നാന കൃഷ്ണന്‍കുട്ടി ഓര്‍മ്മയായി…

നാന കൃഷ്ണന്‍കുട്ടി അന്തരിച്ചു. ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം. പേരിന് മുമ്പ് 'നാന' എന്ന മുദ്രണം ചാര്‍ത്താന്‍ അര്‍ഹതയും അവകാശവുമുണ്ടായിരുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍. അദ്ദേഹമാണ് ഞങ്ങളില്‍ നിന്ന് ഓര്‍മ്മയായത്.   'നാന' പ്രസിദ്ധീകരണം തുടങ്ങി,... Read More

നാന കൃഷ്ണന്‍കുട്ടി അന്തരിച്ചു. ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം. പേരിന് മുമ്പ് ‘നാന’ എന്ന മുദ്രണം ചാര്‍ത്താന്‍ അര്‍ഹതയും അവകാശവുമുണ്ടായിരുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍. അദ്ദേഹമാണ് ഞങ്ങളില്‍ നിന്ന് ഓര്‍മ്മയായത്.

 

‘നാന’ പ്രസിദ്ധീകരണം തുടങ്ങി, ഒരു വര്‍ഷം പിന്നിടുന്ന കാലഘട്ടം മുതല്‍ കൃഷ്ണന്‍കുട്ടി ഒപ്പമുണ്ടായിരുന്നു. ‘നാന’യ്ക്ക് ഇപ്പോള്‍ 48 വയസ്സ് പ്രായമുണ്ടെന്ന് ഓര്‍ക്കണം. അതായത് ‘നാന’യുടെ ശൈശവദശ മുതല്‍ ‘നാന’യെ കണ്ടുകൊണ്ടിരുന്ന അതിനെ പരിപാലിച്ചുകൊണ്ടിരുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാള്‍.

 

‘നാന’യുടെ ഇല്ലായ്മയിലെന്നപോലെ പ്രതാപകാലഘട്ടത്തിലും കൃഷ്ണന്‍കുട്ടി മറ്റൊരിടം തേടിപോയില്ല. ആ പ്രസ്ഥാനത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും, അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. അതിന്‍റെ ഉന്നമനത്തിനുവേണ്ടി അഹോരാത്രം കഷ്ടപ്പെട്ടു. പക്ഷേ അതൊന്നും എവിടേയും വിളിച്ചുപറയാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. പകരം മൗനത്തില്‍ ഒളിപ്പിച്ച്, അതില്‍ സന്തോഷവും സംതൃപ്തിയും കണ്ട ഒരാളായിരുന്നു.

 

സത്യന്‍ മുതല്‍ പൃഥ്വിരാജ് വരെ നീണ്ട താരപ്രഭകളെ, ‘നാന’യുടെ മുഖത്താളുകളില്‍ എത്തിച്ച സ്റ്റില്‍ ഫോട്ടോഗ്രാഫര്‍. അദ്ദേഹം എടുത്ത എണ്ണമറ്റ ചിത്രങ്ങള്‍ ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്. ‘നാന’യുടെ ‘സിനിമയിലല്ല’ എന്ന പംക്തിക്കുവേണ്ടി അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങളും ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ്. ഈ കര്‍മ്മങ്ങള്‍ ഒക്കെ ചെയ്യുമ്പോഴും, അതിന്‍റെ മഹത്വം അവകാശപ്പെടാന്‍, അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. പകരം എല്ലാറ്റിനേയും ഒരു സാക്ഷിഭാവത്തില്‍ നിന്നുകൊണ്ട് വീക്ഷിച്ചു. അതില്‍ സന്തോഷം കണ്ടെത്തി. കര്‍മ്മം കൊണ്ട് അദ്ദേഹം ഉന്നതനായത് അങ്ങനെയാണ്.

 

കൃഷ്ണന്‍കുട്ടിയുടെ വിയോഗം ആ കുടുംബത്തിന് മാത്രമല്ല, ‘നാന’യ്ക്കും തീരാനഷ്ടമാണ്. അദ്ദേഹത്തെ സ്നേഹിച്ചിരുന്ന എണ്ണമറ്റ സൗഹൃദങ്ങള്‍ക്കും. ഇനി ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ നമിക്കുകയല്ലാതെ മറ്റൊന്നും കഴിയില്ലല്ലോ. പ്രണാമം ‘നാന കൃഷ്ണന്‍കുട്ടി.’

Show Less

No comments Yet

SLIDESHOW

LATEST VIDEO