വിശേഷങ്ങള്‍ പങ്കുവെച്ച് ‘ഞാന്‍ പ്രകാശനിലെ’ ടീനമോള്‍

കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ ഋതുപര്‍ണ്ണ, ദേവനന്ദ, അര്‍ച്ചന, അനശ്വര, വൈഷ്ണവി, ആദിത്യ എന്നിവര്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. പത്ത് ഡിയില്‍ പഠിക്കുന്ന ദേവികാസഞ്ജയ് എത്തിയതോടെ ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചു. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ ഏഴുപേരും പ്രിയപ്പെട്ടവരാണ്.... Read More

കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ ഋതുപര്‍ണ്ണ, ദേവനന്ദ, അര്‍ച്ചന, അനശ്വര, വൈഷ്ണവി, ആദിത്യ എന്നിവര്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. പത്ത് ഡിയില്‍ പഠിക്കുന്ന ദേവികാസഞ്ജയ് എത്തിയതോടെ ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചു. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ ഏഴുപേരും പ്രിയപ്പെട്ടവരാണ്. പഠനത്തിലും സംഗീതത്തിലും ശബ്ദകലയിലും നൃത്തത്തിലും അഭിനയത്തിലും കഴിവുതെളിയിച്ചവരാണ്. അവരിലൊരാളായ ദേവികാസഞ്ജയ് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ടീനമോളായി മാറിയിരിക്കുകയാണ്.

 

 

 

സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ കൂട്ടുകെട്ടിലൂടെ പിറവിയെടുത്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലെ ടീനമോളെ പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല.  കുറുമ്പുകാട്ടിയും ചിരിപ്പിച്ചും പ്രേക്ഷകമനസ്സിലേക്ക് ഓടിക്കയറിയ ഈ കുഞ്ഞുതാരം തിയേറ്റര്‍ വിട്ടാലും അവരുടെ മനസ്സില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു. ആദ്യചിത്രത്തിലൂടെതന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഈ പത്താംക്ലാസ്സുകാരിക്ക് സിനിമയില്‍ അഭിനയിച്ചത് ഒരു സ്വപ്നം പോലെയാണ്.

 

കൊയിലാണ്ടിയില്‍ നിന്നും സിനിമയിലേയ്ക്ക്

 

കൊയിലാണ്ടി റെയില്‍വേസ്റ്റേഷനില്‍ നിന്നും നാല് കിലോമീറ്റര്‍ കിഴക്ക് നടേരിക്കടുത്ത് വൈദ്യരങ്ങാടിയിലാണ് താമസം. ഗ്രാമത്തിന്‍റെ നന്മയും വിശുദ്ധിയുമുള്ള പ്രദേശം. പുഴയും നിറയെ ക്ഷേത്രങ്ങളുമുള്ള ഈ പ്രദേശത്ത് താമസിക്കുന്നതിനാലാവാം ദേവിക ഉത്സവാന്തരീക്ഷങ്ങളെ ഏറെ ഇഷ്ടപ്പെടുന്നത്.

 

കുഞ്ഞുന്നാളിലെ സിനിമാമോഹം തലയ്ക്ക് പിടിച്ച ദേവു പലപ്പോഴും വീട്ടില്‍ അനിയന്‍ ദേവാനന്ദുമായി അടികൂടുക ടി.വിയുടെ റിമോട്ടിനുവേണ്ടിയായിരുന്നു. അനിയന് കാണേണ്ടത് കാര്‍ട്ടൂണുകളും ദേവികയ്ക്ക് വേണ്ടത് സിനിമകളും.

 

 

‘ദേ’… എന്നു വിളിച്ച് നന്ദു റിമോട്ട് ചേച്ചിക്ക് നല്‍കി തോല്‍വി സമ്മതിക്കുകയാണ് പതിവ്. ഒരു കുസൃതിച്ചിരിയോടെ ദേവിക പറഞ്ഞുതുടങ്ങി.

 

‘വീടിനടുത്തുതന്നെയാണ് അച്ഛന്‍റെ തറവാട്. അവിടെ മുത്തച്ഛനും മുത്തശ്ശിയും വല്യമ്മയും കസിന്‍സുമാണ് താമസം. മുത്തച്ഛന്‍ കേശവന്‍ നമ്പീശന്‍ പട്ടാളത്തിലായിരുന്നു. മുത്തശ്ശി പ്രസന്ന അദ്ധ്യാപികയും. വിശ്രമജീവിതം നയിക്കുന്ന ഇവര്‍ പൂന്തോട്ടവും കൃഷിയുമായി അങ്ങനെസന്തോഷത്തോടെ പോകുന്നു. കുഞ്ഞുന്നാളില്‍ ഇവരോടൊപ്പമായിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോള്‍ അവരുടെ കൂട്ട് എനിക്കെന്നും ഉണ്ടായിരുന്നു.’

 

സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ നായികയെ തേടുന്ന വിവരം സത്യന്‍റെ ഗുരു ഡോ. ബാലകൃഷ്ണന്‍റെ മകള്‍ രേണുകയോട്, സത്യന്‍റെ മകനും സഹസംവിധായകനുമായ അഖില്‍ സത്യനാണ് പറഞ്ഞത്. രേണുക കേന്ദ്രീയവിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്നു. രേണുകയുടെ മനസ്സില്‍ ദേവികയുടെ കൂട്ടുകാരി ഋതുപര്‍ണ്ണയുടെ മുഖമായിരുന്നു. എന്നാല്‍ തനിക്ക് അഭിനയത്തേക്കാളിഷ്ടം ഡബ്ബിംഗിനോടാണെന്ന് പറഞ്ഞ് ഋതു അത് നിരസിക്കുകയും പകരം ദേവികയെ പരിചയപ്പെടുത്തുകയും ചെയ്തു.

 

 

ദേവിക കുറെ പടങ്ങള്‍ സത്യന്‍അന്തിക്കാടിന് അയച്ചുകൊടുത്തു അത് അവര്‍ക്ക് ഇഷ്ടമായില്ല. പിന്നീട് മുപ്പത് സെക്കന്‍റുള്ള ഒരു വീഡിയോ അയച്ചുകൊടുക്കാന്‍ മെസ്സേജ് വന്നു. അങ്ങനെ കസിന്‍ അനഘയുടെ സഹായത്താല്‍ തട്ടിക്കൂട്ടി ഒരു വീഡിയോയുണ്ടാക്കി അയച്ചുകൊടുത്തു. ആ വീഡിയോയാണ് ദേവികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

 

‘സിനിമാചിത്രീകരണം എങ്ങനെയാണെന്ന് കണ്ട് മനസ്സിലാക്കുന്നതിനായി കുറച്ചുദിവസം മുമ്പുതന്നെ സെറ്റിലെത്താന്‍ സത്യനങ്കിള്‍ പറഞ്ഞിരുന്നു. കൂടെയുള്ളവര്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍ ആത്മവിശ്വാസം തോന്നി. എനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് മനസ്സില്‍ ഉറപ്പിച്ച് ക്യാമറയ്ക്ക് മുന്നില്‍നിന്നു.’

 

‘സിനിമയില്‍ ഫഹദിന് നേരെ നായയെ അഴിച്ചുവിടുന്നതും ഒന്നിച്ചുള്ള സൈക്കിള്‍ യാത്രയുമെല്ലാം ആസ്വദിച്ചാണ് അഭിനയിച്ചത്. നമ്മള്‍ ഒരു കാര്യം ഭയങ്കരമായി ആഗ്രഹിച്ചാല്‍ അത് നമ്മളെ തേടിവരും എന്നല്ലെ പറയുന്നത്.’ കണ്ണുകള്‍ വിടര്‍ത്തി പുരികമുയര്‍ത്തി ദേവിക ചിരിച്ചു…. ടീനമോളുവിനെപ്പോലെ.

 

 

സിനിമയിലെ കുസൃതി പോലെ തന്നെയാ ഇവിടെയും അമ്മ ശ്രീലത പറഞ്ഞു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് അമ്മ. സോഫ്റ്റ്വെയര്‍ എഞ്ചിനീയറും ഇലക്ട്രോണിക്സില്‍ പല കണ്ടുപിടുത്തങ്ങളും നടത്തിയ അച്ഛന്‍ പി.കെ. സഞ്ജയ് അമ്മയോടൊപ്പം കൂടി.

 

‘പലപ്പോഴും ഷൂട്ടിംഗിനിടയില്‍ ഷാനൂക്ക (ഫഹദ് ഫാസില്‍) മാഡം എന്ന് വിളിച്ച് എന്നെ കളിയാക്കാറുണ്ടായിരുന്നു. നസ്രിയയുടെ സിനിമകള്‍കണ്ട് ഫാനായ ഞാന്‍ ഇക്കാര്യം ഷാനൂക്കയെ ധരിപ്പിച്ചിരുന്നു. ഒരു ദിവസം നസ്രിയയെ ലൊക്കേഷനില്‍വച്ച് കാണാനും സംസാരിക്കാനും ഇടയായത് എന്‍റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത നിമിഷമാണ്. ഒരു മാസത്തെ ഷൂട്ടിംഗിനിടയിലെ പഠനം. അതുവരെയുള്ള നോട്ട്സെല്ലാം കൂട്ടുകാരികള്‍ സഹായിച്ചതിനാല്‍ കുഴപ്പമില്ലാതെ ഇപ്പോള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ കഴിഞ്ഞു.

 

കുഞ്ഞിക്കയോടൊത്ത് (ദുല്‍ഖര്‍സല്‍മാന്‍) അഭിനയിക്കണമെന്നുള്ളതാണ് ദേവികയുടെ ഇനിയുള്ള മോഹം. കമലടക്കമുളള പല സംവിധായകരുടെയും സിനിമയിലേക്ക് അവസരം വന്നെങ്കിലും പത്താംക്ലാസ്സായതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കുകയാണിപ്പോള്‍. ഇനി മാര്‍ച്ചിനുശേഷം നല്ല കഥയും കഥാപാത്രങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. തന്നെ നെഞ്ചോട് ചേര്‍ത്ത പ്രേക്ഷകരോട് നന്ദിപറഞ്ഞുകൊണ്ട് നിഷ്കളങ്കമായി പുഞ്ചിരിച്ച് ചലച്ചിത്രലോകത്തിലേക്ക് കാലെടുത്തുവച്ച ഈ മലബാറുകാരി തീര്‍ച്ചയായും മലയാള സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്.

 

നാസര്‍ മുഹമ്മദ്

 

Show Less

No comments Yet

SLIDESHOW

LATEST VIDEO