പ്രണയം തളിര്‍ത്തു… മൊട്ടിട്ടു… പൂവിട്ടു… – ഹരീഷ് കണാരന്‍

ഫെബ്രുവരി 14-ാം തീയതി വാലന്‍റയിന്‍സ്ഡേ ആണെന്ന് ഓര്‍മ്മിപ്പിച്ച നടന്‍ ഹരീഷ്കണാരന്‍ തന്‍റെ പ്രണയത്തിന്‍റെ കാലയളവ് പത്തുവര്‍ഷമായിരുന്നുവെന്ന് പറഞ്ഞുതുടങ്ങി. ആണോ? അതിശയമാണ് തോന്നിയത്. ഹരീഷിനെ പ്രശസ്തനാക്കിയ കണാരന്‍റെ ബഡായിപോലെയാണോയെന്ന് ആദ്യമൊന്ന് സംശയിച്ചുവെങ്കിലും ആ പ്രണയകാലം ഒന്ന്... Read More

ഫെബ്രുവരി 14-ാം തീയതി വാലന്‍റയിന്‍സ്ഡേ ആണെന്ന് ഓര്‍മ്മിപ്പിച്ച നടന്‍ ഹരീഷ്കണാരന്‍ തന്‍റെ പ്രണയത്തിന്‍റെ കാലയളവ് പത്തുവര്‍ഷമായിരുന്നുവെന്ന് പറഞ്ഞുതുടങ്ങി. ആണോ? അതിശയമാണ് തോന്നിയത്. ഹരീഷിനെ പ്രശസ്തനാക്കിയ കണാരന്‍റെ ബഡായിപോലെയാണോയെന്ന് ആദ്യമൊന്ന് സംശയിച്ചുവെങ്കിലും ആ പ്രണയകാലം ഒന്ന് ഓര്‍ത്തെടുക്കാമോയെന്ന് ഹരീഷിനോട് ചോദിച്ചു.

 

’97-98 കാലത്തായിരുന്നു ഞാന്‍ സന്ധ്യയെ കണ്ടുമുട്ടിയത്. ദൈവമായി ഞങ്ങളെ ജീവിതത്തിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ ചില നിമിത്തങ്ങളുണ്ടായിരുന്നു. അതായത് പത്താംക്ലാസില്‍ പഠിപ്പ് തുടങ്ങിയതോടെ ഞാന്‍ മിമിക്രിയും, പെയിന്‍റിംഗ് പണിയും ഓട്ടോറിക്ഷ ഓടിക്കലുമൊക്കെയായി നില്‍ക്കുന്ന സമയം. സിനിമയില്‍ കയറിപ്പറ്റുക എന്നത് അന്നേയുള്ള ഒരു മോഹമായിരുന്നു. വീട്ടീന്ന് പത്തുകിലോമീറ്റര്‍ ദൂരെയുള്ള മാങ്കാവ് എന്ന സ്ഥലത്തെ അശോകാതിയേറ്ററില്‍ ഫിലിം ഓപ്പറേറ്റര്‍ പണി പഠിക്കാന്‍ ചെന്നുകൂടി. ഫിലിം ഓപ്പറേറ്ററായി നിന്നാല്‍ സിനിമകളും കാണാം;

 

 

മലയാളസിനിമയുടെ മൊത്തം ഗതി നിയന്ത്രണം ഈ ഓപ്പറേറ്ററുടെ കയ്യിലാണെന്നുള്ള ഒരു ധാരണയുമുണ്ട്. രണ്ടും നടക്കും. പിന്നെ പതിയെ പതിയെ സിനിമയിലേക്ക് കയറിക്കൂടുകയും ചെയ്യാം എന്നൊക്കെ മനസ്സില്‍ വിചാരിച്ച് തിയേറ്ററില്‍ ചെന്നപ്പോഴാണ് അറിയുന്നത്, ഫിലിം ഓപ്പറേറ്റര്‍ എന്ന നിലയില്‍ ലൈസന്‍സ് കിട്ടണമെങ്കില്‍ എസ്.എസ്.എല്‍.സി പാസ്സാകണമെന്ന്. ജീവിക്കാന്‍വേണ്ടി മനുഷ്യന്‍ കൊതിക്കുമ്പോള്‍ എന്തൊക്കെ നിയമങ്ങളാണ് മറികടക്കേണ്ടതെന്ന് ഞാന്‍ ആലോചിച്ചുപോയി. ഞാനാണെങ്കില്‍ പത്താംക്ലാസ് പാസ്സായിട്ടുമില്ല. ഒന്നുകൂടി പഠിച്ച് പത്താംക്ലാസ് പാസ്സാകുവാനുള്ള ശ്രമമായി പിന്നീട്. അതിനായി ട്യൂഷന്‍ സെന്‍ററില്‍ ചേര്‍ന്നു. ആ ട്യൂഷന്‍ സെന്‍ററില്‍ ട്യൂഷന്‍ പഠിക്കാന്‍ സന്ധ്യയും വന്നിട്ടുണ്ടായിരുന്നു. ആദ്യകാഴ്ച…. ആദ്യ നോട്ടം… ചിരി…

 

സിനിമാക്കാര്‍ പറയുന്നപോലെ മനസ്സില്‍ ഒരു ലഡുപൊട്ടി. ഈ പെണ്‍കുട്ടി എന്‍റെ ജീവിതസഖിയായി മാറാനുള്ളതാണെന്ന് ആദ്യകാഴ്ചയില്‍ ഞാനറിഞ്ഞിരുന്നില്ല. ഞങ്ങളുടെ രണ്ട് പേരുടെയും മനസ്സില്‍ പ്രണയം വന്നുചേര്‍ന്നു. അത് തളിര്‍ത്തു… മൊട്ടിട്ടു… പൂവിട്ടു…. ഇപ്പോ ദാ…, രണ്ട് കുട്ടികളും സന്ധ്യയുമായി ഞാനിവിടെ ഇരിക്കുന്നു.

 

അത് പറയുമ്പോള്‍ ഹരീഷിന്‍റെ മുഖത്ത് ഒരു ചെറുപുഞ്ചിരി. അടുത്തിരുന്നുകൊണ്ട് സന്ധ്യയും ചിരിക്കുന്നു.

 

 

‘പത്തുവര്‍ഷക്കാലത്തെ പ്രണയത്തിനുശേഷം 2008 മെയ് 18-ാം തീയതി ഞങ്ങള്‍ വിവാഹിതരായി. വധൂഗൃഹത്തില്‍ വച്ചുതന്നെയാണ് വിവാഹം നടന്നത്. ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചുതുടങ്ങിയിട്ട് ഇപ്പോള്‍ ഒരു പത്തുവര്‍ഷംകൂടി കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് കുട്ടികള്‍. ധ്യാന്‍ഹരിയും ധ്വനിയും’- ഹരീഷ് പറഞ്ഞു.

 

എങ്ങനെയാണ് പ്രണയദിനങ്ങള്‍? നിത്യേന കാണാനോ, അല്ലെങ്കില്‍ ഫോണില്‍ സംസാരിക്കാനോ ഒക്കെ കഴിയുമായിരുന്നോ?

 

ആദ്യമൊക്കെ വലിയ രഹസ്യമായിരുന്നു കാഴ്ചകള്‍. അന്ന് മൊബൈല്‍ ഫോണോ വാട്ട്സ്ആപ്പോ ഒന്നുമില്ലാത്തതുകൊണ്ട് മെസ്സേജ് അയയ്ക്കലോ ചാറ്റിംഗോ ഒന്നുമില്ലല്ലോ. ഫോണില്‍ വിളിക്കണമെങ്കില്‍തന്നെ അടുത്ത വീട്ടിലെ ലാന്‍റ് ഫോണെയുള്ളൂ. അതുകൊണ്ട് വിചാരിക്കുന്ന സമയത്ത് ഫോണ്‍ വിളിയും നടക്കില്ലായിരുന്നു. പിന്നെ പഴയകാലത്ത് പ്രണയിച്ചിട്ടുള്ളവര്‍ ചെയ്തതുമാതിരി കത്തുകൊടുക്കലായിരുന്നു പ്രധാനം. സന്ധ്യയുടെ വീട്ടിലെ അഡ്രസ്സിലേക്ക് വിവരങ്ങള്‍ക്ക് കത്തെഴുതും. വീട്ടില്‍ മറ്റുള്ളവരുടെ കൈകളില്‍ കത്തുകിട്ടിയാല്‍ പണിപാളിയെങ്കിലോ എന്ന് വിചാരിച്ച് പോസ്റ്റുമാനെ കൈക്കലാക്കിയിരുന്നു. പോസ്റ്റുമാനുമായി ടൈഅപ്പ് ആയതോടെ സന്ധ്യയെ നേരില്‍ കണ്ടാല്‍ മാത്രമേ എന്‍റെ കത്തുകൊടുക്കൂ. അങ്ങനെയാണ് വിശേഷങ്ങള്‍ കൈമാറിയതും പങ്കുവച്ചതും.

 

കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ പ്രണയവാര്‍ത്ത നാട്ടില്‍ പലരും അറിഞ്ഞു. പിന്നെ വീട്ടുകാരും. സന്ധ്യയ്ക്ക് രണ്ട് ചേച്ചിമാരും അമ്മയുമാണുണ്ടായിരുന്നത്. ചേച്ചിമാര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടി. അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും നല്ല ജോലിയാണുണ്ടായിരുന്നത്. അവര്‍ക്കാര്‍ക്കും എന്നോട് വ്യക്തിപരമായി ദേഷ്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മിമിക്രിയും ഓട്ടോഡ്രൈവറും ഒക്കെയായി നടക്കുന്ന എനിക്ക് സന്ധ്യയെ കെട്ടിച്ചുതന്നാല്‍ ജീവിതമാര്‍ഗ്ഗം ഉണ്ടാകുമോ എന്നുള്ള ഒരാശങ്ക മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. അതുപിന്നെ എല്ലാ വീട്ടുകാര്‍ക്കും ഉള്ളതുപോലെ സന്ധ്യയുടെ വീട്ടുകാര്‍ക്കും ഉണ്ടായിരുന്നു എന്നുള്ളത് ശരിയാണ്.

 

 

അവരുടെ ആ ചിന്ത ന്യായമുള്ളതായിരുന്നുതാനും. എനിക്ക് സന്ധ്യയെ അതിന്‍റെ പേരില്‍ ഉപേക്ഷിക്കാന്‍ മനസ്സില്ലായിരുന്നു. സന്ധ്യയ്ക്കും എന്നെ വേണ്ടെന്ന് വയ്ക്കാന്‍ മടിയായിരുന്നു. വിവാഹം കഴിക്കുന്നുവെങ്കില്‍ എന്നെ മാത്രമേയുള്ളൂവെന്ന നിലപാടുമായി സന്ധ്യ ഉറച്ചുനിന്നു. അങ്ങനെയാണ് ഞങ്ങള്‍ വിവാഹിതരാകുന്നത്. എന്‍റെ നാട്ടില്‍ പെരുമണ്ണയില്‍ കുറച്ച് സ്ഥലം ഉണ്ടായിരുന്നു. അവിടെ ഒരു വീടുവച്ചു. സ്വന്തമായി വീടുപണിതതിനുശേഷമാണ് വിവാഹം കഴിച്ചത്.

 

ഹരീഷിനെ പ്രണയിച്ചതിനെക്കുറിച്ചും വിവാഹം കഴിച്ചതിനെക്കുറിച്ചും സന്ധ്യ എന്ത് പറയുന്നു?

 

ഹരീഷ് ചേട്ടന്‍ പറഞ്ഞതുപോലെ എന്‍റെ വീട്ടുകാര്‍ക്കാര്‍ക്കും ഈ വിവാഹം വേണ്ടെന്നുള്ള അഭിപ്രായമോ തീരുമാനമോ ഒന്നുമുണ്ടായിരുന്നില്ല. നല്ലൊരു ജോലി ഇല്ലാത്തതിന്‍റെ ഒരു ടെന്‍ഷനുണ്ടായിരുന്നു. ഇപ്പോള്‍ പിന്നെ അതെല്ലാം മാറി. വിവാഹം കഴിക്കുമ്പോള്‍തന്നെ സ്വന്തമായി ഒരു വീടുണ്ടായിരുന്നുവല്ലോ. അതുകൊണ്ട് കുടുംബജീവിതത്തെക്കുറിച്ചുള്ള ഗൗരവവും ചുമതലാബോധവുമൊക്കെയുണ്ടെന്ന് എന്‍റെ അമ്മയ്ക്കും ചേച്ചിമാര്‍ക്കും ഒക്കെ തോന്നിയിരുന്നു.

 

സിനിമയില്‍ തിരക്കായപ്പോള്‍ വീട്ടില്‍ ഹരീഷിനെ കിട്ടുന്നില്ല എന്നൊരു തോന്നലുണ്ടോ?

 

സിനിമയില്‍ തിരക്കുമായി ഓടി നടക്കുമ്പോഴും ഇടയ്ക്കൊരു ദിവസം വീണുകിട്ടിയാല്‍ അപ്പോള്‍ തന്നെ വീട്ടിലേക്ക് ഓടിയെത്തും. വിവാഹം കഴിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ക്ക് മോന്‍ ജനിക്കുന്നത്. മോനെ കാണാനും ഇപ്പോ മോളെ കാണാനും ഒക്കെയുള്ള ഇഷ്ടവും സ്നേഹവും കൊണ്ട് വര്‍ക്ക് കഴിഞ്ഞാലുടനെ വീട്ടിലേയ്ക്കെത്താന്‍ ശ്രമിക്കും.

 

 

പിന്നെ കൂടുതല്‍ ദിവസം ലൊക്കേഷനില്‍ നില്‍ക്കേണ്ടി വന്നാല്‍ ഞങ്ങളെ സിനിമയുടെ ലൊക്കേഷനിലേയ്ക്ക് കൊണ്ടുവരുന്ന പതിവും എപ്പോഴുമുണ്ട്. സിനിമയില്‍ തിരക്കുണ്ടാകുന്നതിന് മുമ്പും വീടുമായി ബന്ധപ്പെട്ട് വീട്ടില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഹരിയേട്ടന്‍. പണ്ടാണെങ്കിലും കുറെദിവസം വീട്ടില്‍ നിന്നിട്ട് ഒരു പ്രോഗ്രാമിനായി പോകേണ്ടി വന്നാല്‍… അയ്യോ നാളെ പോകണമല്ലോ എന്ന ചിന്തയാണ്. അതില്‍ വിഷമവുമാണ്.

 

നിങ്ങള്‍ ഒരുമിച്ച് വിദേശയാത്രകളും ഒക്കെ പതിവുണ്ടോ?

 

വിദേശയാത്രകള്‍ പതിവില്ല. പിന്നെ, ‘കിംഗ്ലയര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് ദുബായില്‍ നടക്കുമ്പോള്‍ ഒരു മാസക്കാലം ഞങ്ങള്‍ അവിടെയായിരുന്നു. പിന്നെ, മൂകാംബിക, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്ഷേത്രദര്‍ശനം പതിവായിട്ടുണ്ട്. പൊതുവേ, യാത്രകള്‍ ഇഷ്ടപ്പെടാത്ത ഒരാളാണ് ഹരിയേട്ടന്‍. ജോലിയില്ലെങ്കില്‍ ഞങ്ങളോടൊപ്പം വീട്ടില്‍തന്നെയിരിക്കാനാണിഷ്ടം.

 

ഹരീഷ് നല്ലൊരു കുക്കും ഭക്ഷണപ്രിയനുമാണെന്ന് കേള്‍ക്കാറുണ്ട്. ശരിയാണോ, എന്തുപറയുന്നു സന്ധ്യ?

 

അത് ആളുടെ ശരീരം കണ്ടാലറിയില്ലേയെന്ന സന്ധ്യയുടെ ചോദ്യം ചിരിയോടെയായിരുന്നു.

 

വീട്ടിലെ ഭക്ഷണത്തിനോടാണ് പ്രിയം. ഹോട്ടല്‍ ഭക്ഷണത്തിനോട് അത്ര താല്‍പ്പര്യമില്ല. വീട്ടിലുള്ളപ്പോള്‍ ഇഷ്ടഭക്ഷണം തനിയെ കുക്കുചെയ്യുന്ന പതിവുമുണ്ട്. മീന്‍ വിഭവങ്ങളാണ് കൂടുതലിഷ്ടം. സാധാരണ മീന്‍കറിയൊക്കെത്തന്നെ ഇഷ്ടം. അല്ലാതെ പുതിയ പരീക്ഷണങ്ങളൊന്നും അങ്ങനെയില്ല.

 

സിനിമാഷൂട്ടിംഗ് കോഴിക്കോട്ടാണെങ്കില്‍ സിനിമാക്കാര്‍ പലരും ഹരീഷിന്‍റെ ഫുഡ് കഴിക്കാന്‍ വരുന്ന കാര്യം പറഞ്ഞു കേട്ടിട്ടുണ്ട്?

 

ഉം…ശരിയാണ്. ഈയടുത്ത് പലരും അങ്ങനെ വന്നിരുന്നു. വീട്ടിലേക്ക് വരാന്‍ അസൗകര്യമുണ്ടെങ്കില്‍ ഭക്ഷണം ലൊക്കേഷനിലേയ്ക്കോ ഹോട്ടലിലേയ്ക്കോ കൊണ്ടുപോകാറുണ്ട്. ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും കൊടുക്കാനും ഇഷ്ടമുള്ള ആളാണ് ഹരീഷ്ചേട്ടന്‍.

 

 

കലയുമായി ബന്ധപ്പെട്ടുതുടങ്ങിയതും സിനിമയിലേക്കുള്ള വഴികളെക്കുറിച്ചും ചോദിക്കുമ്പോള്‍ ഹരീഷ് പറഞ്ഞു.

 

ഞാന്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് മിമിക്രി കാണിച്ചുതുടങ്ങിയത്. നാദിര്‍ഷയും മറ്റും അവതരിപ്പിച്ചിട്ടുള്ള മിമിക്രി ഓഡിയോ കാസറ്റിലൂടെ കേട്ടിട്ടാണ് മിമിക്രിയില്‍ താല്‍പ്പര്യം തോന്നിത്തുടങ്ങിയത്. അക്കാലത്തുതന്നെ സ്ക്കൂളില്‍ നടന്ന ഒരു ഡ്രാമയില്‍ അഭിനയിച്ച് ഒന്നാം സ്ഥാനം വാങ്ങിയിരുന്നു. നടന്‍ ഹരീഷ്പേരാടിയാണ് ആ നാടകം അന്ന് സംവിധാനം ചെയ്തത്. പിന്നെ നാട്ടിലെ ചില ക്ലബ്ബുകളിലൊക്കെ മിമിക്രി അവതരിപ്പിക്കുമായിരുന്നു. ഞാനും എന്‍റെ സുഹൃത്തുക്കളും ചേര്‍ന്ന് കാലിക്കറ്റ് ഫ്രണ്ട്സ് എന്ന പേരില്‍ ഒരു ഗ്രൂപ്പുണ്ടാക്കി മിമിക്രി അവതരിപ്പിക്കാന്‍ പോകുമായിരുന്നു. അപ്പോള്‍ ഇത്തിരി പൈസയൊക്കെ കിട്ടിത്തുടങ്ങി.

 

അങ്ങനെതുടരുന്ന അവസരത്തിലാണ് ഒരു സുഹൃത്ത് പറഞ്ഞത്, മഴവില്‍ മനോരമയില്‍ ഒരു കോമഡിഷോ വരുന്നുണ്ട്, ഓഡിഷനില്‍ പങ്കെടുക്കാന്‍. ഞാനും നിര്‍മ്മല്‍ പാലാഴിയും ദേവരാജനുംകൂടി ഓഡിഷനില്‍ പങ്കെടുത്തു. ഞങ്ങളെ സെലക്ട് ചെയ്തു. 25 ടീം ഉണ്ടായിരുന്നതില്‍ ഞങ്ങള്‍ക്ക് മൂന്നാം സമ്മാനം കിട്ടി. പത്തുലക്ഷം രൂപ ക്യാഷ്പ്രൈസും ലഭിച്ചു.

 

ഈ കോമഡിപ്രോഗ്രാമില്‍ ഞാന്‍ അവതരിപ്പിച്ച കണാരന്‍ എന്ന ക്യാരക്ടര്‍ ഹിറ്റായിരുന്നു. അതുകണ്ടിട്ട് സിനിമയില്‍ ആദ്യമായി അവസരം ലഭിച്ചു. അക്കുഅക്ബറിന്‍റെ ‘ഉത്സാഹക്കമ്മിറ്റി’ എന്ന സിനിമയില്‍ ഞാന്‍ ചെയ്തുവന്ന കണാരനെത്തന്നെ അവതരിപ്പിച്ചു. രണ്ടാമത് ചെയ്ത സിനിമ ‘സപ്തമശ്രീ തസ്ക്കര’ ആയിരുന്നു. അതില്‍ മൂന്ന് കള്ളന്മാര്‍ തുരങ്കംപൊളിക്കുന്ന സീനില്‍ ഞാനും അഭിനയിച്ചു. അതാണ് എന്നെ കൂടുതല്‍ പ്രശസ്തനാക്കിയത്. അതുകഴിഞ്ഞ് കുഞ്ഞിരാമായണം സിനിമ ചെയ്തു. അതോടെ കൂടുതല്‍ സിനിമകള്‍ എന്നെത്തേടി വന്നു. നീന, രാജമ്മ@യാഹു, സാള്‍ട്ട് മാംഗൊട്രീ, ടൂ കണ്‍ട്രീസ്, കിംഗ് ലയര്‍… അങ്ങനെ തുടര്‍ച്ചയായി പിന്നെ സിനിമകളില്‍ അഭിനയിച്ചു.

 

ഇപ്പോള്‍ മകന്‍ സിനിമയില്‍ അഭിനയിച്ചു എന്നറിഞ്ഞു?

 

ഗിന്നസ് പക്രു നിര്‍മ്മിച്ച് രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫാമിലി ലൊക്കേഷനില്‍ വന്നിട്ടുണ്ടായിരുന്നു. മോന്‍ എല്‍.കെ.ജിയിലാണ് പഠിക്കുന്നത്. കുറച്ചു കുട്ടികള്‍ പങ്കെടുക്കുന്ന സീക്വന്‍സ് സിനിമയിലുണ്ട്. ഡയറക്ടര്‍ക്ക് മോനെ കണ്ടപ്പോള്‍ കിന്‍റര്‍ഗാര്‍ഡന്‍ സീനില്‍ അഭിനയിപ്പിക്കണമെന്ന് തോന്നി. അങ്ങനെയാണ് മോന്‍ അഭിനയിച്ചത്.

 

 

ഈ സിനിമയെ തുടര്‍ന്ന് ധ്യാന്‍ ഹരി ഇനിയും കൂടുതല്‍ സിനിമകളില്‍ അഭിനയിക്കില്ലെന്ന് ആരുകണ്ടു?

 

ഹരീഷ് ഈ ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല. ചിരിക്കുക മാത്രം ചെയ്തു. സന്ധ്യയുടെ മുഖത്തും ആ ഭാവംതന്നെയാണ് കാണാന്‍കഴിഞ്ഞത്.

 

ജി. കൃഷ്ണന്‍

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO