‘ചെറുപ്പത്തിലെ എന്‍റെ ഏറ്റവും വലിയ ഹീറോ വാപ്പയായിരുന്നു’

പിതാവുള്ളപ്പോള്‍ മാത്രമാണ് മകനാകുന്നത്. പിതാവ് നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ മകനാകുന്നില്ല. പിന്നീട് നമ്മള്‍ പിതാവാകുകയാണ്. വാപ്പ എന്നെ വിട്ടുപോയി.   ചെറുപ്പത്തിലെ എന്‍റെ ഏറ്റവും വലിയ ഹീറോ വാപ്പയായിരുന്നു. പിതാവിനെപ്പോലെ ആകണമെന്നാഗ്രഹിക്കാത്ത മക്കളുണ്ടാവില്ല. നല്ലതായാലും ചീത്തയായാലും.... Read More

പിതാവുള്ളപ്പോള്‍ മാത്രമാണ് മകനാകുന്നത്. പിതാവ് നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ മകനാകുന്നില്ല. പിന്നീട് നമ്മള്‍ പിതാവാകുകയാണ്. വാപ്പ എന്നെ വിട്ടുപോയി.

 

ചെറുപ്പത്തിലെ എന്‍റെ ഏറ്റവും വലിയ ഹീറോ വാപ്പയായിരുന്നു. പിതാവിനെപ്പോലെ ആകണമെന്നാഗ്രഹിക്കാത്ത മക്കളുണ്ടാവില്ല. നല്ലതായാലും ചീത്തയായാലും. നല്ല അച്ഛനുണ്ടാകുകയാണ് നല്ല മക്കളുണ്ടാകാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം.

 

കുട്ടിക്കാലത്ത് ഉമ്മയുടെ വീട്ടില്‍ താമസിച്ചാണ് ഞാന്‍ പഠിച്ചിരുന്നത്. ഏഴാംക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് കലാരംഗത്തേയ്ക്കുള്ള എന്‍റെ രംഗപ്രവേശം. അന്ന് ഒരു ടാബ്ലോയില്‍ പട്ടാളക്കാരനായി നില്‍ക്കാന്‍ എനിക്കൊരു കാക്കിയൂണിഫോം വേണം. ഇതേക്കുറിച്ച് അന്ന് അത്രേ അറിയൂ. മിലിട്ടറിഗ്രീനൊന്നും അപ്പോഴില്ലല്ലോ. എന്‍.സി.സിയൊന്നും നമ്മുടെ സ്ക്കൂളിലേക്ക് എത്തിയിട്ടുമില്ല. കാക്കിപാന്‍റും കാക്കിഷര്‍ട്ടും കാക്കിത്തൊപ്പിയും വേണം. പട്ടാളക്കാരന്‍ ഉപയോഗിക്കുന്ന തോക്ക് മരംകൊ ണ്ട് ഉണ്ടാക്കിവച്ച് ഉടുപ്പും വരുന്നതുനോക്കിയുള്ള കാത്തിരുപ്പാണ്.

 

മണിക്കൂറുകള്‍ കടന്നുപോയിട്ടും വാപ്പയെ കാണുന്നില്ല. യൂണിഫോം കൊണ്ടുവന്നുതരാമെന്ന് ഉറപ്പുപറഞ്ഞതാണ്. ഒരു വാക്കുപറഞ്ഞാല്‍ പിന്നീട് അത് മാറ്റപ്പറയുന്ന ആളല്ല വാപ്പ. പക്ഷേ വരാമെന്നുപറഞ്ഞ സമയവും കഴിഞ്ഞു. ആളെ കാണാതായപ്പോള്‍ വെപ്രാളമായി. വാപ്പ ഇനി വെറുതെ പറഞ്ഞതാണോ. വൈകീട്ട് ഏഴുമണിക്കാണ് പ്രോഗ്രാം. ആറുമണി കഴിഞ്ഞിരിക്കുന്നു. പലവിധ സംശയങ്ങളുമായി ഞാനങ്ങനെ സ്ക്കൂളിന്‍റെ പടിക്കലേക്കും നോക്കിനില്‍ക്കുകയാണ്. കരച്ചില് വരുന്നുണ്ടോയെന്നൊരു സംശയം.

 

ആറരമണിയായപ്പോള്‍ സ്ക്കൂളിന്‍റെ പടിക്കല്‍ വാപ്പയുടെ നിഴല്‍ ഞാന്‍ കണ്ടു. വാപ്പ നടക്കുകയല്ല. ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ടു ഓടുകയാണെന്ന് എനിക്ക് തോന്നി. യൂണിഫോം കൊണ്ടുവന്ന് എന്‍റെ കയ്യില്‍ തരുമ്പോള്‍ വാപ്പ ആകപ്പാടെ വിയര്‍ത്തിരുന്നു. എന്‍റെ മനസ്സ് വായിച്ചിട്ടെന്നോണം ഒരു സാന്ത്വനംപോലെ പുറത്തുതട്ടി. തലയിലൊരു തലോടല്‍.

 

വാപ്പ എത്താന്‍ താമസിച്ചതിന്‍റെ കാരണം പിന്നീടാണ് എനിക്ക് മനസ്സിലായത്. കാക്കി തുണി വാങ്ങി ചെമ്പിലെ തയ്യല്‍കടയില്‍ കൊടുത്ത് അവിടുന്ന് തുന്നിക്കിട്ടാന്‍ താമസിച്ചതുകൊണ്ടാണ് വാപ്പ വരാന്‍ വൈകിയത്. വൈകിയ സമയത്ത് തുന്നിക്കിട്ടിയ യൂണിഫോം വാങ്ങി ബസ്സുകയറി ഓടിപ്പിടിച്ചു വരികയായിരുന്നു. ആദ്യ അഭിനയത്തിന് എന്‍റെ വാപ്പയുടെ സപ്പോര്‍ട്ടായിരുന്നു അത്. ആ മനസ്സിന്‍റെ അനുഗ്രഹം എന്നോടൊത്ത് എന്നുമുണ്ടായിരുന്നു.

 

കോളേജില്‍ പഠിക്കുന്ന കാലത്ത് നാടകം കളിച്ചുനടക്കുന്നതൊന്നും വാപ്പയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ പഠിക്കാതെ ഉഴപ്പിനടക്കുകയാണെന്നുപറഞ്ഞു ഇടപെട്ടേനെ. ഇടയ്ക്ക് ഞാന്‍ പ്രൊഫഷണല്‍ നാടകസംഘത്തോടൊപ്പം ചേര്‍ന്നപ്പോള്‍ നിരുത്സാഹപ്പെടുത്തുകയുണ്ടായി.

 

പ്രീഡിഗ്രി കഴിഞ്ഞുള്ള ഒരു ഗ്യാപ്പിലാണ് വൈക്കത്തുള്ള നാടകക്കമ്പനിയുമായി ബന്ധപ്പെടുന്നത്. രാത്രി അവിടെ റിഹേഴ്സലിന് പോയിത്തുടങ്ങി. രാത്രി പത്തുമണിയാകുമ്പോള്‍ സൈക്കിളുമെടുത്ത് വീട്ടില്‍നിന്നിറങ്ങും. മടങ്ങിവരുന്നത് പുലര്‍ച്ചെ നാലുമണിയൊക്കെ ആകുമ്പോഴാണ്. റിഹേഴ്സല്‍ ക്യാമ്പിലേക്ക് രാത്രിയിലുള്ള ഈ പോക്കും വരവും വാപ്പയെ ഭയപ്പെടുത്തിയിരുന്നു. നല്ല ഇരുട്ടുള്ള വിജനമായ റോഡിലൂടെ ഞാന്‍ ഒറ്റയ്ക്കാണ് പോയിവരുന്നത്. ഒരു മൂളിപ്പാട്ടുമാത്രേ കൂട്ടുണ്ടാകൂ. നാടകക്കാരനായി മാറിയാല്‍ പഠിത്തത്തെ അത് ബാധിക്കുമെന്നും വാപ്പയ്ക്കറിയാമായിരുന്നു.

 

നീയിപ്പം നാടകം കളിച്ചുണ്ടാക്കണ്ട. അതിനുള്ള പ്രായവും നിനക്കായിട്ടില്ല. മോന്‍ പഠിച്ചു നന്നായിട്ട,് പിന്നീട് വേണമെങ്കില്‍ ആയിക്കോ… വാപ്പയുടെ സ്നേഹത്തോടെയുള്ള ഉപദേശം അനുസരണയുള്ള മകനായ എനിക്ക് സ്വീകരിച്ചേ പറ്റൂ. പിന്നീട് ഞാന്‍ ക്യാമ്പിലേക്കുപോയില്ല. ഇതല്ലാതെ മറ്റൊരു സന്ദര്‍ഭത്തിലും വാപ്പ എന്നോട് നോ പറഞ്ഞിട്ടില്ല. പഠിച്ചു, കോളേജിലെത്തി, നാടകങ്ങളില്‍ അഭിനയിച്ചു, പക്വതയും പാകതയും എത്തിയ സമയത്ത് എനിക്ക് എന്നെ ഒറ്റയ്ക്കുനോക്കാന്‍ കഴിയുമെന്ന അവസ്ഥവന്നപ്പോള്‍ ഓക്കെ പറഞ്ഞു.

 

വാപ്പയെ സംബന്ധിച്ചിടത്തോളം ഞാന്‍ നന്നായിരിക്കണമെന്നുമാത്രെ ആഗ്രഹിച്ചിരുന്നുള്ളു. എന്‍റെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്. മോഹന്‍ലാലോ സുരേഷോ, ജഗദീഷോ ക്യാപ്ടന്‍രാജുവോ… ഇവരൊക്കെ വീട്ടില്‍ വരുമ്പോള്‍ വാപ്പായ്ക്ക് എന്തൊരു സ്നേഹമായിരുന്നു.

 

എന്താ… എവിടെയാണ്… എങ്ങനെയാണ്… സുഖമാണോ…. വീട്ടിലെ കാര്യങ്ങള്‍.. വേണ്ടപ്പെട്ടവരോടെന്നപ്പോലെ വിശേഷങ്ങള്‍ ചോദിച്ചറിയുകയും അവരോടൊപ്പം ചേരുകയുമാണ്. കുശലമല്ല… വല്ലാത്തൊരു മാനസികബന്ധമായിരുന്നു വാപ്പയ്ക്ക് എന്‍റെ സുഹൃത്തുക്കളോടുണ്ടായിരുന്നത്.

 

ഒരുപാട് ഒരുപാട് ഓര്‍മ്മകളുണ്ട്. പറഞ്ഞാലോ എഴുതിയാലോ തീരുന്നതല്ല അതൊന്നും. ഈകണ്ട കാലമത്രയും ഓര്‍മ്മയില്‍ ജീവിക്കുന്ന വാപ്പയെക്കുറിച്ച് അദ്ധ്യായങ്ങളോളം എഴുതിയാലും തീരാത്തതാണ്. വാപ്പയെ ഇത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. മനസ്സില്‍ ഒതുക്കിവച്ചതത്രയും ജീവനുള്ള ചിത്രങ്ങളാണ.് ചലിക്കുന്ന രൂപങ്ങളാണ്.

 

സ്നേഹമായിരുന്നു. സ്നേഹത്തോടെമാത്രെ ആരോടും ഇടപെടൂ. എല്ലാവരെയും സ്നേഹിക്കാന്‍ വാപ്പയ്ക്ക് കഴിഞ്ഞിരുന്നു. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍മാത്രെ കോപിച്ചുകണ്ടിട്ടുള്ളൂ. ക്ഷമയുടേയും സ്നേഹത്തിന്‍റേയും വരമ്പുകള്‍ ഭേദിക്കപ്പെടുന്ന സമയത്താകും ക്ഷോഭം. ആ മനസ്സു നിറയെ സ്നേഹമായിരുന്നു. അത് അനുഭവിക്കാനും ആസ്വദിക്കാനും കഴിഞ്ഞത് മക്കളായ ഞങ്ങളുടെ ഭാഗ്യമാണ്… പുണ്യമാണ്.

എ. അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO