സൗഹൃദങ്ങളുടെ പുതിയ കാഴ്ചകളുമായി ‘കുഞ്ഞെല്‍ദോ’

ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, മാത്തുക്കുട്ടി... മൂവര്‍ സംഘം കട്ടയ്ക്ക് നില്‍ക്കുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ. നായകന്‍ ആസിഫ് അലി. തിരക്കഥ, സംവിധാനം മാത്തുക്കുട്ടി, എല്ലാത്തിന്‍റെയും മേല്‍നോട്ടക്കാരനായി വിനീത് ശ്രീനിവാസനും. ഈ സിനിമയില്‍ വിനീത് അഭിനയിക്കുന്നില്ല.... Read More

ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, മാത്തുക്കുട്ടി… മൂവര്‍ സംഘം കട്ടയ്ക്ക് നില്‍ക്കുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ. നായകന്‍ ആസിഫ് അലി. തിരക്കഥ, സംവിധാനം മാത്തുക്കുട്ടി, എല്ലാത്തിന്‍റെയും മേല്‍നോട്ടക്കാരനായി വിനീത് ശ്രീനിവാസനും. ഈ സിനിമയില്‍ വിനീത് അഭിനയിക്കുന്നില്ല. പകരം ക്രിയേറ്റീവ് ഡയറക്ടറുടെ റോളിലാണ്. മൂവര്‍സംഘത്തിനൊപ്പം തോളുരുമ്മി നില്‍ക്കുന്ന മറ്റൊരാള്‍, ജൂണ്‍ എന്ന സിനിമയിലൂടെ വിജയക്കുതിപ്പ് നടത്തിയ യുവസംവിധാകന്‍ അഹമ്മദ് കബീറാണ്. കുഞ്ഞെല്‍ദോയുടെ കോ ഡയറക്ടറാണ് അഹമ്മദ് കബീര്‍. ചെറുപ്പക്കാരുടെ അതിശക്തമായ കൂട്ടായ്മയിലാണ് കുഞ്ഞെല്‍ദോയുടെ ചിത്രീകരണം. അഭിനേതാക്കള്‍, സംവിധായകന്‍, ടെക്നീഷ്യന്‍സ് എന്നതിനപ്പുറത്ത് എല്ലാവരും എല്ലാമാണ്. സിനിമാ സൗഹൃദങ്ങളിലെ ഏറ്റവും പുതിയ കാഴ്ചയായിരിക്കും കുഞ്ഞെല്‍ദോ.

ലൈഫില്‍ മറക്കാത്തൊരു രാത്രി

റെഡ് എഫ്.എം റേഡിയോയില്‍ എട്ട് വര്‍ഷം റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ച ശേഷം മനോരമ ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് വേണ്ടി പ്രോഗ്രാമുകളൊരുക്കി ശ്രദ്ധേയനായ കലാകാരനാണ് ‘മാത്ത്’ എന്ന് വിളിപ്പേരുള്ള മാത്തുക്കുട്ടി. ധാരാളം ഹോം വര്‍ക്കുകള്‍ക്കു ശേഷമാണ് മാത്തുക്കുട്ടി സിനിമയെ സമീപിച്ചിട്ടുള്ളത്. അതിനു നിമിത്തമായത് വിനീത് ശ്രീനിവാസനാണ്. സുഹൃത്തുക്കളുടെ സിനിമാചര്‍ച്ചകളില്‍ പങ്കെടുത്തു അഭിപ്രായങ്ങള്‍ പറയുകയും ചിലരുടെ കഥകള്‍ക്ക് സംഭാഷണമെഴുതിയും ഒരുപാട് സൗഹൃദങ്ങളുള്ള മാത്തുക്കുട്ടിയെ സുഹൃത്തായ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയുടെ ഡയലോഗ് എഴുതാന്‍ വിളിക്കുന്നിടത്താണ് പുതിയ വഴിത്തിരിവുണ്ടാകുന്നത്.

 

രൂപേഷും ഞാനും ടൊവിനോയും അസിസ്റ്റന്‍റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്ന ഒരു പയ്യനും കൂടി കാക്കനാട്ട് ഒരു ഫ്ളാറ്റില്‍ മാസങ്ങളോളം താമസിച്ചാണ് വര്‍ക്ക് ചെയ്തത്. വിനീതേട്ടനെ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. വിശേഷങ്ങള്‍ പറയാറുണ്ട്. വളരെ അടുത്ത സൗഹൃദമായി കഴിഞ്ഞപ്പോള്‍ വിനീതേട്ടന്‍ ചോദിച്ചു, മാത്തൂ… നീ വേറെ ആളുകള്‍ക്ക് വേണ്ടി എഴുതുന്നുണ്ടല്ലോ. നിനക്ക് സ്വന്തമായി എഴുതിക്കൂടെ. വിനീതേട്ടന്‍റെ ആ ചോദ്യമാണ് തിരക്കഥയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. വിനീതേട്ടന്‍ പറഞ്ഞിട്ടാണ് ഞാന്‍ എഴുതിയത്. ഫസ്റ്റ് സ്ക്രിപ്റ്റ് പെട്ടെന്ന് എഴുതി. പിന്നീട് അത് ഡെവലപ് ചെയ്ത് കൊണ്ടുവരാന്‍ കുറെ സമയമെടുത്തു.

 

 

ഫുള്‍ സ്ക്രിപ്റ്റ് ആയി കഴിഞ്ഞപ്പോള്‍ വിനീതേട്ടനെ കാണിക്കാന്‍ തീരുമാനിച്ചു. കുഞ്ഞിരാമായണത്തിന്‍റെ സെറ്റില്‍ വെച്ചാണ് ഈ സംഭവത്തെക്കുറിച്ച് വിനീതേട്ടനോട് ആദ്യം പറയുന്നത്. നമ്മള്‍ എഴുതിയ സ്ക്രിപ്റ്റ് വായിച്ച് അഭിപ്രായം പറയേണ്ടതും വിനീതേട്ടനാണ്. സ്ക്രിപ്റ്റ് എഴുതി കഴിഞ്ഞു വിനീതേട്ടന്‍ന് ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ ചെന്നൈയിലാണ്. അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു. ലൈഫില്‍ മറക്കാത്തൊരു രാത്രിയാണത്. മോദി നോട്ട് നിരോധിച്ചതിന്‍റെ പിറ്റേദിവസം ചെന്നൈയിലെത്തി. ആ സമയത്ത് വിനീതേട്ടന്‍ ഭയങ്കര തിരക്കിലാണ്. മാത്തൂ.. ഒമ്പതുമണിക്ക് മുമ്പ് കഥ പറഞ്ഞുതീര്‍ക്കാന്‍ പറ്റ്വോ? പറ്റും. സ്ക്രിപ്റ്റ് വായിച്ചുകേള്‍പ്പിച്ചു. ഉഗ്രന്‍ സ്ക്രിപ്റ്റാണെന്ന് വിനീതേട്ടന്‍ പറഞ്ഞു. അന്ന് മടങ്ങിപ്പോരാന്‍ അനുവദിച്ചില്ല. ചെന്നൈയിലെ പ്രശസ്തമായ വുഡ് ലാന്‍റ്സ് ഹോട്ടലില്‍ മുറി എടുത്തുതന്നു. ഒരു ദിവസം മാത്തു ഇവിടെ കിടക്ക്. മലയാള സിനിമയിലെ പ്രഗത്ഭരായ ഒരുപാട് ആളുകള്‍ ഇവിടെ താമസിച്ചിട്ടുണ്ട്. മലയാളവുമായി വലിയ ബന്ധം വുഡ്ലാന്‍റ്സ് ഹോട്ടലിനുണ്ടെന്നും വിനീതേട്ടന്‍ പറഞ്ഞു.

കൈപൊള്ളില്ലെന്ന് ഉറപ്പ്

ഞാന്‍ എഴുതിയ സ്ക്രിപ്റ്റ് വിനീതേട്ടന്‍ സംവിധാനം ചെയ്യണമെന്നായിരുന്നു എന്‍റെ ആഗ്രഹം. ഞാനത് പറഞ്ഞപ്പോള്‍ എന്നോട് ചെയ്യാന്‍ വിനീതേട്ടന്‍ പറഞ്ഞു. നിനക്ക് കൃത്യമായി അറിയാവുന്ന കഥയും കഥാപാത്രങ്ങളുമാണ്. നിന്‍റെ മനസ്സിലുള്ള കഥയാണ്. നിനക്ക് നന്നായി ചെയ്യാന്‍ കഴിയും, ഒരു കുഴപ്പവും വരില്ല. വിനീതേട്ടന്‍ കൂടെ നില്‍ക്കുകയാണെങ്കില്‍ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ പുതിയ ആളാണ്. സിനിമ സംവിധാനം ചെയ്തു പരിചയമില്ല. എന്‍റെ കുഴപ്പം കൊണ്ട് സിനിമ മോശമാകാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ വിനീതേട്ടന്‍ കൈ തന്നു. കൂടെ നില്‍ക്കാമെന്ന് സമ്മതിച്ചു. അവിടം മുതല്‍ പുതിയ നീക്കം ആരംഭിക്കുകയാണ്.

 

വിനീതേട്ടന്‍ ഓകെ പറഞ്ഞാല്‍ പ്രൊഡ്യൂസറെ കിട്ടാന്‍ ഒരു വിഷമവുമില്ല. പലരും വന്നു, പക്ഷേ നമുക്ക് കൂടുതല്‍ പരിചയവും അടുപ്പമുള്ളവരുമാകുമ്പോള്‍ അതൊരു സന്തോഷമല്ലേ. കുഞ്ഞിരാമായണത്തിന്‍റെ പ്രൊഡ്യൂസര്‍മാരായ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ്കൃഷ്ണയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. കുഞ്ഞെല്‍ദോ വലിയ ബഡ്ജറ്റിലുള്ള സിനിമയല്ല. കൈപൊള്ളില്ലെന്ന് ഉറപ്പുള്ള സിനിമയാണ്.

ജീവിതത്തിലെ ഒരു ഭാഗമാണ് ഈ സിനിമ

കുറച്ചുകാലമായി മനസ്സിലുള്ള കഥയാണ് കുഞ്ഞെല്‍ദോ. കോളേജില്‍ പഠിക്കുന്ന കാലത്ത് എന്‍റെ സുഹൃത്തിനുണ്ടായ അനുഭവമാണ് കഥയായി രൂപപ്പെടുത്തിയത്. അവന്‍റെ പ്രണയവും സ്ട്രഗിളും പ്രശ്നങ്ങളുമെല്ലാം രസകരമായ സംഭവങ്ങളാണ്. ഇത് ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്. കേട്ടവരൊക്കെ ചിരിക്കുകയാണ്. കോളേജിലെ അന്നത്തെ എന്‍റെ കൂട്ടുകാര് തന്നെയാണ് ഇതിലെ പല കഥാപാത്രങ്ങളും. പലരും ഇതില്‍ അഭിനയിക്കുന്നുണ്ട്. ശരിക്കുപറഞ്ഞാല്‍ ജീവിതത്തിലെ ഒരുപാര്‍ട്ട് തന്നെയാണ് സിനിമ.

 

ആലുവ യു.സി കോളേജിലാണ് ഞാന്‍ പഠിച്ചത്. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചതും എന്നെ പഠിപ്പിച്ചതും കോളേജ് ജീവിതമാണ്. ഇവിടുത്തെ സ്റ്റേജിലാണ് ഞാന്‍ ആദ്യമായി കയറിയത്. ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. ഡ്രാമ ക്ലബ്ബിന്‍റെ സെക്രട്ടറിയായിരുന്നു. എന്‍.എസ്.എസ് ക്യാമ്പ് എക്സിക്യുട്ടീവ് മെമ്പറായിരുന്നു. കലയും രാഷ്ട്രീയവും സൗഹൃദങ്ങളുമൊക്കെയായി കോളേജ് പഠനകാലം ആഘോഷമായിരുന്നു. കോളേജിലെ കൂട്ടായ്മയും സഞ്ചാരവും രാത്രികളുമൊക്കെ കഴിഞ്ഞു ഞാന്‍ എന്‍ജോയ് ചെയ്തിട്ടുള്ളത് കുഞ്ഞെല്‍ദോയുടെ പ്രീ പ്രൊഡക്ഷന്‍സിന്‍റെ വര്‍ക്കിന്‍റെ സമയത്താണ്. പഠിച്ച കോളേജില്‍ തന്നെയാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. അതും ഒരു ആഗ്രഹമായിരുന്നു. സിനിമ സംവിധാനം ചെയ്യണമെന്ന് ഒരിക്കലും ആഗ്രഹിച്ചതല്ല. ഗ്രാജ്വലി സംഭവിച്ചതാണ്.

 ആസിഫ് അലിയും കുഞ്ഞെല്‍ദോയും

കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന പയ്യനാണ് കുഞ്ഞെല്‍ദോ. സൗഹൃദമായാലും പ്രണയമായാലും കുടുംബബന്ധങ്ങളിലുമെല്ലാം ആത്മാര്‍ത്ഥമായി ഇടപെടുന്ന നന്മയും സ്നേഹവുമുള്ള ആളാണ്. ഭയങ്കര സഹായിയാണ്. ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അതില്‍നിന്ന് മാറില്ല. അത്യാവശ്യം കുരുത്തക്കേടും കുസൃതികളുമൊക്കെയുള്ള കുഞ്ഞെല്‍ദോയുടെ സിനിമയാണിത്.

 

 

കുഞ്ഞെല്‍ദോ എന്ന കഥാപാത്രത്തിന് ഏറ്റവും നന്നായി ചേരുന്നത് ആസിഫ് അലിയുടെ മുഖമാണ്. ആസിഫിനെ ഞാന്‍ വിളിച്ചു ഫോണെടുത്തില്ല. ഉടനെ തിരിച്ചുവിളിച്ചു. സംഗതി പറഞ്ഞപ്പോള്‍ ചെയ്യാമെന്ന് ഏറ്റു. പക്ഷേ എപ്പോള്‍? ആസിഫിന്‍റെ കയ്യില്‍ ഒരുപാട് പടങ്ങളുണ്ട്. അഭിനയിച്ചുകൊണ്ടിരിക്കുന്നതും ചെയ്യാന്‍ പോകുന്നതുമെല്ലാം നേരത്തെ കമ്മിറ്റ് ചെയ്തുപോയ വലിയ പടങ്ങളാണ്. ഇതൊരു ചെറിയ പടമാണ്. നമുക്ക് ഷൂട്ടിംഗ് പെട്ടെന്ന് തുടങ്ങുകയും വേണം. ആ ഒരു പ്രത്യേക സാഹചര്യത്തില്‍ തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്കിടയിലും നമ്മുടെ പടത്തില്‍ ആസിഫ് വന്നു ജോയിന്‍റ് ചെയ്തു. ഭയങ്കര റിസ്ക്കാണെടുത്തത്. ആസിഫിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

 

 മാമോദീസയും കുഞ്ഞെല്‍ദോയും

കോതമംഗലത്ത് ഞങ്ങളുടെ ഒരു ചര്‍ച്ചുണ്ട്. അവിടെ മാമോദീസ മുക്കുന്ന കുട്ടികള്‍ക്കു എല്‍ദോ എന്ന പേര് ഉണ്ടാകും. ഒന്നുകില്‍ പേരിന് മുന്നില്‍ അല്ലെങ്കില്‍ പിന്നില്‍. ബേസിക് പേരിന്‍റെ കൂടെ എല്‍ദോ എന്നുചേര്‍ത്തിരിക്കും. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും എല്‍ദോമാരാണ്. അവിടെ നിന്നാണ് കുഞ്ഞെല്‍ദോ എന്ന പേര് കിട്ടിയത്.

 

കുഞ്ഞെല്‍ദോയെപ്പോലെ നമ്മുടെ ഈ സെറ്റും സൗഹൃദത്തിന്‍റെ സെറ്റാണ്. വിനീതേട്ടന് നമ്മുടെ കൂടെ വന്നുനില്‍ക്കേണ്ട ആവശ്യമില്ല. ജൂണ്‍ എന്ന സിനിമയുടെ സംവിധായകന്‍ അഹമ്മദ് കബീര്‍ ഇവിടെയുണ്ട്. ഇത് എന്‍റെ സിനിമയല്ല നമ്മുടെ സിനിമയാണ്. ലൈഫില്‍ ഏറ്റവും കൂടുതല്‍ ചെറിഷ് ചെയ്യുന്ന സിനിമയാണ്. നന്മയുള്ള സിനിമയായിരിക്കും. എല്ലാവരിലും നന്മയുണ്ട്. ഞാന്‍ ഇഷ്ടപ്പെടുന്ന, ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഹ്യൂമറുള്ള പ്രണയമുള്ള കാമ്പസ് ചിത്രമാണ് കുഞ്ഞെല്‍ദോയെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ മാത്തുക്കുട്ടി പറഞ്ഞു.

 

 താരങ്ങളും ടെക്നീഷ്യന്‍സും

ബാനര്‍ ലിറ്റില്‍ ബിഗ് ഫിലിംസ്, നിര്‍മ്മാണം സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ. ലൈന്‍ പ്രൊഡ്യൂസര്‍ വിനീത് ജെ. പുല്ലൂടന്‍, എല്‍ദോ ജോണ്‍, തിരക്കഥ, സംവിധാനം മാത്തുക്കുട്ടി, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീത് ശ്രീനിവാസന്‍, കോ- ഡയറക്ടര്‍ അഹമ്മദ് കബീര്‍, ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, പ്രൊഡ: കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കലാസംവിധാനം നിമേഷ് എം. താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ദിവ്യ സ്വരൂപ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, അസോ: ഡയറക്ടേഴ്സ് ശ്രീജിത്ത് നന്ദന്‍, അതുല്‍ എസ് ദേവ്, ജിതിന്‍ നമ്പ്യാര്‍, അസി: ഡയറക്ടേഴ്സ് അനുരൂപ്, ശ്രീലാല്‍, നിധീഷ് വിജയന്‍, പ്രൊഡ: എക്സിക്യുട്ടീവ്സ് സജീവ് ചന്തിരൂര്‍, അനീഷ്, പി.ആര്‍.ഒ എ.എസ്. ദിനേശ്, ഗാനരചന സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, സംഗീതം ഷാന്‍ റഹ്മാന്‍.

 

 

ആസിഫ് അലി, സിദ്ധിഖ്, രാജേഷ് ശര്‍മ്മ, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, മിഥുന്‍ എം ദാസ്, ഗോപിക ഉദയന്‍, രേഖ, മീരാനായര്‍ എന്നിവരാണ് കുഞ്ഞെല്‍ദോയിലെ പ്രധാന അഭിനേതാക്കള്‍.

അഞ്ജുഅഷ്റഫ്
vbashraf@gmail.com
Show Less

No comments Yet

SLIDESHOW

LATEST VIDEO