യു എ ഇയിലെ ജലീൽ ഗ്രൂപ്പ് തലവൻ കുഞ്ഞുമുഹമ്മദ് ഹാജിയുടെ ജീവിതവിജയകഥ

ഉഷ്ണക്കാറ്റ് വീശിയടിക്കുന്ന മണലാരണ്യത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തി തലയുയര്‍ത്തി നില്‍ക്കുന്ന ഈന്തപ്പനകള്‍ പോലെയാണ് ചില മനുഷ്യര്‍...  ആവിധത്തില്‍, എടുത്തുപറയേണ്ടുന്ന വ്യക്തിത്വത്തിനുടമയാണ് 'തടാകം' എന്ന് കേള്‍വികേട്ട, എം.വി. കുഞ്ഞുമുഹമ്മദ് ഹാജി. യു.എ.ഇയിലെ കരുത്തുറ്റ വ്യാപാര ശൃംഖലയായ ജലീല്‍... Read More

ഉഷ്ണക്കാറ്റ് വീശിയടിക്കുന്ന മണലാരണ്യത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തി തലയുയര്‍ത്തി നില്‍ക്കുന്ന ഈന്തപ്പനകള്‍ പോലെയാണ് ചില മനുഷ്യര്‍…  ആവിധത്തില്‍, എടുത്തുപറയേണ്ടുന്ന വ്യക്തിത്വത്തിനുടമയാണ് ‘തടാകം’ എന്ന് കേള്‍വികേട്ട, എം.വി. കുഞ്ഞുമുഹമ്മദ് ഹാജി. യു.എ.ഇയിലെ കരുത്തുറ്റ വ്യാപാര ശൃംഖലയായ ജലീല്‍ ഗ്രൂപ്പിന്‍റെ അമരക്കാരന്‍. 1969 ല്‍ അക്കരെ പോകാന്‍ ലോഞ്ചില്‍ കയറുമ്പോള്‍ ജീവിതദുരിതങ്ങളില്‍നിന്ന് കരകയറാനുള്ള മാര്‍ഗ്ഗമെന്ത് എന്ന ചിന്ത മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സില്‍.

 

 

ലോഞ്ചില്‍ ആദ്യമൊന്നും ഭക്ഷണത്തിന് ഒട്ടും വിഷമങ്ങള്‍ ഉണ്ടായിരുന്നതേയില്ല. പോകപ്പോകെ, വെള്ളം തീര്‍ന്നു തുടങ്ങി. ചുറ്റിലും കടല്‍വെള്ളം, പക്ഷേ, തൊണ്ട ഒന്ന് നനയ്ക്കാന്‍ പോലുമാകുന്നില്ല. നിവര്‍ത്തികെട്ട് ചിലര്‍ കടല്‍ വെള്ളം മുക്കിക്കുടിച്ച് ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണു. കുടിവെള്ളത്തിന്‍റെ വില എന്തെന്നറിഞ്ഞ നാളുകളായിരുന്നു അത്. ഷേക്കിന്‍റെ വീട്ടില്‍ ജോലി കിട്ടിയതാണ് ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറിയത്. ബെന്‍സ് കാര്‍ പുറകോട്ട് എടുത്ത് കാണിച്ചുകൊടുക്കാന്‍ പറഞ്ഞു. അന്നുവരെ വില കൂടിയ കാറുകള്‍ കണ്ടിട്ടുകൂടിയില്ലാത്ത താന്‍ അള്ളാഹുവിന്‍റെ കാരുണ്യത്തിന് പ്രാര്‍ത്ഥിച്ച് റിവേഴ്സ് ഗിയറിട്ട്, വണ്ടി പുറത്തെടുത്ത് ഓടിച്ചുകാണിച്ചു. അങ്ങനെയാണ് ആ ജോലി കിട്ടിയതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. 150 ദിര്‍ഹമായിരുന്നു ശമ്പളം…

 

 

പിന്നീട് അബ്ദുറഹ്മാന്‍ എന്ന മലയാളി ഡ്രൈവറുടെ പിന്തുണയോടെ ചെറിയ തോതില്‍ പച്ചക്കറികളുടെയും പഴങ്ങളുടെയും കച്ചവടം തുടങ്ങി.  ഷേക്ക് സഖര്‍ ഈ സമയത്ത് അദ്ദേഹത്തിന് രക്ഷാദൂതനായി എത്തി. കച്ചവടം വികസിപ്പിക്കാനും, വണ്ടികള്‍ വാങ്ങാനുമായി ഷേക്ക് സഖര്‍ സാമ്പത്തികമായി സഹായിച്ചു. ഷേക്ക് സഖര്‍ എന്ന വലിയ മനുഷ്യന്‍റെ വിശാലമനസ്സും ഉപദേശങ്ങളുമാണ് ഗള്‍ഫ് ജീവിതത്തില്‍ തനിക്ക് ഏറെ വഴികാട്ടിയായതെന്ന് കുഞ്ഞുമുഹമ്മദ് ഹാജി. 1975 ല്‍ ജലീല്‍ ട്രേഡേഴ്സ് തുടങ്ങി. അനുജന്‍ അബ്ദുള്‍ ജലീലിന്‍റെ പേരാണ് ഷോപ്പിന് നല്‍കിയത്. അനുജന്‍ ജലീല്‍ പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് ഇപ്പോള്‍. ദുബായിയുടെ വളര്‍ച്ചയോടൊപ്പം തന്‍റെ കണ്‍മുന്നിലൂടെ ജലീല്‍ ട്രേഡേഴ്സും ഒപ്പം വളര്‍ന്നു. ഭക്ഷ്യോത്പ്പന്നങ്ങള്‍, കോസ്മെറ്റിക്സ്, ഗൃഹോപകരണങ്ങള്‍ തുടങ്ങി അയ്യായിരത്തിലധികം ഉല്‍പ്പന്നങ്ങളും പാക്കേജുകളിലും ഇന്ന് ജലീല്‍ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നുണ്ട്. മികച്ച വ്യവസായിക മുന്നേറ്റത്തിനുള്ള ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദുബായിലെ ഏറെ പ്രധാനപ്പെട്ട ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ്, ദുബായി ഡെപ്യൂട്ടി റൂളര്‍ ഷേക് മഖ്ദൂം ബിന്‍- മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്ദൂമില്‍നിന്ന് ജലീല്‍ ഗ്രൂപ്പിനുവേണ്ടി ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് അഭിമാനനിമിഷമായി കുഞ്ഞുമുഹമ്മദ് ഹാജി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു.

 

 

ദുബായിക്കു പോകുന്നതിനുമുമ്പ് കോയമ്പത്തൂരില്‍ തടാകം ബസ്സ്റ്റോപ്പിനടുത്ത് ചെറിയ കച്ചവടമുണ്ടായിരുന്നു. അന്ന് തടാകം കുഞ്ഞുമുഹമ്മദ് എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്.  സാമൂഹ്യസേവനരംഗത്തും സജീവസാന്നിദ്ധ്യമായി നിലകൊള്ളുന്നു കുഞ്ഞുമുഹമ്മദ് ഹാജി.  ‘തടാകം ഫൗണ്ടേഷന്‍’ എന്ന പേരില്‍ നടത്തുന്ന ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ഇതിനോടകം എത്രയോ അശരണര്‍ക്ക് കൈത്താങ്ങായി മാറിയിട്ടുണ്ട്. ദൈവം തങ്ങള്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങള്‍ വേദന അനുഭവിക്കുന്നവര്‍ക്ക് കൂടി പങ്ക് വെയ്ക്കേണ്ടതാണെന്ന് കരുതുന്ന കുഞ്ഞുമുഹമ്മദ് ഹാജിയുടെയും ഭാര്യയുടെയും ജീവിതം അതുകൊണ്ടുതന്നെ വേറിട്ടൊരു യാത്ര കൂടിയാണ്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO