പൂമരത്തെക്കുറിച്ച് കാളിദാസ് ജയറാം

പൂമരം ഈ കഴിഞ്ഞ ഓണക്കാലത്ത് പൂക്കും... പുഷ്പിക്കും... കായ്ക്കും എന്നൊക്കെയാണ് നമ്മള്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. എന്നാല്‍ പൂമരം നാളെ (മാര്‍ച്ച് 15) എത്തുകയാണ് . എന്തുകൊണ്ടാണ് പൂമരം പ്രസക്തമാകുന്നതെന്ന് ചോദിച്ചാല്‍ അത് നടന്‍ ജയറാമിന്‍റെയും നടി... Read More

പൂമരം ഈ കഴിഞ്ഞ ഓണക്കാലത്ത് പൂക്കും… പുഷ്പിക്കും… കായ്ക്കും എന്നൊക്കെയാണ് നമ്മള്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. എന്നാല്‍ പൂമരം നാളെ (മാര്‍ച്ച് 15) എത്തുകയാണ് . എന്തുകൊണ്ടാണ് പൂമരം പ്രസക്തമാകുന്നതെന്ന് ചോദിച്ചാല്‍ അത് നടന്‍ ജയറാമിന്‍റെയും നടി പാര്‍വ്വതിയുടെയും മകന്‍ കാളിദാസ് മലയാളത്തില്‍ ആദ്യമായി നായകനായി അഭിനയിക്കുന്നുവെന്നതുകൊണ്ടു തന്നെ.

 

 

പൂമരത്തെക്കുറിച്ച് കാളിദാസനോട് ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു ‘പൂമരത്തില്‍ ഞാന്‍ നായകനൊന്നുമല്ല കേട്ടൊ, പൂമരത്തിലെ ഹീറോ എന്നുപറയുന്നത് കഥയാണ്’.
പൂമരത്തിന്‍റെ വിശേഷങ്ങള്‍ കൂടുതലായി ചോദിക്കുമ്പോഴും കാളിദാസ് പറയുന്ന ഒരു കാര്യമുണ്ട്.
‘ഏതൊരു സിനിമയെക്കുറിച്ചും എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. ഇതൊരു ഡിഫറന്‍റ് സിനിമയായിരിക്കും. അത് ഞാന്‍ ഒരിക്കലും പറയില്ല. ഡിഫറന്‍റ് എന്നതിലുപരിയായി എനിക്ക് ഈ സിനിമയെക്കുറിച്ച് പറയാന്‍ കഴിയുന്ന ഒരു കാര്യം പ്രേക്ഷകര്‍ക്ക് കൂടുതലായി ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും. എനിക്ക് അതാണ് ഉറപ്പായി പറയാന്‍ കഴിയുന്നത്. ഈ സിനിമയുടെ കഥ ആദ്യമായി ഞാന്‍ കേള്‍ക്കുമ്പോഴും എനിക്ക് തോന്നിയത് അതായിരുന്നു. നമ്മള്‍ തിയേറ്ററില്‍ പോയി ഇരുന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതും വളരെ സിംപിളായിട്ടുള്ളതുമായ ഒരു സിനിമയായിരിക്കും പൂമരം. സ്റ്റുഡന്‍റ്സിന്‍റെ ഇമോഷന്‍സും അവരുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങളും പറഞ്ഞുപോകുന്ന ഒരു നല്ല സിനിമയായിരിക്കും ഇത്.’

‘കാളിദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരെന്താണ്, അതൊന്ന് പറയാമോ?’
‘സോറി, കഥാപാത്രത്തിന്‍റെ പേര് പറയാന്‍ കഴിയില്ല.’

‘അതെന്തുകൊണ്ടാണ്? സസ്പെന്‍സ് എന്തെങ്കിലുമുണ്ടോ?’
‘സസ്പെന്‍സ്…, പ്രത്യേകിച്ചൊന്നുമില്ല. പക്ഷേ, എന്‍റെ കഥാപാത്രത്തിന്‍റെ പേര് ആദ്യമായി കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേകതയും കൗതുകവും ഒക്കെയുണ്ട്. ആ കൗതുകം സിനിമ കാണുമ്പോള്‍ അനുഭവിക്കുന്നത് തന്നെയായിരിക്കും നല്ലത്.’

‘എറണാകുളത്തെ മഹാരാജാസ് കോളേജും യൂത്ത് ഫെസ്റ്റിവലും ഒക്കെയാണല്ലോ പശ്ചാത്തലം. കാളിദാസും അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു സ്റ്റുഡന്‍റാണെന്ന് വിശ്വസിക്കട്ടെ?’
‘തീര്‍ച്ചയായും. ഞാന്‍ മഹാരാജാസ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിയാണ്. അവന്‍റെ കോളേജ് ലൈഫും കുടുംബവും ഒക്കെ തന്നെയാണ് ഈ സിനിമ.’

‘കാമ്പസ് പ്രണയവും കോളേജ് രാഷ്ട്രീയവും ഒക്കെ സീനുകളുമായി വരുന്നുണ്ടോ?’
‘രാഷ്ട്രീയവും പ്രണയവും ഒക്കെയുണ്ട്. പക്ഷേ, പ്രണയം പറയാതെ പറഞ്ഞുപോകുന്ന ഒരു മൂഡാണ് ഈ സിനിമയില്‍ ഞാനും ഒരു ഭാഗമാകുന്നു. മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും ഇംപോര്‍ട്ടന്‍റ്സ് ഉണ്ടുതാനും.’

 

 

‘ഈ സിനിമയിലേയ്ക്ക് കാളിദാസിന് ക്ഷണം കിട്ടിയത് എങ്ങനെയാണ്?’
എബ്രിഡ് ഷൈനാണല്ലോ ഈ സിനിമയുടെ സംവിധായകന്‍. ഷൈന്‍ ചേട്ടനെ എനിക്ക് മുന്‍പെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമ എനിക്കിഷ്ടപ്പെട്ടപ്പോള്‍ അഭിനന്ദനമറിയിക്കാന്‍ ഞാന്‍ ഫോണ്‍ ചെയ്തിരുന്നു. പല പോലീസ് സിനിമകളും കണ്ടിട്ടുണ്ടെങ്കിലും ഇത് വളരെ വ്യത്യസ്തമായി തോന്നി. ഫോണ്‍ കട്ട് ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഷൈന്‍ ചേട്ടന്‍ എന്നെ തിരിച്ചുവിളിച്ചു. എന്നിട്ട് എന്‍റെ കയ്യില്‍ ഒരു കഥയുണ്ട് നീ കേള്‍ക്കുമോയെന്ന് ചോദിച്ചു. ഞാന്‍ കേള്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ കഥയുടെ ഒരു ഐഡിയ ഫോണിലൂടെ പറഞ്ഞുകേള്‍പ്പിച്ചു. ഞാന്‍ ഭയങ്കര എക്സൈറ്റഡായി.
നീ നിന്‍റെ വര്‍ക്കുമായി മുന്നോട്ടുപൊയ്ക്കൊള്ളു. ഇതിന്‍റെ സ്ക്രിപ്റ്റൊക്കെ റെഡിയാകുമ്പോള്‍ ഞാന്‍ വിളിക്കാമെന്നും പറഞ്ഞാണ് അന്ന് ഞങ്ങള്‍ സംഭാഷണം അവസാനിപ്പിച്ചത്. പിന്നീട് നാലഞ്ച് മാസം കൂടി കഴിഞ്ഞപ്പോഴാണ് ഷൈന്‍ ചേട്ടന്‍റെ കാള്‍ എനിക്ക് വരുന്നത്.

‘ഓക്കെ…’ അച്ഛനും അമ്മയും ഈ കഥ അന്ന് കേട്ടിരുന്നോ?’
‘ഇല്ല. ഷൈന്‍ ചേട്ടന്‍ അവരോട് പറഞ്ഞതൊന്നുമില്ല. ഞാനാണ് അച്ഛനോടും അമ്മയോടും കഥ പറഞ്ഞത്.’

അച്ഛന്‍റെയും അമ്മയുടെയും നിര്‍ദ്ദേശങ്ങള്‍ സിനിമയുടെ കാര്യത്തില്‍ ഉണ്ടാകാറുണ്ടോ?
ഇല്ല. അങ്ങനെ വലിയ ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പിന്നെ, അച്ഛന്‍ ഒരു കാര്യം പറഞ്ഞു. ‘നമ്മുടെ മനസ്സില്‍ കറക്ട് എന്ന് തോന്നുന്നത് ചെയ്യുക. ആ സമയത്ത് എന്താണോ കറക്ടെന്ന് തോന്നുന്നത്, അത് ചെയ്യുക. അല്ലാതെ ഒരുപാട് ആലോചിച്ചുനിന്നിട്ട് കാര്യമില്ല. ഒരു പുതിയ സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ ആ സമയത്ത് അതിഷ്ടപ്പെടുന്നുവെങ്കില്‍ ഓക്കെ പറയുക. ആ രീതിയില്‍ ഒരു അഡ്വൈസ് അച്ഛന്‍ എനിക്ക് തന്നിട്ടുണ്ട്. സിനിമാസെറ്റിലുമൊന്നും ആര്‍ക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് അമ്മ പറഞ്ഞിരുന്നു.’

 

 

‘ഒരു പ്രൊഡ്യൂസറോട്, ഒരു ഡയറക്ടറോട് അല്ലെങ്കില്‍ സഹപ്രവര്‍ത്തകരോടൊക്കെ എങ്ങനെ പെരുമാറണം എന്നൊക്കെ പറഞ്ഞുതന്നിരുന്നോ?’
‘അതിപ്പോള്‍ നമ്മുടെ കണ്‍മുമ്പില്‍ തന്നെയുണ്ടല്ലോ എക്സാമ്പിള്‍. ഞാനതെല്ലാം സ്ഥിരമായി കാണുന്നതാണ്. അതില്‍ നിന്നും നമ്മള്‍ കുറെ പഠിക്കും.’
‘മലയാളസിനിമയില്‍ നായകനാകും മുമ്പേ തമിഴ് സിനിമയില്‍ അഭിനയിച്ചുവല്ലോ?’
‘സ്ക്കൂളിലും കോളേജിലും ഞാന്‍ ചില മിമിക്രികളൊക്കെ കാണിക്കുമായിരുന്നു. എന്നാല്‍,സ്റ്റാര്‍ വിജയ്യിലെ സ്റ്റാര്‍ ഷോയില്‍ ഞാന്‍ ചെയ്ത മിമിക്രി ടി.വി ചാനലില്‍ വരികയുണ്ടായി. അത് കണ്ടിട്ടായിരുന്നു സിനിമയിലേക്ക് ക്ഷണം കിട്ടിയത്.’

‘ഇപ്പോഴത്തെ സിനിമകളെക്കുറിച്ച് പൊതുവെ എന്തുപറയാനുണ്ട്?’
ഇപ്പോഴിറങ്ങുന്ന മിക്ക സിനിമകളുടെയും ക്വാളിറ്റി വളരെ ഹൈ ആണ്. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്.

ജി.കൃഷ്ണന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO