നിത്യഹരിതനായകന്‍റെ നല്ല മനസ്സ്

ചില പേരുകള്‍ കാലത്തിനതീതമാണ്. അവ ചരിത്രത്തിന്‍റെ ഭാഗമായി നിലകൊള്ളും. മലയാള സിനിമാചരിത്രത്തിന്‍റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ അതിനോടൊപ്പം സഞ്ചരിച്ച കൃഷ്ണന്‍കുട്ടി എന്ന ഫോട്ടോഗ്രാഫറെ മാറ്റിനിര്‍ത്താനാകില്ല. നാനകൃഷ്ണന്‍കുട്ടി എന്നറിയപ്പെട്ട കൃഷ്ണന്‍കുട്ടി കേവലം ഒരു ഫോട്ടോഗ്രാഫര്‍ മാത്രമായിരുന്നില്ല. മലയാളസിനിമയ്ക്കൊപ്പം... Read More

ചില പേരുകള്‍ കാലത്തിനതീതമാണ്. അവ ചരിത്രത്തിന്‍റെ ഭാഗമായി നിലകൊള്ളും. മലയാള സിനിമാചരിത്രത്തിന്‍റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ അതിനോടൊപ്പം സഞ്ചരിച്ച കൃഷ്ണന്‍കുട്ടി എന്ന ഫോട്ടോഗ്രാഫറെ മാറ്റിനിര്‍ത്താനാകില്ല. നാനകൃഷ്ണന്‍കുട്ടി എന്നറിയപ്പെട്ട കൃഷ്ണന്‍കുട്ടി കേവലം ഒരു ഫോട്ടോഗ്രാഫര്‍ മാത്രമായിരുന്നില്ല. മലയാളസിനിമയ്ക്കൊപ്പം സഞ്ചരിച്ച പ്രതിഭയായിരുന്നു അദ്ദേഹം. മലയാളിയുടെ വിനോദ ഉപാധികളായി റേഡിയോ മാത്രമുണ്ടായിരുന്ന കാലത്താണ് സിനിമാലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അച്ചടിരൂപത്തില്‍ നാന അവതരിപ്പിച്ചത്. ഓരോ വാരവും പ്രസിദ്ധീകരിക്കുന്ന നാന വായിക്കാന്‍ മലയാളികള്‍ കാത്തിരുന്നു. ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളും ചരിത്രത്തിന്‍റെ ഭാഗമായ സംഭവവികാസങ്ങളുമെല്ലാം നാന വായനക്കാര്‍ക്ക് മുന്നിലെത്തിച്ചപ്പോള്‍ അതിന്‍റെ അമരക്കാരില്‍ ഒരാളായി കൃഷ്ണന്‍കുട്ടിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ക്യാമറാക്കണ്ണുകളിലൂടെ പകര്‍ത്തപ്പെട്ട എത്രയോ ചിത്രങ്ങള്‍ പല അഭിനേതാക്കളുടേയും തലവര മാറ്റിക്കുറിച്ചിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നതിനപ്പുറം കൃഷ്ണന്‍കുട്ടി എന്ന വ്യക്തിക്ക് മലയാളസിനിമാലോകം നല്‍കിയ സ്വീകാര്യത അതിന് തെളിവാണ്. നിത്യഹരിതനയകന്‍ പ്രേംനസീറില്‍ തുടങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി, മോഹന്‍ലാല്‍ മുതല്‍ ഇങ്ങ് യുവതാരം പൃഥ്വിരാജ് വരെ എത്രയോ അഭിനേതാക്കളുടെ ചിത്രങ്ങള്‍ കൃഷ്ണന്‍കുട്ടി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പലതും നാനയുടെ മുഖച്ചിത്രങ്ങളായിരുന്നു. സുദീര്‍ഘമായ കര്‍മ്മപഥത്തില്‍ താന്‍ കൈവരിച്ച നേട്ടങ്ങളാണ് അദ്ദേഹത്തെ കൃഷ്ണന്‍കുട്ടിയില്‍ നിന്നും നാനകൃഷ്ണന്‍കുട്ടിയാക്കി ഉയര്‍ത്തിയത്. പേരിനൊപ്പം സ്ഥാപനത്തിന്‍റെ പേരുകൂടി ചേര്‍ത്ത് വിളിക്കപ്പെട്ട അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് കൃഷ്ണന്‍കുട്ടി. പക്ഷേ, ഒരിക്കല്‍പ്പോലും അതിന്‍റെ തലക്കനം അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നതാണ് കൃഷ്ണന്‍കുട്ടിയെ വ്യത്യസ്തനാക്കുന്നത്. ഇന്ന് നാനകൃഷ്ണന്‍കുട്ടി ഒരു ഓര്‍മ്മമാത്രമാണ്. അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. അവസാനനാളുകളില്‍, താന്‍ പിന്നിട്ടവഴികളിലെ മറക്കാനാകാത്ത അനുഭവങ്ങളില്‍ ചിലത് അദ്ദേഹം നാനലേഖകനോട് പങ്കിട്ടിരുന്നു. ആ ഓര്‍മ്മകളുടെ താളുകള്‍ അക്ഷരങ്ങളായി വായനക്കാരിലെത്തുംമുന്നേ കൃഷ്ണന്‍കുട്ടി വിടവാങ്ങി. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട് അവ ‘ഞാന്‍ കണ്ട താരം’ എന്ന തലക്കെട്ടില്‍ വായനക്കാര്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നു.

ഒരു പൂച്ചക്കുട്ടിയെപ്പോലെ സാധു

അന്ന് ആ നഗരം ചെന്നൈ അല്ല. മദ്രാസ്, മദിരാശി എന്നൊക്കെ ആയിരുന്നു. സിനിമാമോഹവുമായി ആയിരങ്ങള്‍ അലഞ്ഞുതിരിഞ്ഞ മദിരാശിപ്പട്ടണം. നിരവധിപ്പേരുടെ ഉയര്‍ച്ചകള്‍ക്കും തളര്‍ച്ചകള്‍ക്കും സാക്ഷിയായ മഹാനഗരം എനിക്ക് സ്വന്തം നാടുപോലെതന്നെ ആയിരുന്നു. മിക്കവാറും ഓരോ ഒന്നരമാസം കൂടുമ്പോഴും ഞാന്‍ മദിരാശിയിലെത്തുമായിരുന്നു. നാനാ സിനിമാവാരികയുടെ ലൊക്കേഷന്‍ കവറേജിന്‍റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനങ്ങളില്‍ പലതും. ആ പോക്കുവരവുകള്‍ക്കിടയില്‍ നിരവധി മഹാരഥന്മാരുടെ ചിത്രങ്ങളെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പലരുമായും അടുത്തിടപഴകാനും സൗഹൃദങ്ങള്‍ സ്ഥാപിക്കാനും സാധിച്ചു. പലരും ഇന്ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പക്ഷേ ആ ഓര്‍മ്മകള്‍ക്ക് ഇന്നും മരണമില്ല.

 

പ്രേംനസീറിനൊപ്പം നാന കൃഷ്ണന്‍കുട്ടി

 

മദിരാശി എന്നുപറയുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് നിത്യഹരിതനായകന്‍ പ്രേംനസീറിന്‍റെ മുഖമാണ്. സിനിമാനടന്‍മാര്‍ പൊതുവെ സുന്ദരന്മാരാണ്. പക്ഷേ, അവരെക്കാള്‍ ഒരുപടി കൂടി കടന്ന സൗന്ദര്യമാണ് നസീറിനുള്ളത്. മുഖസൗന്ദര്യത്തെക്കാള്‍ ഏറെയാണ് അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ സൗന്ദര്യം. അതുതന്നെയാണ് അദ്ദേഹത്തെ മറ്റ് നടന്മാരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. 1972 ലാണ് ഞാന്‍ നസീര്‍ എന്ന മനുഷ്യനെ ആദ്യമായി അടുത്തറിയുന്നത്. അന്നത്തെ പത്രാധിപര്‍ രാമകൃഷ്ണന്‍ സാറിനോടൊപ്പം ഒരു സ്റ്റുഡിയോയില്‍(ഷൂട്ടിംഗ് നടക്കുന്ന സ്ഥലം)പോയശേഷം റൂമിലേക്ക് മടങ്ങാന്‍ ഞങ്ങള്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്നു. അന്നേരമാണ് മുന്നില്‍ ഒരു കാര്‍ വന്നുനിന്നത്. ചില്ല് താഴ്ത്തിയപ്പോള്‍ കാണുന്നത് സാക്ഷാല്‍ പ്രേംനസീര്‍! എന്താ ഇവിടെ നില്‍ക്കുന്നത് എന്നായിരുന്നു ആദ്യചോദ്യം. റൂമില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളെ ഡ്രോപ്പ് ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു. തുടര്‍ന്ന് ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജിന് മുന്നില്‍ ഇറക്കിയശേഷം അദ്ദേഹം ഇത്രമാത്രമേ പറഞ്ഞുള്ളൂ- നാളെ രാവിലെ വീട്ടില്‍ വരണം. ബ്രേക് ഫാസ്റ്റ് എന്‍റൊപ്പമാണ്. സ്നേഹത്തിന്‍റെ ഭാഷയിലുള്ള ആ ക്ഷണം നിരസിക്കാന്‍ ഞങ്ങള്‍ക്കായില്ല. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. നിറപുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. തുടര്‍ന്ന് ഭക്ഷണം. അതുകഴിഞ്ഞ് അദ്ദേഹം ഞങ്ങള്‍ക്കായി ഒരു എക്സ്ക്ലൂസീവ് അഭിമുഖവും തന്നു. ‘മഹിളാരത്ന’ത്തിനുവേണ്ടി നസീറിന്‍റെ ഫാമിലി ഇന്‍റര്‍വ്യൂ ആണ് ഞങ്ങളെടുത്തത്. പക്ഷേ അതിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. നസീര്‍ എന്ന താരത്തിന്‍റെ ഭാര്യ സംസാരിക്കേണ്ടിടത്തെല്ലാം സംസാരിച്ചത് നസീര്‍ സാര്‍ തന്നെയായിരുന്നു. ഭാര്യയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സംസാരം ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹംതന്നെ പറഞ്ഞു. മെലിഞ്ഞുണങ്ങിയ ചെറുപ്പക്കാരന്‍ തന്നെ പെണ്ണുകാണാന്‍ വന്ന ആ ദിനത്തിലെ ഓര്‍മ്മകളൊക്കെ ഭാര്യയുടെ മനസ്സിലുള്ളതുപോലെ അദ്ദേഹം വിവരിച്ചു. ഒരുപക്ഷേ, ഭാര്യയുടെ ഓര്‍മ്മകള്‍ അവര്‍ പറയുന്നതിനെക്കാള്‍ ഭംഗിയായി അദ്ദേഹത്തിന് പറയാന്‍ സാധിച്ചു എന്നുപറയാം. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മനസ്സ് അദ്ദേഹത്തിന് അത്രത്തോളം മനഃപാഠമായിരുന്നു. വളരെ രസകരമായ രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ സംസാരം. അഭിമുഖത്തിനുശേഷം അദ്ദേഹം ഞങ്ങളെയും കൂട്ടി ഒരു ലൊക്കേഷനിലേക്ക് പോയി. അവിടെ എല്ലാവരോടും അദ്ദേഹം വളരെ സൗഹാര്‍ദ്ദപരമായാണ് പെരുമാറിയത്. ഞങ്ങളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. അറിയാത്തവരോട് ഞങ്ങളെക്കുറിച്ചും ‘നാന’യെക്കുറിച്ചുമൊക്കെ നല്ല വാക്കുകള്‍ മാത്രമാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്നുള്ള ചെന്നൈ സന്ദര്‍ശനവേളകളില്‍ പലപ്പോഴും നസീര്‍ എന്ന നടനോടൊത്ത് ഞങ്ങള്‍ ഏറെനേരം ചെലവിടുമായിരുന്നു. മിക്കപ്പോഴും ഒരുമിച്ച് ഭക്ഷണവും കഴിക്കും. ഓരോ കൂടിക്കാഴ്ചകളും അദ്ദേഹത്തെ അടുത്തറിയാനുള്ള അവസരങ്ങളായിരുന്നു. വലിപ്പച്ചെറുപ്പങ്ങളില്ലാതെ മനുഷ്യനെ മനുഷ്യനായി കാണാനും സാഹോദര്യത്തിന്‍റെ ഭാഷയില്‍ പെരുമാറാനും ലാളിത്യം മുഖമുദ്രയാക്കിയ നസീര്‍സാറിന് സാധിക്കുമായിരുന്നു. എന്‍റെ കരിയറിലുടനീളം എത്രയോ താരങ്ങളുടെ ചിത്രം പകര്‍ത്തിയിട്ടുണ്ട്. പക്ഷേ അവര്‍ക്കാര്‍ക്കും ഇല്ലാത്ത എളിമയും ലാളിത്യവും നസീര്‍ എന്ന അതുല്യകലാകാരനുണ്ടായിരുന്നു. അതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO