അന്നും ഇന്നും ഞാന്‍ ഭാഗ്യവതിയാണ് – ആലീസ് മാണി സി. കാപ്പന്‍

കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന കെ.എം. മാണി, ചെറിയാന്‍ ജെ. കാപ്പന്‍ എന്ന പ്രഗത്ഭനായ വക്കീലിന്‍റെ ജൂനിയറായി പാലായിലെ കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കുന്ന കാലത്ത് ചെറിയാന്‍ വക്കീലിന് മാണി എന്നൊരു മകന്‍ ജനിച്ചിട്ടുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍... Read More

കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന കെ.എം. മാണി, ചെറിയാന്‍ ജെ. കാപ്പന്‍ എന്ന പ്രഗത്ഭനായ വക്കീലിന്‍റെ ജൂനിയറായി പാലായിലെ കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കുന്ന കാലത്ത് ചെറിയാന്‍ വക്കീലിന് മാണി എന്നൊരു മകന്‍ ജനിച്ചിട്ടുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ ചിലത് പിന്നെയും കഴിഞ്ഞാണ് മാണി സി.കാപ്പന്‍റെ ജനനം. 1956 മേയ് 30 ന്. കരിങ്ങോഴയ്ക്കല്‍ മാണി, ചെറിയാന്‍ വക്കീലിന് കേവലം ഒരു ജൂനിയര്‍ മാത്രമായിരുന്നില്ല; കുടുംബാംഗം തന്നെയായിരുന്നു; തിരിച്ചും. അതുകൊണ്ടുതന്നെ ചെറിയാന്‍വക്കീലിനൊപ്പമുണ്ടായിരുന്ന പത്തുവര്‍ഷവും മാണിവക്കീലിന്‍റെ ബ്രേക്ക് ഫാസ്റ്റും ലഞ്ചുമൊക്കെ ചെറിയാന്‍ വക്കീലിന്‍റെ വീട്ടില്‍നിന്നുതന്നെയായിരുന്നു; പറഞ്ഞുകേട്ട അറിവിനപ്പുറം അതൊന്നും അത്ര ഓര്‍മ്മയില്ലെങ്കിലും, തനിക്ക് മൂന്നോ നാലോ വയസ്സ് പ്രായമുള്ളപ്പോള്‍ കെ.എം. മാണി തന്നെ എടുത്തുകൊണ്ട് നടക്കുമായിരുന്നതൊക്കെ മാണി കാപ്പന് ഇന്നും ഓര്‍മ്മയുണ്ട്.

 

ആ മാണിക്കെതിരെ പിന്നീട് മാണി കാപ്പന് രാഷ്ട്രീയാങ്കം കുറിക്കേണ്ടി വന്നത് വേറെ കാര്യം. ഒന്നും രണ്ടുമല്ല, മൂന്ന് പ്രാവശ്യം. മൂന്ന് പ്രാവശ്യവും പരാജയത്തിന്‍റെ കയ്പുനീര് കുടിക്കുവാനായിരുന്നു വിധിയെങ്കിലും കരിങ്ങോഴയ്ക്കല്‍ മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാന്‍ മാണി കാപ്പന് കഴിഞ്ഞു. ഒടുവില്‍ പാലാ എന്നൊരു നിയമസഭാമണ്ഡലം രൂപംകൊണ്ട കാലം മുതല്‍ ആ മണ്ഡലത്തിലെ എം.എല്‍.എയായിരുന്ന സാക്ഷാല്‍ കെ.എം. മാണി 2019 ഏപ്രില്‍ 9 ന് മരണത്തിന് കീഴടങ്ങി കളമൊഴിഞ്ഞതിനെ തുടര്‍ന്നുവന്ന ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിക്കുപ്പായം അണിയാനുള്ള അവസരം കൈവന്നത് മാണി കാപ്പനുതന്നെയായിരുന്നു. അപ്പോഴാണ്, മാണി എന്ന പേരിനോട് പാലാക്കാര്‍ക്കുള്ള വൈകാരികത മറനീക്കി പുറത്തുവന്നത്. അതുകൊണ്ടാണല്ലോ ആ മാണി കളമൊഴിഞ്ഞപ്പോള്‍ പാലായിലെ വോട്ടര്‍മാര്‍ ഈ മാണിയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത്.

 

 

രാഷ്ട്രീയം അച്ഛന്‍ വഴി; കല അമ്മ വഴി

 

മാണി സി. കാപ്പന്‍റെ അച്ഛന്‍ ചെറിയാന്‍ ജെ. കാപ്പന്‍ തികഞ്ഞ രാജ്യസ്നേഹിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് മൂന്നരകൊല്ലത്തെ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. തിരുകൊച്ചി- തിരുവിതാംകൂര്‍ നിയമസഭാംഗം, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ സഹകരണബാങ്ക് പ്രസിഡന്‍റ് എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ള ചെറിയാന്‍ ജെ. കാപ്പന്‍ 1962 മുതല്‍ 67 വരെ മൂവാറ്റുപുഴയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിയുമായിരുന്നു. അദ്ദേഹത്തിന്‍റെ മറ്റൊരു മകന്‍ ജോണ്‍ സി. കാപ്പന്‍ ഇരുപതുവര്‍ഷത്തോളം പാലാ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. ഇപ്പോള്‍ കിഴനടിയൂര്‍ ബാങ്ക് പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന ജോണ്‍ സി. കാപ്പനും ഒരു തവണ കെ.എം. മാണിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.

 

അങ്ങനെ അച്ഛന്‍ വഴി രാഷ്ട്രീയ പാരമ്പര്യമുള്ള മാണി സി. കാപ്പന് അമ്മ വഴി കലയും സ്വന്തം. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സിബിമലയില്‍ മാണി കാപ്പന്‍റെ അമ്മ ത്രേസ്യാമ്മ ചെറിയാന്‍റെ ആങ്ങളയുടെ മകനാണ്. ആ പാരമ്പര്യമായിരിക്കാം തന്നെ സിനിമാമേഖലയിലെത്തിച്ചതെന്നാണ് മാണി കാപ്പന്‍ പറയുന്നത്. ഒക്കെയാണെങ്കിലും മാണി കാപ്പന്‍റെ തുടക്കം കായിക മേഖലയിലൂടെയായിരുന്നു. മുന്‍ ഇന്‍റര്‍നാഷണല്‍ വോളീബോള്‍ താരമായിരുന്ന മാണികാപ്പന്‍, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വോളീബോള്‍ ക്യാപ്റ്റനായിരുന്നു. മൂന്നുകൊല്ലം കേരളത്തിനുവേണ്ടിയും കളിച്ചു. അന്ന് ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വോളിബോള്‍ ടീം സംസ്ഥാന വിദ്യുച്ഛക്തി വകുപ്പിന്‍റേതായിരുന്നു. അതിന്‍റെ പ്രധാനകളിക്കാരില്‍ ഒരാളുമായിരുന്നു മാണി കാപ്പന്‍. അതുകഴിഞ്ഞ് അബുദാബി സ്പോര്‍ട്സ് ക്ലബ്ബിലേക്ക് സെലക്ഷന്‍ കിട്ടി. മാണി കാപ്പനൊപ്പം ജിമ്മിജോര്‍ജ്ജ് ഉള്‍പ്പെടെ ഏഴോളം പേരാണ് വിവിധ ക്ലബ്ബുകളിലായി അന്ന് സ്ഥാനം പിടിച്ചത്. നാലുകൊല്ലത്തോളം അവിടെ കളിച്ചു. പിന്നീട് വിവാഹശേഷമാണ് തിരിച്ചുവന്നത്.

 

തിരിച്ചുവന്നശേഷം ആദ്യ ചുവടുവയ്പ്പ് നടത്തിയത് റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്നു. പിന്നെ സിനിമയിലായി. മേലേപ്പറമ്പില്‍ ആണ്‍വീടായിരുന്നു മാണികാപ്പന്‍ നിര്‍മ്മിച്ച ആദ്യചിത്രം. അതൊരു മെഗാഹിറ്റായിരുന്നു. തുടര്‍ന്ന് പന്ത്രണ്ടോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അതിനിടെ പത്തിരുപത്തിയഞ്ച് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. അതെല്ലാം കണ്ട ഭാര്യ ആലിസിന് ഏറ്റവും ഇഷ്ടപ്പെട്ടത് ‘യുവതുര്‍ക്കി’യിലെ വില്ലനായ രാഷ്ട്രീയക്കാരന്‍റെ വേഷമായിരുന്നു. ഭര്‍ത്താവ് രാഷ്ട്രീയക്കാരനായതുകൊണ്ടല്ല, ജീവിതത്തില്‍ ഒരിക്കലും വില്ലനായിട്ടില്ലാത്ത അച്ചായന്‍ വില്ലനായി തന്മയത്വത്തോടെ അഭിനയിച്ചത് കണ്ടിട്ടാണ്. മാത്രവുമല്ല അല്‍പ്പം വലിയൊരു റോളുമായിരുന്നു അത്.

 

അങ്ങനെ, രാഷ്ട്രീയക്കാരനും, കലാകാരനും, കായികതാരവുമൊക്കെയായി വേഷങ്ങള്‍ പലതു പകര്‍ന്നാടിയ മാണികാപ്പന്‍ ചങ്ങനാശ്ശേരി പാലത്തിങ്കല്‍ കുര്യന്‍ സാറാമ്മ ദമ്പതികളുടെ മകള്‍ ആലീസിനെ മിന്നുകെട്ടി കാപ്പില്‍ ഹൗസിലേക്ക് കൊണ്ടുവരുമ്പോള്‍ അബുദാബിയിലെ വോളീബോള്‍ താരം മാത്രമായിരുന്നു. രാഷ്ട്രീയവേഷവും സിനിമാക്കാരന്‍റെ വേഷവുമൊക്കെ എടുത്തു കെട്ടിയത് വിവാഹശേഷം മാത്രമാണ്. ഹോം സയന്‍സില്‍ ഫസ്റ്റ് റാങ്കുകാരിയായ ആലീസിന്, അന്നത്തെ കാലത്ത് ഒരു ജോലി സമ്പാദിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമൊന്നുമായിരുന്നില്ല. പക്ഷേ നല്ലൊരു വീട്ടമ്മയാകാനായിരുന്നു ആഗ്രഹം.

 

അച്ചായന്‍റെ വിവാഹാലോചന എനിക്ക് വരുമ്പോള്‍ ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന എല്ലാ നല്ല വശങ്ങളുമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അറിയപ്പെടുന്ന കായികതാരം, സമ്പന്നന്‍. സുമുഖന്‍. പറയാനൊരു സ്വഭാവദൂഷ്യവുമല്ല. പോരാത്തതിന് അറിയപ്പെടുന്ന കുടുംബക്കാരും. വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷനില്‍ ഇതിലൊക്കെ കൂടുതലായി എന്താണ് ഒരു പെണ്ണ് ആഗ്രഹിക്കുക. അക്കാര്യത്തില്‍ അന്നും ഇന്നും ഞാന്‍ ഭാഗ്യവതിയാണ്. ഈ നിമിഷംവരെ എനിക്ക് ഒരു വിഷമവും ഉണ്ടാക്കിയിട്ടില്ല. സ്നേഹനിധിയായ ഒരു ഭര്‍ത്താവുതന്നെയാണ് അച്ചായന്‍.

 

 

രാഷ്ട്രീയം കളിച്ച് കാശുകൊണ്ട് കളയുക, തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുക, അപവാദങ്ങളില്‍ ചെന്നുചാടുക. അങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍ സ്വാഭാവികമായും ഏതൊരു ഭാര്യയ്ക്കും വിഷമവും ദുഃഖവുമൊക്കെ തോന്നും. അത്തരത്തിലുള്ള ദുഃഖവും വിഷവുമൊന്നും ഉണ്ടായിട്ടില്ലെ ?

 

ആലീസ്: രാഷ്ട്രീയമായും കലയുമായുമൊക്കെ യാതൊരു ബന്ധവുമില്ലാത്ത ഒരു കുടുംബമാണ് എന്‍റേത്. എന്നുകരുതി അതിനോടൊന്നും എനിക്ക് ഒരു എതിര്‍പ്പും ഉണ്ടായിരുന്നുമില്ല. എന്നുമാത്രമല്ല, അച്ചായനുമായുള്ള വിവാഹശേഷം അതൊക്കെ എന്‍റെയും ജീവിതത്തിന്‍റെ ഭാഗമായി മാറി. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയും ധനനഷ്ടവും അപവാദങ്ങളുമൊക്കെ, അതിന്‍റേതായ നിലയില്‍ കാണുവാന്‍ എനിക്ക് കഴിയുന്നുണ്ട്. 1982 ലായിരുന്നു ഞങ്ങളുടെ വിവാഹം. പിന്നെയും പതിമൂന്നുവര്‍ഷം കഴിഞ്ഞ് ’95 ലാണ് അച്ചായന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. അന്ന് മുതല്‍ രാഷ്ട്രീയത്തിലെ വെട്ടും മറുവെട്ടുമൊക്കെ കണ്ടും കേട്ടും തന്നയല്ലേ ഞാനും ജീവിക്കുന്നത്. എങ്കില്‍ കൂടി തുടര്‍ച്ചയായി മൂന്നുപ്രാവശ്യം തോറ്റപ്പോള്‍ വിഷമമുണ്ടായിരുന്നു.

 

രാഷ്ട്രീയപ്രവേശനം വൈകിയതെന്തേ ?

 

മാണികാപ്പന്‍: അച്ഛന്‍ വഴി രാഷ്ട്രീയപാരമ്പര്യമുണ്ടായിരുന്നെങ്കിലും പഠിക്കുന്ന കാലത്ത് എനിക്ക് താല്‍പ്പര്യം സ്പോര്‍ട്സിനോടായിരുന്നു. ആ താല്‍പ്പര്യമാണ് എന്നെ ഒരു ഇന്‍റര്‍നാഷണല്‍ വോളിബോള്‍ താരമാക്കി മാറ്റിയത്. അതുവഴിയാണല്ലോ അബുദാബിയിലെത്തിയത്. വിവാഹസമയത്തൊക്കെ അബുദാബിയിലായിരുന്നു. പിന്നീട് റിയല്‍ എസ്റ്റേറ്റ് രംഗത്തും സിനിമാരംഗത്തും സജീവമായി. സിനിമാരംഗത്തു നില്‍ക്കുമ്പോഴാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്.

 

തുടര്‍ച്ചയായി ഒരേ വ്യക്തിയോട് മത്സരിക്കുക; തുടര്‍ച്ചയായി തോല്‍ക്കുക. അതൊരു പ്രത്യേകതയല്ലെ ?

 

മാണികാപ്പന്‍: അതെ, മൂന്നുപ്രാവശ്യവും എതിരാളി മാണി സാറായിരുന്നു. അതുകൊണ്ടുതന്നെ ആ മൂന്ന് തോല്‍വിയിലും വിഷമമുണ്ടായിരുന്നില്ല. കാരണം, ഒരു പ്രമുഖ വ്യക്തിയോടല്ലെ മത്സരിച്ച് തോറ്റത്. ഞാനാദ്യമായി അദ്ദേഹത്തോട് മത്സരിക്കുമ്പോള്‍, മാണി സാര്‍ 40 വര്‍ഷമായി പാലാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു. എങ്കിലും മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞു. ഇപ്രാവശ്യവും പ്രശസ്തനായ സ്ഥാനാര്‍ത്ഥി ഇല്ലാത്തതുകൊണ്ടുതന്നെ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പാലാക്കാര്‍ക്ക് എന്നെ ഇഷ്ടമാണ്. മാണി സാറിനേയും ഇഷ്ടമാണ്. എന്നാല്‍ ഇത്രയും കാലം എം.എല്‍.എയും മന്ത്രിയുമൊക്കെയായിരുന്നതുകൊണ്ട് ബന്ധങ്ങള്‍ കൂടുതല്‍ മാണിസാറിനായിരുന്നു.

 

അതുകൊണ്ടാണ് ജയിച്ചുപോന്നത്. മാണി സാര്‍ ഒരു വ്യക്തിയല്ലല്ലോ. പ്രസ്ഥാനമല്ലെ. വ്യക്തിപരമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ വലിയ ശുഷ്കാന്തിയുള്ള വ്യക്തിയാണദ്ദേഹം. അതുകൊണ്ടൊക്കെ, അദ്ദേഹത്തെ തോല്‍പ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും തോറ്റത് ഞാനാണ്. പക്ഷേ എനിക്ക് വിഷമമില്ല. ഒരു സ്പോര്‍ട്സ്മാനായിരുന്നതുകൊണ്ട് എല്ലാം ആ ഒരു സ്പിരിറ്റില്‍ കാണുവാന്‍ എനിക്ക് കഴിഞ്ഞു. ഏതുകാര്യവും ലൈറ്റായിട്ടെടുക്കുവാനുള്ള കഴിവ് എനിക്ക് പണ്ടേയുണ്ടായിരുന്നു.

 

ഈ വിജയം പ്രതീക്ഷിച്ചിരുന്നോ ?

 

ആലീസ്: തീര്‍ച്ചയായും. കാരണം തെരഞ്ഞെടുപ്പ് കാമ്പയിന് പോയപ്പോള്‍ ജനങ്ങളുടെ പ്രതികരണം അങ്ങനെയായിരുന്നു. അവരുടെ മുഖഭാവം പോസിറ്റീവായിരുന്നു. മന്ത്രി മേഴ്സിക്കുട്ടിയ്ക്കൊപ്പമായിരുന്നു ഏറെയും കാമ്പയിനിംഗ്.

 

അദ്ദേഹം ഇനിയൊരു മന്ത്രിയാകണമെന്ന മോഹമുണ്ടോ ?

 

ആലീസ്: അതെനിക്കറിയില്ല. ഏതായാലും മന്ത്രിയാകണമെന്ന ആഗ്രഹമൊന്നുമില്ല. ആയില്ലെന്നു കരുതി വിഷമവുമില്ല. എം.എല്‍.എയായാലും ജനങ്ങള്‍ക്കുവേണ്ടി ചെയ്യേണ്ടതു ചെയ്യാമല്ലോ.

 

 

മക്കള്‍ ?

 

ആലീസ്: ഞങ്ങള്‍ക്ക് മൂന്ന് മക്കളാണ്. എല്ലാവരും വിവാഹിതര്‍. മൂത്തയാള്‍ ചെറിയാന്‍. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു. പിന്നെ യു.കെയില്‍ എം.ബി.എ ചെയ്തു. ഇപ്പോള്‍ കാനഡയിലാണ്. രണ്ടാമത്തേത് മകളാണ് ടീന. ബി.ടെക് കഴിഞ്ഞ് ഇന്‍ഫോസിസിലായിരുന്നു. വിവാഹശേഷം രാജിവച്ചു. പിന്നെ ദുബായിലായിരുന്നു. ഇപ്പോള്‍ ബോംബെയിലാണ്. മൂന്നാമത്തെ മകള്‍ ദീപ കാനറാബാങ്കിലാണ്. ദീപ ഞങ്ങളോടൊപ്പം ഇവിടുണ്ട്.

 

ബിസിനസുകാരന്‍, സിനിമാക്കാരന്‍, സ്പോര്‍ട്സ്മാന്‍, രാഷ്ട്രീയക്കാരന്‍… ഭര്‍ത്താവിന്‍റെ ഈ വേഷങ്ങളില്‍ ഏതാണിഷ്ടം?

 

എല്ലാം ഇഷ്ടംതന്നെ. കാരണം ഏതുവേഷം ചെയ്യുമ്പോഴും കുടുംബത്തോടുള്ള സ്നേഹത്തിന് ഒരു കുറവും അച്ചായന്‍ വരുത്തുന്നില്ല. തിരക്കുള്ള പ്രവര്‍ത്തി മണ്ഡലങ്ങളാണല്ലോ ഇപ്പറഞ്ഞതൊക്കെയും. അപ്പോഴും കുടുംബകാര്യങ്ങള്‍ ആവുംവിധം നോക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ബാക്കിയൊക്കെ ഞാന്‍ മാനേജ് ചെയ്യും.

 

പി. ജയചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO