കസവിന്‍ നൂലിഴകളില്‍ ചന്തം ചാര്‍ത്തിയ ട്രെന്‍റി ഓണപ്പുടവകള്‍

തിരുവോണം വന്നാല്‍ പെണ്‍കുട്ടികള്‍ ആ നല്ല ദിനത്തെ വരവേല്‍ക്കാന്‍ തിളക്കമുള്ള കസവിന്‍റെ നൂലുകള്‍ പാകിയ സാരിയും ഗൗണുമൊക്കെ ധരിച്ച് പരമ്പരാഗതമായ ഒരുക്കങ്ങളോടെയായിരിക്കും വരിക.   മുടിയില്‍ മുല്ലപ്പൂവ് ചൂടിയിരിക്കും. കാതുകളിലും കഴുത്തിലും ആഭരണങ്ങള്‍ അണിഞ്ഞിരിക്കും.... Read More

തിരുവോണം വന്നാല്‍ പെണ്‍കുട്ടികള്‍ ആ നല്ല ദിനത്തെ വരവേല്‍ക്കാന്‍ തിളക്കമുള്ള കസവിന്‍റെ നൂലുകള്‍ പാകിയ സാരിയും ഗൗണുമൊക്കെ ധരിച്ച് പരമ്പരാഗതമായ ഒരുക്കങ്ങളോടെയായിരിക്കും വരിക.

 

മുടിയില്‍ മുല്ലപ്പൂവ് ചൂടിയിരിക്കും. കാതുകളിലും കഴുത്തിലും ആഭരണങ്ങള്‍ അണിഞ്ഞിരിക്കും.

 

തിരുവോണം നമ്മുടെ ദേശീയ ആഘോഷമാണെന്നിരിക്കെ പൂക്കളാല്‍ നാടും വീടും അലങ്കരിക്കും. മുറ്റത്ത് പൂക്കളമൊരുക്കുന്നതിന്‍റെ ഭംഗിയും പൂക്കളുടെ നറുമണവും ഒക്കെ ആസ്വദിക്കാത്തവര്‍ ഉണ്ടാകില്ല.

 

ഈ പെണ്‍കുട്ടികള്‍ ഓണക്കാലത്തിങ്ങനെ ആവേശം കൊള്ളുന്നത് കാണുമ്പോള്‍ വസ്ത്രാലങ്കാരത്തില്‍ നല്ല മനസ്സുള്ള അനിതയുടെ ചിന്തകളില്‍ പുതിയ ആശയങ്ങള്‍ വിരിയും. പുതിയ പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചെങ്കിലേ സ്വന്തം വസ്ത്രങ്ങള്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധിക്കൂ എന്ന കാര്യം അനിത മനസ്സിലാക്കിയിട്ടുണ്ട്. സദാ കണ്ടുമടുക്കാത്ത തരത്തിലുള്ള രൂപങ്ങളിലൂടെ… ചിത്രപ്പണികളിലൂടെ. കസവിന്‍റെ നൂലിഴകള്‍ക്ക് പുതിയ ചന്തം ചാര്‍ത്തുകയാണിവിടെ.

 

 

സംഗീതത്തില്‍ ലയിച്ചുചേര്‍ന്നു നില്‍ക്കുന്ന ശ്രുതിയും ലയവും പോലെ ചലച്ചിത്ര താരങ്ങളായ ശ്രുതിയും ലയയും ചേര്‍ന്ന് നില്‍ക്കുകയാണ്. ലയ ചേച്ചിയാണെങ്കില്‍ ശ്രുതി അനുജത്തിയാണ്.

 

മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ലിസിജോസിന്‍റെ മക്കള്‍.

 

ശ്രുതി ബാലതാരമായി സിനിമയില്‍ വന്നയാളാണ്. റോമിയോയില്‍ ദിലീപിന്‍റെ നായികയായി. ലയയും ചെറുപ്പം മുതലേ അഭിനയരംഗത്തുവന്നിട്ടുണ്ടെങ്കിലും ബിഗ് സ്ക്രീനിനേക്കാള്‍ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത് മിനിസ്ക്രീനിലാണ്. മൂന്നുമണി എന്ന സീരിയലിലെ കുട്ടിമണി കഥാപാത്രം ഇന്നും ഇപ്പോഴും കുടുംബപ്രേക്ഷകരുടെ മനസ്സിലുണ്ട്.

 

 

എ.എം. നസീര്‍ സംവിധാനം ചെയ്ത ‘തേനും വയമ്പും’ എന്ന സീരിയലില്‍ ഇവര്‍ ഒരുമിച്ചഭിനയിച്ചിരുന്നു. നല്ലൊരനുഭവമായിരുവെന്നാണ് ശ്രുതിയുടെ അഭിപ്രായം. കാരണം വേറൊന്നുമല്ല, വീട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്നൊരു പ്രതീതി ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അഭിനയിക്കുമ്പോള്‍ കഥാപാത്രങ്ങളാകുന്നു എന്നല്ലാതെ വേറെ മാറ്റങ്ങളൊന്നുമില്ല. എപ്പോഴും ചിരിയും കളിയും വഴക്കും ഒക്കെതന്നെയായിരുന്നു.

 

ശ്രുതി അതുപറഞ്ഞപ്പോള്‍ ലയ ചിരിക്കുന്നു.

 

മൂന്നുവര്‍ഷം മുമ്പ് വിവാഹിതയായ ശ്രുതിക്ക് ഈ ഓണം വരുമ്പോള്‍ പറയാന്‍ ഒരു വിശേഷമുണ്ട്. തൃശൂരില്‍ കുര്യച്ചിറയില്‍ ശ്രുതി പുതിയതായി ഒരു ബ്യൂട്ടി പാര്‍ലര്‍ (ശ്രുതിലക്ഷ്മീസ് ബ്യൂട്ടി സോണ്‍) തുടങ്ങിയിരിക്കുന്നു. ഭര്‍ത്താവ് എബിന്‍ ആന്‍റോയുടെ അമ്മയാണ് പാര്‍ലര്‍ കൂടുതലായും ശ്രദ്ധിക്കുന്നത്. സമയമനുസരിച്ച് താനും പാര്‍ലറില്‍ ഉണ്ടായിരിക്കുമെന്ന് ശ്രുതിലക്ഷ്മി പറഞ്ഞു.

 

ഓണക്കാലമായി കഴിഞ്ഞാല്‍ സ്റ്റേജ് ഷോയും പ്രോഗ്രാമുകളും പതിവാണ്. ഈ ഓണം വന്നെത്തുമ്പോഴും അതിന്‍റെ തിരക്കുകളും യാത്രകളും ഉണ്ടെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

 

പത്തേമാരിയും ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയും കഴിഞ്ഞ് ശ്രുതി വേറൊരു സിനിമയിലും അഭിനയിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു ഗ്യാപ്പ് മനപ്പൂര്‍വ്വമെന്നപോലെ ഉണ്ടായതാണ്. എന്നാല്‍, ഈ ഓണക്കാലത്ത് മറ്റൊരു വിശേഷം കൂടി ശ്രുതിക്ക് പറയാനുണ്ട്. പുതിയ ഒരു മലയാളം സിനിമയില്‍ ശ്രുതി നായികയായി അഭിനയിക്കുന്നുണ്ട്. അതിന്‍റെ ഡീറ്റെയില്‍സ് തല്‍ക്കാലം സസ്പെന്‍സിലിരിക്കട്ടെയെന്ന് ശ്രുതിലക്ഷ്മി പറഞ്ഞു.

 

ലയയും പുതിയ സീരിയലിന്‍റെയും സിനിമകളുടെയുമൊക്കെ ഡിസ്ക്കഷനിലാണ്. ഡീറ്റെയിലായി ഇപ്പോഴൊന്നും പറയാറായിട്ടില്ല.

 

ചേച്ചിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രുതി പറഞ്ഞു. ‘ലയയ്ക്ക് ഇപ്പോഴും മൂന്നുമണി സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രമാണ് ഇമേജ് നല്‍കുന്നത്. ഞങ്ങള്‍ ഒരുമിച്ച് പുറത്തുപോകുമ്പോഴൊക്കെ ഞാന്‍ കേട്ടിട്ടുണ്ട് ആളുകളുടെ പ്രതികരണം. ഇപ്പോഴും ആ കുട്ടിമണിയെക്കുറിച്ച് പ്രേക്ഷകര്‍ സ്നേഹത്തോടെ പറയുന്നത് കേള്‍ക്കുമ്പോള്‍ നല്ല സന്തോഷം തോന്നാറുണ്ട്. ലയയ്ക്കും ഒരഭിനേത്രി എന്ന നിലയില്‍ ആ കഥാപാത്രം ലഭിച്ചതും അത് നന്നാക്കാന്‍ പറ്റിയതും ഒക്കെ ഒരു ഭാഗ്യമായി കരുതാം.’

 

ലയയുടെയും ശ്രുതിയുടെയും അമ്മ ലിസിജോസ് കുറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മകഥാപാത്രങ്ങളും ചേച്ചിയായും മറ്റും. ഇവിടെ ഇപ്പോള്‍ അവര്‍ക്കരികില്‍ അമ്മയുടെ സാന്നിദ്ധ്യമുണ്ടായത് ശോഭാമോഹന്‍ എന്ന നടിയിലൂടെയാണ്. അതുപക്ഷേ, യാദൃച്ഛികമായിരുന്നു. ശ്രുതി പറഞ്ഞു. ‘ഒരു സിനിമയില്‍ ഞങ്ങള്‍ അമ്മയും മകളുമായി അഭിനയിച്ചിട്ടുണ്ട്. ‘നൂറ്റിയൊന്ന് ഉറുപ്പിക’ എന്നായിരുന്നു ആ സിനിമയുടെ പേര്. ജഗതിച്ചേട്ടന്‍റെയും ശോഭാ ആന്‍റിയുടെയും മകളുടെ വേഷമായിരുന്നു എനിക്ക്. ആ സിനിമ പക്ഷേ, ഇതുവരെയും റിലീസായിട്ടില്ല.’

 

സിനിമ റിലീസായില്ലെങ്കിലെന്ത്, ഇവിടെ ഇപ്പോള്‍ ഈ സ്റ്റില്‍ ഓണക്കാലത്ത് റിലീസാകുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ മൂവരും ചിരിച്ചു.

 

ഫോട്ടോ: മോഹന്‍ സുരഭി
കോസ്റ്റ്യൂംസ്- അനിതാമോഹന്‍, കൊല്ലം. ഫോണ്‍: 9496269091
മേക്കപ്പ്: പാര്‍വ്വതിരാജ്, എറണാകുളം
തയ്യാറാക്കിയത്: ജി. കൃഷ്ണന്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO