മാക്സ്, നീ എവിടെയായിരുന്നാലും സുഖമായിരിക്കട്ടെ

കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ്. പാലക്കാട്ടെ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് മേജര്‍ രവിയെ കണ്ടിരുന്നു. പതിവില്ലാതെ അദ്ദേഹം താടി വളര്‍ത്തിയിരിക്കുന്നു. മുഖത്തും നല്ല ക്ഷീണമുണ്ട്. അങ്ങനെയൊരു മേജറിനെക്കണ്ട് പരിചയമേയില്ല. എപ്പോഴും ക്ലീന്‍ഷേവായിരിക്കും. സദാ ഊര്‍ജ്ജസ്വലനും. അതുകൊണ്ടാണ്... Read More

കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ്. പാലക്കാട്ടെ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് മേജര്‍ രവിയെ കണ്ടിരുന്നു. പതിവില്ലാതെ അദ്ദേഹം താടി വളര്‍ത്തിയിരിക്കുന്നു. മുഖത്തും നല്ല ക്ഷീണമുണ്ട്. അങ്ങനെയൊരു മേജറിനെക്കണ്ട് പരിചയമേയില്ല. എപ്പോഴും ക്ലീന്‍ഷേവായിരിക്കും. സദാ ഊര്‍ജ്ജസ്വലനും. അതുകൊണ്ടാണ് ആ ചോദ്യമുണ്ടായത്.

 

‘എന്തുപറ്റി?’

 

ഒന്നുമില്ലെന്ന് പറഞ്ഞ് അദ്ദേഹമൊഴിഞ്ഞുമാറി. അന്ന് ഉച്ചകഴിഞ്ഞ് മേജറെ തനിച്ച് കിട്ടിയപ്പോള്‍ സൂത്രത്തില്‍ കാര്യം തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘മാക്സ് പോയടാ.’

 

മേജറുടെ വീട് സന്ദര്‍ശിച്ചിട്ടുള്ള ആര്‍ക്കും മാക്സിനെ മറക്കാനാവില്ല. മാക്സിനെ മാത്രമല്ല ലിന്‍ഡയേയും. ഗോള്‍ഡണ്‍ റിട്രൈവ് വിഭാഗത്തില്‍പെട്ട ഒരു നായയാണ് മാക്സ്. പേരുപോലെതന്നെ സ്വര്‍ണ്ണരോമക്കുപ്പായമണിഞ്ഞ സുന്ദരന്‍, അരോഗദൃഢഗാത്രന്‍. എത്ര കഠിനഹൃദയനും ഒന്ന് കണ്ണുവെയ്ക്കാതെ അവനെ കടന്നുപോകില്ല.  ലിന്‍ഡയും അതേ. പക്ഷേ നിറം കൊണ്ട് അവള്‍ കറുപ്പായിരുന്നു. കോക്കര്‍ സ്പാനിയല്‍ എന്ന രാജരക്തത്തില്‍ പിറന്നവള്‍. മേജറിന്‍റെ വളര്‍ത്തുനായ്ക്കളായിരുന്നില്ല ലിന്‍ഡയും മാക്സും. അദ്ദേഹത്തിന് അവര്‍ ഓമനകളായിരുന്നു.

 

ഒരു നായയുടെ മരണം മേജര്‍ രവിയെപ്പോലെ തികഞ്ഞ കാര്‍ക്കശ്യക്കാരനായ ഒരു പട്ടാള ഉദ്യോഗസ്ഥനെപ്പോലും ഉലച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും വളര്‍ത്തുമൃഗങ്ങളോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹം ഊഹിക്കാവുന്നതേയുള്ളൂ. മഹിളാരത്നത്തിന്‍റെ പെറ്റ്സ് സ്പെഷ്യലിനുവേണ്ടി അദ്ദേഹത്തെ തേടി ചെന്നതിനും മറ്റൊരു കാരണമില്ല…

 

മാക്സിനോടൊപ്പം മേജര്‍രവി

ഞാന്‍ പട്ടാളത്തില്‍ നിന്നൊക്കെ വന്നതിനുശേഷമാണ് ആദ്യം ലിന്‍ഡയേയും പിന്നീട് മാക്സിനെയും സ്വന്തമാക്കുന്നത്. ലിന്‍ഡയെ മുംബൈയില്‍ നിന്നും മാക്സിനെ ബാംഗ്ലൂരില്‍ നിന്നും കൊണ്ടുവന്നതാണ്. രണ്ടിനേയും കാശുകൊടുത്ത് വാങ്ങിച്ചതല്ല. ഒരിക്കലും ഒരു നല്ല പെറ്റ്സ് ലൗവ്വര്‍ അവരുടെ ഓമനമൃഗങ്ങളെ വില്‍ക്കുകയില്ല. മറ്റൊരു പെറ്റ്സ് ലൗവ്വര്‍ക്കല്ലാതെ അവരതിനെ കൈമാറുകയും ഇല്ല. അതാണ് പെറ്റ്സ് ഫാമിലിയില്‍ പെട്ടവര്‍ക്കിടയിലുള്ള ക്രയവിക്രയശൈലി.
ലിന്‍ഡ ഞങ്ങളോടൊപ്പം കൂടുമ്പോള്‍ അവള്‍ക്ക് രണ്ടുമാസം പ്രായമേയുള്ളൂ. മാക്സിനെ, ജനിച്ചതിന്‍റെ മൂന്നാമത്തെ ആഴ്ച ഞങ്ങള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ലിന്‍ഡയെക്കാള്‍ വേഗത്തില്‍ മാക്സ് വളര്‍ന്നു. രണ്ടുപേരും കളിക്കൂട്ടുകാരായിരുന്നു. രാജരക്തത്തില്‍ പിറന്നതുകൊണ്ടാകാം ലിന്‍ഡയ്ക്ക് അല്‍പ്പം തലക്കനമുണ്ടായിരുന്നു. ആരേയും അവള്‍ ശ്രദ്ധിക്കാറില്ല. ആരെങ്കിലും തന്നെ നോക്കുന്നുണ്ട് എന്ന തോന്നിയാല്‍ മാത്രം ഒന്ന് തലപൊന്തിച്ച് നോക്കും.

 

പക്ഷേ മാക്സ് അങ്ങനെയായിരുന്നില്ല. കുട്ടികള്‍ക്ക് പ്രിയങ്കരനായിരുന്നു. നായ്ക്കളെ പേടിയുണ്ടായിരുന്ന കുട്ടികള്‍പോലും മാക്സുമായി കൂട്ടുകൂടിയതിനുശേഷമാണ് അവയോടൊക്കെയുള്ള പേടി മാറിയത്. കുട്ടികള്‍ മാക്സിന്‍റെ വാലില്‍ പിടിച്ചുവലിച്ചു കൊണ്ടുപോകുമായിരുന്നു. കുട്ടികള്‍ക്കൊപ്പം അവനും ഉരുണ്ടുമറിഞ്ഞ് കളിക്കും. ഞങ്ങള്‍ക്കുമതേ. അവര്‍ പ്രിയങ്കരരായിരുന്നു. മാക്സും ലിന്‍ഡയും വീടിനകത്ത് കിടന്നാണ് വളര്‍ന്നത്. അവര്‍ക്കായി ഒരു കൂടുപോലുമുണ്ടായിരുന്നില്ല.

 

ലിന്‍ഡയ്ക്കൊപ്പം മേജറും കുടുംബവും (വര്‍ഷങ്ങള്‍ക്കുമുമ്പ് മഹിളാരത്നത്തിനു വേണ്ടി എടുത്ത ചിത്രം)

 

രാത്രിയില്‍ രണ്ടുപേരും എന്‍റെ മുറിക്കുള്ളിലെത്തും. അല്‍പ്പനേരം ബെഡ്ഡില്‍ വന്ന് സ്നേഹപ്രകടനം നടത്തും. പിന്നെ താഴെയിറങ്ങി മൂലയിലെവിടെയെങ്കിലും പോയി കിടക്കും. ഒരു ശല്യവുമില്ല. മനുഷ്യരെപ്പോലെ കൂര്‍ക്കം വലിക്കുന്ന ശീലമുണ്ടായിരുന്നു ലിന്‍ഡയ്ക്കും മാക്സിനും. പണ്ട് ഫ്ളാറ്റില്‍ താമസിക്കുമ്പോഴും ഇപ്പോള്‍ വീടു വച്ച് മാറിയശേഷവും പുറത്ത് കളിക്കാനിറങ്ങിയാല്‍ കാല് വൃത്തിയാക്കാതെ രണ്ടുപേരും അകത്ത് കയറില്ല.

 

റോഡില്‍ നിന്ന് എന്‍റെ വണ്ടിയുടെ ഹോണ്‍ കേട്ടാല്‍ മതി ആ നിമിഷം രണ്ടുപേരും ഗേറ്റിനടുത്ത് വന്ന് എന്നെ കാത്തുനില്‍ക്കും. വണ്ടിയില്‍നിന്നിറങ്ങുന്ന നിമിഷം അവരുടെ കളിയും കൊഞ്ചലുമായി. അണ്‍കണ്ടീഷണലാണ് അവരുടെ സ്നേഹം. ഇനിയെത്ര ടെന്‍ഷനോടെ വീട്ടിലേക്ക് വന്നാലും അവരുടെ കളിയും ചിരിയും കാണുമ്പോള്‍ എല്ലാം മായും. ബി.പി താനെ കുറയും.  ഭാര്യയെയും മകനെയും ഞാന്‍ വഴക്കുപറയുന്നതും അവര്‍ക്കിഷ്ടമല്ല. അപ്പോള്‍ കുരച്ചുകൊണ്ട് എന്തൊക്കെയോ പറയും. ഒരുപക്ഷേ എന്നെ ശകാരിക്കുന്നതായിരിക്കാം. ഇനിയെന്തെങ്കിലും കാരണം പറഞ്ഞ് മാക്സിനെയോ ലിന്‍ഡയെയോ വഴക്ക് പറഞ്ഞുവെന്നിരിക്കട്ടെ, അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം എന്തെങ്കിലും ചെയ്തുവെന്നിരിക്കട്ടെ. അതിനവര്‍ പ്രതികാരം ചെയ്യുന്നത് ബെഡ്ഡില്‍ കയറി മൂത്രമൊഴിച്ചാണ്. അത് കയ്യോടെ പിടിച്ച് വഴക്ക് പറഞ്ഞാല്‍ അപ്പോള്‍ എവിടെ സ്പേസുണ്ടാവുമോ അവിടേക്ക് തലയിട്ട് ഒളിച്ചുകളയും.

 

എന്‍റെ മകന്‍ അര്‍ജ്ജുനെ രണ്ടുപേര്‍ക്കും പേടിയാണ്. അര്‍ജ്ജുന്‍ ഒന്ന് ഉറക്കെ വിളിച്ചാല്‍ മതി രണ്ടുപേരും ഏതെങ്കിലും മാളത്തില്‍ പോയി ഒളിക്കും.  ലിന്‍ഡ പതിനാറുവര്‍ഷം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. പതിനാല് വര്‍ഷമാണ് അവയുടെ ആയുസ്സ്. എന്നിട്ടും രണ്ടുവര്‍ഷം കൂടി അവള്‍ ഞങ്ങള്‍ക്കൊപ്പം ജീവിച്ചു. പക്ഷേ മാക്സിന്‍റെ വിയോഗം തീര്‍ത്തും ആകസ്മികമായിരുന്നു.

 

 

അന്ന് ഒരു ഷൂട്ടിംഗിന് ഞാന്‍ കോഴിക്കോട് പോയതായിരുന്നു. വൈകുന്നേരമായപ്പോള്‍ വീട്ടില്‍ നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. മാക്സ് ആഹാരമെടുക്കുന്നില്ലെന്ന് പറയാന്‍ വിളിച്ചതായിരുന്നു. എന്നെ കാണാത്തതിന്‍റെ വിഷമമായിരിക്കാം എന്ന് ഞാന്‍ പറഞ്ഞു. രണ്ടാമത്തെ ദിവസം തിരിച്ചെത്തുമ്പോള്‍ അവന്‍റെ അവസ്ഥ തീര്‍ത്തും വഷളായിരുന്നു. ആഹാരം കഴിക്കുന്നില്ലെന്ന് മാത്രമല്ല കുടിക്കുന്ന വെള്ളം ഛര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി, ട്രിപ്പിട്ടു. ഒരു കുറവും കണ്ടില്ല. അടുത്ത ദിവസം രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാമെന്ന് തീരുമാനിച്ചു.

 

അന്ന് ആകസ്മികമായ ചിലതെല്ലാം കൂടി അവിടെ നടന്നു. മാക്സിന് സുഖമില്ലാത്തതുകൊണ്ട് ഞാനും താഴത്തെ നിലയിലാണ് കിടന്നത്. അടുത്തദിവസം രാവിലെ മുകളില്‍ ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാന്‍ എത്തിയപ്പോള്‍ തീരെ അവശനായിരുന്നിട്ടും മാക്സ് കോണിപ്പടി കയറി മുകളില്‍വന്നു. എന്നിട്ട് ഓരോ മുറികളിലും അവന്‍ കയറിയിറങ്ങി. മുകളിലൊരു ഹോം തിയേറ്ററുണ്ട്. അതിനകത്തേയ്ക്ക് അവന് പ്രവേശനമില്ല. പക്ഷേ അതിന്‍റെ മുന്നില്‍ അവന്‍ വന്ന് നിന്നപ്പോള്‍ ഞാന്‍ ഡോര്‍ തുറന്നുകൊടുത്തു. അവന്‍ തല ചെരിച്ച് തിയേറ്ററിലേക്ക് ഒന്നുനോക്കി. പിന്നെ തിരിഞ്ഞുനടന്നു.

 

അന്നവിടുന്നിറങ്ങിയ മാക്സ് ഈ വീട്ടിലേക്ക് തിരിച്ചുവന്നിട്ടില്ല. ഇന്നാലോചിക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്. ഒരുപക്ഷേ അവന് അറിയാമായിരിക്കും, ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന്. അവസാനമായി എല്ലാം ഒരിക്കല്‍ കൂടി കണ്ട് അവന്‍ പടികളിറങ്ങിയതായിരിക്കാം. ഏതായാലും അന്ന് ഞാന്‍ അവനെയും കൊണ്ട് തൃശൂരിലേക്ക് പോയി. കാറിലായിരുന്നു യാത്ര. അവന്‍ പിറകിലാണ് കിടന്നത്. ഇടയ്ക്ക് മാക്സ് എന്‍റെ പിറകില്‍ തട്ടും. അപ്പോള്‍ ഞാന്‍ വിന്‍ഡോ ഗ്ലാസ് തുറന്നുകൊടുക്കും. അതിലൂടെ പുറത്തേയ്ക്ക് തലയിട്ട് അവന്‍ കാറ്റുമേറ്റ് കിടന്നു. അങ്ങനെയായിരുന്നു തൃശൂര്‍വരെയുള്ള യാത്ര.

 

ആശുപത്രിയിലെത്തി, ഡോക്ടര്‍മാര്‍ അവനെ പരിശോധിച്ചുകഴിഞ്ഞപ്പോള്‍ ഒരു കാര്യം പറഞ്ഞു. ക്രിയാറ്റിന്‍ ലെവല്‍ കൂടുതലാണ്. വൃക്കകളും പ്രവര്‍ത്തനരഹിതമാണ്. ഉടനെ ഡയാലിസിസ് ചെയ്യണം. ഡയാലിസിസ് ചെയ്യാന്‍ ആ ഹോസ്പിറ്റലില്‍ സൗകര്യമുണ്ടായിരുന്നില്ല. നേരെ കൊച്ചിയിലേക്ക് കൊണ്ടുവന്നു. അവിടെ ഡോക്ടര്‍ സൂരജിനെ കാണിച്ചു. സൂരജ് അവനെ പരിശോധിച്ചു. രക്തം തീരെയില്ലാത്തതുകൊണ്ട് ഡയാലിസിസ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ വന്നാല്‍ കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണെന്നും. അതോടെ എന്‍റെ നിയന്ത്രണം വിട്ടു. എന്‍റെ കരച്ചില്‍ കാണാന്‍ കഴിയാത്തതുകൊണ്ടാകും ഡോക്ടര്‍ വേഗമൊരു ബ്ലെഡ് ഡോണറിനെ കണ്ടെത്തി. അവന് രണ്ടുകുപ്പി ബ്ലെഡ് നല്‍കി. അതിനുശേഷം ചെറിയ മാറ്റങ്ങള്‍ കണ്ടു. പതുക്കെ അവന്‍ തലയുയര്‍ത്തി. ഒന്നുരണ്ട് കവിള്‍ വെള്ളം കുടിച്ചു. ആ ആശ്വാസത്തോടെയാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്.

 

പക്ഷേ അന്ന് വൈകുന്നേരത്തോടെ അവന്‍റെ നില വീണ്ടും വഷളായി. അടുത്തദിവസം രാവിലെ അവന്‍ ഞങ്ങളെ വിട്ടുപോയി. അവനപ്പോള്‍ എട്ട് വയസ്സായിരുന്നു പ്രായം. മാക്സ് മരിച്ച വിവരം ഡോക്ടര്‍ എന്നോട് വിളിച്ചുപറയുമ്പോള്‍ ഒരുതരം മരവിപ്പായിരുന്നു. അവസാനമായി അവനെ ഒന്നുകാണേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ടെന്നുപറഞ്ഞു. മാക്സിന്‍റെ ജീവനുള്ള മുഖം മാത്രം മതി എന്‍റെ ഓര്‍മ്മയില്‍. ക്രീമേഷനുള്ള എല്ലാ ചെലവുകളും ഞാന്‍ നല്‍കി. അവന്‍റെ അന്ത്യയാത്രയ്ക്ക് ഞാനുണ്ടായില്ല. മറ്റൊന്നും കൊണ്ടല്ല എനിക്ക് അത് കണ്ടുകൊണ്ടുനില്‍ക്കാനുള്ള ധൈര്യമില്ലായിരുന്നു. ഇനിയൊരു പ്രാര്‍ത്ഥനയേയുള്ളൂ, മാക്സ് നീയെവിടെയായിരുന്നാലും സുഖമായിരിക്കട്ടെ.

 

ശരിക്കും മാക്സിന്‍റെ സ്നേഹവും കരുതലും കുസൃതികളുമൊക്കെയാണ് പിക്കറ്റ് 43 എന്ന സിനിമയില്‍ ഒരു നായയെ അവതരിപ്പിക്കാന്‍ എനിക്ക് പ്രചോദനമായത്. മാക്സിനെ കൊണ്ട് അഭിനയിപ്പിക്കാനാവില്ലെന്നറിയാവുന്നതുകൊണ്ടാണ് സേനയിലുള്ള സ്നിഫര്‍ ഡോഗായ ബെക്കാര്‍ഡിയെ കൂട്ടിക്കൊണ്ട് വന്നത്.

 

 

ദിവസങ്ങള്‍ക്കുള്ളില്‍ സെറ്റിലുള്ള എല്ലാവര്‍ക്കും അവന്‍ പ്രിയങ്കരനായി. പൃഥ്വിരാജിന്‍റെ കളിക്കൂട്ടുകാരനായിരുന്നു ബെക്കാര്‍ഡി. ഷൂട്ടിംഗ് ഇടവേളകളില്‍ അവര്‍ ഒരുമിച്ച് കിടന്നുറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പൃഥ്വിയുടെ ഉള്ളിലും നല്ലൊരു മൃഗസ്നേഹിയുണ്ട്. അതുകൊണ്ടാണ് പൃഥ്വിയും ബെക്കാര്‍ഡിയുമായുള്ള രംഗങ്ങളിലൊക്കെ ലൈഫ് കാണുന്നത്.  ബെക്കാര്‍ഡിയുടെ മരണവും ഞങ്ങള്‍ക്കൊരു ഷോക്കായിരുന്നു. ഒരു കമാന്‍ഡോ ഓപ്പറേഷനിടയിലാണ് അവന്‍ മരിക്കുന്നത്. സ്നിഫര്‍ ഡോഗുകളുടെ അവസാനനാളുകള്‍ ദയനീയമാണ്.

 

ആറുവര്‍ഷം പിന്നിടുമ്പോഴേക്കും ലംഗ്സുകള്‍ ദ്രവിച്ച് ദ്വാരം വീഴാന്‍ തുടങ്ങും. ശ്വസിച്ചുനടക്കുന്ന ശ്വാനങ്ങളല്ലേ. ആര്‍.ഡി.എക്സ് അടക്കമുള്ള വിഷവാതകങ്ങളാണ് അവ നേരിട്ട് മണത്തെടുക്കുന്നത്. അതാണ് ശ്വാസകോശങ്ങളെ ദ്രവിപ്പിക്കുന്നത്. പിന്നീടവയുടെ ജീവിതാവസ്ഥ തീര്‍ത്തും ദുരിതമാണ്. അതിനുമുമ്പേ മേഴ്സി കില്ലിംഗിന് വിധേയമാക്കുകയാണ് ചെയ്യുന്നത്. ആ ദയാവധത്തിന് കാത്തുനില്‍ക്കാതെ ബെക്കാര്‍ഡി രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു. സല്യൂട്ട് യു ബെക്കാര്‍ഡി.

 

തയ്യാറാക്കിയത് – കെ. സുരേഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO