കൃഷ്ണ കുതിക്കുന്നു; അശ്വവേഗത്തില്‍…

പത്താംക്ലാസ് പരീക്ഷയെഴുതാന്‍, സ്ക്കൂള്‍ യൂണിഫോമണിഞ്ഞ് കുതിരപ്പുറത്തേറി കുതിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോദൃശ്യം അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ കൊച്ചുമിടുക്കി ആരാണെന്നറിയാന്‍, രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും, അന്വേഷണങ്ങള്‍ പ്രവഹിച്ചു... ഇപ്പോഴുമത് തുടരുന്നു.വിദേശമാധ്യമങ്ങള്‍ അടക്കം വലിയ... Read More

പത്താംക്ലാസ് പരീക്ഷയെഴുതാന്‍, സ്ക്കൂള്‍ യൂണിഫോമണിഞ്ഞ് കുതിരപ്പുറത്തേറി കുതിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോദൃശ്യം അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ കൊച്ചുമിടുക്കി ആരാണെന്നറിയാന്‍, രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും, അന്വേഷണങ്ങള്‍ പ്രവഹിച്ചു… ഇപ്പോഴുമത് തുടരുന്നു.വിദേശമാധ്യമങ്ങള്‍ അടക്കം വലിയ പ്രാധാന്യത്തോടെയാണ് ഈ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. കുതിരസവാരിയില്‍ വിദഗ്ധപരിശീലനവും മറ്റ് സഹായവാഗ്ദാനങ്ങളുമായി സമൂഹത്തിന്‍റെ വിവിധ ശ്രേണിയിലുള്ള ഒട്ടേറെ പ്രമുഖര്‍ രംഗത്ത് വരികയും ചെയ്തു.

 

മാളയിലെ അജയ്കാളിന്ദിയുടെയും ഇന്ദുവിന്‍റെയും ഏക മകളായ സി.എ. കൃഷ്ണ, മാള ഹോളിഗ്രേസ് സ്ക്കൂളിലേക്ക് പരീക്ഷയെഴുതാന്‍ കുതിരപ്പുറമേറി കുതിച്ചുപായുന്ന കാഴ്ചയാണ് ഈ വിധത്തില്‍ തരംഗമായത്. അടുത്തകാലത്തൊന്നും, ഇത്രയേറെ സാമൂഹ്യാംഗീകാരം ഏറ്റുവാങ്ങിയ ഒരു കാഴ്ചയും, സോഷ്യല്‍ മീഡിയാ പ്ലാറ്റുഫോമുകളില്‍ അരങ്ങേറിയിട്ടേയില്ല…

 

ഋഷിരാജ്സിംഗിന്‍റെ വാത്സല്യം

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ അശ്വയാത്ര വിദേശമാധ്യമങ്ങളില്‍ വാര്‍ത്തയായി മാറിയപ്പോള്‍ ആനന്ദ് മഹീന്ദ്രയെപ്പോലുള്ള പ്രമുഖര്‍ ട്വിറ്ററിലൂടെയത് പങ്കുവെച്ചു. ഉന്നതാധികാര കേന്ദ്രങ്ങളില്‍ നിന്നുപോലും അന്വേഷണങ്ങള്‍, ആ പെണ്‍കുട്ടിയേയും വീട്ടുകാരേയും തേടിയെത്തി. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, കൃഷ്ണയുടെ വീട്ടിലെത്തി, കൃഷ്ണയേയും വീട്ടുകാരേയും അഭിനന്ദിച്ചു. മാത്രമല്ല, മൈസൂരിലെ റേസ്ഹോഴ്സ് അക്കാദമിയില്‍ ജോക്കി പരിശീലനത്തിനായുള്ള സൗകര്യങ്ങള്‍ അദ്ദേഹം ചെയ്തുകൊടുക്കുകയും ചെയ്തു.

 

 

 

അഞ്ചുമാസത്തെ പരിശീലനത്തിനുശേഷമാണ് ലൈസന്‍സ് ലഭിക്കുക. പഠനം പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ ജോക്കി ലൈസന്‍സുള്ള ആദ്യ വനിതയായി ഈ പെണ്‍കുട്ടി മാറും. ലക്ഷങ്ങള്‍ ചെലവിടേണ്ടുന്ന ഈ പരിശീലനം കൃഷ്ണയ്ക്ക് ലഭിക്കുന്നത് സൗജന്യമായാണ്. കൃഷ്ണയെക്കുറിച്ചറിഞ്ഞ റേസ് ഹോഴ്സ് അക്കാദമി സൗജന്യപരിശീലനം വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍, താമസം, ഭക്ഷണം, യൂണിഫോം ഇതെല്ലാം സ്വന്തമായി ഒരുക്കണം, അതിന് വലിയ ചെലവ് വരും. ഇതറിഞ്ഞ ഋഷിരാജ് സിംഗ് താമസസൗകര്യവും പരിശീലനയൂണിഫോമുമെല്ലാം ഈ കൊച്ചുമിടുക്കിക്ക് നല്‍കുകയും ചെയ്തു….

 

കേരളത്തിലെ  അശ്വാരാധകരുടെ കൂട്ടായ്മയായ ‘ഹോഴ്സ്റൈഡേഴ്സ് കേരള’ ‘സ്വന്തം പെങ്ങളുട്ടി’യായാണ് കൃഷ്ണയെ കാണുന്നത്. അവരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കുകളിലുമെല്ലാം തിളങ്ങുന്ന താരമാണീ പെണ്‍കുട്ടി.

 

കൃഷ്ണ ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ അജയ്കാളിന്ദി ഒരു കൊച്ചുപെണ്‍കുതിരയെ മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. കുതിരകളെ വലിയ ഇഷ്ടമായിരുന്ന കൃഷ്ണയ്ക്ക് ഈ സമ്മാനം വേറിട്ട അനുഭവമായിരുന്നു. സ്ക്കൂളില്‍ പോകുന്നതിനുമുമ്പും, വന്നിട്ടുമെല്ലാം ആ പെണ്‍കുട്ടിയുടെ ജീവിതം ആ കുതിരക്കുട്ടിക്കൊപ്പമായിരുന്നു. അതിനോടൊപ്പം ഓടിക്കളിച്ച്, കുളിപ്പിച്ച് പൊട്ടുതൊട്ട്… അങ്ങനെയങ്ങനെ കുതിരകളോടുള്ള സ്നേഹം  ജീവിതത്തിന്‍റെ ഭാഗമായി കൃഷ്ണ മാറ്റുകയായിരുന്നു.

 

 

കുറച്ചുകൂടി മുതിര്‍ന്നപ്പോഴാണ്, കുതിര സവാരിയെ ഗൗരവത്തോടെ കാണാനും, ശാസ്ത്രീയ പരിശീലനമുറകള്‍ അഭ്യസിപ്പിക്കാനും വീട്ടുകാര്‍ തയ്യാറായത്. അപ്പോഴേക്ക് വീട്ടില്‍ ‘റാണാകൃഷ്’ എന്ന ആണ്‍കുതിരയും, ‘ജാന്‍വി’ എന്ന പെണ്‍കുതിരയും അന്തേവാസികളായി എത്തിക്കഴിഞ്ഞിരുന്നു. കൃഷ്ണയ്ക്ക് കുതിരകളോടുള്ള സ്നേഹം തിരിച്ചറിഞ്ഞാണ് വീട്ടുകാര്‍ പരിശീലനത്തിനായി റാണാകൃഷിനേയും ജാന്‍വിയേയും വാങ്ങിയത്. പരിശീലകരായി കേരളത്തിലെ അറിയപ്പെടുന്ന ട്രെയിനര്‍മാരായ ഡാനിഡേവിസ്സും, അഭിജിത്ത് കോട്ടപ്പുറവും എത്തിയതോടെ ശാസ്ത്രീയ രീതിയില്‍ പരിശീലനവുമാരംഭിച്ചു.

 

തലയുയര്‍ത്തിപ്പിടിച്ച്, കുഞ്ചിരോമങ്ങള്‍ ഇളക്കി, താളാത്മകമായി വാല്‍ ചുഴറ്റിയടിച്ച് കുതിര കുതിച്ചോടുമ്പോള്‍, ആ വേഗത്തിനൊത്ത്, കുതിരയെ നിയന്ത്രിച്ച് ഒപ്പം കുതിക്കുന്ന യാത്രികന്‍റെ കാഴ്ച മനോഹരമായ അനുഭവമാണെങ്കിലും പരിശീലനം അത്ര എളുപ്പമല്ല. കഠിനാദ്ധ്വാനം വേണം; കുതിരയുടെ മനസ്സറിയുന്ന ഒരു യാത്രികന് മാത്രമേ അതിനെമെരുക്കാന്‍ പറ്റൂ…. 

 

മൈതാനത്ത് ഒരു കുതിരയെ നിയന്ത്രിച്ച് ഓടിക്കുന്നതുപോലെയല്ല, തിരക്കുള്ള റോഡിലൂടെ ഒരു കുതിരയെ നയിക്കുന്നത്. അതിന് തികഞ്ഞ വൈദഗ്ധ്യം വേണം. ഈ വിധത്തില്‍ ഒട്ടേറെ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് കൃഷ്ണ എന്ന ഈ പെണ്‍കുട്ടി അഭിമാനാര്‍ഹമായ നേട്ടമിപ്പോള്‍ കൈവരിച്ചിരിക്കുന്നത്.

 

പതറാതെ തളരാതെ പരിശീലനം

‘തന്‍റെ പുറത്തിരിക്കുന്നവരെ ഓടുന്നതിനിടയിലും കുലുക്കിയിടാന്‍ കുതിര ശ്രമിക്കും. ശ്രദ്ധയോടെ, അതിനെഅതിജീവിക്കുന്നതാണ് പ്രധാനം. അതിവേഗത്തില്‍ കുതിച്ചുപായുന്നതിനിടയില്‍ തെറിച്ച് വീണാല്‍ ജീവനുതന്നെ അപായമുണ്ടാകുമെന്നതുറപ്പാണ്. അത് മറികടക്കുന്നതാണ് പ്രധാനം. ബക്കിംഗ് സ്റ്റേജിലൂടെയാണത് പരിശീലിക്കുന്നത്. ആ പരിശീലനത്തിനിടയില്‍ കൃഷ്ണയ്ക്ക് പരിക്ക് പറ്റിയെങ്കിലും അതിവേഗമവള്‍ അതും അതിജീവിച്ചു. കുതിരപ്പുറത്ത് നിന്ന് തെറിച്ചുവീണ കൃഷ്ണയുടെ ഇടതുകാലില്‍ ശക്തമായ കിക്കാണ് കിട്ടിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നെങ്കിലും, ആ പെണ്‍കുട്ടി തളര്‍ന്നില്ല. ആവേശത്തോടെ, ശക്തിയോടെ വീണ്ടും പരിശീലനത്തിനെത്തുകയായിരുന്നു. അത് ഞങ്ങള്‍ ട്രെയിനര്‍മാര്‍ക്ക് ഒരത്ഭുതമായിരുന്നു. ആ കൊച്ചുപെണ്‍കുട്ടിയുടെ മാനസിക ധൈര്യം ഞങ്ങള്‍ അങ്ങനെയാണ് തിരിച്ചറിഞ്ഞത്. അവള്‍ ഞങ്ങളെ ഏട്ടന്മാരായാണ് കാണുന്നത്; ഞങ്ങള്‍ക്ക് അവള്‍ അനിയത്തിക്കുട്ടിയും. മാളയിലെ ‘ഡോ. രാജുഡേവിസ് ഇന്‍റര്‍നാഷണല്‍ സ്ക്കൂളി’ലെ ഇന്‍സ്പെക്ടറായ, ഡാനി ഡേവിസ് ‘മഹിളാരത്ന’ത്തോട് സംസാരിക്കുകയായിരുന്നു.

 

 

പരിശീലനത്തിനിടയില്‍, കുതിരപ്പുറത്തുനിന്ന് തെറിച്ചുവീണപ്പോള്‍, ആക്ഷേപസ്വരമുയര്‍ത്തിയവര്‍ നിരവധിയായിരുന്നു. പരമ്പരാഗത രീതിയില്‍ നിന്നും മാറി ആരെങ്കിലും സഞ്ചരിക്കാനൊരുങ്ങിയാല്‍ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് വലിയ മടിയാണല്ലോ…

 

‘ഒരു പെണ്‍കുട്ടിക്ക് ഇതിനൊന്നും കഴിയില്ല.. വീണ് കാലൊടിയുമ്പോള്‍ തനിയെ നിര്‍ത്തിക്കോളും.’ എന്ന മട്ടിലുള്ള കളിയാക്കലുകള്‍. ‘ഒരു മോളല്ലേയുള്ളൂ അതിനെയിങ്ങനെവിടണോ?’ എന്ന മട്ടില്‍ വീട്ടുകാര്‍ക്കെതിരെ ഉയര്‍ന്നുകൊണ്ടിരുന്ന ചോദ്യങ്ങള്‍.. ആരോടും കലഹിക്കാതെ ചെറിയ ചിരിയോടെ അതിനെനേരിടുകയായിരുന്നു കൃഷ്ണയും വീട്ടുകാരും. ഇന്ന് കൃഷ്ണയുടെ പേരും പെരുമയും, നാടിന്‍റെ അതിരുകള്‍ താണ്ടി കുതിക്കുമ്പോള്‍, കടലിനക്കരെ നിന്നുപോലും, ഈ പെണ്‍കുട്ടിയെ തേടി അന്വേഷണമെത്തുമ്പോള്‍, വാര്‍ത്താമാധ്യമങ്ങളില്‍ ഈ പതിനഞ്ചുകാരി നിറഞ്ഞുനില്‍ക്കുമ്പോള്‍ മുറ്റത്തെ മുല്ലയെ തിരിച്ചറിയാന്‍ വൈകിയ വിഷമത്തിലാണ് പരാതി പറഞ്ഞവര്‍.

 

കുതിരപ്പുറത്തെ സവാരികള്‍ക്കിടയില്‍ ഓരോ ഘട്ടങ്ങളും തുടര്‍പഠനത്തിനായി വീഡിയോ എടുക്കാറുണ്ട്. ഫൂട്ട് റെസ്റ്റായ റിക്കാബില്‍ ചവിട്ടുന്നത്, കടിഞ്ഞാണ്‍ വലിക്കുന്നത്, കുതിരയുടെ മാറ്റങ്ങള്‍, അതിനെനിയന്ത്രിക്കുന്നത് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നിരീക്ഷിക്കേണ്ടതായുണ്ട്. അങ്ങനെയെടുത്ത ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

 

പത്താം ക്ലാസ് ഫൈനല്‍ പരീക്ഷയെഴുതാന്‍ കുതിരപ്പുറത്ത് പോകണമെന്നത് കൃഷ്ണയുടെ വലിയൊരു ആഗ്രഹമായിരുന്നു. തിരക്കുള്ള റോഡിലൂടെ വിദഗ്ദ്ധമായി കുതിരയെ നിയന്ത്രിക്കാനുള്ള കൃഷ്ണയുടെ കഴിവ് അറിയാമായിരുന്ന വീട്ടുകാര്‍ അത് അംഗീകരിക്കുകയും ചെയ്തു. ട്രെയിനര്‍മാരും സമ്മതിച്ചു. അങ്ങനെയാണ് പത്താം ക്ലാസ് പരീക്ഷയുടെ അവസാനദിവസം റാണാകൃഷിന്‍റെ പുറത്തേറി, കൃഷ്ണസ്ക്കൂളിലേക്ക് കുതിച്ചത്… എന്നാല്‍ കുതിരപ്പുറമേറി സ്ക്കൂളിലെത്തിയ കൃഷ്ണയെ അദ്ധ്യാപകന്‍ ശാസിക്കുകയാണ് ചെയ്തത്. പ്രധാനപ്പെട്ട പരീക്ഷയല്ലേ കുതിരപ്പുറത്ത് നിന്ന്  വീണ് എന്തെങ്കിലും പരിക്ക് പറ്റിയാലോ എന്ന സ്നേഹചിന്തയായിരുന്നു ആ ശാസനയ്ക്ക് പിന്നില്‍. എന്നാല്‍ ആ സ്കൂള്‍ യാത്ര തരംഗമായതോടെ, തങ്ങളുടെ വിദ്യാര്‍ത്ഥിനിയെ അഭിനന്ദിക്കാനും നിറഞ്ഞ മനസ്സോടെയവര്‍ തയ്യാറായി.

 

യൂണിഫോമണിഞ്ഞ്, സ്ക്കൂള്‍ ബാഗുമായി, മാളയിലെ റോഡിലൂടെ കുതിക്കുന്ന കൃഷ്ണയുടെ കാഴ്ച പകര്‍ത്തിയതും, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും പരിശീലകനായ അഭിജിത്ത് കോട്ടപ്പുറമാണ്. പൊതുസമൂഹം വേഗമത് ഏറ്റെടുക്കുമെന്നും, വലിയ വലിയ കോണുകളില്‍ നിന്ന് അംഗീകാരങ്ങള്‍ എത്തിച്ചേരുമെന്നും ഒരിക്കലും അവരാരും പ്രതീക്ഷിച്ചിരുന്നതേയില്ല. അടക്കാനാവാത്ത ആനന്ദാതിരേകത്തിലാണ് അഭിജിത്തും മറ്റ് പരിശീലകരുമെല്ലാം.

 

നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയായ, പൂപ്പത്തി കാളിന്ദി മഠത്തിലെ അജയനെവ്യത്യസ്തനാക്കുന്നത്, വേറിട്ട ചില നിലപാടുകളിലൂടെയാണ്. സമൂഹത്തിന്‍റെ ഒഴുക്കിനൊത്ത് നീന്താതെ, സവിശേഷ കാഴ്ചപ്പാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ജീവിതമാണ് അദ്ദേഹത്തിന്‍റേത്. വീടിന്‍റെ അകത്തളങ്ങളില്‍ ഒതുങ്ങി നമ്രശിരസ്കരായി നില്‍ക്കേണ്ടവരല്ല പെണ്‍കുട്ടികള്‍ എന്ന ഉറച്ച ചിന്താഗതിയാണ് ആ പിതാവിനുള്ളത്. പെണ്‍കുട്ടി എന്ന പേരില്‍ ആരും ഒരിടത്തുനിന്നും മാറ്റിനിര്‍ത്തപ്പെടരുത്. ഏത് പ്രതിസന്ധികളേയും ധൈര്യത്തോടെ അഭിമുഖീകരിക്കാനുള്ള ശാരീരികവും, മാനസികവുമായ കരുത്ത് അവര്‍ക്കുണ്ടാകണം. അങ്ങനെയെങ്കില്‍, ഒരതിക്രമവും സ്ത്രീസമൂഹത്തിന് നേരെ ഉയരില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ഭര്‍ത്താവിന്‍റെ വീക്ഷണങ്ങള്‍ക്കൊപ്പം തന്നെയാണ് ഭാര്യ ഇന്ദുവും. ഏകമകള്‍ കൃഷ്ണ എന്ന അവരുടെ സ്വന്തം ‘തടൂസ്’ ഈ പാതയില്‍ സഞ്ചരിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ?

 

 

പൗരാണിക പ്രാധാന്യമേറിയ വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ വലിയ കമ്പമാണ് അജയിന്. ആ കൊച്ചുവീടിന്‍റെ അകത്തും, പുറത്തുമെല്ലാം ഇത്തരം ആന്‍റിക് ശേഖരങ്ങള്‍ എമ്പാടുമുണ്ട്. പിതാവിന്‍റെ ഈ കമ്പം, കൃഷ്ണയുടെ രക്തത്തിലും അലിഞ്ഞുചേര്‍ന്നിരിക്കുന്നു. കുതിരസവാരിക്കൊപ്പം സോപാനസംഗീതം, ഡ്രംസ് വാദനം എന്നിവയിലെല്ലാം തടൂസ് മിടുക്കിതന്നെ. തൃശൂരിലെ ‘ഷോമി ഡേവിഡ് അക്കാദമിയി’ല്‍ നിന്നാണ് കൃഷ്ണ ഡ്രംസ് പഠിക്കുന്നത്. ഇത്തരം പാഠ്യേതര വിഷയങ്ങളില്‍ സജീവമായി  മുഴുകുമ്പോഴും, അതൊന്നും സ്ക്കൂള്‍ പഠനത്തെ തെല്ലും ബാധിക്കാതെയാണീ കൊച്ചുമിടുക്കി മുന്നോട്ടുപോകുന്നത്.. ഒപ്പം തന്നെ കുതിരസവാരി പഠിക്കാന്‍ ആഗ്രഹിക്കുന്ന കൂട്ടുകാര്‍ക്ക് പരിശീലനം നല്‍കാനും കൃഷ്ണ സമയം കണ്ടെത്തുന്നുമുണ്ട്.

 

 83% മാര്‍ക്കോടെ പത്താംക്ലാസ് പാസായ കൃഷ്ണയുടെ തുടര്‍ പഠനത്തിനുള്ള സഹായങ്ങള്‍ ഫെഡറല്‍ബാങ്ക് വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രമുഖ ആഗോള ബ്രാന്‍ഡായ ഠമസ & ഠൃമരസ കൃഷ്ണക്ക് വേണ്ടി ഹോഴ്സ് ട്രെയിനിംഗ് സ്പോര്‍ട്സ് ഗുഡ്സ് ദുബായില്‍ നിന്നും അയച്ച് കൊടുത്തു.  ‘എല്ലായിടത്തു നിന്നും നല്ല വാക്കുകള്‍… നിറഞ്ഞ സ്നേഹം… എനിക്ക് കിട്ടിയ അംഗീകാരം എന്‍റെ മാത്രം കഴിവല്ല, എന്‍റെ അച്ഛന്‍, അമ്മ, പരിശീലിപ്പിക്കുന്ന ചേട്ടന്‍മാര്‍, അങ്ങനെഎല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണിത്…’കൃഷ്ണ വിനയാന്വിതയാകുന്നു.

 

 

വീട്ടിനടുത്ത് മരത്തണലില്‍, കൃഷ്ണയെ കാത്ത് ജാന്‍വി തലയാട്ടി വിളിക്കുന്നു. കുഞ്ചിരോമങ്ങള്‍ വിടര്‍ത്തി, വാല്‍ചുഴറ്റി വീശി അല്‍പ്പമകലെ റാണാകൃഷും.അതേ, അടുത്ത സഞ്ചാരത്തിന് നേരമായിരിക്കുന്നു…. ഉറച്ച കാല്‍വെയ്പ്പുകളുമായി കൃഷ്ണ അവര്‍ക്കരികിലേക്ക്.

പ്രദീപ് ഉഷസ്സ്

Show Less

No comments Yet

SLIDESHOW

LATEST VIDEO