയും തുടര്‍ന്ന് 17 വര്‍ഷം ബുധദശാകാലവും 7 വര്‍ഷം കേതൂര്‍ദശയുമാണ്. ഇതില്‍ രാഹു, ശനി, കേതു എന്നീ ദശാകാലങ്ങള്‍ നന്നല്ല. ഈ കാലയളവുകളില്‍ ദോഷശാന്തിക്കായി വിധിപ്രകാരം പരിഹാരങ്ങള്‍ ചെയ്യണം.


 

അനുകൂല ദിവസം: തിങ്കള്‍

 

അനുകൂല തീയതി: 2, 11, 20, 29

 

അനുകൂല നിറം: വെള്ള, ചന്ദന നിറം

 

അനുകൂല രത്നം: മുത്ത്


 

വിവാഹത്തിന് അനുകൂലമായ നക്ഷത്രങ്ങള്‍:

 

സ്ത്രീക്ക് വിവാഹത്തിന് അനുകൂലമായ (പുരുഷ) നക്ഷത്രങ്ങള്‍:

 

അശ്വതി, ഭരണി, കാര്‍ത്തിക, മകയിരം, പുണര്‍തം, ആയില്യം, ഉത്രം, അത്തം, വിശാഖം (വൃശ്ചികം), അനിഴം, തൃക്കേട്ട, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി.

 

 

 

പുരുഷന് വിവാഹത്തിന് അനുകൂലമായ (സ്ത്രീ) നക്ഷത്രങ്ങള്‍:

 

അശ്വതി, കാര്‍ത്തിക (ഇടവം), മകയിരം, പുണര്‍തം, പൂരം, ഉത്രം, അത്തം, ചിത്തിര, വിശാഖം, അനിഴം, തിരുവോണം, പൂരുരുട്ടാതി, ഉത്തൃട്ടാതി.


 

അനുയോജ്യമായ തൊഴില്‍ മേഖല

 

ശിശുപരിപാലനം, ഗൃഹനിര്‍മ്മാണം, ആതുര സേവനം എന്നീ മേഖലകള്‍ ഈ നക്ഷത്രജാതര്‍ക്ക് അനുകൂലമാണ്.


 

പ്രതികൂലനക്ഷത്രങ്ങള്‍

 

തിരുവാതിര, പൂയം, മകം, ചോതി, മൂലം, പൂരാടം, ഉത്രാടം ഈ നക്ഷത്രങ്ങള്‍ പ്രതികൂലമാകയാല്‍ ഈ നക്ഷത്രക്കാരുമായുള്ള പങ്കാളിത്ത സംരംഭങ്ങളും വേഴ്ചകളും ഒഴിവാക്കണം.


 

പ്രതികൂല രത്നങ്ങള്‍:

 

ഗോമേദകം


 

ദോഷപരിഹാരാര്‍ത്ഥം:

 

‘ഓം ബ്രഹ്മണേ നമഃ’ എന്ന മന്ത്രം നിത്യവും 108 പ്രാവശ്യം ജപിക്കുകയും വിഷ്ണുക്ഷേത്രത്തിലും ശാസ്താക്ഷേത്രത്തിലും ദേവീക്ഷേത്രത്തിലും ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുകയും ചെയ്യുക.

 

(തുടരും)

Show Less

No comments Yet

SLIDESHOW

LATEST VIDEO