മല്‍ഹാറിന്‍റെ കന്നി ഓണനിറവില്‍ ശബരിനാഥനും ദിവ്യാഅയ്യരും

ഭാരതീയ ശാസ്ത്രീയ സംഗീതശാഖയിലെ ഏറെ സവിശേഷമായ ഒരു രാഗമാണ് 'മേഘമല്‍ഹാര്‍.' അത്ഭുതശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ രാഗം മനസ്സിരുത്തി പാടിയാല്‍ മഴ പെയ്യുമെന്നും, പെയ്തിട്ടുണ്ടെന്നു മാണ് പറയപ്പെടുന്നത്. അതെന്തായാലും മല്‍ഹാര്‍ രാഗം ആലപിച്ചു കേട്ടാല്‍ അനുവാചക... Read More

ഭാരതീയ ശാസ്ത്രീയ സംഗീതശാഖയിലെ ഏറെ സവിശേഷമായ ഒരു രാഗമാണ് ‘മേഘമല്‍ഹാര്‍.’ അത്ഭുതശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ രാഗം മനസ്സിരുത്തി പാടിയാല്‍ മഴ പെയ്യുമെന്നും, പെയ്തിട്ടുണ്ടെന്നു മാണ് പറയപ്പെടുന്നത്. അതെന്തായാലും മല്‍ഹാര്‍ രാഗം ആലപിച്ചു കേട്ടാല്‍ അനുവാചക മനസ്സുകളി ല്‍ കുളിര്‍മഴ പെയ്യുന്ന അനുഭൂതിയുണ്ടാകും എന്നുള്ള കാര്യം ഉറപ്പ്. അരുവിക്കര എം.എല്‍.എ കെ.എസ്. ശബരിനാഥന്‍റെയും മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി ഡയറക്ടര്‍ ഡോ. ദിവ്യാ അയ്യര്‍ ഐ.എ.എസിന്‍റെയും ജീവിതത്തിലേക്ക് അങ്ങനൊരു കുളിര്‍മഴ പെയ്തിറങ്ങിയ ദിവസമായി രുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പത്. 2017 ജൂണ്‍ 9 ന് തക്കല കുമാര കോവില്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായ ശബരിയുടെയും ദിവ്യയുടെയും ജീവിതത്തിലേക്ക് ഒരു സുന്ദരക്കുട്ടന്‍ കുളിര്‍മഴ യായി കടന്നുവന്ന ദിവസം. അതുകൊണ്ടു തന്നെ അവരവന് ‘മല്‍ഹാര്‍’ എന്ന് പേരുമിട്ടു. കുഞ്ഞു മല്‍ഹാറിന്‍റെ ആദ്യ ഓണമാണിത്. അത് കെങ്കേമ മായി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ ഈ പ്രഥമ രാഷ്ട്രീയ- ബ്യൂറോക്രാറ്റ് ദമ്പതികള്‍.

 

 

എല്ലാം ഓരോരോ നിയോഗങ്ങള്‍

 

കേരള രാഷ്ട്രീയത്തിന് ഏറെ സുപരിചിതനും, ഒരു തലമുറയുടെ തന്നെ റോള്‍മോഡലും ഒക്കെയായിരുന്നല്ലോ ജി. കാര്‍ത്തികേയന്‍. രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ക്ക് ഏറെ വില കല്‍പ്പിച്ച മനുഷ്യന്‍. സംസ്ഥാനമന്ത്രിയും നിയമസഭാ സ്പീക്കറുമൊക്കെയായിരുന്ന ആ നല്ല മനുഷ്യന്‍റെ യും സുലേഖ ടീച്ചറുടെയും മകന്‍ ശബരിനാഥന്‍ പിറന്നു വീണത് രാഷ്ട്രീയത്തിന്‍റെ മടിത്തട്ടിലാണെ ങ്കിലും അതില്‍ നിന്നും അകന്നുമാറിയുള്ള ഒരു ജീവിതമാണ് ശബരി തെരഞ്ഞെടുത്തത്. ടാറ്റാ ഗ്രൂപ്പിലെ ആകര്‍ഷണീയമായ ഉയര്‍ന്ന ഉദ്യോഗം വേണ്ടെന്നുവെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയത് അച്ഛന്‍റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു. അതൊ രു നിയോഗമായിരുന്നു. ഇന്നാര്‍ക്ക് ഇന്നാരെന്ന് ദൈവം എഴുതിവച്ചിട്ടുണ്ടെന്നുള്ള തമിഴ്പാട്ടിന് അടിവരയിടും വിധം ദിവ്യാ അയ്യരുടെ ഭര്‍ത്താ വാകാനുള്ള നിയോഗം. 2016 ലെ തെരഞ്ഞെടുപ്പ് ഫലം ശബരിനാഥന് അനുകൂലമായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, ശബരിനാഥന്‍ എന്ന രാഷ്ട്രീയക്കാരന്‍ ഡോ. ദിവ്യാ അയ്യര്‍ എന്ന ഐ.എ.എസുകാരിയെ പരിചയപ്പെടുകയോ, പരസ്പരം ഇഷ്ടപ്പെടുകയോ, വിവാഹിതരാവുകയോ ചെയ്യുമായിരുന്നില്ല.

 

എന്നാല്‍ തിരുവനന്തപുരം പാല്‍ക്കുളങ്ങര ‘ശ്രീചക്ര’യില്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥന്‍ ശേഷ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകള്‍ ദിവ്യാ അയ്യരുടെ നിയോഗവഴി മറ്റൊന്നായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ദിവ്യ ന്യൂറോ സര്‍ജറിയില്‍ അഞ്ചുവര്‍ഷകോഴ്സിന് പ്രവേശനം നേടി, ഒരുവര്‍ഷം പഠനം പൂര്‍ത്തിയാക്കി യതുമായിരുന്നു. അപ്പോഴാണ് ഐ.എ.എസ് എന്ന ബാല്യകാല മോഹം തലയ്ക്കുപിടിച്ചത്. പിന്നെ അച്ഛനുമായുള്ള കൂടിയാലോചന. മകളുടെ ഒരാ ഗ്രഹത്തിനും എതിരുപറയാത്ത അച്ഛന്‍ ഇതിനും പച്ചക്കൊടി കാട്ടിയപ്പോള്‍ ന്യൂറോ സര്‍ജറി പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് ഐ.എ.എസ് പഠനത്തിലേക്ക് തിരിഞ്ഞു.

 

ശബരി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വനം വകുപ്പുമന്ത്രി കെ. രാജു തിരുവനന്തപുരം കളക്ട്രേറ്റില്‍ ഒരു മീറ്റിംഗ് വിളിച്ചു. എന്‍റെ മണ്ഡലമായ അരുവിക്കര ഒരു വന്യജീവി മേഖലയായതിനാല്‍, എം.എല്‍.എ എന്നുള്ള നിലയില്‍ സ്വാഭാവികമായും ഞാനും ആ മീറ്റിംഗില്‍ പങ്കെടുത്തു. സബ്കളക്ടര്‍ എന്ന നിലയില്‍ ദിവ്യയും മീറ്റിംഗിനുണ്ടായിരുന്നു. അവിടെ വെച്ചാണ് ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുന്നതും, പരസ്പരം പരിചയപ്പെട്ടതും. പിന്നീടത് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.

 

ജന്മസ്ഥലത്ത് സബ്കളക്ടറായി വന്നതാണെല്ലോ എല്ലാറ്റിനും കാരണം. അതൊരു അത്യപൂര്‍വ്വ സംഭവമാണോ?

 

ദിവ്യ: അതെ. അത് വളരെ അപൂര്‍വ്വമാണെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ കിട്ടുമെന്ന് ഒരിക്കല്‍ പ്പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എവിടെ കിട്ടിയാ ലും അവിടെ മുഴുവന്‍ മനസ്സോടും കൂടി പ്രവര്‍ത്തിക്കാം എന്നുള്ള ഒരു മനഃസ്ഥിതിയിലാണ് പരീക്ഷ എഴുതു ന്നത്. റാങ്ക് കിട്ടുമ്പോഴും അത്രമാത്രമേ നമുക്കറിയുക യുള്ളു. അങ്ങനെ വരുമ്പോള്‍ ഹോം കേഡറില്‍ കിട്ടുക എന്നുള്ളത് പൊതുവെ വിലപ്പെട്ട കാര്യമാണ്.

 

അതുകൊണ്ടാണോ ഇത് സംഭവിച്ചത്?

 

(അടുത്തിരുന്ന ശബരിനാഥനെ നോക്കി അത് ചോദിച്ചപ്പോള്‍ അടക്കാനാകാത്ത ചിരിയോടെ ഭര്‍ത്താവിനെ നോക്കി ദിവ്യ പറഞ്ഞു.)
ദിവ്യ: തീര്‍ച്ചയായും. അല്ലെങ്കില്‍ ഇത് സംഭവിക്കി ല്ലായിരുന്നു.

 

ശബരി: കൊള്ളാവുന്ന ഒരു അയ്യരെ കെട്ടി സുഖമായി ജീവിക്കാമായിരുന്നു…

 

ദിവ്യ: (ചിരിയടക്കാനാകാതെ) അങ്ങനെയായിരുന്നെങ്കില്‍ ഇത്രയും നല്ലൊരു ജീവിതപങ്കാളിയെ എനിക്ക് കിട്ടില്ലായിരുന്നു. പിന്നെ എല്ലാം ഒരു നിയോഗമാണ്. അല്ലെങ്കില്‍ ഇവിടെ പോസ്റ്റിംഗ് കിട്ടണമായിരുന്നോ.

 

രണ്ടുപേരും രണ്ട് വ്യത്യസ്ത ആചാരക്രമങ്ങളില്‍ പ്പെട്ടവരാണല്ലോ. ആ വ്യത്യസ്തത വീട്ടുകാരുടെ ഇഷ്ടക്കേടിന് കാരണമായോ ?

 

ശബരി: ഞങ്ങള്‍ രണ്ടുപേരും ഒരേ വേവ് ലെംഗ് ത്തുള്ളവരാണ്. വിവാഹത്തെക്കുറിച്ച് സ്വതന്ത്രമായി തീരുമാനം എടുക്കണമെന്നാഗ്രഹിച്ചിരുന്ന രണ്ട് വ്യക്തികളാണ് ഞങ്ങള്‍. വീട്ടുകാര്‍ പറയുന്നവരെ മാത്രം വിവാഹം കഴിക്കുന്നതിനോട് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും യോജിപ്പുണ്ടായിരുന്നില്ല. പിന്നെ, ഇങ്ങനൊരു കാര്യം പറഞ്ഞപ്പോള്‍ രണ്ടുപേരുടെ യും വീട്ടുകാരുടെ ഭാഗത്തുനിന്നും എതിര്‍പ്പൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല അവര്‍ പ്രോത്സാഹിപ്പിക്കു കയും ചെയ്തു.

 

രാഷ്ട്രീയവും ബ്യൂറോക്രസിയും രണ്ട് വ്യത്യസ്ത ധ്രുവങ്ങളാണല്ലോ ?

 

ദിവ്യ: രാഷ്ട്രീയവും ബ്യൂറോക്രസിയും രണ്ട് വ്യത്യസ്ത ധ്രുവങ്ങളാണെന്ന് എനിക്ക് തോന്നിയി ട്ടില്ല. ഔദ്യോഗിക തലത്തില്‍ എം.എല്‍.എ ശബരിനാഥനും സബ്കളക്ടര്‍ ദിവ്യാഅയ്യരും ഒരേ ദിശയിലായിരുന്നു. ജനങ്ങളുടെ തലത്തില്‍. പൊതുജനസേവനം പ്രയോറിറ്റിയാക്കി വച്ചിരിക്കു ന്ന രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ കുറേക്കൂടി കൂടുതലായി പരസ്പരം മനസ്സിലാക്കുവാന്‍ കഴിയും.

 

ശബരിനാഥന്‍ എന്ന ഭര്‍ത്താവിന്‍റെ ജനസേവനത്തിന്‍റെ നടത്തിപ്പും ദിവ്യാ അയ്യര്‍ എന്ന ഭാര്യയുടെ ജനസേവനത്തിന്‍റെ നടത്തിപ്പും രണ്ട് തരത്തിലല്ലെ ?

 

ദിവ്യ: ഒരു രാഷ്ട്രീയ നേതാവ് എന്ന അച്ചില്‍ മാത്രം ഒതുക്കാവുന്ന വ്യക്തിത്വമാണ് ശബരിക്കുള്ള ത് എന്ന് എനിക്ക് തോന്നുന്നില്ല. രാഷ്ട്രീയത്തില്‍ വരുന്നതിനു മുമ്പ് പഠിച്ചിട്ടുള്ള കാര്യങ്ങളായാലും, വര്‍ക്ക് എക്സ്പീരിയന്‍സായാലും അതിന്‍റെയൊ ക്കെ ഒരു സ്വാധീനം ശബരിയുടെ വര്‍ക്ക് സൈഡിലു ണ്ട്. അതുകൊണ്ടു തന്നെ ഞങ്ങള്‍ രണ്ടു പേരും വളരെ ആരോഗ്യകരമായിട്ടുള്ള ആശയക്കൈമാറ്റ ങ്ങള്‍ പരസ്പരം നടത്താറുണ്ട്.

 

 

ജന്മനായുള്ള സ്വഭാവപൊരുത്തക്കേടുകള്‍ ?

 

ശബരി: എത്രമാത്രം പരസ്പരം മനസ്സിലാക്കി വിവാഹം കഴിച്ചവരായാലും രാഷ്ട്രീയക്കാരനും ഐ.എ.എസുകാരിയും രണ്ട് വ്യത്യസ്ത വ്യക്തിത്വ ങ്ങളല്ലെ. അപ്പോള്‍ സ്വാഭാവികമായും നല്ല സ്നേഹ മുള്ള സമയങ്ങള്‍ കാണും. (ചിരിച്ചു കൊണ്ട്) മുട്ടന്‍ വഴക്കുണ്ടാകുന്ന അവസരങ്ങളും കാണും. അതൊ ക്കെ എല്ലാ ബന്ധത്തിലുമുണ്ടാകും… നമ്മുടെയൊ ക്കെ എല്ലാ വീട്ടിലെയുംപോലെ തന്നെയാണി വിടെയും.

 

ദിവ്യ: അടിസ്ഥാനപരമായ കാഴ്ചപ്പാട് എന്നു പറയുന്നത് ഞങ്ങള്‍ തമ്മില്‍ നല്ല ഒരു പൊരുത്ത മുണ്ട്. അങ്ങനെ പൊരുത്തമില്ലാത്ത കാര്യങ്ങള്‍ തുറന്നമനസ്സോടെ അംഗീകരിക്കുവാനുള്ള വിശാല തയുമുണ്ട്.

 

ശബരി: ഞങ്ങളുടെ രണ്ടുപേരുടെയും തിരക്കുകള്‍ രണ്ടുപേര്‍ക്കുമറിയാം. അതാണ് കാര്യങ്ങള്‍ കൂടുതല്‍ രമ്യമായി കൊണ്ടുപോകാന്‍ ഞങ്ങളെ സഹായിക്കുന്നത്.

 

ഐ.എ.എസിനോട് താല്‍പ്പര്യം തോന്നാന്‍ എന്താണ് കാരണം?

 

ദിവ്യ: കൊച്ചുന്നാള്‍ മുതലേയുള്ള ഒരഭിലാഷമായിരുന്നു ഐ.എ.എസ്. ആ പ്രായത്തില്‍ കണ്ട ഐ.എ.എസുകാരില്‍ നിന്നൊക്കെ ഒരുപാട് പ്രചോദനം ലഭിച്ചിട്ടുമുണ്ട്. ബാബുപോള്‍ സാറായിരുന്നു റോള്‍മോഡല്‍. സാറിനെ ആദ്യമായി കാണുകയും, അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കുകയും, അദ്ദേഹത്തില്‍ നിന്നും ഒരവാര്‍ഡ് വാങ്ങുകയും ചെയ്ത അവസരത്തിലാണ് ഇങ്ങനൊരാഗ്രഹം ആദ്യമായി മനസ്സില്‍ ഉടലെടുത്തത്. പിന്നെ അതെന്താണെന്ന് കണ്ടുപിടിച്ച് പതുക്കെ പതുക്കെ നീങ്ങുകയായിരുന്നു.

 

പൊതുവേ എം.ബി.ബി.എസിനുശേഷം ഐ.എ.എസിലേക്ക് പോകുന്ന പ്രവണത കൂടി വരികയാണല്ലോ. എന്താണതിന് കാരണം?

 

ദിവ്യ: ഇപ്പോള്‍ അങ്ങനൊരവസരം യു.പി.എസ്.സി തുറന്നു തന്നിട്ടുണ്ട് എന്നുള്ളതാണ് പ്രധാനം. പണ്ടൊക്കെ മെഡിക്കല്‍ വിഷയം ഐ.എ.എസ്സിന്‍റെ പരീക്ഷയില്‍ ഐച്ഛികവിഷയമായി ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ യു.പി.എസ്.സി ഡോക്ടര്‍മാര്‍ക്കും വാതില്‍ തുറന്നിരിക്കുന്നു. ഒപ്പം, എനിക്ക് തോന്നുന്നു, ഡോക്ടറായി സേവനം അനുഷ്ഠിക്കുമ്പോഴും ഐ.എ.എസില്‍ സേവനം അനുഷ്ഠിക്കുമ്പോഴും ഒരുപാട് സിമിലാരിറ്റീസുണ്ട്. ഓരോ ദിവസവും പുതിയ പുതിയ ജനങ്ങളുമായി ബന്ധപ്പെടുകയും, പുതിയ പുതിയ പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹാരം തേടുകയുമൊക്കെയാണ് രണ്ടിന്‍റെയും അടിസ്ഥാനകര്‍മ്മമണ്ഡലം. അവിടെ ശാരീരിക-ആരോഗ്യ അസ്വാസ്ഥ്യങ്ങള്‍ മാത്രം നോക്കും. ഇവിടെ സാമൂഹ്യ- നിയമപരമായ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

 

ശബരിനാഥന്‍ എന്ന ഭര്‍ത്താവിനെയാണോ, രാഷ്ട്രീയക്കാരനെയാണോ ഏറെ ഇഷ്ടം?

 

ദിവ്യ: രണ്ട് നിലയിലും ഇഷ്ടം തന്നെ. പ്രത്യേകിച്ചും രാഷ്ട്രീയത്തില്‍ വന്നിട്ട് കുറച്ച് നാളുകളില്‍ തന്നെ ഇത്രയും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ചതില്‍ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. അക്കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും സന്തുഷ്ടരാണ്. വിവാദങ്ങളില്‍ നിന്നും നൂറുശതമാനവും മാറിനില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും. നൂറുശതമാനവും ശരിയായി ജോലി ചെയ്യുന്നവരാണ്. പിന്നെ ഇത്രയും വലിയ ജോലിയും കാര്യങ്ങളുമുള്ള ആള്‍ക്കാരായതുകൊണ്ട് ചിലപ്പോള്‍ ചില നെഗറ്റീവായ കാര്യങ്ങള്‍ വരാം. അതൊന്നും ഞങ്ങളുടെ വ്യക്തിപരമായ ബന്ധത്തെ ഒരിക്കലും ബാധിച്ചിട്ടില്ല.

 

ഐ.എ.എസില്‍ എത്തിയശേഷവും കലയെ കൈവിട്ടില്ല എന്നുകേട്ടിട്ടുണ്ട്. കലയുടെ ഏതേത് മേഖലകളിലാണ് വിഹാരം ?

 

ദിവ്യ: വളരെ കൊച്ചുന്നാള്‍ മുതല്‍ക്കേ കല എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. ഇപ്പോഴും അത് കഴിയുംവിധം തുടരാന്‍ ശ്രമിക്കുന്നു. എഴുത്തും സംഗീതവുമൊക്കെയുണ്ടെങ്കിലും, കുഞ്ഞുമൊക്കെയായതിനാല്‍ കൂടുതല്‍ സൗകര്യം എഴുത്തിനാണ്. നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ പതിനാറ് പേജുള്ള കഥാപ്രസംഗം വേദിയില്‍ പറഞ്ഞ് ഫലിപ്പിച്ച് ഒന്നാം സമ്മാനം നേടിയതാണ് ഓര്‍മ്മയിലെ ഏറ്റവും തിളക്കമുള്ള സംഭവം. ഹോളി ഏയ്ഞ്ചല്‍സില്‍ പഠിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. അന്ന് അതുകേട്ട സ്ക്കൂളിലെ റൂത്ത് എന്ന സിസ്റ്റര്‍ അച്ഛനോട് പറഞ്ഞു, ഈ കുട്ടിയില്‍ ഞാനെന്തൊക്കെയോ കാണുന്നുണ്ട്. നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍, കുട്ടിയെ ദിവസവും ഒരു മണിക്കൂര്‍ എനിക്ക് വിട്ടുതരൂ. ഞാന്‍ പഠിപ്പിച്ചോളാം. അങ്ങനെയാണ് കലാപഠനത്തിന്‍റെ തുടക്കം. കൊച്ചുന്നാളിലേ എല്ലാറ്റിനും എക്സ്പോഷര്‍ നല്‍കിയ അച്ഛനും അമ്മയും തന്നെയാണ് ആദ്യപ്രചോദനം. ഒരുപക്ഷേ അമ്മ എന്നെ പാട്ടുക്ലാസ്സില്‍ കൊണ്ടുചേര്‍ത്തില്ലായിരുന്നെങ്കില്‍, സംഗീതം എനിക്കിഷ്ടമാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയുമായിരുന്നില്ല.

 

സംഗീതം എവിടെവരെ പഠിച്ചു?

 

ദിവ്യ: കച്ചേരിയൊക്കെ ചെയ്തിട്ടുണ്ട്. പതിനഞ്ചാം വയസ്സില്‍ വീടിനടുത്തുള്ള പാല്‍ക്കുളങ്ങര ക്ഷേത്രത്തിലായിരുന്നു ആദ്യം പാടിയത്. അവസാനം പാടിയത് രണ്ടുവര്‍ഷം മുന്‍പ് കോട്ടയത്ത് അസിസ്റ്റന്‍റ് കളക്ടറായിരിക്കുമ്പോള്‍ പനച്ചിക്കാട് ക്ഷേത്രത്തിലായിരുന്നു. ഇടയ്ക്ക് ജോലിത്തിരക്കൊക്കെ കാരണം മുടങ്ങിയ സംഗീതം വീണ്ടും തുടങ്ങി. ചെയ്യാന്‍ പറ്റുന്നിടത്തോളം ചെയ്യണമെന്നാണാഗ്രഹം.

ഭര്‍ത്താവിന്‍റെ പിന്തുണയുണ്ടോ ?

 

ദിവ്യ: ശബരി വളരെ വലിയൊരു സംഗീതാരാധകനാണ്. പാടുകയും ചെയ്യും. അധികം പാടിയിട്ടില്ലെന്നേയുള്ളൂ. ഇനി പാടിക്കണം.

 

ഇത് ഓണക്കാലമാണല്ലോ. ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തൊക്കെയാണ് ?

 

ശബരി: എന്‍റെ ഓര്‍മ്മ, അച്ഛനുള്ള കാലം വരെ എല്ലാ ഓണവും മൂകാംബികയിലായിരുന്നു. ആ നിലയ്ക്ക് ട്രെയിന്‍ യാത്രയാണ് എന്‍റെ ഓര്‍മ്മയിലെ ഓണം. രാവിലെ മംഗലാപുരത്ത് ട്രെയിനിറങ്ങുന്നതും അവിടെനിന്ന് മൂകാംബികയ്ക്ക് പോകുന്നതുമൊക്കെ ഓണത്തെക്കുറിച്ചുള്ള എന്‍റെ പച്ചപിടിച്ച ഓര്‍മ്മകളാണ്. എന്നാല്‍ ഈ ഓണം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. മല്‍ഹാര്‍ ജനിച്ചശേഷമുള്ള ആദ്യഓണമാണിത്. അതിനുമുന്‍പ് മോന്‍റെ ചോറൂണും നടത്തണം.

 

 

ദിവ്യ: ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരത്തായതുകൊണ്ട് മറ്റെല്ലാവര്‍ക്കുമെന്നപോലെ ഓണം എന്നത് എന്നെ സംബന്ധിച്ചിടത്തോളവും വലിയൊരാവേശം തന്നെയായിരുന്നു. അതില്‍ ഏറ്റവും ഇഷ്ടം അത്തപ്പൂക്കളം ഇടുന്നതുതന്നെയായിരുന്നു. അത് ഭയങ്കര രസമാണ്. കൊച്ചുന്നാളില്‍ എല്ലായിടത്തും പോയി പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് എല്ലാ ദിവസവും അത്തപ്പൂവിടുമായിരുന്നു. മറ്റൊരു സംഭവം കൈകൊട്ടിക്കളിയാണ്. ചിലപ്പോള്‍ വീടിനടുത്തുള്ള കുട്ടികളുമായും, ചിലപ്പോള്‍ പാട്ടുക്ലാസിലെ കുട്ടികളുമായും ചേര്‍ന്നാകും കളിക്കുക. അതൊക്കെ കഴിഞ്ഞ് വെല്ലൂരില്‍ എം.ബി.ബി.എസിന് പഠിക്കാന്‍ ചെന്നപ്പോഴും മുസൂരിയില്‍ ചെന്നപ്പോഴും ഒറ്റ ഓണം പോലും മിസ് ചെയ്തിട്ടില്ല എന്നത് അതിശയത്തോടെ പറയാന്‍ പറ്റും. എവിടെയായാലും അവിടെ ഞാന്‍ മലയാളികളെ കണ്ടെത്തിയിരിക്കും. മലയാളികളില്ലെങ്കില്‍ വിശ്വാസികളായ മറ്റ് സംസ്ഥാനക്കാരെ കൂട്ടി അത്തപ്പൂ ഇട്ടിട്ടുണ്ട്. പോകുന്ന സ്ഥലത്തെല്ലാം ഓണപരിപാടി അറേഞ്ച് ചെയ്തിട്ടുണ്ട്. ഏതായാലും ശബരി പറഞ്ഞതുപോലെ ഈ ഓണം ഞങ്ങള്‍ക്കൊത്തിരി പ്രത്യേകതകളുള്ളതാണ്, മല്‍ഹാറിന്‍റെ ആദ്യ ഓണം എന്ന നിലയില്‍.

 

പി.ജയചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO