കര്‍ക്കിടകത്തിലെ മരുന്ന് കഞ്ഞികള്‍

വേനലിനൊടുവില്‍ മനസ്സും ശരീരവും കുളിര്‍പ്പിക്കാന്‍ കര്‍ക്കിടകം വന്നെത്തുകയായി. കടുത്ത അദ്ധ്വാനത്തിനിടയില്‍ അല്‍പ്പം വിശ്രമത്തിനായി കര്‍ഷകര്‍ മാറ്റിവച്ചിരുന്ന കാലം. കര്‍ക്കിടകം വിശ്രമത്തിനും ശരീരസസൗഖ്യത്തിന് വേണ്ട സുഖചികിത്സയ്ക്കുമുള്ള കാലമാണ്. ഒരു വര്‍ഷത്തെ രോഗപീഡകളെ മുഴുവന്‍ കളഞ്ഞ് ആരോഗ്യം... Read More

വേനലിനൊടുവില്‍ മനസ്സും ശരീരവും കുളിര്‍പ്പിക്കാന്‍ കര്‍ക്കിടകം വന്നെത്തുകയായി. കടുത്ത അദ്ധ്വാനത്തിനിടയില്‍ അല്‍പ്പം വിശ്രമത്തിനായി കര്‍ഷകര്‍ മാറ്റിവച്ചിരുന്ന കാലം. കര്‍ക്കിടകം വിശ്രമത്തിനും ശരീരസസൗഖ്യത്തിന് വേണ്ട സുഖചികിത്സയ്ക്കുമുള്ള കാലമാണ്. ഒരു വര്‍ഷത്തെ രോഗപീഡകളെ മുഴുവന്‍ കളഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് പുതുവര്‍ഷപിറവിയെ വരവേല്‍ക്കാനായി മലയാളികള്‍ ഒരുങ്ങുന്ന സമയം. കര്‍ക്കിടകത്തില്‍ സുഖചികിത്സകള്‍ പലതുണ്ട്. നെയ്യ് സേവ, സുഖചികിത്സയുടെ ഭാഗമായ ഞവരക്കിഴി, വസ്തി, പിഴിച്ചില്‍ തുടങ്ങിയ പലതും. എന്നാല്‍ വീടുകളില്‍ സ്വയം ചെയ്യാവുന്നതും ചെലവ് കുറഞ്ഞതുമായ മരുന്നുകഞ്ഞികളോടായിരുന്നു മലയാളികള്‍ക്കെന്നും പ്രിയം. കര്‍ക്കിടകത്തിലെ മരുന്നുകഞ്ഞിക്കായി ഓരോ വീടുകളിലും ഉണക്കലരി നേരത്തെ തയ്യാറാക്കി വയ്ക്കും.

 

ഉണക്കലരിയും തൊടികളില്‍ സുലഭമായി, പ്രകൃതി ഒരുക്കിയിരിക്കുന്ന പച്ചമരുന്നുകളും മതി കഞ്ഞി തയ്യാറാക്കാന്‍. കര്‍ക്കിടകത്തിലെ മരുന്നുകഞ്ഞി ആയൂര്‍വ്വേദത്തിന്‍റെ സംഭാവനയല്ല, മറിച്ച് തലമുറകളിലൂടെ കൈമാറിവന്ന നാട്ടുചികിത്സയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഓരോ ദേശത്തും മരുന്നുകഞ്ഞികള്‍ തയ്യാറാക്കുന്നത് വ്യത്യസ്തമായ രീതികളിലായിരിക്കും.
അത്താഴത്തിന്‍റെ സമയത്താണ് മരുന്നുകഞ്ഞി കഴിക്കാന്‍ ഏറ്റവും ഉത്തമമായ സമയം. മരുന്നുകഞ്ഞി കഴിക്കുന്ന കാലത്ത് മത്സ്യമാംസാദികളും ലഹരിയുടെ ഉപയോഗവും മൈഥുനവും ഒഴിവാക്കുന്നത് നല്ലതാണ്. ശാരീരിക അദ്ധ്വാനമികവും അവശ്യംതന്നെ.

 

മരുന്ന് കഞ്ഞി

 

ആവശ്യമുള്ള സാധനങ്ങള്‍

1. ചെറുകുറുന്തോട്ടി, ചെറൂള, മുക്കുറ്റി, മൂവില, ഓരില, വള്ളി ഉഴിഞ്ഞ, വയല്‍ചുള്ളി, പൂവാംകുരുന്നില, ആട്ടുകൊട്ടപ്പാല, കറും കുറിഞ്ഞി, നിലംപാല, കല്ലുരുക്കി, കൊടകന്‍ ഇല(മുത്തള്‍), നിലപ്പന, ചെറുകടലാടി, വന്‍കടലാടി, ആടലോടകം, കൃഷ്ണക്രാന്തി, കയ്യോന്നി, തഴുതാമ, മണിത്തക്കാളി, തൊട്ടാവാടി, ബലിക്കറുക, തിരുതാളി, കര്‍പ്പൂര തുളസി, മുയല്‍ചെവി തുടങ്ങിയ 42 ഇനം ചെടികളില്‍ ഏതെങ്കിലും 15 ഇനം ചെടികളുടെ ചാറ്.
2. ആശാളി, ഉലുവ, ജീരകം, കാട്ടുവട്ട്, ഉണക്കലരി.
3. കലിശത്തോല്, തെങ്ങിന്‍തോല്, കുടപ്പുള്ളി തോല്, പൂവരശിന്‍റെ തോല് ഇവ ചതച്ച് പിഴിഞ്ഞ നീര്.
4. അമുക്കുരം, വേദതാരം, മുത്തങ്ങ, കൊട്ടം, ഞെരിഞ്ഞല്‍ എന്നീ ഉണക്കമരുന്നുകള്‍ പൊടിച്ചത്.

 

 

 

തയ്യാറാക്കുന്ന വിധം

കാട്ടുവട്ട് പൊട്ടിച്ച് പരിപ്പെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ കുതിര്‍ത്ത് അരച്ചെടുക്കുക. അല്ലെങ്കില്‍ കാട്ടുവട്ടിന്‍റെ പരിപ്പ് വെള്ളത്തിലിട്ട് അരമണിക്കൂര്‍ വേവിച്ച ശേഷം അരച്ചെടുത്താലും മതി. പച്ചമരുന്നുകളും തോലുകളും നന്നായി ഇടിച്ച് ചതച്ച് വെള്ളം ചേര്‍ത്ത് രണ്ടുതവണ പിഴിഞ്ഞെടുക്കണം. ഒരു ലിറ്റര്‍ നീരെങ്കിലും ഇപ്രകാരം ഉണ്ടാക്കണം. ഒരു നാളികേരം ചിരകി ഇടപ്പാലും തലപ്പാവും എടുത്തുവയ്ക്കുക. തേങ്ങ പിഴിഞ്ഞതിന്‍റെ രണ്ടാമത്തെ പാലും ഇടിച്ചുപിഴിഞ്ഞ നീരും ആശാളി, ജീരകം, ഉലുവ (ഓരോ സ്പൂണ്‍ വീതം) ഇവയും മൂന്ന് ടേബിള്‍ സ്പൂണ്‍ ഉണക്കമരുന്നുകള്‍ പൊടിച്ചതും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ 650 ഗ്രാം ഉണക്കലരി കഴുകിയതുമിട്ട് വേവിക്കുക. അരി വെന്തുവരുന്നതിനുമുമ്പ് അരച്ചുവെച്ച കാട്ടുവട്ടിന്‍റെ പരിപ്പും ഒന്നാം പാലും ചേര്‍ത്ത് വാങ്ങുക. മരുന്നുകഞ്ഞി അത്താഴത്തിന് പകരമായി രാത്രി ഏഴുമണിക്ക് മുമ്പേ കഴിക്കുന്നതാണ് ഉത്തമം. ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് ചെറുചൂടോടെ വേണം കഞ്ഞി കുടിക്കാന്‍. സാധാരണയായി മാസം മുഴുവനും കഞ്ഞി കുടിക്കുകയാണ് പതിവ്. അതിന് കഴിയുന്നില്ലെങ്കില്‍ തുടര്‍ച്ചയായി ഏഴ് ദിവസമെങ്കിലും കഞ്ഞി കുടിക്കേണ്ടതാണ്. തുടര്‍ച്ചയായി കഴിക്കുന്നവര്‍ പച്ചമരുന്നുകള്‍ മാറിമാറി ഉപയോഗിക്കുന്നതും നല്ലതാണ്. ഉപ്പ് ആവശ്യമെങ്കില്‍ ഇന്തുപ്പ് ഉപയോഗിക്കുക.

 

പത്തിലക്കറി

 

കര്‍ക്കിടകമാസത്തില്‍ ഉച്ചയൂണിനൊപ്പം കഴിക്കാന്‍ പത്ത് ഇലകള്‍ ചേര്‍ന്ന പോഷകസമൃദ്ധവും ഔഷധഗുണമുള്ളതുമായ കറിയാണ് പത്തിലക്കറി.

 

ആവശ്യമുള്ള സാധനങ്ങള്‍

 

മത്തയില, കുമ്പളയില, പയറില, തഴുതാമ, ചേമ്പില, ചേനയില, ചീര, കൊടകന്‍ (മുത്തള്‍), വേലിച്ചീര, മണിത്തക്കാളിയില തുടങ്ങിയ പത്തിനം ഇലകള്‍ (മുരിങ്ങയില ഇക്കാലത്ത് ഉപയോഗിക്കാറില്ല) -1 കിലോഗ്രാം, നാളികേരം- ഒരു മുറി, പച്ചമുളക്- 5 എണ്ണം, ഇഞ്ചി- 50 ഗ്രാം
മഞ്ഞള്‍പൊടി, ഉപ്പ്, കറിവേപ്പില- ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

 

ഇലകള്‍ നന്നായി കഴുകി തോരന് അരിയുന്നതുപോലെ ചെറുതായി അരിയുക. അരിഞ്ഞ പച്ചമുളകും ഇഞ്ചിയും നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് അരിഞ്ഞ ഇലകളും, മഞ്ഞള്‍പൊടി, ഉപ്പ്, കറിവേപ്പില, ചിരകിയ നാളികേരം എന്നിവ ചേര്‍ത്ത് വേവിച്ച് വാങ്ങുക.

 

കര്‍ക്കിടക കഞ്ഞി

 

കര്‍ക്കിടകകഞ്ഞിയുടെ രീതികള്‍ പ്രാദേശികമായി വ്യത്യസ്തമായി കാണുന്നു.

 

 

 

1. ആശാളി, ഉലുവ, ജീരകം, അയമോദകം, വിഴാലരി, ഏലയ്ക്ക, ചുക്ക് എന്നിവ പൊടിച്ചുവയ്ക്കുക.
ഉണക്കലരിയിട്ട് വേവിക്കുക. പാതിവേവാകുമ്പോള്‍ ഈ പൊടി കുറച്ചിട്ട് വീണ്ടും നന്നായി വേവിക്കുക. വെന്തശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപയോഗിക്കുക, ആവശ്യാനുസരണം ഉപ്പും ചേര്‍ക്കാം. ഇതുതന്നെ ശര്‍ക്കര ചേര്‍ത്ത് മധുരരസമായും ഉപയോഗിക്കാവുന്നതാണ്.
2. ഉണക്കലരി, കുറുന്തോട്ടി, പൂവാം കുറുന്തല്‍, മുയല്‍ചെവി ഇവ സമൂലം ഇടിച്ചുപിഴിഞ്ഞ നീര്, ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കഞ്ഞിവയ്ക്കുക. പകുതി വേവാകുമ്പോള്‍ പച്ചകോലം ചൂര്‍ണ്ണം ചേര്‍ത്ത് വീണ്ടും വേവിക്കുക. വെന്തതിനുശേഷം തേങ്ങാപ്പാല്‍, ശര്‍ക്കര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഉപയോഗിക്കുക.
3. ഉണക്കലരിയും, ചുക്ക്, ആശാളി, ഉലുവ എന്നിവയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തതിനുശേഷം ജീരകം, തേങ്ങ ചിരകിയത്, മഞ്ഞള്‍പൊടി, കറിവേപ്പില ഇവ നന്നായി അരച്ച് തിളച്ചുകൊണ്ടിരിക്കുന്ന കഞ്ഞിയില്‍ ചേര്‍ത്ത് ഉടന്‍ വാങ്ങിവയ്ക്കുക. ഇതില്‍ പച്ചകോലം ചൂര്‍ണ്ണമോ, അഷ്ടചൂര്‍ണ്ണമോ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

 

മാംസരസം

 

സാധാരണയായി ആടിന്‍റെ മാംസം ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ശരീരപ്രകൃതിയും കാലാവസ്ഥയും അനുസരിച്ച് നാടന്‍ കോഴിയുടെയും താറാവിന്‍റെ മാംസവും ഉപയോഗിച്ച് ചെയ്യാറുണ്ട്. മലമ്പ്രദേശത്ത് ജീവിക്കുന്ന ആടിന്‍റെ മാംസമാണ് വര്‍ഷ ഋതുവില്‍ (കര്‍ക്കിടകത്തില്‍) പഥ്യമായിട്ടുള്ളത്. മാംസം (അസ്ഥിയില്ലാതെ) ഏകദേശം 250 ഗ്രാം നന്നായി കഴുകിയെടുക്കുക. ഇത് ഏകദേശം ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ പച്ചക്കോലം ചൂര്‍ണ്ണം ഏകദേശം 10-15 ഗ്രാം ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തശേഷം മാതളനാരകത്തിന്‍റെ നീര് ഏകദേശം 100 മില്ലീ ചേര്‍ത്ത് വാങ്ങി നന്നായി അരയ്ക്കുക. ഇത് അരിച്ചെടുത്ത് കായം, ജീരകം എന്നിവ നെയ്യില്‍വറുത്ത് സൂപ്പില്‍ ചേര്‍ത്ത് ഇന്തുപ്പ് കൂടി ചേര്‍ത്ത് ചെറുചൂടോടെ ഉപയോഗിക്കാം. രുചിക്കുവേണ്ടി ചുവന്നുള്ളിയും കറിവേപ്പിലയും കൂടി നെയ്യില്‍ വറുത്ത് ചേര്‍ത്തും ഉപയോഗിക്കാം. ഇത് ശരീരക്ഷീണത്തെ മാറ്റുന്നതും, അസ്ഥിക്ഷയത്തെയും മാംസക്ഷയത്തെയും ഇല്ലാതാക്കുന്നതിന് പുറമെ ക്ഷയരോഗികള്‍ക്കും അസുഖങ്ങള്‍ നിമിത്തം ശരീരം ക്ഷീണിച്ചിരിക്കുന്നവര്‍ക്കും വളരെ വിശേഷപ്പെട്ടതാകുന്നു.

 

ചെറുപയര്‍ സൂപ്പ്

 

60 ഗ്രാം ചെറുപയര്‍ നന്നായി കഴുകിയെടുക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി വേവിച്ച് പകുതിയായി വറ്റിക്കുക. തണുത്തതിനുശേഷം അരിച്ചെടുക്കുക. ഇതില്‍ മാതളനാരങ്ങയുടെ നീര് 100 മില്ലി, ഇന്തുപ്പ്, ചുക്ക്, ജീരകം, കൊത്തമല്ലി ഇവ 5 ഗ്രാം വീതവും ചേര്‍ക്കുക. ചെറിയ ചൂടോടെ ഉപയോഗിക്കാം. ഈ സൂപ്പും നെയ്യില്‍ ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ത്ത് ഉപയോഗിക്കാം. ഇത് വളരെയധികം പോഷക സമ്പുഷ്ടവും ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നതും പിത്തത്തെ ശമിപ്പിക്കുന്നതും ആകുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലുള്ള ഒരു സൂപ്പാണിത്.

 

ഗംഗാധരന്‍, തുറവൂര്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO