ടൊവിനോയുടെ പത്താം അവതാരം ‘കല്‍ക്കി’

കല്‍ക്കിയുടെ ഷൂട്ടിംഗിന് ആലുവയില്‍ തുടക്കം കുറിച്ചതു മുതല്‍ സെറ്റ് കവര്‍ ചെയ്യാനുള്ള തുറന്ന ക്ഷണം ആ ടീമിന്‍റെ ഭാഗത്തുനിന്നുണ്ടായത് അഭിനന്ദനീയമാണ്. ഇക്കാര്യത്തില്‍ സംവിധായകന്‍ പ്രവീണ്‍ പ്രഭാരത്തിന്‍റെയും നായകന്‍ ടൊവിനോ തോമസിന്‍റെയും നിറഞ്ഞ മനസ്സിനാകട്ടെ ആദ്യത്തെ... Read More

കല്‍ക്കിയുടെ ഷൂട്ടിംഗിന് ആലുവയില്‍ തുടക്കം കുറിച്ചതു മുതല്‍ സെറ്റ് കവര്‍ ചെയ്യാനുള്ള തുറന്ന ക്ഷണം ആ ടീമിന്‍റെ ഭാഗത്തുനിന്നുണ്ടായത് അഭിനന്ദനീയമാണ്. ഇക്കാര്യത്തില്‍ സംവിധായകന്‍ പ്രവീണ്‍ പ്രഭാരത്തിന്‍റെയും നായകന്‍ ടൊവിനോ തോമസിന്‍റെയും നിറഞ്ഞ മനസ്സിനാകട്ടെ ആദ്യത്തെ സല്യൂട്ട്.

 

അല്ലെങ്കിലും ടൊവിനോ എന്ന നടന്‍റെ കരിയര്‍ പരിശോധിച്ചാലറിയാം, അദ്ദേഹത്തിന്‍റെ സമീപനങ്ങളും നിലപാടുകളും എല്ലാക്കാലത്തും സുതാര്യവും സത്യസന്ധവുമായിരുന്നു. ടൊവിനോ തുടക്കത്തില്‍ എങ്ങനെയായിരുന്നോ അങ്ങനെതന്നെയാണ് ഇന്നും.

 

ചാന്‍സ് തേടി അലഞ്ഞ പഴയ ടൊവിനോയല്ല ഇന്ന്. മലയാള സിനിമയില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്ന നായകനാണ്. അദ്ദേഹത്തെ വെച്ചുള്ള ബിസിനസ്സുകള്‍ക്കും ഏറെ ഡിമാന്‍റുള്ള കാലമാണ്. ഒരു നല്ല അഭിനേതാവെന്ന നിലയിലും ടൊവിനോ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. എന്നിട്ടും തന്‍റെ വ്യക്തിത്വത്തെ അതേപടി നിലനിര്‍ത്താന്‍ കഴിയുന്നത് ഒരു കലാകാരനെന്ന നിലയില്‍ അദ്ദേഹത്തെ മഹത്വപ്പെടുത്തുന്നതേയുള്ളൂ.

 

ആരാധകരോടും മാധ്യമങ്ങളോടും ടൊവിനോ സ്വീകരിച്ചുപോരുന്ന നിലപാടുകളും മാതൃകാപരമാണ്.

 

ടൊവിനോയെ നമുക്ക് എന്താവശ്യത്തിനും വിളിക്കാം. അദ്ദേഹം തന്നെയാണ് ഫോണെടുക്കാറുള്ളത്. ഫോണെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചുവിളിക്കും. പറ്റുന്ന കാര്യങ്ങളാണെങ്കില്‍ ചെയ്തുതരും. അതിന് കഴിഞ്ഞില്ലെങ്കില്‍ തുറന്നുപറയും. ആരാധകരോടുള്ള അദ്ദേഹത്തിന്‍റെ സമീപനവുമതെ, ഒട്ടും നാട്യമല്ല.

 

 

ലൊക്കേഷനിലും ടൊവിനോ എല്ലാവര്‍ക്കും സര്‍വ്വസ്വീകാര്യനാണ്. സംവിധായകന്‍ തൊട്ട് ലൈറ്റ് ബോയി അടക്കമുള്ളവരോട് അദ്ദേഹം കറകളഞ്ഞ സൗഹൃദം പുലര്‍ത്താറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ ടൊവിനോയെ പെട്ടെന്ന് താരതമ്യപ്പെടുത്താന്‍ തോന്നുന്നത് നടന്‍ മോഹന്‍ലാലുമായിട്ടാണ്. ലാലും ഇത്തരം കാര്യങ്ങളില്‍ പുലര്‍ത്തുന്ന സമീപനം എക്കാലത്തെയും ഉദാത്ത മാതൃകയാണ്.

 

ഇന്ന് ഒരു പടം തുടങ്ങുന്നതിന് മുമ്പേ പത്രക്കാര്‍ക്കുനേരെ വാതില്‍ കൊട്ടിയടയ്ക്കുന്ന സമീപനമാണ് പൊതുവെയും ന്യൂജെന്‍ തലമുറ സ്വീകരിച്ചുവരുന്നത്. അവരെന്തോ അത്ഭുതസൃഷ്ടി നടത്തുന്നു എന്നാണ് അവകാശവാദം. അതിന്‍റെ പൊള്ളത്തരം എന്തുമായിക്കൊള്ളട്ടെ, തന്‍റെ സൃഷ്ടിയില്‍ ഉത്തമബോദ്ധ്യമുള്ള ഒരാള്‍ക്കും ഒന്നും ഒളിച്ചുവയ്ക്കേണ്ട ആവശ്യമില്ല. ആ ആത്മവിശ്വാസമില്ലായ്മയാണ് ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന വെല്ലുവിളിയും.

 

അവര്‍ക്കിടയിലാണ് ടൊവിനോ തോമസിനെയും പ്രവീണ്‍ പ്രഭാരത്തെയുംപോലുള്ളവര്‍ വ്യത്യസ്തരാകുന്നത്.

 

ജിതിന്‍ ലാല്‍, നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു, ടൊവിനോ, സംവിധായകന്‍ പ്രവീണ്‍ പ്രഭാരം, ഛായാഗ്രാഹകന്‍ ഗൗതം ശങ്കര്‍, സൂധീഷ്, തിരക്കഥാകൃത്ത് സുജിന്‍, പ്രൊഡ. എക്സിക്യൂട്ടീവ് സജീവ് ചന്ദിരൂര്‍, ടൊവിനോ മാനേജര്‍ ഹരി

ആലുവയില്‍ നിന്ന് കല്‍ക്കിയുടെ ലൊക്കേഷന്‍ തെങ്കാശിയിലേക്ക് മാറ്റിയ സമയം. സെറ്റ് കവറേജിന് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ടൊവിനോ രണ്ടുദിവസം അവിടെ ഇല്ലെന്നറിയുന്നത്. അതോടെ യാത്ര മുടങ്ങി.

 

ഇടയ്ക്കുവെച്ച് ഞങ്ങളും തിരക്കിലായി. ഒരിക്കല്‍ പി.ആര്‍.ഒ ദിനേശാണ് കല്‍ക്കി ടീം കൊല്ലത്തെത്തിയിട്ടുണ്ടെന്ന് പറയുന്നത്.
ടയ്ക്കുവെച്ച് ഞങ്ങളും തിരക്കിലായി. ഒരിക്കല്‍ പി.ആര്‍.ഒ ദിനേശാണ് കല്‍ക്കി ടീം കൊല്ലത്തെത്തിയിട്ടുണ്ടെന്ന് പറയുന്നത്.
ഹോം ടൗണില്‍ എത്തിയിട്ട്, അവരെ പോയി കണ്ടില്ലെന്നുവച്ചാല്‍ മര്യാദകേടാണ്.

 

കുണ്ടറ അലിന്‍ഡില്‍ ഷൂട്ടിംഗ് നടക്കുന്ന ദിവസം ഞങ്ങള്‍ അവിടെ പോയി. സംഘട്ടനരംഗമാണ് പകര്‍ത്തിക്കൊണ്ടിരിക്കുന്നത്. ടൊവിനോയും ഹരീഷ് ഉത്തമനുമാണ് രംഗത്ത്.

 

സംഘട്ടനത്തില്‍ വിയര്‍ത്ത്, മുഷിഞ്ഞുനാറിയ വേഷവിധാനങ്ങളില്‍ ടൊവിനോ. പോലീസ് യൂണിഫോമിലാണ്. ആ വേഷത്തില്‍ അയാളെ കാണാന്‍ കൂടുതല്‍ ഭംഗിയുള്ളതുപോലെ.

 

കയ്യില്‍ അഴുക്കുപുരണ്ടിരുന്നതുകൊണ്ട് ഞങ്ങളെ ഹസ്തദാനം ചെയ്യാന്‍ പോലും ടൊവിനോ മടിച്ചു. പക്ഷേ ഞങ്ങള്‍ ആ അഴുക്കുപുരണ്ട കൈകള്‍ കവര്‍ന്നു. ഹൃദയത്തിനേല്‍ക്കാത്ത എന്ത് അശുദ്ധിയാണ് കൈകളെ പൊതിയാന്‍ പോകുന്നത്?

 

ടൊവിനോയെ ഓഫീസിലേക്ക് ക്ഷണിച്ചു. അന്നുരാത്രി തന്നെ അദ്ദേഹത്തിന് എറണാകുളത്തെത്തണമായിരുന്നു. ഡബ്ബിംഗുണ്ട്. അടുത്ത തവണ വരുമ്പോള്‍ തീര്‍ച്ചയായും വരാമെന്ന് ടൊവിനോ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ടൊവിനോ ചോദിച്ചു.

 

‘പൊള്ളാച്ചിയിലേക്ക് വരില്ലേ?’
‘തീര്‍ച്ചയായും’
കൃത്യം പത്താം ദിവസം ഞങ്ങള്‍ കല്‍ക്കിയുടെ ലൊക്കേഷനിലെത്തി. പൊള്ളാച്ചി വരെ പോകേണ്ടി വന്നില്ല. പാലക്കാട്ടുള്ള അഹല്യാ ഹോസ്പിറ്റലിലായിരുന്നു അന്നത്തെ ഷൂട്ടിംഗ്.

 

കഴിഞ്ഞദിവസം രാത്രി വൈകിയാണ് ഷൂട്ടിംഗ് അവസാനിച്ചത്. അതുകൊണ്ട് ടൊവിനോ എത്തുമ്പോള്‍ വൈകുന്നേരം മൂന്നുമണി കഴിഞ്ഞിരുന്നു. വന്നപാടെ കാരവനിലേക്ക് കയറി. ഹോട്ടലില്‍നിന്നുതന്നെ മേക്കപ്പിട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഡ്രസ് ചെയിഞ്ചിംഗിനുള്ള സമയം മാത്രമേ എടുത്തുള്ളൂ. ബ്ലൂ ജീന്‍സും ബ്ലാക്ക് കോളര്‍ലെസ് ടീ ഷര്‍ട്ടുമിട്ട് ടൊവിനോ ഓടിക്കയറിയത് ഹോസ്പിറ്റലിന്‍റെ മൂന്നാമത്തെ നിലയിലെ ആഡിറ്റോറിയത്തിലേക്കാണ്. അത് നിറയെ വിദ്യാര്‍ത്ഥികളായിരുന്നു. അഹല്യയില്‍ പഠിക്കുന്ന വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലെ കുട്ടികളാണ്. അവരുമായി ഒരു തുറന്ന സംവാദം. നേരത്തെ പ്ലാന്‍ ചെയ്തിരുന്ന പരിപാടിയാണ്. ഇരുപത് മിനിട്ടുകൊണ്ട് പരിപാടി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഇതിനിടെ കുട്ടികള്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തു.

 

വീണ്ടും കാരവനിലേക്ക്. ഇത്തവണ വേഷം മാറി വന്നത് നാനയുടെ ക്യാമറയ്ക്ക് മുന്നിലേക്കാണ്.
കാക്കി പാന്‍റും കൈമുട്ടിന് മുകളില്‍ തെറുത്തുവച്ച ഗ്രേ കളര്‍ ഷര്‍ട്ടും. ഉറച്ച ശരീരപ്രകൃതി എന്ന് തോന്നിക്കുന്ന വേഷവിധാനം. മീശ ഇടയ്ക്കിടെ പിരിച്ച് മുകളിലേക്ക് വയ്ക്കുന്നുണ്ട്.

 

 

ഇത് ടൊവിനോയുടെ മൂന്നാമത്തെ പോലീസ് വേഷമല്ലേ?

അതെ. ആദ്യം എസ്ര. പിന്നെ തരംഗം. ഇപ്പോള്‍ കല്‍ക്കി.

 

ഈ പോലീസ് വേഷത്തിനുവേണ്ടി എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകള്‍?

വര്‍ക്കൗട്ടുകള്‍ നേരത്തെയുള്ളതാണ്. ആകെ ചെയ്തത് ഈ കഥാപാത്രത്തിനുവേണ്ടി ആറേഴ് കിലോ ശരീരഭാരം കൂട്ടിയെന്നതാണ്. കണ്ടാല്‍ ഒരു ദൃഢഗാത്രനാണെന്ന് തോന്നണമല്ലോ. ഇതില്‍ പ്രതിനായകനായി അഭിനയിക്കുന്ന ശിവജിത് പത്മനാഭന്‍ നല്ല ഫിസിക്കുള്ള ആളാണ്. അയാള്‍ക്കിട്ട് രണ്ട് കൊടുക്കാനെങ്കിലും കരുത്തുള്ള ആളാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നണ്ടേ.

 

ശക്തമായ പോലീസ് വേഷങ്ങള്‍, ആക്ഷന്‍ ചിത്രങ്ങള്‍ എന്നിവയിലൂടെയാണ് മിക്ക താരങ്ങളും അവരുടെ താരപദവി ഉറപ്പിച്ചിട്ടുള്ളത്. കല്‍ക്കി അതിനുള്ള ചവിട്ടുപടിയാണോ?

ഏയ്, അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നാണ് എപ്പോഴത്തെയും ആഗ്രഹം. അത് തെരഞ്ഞുപിടിച്ച് ചെയ്യാനും ശ്രദ്ധിച്ചിട്ടുണ്ട്.
പല ഇനങ്ങളില്‍പ്പെട്ട ചിത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. അപ്പോഴും ഒരു മാസ് സിനിമ എനിക്ക് അന്യമായിരുന്നു. അതിന് പറ്റിയ ഒരു കണ്ടന്‍റ് കിട്ടണമല്ലോ. കണ്ടന്‍റാണല്ലോ രാജാവ്. ‘തീവണ്ടി’ക്ക് മുമ്പ് പ്രവീണ്‍ എന്നോടൊരു സബ്ജക്ട് പറഞ്ഞു. ഇഷ്ടപ്പെട്ടപ്പോള്‍ ചെയ്യാമെന്നേറ്റു. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് അതിന് നല്ലൊരു തിരക്കഥാരൂപം കൈവന്നത്. തീര്‍ച്ചയായും കല്‍ക്കിയൊരു മാസ് എന്‍റര്‍ടെയ്നറാണ്.

 

സ്പോട്ട് എഡിറ്റര്‍ ലിനോയിയോടൊപ്പം സംവിധായകന്‍ പ്രവീണ്‍ പ്രഭാരം

സൗഹൃദങ്ങളുടെ സിനിമയാണ് കല്‍ക്കിയെന്ന് തൊട്ടുമുമ്പ് കുട്ടികളുമായി നടന്ന സംവാദത്തില്‍ ടൊവിനോ പറഞ്ഞിരുന്നല്ലോ. അതിനെക്കുറിച്ച് വ്യക്തമാക്കാമോ?

എ.ബി.സി.ഡിക്ക് ശേഷം ഞാന്‍ ചെയ്ത ചിത്രമായിരുന്നു സ്റ്റാറിംഗ് പൗര്‍ണ്ണമി. ആ പടത്തിന്‍റെ ചീഫ് അസോസിയേറ്റായിരുന്നു കല്‍ക്കിയുടെ സംവിധായകന്‍ പ്രവീണ്‍ പ്രഭാരം. അതിനുശേഷം കൂതറയിലേക്ക് എത്തുമ്പോള്‍ പ്രവീണ്‍ തന്നെയായിരുന്നു ആ സിനിമയുടെയും ചീഫ്. കൂതറയുടെ സംവിധായകന്‍ ശ്രീനാഥും പിന്നീട് ഞാന്‍ തന്നെ നായകനായ തീവണ്ടിയുടെ ഡയറക്ടര്‍ ഫെലീനിയും പ്രവീണുമൊക്കെ ഒരുമിച്ച് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരാണ്. ക്യാമറാമാന്‍ ഗൗതം ശങ്കര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍, ആര്‍ട്ട് ഡയറക്ടര്‍ സുഭാഷ്, മേക്കപ്പ്മാന്‍ ഹസന്‍ വണ്ടൂര്‍ ഇവരൊക്കെ എന്നോടൊപ്പം തൊട്ടുമുമ്പുള്ള സിനിമകളിലും സഹകരിച്ചിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ കല്‍ക്കിയിലേക്ക് എത്തുമ്പോള്‍ എനിക്കതൊരു പുതിയ സിനിമയാണെന്ന് അനുഭവമില്ല. മുമ്പ് ചെയ്ത സിനിമകളുടെ ഒരു എക്സ്റ്റന്‍ഷന്‍ മാത്രം.

 

 

തീവണ്ടിയില്‍ എന്നോടൊപ്പം അഭിനയിച്ച സുധീഷേട്ടനും സൈജുക്കുറുപ്പും അനീഷുമൊക്കെ ഈ ചിത്രത്തിലുമുണ്ട്.

 

കല്‍ക്കിയുടെ നിര്‍മ്മാതാക്കളിലൊരാളായ പ്രശോഭിനെയും എനിക്ക് നേരത്തെ അറിയാം. എന്ന് നിന്‍റെ മൊയ്തീന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തുതന്നെയാണ് പ്രശോഭ് നിര്‍മ്മിച്ച കുഞ്ഞിരാമായണത്തിന്‍റെയും ചിത്രീകരണം കൊല്ലങ്കോട് നടക്കുന്നത്. അന്ന് ഞങ്ങള്‍ പരിചയപ്പെട്ടതാണ്. പിന്നീട് പ്രശോഭ് ഗോദയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായി. ഇപ്പോള്‍ ഈ സിനിമയും സുവിനോടൊപ്പം ചേര്‍ന്ന് പ്രശോഭ് നിര്‍മ്മിക്കുന്നു.

 

തീവണ്ടിയിലെ നായിക സംയുക്താമേനോനാണ് ഈ ചിത്രത്തിലും എന്‍റെ ജോഡി. ആകെയൊരു വ്യത്യാസം ഇതിലൊരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്.

 

ചുരുക്കത്തില്‍ എവിടെത്തിരിഞ്ഞാലും പരിചയ മുഖങ്ങളും സൗഹൃദങ്ങളുമാണ്. അതുകൊണ്ടാണ് ഇത് സൗഹൃദങ്ങളുടെ സിനിമയെന്ന് ഞാന്‍ വിശേഷിപ്പിച്ചത്.

 

ഫോട്ടോഷൂട്ടിന് പിന്നാലെ ടൊവിനോ നടന്നുകയറിയത് കഥാപാത്രങ്ങളുടെ കയറ്റിറക്കങ്ങളിലേക്കാണ്….

 

രാഷ്ട്രീയ അഴിമതിയില്‍ മുങ്ങിക്കുളിച്ച നഞ്ചന്‍ കോട്ട എന്ന സ്ഥലത്തേയ്ക്ക് പോസ്റ്റിംഗുമായി എത്തുന്ന ചെറുപ്പക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍. നഞ്ചന്‍ കോട്ടയെ പഴയ പ്രതാപത്തിലെത്തിക്കാന്‍ അയാള്‍ നടത്തുന്ന സാഹസിക ശ്രമങ്ങളാണ് കല്‍ക്കിയുടെ പ്രമേയം.

 

വൈകാരിക മുഹൂര്‍ത്തങ്ങളെ അതിനെക്കാള്‍ സ്തോഭാത്മകമായ സംഘട്ടനരംഗങ്ങള്‍ കൊണ്ട് വരിഞ്ഞുമുറുക്കിയിടുന്നതാണ് പ്രവീണിന്‍റെ മേക്കിംഗ് സ്റ്റൈല്‍. കാത്തിരിക്കാം ആ പുതുമയ്ക്കുവേണ്ടി.

തയ്യാറാക്കിയത് : കെ.സുരേഷ്
Show Less

No comments Yet

SLIDESHOW

LATEST VIDEO