ഓണമുണ്ണാം കേമമായി

ഓണം വന്നു കുടവയറാ ഓണസദ്യയ്ക്കെന്തെല്ലാം മത്തന്‍ കൊണ്ടൊരെരിശ്ശേരി, മാമ്പഴമിട്ട പുളിശ്ശേരി, കാച്ചിയ മോര് നാരങ്ങാക്കറി, പച്ചടി, കിച്ചടി, അച്ചാറ്, പപ്പടമുണ്ട് പായസമുണ്ട് ഉപ്പേരികളും പലതുണ്ട് ഓണപ്പാട്ടിന്‍റെ വരികളില്‍ നിറഞ്ഞുനില്‍ക്കുന്ന വിഭവങ്ങള്‍ ഇളംപച്ച തൂശനിലയില്‍ ഒന്നിച്ചിരിക്കുന്നത്... Read More

ഓണം വന്നു കുടവയറാ

ഓണസദ്യയ്ക്കെന്തെല്ലാം

മത്തന്‍ കൊണ്ടൊരെരിശ്ശേരി,

മാമ്പഴമിട്ട പുളിശ്ശേരി,

കാച്ചിയ മോര്

നാരങ്ങാക്കറി,

പച്ചടി, കിച്ചടി, അച്ചാറ്,

പപ്പടമുണ്ട് പായസമുണ്ട്

ഉപ്പേരികളും പലതുണ്ട്

ഓണപ്പാട്ടിന്‍റെ വരികളില്‍ നിറഞ്ഞുനില്‍ക്കുന്ന വിഭവങ്ങള്‍ ഇളംപച്ച തൂശനിലയില്‍ ഒന്നിച്ചിരിക്കുന്നത് ഓര്‍ത്താല്‍ തന്നെ മനസ്സുനിറയും.കാണം വിറ്റും ഓണം ഉണ്ണണം. നമ്മുടെ നാട്ടിലെ ഓണവിഭവങ്ങള്‍ ഓരോന്നായി രുചിച്ചറിയാന്‍ ഇലയിട്ടിരുന്നോളൂ.ഇക്കുറി ‘മഹിളാരത്ന’ത്തിന്‍റെ പ്രിയവായനക്കാര്‍ക്കായി തനിനാടന്‍ ഓണസദ്യയൊരുക്കുന്നത് കുന്ദംകുളത്തെ ടേസ്റ്റ് മന്ത്ര റസ്റ്റോറന്‍റിന്‍റെ മാനേജിംഗ് പാര്‍ട്ട്ണര്‍ ദിലീപ് രാമകൃഷ്ണനാണ്.

ബീറ്റ്റൂട്ട് പച്ചടി

ആവശ്യമുള്ള സാധനങ്ങള്‍:

ബീറ്റ് റൂട്ട് (ഗ്രേറ്റ് ചെയ്തത്)- ഒരു കപ്പ്, ഇഞ്ചി (അരിഞ്ഞത്)- ഒരു കഷണം, പച്ചമുളക്- മൂന്നെണ്ണം, നാളികേരം (ചിരകിയത്)- കാല്‍ കപ്പ്, കടുക്- 1 ടീസ്പൂണ്‍, പുളിയുള്ള തൈര്- ഒരു കപ്പ്, കറിവേപ്പില- ഒരു തണ്ട്, ഉപ്പ്- ആവശ്യത്തിന്, വെളിച്ചെണ്ണ- ഒരു ടേ.സ്പൂണ്‍.

 

 

തയ്യാറാക്കുന്ന വിധം:-  ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് അല്‍പ്പം വെള്ളം ചേര്‍ത്ത് വേവിക്കുക. നാളീകേരം ചിരകിയതും ഇഞ്ചി അരിഞ്ഞതും, കാല്‍ ടീ സ്പൂണ്‍ കടുകും, കാല്‍ കപ്പ് തൈര് ചേര്‍ത്ത് അരച്ചെടുക്കുക. ഈ അരപ്പ് വേവിക്കുന്ന ബീറ്റ്റൂട്ടിലേക്ക് ചേര്‍ക്കുക. രണ്ട് മിനിട്ടോളം ഇളക്കി വേവിക്കുക. തീ അണച്ചതിനുശേഷം, ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ക്കുക. ബാക്കിയുള്ള തൈരും ചേര്‍ക്കാം.ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ത്ത് പച്ചടിയിലൊഴിക്കുക.

വെള്ള നാരങ്ങ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍:

നാരങ്ങ- അഞ്ചെണ്ണം,  ഇഞ്ചി (ചെറുതായി അരിഞ്ഞത്)- ഒരു ടേ.സ്പൂണ്‍, വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്)- ഒരു ടേ.സ്പൂണ്‍ , പച്ചമുളക് (നീളത്തില്‍ കീറിയത്)- മൂന്നെണ്ണം , ഉലുവ- അര ടീസ്പൂണ്‍
കായം- അര ടീസ്പൂണ്‍, കടുക്- മുക്കാല്‍ ടീസ്പൂണ്‍, പഞ്ചസാര- അര ടേ.സ്പൂണ്‍, ഉപ്പ്- ആവശ്യത്തിന്, കറിവേപ്പില- ഒരുതണ്ട്, നല്ലെണ്ണ- 2 അല്ലെങ്കില്‍ 3 ടേ.സ്പൂണ്‍.

 

തയ്യാറാക്കുന്ന വിധം:-  നാരങ്ങ അതിന്‍റെ തൊലി മൃദു ആകുന്നതുവരെ (7 മുതല്‍ 8 മിനിട്ട്) ആവി കേറ്റുക. തണുത്തതിനുശേഷം ഒരു ടിഷ്യൂ വച്ച് തുടയ്ക്കുക. എട്ട് കഷണങ്ങളാക്കി മുറിച്ചതിനുശേഷം ഉപ്പ് ചേര്‍ത്ത് തിരുമ്മി അരമണിക്കൂര്‍ അതങ്ങനെവയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകുപൊട്ടിക്കുക. നീളത്തില്‍ അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി പൊടിയായി അരിഞ്ഞത് എല്ലാം ചേര്‍ത്തിളക്കുക. പച്ചമണം പോകുന്നതുവരെ ഇളക്കുക. കായം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നാരങ്ങയുടെ കഷണങ്ങളും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. അര ടേ.സ്പൂണ്‍ പഞ്ചസാര ഫ്ളേവര്‍ നിലനിര്‍ത്താനാണ് ചേര്‍ക്കുന്നത്. തണുത്തതിനുശേഷം കുപ്പിയില്‍ വായു കടക്കാത്ത രീതിയില്‍ അടച്ചുസൂക്ഷിക്കുക. രണ്ട് ദിവസം കഴിഞ്ഞ് ഉപയോഗിച്ചാല്‍ കുറച്ചുകൂടി രുചികരമാവും.

ഇഞ്ചിക്കറി

ആവശ്യമുള്ള സാധനങ്ങള്‍:- ഇഞ്ചി- ഒരു കിലോ, മുളകുപൊടി- നാല് ടേ.സ്പൂണ്‍,  മല്ലിപ്പൊടി- രണ്ട് ടേ.സ്പൂണ്‍, ജീരകം- ഒരു ടേ.സ്പൂണ്‍, നല്ലെണ്ണ- 250 ഗ്രാം, പുളി- രണ്ട് ഉരുള (ചെറിയ നാരങ്ങാ വലിപ്പത്തില്‍), ശര്‍ക്കര- മൂന്ന് ചെറിയ കഷണം, കറിവേപ്പില- നാല് തണ്ട്, ഉപ്പ്- പാകത്തിന്

 

തയ്യാറാക്കുന്ന വിധം:- ഇഞ്ചി വട്ടത്തില്‍ അരിഞ്ഞ് വയ്ക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ മല്ലിപ്പൊടി, മുളകുപൊടി, ജീരകം ഇവയിട്ട് ചൂടോടെ വറുത്ത് കോരുക. ചീനച്ചട്ടിയില്‍ കുറച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പിലയിട്ട് പൊട്ടുമ്പോള്‍ നിറം മങ്ങാതെ കോരണം. അതിനുശേഷം ഇഞ്ചിക്കഷണങ്ങള്‍ അതിലിട്ട് മൂപ്പിച്ച് കോരുക. വറുത്ത് വച്ചിരിക്കുന്ന മുളകുപൊടി തണുത്തശേഷം അരകല്ലില്‍ വച്ച് മയത്തില്‍ അരച്ചെടുക്കണം. ഒപ്പം വറുത്ത് വച്ചിരിക്കുന്ന ഇഞ്ചിയും പുളിയും ശര്‍ക്കരയും അരച്ചെടുക്കണം. ബാക്കിയിരിക്കുന്ന എണ്ണയില്‍ വറുത്തുവച്ചിരിക്കുന്ന കറിവേപ്പിലയും അരച്ച മിശ്രിതവുമിട്ട് കലക്കി പാകത്തിന് ഉപ്പ് ചേര്‍ക്കുക. കലക്കുമ്പോള്‍ അധികം വെള്ളമാകാതെ നോക്കണം.

കാബേജ് തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍:

കാബേജ് (ചെറുതായി അരിഞ്ഞത്)- രണ്ട് കപ്പ്,  പച്ചമുളക് (നീളത്തില്‍ കീറിയത്)- രണ്ടെണ്ണം, ചെറിയ ഉള്ളി- അഞ്ചെണ്ണം (ചെറുതായി അരിഞ്ഞത്), നാളികേരം ചിരകിയത്- കാല്‍ കപ്പ്, കടുക്- മുക്കാല്‍ ടീസ്പൂണ്‍, കറിവേപ്പില- രണ്ട് തണ്ട്, വെളിച്ചെണ്ണ- രണ്ട് ടേ.സ്പൂണ്‍, ജീരകം (ചതച്ചത്)- മുക്കാല്‍ ടീസ്പൂണ്‍.

 

തയ്യാറാക്കുന്ന വിധം:- ഒരു വലിയ പാത്രത്തില്‍ കാബേജ്, കറിവേപ്പില, ഉള്ളി, ജീരകം, നാളികേരം, ഉപ്പ്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മി അഞ്ച് മിനിറ്റോളം വെയ്ക്കുക. കാബേജില്‍ നിന്ന് അല്‍പ്പം വെള്ളമൊക്കെ ഇറങ്ങുന്നതുകാണാം. ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് തിരുമ്മി വെച്ചിരിക്കുന്ന കാബേജ് ചേര്‍ത്ത് നന്നായി ഇളക്കുക. നല്ല വണ്ണം ഇളക്കിയതിനുശേഷം മൂടിവയ്ക്കുക. ചെറുതീയില്‍ 12-15 മിനിട്ട് വരെ വേവിക്കുക. പാത്രത്തിന്‍റെ അടിയില്‍ പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂടി തുറന്ന് നന്നായി ഇളക്കുക. വേവ് നോക്കി ഉപ്പ് കുറവാണെങ്കില്‍ ആവശ്യാനുസരണം ചേര്‍ക്കാവുന്നതാണ്. വറ്റല്‍മുളക് ഒന്ന് ചൂടാക്കി വേണമെങ്കില്‍ തോരനില്‍ ചേര്‍ക്കാവുന്നതാണ്.

അവിയല്‍

ആവശ്യമുള്ള സാധനങ്ങള്‍:

നേന്ത്രക്കായ്- ഒന്ന്, ചേന- അരക്കഷണം,  ഇളവന്‍- അരക്കഷണം, മുരിങ്ങക്കായ്- ഒന്ന്, പാവയ്ക്ക- ഒന്ന്, മത്തങ്ങ- ഒരു ചെറിയ കഷണം, കാരറ്റ്- രണ്ട്, തേങ്ങ ചിരകിയത്- ഒന്ന്, പച്ചമുളക്- നാല്, വെളിച്ചെണ്ണ- നാല് ടീസ്പൂണ്‍, കറിവേപ്പില- രണ്ട് തണ്ട്, മഞ്ഞള്‍പൊടി- ഒരു ടീസ്പൂണ്‍, അധികം പുളിക്കാത്ത തൈര്- ഒരു കപ്പ്, (വാളന്‍പുളി പിഴിഞ്ഞതും തൈരിന് പകരം ഉപയോഗിക്കാവുന്നതാണ്), ജീരകം- രണ്ട് നുള്ള്, ഉപ്പ്- പാകത്തിന്, വെള്ളം- മൂന്ന് കപ്പ്.

 

തയ്യാറാക്കുന്ന വിധം:- തീരെ നേര്‍ത്തുപോവാത്ത, കട്ടിയില്‍ അരിഞ്ഞ പച്ചക്കറികള്‍ മൂന്ന് കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്തതിനുശേഷം മൂടി വെച്ച് വേവിക്കുക. കുറച്ച് കറിവേപ്പില, മഞ്ഞള്‍പൊടി, ജീരകം, പച്ചമുളക് എന്നിവ അഞ്ച് ടേ. സ്പൂണ്‍ വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക. പച്ചക്കറികള്‍ വെന്തതിനുശേഷം അതിലേക്ക് ഈ അരപ്പ് ചേര്‍ക്കുക. ഇനി തൈര് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറായി കഴിഞ്ഞാല്‍ ബാക്കിയുള്ള കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി വെയ്ക്കാവുന്നതാണ്.

കാളന്‍

ആവശ്യമുള്ള സാധനങ്ങള്‍: 

നേന്ത്രക്കായ്- ഒരെണ്ണം, ചേന- ഒരു കപ്പ്,  തൈര്- രണ്ട് കപ്പ്, നാളീകേരം (ചിരകിയത്)- അരമുറി, കുരുമുളക്- അഞ്ചെണ്ണം, മുളകുപൊടി- കാല്‍ ടീസ്പൂണ്‍, മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍, ജീരകം- കാല്‍ ടീസ്പൂണ്‍, ഉപ്പ്- ആവശ്യത്തിന്, കറിവേപ്പില- രണ്ട് തണ്ട്, കടുക്- കാല്‍ ടീസ്പൂണ്‍, ഉലുവ- കുറച്ച്, വറ്റല്‍മുളക്- രണ്ടെണ്ണം, വെളിച്ചെണ്ണ- രണ്ട് ടീസ്പൂണ്‍.

 

തയ്യാറാക്കുന്ന വിധം:- ക്യൂബായി അരിഞ്ഞ ചേനയും നേന്ത്രക്കായയും കുറച്ച് മഞ്ഞള്‍പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് കഷണങ്ങള്‍ നന്നായി വേവിക്കുക. ചിരകിയ നാളികേരം, കുരുമുളക്, ജീരകം, പച്ചമുളക് എല്ലാം ചേര്‍ത്തരച്ചെടുക്കുക. ഈ അരപ്പ് വേവിക്കുന്ന പച്ചക്കറികളിലോട്ട് ചേര്‍ക്കുക. നന്നായി ഇളക്കി, ആവശ്യത്തിന് ഉപ്പും തൈരും ചേര്‍ത്തുകൊടുക്കാം. 2-3 മിനിറ്റ് സിമ്മിലിട്ട് വേവിക്കാം. തിളയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇനി തീ അണയ്ക്കാം. ഒരു പാനില്‍ കടുകും വറ്റല്‍മുളകും ഉലുവയും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ വഴറ്റി കറിയില്‍ വിതറാം.

ഏത്തയ്ക്ക കാരറ്റ് എരിശ്ശേരി

ആവശ്യമുള്ള സാധനങ്ങള്‍:

പച്ച ഏത്തയ്ക്ക- രണ്ടെണ്ണം, കാരറ്റ്- ഒരെണ്ണം, ചേന- 250 ഗ്രാം, കുരുമുളകുപൊടി- 2 ടീസ്പൂണ്‍, മഞ്ഞള്‍പൊടി- ഒരു ടീസ്പൂണ്‍, ഉപ്പ്- ആവശ്യത്തിന്, തേങ്ങ- അരമുറി, ജീരകം- ഒരു ടീസ്പൂണ്‍, വറ്റല്‍മുളക്- നാലെണ്ണം, വറുത്തിടാന്‍ തേങ്ങ- അര മുറി, ഉഴുന്നുപരിപ്പ്- രണ്ട് ചെറിയ സ്പൂണ്‍, കടുക്- മുക്കാല്‍ ടീസ്പൂണ്‍, കറിവേപ്പില- ഒരു തണ്ട്, വെളിച്ചെണ്ണ- രണ്ട് ടേ.സ്പൂണ്‍.

 

 

തയ്യാറാക്കുന്ന വിധം:- ചെറുതായി അരിഞ്ഞ കാരറ്റ്, നേന്ത്രക്കായ്, ചേന ഇവ മഞ്ഞള്‍പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത് നന്നായി വേവിച്ച് കഷണങ്ങള്‍ നല്ലതുപോലെ ഉടയ്ക്കുക. തേങ്ങ, ജീരകം, വറ്റല്‍മുളക് നല്ലതുപോലെ അരച്ചുചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് തിളയ്ക്കുമ്പോള്‍ വാങ്ങുക. കാഞ്ഞ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വറുത്തിടാനുള്ള തേങ്ങ, ഉഴുന്നുപരിപ്പ്, കടുക്, കറിവേപ്പില നന്നായി മൂപ്പിച്ച് എരിശ്ശേരിയില്‍ ചേര്‍ത്തിളക്കുക.

ഉള്ളിത്തീയല്‍

ആവശ്യമുള്ള സാധനങ്ങള്‍:- 

ചുവന്നുള്ളി (നീളത്തിലരിഞ്ഞത്)- രണ്ട് കപ്പ്, പച്ചമുളക് (അറ്റം പിളര്‍ന്നത്)- ആറ്, തേങ്ങാക്കൊത്ത്- കാല്‍ കപ്പ്, തേങ്ങ ചിരകിയത്- ഒരു മുറി, മുളകുപൊടി- ഒരു ടേ.സ്പൂണ്‍, മല്ലിപ്പൊടി- ഒരു ടേ.സ്പൂണ്‍, ഉലുവാപ്പൊടി- കാല്‍ ടീസ്പൂണ്‍, വാളന്‍പുളി- നെല്ലിക്കാവലിപ്പം, ഉപ്പ്- പാകത്തിന്, വെളിച്ചെണ്ണ- കാല്‍ കപ്പ്, ഉണക്കമുളക്- മൂന്നെണ്ണം, ചുവന്നുള്ളി (വട്ടത്തില്‍ കനം കുറച്ചരിഞ്ഞത്)- രണ്ട് ടേ.സ്പൂണ്‍, കടുക്- അരടീസ്പൂണ്‍, കറിവേപ്പില- രണ്ട് തണ്ട്.

 

തയ്യാറാക്കുന്ന വിധം:- ചൂടായ ചീനച്ചട്ടിയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് തേങ്ങ ചുവക്കെ വറുക്കുക. ചുവന്നുവരുമ്പോള്‍ മുളകുപൊടിയും മല്ലിപ്പൊടിയും ഉലുവാപ്പൊടിയും ചേര്‍ത്തിളക്കി വാങ്ങി മയത്തില്‍ അരച്ചെടുക്കുക. ബാക്കി വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ചുവന്നുള്ളി നീളത്തിലരിഞ്ഞതും പച്ചമുളകും തേങ്ങാക്കൊത്തും നന്നായി വഴറ്റി കോരിയെടുക്കുക. വാളന്‍പുളി ഒരു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞ് ചേര്‍ത്ത് തിളപ്പിക്കുക. ഒരു കപ്പ് വെള്ളത്തില്‍ അരപ്പ് കലക്കിയതും വഴറ്റിയ ചേരുവകളും ചേര്‍ത്ത് അടുപ്പില്‍ വച്ച് പാകത്തിന് കുറുകുമ്പോള്‍ വാങ്ങി, ഉണക്കമുളകും, ചുവന്നുള്ളി വട്ടത്തില്‍ കനം കുറച്ചരിഞ്ഞതും കടുകും വേപ്പിലയും വറുത്തിടുക.

പരിപ്പ് കറി

ആവശ്യമുള്ള സാധനങ്ങള്‍: 

ചെറുപയര്‍ പരിപ്പ്- അരക്കപ്പ്, നാളികേരം ചിരകിയത്- അരക്കപ്പ്, ജീരകം- അര ടീസ്പൂണ്‍, മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍, പച്ചമുളക്- ഒരെണ്ണം, നെയ്യ്- ഒരു ടേ.സ്പൂണ്‍, കറിവേപ്പില- ഒരുതണ്ട്, ഉപ്പ്- ആവശ്യത്തിന്, വെളിച്ചെണ്ണ- ഒരു ടേ.സ്പൂണ്‍, വെള്ളം- രണ്ടരകപ്പ്.

 

തയ്യാറാക്കുന്ന വിധം:- പ്രഷര്‍ കുക്കറിലേക്ക് അല്‍പ്പം നെയ്യ് ഒഴിക്കുക. കഴുകി വെള്ളം വാര്‍ന്നുവെച്ചിരിക്കുന്ന ചെറുപയര്‍ പരിപ്പ് ഇടുക. രണ്ടുമിനിട്ട് നേരം ചൂടാക്കുക. ഒരു കപ്പ് വെള്ളം ചേര്‍ത്ത് മഞ്ഞള്‍പൊടിയും പച്ചമുളകും ഇടുക. രണ്ട് വിസില്‍ വരുംവരെ വേവിക്കുക. തേങ്ങയും ജീരകവും കൂടി അല്‍പ്പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഈ അരപ്പ് പരിപ്പിലോട്ട് ചേര്‍ക്കുക. ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങിവയ്ക്കുക.

സാമ്പാര്‍

ആവശ്യമുള്ള സാധനങ്ങള്‍:

തുവരപ്പരിപ്പ്- അരക്കപ്പ്, വെണ്ടയ്ക്ക- രണ്ടെണ്ണം, കാരറ്റ്-ഒരെണ്ണം, തക്കാളി- ഒരെണ്ണം, ഉരുളക്കിഴങ്ങ്- ഒരെണ്ണം, ബീറ്റ്റൂട്ട്- ഒരെണ്ണം, മത്തങ്ങ- 100 ഗ്രാം, കുമ്പളങ്ങ- 100 ഗ്രാം, വഴുതനങ്ങ- ഒരെണ്ണം, കപ്പയ്ക്ക- ഒരെണ്ണത്തിന്‍റെ പകുതി, ചെറിയ ഉള്ളി (ചെറുതായി അരിഞ്ഞത്) – 15 എണ്ണം, മഞ്ഞള്‍പൊടി- ഒരുനുള്ള്, സാമ്പാര്‍പൊടി- മൂന്ന് ടേ. സ്പൂണ്‍, കായം- ഒരു ടീസ്പൂണ്, വാളന്‍പുളി- നെല്ലിക്കാവലുപ്പത്തില്‍, വെളിച്ചെണ്ണ- രണ്ട് ടേ. സ്പൂണ്‍, കടുക് -ഒരു ടീസ്പൂണ്‍, വറ്റല്‍മുളക്-മൂന്നെണ്ണം, കറിവേപ്പില- രണ്ട് തണ്ട്, വെള്ളം, ഉപ്പ്- ആവശ്യത്തിന്, പച്ചമുളക് (നീളത്തില്‍ കീറിയത്)- നാലെണ്ണം .

 

തയ്യാറാക്കുന്ന വിധം:- 25 മിനിറ്റെങ്കിലും കുതിര്‍ത്തുവെച്ച പരിപ്പ് അരിഞ്ഞ പച്ചക്കറികള്‍ക്കൊപ്പം ഒരു ടേ. സ്പൂണ്‍ സാമ്പാര്‍പൊടിയും അര ടേ.സ്പൂണ്‍ മഞ്ഞള്‍ പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക. ഒരു പാനില്‍ കായവും സാമ്പാര്‍പൊടിയും ഒന്ന് ചൂടാക്കി പിഴിഞ്ഞ പുളിയും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ രണ്ടുമിനിറ്റുനേരം ഒന്ന് തിളപ്പിക്കുക. ഉപ്പ് ആവശ്യാനുസരണം ചേര്‍ക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക്, ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സമ്പാറില്‍ ചേര്‍ക്കുക.

മാമ്പഴപ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍:

മാമ്പഴം(അല്‍ഫോണ്‍സ)- മൂന്ന് വലുത്, മാമ്പഴത്തിന്‍റെ പള്‍പ്പ്- 2 കപ്പ്, ശര്‍ക്കര- 4 വലിയ ക്യൂബ്, ചുക്കുപൊടി- കാല്‍ ടീസ്പൂണ്‍, ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂണ്‍, നാളികേരം രണ്ടാം പാല്‍- രണ്ട് കപ്പ്, ഒന്നാം പാല്‍- അരക്കപ്പ്, ഗോതമ്പ് നുറുക്ക്- 150 ഗ്രാം, അണ്ടിപരിപ്പ്- 15, ഉണക്കമുന്തിരി- ഒരു കൈപിടി, നെയ്യ്- 3-4 ടീസ്പൂണ്‍, വെള്ളം- ഒരു കപ്പ് .

 

 

തയ്യാറാക്കുന്ന വിധം:- അടികട്ടിയുള്ള നല്ലൊരു പാത്രത്തില്‍ രണ്ട് ടീസ്പൂണ്‍ നെയ്യ് ഒഴിച്ചുചൂടാക്കി, വളരെ ചെറിയ കഷണങ്ങളാക്കി നുറുക്കിയ മാങ്ങ ചേര്‍ക്കുക. മാങ്ങയുടെ നിറം മാറുന്നതുവരെ ഇളക്കി ക്കൊണ്ടിരിക്കുക. വെന്തുടയണം മാങ്ങ കഷണങ്ങള്‍. പാത്രത്തില്‍ പിടിക്കാതിരിക്കാന്‍ വേണ്ടി ഇളക്കി കൊടുക്കുക. ഇതിലേക്ക് മാങ്ങയുടെ പള്‍പ്പ് ചേര്‍ത്ത് അഞ്ച് മുതല്‍ ഏഴ് മിനിറ്റുവരെ ഇളക്കുക. നാല് കഷണം ശര്‍ക്കര മറ്റൊരു പാത്രത്തില്‍ ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മാങ്ങയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഒരു വരട്ടിയ പരുവം ആകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. തീ ചെറുതാക്കുക. നാളികേരത്തിന്‍റെ രണ്ടാം പാലെടുത്തു ചേര്‍ത്തിളക്കുക. ഇനി ഇതിലോട്ട് ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. അഞ്ച് മുതല്‍ ഏഴ് മിനിറ്റുവരെ ചെറിയ തീയില്‍ നന്നായി വേവിക്കുക. നൂറ് ഗ്രാം ഗോതമ്പ് നുറുക്ക് മറ്റൊരു പാത്രത്തില്‍ വേവിച്ചെടുക്കണം. വേവിച്ച ഗോതമ്പ് നുറുക്ക് ചേര്‍ക്കാവുന്നതാണ്. വെന്ത് കുഴയരുത്. ഇനി കട്ടിയുള്ള തേങ്ങാപ്പാല്‍(ഒന്നാം പാല്‍) ചേര്‍ത്ത് അല്‍പ്പം സമയം കൂടി ചെറുതീയില്‍ വേവിച്ചതിനുശേഷം ഇറക്കിവെയ്ക്കുക. ഒരു പാനില്‍ ഒരു ടേ.സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും വറുത്തെടുക്കുക. പ്രഥമന്‍റെ മുകളില്‍ ഇത് വിതറാം. 

തയ്യാറാക്കിയത്:

ദിലീപ് രാമകൃഷ്ണന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO