സ്നേഹത്തിന്‍റെ ചില്ലയില്‍ വിടരുന്ന സുവര്‍ണ്ണ പുഷ്പങ്ങള്‍

ഉഷ്ണക്കാറ്റ് വീശിയടിക്കുന്ന മണലാരണ്യത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തി തലയുയര്‍ത്തി നില്‍ക്കുന്ന ഈന്തപ്പനകള്‍ പോലെയാണ് ചില മനുഷ്യര്‍... എന്തെല്ലാം പ്രതിസന്ധികള്‍ വന്നാലും, വെല്ലുവിളികള്‍ ഉയര്‍ന്നാലും, പതറാതെ സധൈര്യം നേരിടുന്നവര്‍... വിജയത്തിന്‍റെ ചവിട്ടുപടികള്‍ ചെറുചിരിയോടെ കയറിപ്പോകുന്നവര്‍.... ആവിധത്തില്‍, എടുത്തുപറയേണ്ടുന്ന... Read More

ഉഷ്ണക്കാറ്റ് വീശിയടിക്കുന്ന മണലാരണ്യത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തി തലയുയര്‍ത്തി നില്‍ക്കുന്ന ഈന്തപ്പനകള്‍ പോലെയാണ് ചില മനുഷ്യര്‍… എന്തെല്ലാം പ്രതിസന്ധികള്‍ വന്നാലും, വെല്ലുവിളികള്‍ ഉയര്‍ന്നാലും, പതറാതെ സധൈര്യം നേരിടുന്നവര്‍… വിജയത്തിന്‍റെ ചവിട്ടുപടികള്‍ ചെറുചിരിയോടെ കയറിപ്പോകുന്നവര്‍…. ആവിധത്തില്‍, എടുത്തുപറയേണ്ടുന്ന വ്യക്തിത്വത്തിനുടമയാണ് ‘തടാകം’ എന്ന് കേള്‍വികേട്ട, എം.വി. കുഞ്ഞുമുഹമ്മദ് ഹാജി. യു.എ.ഇയിലെ കരുത്തുറ്റ വ്യാപാര ശൃംഖലയായ ജലീല്‍ ഗ്രൂപ്പിന്‍റെ അമരക്കാരനായ അദ്ദേഹവും ഭാര്യ സുലൈഖയും, അധികമാര്‍ക്കുമറിയാത്ത തങ്ങളുടെ ജീവിതം ‘മഹിളാരത്ന’വുമായി പങ്കുവയ്ക്കുന്നു… ‘ഈ കാണുന്ന ജീവിതമല്ല, കണ്ണീരിന്‍റെ, വിയര്‍പ്പിന്‍റെ ഒട്ടേറെ പാതകള്‍ താണ്ടിയാണ് ഇന്നിവിടം വരെ എത്താന്‍ കഴിഞ്ഞത്. കാല്‍ പതറിപ്പോകുന്നിടത്തെല്ലാം കൈത്താങ്ങായി എന്‍റെ ഭാര്യ സുലൈഖ ഒപ്പമുണ്ടായിരുന്നു… ഒരേ മനസ്സോടെ, ഒപ്പം തുഴഞ്ഞുനേടിയതാണ് ഞങ്ങളുടെ ഈ ജീവിതം… അവര്‍ മനസ്സ് തുറന്നു.

 

അലകടലില്‍ പായ് ലോഞ്ചില്‍ അലഞ്ഞ്

 

കോഴിക്കോട്ടെ ഖലീഫാ മസ്ജിദിന് പിന്നിലെ പണ്ടകശാലയും, അതിന് പിന്നിലൂടെയുള്ള ഇടവഴിയും, വഴി ചെന്നെത്തി നില്‍ക്കുന്ന കൊച്ചുജെട്ടിയും, അവിടെ ഇളകിയാടിക്കൊണ്ടിരിക്കുന്ന കൊച്ചുവള്ളവുമെല്ലാം എന്‍റെ മനസ്സില്‍ ഇപ്പോഴുമുണ്ട്… അറബിക്കടലില്‍ നങ്കൂരമിട്ട് കിടക്കുന്ന ‘ഖ്വാജാമൊയ്തീന്‍’ എന്ന ലോഞ്ച് ലക്ഷ്യമിട്ട് ആ വള്ളം നീങ്ങുമ്പോള്‍ ജീവിതദുരിതങ്ങളില്‍നിന്ന് കരകയറാനുള്ള മാര്‍ഗ്ഗമെന്ത് എന്ന ചിന്ത മാത്രമായിരുന്നു എന്‍റെയുള്ളില്‍ നിറഞ്ഞ് നിന്നിരുന്നത്. കച്ചുവഴി അറബിനാടുകളിലേക്ക് പോകുന്ന ആ ലോഞ്ചില്‍ നിറയെ സുഗന്ധവ്യഞ്ജനസാമഗ്രികളായിരുന്നു. ചാക്കുകെട്ടുകള്‍ക്കിടയിലെ, ഇത്തിരിയിടങ്ങളില്‍ എന്നെപ്പോലെയുള്ള ഭാഗ്യാന്വേഷികള്‍ ചുരുണ്ടുകൂടി ഇരുന്നു. 1969 ലായിരുന്നു ഇത്. അന്നത്തെക്കാലത്തെ വലിയ തുകയായ 600 രൂപ നല്‍കിയാണ് ലോഞ്ചിലൊരു ഇടം കണ്ടെത്തിയത്. പ്രക്ഷുബ്ധമായ കടലിലൂടെ ജീവന്‍ കയ്യില്‍ പിടിച്ചൊരു യാത്ര.. മറുകര താണ്ടുമെന്ന് ഒരു ഉറപ്പുമില്ലാത്ത യാത്ര. പക്ഷേ, പാസ്പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ ഒന്നുമില്ലാത്ത ആ യുവാവിന് ആ കടല്‍യാത്ര അതിജീവനയാത്ര തന്നെയായിരുന്നു.

 

 

ഒരുതുള്ളി വെള്ളത്തിന്‍റെ വില

 

ലോഞ്ചില്‍ ആദ്യമൊന്നും ഭക്ഷണത്തിന് ഒട്ടും വിഷമങ്ങള്‍ ഉണ്ടായിരുന്നതേയില്ല. അരിയും ഉഴുന്നും വേവിച്ചതാണ് ഭക്ഷണം. വിവിധയിനം മത്സ്യങ്ങള്‍ ഇഷ്ടം പോലെ. ഒരുപാട് കൊളുത്തുകളുള്ള ചൂണ്ടയില്‍, മാവ് കുഴച്ച് കടലിലേക്കിടും. മാല പോലെ കൊരുത്ത് മീനുകള്‍ പിടഞ്ഞുവീഴും.. പോകപ്പോകെ, വെള്ളം തീര്‍ന്നു തുടങ്ങി. ചുറ്റിലും കടല്‍വെള്ളം, പക്ഷേ, തൊണ്ട ഒന്ന് നനയ്ക്കാന്‍ പോലുമാകുന്നില്ല. നിവൃത്തികെട്ട് ചിലര്‍ കടല്‍ വെള്ളം മുക്കിക്കുടിച്ച് ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണു. കുടിവെള്ളത്തിന്‍റെ വില എന്തെന്നറിഞ്ഞ നാളുകളായിരുന്നു അത്.

 

സുഗന്ധം വിതറുന്ന നാരകത്തോട്ടങ്ങള്‍

 

നാല്‍പ്പത് നാള്‍ കഴിഞ്ഞപ്പോഴാണ് ദൂരെ തീരം കണ്ടുതുടങ്ങിയത്. ഒമാന്‍ തീരമായിരുന്നു അത്- കരയ്ക്ക് അടുക്കില്ല, നീന്തി കര പറ്റണം. അടുത്ത വെല്ലുവിളിയായി…. ഒരുവിധത്തില്‍ നീന്തി കരപറ്റി… കരയിലെ ഇളം ചൂടുള്ള പൂഴിമണലില്‍ തളര്‍ന്നുവീണ് മയങ്ങിപ്പോയി.. കുറേക്കഴിഞ്ഞ് ഞങ്ങള്‍ എങ്ങോട്ടെന്നില്ലാതെ നടക്കാന്‍ തുടങ്ങി. അതിര്‍ത്തിയില്‍ നിന്ന് ലക്ഷ്യമിട്ടുള്ള യാത്രയായിരുന്നു. ചക്കരമത്തന്‍(വത്തക്ക) കയറ്റുന്ന ലോറികളിലും മറ്റും മാറിമാറി കയറി വീണ്ടും ഒട്ടേറെ ദുരിതയാത്രകള്‍- എന്തൊക്കെയോ കൊച്ചുകൊച്ചു ജോലികള്‍… നന്നായി ഒന്ന് ഉറങ്ങാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനോ കഴിയാതെ കഷ്ടപ്പെട്ട നാളുകളും ഏറെയായിരുന്നു…

 

മണലാരണ്യത്തിലെ ആ ഡ്രൈവര്‍

 

വീട്ടുജോലിക്കാരനായി ഷേക്കിന്‍റെ വീട്ടില്‍ ജോലി കിട്ടിയതാണ് ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറിയത്. വടക്കേക്കാട്ടുള്ള സുഹൃത്ത് അബ്ദുല്‍ഖാദറാണ് ഷേക്കിന്‍റെ വീട്ടില്‍ ഡ്രൈവര്‍ ജോലി ശരിയാക്കി തന്നത്. ബെന്‍സ് കാര്‍ പുറകോട്ട് എടുത്ത് കാണിച്ചുകൊടുക്കാന്‍ പറഞ്ഞു. അന്നുവരെ വില കൂടിയ കാറുകള്‍ കണ്ടിട്ടുകൂടിയില്ലാത്ത ഞാന്‍ അള്ളാഹുവിന്‍റെ കാരുണ്യത്തിന് പ്രാര്‍ത്ഥിച്ച് റിവേഴ്സ് ഗിയറിട്ട്, വണ്ടി പുറത്തെടുത്ത് ഓടിച്ചുകാണിച്ചു. അങ്ങനെ ആ ജോലി കിട്ടി. 150 ദിര്‍ഹമായിരുന്നു ശമ്പളം…

 

പാസ്പോര്‍ട്ട് കയ്യിലില്ലാത്ത അവസ്ഥ അപകടകരവും ദുഷ്ക്കരവുമായിരുന്നു. പക്ഷേ പാസ്പോര്‍ട്ട് കിട്ടാന്‍ പരിമിതികള്‍ ഏറെയായിരുന്നു. മസ്ക്കറ്റിലെ എംബസി വഴി ബന്ധപ്പെട്ടുവെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് വീണ്ടും ലോഞ്ചില്‍ കയറി നാട്ടിലേക്ക് പോന്നത്. ഇത്തവണ യന്ത്രം ഘടിപ്പിച്ച ലോഞ്ചായിരുന്നതിനാല്‍ വേഗം നാട്ടിലെത്തി. കാസര്‍ഗോഡ് കടല്‍ത്തീരത്താണ് ലോഞ്ച് അടുത്തത്. അവിടെ നിന്ന് ട്രെയിന്‍മാര്‍ഗ്ഗം തൃശൂരിലെത്തി. പിന്നീട് നേരെ കോയമ്പത്തൂരില്‍ പോയി. കൈവശം വിസയും മറ്റ് ശരിയായ രേഖയുമുണ്ടായിരുന്നതിനാല്‍ അന്ന് വൈകിട്ട് തന്നെ പാസ്പോര്‍ട്ട് കയ്യില്‍ കിട്ടി. അത് മറ്റൊരാശ്വാസമായി. ഇനി ആരെയും പേടിക്കാതെ അറബിനാട്ടിലേക്ക് പോകാമല്ലോ. സത്യത്തില്‍ രണ്ടാമത്തെ എന്‍റെ ഗള്‍ഫ് യാത്രയ്ക്ക് ശേഷമാണ് ജീവിതം പച്ചപിടിക്കാന്‍ തുടങ്ങിയത്. അബ്ദുറഹ്മാന്‍ എന്ന മലയാളി ഡ്രൈവറുടെ പിന്തുണയോടെ ചെറിയ തോതില്‍ പച്ചക്കറികളുടെയും പഴങ്ങളുടെയും കച്ചവടം തുടങ്ങി. കൂടുതല്‍ പണം മുടക്കിയാല്‍ വലിയ ലാഭം കിട്ടുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, കയ്യില്‍ കാശൊന്നുമില്ലല്ലോ.

 

ഷേക്ക് സഖര്‍ ഈ സമയത്ത് രക്ഷാദൂതനായി എത്തി. എന്‍റെ കഠിനാദ്ധ്വാനമനസ്സിനെ അദ്ദേഹം വളരെ പ്രോത്സാഹിപ്പിച്ചു. കച്ചവടം വികസിപ്പിക്കാനും, വണ്ടികള്‍ വാങ്ങാനുമായി ഷേക്ക് സഖര്‍ സാമ്പത്തികമായി സഹായിച്ചു. ഷേക്കിന്‍റെ അനുമതിയോടെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും കച്ചവടത്തില്‍ മുഴുകി. ഷേക്ക് സഖര്‍ എന്ന വലിയ മനുഷ്യന്‍റെ വിശാലമനസ്സും ഉപദേശങ്ങളുമാണ് ഗള്‍ഫ് ജീവിതത്തില്‍ എനിക്ക് ഏറെ വഴികാട്ടിയായത്..

 

1975 ല്‍ ദേരമുര്‍ഷിദ് ബസാര്‍ അല്‍ഹരേജ് ബില്‍ഡിംഗില്‍ ജലീല്‍ ട്രേഡേഴ്സ് തുടങ്ങി. റാസല്‍ ഖൈമയില്‍ നിന്ന് ശേഖരിക്കുന്ന പഴങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചിരുന്ന മുറികള്‍ പുതുക്കി ഷോപ്പാക്കി മാറ്റുകയായിരുന്നു. ഞാന്‍ ഗള്‍ഫിലായിരിക്കുമ്പോള്‍ നാട്ടില്‍ ജനിച്ച അനുജന്‍ അബ്ദുള്‍ ജലീലിന്‍റെ പേരാണ് ഷോപ്പിന് നല്‍കിയത്. അനുജന്‍ പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് ഇപ്പോള്‍. ദുബായിയുടെ വളര്‍ച്ച എന്‍റെ കണ്‍മുന്നില്‍ കൂടിയായിരുന്നു. ഒപ്പം ജലീല്‍ ട്രേഡേഴ്സും വളര്‍ന്നു. ഭക്ഷ്യോത്പ്പന്നങ്ങള്‍, കോസ്മെറ്റിക്സ്, ഗൃഹോപകരണങ്ങള്‍ തുടങ്ങി അയ്യായിരത്തിലധികം ഉല്‍പ്പന്നങ്ങളും പാക്കേജുകളും ഇന്ന് ജലീല്‍ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നുണ്ട്. മികച്ച വ്യാവസായിക മുന്നേറ്റത്തിനുള്ള ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. ഇപ്പോള്‍ ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്തുന്നതെല്ലാം മക്കളാണ്. ചെയര്‍മാനായി ഞാനുമുണ്ട്. ആദ്യം 47 ജീവനക്കാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ രണ്ടായിരത്തോളം പേരാണുള്ളത്. അതിലെനിക്ക് വലിയ അഭിമാനമാണുള്ളത്.

 

കരുത്തായി, ഒപ്പം സുലൈഖയും

 

ഇത് പറഞ്ഞാല്‍ തീരാത്ത എന്‍റെ ജീവിതത്തിന്‍റെ ചെറിയ ചിത്രം. മറ്റൊരു പ്രധാനകാര്യമുണ്ട്. അത് എന്‍റെ കുടുംബത്തെക്കുറിച്ചാണ്, എന്നെ ഞാനാക്കിയതിന് പിന്നിലെ ശക്തിയായ എന്‍റെ ഭാര്യ സുലൈഖയെക്കുറി ച്ചാണ്. കാരണം അവരില്ലായിരുന്നുവെങ്കില്‍, ഇന്നീ ഞാനില്ല. എന്‍റെയീ സ്ഥാപനമില്ല, എന്‍റെ മക്കളെ നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്തി വലുതാക്കാനാകുമായി രുന്നില്ല… ഞാനൊരു എടുത്തുചാട്ടക്കാരനാണ്, അതെല്ലാം സൗമ്യമായി പറഞ്ഞ് സമാധാനിപ്പിച്ച് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയത് സുലൈഖ യായിരുന്നു… ഞാന്‍ ബിസിനസ്സ് കാര്യങ്ങളുമായി തീ പിടിച്ച് ഓടി നടക്കുമ്പോള്‍, കുടുംബകാര്യങ്ങള്‍ എല്ലാം വേണ്ടവിധത്തില്‍ നോക്കി… എല്ലാവര്‍ക്കും നിറയെ ഭക്ഷണം വെച്ച് വിളമ്പി… ഏവര്‍ക്കും കൈത്താങ്ങും സഹായവുമായി… ഇതെല്ലാം തുറന്ന് പറയുന്നതില്‍ എനിക്ക് ഒട്ടും മടിയില്ല, പകരം വലിയ അഭിമാനമാണു ള്ളത്…

 

 

‘നാല്‍പ്പത്തിയേഴ് വര്‍ഷമായി ഒരുമിച്ചുള്ള യാത്രയാണ്, അതില്‍ നാല്‍പ്പത്തിയഞ്ച് വര്‍ഷവും ഗള്‍ഫില്‍ തന്നെയായിരുന്നു… ഇന്നേവരെ ചെറുതായി ഒന്ന് പിണങ്ങേണ്ടുന്ന അവസരംപോലുമുണ്ടായിട്ടില്ല. അദ്ദേഹത്തിന് ഒട്ടും നേരമുണ്ടായിരുന്നില്ല. ആരോഗ്യം പോലും നോക്കാതെയുള്ള ഓട്ടമായിരുന്നു. ഇന്നീ കാണുന്ന സൗഭാഗ്യങ്ങള്‍ക്കെല്ലാം പിറകില്‍ ആ കഠിനാദ്ധ്വാനമൊന്നാണുള്ളത്. ഒരുപാട് കഷ്ടപാടു കളിലൂടെയാണ് ഇവിടംവരെയെത്തിയത്. അതുകൊ ണ്ടുതന്നെ മറ്റുള്ളവരുടെ വേദനയും വിഷമതകളുമൊ ക്കെ അദ്ദേഹത്തിന് നന്നായി അറിയാം. അതുതന്നെയാ ണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നതെന്നും ഞാന്‍ കരുതുന്നു…’

 

സുലൈഖഉമ്മ ‘മഹിളാരത്ന’ത്തോട് മനസ്സ് തുറന്നു:- ഞങ്ങള്‍ക്ക് മൂന്ന് ആണ്‍മക്കളാണ്. സമീറും, സാക്കിറും അബ്ദുള്‍ഗഫൂറും. സമീര്‍ ഊട്ടിയിലും, യു.എസ്.എയിലുമാണ് പഠിച്ചത്. സാക്കിര്‍ ഡോക്ടറാണ്. കാന്‍സര്‍ സര്‍ജനായ സാക്കിര്‍ പഠിച്ചത് ദുബായിലും ബാംഗ്ലൂരിലും യു.കെയിലുമൊക്കെയാണ.് ഗഫൂര്‍ പഠിച്ചതും ഊട്ടിയിലും ദുബായിലും യു.കെ.യിലുമാണ്. ഞാനിങ്ങനെ വിശദീകരിച്ച് പറഞ്ഞത് എന്തുകൊ ണ്ടാണെന്ന് അറിയാമോ, നല്ല വിദ്യാഭ്യാസം തനിക്ക് കിട്ടാത്തതിനെക്കുറിച്ച് നേരിടേണ്ടിവന്ന വിഷമതകളെ കുറിച്ച് അദ്ദേഹം പലപ്പോഴും പറഞ്ഞ് സങ്കടപ്പെടുന്നത് ഞാന്‍ പലതവണ കേട്ടിട്ടുണ്ട്.

 

അതുകൊണ്ടുതന്നെ മക്കള്‍ക്ക് നല്ല നിലയില്‍ വിദ്യാഭ്യാസം നല്‍കണമെന്ന ത് അദ്ദേഹത്തിന് വാശിതന്നെയായിരുന്നു. പക്ഷേ, ഒന്നിനും നേരമുണ്ടായിരുന്നില്ല. സമയത്തിന് ഭക്ഷണം പോലും കഴിക്കാതെയുള്ള ഓട്ടമല്ലേ- അങ്ങനെ അതെല്ലാം എനിക്ക് നോക്കി നടത്തേണ്ടതായി വന്നു. കൂടെ എല്ലാക്കാര്യവും നോക്കാന്‍, മാനേജര്‍മാരുണ്ടായി രുന്നു. അതുകൊണ്ട് ഒരു വിഷമവും ഉണ്ടായില്ല. ഉപ്പയുടെ കഷ്ടപ്പാടുകളും, അദ്ധ്വാനവും കണ്ടുതന്നെ യാണ് മക്കളും വളര്‍ന്നത്. ഇന്നിപ്പോള്‍ അദ്ദേഹം തുടങ്ങിവെച്ച സ്ഥാപനങ്ങള്‍ എല്ലാം ഭംഗിയോടെ അവര്‍ മുന്നോട്ട് കൊണ്ടു പോകുന്നു… എല്ലാം അല്ലാഹുവിന്‍റെ അനുഗ്രഹം…ഒരു നിമിഷം സുലൈഖ ഉമ്മ പ്രാര്‍ത്ഥനാഭരി തയായി.

 

‘തടാകം’ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിക്കുന്നത്. വളരെ അഭിമാനത്തോടെയാണ് ആ പേര്‍ അദ്ദേഹം സ്വീകരിക്കുന്നതും. ലോഞ്ചില്‍കയറി ഗള്‍ഫിലേക്ക് പോകുന്നതിനുമുമ്പ് കോയമ്പത്തൂരില്‍ തടാകം ബസ്സ്റ്റോപ്പിനടുത്ത് ചെറിയ കച്ചവടമുണ്ടാ യിരുന്നു. അന്ന് തടാകം കുഞ്ഞുമുഹമ്മദ് എന്നായിരു ന്നു എല്ലാവരും വിളിച്ചിരുന്നത്. പിന്നീടത് തടാകം എന്നുമാത്രമായി… ഇത്രയൊക്കെയായിട്ടും, ഗള്‍ഫിലും നാട്ടിലുമൊക്കെ ബിസിനസ് ആയിട്ടുമെല്ലാം ‘തടാകം’ എന്ന് വിളിക്കുന്നത് തന്നെയാണ് അദ്ദേഹത്തിനിഷ്ടം. ചെറിയ ചിരിയോടെ ആ ഉമ്മ കൂട്ടിച്ചേര്‍ത്തു… അതിനെന്തായിത്ര സംശയം എന്ന് വലിയൊരു പൊട്ടിച്ചിരിയോടെ അദ്ദേഹവും ഒപ്പം ചേര്‍ന്നു.

 

പിതാവിന്‍റെ വഴിയേ, ആധുനിക വഴിയില്‍

 

2001 മുതല്‍ മൂത്തമകന്‍ സമീറിനെ എല്ലാ ബിസിനസും ഏല്‍പ്പിച്ച്, മേല്‍നോട്ടം മാത്രമാണ് കുഞ്ഞുമുഹമ്മദ് ഹാജി നടത്തുന്നത്. ഒപ്പം മറ്റ് മക്കളുമുണ്ട്. ടെക്സാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിസിനസ്സ് മാനേജ്മെന്‍റില്‍ ഉന്നതബിരുദം നേടിയ സമീര്‍ ചുമതല ഏറ്റെടുത്തതോടെയാണ് ജലീല്‍ ഗ്രൂപ്പിന്‍റെ കെട്ടും മട്ടും മാറി ആധുനികവത്കൃത പാതയിലൂടെ മുന്നോട്ട് കുതിക്കുന്നത്. ദുബായിലെ ഏറെ പ്രധാനപ്പെട്ട ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ്, ദുബായി ഡെപ്യൂട്ടി റൂളര്‍ ഷേക് മഖ്ദൂം ബിന്‍- മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്ദൂമില്‍ നിന്ന് ജലീല്‍ ഗ്രൂപ്പിനുവേണ്ടി ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് അഭിമാനനിമിഷമായി കുഞ്ഞുമുഹമ്മദ് ഹാജി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. ഗുരുവായൂരിനടുത്ത് വടക്കേക്കാടിലെ വീട്ടില്‍ ഇടയ്ക്ക് മക്കളും മരുമക്കളും പേരക്കുട്ടികളു മെത്തും. ആ ആഹ്ലാദനിമിഷങ്ങള്‍ എത്രത്തോളമാ സ്വാദ്യകരമെന്ന് ആ ദമ്പതികള്‍ക്ക് പറഞ്ഞറിയിക്കാ നാവുന്നതല്ല.

 

സമാശ്വാസമേകാന്‍ തടാകം ഫൗണ്ടേഷന്‍

 

കഠിനാദ്ധ്വാനത്തോടൊപ്പം , ദൈവാനുഗ്രഹവു മാണ് തന്‍റെ നേട്ടങ്ങള്‍ക്കെല്ലാം പിന്നിലെന്ന് ഉറച്ച് വിശ്വസിക്കുന്ന കുഞ്ഞുമുഹമ്മദ് ഹാജി അതുകൊ ണ്ടുതന്നെ സാമൂഹ്യസേവനരംഗത്തും സജീവസാ ന്നിദ്ധ്യമായി നിലകൊള്ളുന്നു. തന്‍റെ പ്രവര്‍ത്തനങ്ങ ള്‍ ആരെയും അറിയിക്കാതെ, വളരെ നിശ്ശബ്ദമായി, ഒരു ദൗത്യമെന്നോണം അദ്ദേഹം തുടര്‍ന്നുകൊണ്ടേ യിരിക്കുന്നു. ‘തടാകം ഫൗണ്ടേഷന്‍’ എന്ന പേരില്‍ നടത്തുന്ന ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ഇതിനോടകം എത്രയോ അശരണര്‍ക്ക് കൈത്താങ്ങായി മാറിയിട്ടുണ്ട്.

 

പുതിയ കാലത്തിന് ഗള്‍ഫിലെ വന്‍കിട സംരംഭമായ ജലീല്‍ ഗ്രൂപ്പിനെക്കുറിച്ച് മാത്രമേ അറിയൂ. അത്യുന്നതങ്ങളിലേക്ക് ചവിട്ടിക്കയറാന്‍, കഠിനാദ്ധ്വാനിയായ ഈ മനുഷ്യന്‍ വഹിച്ച ത്യാഗത്തെപ്പറ്റിയും വേദനകളെക്കുറിച്ചും അധികമാര്‍ക്കും അറിയില്ല. അദ്ദേഹത്തിന്‍റെയും, ജീവിതയാത്രയില്‍ പങ്കാളിയായ സഹധര്‍മ്മിണിയുടെയും ജീവിതാനുഭവങ്ങള്‍ക്ക് അതുകൊണ്ടുതന്നെ കാലികപ്രസക്തിയും ഏറെയാണ്. ദൈവം തങ്ങള്‍ക്ക് നല്‍കുന്ന അനുഗ്രഹാതിരേകങ്ങള്‍ വേദന അനുഭവിക്കുന്നവര്‍ക്ക് കൂടി പങ്ക് വെയ്ക്കേണ്ടതാണെന്ന് കരുതുന്ന ഈ ദമ്പതിമാരുടെ ജീവിതം അതുകൊണ്ടുതന്നെ വേറിട്ടൊരു യാത്ര കൂടിയാണ്.

 

 

ഓണക്കുലയും ഓണപ്പുടവയും

 

ഓണമടക്കമുള്ള ആഘോഷങ്ങളെല്ലാം എല്ലാവരുമൊത്തുചേര്‍ന്ന് ആഘോഷിക്കണമെന്ന മനസ്സാണ് ഞങ്ങള്‍ക്കെല്ലാമുള്ളത്… ജീവിതത്തിന്‍റെ കയറ്റിറക്കങ്ങള്‍ എല്ലാം അനുഭവിച്ച് വളര്‍ന്ന ആളാണ് ഞാന്‍. ഈ ജീവിതത്തിന്‍റെ ഓട്ടത്തിനിടയില്‍ വീണുകിട്ടുന്ന ഓരോ നിമിഷവും ഒപ്പമുള്ളവര്‍ക്കൊപ്പം ആഹ്ലാദകരമായി ചെലവഴിക്കണമെന്നാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം. കുട്ടിക്കാലത്ത് എന്‍റെ നാട്ടില്‍ ഞാന്‍ എങ്ങനെ ആയിരുന്നോ, അങ്ങനെ തന്നെയാണ് ഇപ്പോഴും. അത് എന്‍റെ നാട്ടുകാര്‍ക്കറിയാം… ഓണമാകട്ടെ, പെരുന്നാളാകട്ടെ, ക്രിസ്തുമസാകട്ടെ, അതെല്ലാംഒത്തുചേരാനും സ്നേഹം പങ്കുവെയ്ക്കാനുമുള്ളതാണെന്നാണ് എന്‍റെ ഉറച്ചവിശ്വാസം. ഇതാ ഓണക്കാലമിങ്ങ് എത്താറായി… ആ നാളിനുവേണ്ടി കാത്തിരിക്കുകയാണ് ഞങ്ങളും. അന്ന് അയല്‍പക്കത്തുള്ളവര്‍ എല്ലാം സ്നേഹസമ്മാനങ്ങളുമായി എത്തും, അവര്‍ ഓണക്കുലകള്‍ തരും, കായ് വറുത്തത് തരും, പപ്പടം തരും… ഞാന്‍ അവര്‍ക്ക് ഓണപ്പുടവ കൊടുക്കും… അതൊക്കെ ഒരു വലിയ സന്തോഷമാണ്. വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാനാകാത്ത വികാരമാണ്. ഈ കൊച്ചുജീവിതത്തില്‍ നമുക്ക് പങ്കുവെയ്ക്കാന്‍ ഇതൊക്കെയാണല്ലോ ഉള്ളത്… കുഞ്ഞുമുഹമ്മദ് ഹാജിയുടെ സ്നേഹനിര്‍ഭരവാക്കുകള്‍.

 

പ്രദീപ് ഉഷസ്സ്

 

Show Less

No comments Yet

SLIDESHOW

LATEST VIDEO