നവഗ്രഹങ്ങളിൽ സൂര്യന്‍ പിഴച്ചാൽ….

  നവഗ്രഹങ്ങൾ പിഴച്ചാൽ.... സൂര്യന്‍ മനുഷ്യജീവിതത്തില്‍ നടക്കുന്ന ഏതൊരു കാര്യത്തിന്‍റെയും കാര്യകാരണമന്വേഷിച്ചാല്‍ അത് നവഗ്രഹങ്ങളില്‍ ചെന്നെത്തും. ഗ്രഹങ്ങള്‍ ദുഃസ്ഥാനത്ത് സഞ്ചരിക്കുമ്പോള്‍ ഗ്രഹപ്പിഴയായും സല്‍സ്ഥാനചലനം നടക്കുമ്പോള്‍ ദൈവാധീനമായും വ്യാഖ്യാനിക്കപ്പെടുന്നു. യുദ്ധം, ഭരണമാറ്റം, പ്രേമം, കലഹം, കൊലപാതകം,... Read More

 


നവഗ്രഹങ്ങൾ പിഴച്ചാൽ….


സൂര്യന്‍

മനുഷ്യജീവിതത്തില്‍ നടക്കുന്ന ഏതൊരു കാര്യത്തിന്‍റെയും കാര്യകാരണമന്വേഷിച്ചാല്‍ അത് നവഗ്രഹങ്ങളില്‍ ചെന്നെത്തും. ഗ്രഹങ്ങള്‍ ദുഃസ്ഥാനത്ത് സഞ്ചരിക്കുമ്പോള്‍ ഗ്രഹപ്പിഴയായും സല്‍സ്ഥാനചലനം നടക്കുമ്പോള്‍ ദൈവാധീനമായും വ്യാഖ്യാനിക്കപ്പെടുന്നു. യുദ്ധം, ഭരണമാറ്റം, പ്രേമം, കലഹം, കൊലപാതകം, പകര്‍ച്ചവ്യാധികള്‍, ഭൂകമ്പം, ആത്മഹത്യ, സ്ത്രീപുരുഷപീഡനം എന്നുവേണ്ട ഓരോ അണുവിലും നവഗ്രഹസ്വാധീനം പള്ളിയുറങ്ങുന്നു. സ്വര്‍ണ്ണവിലയിലെ കയറ്റിറക്കം ഭൂഗര്‍ഭത്തില്‍നിന്നും ലഭിക്കുന്ന ഖനവസ്തുക്കള്‍, സമുദ്രസമ്പത്ത് ഇവയുടെയെല്ലാം ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതും നവഗ്രഹങ്ങളാണ്. ലോകമഹായുദ്ധകാലത്ത് ഉദിച്ച ധൂമകേതു, മഹാഭാരതയുദ്ധകാലത്തുണ്ടായ ഗ്രഹണം ഇവയെല്ലാം അതിലേക്കുതന്നെ വിരല്‍ ചൂണ്ടുന്നു. സൂര്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു മുതല്‍പേരും ഗുളികനുമടങ്ങിയ സമൂഹം പിഴയ്ക്കുമ്പോള്‍ മനുഷ്യനുണ്ടാവുന്ന അനുഭവങ്ങളിലുടെ നമുക്കൊന്നു സഞ്ചരിക്കാം.


സൂര്യന്‍

 

ഋഗ്വേദത്തില്‍ 10 സൂക്തങ്ങള്‍ സൂര്യനെ ആസ്പദമാക്കിയാണുള്ളത്.


പഞ്ചവിളക്കാണ് സൂര്യന്‍. ജീവന്‍റെ ഉറവിടംതന്നെ സൂര്യനില്‍നിന്നാണ്. പൗരാണിക ഭാരതീയരുടെ പ്രാര്‍ത്ഥനതന്നെ- ‘തമസോമാ ജ്യോതിര്‍ഗമയ…’ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കുനയിക്കേണമേ എന്നാണ്. ശ്രീകൃഷ്ണപുത്രനായ സാംബന്‍ ഇറാനില്‍നിന്നും ശകദ്വീപബ്രാഹ്മണരെന്ന മാഘബ്രാഹ്മണരെ, സൂര്യാരാധനയ്ക്കായി ഒരു കാലം ഭാരതത്തില്‍ കൊണ്ടുവന്നുവെന്നത് പുരാണസത്യം. മനുവിന്‍റെ പുത്രന്‍ പ്രിയവ്രതന്‍ ഭൂമിയെ ഏഴ് വന്‍കരകളായി വിഭജിച്ചുവത്രെ. ജംബുദ്വീപം, ഏഷ്യാ, പ്ലയദ്വീപം, തെക്കേ അമേരിക്ക, പുഷ്ക്കരദ്വീപം, വടക്കേ അമേരിക്ക, ക്രൗഞ്ചദ്വീപം, ആഫ്രിക്ക, ശാകദ്വീപം, യൂറോപ്പ്, ശാല്മ ദ്വീപം, ആസ്ത്രേലിയ, കുശദ്വീപം, അന്‍റാര്‍ട്ടിക്ക ഇതൊന്നും പാശ്ചാത്യര്‍ അംഗീകരിച്ചിട്ടില്ല.

 

ഭാരതത്തില്‍ ആദ്യമായി സൂര്യാരാധന തുടങ്ങിയത് കാശ്മീരിലാണെന്നുപറയുന്നു. ശ്രീനഗറില്‍നിന്നും 65 കി.മീറ്റര്‍ ദൂരെ എ.ഡി. ഒന്നാംനൂറ്റാണ്ടില്‍ ലളിതാദിത്യചക്രവര്‍ത്തി സൂര്യക്ഷേത്രം സ്ഥാപിച്ചു. പാക്കിസ്ഥാനിലെ മുള്‍ട്ടാനില്‍ സൂര്യക്ഷേത്രം ഉണ്ട്. അത് ഔറംഗസേബിന്‍റെ കാലത്ത് തകര്‍ക്കപ്പെട്ടു. ഗുജറാത്തിലെ മധേരിയിലും സൂര്യക്ഷേത്രം ഉണ്ടായിരുന്നു. ഇപ്പോള്‍ ഭാരതത്തിലെ പ്രധാന സൂര്യക്ഷേത്രം ഒറീസയിലെ പുരിക്കടുത്ത് കൊണാര്‍ക്കിലാണ് സ്ഥിതിചെയ്യുന്നത്. എ.ഡി. 1238ലും 1264 ലും ഇടയില്‍ നാടുഭരിച്ച നരസിംഹദേവനാണ് ഈ ക്ഷേത്രം ഉണ്ടാക്കിയത്. ഏഴ് കുതിരകള്‍ ചേര്‍ന്നുവലിക്കുന്ന സൂര്യരഥം 24 ചക്രങ്ങളോടുകൂടിയതാണ്.

 

7 ദിവസവും 7 കുതിരകളും പന്ത്രണ്ടുപൗര്‍ണ്ണമിയും 12 അമാവാസിയും ചേര്‍ന്നതാണ് 24 ചക്രങ്ങള്‍. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ അസര്‍വല്ലിയില്‍ മറ്റൊരു സൂര്യക്ഷേത്രം. തമിഴ് നാട്ടില്‍ കുംഭകോണത്ത് നാഗേശ്വരത്തും സൂര്യക്ഷേത്രമുണ്ട്. തഞ്ചാവൂരിലും ഒരു സൂര്യക്ഷേത്രം കാണാം. കേരളത്തിലെ ആദിത്യക്ഷേത്രം കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്ത് ആദിത്യപുരത്താണ്. സൂര്യന്‍റെ ഗ്രഹപ്പിഴമാറ്റാന്‍ മേല്‍പ്പറഞ്ഞക്ഷേത്രങ്ങളിലെ ദര്‍ശനം സഹായിക്കും.


സൂര്യനെ ചുറ്റുന്നു

 

സൂര്യന്‍ സ്ഥിരനാണ്. ഭൂമിയും മറ്റുഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു. അങ്ങനെ ചുറ്റുന്നപാതയാണ് ഗ്രഹപഥം. സ്ഥിരമായി ഒരിടത്തുംനില്‍ക്കുന്ന സൂര്യനെങ്ങനെ ഗ്രഹപഥംവരും? ശാസ്ത്രീയമായി സൂര്യന്‍ ഒരിടത്തുതന്നെ നില്‍ക്കുന്നു. ഭൂമി ചുറ്റുന്നു. ഗ്രഹചക്രം സ്ഥാനമാറ്റം വരുത്തുന്നു. അതിനെയാണ് ജ്യോതിഷികള്‍ സൂര്യന്‍റെ സഞ്ചാരമായി കാണുന്നത്. അതാണ് സൂര്യന്‍മാറി എന്നൊക്കെ പറയുന്നത്. ഭൂമി ചലിക്കുമ്പോള്‍ സൂര്യനുനേരെ വരുന്ന പന്ത്രണ്ടുരാശികള്‍ പന്ത്രണ്ടുമാസമാവുന്നു. പണ്ട് ജ്യോതിഷികള്‍ സൂര്യന്‍ ചലിക്കുന്നതായും ഭൂമിസ്ഥിരനായും നിലകൊള്ളുന്നതായി കരുതിപ്പോന്നു. ഭൂമിയില്‍നിന്നും ഏറ്റവും അകലെ ശനിനില്‍ക്കുന്നു. അതുകഴിഞ്ഞാല്‍ വ്യാഴം പിന്നെ കുജന്‍ അതിനും താഴെയാണ് സൂര്യസ്ഥിതി.


പുരാവൃത്തം

 

സൂര്യന്‍ എന്നാല്‍ ഭൂമിയില്‍ നിന്നും രസാംശത്തെ സ്വീകരിക്കുന്നവന്‍ എന്നര്‍ത്ഥം. ഭൂമിയെക്കാള്‍ 13 ലക്ഷം വലിപ്പം സൂര്യനുണ്ട്. നവഗ്രഹങ്ങളില്‍ പ്രകാശമുള്ളത് സൂര്യനുമാത്രമാണ്. അദിതിയുടെ പുത്രനായതിനാല്‍ ആദിത്യനെന്നും പേരുണ്ടായി. ഗ്രഹങ്ങളില്‍ സൂര്യന്‍ രാജാവാണ്. ജ്യോതിഷത്തില്‍ പ്രധാനിയായ സൂര്യന്‍ ലോകത്തിന്‍റെ കര്‍ത്താവായി വിവക്ഷിക്കപ്പെടുന്നു. കാലത്തിന്‍റെ കാരകനാണ് സൂര്യന്‍. ആത്മകാരകനായ രവി, സകല ചരാചരങ്ങളുടേയും പരമാത്മാവാണ്. കാലന്‍റെയും ശനിയുടെയും പിതാവും സൂര്യനാണ്. പകല്‍ പിതൃകാരകത്വം സൂര്യനാണ്. ആത്മപ്രഭാവം, സ്വാതികത്വം, വേദകാരകത്വം ഇവയെല്ലാം സൂര്യനുണ്ട്. ആകൃതിയില്‍ മധുപിംഗലദൃക്കും, ചതുരശ്രതനുവും, പിന്നെ പ്രകൃതിയുമാണ്. ഏത് ഗ്രഹം രവിയോടടുത്താലും അതിനു മൗഢ്യംവരും. ജാതിയില്‍ സൂര്യന്‍ ക്ഷത്രിയനാണ്. ചിങ്ങം സ്വക്ഷേത്രം മേടം ഉച്ചരാശിയും തുലാംനീചരാശിയുമാണ്. തുലാം 10 അതിനീചവുമാണ്.


ബന്ധുക്കള്‍

 

സൂര്യന് ബന്ധുക്കള്‍ ചന്ദ്രനും കുജനും വ്യാഴവുമാണ്. ശത്രുക്കള്‍ ശുക്രനും ശനിയുമാണ്. ബുധന്‍ സമനാണ്. സൂര്യന്‍ സാത്വികനാണെങ്കിലും പാപനായിട്ടാണ് പരിഗണിക്കുന്നത്. പ്രശ്നത്തിലും ജാതകത്തിലും ഏത് രാശിയില്‍ സൂര്യനെ കണ്ടാലും ശിവസാന്നിദ്ധ്യം പറയണം. എന്നാല്‍ മിഥുനം, കന്നി, ധനു, മീനം രാശിയിലെ പ്രഥമദ്രേക്കാണത്തില്‍ നിന്നാല്‍ സുബ്രഹ്മണ്യനും, മദ്ധ്യദ്രേക്കാണമായാല്‍ ഗണപതിയെയും ചിന്തിക്കണം. സൂര്യന്‍ ധര്‍മ്മദൈവകാരകനുമാണ്. ആദിത്യന് അനേകം പേരുകള്‍ ഉണ്ട്.


ചലനം

 

സൂര്യനെ ഒരു സ്ഥിരപ്രതിഭാസമായിട്ടാണ് കരുതുന്നത്. ചിങ്ങം (സൂര്യരാശി) സ്ഥിരരാശിയായിട്ടാണ് ജ്യോതിഷം നിര്‍വ്വഹിക്കുന്നത്. എന്നാല്‍ സൂര്യനുമുണ്ടത്രെ ഒരു ചലനം. സൂര്യന്‍റെ വലിപ്പം ആകാരം ഇവകൊണ്ട് ഇത് അറിയുന്നില്ല. 25 മുതല്‍ 31 ദിവസം കൊണ്ട് ആകാശപ്പരപ്പില്‍ നിശ്ചിതവഴിയിലൂടെ സൂര്യന് ചെറിയ ചലനം സംഭവിക്കുമത്രെ. സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന അന്യഗ്രഹങ്ങളെ ഈ ചലനം ബാധിക്കാറില്ല. അതുകൊണ്ടുതന്നെ സൂര്യന്‍ ഒരു സ്ഥലത്ത് ഉറച്ചുനില്‍ക്കുന്നതായി തോന്നുന്നു. സൂര്യന്‍റെ രശ്മിപടലങ്ങള്‍ വളരെ ശക്തവും, ഒന്നരലക്ഷം മൈല്‍ വരെ ആളിക്കത്തുന്നതുമാണ്.


ജ്യോതിഷികളുടെ സൂര്യന്‍

 

സൂര്യന്‍, ചാതുര്യം, ശൂരത, ഗാംഭീര്യം, രാജത്വം ഇവ ചേര്‍ന്ന സൗന്ദര്യമൂര്‍ത്തിയാണ്. പിത്തപ്രകൃതിയാണ്. പൊക്കം കുറഞ്ഞ് ഉരുണ്ടതും വൃത്താകാരത്തിലുമുള്ള ശരീരം, തലമുടി കുറവായിരിക്കും, അസ്ഥിബലമുള്ളവനും, തേല്‍നിറത്തിലുള്ള കണ്ണുകളുള്ളവനും, ഉഷ്ണശരീരത്തോടുകൂടിയ വൃദ്ധപുരുഷനുമാണ് സൂര്യന്‍.
സൂര്യന് ചെമ്പ് ലോഹവും രത്നം മാണിക്യവും, അഗ്നിദേവതയും ആകുന്നു. കിഴക്കുദിക്കിന്‍റെ അധിപനായ രവി ഗ്രീഷ്മ ഋതുവിന്‍റെ നാഥനാണ്. സൂര്യന്‍ പുരുഷഗ്രഹമാണ്. എരിവുരസത്തിന്‍റെ കാരകനാണ്. സൂര്യന് അവന്‍റെ മൂന്ന്, പത്ത്, ഭാവത്തിലേക്ക് കാല്‍ദൃഷ്ടിയും 5, 9 ഭാവത്തിലേക്ക് അരദൃഷ്ടിയും, 4-8 ഭാവത്തിലേക്ക് മുക്കാല്‍ ദൃഷ്ടിയും, ഏഴിലേക്ക് പൂര്‍ണ്ണദൃഷ്ടിയുമുണ്ട്. സൂര്യന്‍ മേലോട്ട് നോക്കുന്നവനാണ്. 10 ലെ രവിപൂര്‍ണ്ണ ബലവാനാണ്. പകലും കറുത്തപക്ഷത്തിലും ബലാധിക്യം വരും. സൂര്യന് ഉച്ചത്തിലും സ്വക്ഷേത്രത്തിലും സ്വഹോരയിലും സ്വവാരത്തിലും(ഞായര്‍) വര്‍ഗ്ഗോത്തമം, ഉത്തരായനം, മദ്ധ്യാഹ്നം മുതലായസമയത്തും ബലവാനാണ്.


പാപന്‍

 

മിഥുനം, തുലാം, മീനം ലഗ്നത്തിന് രവിപാപനാണ്. മൂന്നാം ഭാവാധിപത്യം, പതിനൊന്നാം ഭാവാധിപത്യം, ആറാം ഭാവാധിപത്യം ഇവയാണ് ഇവിടെ പാപത്വം വരുത്തുന്നത്. ചാരവശാല്‍(ചന്ദ്രക്കൂറിനെ ആസ്പദമാക്കി-ജന്മം, രണ്ട്, നാല്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 12 ഭാവത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്ന സമയം ദോഷകാലമാണ്. ലഗ്നം, രണ്ട്, നാല്, അഞ്ച്, ഏഴ്, എട്ട്, പന്ത്രണ്ട് ഭാവത്തിലെ രവി ഗുണം തരില്ല- ദോഷം ഉണ്ടാക്കുകയും ചെയ്യും. ഒരു ജാതകത്തില്‍ വ്യാഴമുള്‍പ്പടെയുള്ള സകലഗ്രഹങ്ങളുടെയും ദോഷങ്ങള്‍ സൂര്യന്‍റെ സല്‍സ്ഥാനസ്ഥിതി കൊണ്ട് ഭസ്മമാക്കപ്പെടും എന്നും ഓര്‍ക്കണം. അഷ്മാധിപത്യം മുതലായ ദോഷങ്ങള്‍ സൂര്യന് ബാധകമല്ല. ഉന്നതസ്ഥാനമാനങ്ങള്‍ വഹിക്കുന്നവരും ജനനേതാക്കളും എല്ലാം സൂര്യന്‍റെ ആനുകൂല്യമുള്ളവരായിരിക്കും. സര്‍ക്കാര്‍ ജോലിപോലെയുള്ള വരദാനവും സൂര്യന് നല്‍കാനാവും. മറിച്ച് നീചം അനിഷ്ടസ്ഥാനാധിപത്യം മുതലായവ ജാതനെ വല്ലാതെ വിഷമിപ്പിക്കുന്നതായും കണ്ടുവരുന്നു.


സൂര്യനും രോഗങ്ങളും

 

സൂര്യനാല്‍ സംജാതമാകുന്ന രോഗങ്ങള്‍ :

 

പിത്തരോഗം, ഹൃദ്രോഗം, ശിരോരോഗം, നേത്രരോഗം, അസ്ഥിസംബന്ധമായ രോഗം, ഹൃദയമിടിപ്പ്, കഷണ്ടി ഇവയാകുന്നു. സൂര്യന്‍ കേതുവിന്‍റെ നക്ഷത്രത്തില്‍ നിന്നാല്‍(അശ്വതി-മകം-മൂലം) രക്തസമ്മര്‍ദ്ദം ഹൃദ്രോഗം ഇവയുണ്ടാകും. ശുക്രന്‍റെ നക്ഷത്രത്തില്‍നിന്നാല്‍(ഭരണി-പൂരം-പൂരാടം) മൂത്രിക്കുമ്പോള്‍ വേദന, യോനിയില്‍ പഴുപ്പ്, ബുധന്‍റെ നക്ഷത്രത്തിലായാല്‍ ചെവിക്ക് രോഗം, ഞരമ്പുരോഗം, ചന്ദ്രന്‍റെ നക്ഷത്രത്തിലായാല്‍ മനോദുഃഖം, അശുഭചിന്ത, മരണഭയം ഇവ ഫലമാകുന്നു. സൂര്യന്‍ സ്വന്തം നക്ഷത്രത്തിലായാല്‍ പനി, അസ്വസ്ഥത.

 

കുജന്‍റെ നക്ഷത്രത്തിലായാല്‍ രക്തക്കുറവ് തലകറക്കം.
ഗുരുവിന്‍റെ നക്ഷത്രത്തിലായാല്‍, മഞ്ഞപ്പിത്തം, കരള്‍രോഗം.
ശനിയുടെ നക്ഷത്രത്തില്‍നിന്നാല്‍- മനോദുഃഖം, ശത്രുശല്യം, ദുര്‍ബലത എന്നിവ ഫലം.
രാഹുവിന്‍റെ നക്ഷത്രത്തിലായാല്‍- വഴിവിട്ട രതിബന്ധം, ഗുഹ്യരോഗം, ചൊറി, ചിരങ്ങ് ഇവ അനുഭവമാകും.


പരിഹാരം

 

നിത്യം ആദിത്യഹൃദയം മന്ത്രം 11 വട്ടം ജപിക്കുക. 

 

സന്താപനാശകരായ നമോ നമഃ

അന്ധകാരാന്തകരായ നമഃ

ചിന്താമണേ! ചിദാനന്ദായതേ നമഃ

നിഹാരനാശകരായ നമോ നമഃ

മോഹവിനാശകരായ നമോ നമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാംകാന്തി രൂപായതേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈകസാക്ഷിണതേ നമഃ

സത്വപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ


നമസ്ക്കാരമന്ത്രം

 

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോഘ്നം സര്‍വ്വപാപഘ്നം ഭാസ്ക്കരം പ്രണമാമ്യഹം


സൂര്യന്‍ പിഴച്ചാല്‍ ഏത് ദൈവത്തെ ശരണം പ്രാപിക്കാം?

 

ശിവനെയാണ് ആരാധിക്കേണ്ടത്. ശിവന്‍റെ നമസ്ക്കാരമന്ത്രം താഴെ- ഇത് ജപിച്ച് ശിവനെ മൂന്ന് പ്രദക്ഷിണം വെച്ചാല്‍ സൂര്യദോഷം തീരും.

 

ജഗദ്ഗുരോ നമസ്തുഭ്യം

ശിവായ ശിവദായച

യോഗിദ്രാണാം ച യോഗീന്ദ്ര

ഗുരൂണാം ഗുരവേ നമഃ

ഓം നമഃ ശിവായ 


സൂര്യന്‍ പിഴച്ചുനില്‍ക്കുമ്പോള്‍ രാവിലെ ഉണരുന്നനേരം താഴെ കാണുന്ന പ്രാര്‍ത്ഥന ഒരു പ്രാവശ്യം ജപിച്ച് ദിവസം ആരംഭിച്ചാല്‍ സൂര്യന്‍ പ്രസാദിക്കും.

 

സുഖപ്രദമഹാവിഷ്ണോ ദേവ ദേവ ജഗദ്പ്രഭോ

മാര്‍ത്താണ്ഡനിഷ്ടസംഭൂതം ദോഷജാതംവിനാശായ


സൂര്യനമസ്ക്കാരം എന്നും നടത്തുന്നത് നല്ലത്. സംഖ്യ 6. രാവിലെ മതി. രാത്രി പാടില്ല. ജപിക്കേണ്ട മന്ത്രം.

 

ഓം യേഷാമീശേപശുപതിഃ

പശൂനാം ചതുഷ്പദം മുതച

ദ്വിപദാം നിഷ്ക്രിയതോയം

യജ്ഞിയം ഭാഗമേതുരായ

സ്പോഷം യജമാനസ്യസത്തു

ഓം ആദിത്യായ നമഃ


ദാനം ചെയ്യുന്നതും ഗ്രഹപ്പിഴ അകറ്റും.

 

സൂര്യന്‍ പിഴച്ചാല്‍, പശു, ഗോതമ്പ് മുതലായവ ദാനം കൊടുക്കാം. പ്രാര്‍ത്ഥനാമന്ത്രത്തോടെ ദാനം നല്‍കാം. മന്ത്രം താഴെ-

 

ഗ്രഹാണാമാദിരാദിത്യോ ലോകരക്ഷണ കാരകഃ

വിഷമസ്ഥാനസംഭൂതം പീഡാം ഹരതുമേ രവിഃ


ആവശ്യമില്ലാതെ രത്നങ്ങളോ യന്ത്രങ്ങളോ ഗ്രഹദോഷപരിഹാരമായി ധരിക്കരുത്. പൂജകള്‍ നടത്തരുത്. കലിയുഗത്തില്‍ ഹൃദയപൂര്‍വ്വമായ നമ്മുടെ പ്രാര്‍ത്ഥനയ്ക്കാണ് പ്രാധാന്യം. ശക്തിയും.

Show Less

No comments Yet

SLIDESHOW

LATEST VIDEO