നൃത്തത്തെ പ്രണയിക്കുന്ന മൃദുല

2018 ഫെബ്രുവരി 23. ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണ്. ജീവിതത്തിനൊരു ഉത്സവഛായ കൈവന്നതുപോലെ. സ്വന്തം വീട്ടിലെ കുട്ടിയെ എന്നപോലെ അടുത്തുപെരുമാറുന്ന പ്രേക്ഷകരുടെ സ്നേഹം. അമ്പരപ്പുനിറഞ്ഞ ആഹ്ലാദത്തിലായിരുന്നു ആ സമയമത്രയും. കഥാപാത്രങ്ങളെക്കുറിച്ച് ഉദ്വേഗം നിറഞ്ഞ കുശലാന്വേഷണങ്ങള്‍.... Read More

2018 ഫെബ്രുവരി 23. ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണ്. ജീവിതത്തിനൊരു ഉത്സവഛായ കൈവന്നതുപോലെ. സ്വന്തം വീട്ടിലെ കുട്ടിയെ എന്നപോലെ അടുത്തുപെരുമാറുന്ന പ്രേക്ഷകരുടെ സ്നേഹം. അമ്പരപ്പുനിറഞ്ഞ ആഹ്ലാദത്തിലായിരുന്നു ആ സമയമത്രയും. കഥാപാത്രങ്ങളെക്കുറിച്ച് ഉദ്വേഗം നിറഞ്ഞ കുശലാന്വേഷണങ്ങള്‍. ഇടയ്ക്കെപ്പോഴൊക്കെയോ സ്വയം കഥാപാത്രങ്ങളായിപ്പോയ നിമിഷങ്ങള്‍. മിനിസ്ക്രീനിന്‍റെ ശക്തി ഇത്രയ്ക്കുണ്ടെന്നറിഞ്ഞത് ഒമാനിലെ ആ സായാഹ്നത്തിലാണ്. ലാല്‍സാറിന്‍റെ വിസ്മയ സന്ധ്യ എന്ന പ്രോഗ്രാമിന്‍റെ ഭാഗമാകാനെത്തിയ ആ സൗഭാഗ്യനിമിഷങ്ങളില്‍.

 

വിസ്മയസന്ധ്യ എന്ന പ്രോഗ്രാമിലേക്ക് സീരിയല്‍ രംഗത്തു നിന്നും എനിക്കും അര്‍ച്ചനയ്ക്കുമാണ് അവസരം ലഭിച്ചത്. വിസ്മയസന്ധ്യയില്‍ നൃത്തം അവതരിപ്പിക്കുന്നതിനായി ഏഷ്യാനെറ്റാണ് ഞങ്ങള്‍ക്ക് അവസരം തരുന്നത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കല്യാണസൗഗന്ധികത്തിലെ ആര്യയേയും മഴവില്‍ മനോരമ സംപ്രേഷണം ചെയ്ത കൃഷ്ണതുളസിയിലെ കൃഷ്ണയേയും ഏഷ്യാനെറ്റ് ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഭാര്യയിലെ രോഹിണിയേയും ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകരുടെ സ്നേഹത്തിനുമുന്നില്‍ തെല്ലൊന്നമ്പരന്നുപോയ നിമിഷങ്ങള്‍. അടുത്തുവന്ന് കുശലം പറഞ്ഞും കെട്ടിപ്പിടിച്ചും കവിളില്‍ നുള്ളിയും സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ അവരെന്നോട് സ്നേഹം പങ്കുവച്ചു.

 

ആദ്യം സിനിമ പിന്നീട് സീരിയല്‍ ?

ബസ്സ് കാത്ത് ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ എവിടെനിന്നെങ്കിലും ഒരു സിനിമാപ്പാട്ട് കേട്ടുതുടങ്ങിയാല്‍ അവിടെനിന്ന് തുള്ളിക്കളിക്കുന്ന പെണ്ണായിരുന്നു ഇവളെന്ന് അമ്മ എപ്പോഴും പറയും. നൃത്തം എനിക്ക് ജീവനാണ്. നന്നേ ചെറുപ്പം മുതലേ ഞാന്‍ നൃത്തം അഭ്യസിച്ചുതുടങ്ങി. ക്ലാസിക്കല്‍ നൃത്തരൂപങ്ങളോടായിരുന്നു ചെറുപ്പംതൊട്ടേ താല്‍പ്പര്യം. പിന്നീട് ഡാന്‍സ്പാര്‍ട്ടി എന്നൊരു റിയാലിറ്റിഷോ ചെയ്യേണ്ടിവന്നപ്പോള്‍ അതിനുവേണ്ടി വെസ്റ്റേണ്‍, ബെല്ലി തുടങ്ങിയവയും പഠിച്ചു. നല്ലൊരു അഭിനേത്രിയാവുക, അത് ചെറുപ്പംമുതലേയുള്ള എന്‍റെയൊരു മോഹമാണ്. നന്നേ ചെറുപ്പം മുതലേ നല്ല സിനിമകള്‍ കാണുകയും, നല്ല സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേട്ടും വളര്‍ന്നൊരു കുട്ടിയാണ് ഞാന്‍. അപ്പൂപ്പന്‍ (അച്ഛന്‍റെ അച്ഛന്‍) എം.എന്‍. അപ്പു മികച്ചൊരു ചിത്രസംയോജകനായിരുന്നു. നെല്ല്, ആദാമിന്‍റെ വാരിയെല്ല്, യവനിക തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു അപ്പൂപ്പന്‍. മികച്ച ചിത്രസംയോജകനുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അച്ഛന്‍റെ അമ്മാവനാണ് അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍. ഇങ്ങനെയുള്ള ഒരന്തരീക്ഷത്തില്‍ വളര്‍ന്നത് കൊണ്ടാവണം സിനിമ ചെറുപ്പം മുതലേ എന്‍റെയൊരു മോഹമായി വളര്‍ന്നത്.

 

ഒരു ഷോര്‍ട്ട് ഫിലിമിന്‍റെ ഓഡീഷന്‍റെ പരസ്യം കണ്ടിട്ട് അമ്മയാണ് എന്‍റെ ചിത്രങ്ങള്‍ അവര്‍ക്കയച്ചു കൊടുക്കുന്നത്. ഷോര്‍ട്ട് ഫിലിമിന്‍റെ ചിത്രീകരണം എന്തുകൊണ്ടോ ആദ്യദിവസം കൊണ്ടു തന്നെ തീര്‍ന്നു. ആ സമയത്താണ് തമിഴ് സിനിമയില്‍ നിന്നും ഒരു ഓഫര്‍ വരുന്നത്. ജി.എം. ശരവണ പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന ജനിഫര്‍കറുപ്പയ്യ എന്ന ചിത്രത്തിലേക്ക്. ടി.എസ്. വാസനായിരുന്നു നായകന്‍. ഏറെ നായികാപ്രാധാന്യമുള്ള റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തമിഴിലായിരുന്നു തുടക്കം. തുടര്‍ന്നും തമിഴ് സിനിമയില്‍ നിന്നും തന്നെയാണ് ഓഫര്‍ വന്നത്. പ്രശസ്ത സംവിധായകനായ സുന്ദര്‍. സിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച അയ്യപ്പന്‍ എന്ന സംവിധായകന്‍റെ ‘കടല്‍ അന്‍പേ മുറിക്കും’ എന്ന ചിത്രത്തിലേക്ക്. പിന്നീട് രണ്ട് മലയാള ചിത്രങ്ങളിലും അഭിനയിച്ചു. അതില്‍ മഞ്ജിത്ത് ദിവാകര്‍ സംവിധാനം ചെയ്ത സെലിബ്രേഷനില്‍ മൂന്ന് നായികന്മാരില്‍ ഒരാളായിരുന്നു. അതിനുശേഷമാണ് ബ്രിട്ടീഷ് ബംഗ്ലാവ് ചെയ്യുന്നത്. ഇതിനിടയില്‍ പല സീരിയലിലേക്കും അവസരങ്ങള്‍ വന്നെങ്കിലും സീരിയല്‍ വേണ്ടാ എന്നൊരു തീരുമാനത്തിലായിരുന്നു. 14-മത്തെ വയസ്സിലാണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. മൂന്നുവര്‍ഷത്തിനിടയില്‍ നാല് ചിത്രങ്ങള്‍. ഈ നാല് ചിത്രങ്ങളും കരിയറില്‍ വലിയ നേട്ടമൊന്നുമുണ്ടാക്കിത്തന്നില്ലെന്നുള്ളത് യാഥാര്‍ത്ഥ്യവുമാണ്. ഈ അവസരത്തിലാണ് ഡോ.എസ്. ജനാര്‍ദ്ദനന്‍ സാര്‍ കല്യാണസൗഗന്ധികം എന്ന സീരിയലിലെ നായികാവേഷം ചെയ്യാനായി എന്നെ വിളിക്കുന്നത്. ആര്‍ട്ടിസ്റ്റ് അനിതചേച്ചിയുടെ ഹസ്ബെന്‍റ് മധുചേട്ടന്‍ അദ്ദേഹത്തിന്‍റെ ഒരു സെല്‍ഫി ലൊക്കേഷനില്‍ വെച്ച് എടുത്ത് ജനാര്‍ദ്ദനന്‍ സാറിന് അയച്ചുകൊടുത്തു. ആ സെല്‍ഫിയില്‍ പുറകിലായി ഞാനുമുണ്ടായിരുന്നു. ആ ചിത്രം കണ്ടിട്ടാണ് ഈ കുട്ടി കൊള്ളാമല്ലോ എന്ന് പറഞ്ഞ് എന്നെ വിളിച്ചത്.

 

കല്യാണസൗഗന്ധികത്തില്‍ നല്ലൊരു വേഷമാണ്. പക്ഷേ, അപ്പോഴും സീരിയല്‍ വേണോ എന്നൊരു സംശയത്തിലായിരുന്നു ഞാന്‍. ‘ഞാന്‍ നിര്‍ബന്ധിക്കുന്നില്ല പക്ഷേ, ഇത് നല്ലൊരവസരമാണ് ആലോചിക്കൂ’ എന്നാണ് ജനാര്‍ദ്ദനന്‍ സാര്‍ പറഞ്ഞത്. ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നത് അമ്മയ്ക്കേറെ സന്തോഷമുള്ള കാര്യമായിരുന്നു. കല്യാണസൗഗന്ധികത്തിലെ ആര്യയാകുന്നത് അങ്ങനെയാണ്.

 

കല്യാണസൗഗന്ധികത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കൃഷ്ണതുളസിയിലേക്ക് ഒരു ഓഫര്‍ വരുന്നത്. ജോയ്സി സാറിന്‍റെ സ്ക്രിപ്റ്റില്‍ അഭിനയിക്കാനാവുക ഏതൊരാളിന്‍റെയും മോഹമാണല്ലോ? അങ്ങനെയൊരു ഓഫര്‍ വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അതും സ്വീകരിക്കുകയായിരുന്നു. കൃഷ്ണതുളസിയിലെ കൃഷ്ണയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍നിന്നും ഒട്ടേറെ അംഗീകാരവും നേടിത്തന്നു. കൃഷ്ണതുളസി കഴിഞ്ഞ് ഒരു മാസത്തെപ്പോലും ഇടവേളയില്ലാതെയാണ് ഭാര്യയിലെ രോഹിണിയായി എത്തുന്നത്.

 

പ്രായക്കൂടുതലുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍?

അതൊന്നും ഒരു പ്രശ്നമായി തോന്നിയിട്ടില്ല. പക്ഷേ, ഫംഗ്ഷനുകള്‍ക്കൊക്കെ പോകുമ്പോള്‍ ഈ കുട്ടിയാണോ ആ വേഷങ്ങളൊക്കെ ചെയ്യുന്നതെന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട.് ഒരഭിനേത്രി എന്ന നിലയില്‍ പെര്‍ഫോം ചെയ്യാനാകും. വ്യത്യസ്തമായ വേഷങ്ങള്‍ അതുമാത്രമായിരുന്നു നിര്‍ബന്ധം. എനിക്ക് കിട്ടിയ വേഷങ്ങള്‍ മൂന്നും ഒന്നിനൊന്ന് വ്യത്യസ്തവുമായിരുന്നു.

 

വീണ്ടും സിനിമയിലേക്ക്?

തീര്‍ച്ചയായും. ഏതൊരാര്‍ട്ടിസ്റ്റിന്‍റെയും ആദ്യ ചോയ്സ് ബിഗ് സ്ക്രീന്‍ തന്നെയായിരിക്കുമല്ലോ. ഒന്നുരണ്ട് പ്രോജക്റ്റുകള്‍ വരുന്നുണ്ട്. ഭാഗ്യം തുണച്ചാല്‍ അധികം താമസമില്ലാതെ ബിഗ്സ്ക്രീനിലും എന്‍റെ സാന്നിദ്ധ്യമുണ്ടാകും. മികച്ച ഒരു കഥാപാത്രവുമായി മാത്രമേ ഇനി സിനിമയിലേക്കുള്ളു എന്നൊരു തീരുമാനമുണ്ട്. അതിനായി കുറച്ച് കാത്തിരിക്കേണ്ടിവന്നാലും വിഷമമില്ല.

 

നൃത്തം, പഠനം, കുടുംബം ഇവയെപ്പറ്റി പറഞ്ഞില്ല?

ഞാനാദ്യമേ പറഞ്ഞല്ലോ. നൃത്തം അതെന്‍റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്. നൃത്തരൂപങ്ങളില്‍ പുതിയതെന്തും പഠിച്ചെടുക്കാന്‍ എനിക്കിപ്പോഴും താല്‍പ്പര്യമാണ്. ഒട്ടേറെ സ്റ്റേജ് ഷോകളും ചെയ്യുന്നു. അഭിനയം വേണ്ടെന്നുവെച്ചാലും നൃത്തം വേണ്ടെന്ന് വെയ്ക്കാനാവില്ല. പഠനം ഇപ്പോഴും തുടരുന്നുണ്ട്. ബി.എ. സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ്.
അച്ഛന്‍ വിജയകുമാര്‍, അമ്മ റാണി, അനിയത്തി പാര്‍വ്വതി ഇതാണെന്‍റെ കുടുംബം.

ഫോട്ടോ- അശോക് കോതമംഗലം
കോ ഓര്‍ഡിനേഷന്‍ & സ്റ്റൈലിസ്റ്റ് – മനുമാധവന്‍
മേക്കപ്പ്: രജനി ചമയം
Show Less

No comments Yet

SLIDESHOW

LATEST VIDEO