ഹൈറേഞ്ചില്‍ ഒരുങ്ങുന്ന ഹൊറര്‍ ചിത്രം ക്ഷണം

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് പൂര്‍ത്തിയായി. മലയാളത്തനിമയുള്ള കഥകള്‍ പറഞ്ഞുശ്രദ്ധേയനായ പത്മരാജന്‍റെ ശിഷ്യന്‍ ഒരുക്കുന്ന പുതിയ ചിത്രം ആശയപരമായും അവതരണത്തിലും നൂതനമായ അടയാളപ്പെടുത്തലായിരിക്കും. ഇന്നലെകളില്‍ പറഞ്ഞുവെച്ചതില്‍നിന്ന് വ്യത്യസ്തമായി... Read More

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് പൂര്‍ത്തിയായി. മലയാളത്തനിമയുള്ള കഥകള്‍ പറഞ്ഞുശ്രദ്ധേയനായ പത്മരാജന്‍റെ ശിഷ്യന്‍ ഒരുക്കുന്ന പുതിയ ചിത്രം ആശയപരമായും അവതരണത്തിലും നൂതനമായ അടയാളപ്പെടുത്തലായിരിക്കും. ഇന്നലെകളില്‍ പറഞ്ഞുവെച്ചതില്‍നിന്ന് വ്യത്യസ്തമായി പഴമയുടെ ചിന്തകളും വിശ്വാസങ്ങളും കണ്ടെത്തലുകള്‍ക്കുമൊപ്പം പുതിയ കാല ജീവിതയാഥാര്‍ത്ഥ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് വൈവിധ്യമായ കഥാന്തരീക്ഷത്തിലാണ് ക്ഷണം ചിത്രീകരിക്കുന്നത്. ജാതകം, രാധാമാധവം, മുഖചിത്രം, സത്യപ്രതിജ്ഞ തുടങ്ങിയ സിനിമകളിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് സ്വീകാര്യനായി മാറിയ സുരേഷ് ഉണ്ണിത്താനെ സംബന്ധിച്ചിടത്തോളം സാങ്കേതിക സാദ്ധ്യതകള്‍ വളരെയധികം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വിപുലവും ചെലവേറിയതുമായ സിനിമയായിരിക്കും ക്ഷണം. ഇതൊരു ഹൊറര്‍ ചിത്രമാണ്. ആശയപരമായി ഏത് ഭാഷയ്ക്കും ഇണങ്ങുന്ന രീതിയിലാണ് മാധ്യമപ്രവര്‍ത്തകനായ ശ്രീകുമാര്‍ അരൂക്കുറ്റി തിരക്കഥ എഴുതിയിരിക്കുന്നത്.

 

 

ഉള്ളടക്കത്തിലെ കരുതല്‍

 

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠനത്തിന്‍റെ ഭാഗമായി സിനിമ ഷൂട്ട് ചെയ്യാന്‍ തയ്യാറാകുന്നു. അരവിന്ദ് പരാശര്‍ എന്ന യുവ അദ്ധ്യാപകനോടൊപ്പം ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് അംഗ വിദ്യാര്‍ത്ഥി സംഘം പ്രകൃതിരമണീയമായ ഹൈറേഞ്ചിലെത്തി. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പഴമയുടെ തലയെടുപ്പും ശില്‍പ്പചാതുര്യവുമുള്ള ഹൈറേഞ്ച് ഗസ്റ്റ് ഹൗസിലായിരുന്നു താമസം. കരിങ്കല്‍ കെട്ടുള്ള കൂറ്റന്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ചുകൊണ്ട് സിനിമയുടെ കുറെ ഭാഗങ്ങള്‍ അവിടെത്തന്നെ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനം.

 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗസ്റ്റ് ഹൗസിലെ താമസവും ഷൂട്ടിംഗുമൊക്കെയായി ഒരിടത്ത് ഒത്തുകൂടിയ സംഘം കൂടുതല്‍ അടുത്തു ഇടപഴകിയപ്പോഴുണ്ടായ സംസാരത്തിലെ മാറ്റങ്ങളും പ്രണയവും തമാശകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിലേക്ക് ആരും ക്ഷണിക്കാതെ പുറമെ നിന്നൊരാള്‍ കടന്നുവന്നു. നല്ല ഉയരമുള്ള താടിയും മുടിയും നീട്ടി വളര്‍ത്തി നീളമുള്ള കോട്ടിട്ട് പേടിപ്പെടുത്തുന്ന ഒരു രൂപം. ഒരുപാട് ദുരൂഹതകള്‍ അയാള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നും.

 

 

ആരാണ് അയാള്‍ എന്ന ചോദ്യത്തിന് മറുചോദ്യങ്ങളാണ് ഉത്തരം. പക്ഷേ അയാളുടെ വരവും സംസാരവും ഇടപെടലുകളും അദ്ധ്യാപകനായ അരവിന്ദ് പരാശറിനെയും വിദ്യാര്‍ത്ഥികളെയും സ്വാധീനിക്കുന്നതായിരുന്നു. ചെറിയൊരു സംശയം അരവിന്ദിന്‍റെ മനസ്സില്‍ കടന്നുകൂടിയെങ്കിലും ദുരൂഹത തോന്നിപ്പിക്കുന്ന ആ മനുഷ്യന്‍ വിചിത്രമായ അടയാളങ്ങള്‍ കാട്ടി ഷൂട്ടിംഗ് സംഘത്തെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

 

സാങ്കേതികവിദ്യയും സംഗീതവും

 

ഞാന്‍ ആദ്യമായിട്ടാണ് ഒരു ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ജാതകം, മുഖചിത്രം തുടങ്ങി എന്‍റെ എല്ലാ സിനിമയും മിനിമം ബഡ്ജറ്റിലുള്ള ചെറിയ സിനിമകളാണ്. ഇത് രീതിയില്‍ ചിത്രീകരിക്കുന്ന വലിയ സിനിമയാണ്. കഥയ്ക്കൊപ്പം തന്നെ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും സംഗീതത്തിന് പ്രാധാന്യം നല്‍കിയുമാണ് ക്ഷണം ഒരുക്കുന്നതെന്ന് സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ പറഞ്ഞു.

 

ഹൊറര്‍ സിനിമകള്‍ പലപ്പോഴായി വന്നിട്ടുണ്ടെങ്കിലും ആ ഒരു രീതിയിലുള്ള സിനിമയല്ല ക്ഷണം. ആത്മാക്കളുണ്ടെന്നും അവരുമായി സംസാരിക്കാറുണ്ടെന്നും ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകളാണ്. ആത്മാക്കളുണ്ടെന്ന് തന്നെയാണ് എന്‍റെ വിശ്വാസം. കുടുംബപരമായി വൈദ്യം, മന്ത്രം, ജ്യോതിഷം ഇതെല്ലാം എവിടെയോ കിടപ്പുണ്ട്. ഒരു പ്രായത്തില്‍ ആത്മാക്കളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ജീവിതത്തിന്‍റെ ഭാഗമായി പഠിച്ചതാണ്. ഇപ്പോള്‍ അത് ഗുണമായി.

 

സിനിമയില്‍ നമ്മള്‍ പറയാന്‍ ശ്രമിക്കുന്നത് ആത്മാക്കളുണ്ടെന്നുതന്നെയാണ്. ആത്മാക്കളുണ്ടെങ്കില്‍ അവരുടെ വേദന എന്തായിരിക്കും? എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ജനറലായിട്ടുള്ള സംഭവമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. എവിടെയും സംഭവിക്കാവുന്ന കാര്യമായതുകൊണ്ട് എല്ലാ ഭാഷയിലും സിനിമ എത്തിക്കണമെന്ന ഉദ്ദേശത്തോടെയാണ് ചിത്രീകരിക്കുന്നതെന്ന് സുരേഷ് ഉണ്ണിത്താന്‍ പറയുന്നു.

 

 

സംവിധായകനും തിരക്കഥാകൃത്തും

 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചുണ്ടായ സംഭവത്തെ അടിസ്ഥാനമാക്കിയാണ് കഥ രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി പറഞ്ഞു. സംവിധായകര്‍ തമ്പി കണ്ണന്താനം, ലാല്‍ജോസ്, ക്യാമറാമാന്‍ സാലുജോര്‍ജ്ജ്, ഇസ്മയില്‍ ഹസ്സന്‍ ഇവരോടൊപ്പം ഞാനും സംഭവദിവസം അവിടെ ഉണ്ടായിരുന്നു. കുറെമുമ്പ് ലാല്‍ജോസ് ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. അന്നേ മനസ്സില്‍ കുറിച്ചിട്ട ആ സംഭവം ഒരു കഥയായി രൂപപ്പെടുത്തിയെടുത്തു തിരക്കഥ എഴുതി വന്നപ്പോള്‍ സ്വന്തമായി സംവിധാനം ചെയ്യണമെന്ന് തോന്നി.

 

എറണാകുളത്ത് ഒരു മീറ്റിംഗിനുപോയപ്പോള്‍ അവിടെവച്ച് സുരേഷ് ഉണ്ണിത്താന്‍ ചേട്ടനെ കാണാനിടയാകുകയും പലതും സംസാരിച്ച കൂട്ടത്തില്‍ സിനിമയ്ക്ക് പറ്റിയ കഥയുണ്ടോന്ന് ചോദിച്ചു. ഞാന്‍ രണ്ടുകഥകള്‍ പറഞ്ഞു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തു എത്തിയശേഷം സുരേഷ് ഉണ്ണിത്താന്‍ ചേട്ടന്‍ വിളിച്ചു. ഇതല്ലാതെ വേറെ കഥ വല്ലതും കയ്യിലുണ്ടോ? ഒരു കഥയുണ്ട്, പക്ഷേ അത് എനിക്ക് സംവിധാനം ചെയ്യാന്‍ മാറ്റിവെച്ചിരിക്കുകയാണ്.. ചുരുക്കിപ്പറഞ്ഞാല്‍ ആ കഥ ഞാന്‍ സുരേഷ് ഉണ്ണിത്താന്‍ ചേട്ടനോട് പറഞ്ഞു, ഇപ്പോള്‍ സിനിമയാകുന്നു.

 

സാധാരണ നമ്മള്‍ കണ്ടിട്ടുള്ള ഹൊറര്‍ ചിത്രങ്ങളില്‍നിന്ന് വേറിട്ടൊരു കാഴ്ചയായിരിക്കും ക്ഷണം. അതുകൊണ്ടുതന്നെ നല്ല ഹോംവര്‍ക്ക് ആവശ്യമായിരുന്നു. ഒരുപാട് സമയം ഞങ്ങള്‍ ഇതിന്‍റെ ഡിസ്ക്കഷനുവേണ്ടി ഇരുന്നു. സ്ക്രിപ്റ്റ് വര്‍ക്ക് പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഷൂട്ടിംഗ് തുടങ്ങിയതെന്ന് തിരക്കഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി പറഞ്ഞു. ശ്രീകുമാര്‍ അരൂക്കുറ്റി എഴുതുന്ന മൂന്നാമത്തെ തിരക്കഥയാണ് ക്ഷണം. കേരളം ആദരവോടെ എന്നും ഓര്‍ക്കുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സുകുമാര്‍ അഴീക്കോട് എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്‍ററി. കൈരളി ടി.വിയില്‍ ഏഴരവര്‍ഷം ആനകളെക്കുറിച്ച് ഇ ഫോര്‍ എലിഫന്‍റ് എന്ന പ്രോഗ്രാം ചെയ്ത് കേരളത്തിലെ മൃഗസ്നേഹികളുടെ പ്രശംസ നേടിയ ശ്രീകുമാര്‍ അരൂക്കുറ്റി ഇപ്പോള്‍ പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

 

 

താരങ്ങളും ടെക്നീഷ്യന്മാരും

 

ബാനര്‍ ദശാന്‍ മൂവി ഫാക്ടറി- റോഷന്‍ പിക്ച്ചേഴ്സ്, നിര്‍മ്മാണം- റെജി തമ്പി- സുരേഷ് ഉണ്ണിത്താന്‍, സംവിധാനം- സുരേഷ് ഉണ്ണിത്താന്‍, തിരക്കഥ- ശ്രീകുമാര്‍ അരൂക്കുറ്റി, ക്യാമറ- ജെബിന്‍ ജോം അയ്യനേത്ത്, എഡിറ്റിംഗ്- സോബിന്‍ സോമന്‍, പ്രൊഡ: കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- ശെബീറലി, മേക്കപ്പ്-പട്ടണം റഷീദ്, കോസ്റ്റ്യൂം ഇന്ദ്രന്‍സ് ജയന്‍, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, ആക്ഷന്‍- അഷ്റഫ് ഗുരുക്കള്‍, നൃത്തം- ശ്രീകൃഷ്, പ്രൊഡ: എക്സിക്യുട്ടീവ്സ്- നസീര്‍ കൂത്തുപറമ്പ്, ആന്‍റണി ഏലൂര്‍, ചീഫ് അസോ: ഡയറക്ടര്‍- ജയേഷ് മൈനാഗപ്പള്ളി, അസോ: ഡയറക്ടര്‍- ജോസ് ജോസഫ് കാച്ചപ്പിള്ളി, പി.ആര്‍.ഒ- എ.എസ്. ദിനേശ്, ഗാനരചന- റഫീഖ് അഹമ്മദ്, രമേശന്‍ നായര്‍, ഹരിനാരായണന്‍, സംഗീതം- ബിജിബാല്‍, സോമ ശേഖരന്‍, വിഷ്ണുമോഹന്‍ സിത്താര. ലാല്‍, ഭരത്, അജ്മല്‍, ബൈജു സന്തോഷ്, ദേവന്‍, റിയാസ്ഖാന്‍, ആനന്ദ് രാമകൃഷ്ണന്‍, കൃഷ്, വിവേക്, പി. ബാലചന്ദ്രന്‍, പി. ശ്രീകുമാര്‍, സ്നേഹ അജിത്ത്, ലേഖാ പ്രജാപതി, മാലാപാര്‍വ്വതി, അനുസ്വനാര സലാം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

അഷ്റഫ്

 

Show Less

No comments Yet

SLIDESHOW

LATEST VIDEO