സര്‍വ്വദേവതാനുഗ്രഹവര്‍ഷത്തിന് നാഗാരാധന

    നമ്മുടെ വിശ്വാസങ്ങളില്‍ നാഗാരാധനയ്ക്ക് പ്രമുഖസ്ഥാനമാണ് കല്‍പ്പിച്ചിരിക്കുന്നത്. ആശ്രയിച്ചാല്‍ അനുഗ്രഹവും അവഗണിച്ചാല്‍ കൊടിയ വിപത്തും നല്‍കാന്‍ നാഗദേവതകള്‍ക്ക് കഴിയും. പലരുടെയും അനുഭവങ്ങള്‍ അതാണ് ബോദ്ധ്യപ്പെടുത്തുന്നത്. ദേവതാസങ്കല്‍പ്പങ്ങളില്‍ നാഗങ്ങള്‍ക്കുള്ള പ്രാധാന്യം ശൈവ-വൈഷ്ണവ-ശാക്തേയ ഭേദമില്ലാതെയാണ് നമ്മള്‍... Read More

 

 

നമ്മുടെ വിശ്വാസങ്ങളില്‍ നാഗാരാധനയ്ക്ക് പ്രമുഖസ്ഥാനമാണ് കല്‍പ്പിച്ചിരിക്കുന്നത്. ആശ്രയിച്ചാല്‍ അനുഗ്രഹവും അവഗണിച്ചാല്‍ കൊടിയ വിപത്തും നല്‍കാന്‍ നാഗദേവതകള്‍ക്ക് കഴിയും. പലരുടെയും അനുഭവങ്ങള്‍ അതാണ് ബോദ്ധ്യപ്പെടുത്തുന്നത്. ദേവതാസങ്കല്‍പ്പങ്ങളില്‍ നാഗങ്ങള്‍ക്കുള്ള പ്രാധാന്യം ശൈവ-വൈഷ്ണവ-ശാക്തേയ ഭേദമില്ലാതെയാണ് നമ്മള്‍ പിന്തുടരുന്നത്. ക്ഷീരസാഗരത്തില്‍ പള്ളികൊള്ളുന്ന വിഷ്ണുഭഗവാന് തല്‍പ്പമാകുന്നതും കൈലാസദ്രീശനായ മഹാദേവന് കണ്ഠാഭരണമാകുന്നതും നാഗങ്ങളാണ്. പല ശാക്തേയ ചൈതന്യമൂര്‍ത്തികള്‍ക്കും നാഗങ്ങള്‍ അലങ്കാരമായി മാറുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആരാധനയുടെ ഈ ത്രിഗുണഭാവങ്ങളിലും നിഷേധിക്കാനാകാത്ത വിധം നാഗങ്ങള്‍ ദൈവതുല്യം പരിലസിക്കുന്നതുകാണാം. ആ നാഗദേവതമാരുടെ കൃപാകടാക്ഷത്തിലേക്ക് അല്‍പ്പനിമിഷം നമുക്ക് ആറാടിനില്‍ക്കാം.

 

കേരളത്തിലെ നാഗക്ഷേത്രങ്ങളില്‍ പ്രധാന പ്രതിഷ്ഠകള്‍ നാഗരാജാവിന്‍റേതും നാഗയക്ഷിയുടേതുമാണ്. നാഗരാജാവില്‍ ശൈവവൈഷ്ണവ തേജസ്സും നാഗയക്ഷികള്‍ ദേവിചൈതന്യവുമാണ് അടങ്ങിയിരിക്കുന്നത്. നാഗചാമുണ്ഡി, നാഗകന്യക തുടങ്ങിയവയാണ് മറ്റ് പ്രധാന സര്‍പ്പപ്രതിഷ്ഠാസങ്കല്‍പ്പങ്ങള്‍.

 

വാസുകിധ്യാനം

 

ശൈവചൈതന്യമായ വാസുകിയെയും വൈഷ്ണവ ചൈതന്യമായ അനന്തനെയുമാണ് നാഗരാജാക്കന്മാരായി കരുതി ആരാധിക്കുന്നത്. വാസുകിയുടെ രൂപവും ഭാവവും മറ്റ് അലങ്കാരങ്ങളും വര്‍ണ്ണിച്ചിരിക്കുന്നത് ഇപ്രകാരമാണ്-നൂറ്റിയെട്ട് ഫണങ്ങളോട് കൂടിയവനും സുവര്‍ണ്ണതേജസ്സോടുകൂടിവനും ശ്രേഷ്ഠമായ അലങ്കാരങ്ങളാല്‍ അലംകൃതനും തിളക്കമേറിയ രശ്മികളെ പ്രസാദിപ്പിക്കുന്നവനും ചെമ്പുനിറമാര്‍ന്ന പട്ടുവസ്ത്രം ധരിച്ചവനും താമരപ്പൂപോലെ ചുവന്ന കണ്ണുള്ളവനും ദേവാസുരന്മാരെപ്പോലെ ശിരസ്സുകൊണ്ട് വന്ദിക്കുന്നവനുമാണ് വാസുകി. വാസുകിയെ നമസ്ക്കരിക്കുമ്പോള്‍ ആ രൂപവും ഭാവവും ഏതൊരു ഭക്തന്‍റെയും മനസ്സില്‍ നിലനിര്‍ത്തേണ്ടതുണ്ട്.

 

ആയിരം ഫണമുള്ള ആദിശേഷന്‍

 

ആദിശേഷനും അനന്തനും ഒരേ നാഗചൈതന്യം തന്നെയാണ്. അനന്തനെ പ്രത്യേകിച്ച് പ്രതിഷ്ഠിച്ചിട്ടുള്ളത് അപൂര്‍വ്വമാണെങ്കിലും അനന്തശായിയായിട്ടുള്ള പ്രതിഷ്ഠകളെ വന്ദിക്കുന്നതിലൂടെ അനന്തന്‍റെ അനുഗ്രഹവര്‍ഷം ഭക്തന് ലഭിക്കും. നാഗരാജാവിനെ ആരാധിക്കുന്നതുപോലെ ഇതും സര്‍പ്പപ്രീതി ലഭ്യമാക്കും. അനന്തന് മേല്‍ ശയിക്കുന്ന മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. അനന്തശയനം, അനന്താസനം എന്നീ പ്രകാരമാണ് അനന്തന്‍റെ വിഗ്രഹപരികല്‍പ്പനകള്‍. ചതുര്‍ബാഹുവും സര്‍വ്വാഭരണഭൂഷിതനും ചുവന്നനിറത്തോടുകൂടിയവനും മകുടം ധരിച്ചവനും താമരപ്പൂവില്‍ ഇരിക്കുന്നവനുമാണ് അനന്തനെന്നാണ് ആരാധനാസങ്കല്‍പ്പം.

 

ഭഗവാന്‍റെ അനന്തശയനം

 

നിര്‍ഗ്ഗുണബ്രഹ്മവും പ്രകൃതിയും ചേര്‍ന്ന സഗുണ ബ്രഹ്മകല്‍പ്പനയാണ് അനന്തശായിയായ മഹാവിഷ്ണു വിഗ്രഹത്തിനുള്ളത്. പ്രളയകാലത്ത സര്‍വ്വതും നശിച്ചത് എന്ന അര്‍ത്ഥത്തിലാണ് ശേഷനെന്ന് വിശേഷിപ്പിക്കുന്നത്. അനന്തമില്ലാത്തത് എന്നും വ്യാഖ്യാനിക്കാന്‍ പാകത്തില്‍ അനന്തനെ സങ്കല്‍പ്പിക്കുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും തിരുവട്ടാറിലും അനന്തശായി പ്രതിഷ്ഠയാണുള്ളത്. തമിഴ്നാട്ടിലെ ശ്രീരംഗത്തും ശ്രീവൈകുണ്ഠത്തും ശ്രീവില്ലിപ്പുത്തൂരിലും ഭഗവാന്‍ അനന്തനുമേല്‍ ശയിക്കുകയാണ്. കാസര്‍കോട്ടെ അനന്തപുരം ക്ഷേത്രത്തിലും അനന്തനുമുകളില്‍ ആസനസ്ഥനായ ഭഗവാന്‍റെ വിഗ്രഹരൂപമാണ്. രാവണനാല്‍ ഉപദ്രവിക്കപ്പെട്ട ദേവന്മാരും മുനിമാരും ബ്രഹ്മാവിന്‍റെ സമീപം ചെല്ലുകയും പിന്നീട് അവരെല്ലാം പാല്‍ക്കടല്‍തീരത്തെത്തി ദേവപ്രമുഖനായ വിഷ്ണുവിനെ സ്തുതിക്കുകയും ചെയ്തു. കാരുണ്യവാരിധിയായ ഭഗവാന്‍ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷനായത് അനന്തന്‍റെ മേല്‍ നിദ്ര കൊള്ളുന്നവനും വിശ്വകര്‍ത്താവുമായാണ്. അങ്ങനെയുള്ള ഭഗവാന്‍ രക്ഷിക്കുമെന്നുള്ള വിശ്വാസത്തില്‍ വേണം അനന്തശയന മഹാവിഷ്ണുവിനെ ധ്യാനിക്കേണ്ടത്.

 

അനന്താസനം

 

അനന്തന് മുകളില്‍ ഇരിക്കുന്ന വിഷ്ണുരൂപമാണ് അനന്താസന സങ്കല്‍പ്പത്തിലുള്ളത്. വളരെ വ്യത്യസ്തമായ വിഷ്ണു പരികല്‍പ്പനയാണിത്. ആശ്രിതരുടെ ദുരിതത്തെ നശിപ്പിക്കുന്നവനും ഇടത്തേക്കാള്‍ നീട്ടിവച്ച്, വലത്തേക്കാല്‍ മടക്കിവച്ചും വലതുകൈ കാല്‍മുട്ടിന്മേലും മറുകൈ അനന്തന്‍റെ മേലും ഊന്നി സ്ഥിതി ചെയ്യുന്നവനും പിറകിലെ രണ്ട് കൈകള്‍ കൊണ്ട് ശംഖുചക്രങ്ങളെ ധരിക്കുന്നവനും ദേവേന്ദ്രനാല്‍ സ്തുതിക്കപ്പെടുന്നവനുമായ പൂര്‍ണ്ണത്രയീശഭാവമാണ് ഈ മഹാവിഷ്ണുവിനുള്ളത്. അനന്തനുമേല്‍ ശയിക്കുന്നതും ഇരിക്കുന്നതുമായ വിഗ്രഹങ്ങള്‍ കണ്ട് തൊഴുതാല്‍ നാഗദേവതാപ്രീതിയാണ് ലഭിക്കുന്നത്. അനന്തന്‍റെ ശക്തിവിശേഷങ്ങള്‍ ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു എന്നതാണ് വാസ്തവം.

 

കാളിയമര്‍ദ്ദനം

 

ഭാഗവതത്തിലും നാരായണീയത്തിലും ഹൃദ്യമായി കാളിയമര്‍ദ്ദനം ആവിഷ്ക്കരിച്ചിട്ടുണ്ട്. നാരായണീയത്തിലെ കാളിയമര്‍ദ്ദന ഭാഗത്തിലെ അവസാനം ഇപ്രകാരമാണ്. ഗുരുവായൂരപ്പാ! നിന്തിരുവടി നൃത്തം തുടങ്ങിയപ്പോള്‍ ഗോപന്മാര്‍ ആനന്ദിച്ചു, മഹര്‍ഷിമാര്‍ സന്തോഷിച്ചു. ദേവന്മാര്‍ പൂക്കള്‍ പൊഴിച്ചു. ആ നിന്തിരുവടി എന്നെ അടങ്ങാത്ത രോഗത്തില്‍നിന്ന് രക്ഷിക്കണേയെന്നാണ് മേല്‍പ്പത്തൂര്‍ ഭട്ടതിരി പാടിയത്. ഭാഗവതത്തിലും നാരായണീയത്തിലേയും കാളിയമര്‍ദ്ദന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവായി കിട്ടും. കൃഷ്ണനാട്ടം കളിയില്‍ കാളിയമര്‍ദ്ദനം പ്രധാന ഇനമാണ്. സര്‍പ്പദോഷനിവാരണത്തിനായി ഇത് നേരാമെന്നുമാത്രമല്ല, കണ്ടാല്‍ സര്‍പ്പപ്രീതിയുമുണ്ടാകും.

 

കിരാതിയും കാര്‍ത്ത്യായനിയും

 

നാഗയക്ഷി, നാഗചാമുണ്ഡി, നാഗകന്യക എന്നിവ ദേവിയുടെ ശക്തിയും ചൈതന്യവും ഊര്‍ജ്ജവും ഉള്‍ക്കൊള്ളുന്ന വിഗ്രഹങ്ങളാകുന്നു. ശ്രീപാര്‍വ്വതി കിരാതരൂപം കൈക്കൊണ്ടപ്പോള്‍ ശിരസ്സിന് അലങ്കാരമായത് സര്‍പ്പമായിരുന്നു. പീലിത്തിരുമുടികള്‍ക്കിടയില്‍ നാഗരൂപം ധരിച്ച കിരാതിയായ പാര്‍വ്വതിയാണ് കാടാമ്പുഴയില്‍ വാഴുന്നത്. കാടാമ്പുഴയിലെ ദര്‍ശനം സര്‍പ്പദോഷപരിഹാരത്തിന് ഉത്തമവുമാണ്. കാര്‍ത്ത്യായനി ഭാവത്തിലും ശിരസ്സില്‍ സല്‍പ്പത്തെ കെട്ടിവച്ചവളായി ദേവിയെ വാഴ്ത്തുന്നു. മാത്രവുമല്ല, കാര്‍ത്ത്യായനി സങ്കല്‍പ്പത്തിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാല്‍ രാഹുദോഷം മാറിക്കിട്ടുകയും ചെയ്യും.

 

രൗദ്രഭാവം പൂണ്ട ദേവിമാര്‍

 

ദേവിമാരുടെ രൗദ്രഭാവത്തിലും സര്‍പ്പസാന്നിദ്ധ്യമുണ്ട്. നീലസരസ്വതി എന്ന ദേവത സര്‍പ്പമാലകള്‍ കഴുത്തിലണിഞ്ഞവളാകുന്നു. വലിയ നാഗങ്ങളെ കുണ്ഡലങ്ങളായി ധരിച്ചിരിക്കുന്ന ദേവിസങ്കല്‍പ്പമാണ് ത്വരിത. ത്വരിതയുടെ ഒരു ധ്യാനശ്ലോകത്തില്‍ ദേവിയെ വര്‍ണ്ണിച്ചിരിക്കുന്നത് കറുത്ത നിറത്തോട് കൂടിയവളും മയില്‍പ്പീലി ചൂടിയവളും അഷ്ടനാഗങ്ങളെ കൈകളിലും കാതിലും കഴുത്തിലും അണിഞ്ഞവളുമായിട്ടാണ്. കൂടാതെ കാളകണ്ഠസര്‍പ്പമുടി ചൂടിയവളുമാണ്. പ്രത്യംഗിരാ ദേവിയുടെ ആഭരണങ്ങളും സര്‍പ്പങ്ങള്‍ തന്നെയാണ്. ഭീമദുര്‍ഗ്ഗയും ഉഗ്രകൃത്യയും സര്‍പ്പത്തെ ഭൂഷണമാക്കിയവരാണ്. ഇപ്രകാരം നോക്കുമ്പോള്‍ ഭഗവതിമാരുടെ ഉഗ്രസങ്കല്‍പ്പങ്ങള്‍ക്ക് നാഗങ്ങളുമായി ബന്ധമുള്ളതായി കാണാം. അതാണ് നാഗയക്ഷിയില്‍ ദേവിമാരുടെ രൗദ്രതയേറിയിരിക്കാന്‍ കാരണവും.

 

നാഗയക്ഷി

 

രണ്ടുതരത്തിലുള്ള ധ്യാനശ്ലോകങ്ങള്‍ നാഗയക്ഷിക്കുണ്ട്. നാഗരാജാവിന്‍റെ പത്നിയായിട്ടാണ് നാഗയക്ഷിയെ കരുതുന്നത്. സര്‍പ്പങ്ങളെ കൈകളില്‍ പിടിച്ചും കൈകളില്‍ ചുറ്റിയും കഴുത്തിലിട്ടും നില്‍ക്കുന്ന നാഗയക്ഷിയുടെ വിവിധ രൂപങ്ങള്‍ കാണാന്‍ കഴിയും. ശിലയിലും മരത്തിലും നിര്‍മ്മിച്ച വിഗ്രഹങ്ങളും രൂപങ്ങളും കാവുകളിലും ക്ഷേത്രങ്ങളിലും കാണപ്പെടുന്നു. ചെമ്പരത്തിപ്പൂനിറത്തോട് കൂടിയവളും ഭംഗിയാര്‍ന്ന രക്തവര്‍ണ്ണമണിഞ്ഞവളും സര്‍പ്പഭൂഷണങ്ങളോടുകൂടിയവളും ആ സര്‍പ്പങ്ങളുടെ മാണിക്യത്താല്‍ തിളങ്ങുന്നവളും കൈകളില്‍ അഭയമുദ്ര ധരിച്ചവരും സ്വര്‍ണ്ണക്കുടങ്ങള്‍ പോലെ ഉന്നതമായ സ്തനങ്ങളോട് കൂടിയവളും വിഷത്തെ നശിപ്പിക്കുന്നവളുമാണ് നാഗയക്ഷി. നമ്മുടെ നാഗയക്ഷി സ്മരണയിലും പ്രാര്‍ത്ഥനയിലും രൂപം മനസ്സില്‍ നിറഞ്ഞുനില്‍ക്കണം.

 

നാഗയക്ഷിയെക്കുറിച്ചുള്ള മറ്റൊരു പരികല്‍പ്പന ഇങ്ങനെയാണ്. ശോഭനമായ നേത്രങ്ങളോടുകൂടിയവളും അനേകവിധത്തിലുള്ള ആഭരണങ്ങളെക്കൊണ്ട് ശോഭിക്കുന്നവളും കാല്‍ച്ചിലമ്പുകളുടെ മനോഹരമായ ശബ്ദത്തോടുകൂടി കയ്യില്‍ പാമ്പുകളെ എടുത്തുകൊണ്ട് പര്‍വ്വതങ്ങളിലും വൃക്ഷങ്ങളിലും വിഹരിക്കുന്നവളും നാഗരാജാവിന്‍റെ പത്നിയുമാണെന്നാണ്. ആ ആശീര്‍വാദഭാവം ഭക്തര്‍ക്ക് ഇഷ്ടവരം നല്‍കാന്‍ പാകത്തിലാണുതാനും. കേരളത്തിലെ എല്ലാ നാഗക്ഷേത്രങ്ങളിലും കാവുകളിലും നാഗരാജാവിനൊപ്പം നാഗയക്ഷിയുടെ പ്രതിഷ്ഠയുണ്ടാകും. നാഗയക്ഷിയെ പ്രീതിപ്പെടുത്തിയാല്‍ ദേവിപ്രീതിയും ഒപ്പം ലഭിക്കും.

 

രാഹുവും ആയില്യവും

 

ആയില്യം സര്‍പ്പപ്രാധാന്യമുള്ള നക്ഷത്രമാണ്. ഈ നക്ഷത്രത്തിന്‍റെ ദേവതയും നാഗങ്ങള്‍ തന്നെ. സര്‍പ്പങ്ങളും സര്‍പ്പദോഷങ്ങളുമായി ബന്ധപ്പെട്ട ഒരു ഗ്രഹമാണ് രാഹു. പകുതി ശരീരത്തോടുകൂടിയവനായും മഹാവിക്രമനായും സൂര്യചന്ദ്രന്മാരെ ദുഃഖിപ്പിക്കുന്നവനായും സിംഹിക എന്ന അസുരസ്ത്രീയുടെ പുത്രനായും രാഹുവിനെ നമ്മള്‍ പ്രാര്‍ത്ഥിക്കുന്നു. രാഹുദോഷശാന്തിക്ക് സര്‍പ്പാരാധനയാണ് മുഖ്യം. നാഗക്ഷേത്രങ്ങളില്‍ ജന്മനക്ഷത്രം, ആയില്യം തുടങ്ങിയ ദിവസങ്ങളില്‍ ദര്‍ശനം നടത്തുകയും കുടുംബവുമായി ബന്ധപ്പെട്ട കാവുകളിലോ, സര്‍പ്പാരാധനാകേന്ദ്രങ്ങളിലോ പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും പ്രധാനമാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യങ്ങള്‍ സര്‍പ്പദോഷപരിഹാരത്തിന് നല്ലതാണ്. എല്ലാ മാസവും ആയില്യം നാളുകളില്‍ സര്‍പ്പക്ഷേത്രസന്ദര്‍ശനവും പൂജയും ഉത്തമമാകുന്നു. രാഹു അപഹാരകാലത്ത് സര്‍പ്പപ്രീതി ആവശ്യമാണ്. കാവുകളെ സംരക്ഷിക്കുകയും സര്‍പ്പബലി, സര്‍പ്പപ്പാട്ട് എന്നിവ നടത്തുന്നത് ഏറെ ശ്രേയസ്ക്കരമാണ്.

 

സര്‍പ്പദോഷപരിഹാരങ്ങള്‍

 

സദ്സന്താനജനനത്തിനും രോഗശാന്തിക്കും സര്‍പ്പപ്പൂജകള്‍ നല്ലതാണ്. ചൊറി, വ്യാധി, വെള്ളപ്പാണ്ഡ്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവ സര്‍പ്പദോഷത്താല്‍ സംഭവിക്കുന്നതാണ്. ഇതിന് പരിഹാരമാണ് പുള്ളുവന്‍ പാട്ട്. പുള്ളുവന്മാരെക്കൊണ്ട് സര്‍പ്പപ്പാട്ട് പാടിച്ചാല്‍ സര്‍വ്വദേവതാ പ്രീതിയും ലഭ്യമാകും. സര്‍പ്പബലി നടത്തുക, അരിയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ നൂറും പാലും നിവേദിക്കുക. ഉപ്പും മഞ്ഞള്‍ സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട ഇവ നടയ്ക്കുവയ്ക്കുക. പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക എന്നതൊക്കെ സര്‍പ്പപ്രീതികരമായ വഴിപാടുകളാണ്.

 

പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങള്‍

 

പ്രശസ്തി നേടിയ ചില നാഗക്ഷേത്രങ്ങളെയും അവിടുത്തെ വഴിപാടുകളെയും പറ്റി ഇനി വിവരിക്കാം.

നാഗര്‍കോവില്‍ നാഗരാജാക്ഷേത്രം

 

നാഗരാജാവ് പ്രത്യക്ഷനായ സ്ഥലമാണിതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എല്ലാ മാസത്തിലെയും ആയില്യമാണ് ഇവിടെ പ്രധാനം.
പുറ്റും മണ്ണും ചന്ദനവുമാണ് പ്രധാന പ്രസാദങ്ങള്‍. നാഗരാജാവിന്‍റെ സന്നിധിയില്‍ സ്വയം ഉണ്ടാക്കുന്ന മണ്ണാണ് പ്രസാദമായി കൊടുക്കുന്നത്.
നൂറും പാലും, നാഗപൂജ, പുറ്റും മുട്ടയും വിഗ്രഹത്തില്‍ ചാര്‍ത്തല്‍ എന്നിവയാണ് പ്രധാന വഴിപാടുകള്‍. സന്താനലബ്ധിക്കും മംഗല്യയോഗത്തിനും പുറ്റും മുട്ടയും സമര്‍പ്പിക്കല്‍ ഉത്തമമാണ്.

 

മണ്ണാറശ്ശാല നാഗരാജക്ഷേത്രം

 

നാഗരാജാവും നാഗയക്ഷിയുമാണ് ഇവിടെ പ്രധാന പ്രതിഷ്ഠകള്‍. തുലാം മാസത്തിലെ ആയില്യം പ്രധാനമാണ്. വഴിപാടുകളില്‍ ഉരുളികമഴ്ത്തല്‍ പ്രാധാന്യമുള്ളതാണ്. കൂടാതെ പുറ്റും മുട്ടയും സമര്‍പ്പിക്കല്‍, ഉപ്പും മഞ്ഞളും അര്‍പ്പിക്കല്‍, സര്‍പ്പപ്പാട്ട് എന്നിവയും വഴിപാടുകളാണ്. മഞ്ഞള്‍, പാല്‍, പഴം, പാല്‍പ്പായസം എന്നിവ ഇവിടത്തെ പ്രസാദങ്ങളാണ്.
ഹരിപ്പാട് ബസ് സ്റ്റാന്‍റില്‍നിന്നും മൂന്നുകിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

 

തിരുനാഗന്‍ കുളങ്ങര ക്ഷേത്രം

 

നാഗരാജാവില്ലാതെ നാഗയക്ഷിയുടെ മാത്രം പ്രതിഷ്ഠയുള്ള സന്നിധിയാണിത്. ശിവനാണ് ഇവിടെ പ്രധാന ദേവന്‍. ഭജനം കൊണ്ട് മാറാരോഗങ്ങള്‍ മാറുന്ന ക്ഷേത്രമാണിത്. ഭജനദിവസങ്ങളില്‍ ഇവിടുത്തെ നാഗയക്ഷിക്ക് ആടുന്ന എണ്ണ ശരീരത്തില്‍ തേച്ചുകുളിച്ചാല്‍ രോഗശമനമുണ്ടാകും.
നൂറും പാലും, മഞ്ഞള്‍, സര്‍പ്പബലി, പായസം എന്നിവ പ്രധാന വഴിപാടുകളാണ്. ചേര്‍ത്തലയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വടക്കുഭാഗത്തേയ്ക്ക് സഞ്ചരിച്ചാല്‍ തിരുനാഗന്‍ കുളങ്ങര എത്താം.

 

വെട്ടിക്കോട്ട് നാഗരാജാക്ഷേത്രം

 

അനന്തനും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠകള്‍. കന്നി, തുലാം മാസങ്ങളിലെ ആയില്യദിവസങ്ങള്‍ ഇവിടെ വിശേഷപ്പെട്ടതാണ്. കൂടാതെ മറ്റുമാസങ്ങളിലെ ആയില്യവും പ്രധാനമാണ്.
സര്‍പ്പബലി, ഉരുളികമഴ്ത്തല്‍, അപ്പം, വെണ്ണ, പായസം, പാല്‍പ്പായസം, മഞ്ഞള്‍പ്പൊടി, അഭിഷേകം, ആള്‍രൂപ സമര്‍പ്പണം എന്നിവ വഴിപാടുകളില്‍പ്പെടുന്നു.

 

പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം

 

സുബ്രഹ്മണ്യനാണ് പ്രധാന വിഗ്രഹമെങ്കിലും നാഗത്തിന് വലിയ പ്രാധാന്യമാണിവിടെ. നാഗരാജാവിന് കോഴിമുട്ട സമര്‍പ്പിക്കലാണ് പ്രധാന വഴിപാട്. സര്‍പ്പബലി നിത്യവും ഇവിടെ നടത്തുന്നു.
കണ്ണൂരില്‍ നിന്നും കൂത്തുപറമ്പിലേയ്ക്കുള്ള റോഡുമാര്‍ഗ്ഗം പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

കേരളത്തില്‍ നാഗാരാധനയുടെ അധികാരികളായി പരശുരാമന്‍ നിശ്ചയിച്ചത് പാമ്പുമ്മേക്കാട് നമ്പൂതിരിമാരെയാണ്. ശൈവമൂര്‍ത്തിയായ വാസുകിയാണ് പാമ്പുമ്മേക്കാട് പ്രതിഷ്ഠ. അതുപോലെ പാലക്കാട് ജില്ലയിലെ അത്തിപ്പറ്റമന, വൈക്കത്തെ നാഗപൂഴിമന, ഉദയംപേരൂരിന് സമീപമുള്ള ആമേട ഇല്ലം, കണ്ണൂരിലെ മദനന്ദേശ്വരം എന്നിവയും പ്രധാന നാഗാരാധന കേന്ദ്രങ്ങളാണ്.
ഭൂമിയുടെ ഉടയവരാണ് നാഗദേവതമാര്‍. അവരെ പ്രീതിപ്പെടുത്തിയാല്‍ സര്‍വ്വദേവന്മാരുടെയും അനുഗ്രഹവര്‍ഷം നമ്മിലുണ്ടാവും. രോഗദുരിതത്തില്‍ നിന്നും ശാപത്തില്‍നിന്നും അഭീഷ്ടവരലബ്ധിയിലേയ്ക്കൊരു ദ്രുതമാറ്റത്തിന് നാഗാരാധന ശ്രേഷ്ഠമാണ്. ജീവിതത്തെ അഭ്യുദയത്തിലേയ്ക്ക് നയിക്കാനുള്ള അവസാനമാര്‍ഗ്ഗവും ഇതുതന്നെയാണ്.

 

 

സി.ടി. സതീഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO