നേരുള്ള നല്ല സിനിമകളാണ് എന്‍റെ ലക്ഷ്യം – ജിസ് ജോയി

അടുപ്പിച്ച് മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കിയ സംവിധായകന്‍... പുതിയകാല സാമൂഹ്യ അന്തരീക്ഷത്തില്‍ ഒരു സിനിമ വിജയിപ്പിച്ചെടുക്കാന്‍ പ്രഗത്ഭരായ സംവിധായകര്‍പോലും പെടാപാടു പെടുന്നിടത്താണ് ഒരാള്‍ തുടര്‍ച്ചയായി വിജയം നേടുന്നത്.   ആശയസമ്പന്നമായ സിനിമകള്‍ എല്ലാക്കാലത്തും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വര്‍ത്തമാനകാല... Read More

അടുപ്പിച്ച് മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കിയ സംവിധായകന്‍… പുതിയകാല സാമൂഹ്യ അന്തരീക്ഷത്തില്‍ ഒരു സിനിമ വിജയിപ്പിച്ചെടുക്കാന്‍ പ്രഗത്ഭരായ സംവിധായകര്‍പോലും പെടാപാടു പെടുന്നിടത്താണ് ഒരാള്‍ തുടര്‍ച്ചയായി വിജയം നേടുന്നത്.

 

ആശയസമ്പന്നമായ സിനിമകള്‍ എല്ലാക്കാലത്തും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വര്‍ത്തമാനകാല സിനിമ വഴിമാറി ഒഴുകുമ്പോഴും ജീവിതമൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്തുവച്ച് നന്മയുള്ള നല്ല കഥകള്‍ പ്രേക്ഷകന് മനസ്സിലാകുന്ന ഭാഷയില്‍ പറയാന്‍ കഴിഞ്ഞുവെന്നുള്ളതാണ് ജിസ്ജോയ് എന്ന സംവിധായകന്‍റെ ഹാട്രിക് വിജയത്തിന് അടിസ്ഥാനം.

 

ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും… മൂന്ന് വിജയസിനിമകള്‍. വിജയ് സൂപ്പറും പൗര്‍ണ്ണമിയും റിലീസായ ശേഷം അഭിനന്ദനങ്ങളുമായെത്തുന്ന ഫോണ്‍വിളികളില്‍ ഒട്ടും ആവേശം കൊള്ളാതെ ശാന്തനായി മറുപടി പറയുന്ന ചെറുപ്പക്കാരന്‍. യുവനിരയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായ ജിസ്ജോയ് വിജയത്തിന്‍റെ രസക്കൂട്ടുകളെക്കുറിച്ച് സംസാരിക്കുന്നു…

 

 

വിജയ്സൂപ്പറും പൗര്‍ണ്ണമിയും റിലീസ് ചെയ്യാന്‍ കുറച്ചുവൈകിയെന്ന് തോന്നുന്നല്ലോ?

സെപ്തംബറില്‍ റിലീസ് ചെയ്യണമെന്നാണ് വിചാരിച്ചത്. ആ സമയത്ത് വലിയ പടങ്ങള്‍ വരുന്നതുകൊണ്ട് പേടിച്ച് മാറ്റിവെയ്ക്കുകയായിരുന്നു. പക്ഷേ നമ്മള്‍ പേടിച്ചതുപോലെയൊന്നും സംഭവിച്ചില്ല. ഇപ്പോള്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയപ്പോഴും വലിയ പടങ്ങളുണ്ട്. രജനികാന്തിന്‍റെ പേട്ട, അജിത്തിന്‍റെ വിശ്വാസം ഈ രണ്ട് പടങ്ങളുടെയും കൂടെയാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും റിലീസ് ചെയ്യുന്നത്. പേടിച്ചാണ് ഇറക്കിയതെങ്കിലും ആദ്യഷോ കഴിഞ്ഞപ്പോള്‍ സമാധാനമായി. പ്രേക്ഷകരുടെ ഭാഗത്തുനിന്നും നല്ല അഭിപ്രായം കേട്ടു. തുടക്കത്തില്‍ നല്ല തിയേറ്ററുകള്‍ പലതും കിട്ടിയില്ല. നമ്മള്‍ കാലുപിടിച്ച് പറഞ്ഞിട്ടുപോലും സമ്മതിക്കാത്തവരുണ്ട്. പടം നല്ലതാണെന്നറിഞ്ഞപ്പോള്‍ പഴയ തീരുമാനം തിരുത്തിയവരുമുണ്ട്.

 

കഴിഞ്ഞ രണ്ട് സിനിമയും വിജയമായിരുന്നു. ഈ സിനിമ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നോ?

അങ്ങനെയൊരു ഉറപ്പ് ആര്‍ക്കും പറയാന്‍ പറ്റില്ല. നമ്മള്‍ നന്നായി വര്‍ക്ക് ചെയ്തു. നന്നായി പ്രാര്‍ത്ഥിച്ചു. ക്രിട്ടിക്കുകളായ നമ്മുടെ സുഹൃത്തുക്കളെ കാണിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ചില സംഗതികള്‍ കറക്ട് ചെയ്തു. ‘കൊള്ളാം’ എന്ന അവസ്ഥയിലാണ് പടം ഇറക്കിയത്. പിന്നെ എല്ലാം വിധിയാണ്. കഴിഞ്ഞ രണ്ട് പടത്തിനും ടെന്‍ഷനില്ലായിരുന്നു. ബൈസിക്കിള്‍ തീവ്സ് ചെയ്യുമ്പോള്‍ എനിക്ക് ഒരു ഇമേജുമില്ലായിരുന്നു. സണ്‍ഡേ ഹോളിഡേ ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷത്തിനുമുമ്പ് ഒരു പടം ചെയ്ത ആള്‍. സണ്‍ഡേ ഹോളിഡേ കഴിഞ്ഞപ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞു. ആ സിനിമ ഭയങ്കരമായി റീച്ച് ചെയ്തു. നല്ല സംവിധായകനെന്ന പേര് കിട്ടി. ഈ സിനിമയെക്കുറിച്ച് ഒരു കാര്യം പറഞ്ഞിരുന്നു. സിനിമ കഴിഞ്ഞു തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ചെറിയ പുഞ്ചിരിമുഖത്തുണ്ടാകും. അത് ഞാന്‍ ഗ്യാരന്‍റി തരാം. ചെറിയ ചിരി… തിയേറ്ററില്‍ വലിയ പൊട്ടിച്ചിരിയായി മാറി. സിനിമയുടെ അവസാനഭാഗത്ത് ആളുകള്‍ എഴുന്നേറ്റുനിന്ന് കയ്യടിക്കുന്നു. അങ്ങനെയൊരു കാഴ്ച ഫിലിം മേക്കര്‍ എന്ന നിലയില്‍ നമ്മുടെ സ്വപ്നമാണ്. അത് എനിക്ക് ഈ സിനിമ നേടിത്തന്നു.

 

ഓരോ സിനിമയും വ്യത്യസ്തമാണ്. ശരിക്കും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?

കുടുംബമൊന്നിച്ചിരുന്നു കാണാന്‍ കൊള്ളാവുന്ന സഭ്യമായ ഭാഷ ഉപയോഗിക്കുന്ന നേരുള്ള നല്ല സിനിമകളാണ് എന്‍റെ ലക്ഷ്യം. ഇയാളുടെ സിനിമ ഇങ്ങനെയായിരിക്കുമെന്നു പറയുന്ന ഒരു സ്പെയ്സ് വേണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അതിന് കൃത്യമായ ഹാര്‍ഡ് വര്‍ക്ക് എന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. എന്നെ സംബന്ധിച്ച് സിനിമ ജീവിതോപാധിയല്ല. അങ്ങനെ വരുമ്പോള്‍ കാണുന്നവരുടെ കയ്യില്‍ നിന്നെല്ലാം അഡ്വാന്‍സ് വാങ്ങി ഏതെങ്കിലുമൊക്കെ ചെയ്യാന്‍ തയ്യാറാകും. ഉടനെ അടുത്തപടം അനൗണ്‍സ് ചെയ്യണമെന്ന് പറഞ്ഞു പലരും വരുന്നുണ്ട്. അതിനോട് ഒരു താല്‍പ്പര്യവുമില്ല. നല്ലത് എന്തെങ്കിലും പറയാനുണ്ടെങ്കില്‍മാത്രം സിനിമ ചെയ്യാം.

 

നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന തൊണ്ണൂറ് ശതമാനം പേര്‍ക്കും സിനിമ ജീവിതോപാധിയാണ്?

മറ്റുള്ളവരിലേക്ക് ഞാന്‍ നോക്കുന്നില്ല. കൊച്ചിയില്‍ എനിക്കൊരു പരസ്യകമ്പനിയുണ്ട്. നല്ല രീതിയില്‍ അതിന്‍റെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. വലിയ കുറെ കമ്പനികളുടെ പരസ്യം ചെയ്തു. പുതിയ പരസ്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അഞ്ഞൂറോളം പരസ്യചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഈ അടുത്ത സമയത്ത് മോഹന്‍ലാലിനെവെച്ച് രണ്ടുദിവസം കൊണ്ട് പത്ത് പരസ്യചിത്രങ്ങള്‍ ചെയ്തു. പരസ്യചിത്രരംഗത്ത് മോഹന്‍ലാലിന്‍റെ സര്‍വ്വകാല റെക്കോര്‍ഡായിരിക്കും. മമ്മുക്ക, പൃഥ്വിരാജ് എല്ലാവരെയും വച്ചും പരസ്യചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതാണ് എന്‍റെ ജീവിതോപാധി.

 

എന്നിട്ടും ആളുകള്‍ അറിയാതെ പോയത് എന്തുകൊണ്ടായിരിക്കും?

പരസ്യചിത്രം ചെയ്യുമ്പോള്‍ എവിടെയും നമ്മുടെ പേര് കാണില്ല. എന്‍റെ അടുത്ത വീട്ടില്‍ താമസിക്കുന്ന ആള്‍ക്ക് ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. ഒറ്റ സിനിമ കൊണ്ട് നമുക്ക് പേരും പ്രശസ്തിയും കിട്ടുന്നു. എല്ലാവരും നമ്മളെ അറിയുന്നു. സിനിമയുടെ വാല്യു ഞാന്‍ മനസ്സിലാക്കുന്നു. ചക്ക വീണു മുയല്‍ ചത്തു എന്നു ഇന്‍ഡയറക്ടായി പറയുന്ന ചിലരെ എങ്കിലും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. ചക്ക വീണു മുയല്‍ ചത്തതല്ലെന്ന് ഈ സിനിമയിലൂടെ പ്രൂവ് ചെയ്യണമെന്ന്, ആസിഫ് അലി എന്നോട് പറഞ്ഞു. ആസിഫ് തമാശയായിട്ടാണ് പറഞ്ഞതെങ്കിലും നമ്മുടെ ടെന്‍ഷന്‍ കൂടുകയാണ്. സ്പിരിച്ച്വലി കാര്യങ്ങളെ കാണാന്‍ ആഗ്രഹിക്കുന്ന ഒട്ടും റിലീജിയസ് അല്ലാത്ത ഒരാളാണ് ഞാന്‍. കോളേജില്‍ പഠിക്കുന്ന സമയത്ത് കഥയോ കവിതയോ എഴുതിയിട്ടില്ല. സിനിമയോടുള്ള പാഷനാണ് എന്നെ ഇവിടെ എത്തിച്ചത്. അതിന് നമ്മളെ പ്രാപ്തനാക്കുന്ന ഒരു ശക്തിയുണ്ട്. ആ ശക്തിയുടെ മുന്നില്‍ മനസ്സ് തുറന്നു പ്രാര്‍ത്ഥിച്ചിട്ടാണ് ഓരോ ചുവടും മുന്നോട്ടുവെയ്ക്കുന്നത്.

 

 

വിജയ് സൂപ്പറും പൗര്‍ണ്ണമിയും… പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്നു വ്യക്തമാകുന്നത് എന്താണ്?

എന്നെ വിളിച്ചവരില്‍ കൂടുതലും പെണ്‍മക്കളുള്ള അച്ഛന്മാരാണ്. അവര്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്ക് ശബ്ദം ഇടറിപ്പോകുന്നുണ്ടായിരുന്നു. സിനിമ ഭയങ്കരമായി അവരെ സ്വാധീനിച്ചു. അതിന്‍റെ കാരണങ്ങളും പറയുകയുണ്ടായി. നമ്മള്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അത് കൃത്യമായും ജനങ്ങളിലേക്കെത്തി എന്നറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

 

മൂന്നാമത്തെ സിനിമയിലും നായകന്‍ ആസിഫ് അലിയാണ്. ഒരുമിച്ചുള്ള യാത്രയെക്കുറിച്ച് പറയാമോ?

സുഹൃത്തും അയല്‍ക്കാരനും എന്നതിലുപരി ആസിഫ് അലി നല്ല ഉഗ്രന്‍ കലാകാരനാണ്. വ്യക്തിത്വമുള്ള ആളാണ്. കാല് മണ്ണില്‍ തൊട്ട് നടക്കുന്ന മനുഷ്യനാണ്. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ ഞങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ചില സംഭവങ്ങള്‍ നമ്മള്‍ ആലോചിക്കുമ്പോള്‍തന്നെ ആസിഫിന് പിടികിട്ടും. ഞങ്ങള്‍ നല്ല സിങ്കാണ്. സിനിമയില്‍ അതുകാണാന്‍ പറ്റും. ഞാന്‍ ചെയ്ത സിനിമകളില്‍ ആസിഫിന്‍റെ പ്രായത്തിനും സ്റ്റാര്‍ഡത്തിനും മാനറിസത്തിനും ചേരുന്ന കഥാപാത്രങ്ങളായിരുന്നു.

 

 

ആസിഫിനെ ആദ്യമായി കാണുന്നത് എവിടെവച്ചാണ്… ഓര്‍മ്മയുണ്ടോ?

എന്‍റെ ആദ്യസിനിമ ബൈസിക്കിള്‍ തീവ്സിന്‍റെ കഥയുമായി കയറിയിറങ്ങാത്ത സ്ഥലമില്ല. യുവതാരങ്ങളില്‍ പലരെയും കണ്ടു. പരസ്യചിത്രകാരനെന്ന നിലയില്‍ അവര്‍ക്ക് എന്നെ അറിയാവുന്നതുകൊണ്ട് വീട്ടിലായാലും സെറ്റിലായാലും കയറിച്ചെല്ലാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഇരിക്കാന്‍ കസേര കിട്ടും. കഥ കേട്ടുകഴിയുമ്പോള്‍ അവര്‍ക്ക് പറയാന്‍ ഓരോ കാരണങ്ങളുണ്ടാകും. ഇത് ചെയ്യണ്ട… ഇങ്ങനത്തെ ഫോര്‍മാറ്റ് മലയാളി ഇഷ്ടപ്പെടില്ലെന്നുവരെ ഒരു താരം പറഞ്ഞു. നമ്മള്‍ ഒരു വര്‍ഷം ഇരുന്നു എഴുതിയുണ്ടാക്കിയത് നാലാമത്തെയോ അഞ്ചാമത്തെയോ താരം പറയുകയാണ്. ഇത് വര്‍ക്കൗട്ടാകില്ല. അവസാനത്തെ ശ്രമമെന്ന നിലയ്ക്കാണ് ആസിഫ് അലിയെ കാണുന്നത്. ആസിഫുംകൂടി ‘നോ’ പറഞ്ഞാല്‍ അതോടെ തീര്‍ന്നു. ആന്‍റോ ജോസഫ് ചേട്ടന്‍ ആസിഫ് അലിയെ വിളിച്ചുപറയുകയും ചെയ്തു.

 

ബി. ഉണ്ണികൃഷ്ണന്‍ സാര്‍ സംവിധാനം ചെയ്യുന്ന ഐ ലൗ മി എന്ന സിനിമയുടെ സെറ്റില്‍ ആസിഫുണ്ട്. ഇരുമ്പനത്താണ് ലൊക്കേഷന്‍. വളരെ വിഷമിച്ചും ബാഗും തൂക്കി പാടത്തിനു നടുവിലൂടെയുള്ള റോഡിലൂടെ ഞാന്‍ ലൊക്കേഷനിലേക്ക് നടന്നുപോവുകയാണ്. റോഡിന് അപ്പുറത്തും ഇപ്പുറത്തും പാടമാണ്. ദൂരെ റോഡിന്‍റെ അങ്ങേയറ്റത്തുനിന്ന് ഒരു വൈറ്റ് കളര്‍ ബി.എം. ഡബ്ല്യൂകാര്‍ വരുന്നത് എനിക്കുകാണാം. ഫോര്‍ രജിസ്ട്രേഷന്‍ ബോര്‍ഡ് വച്ച കാര്‍ എന്‍റടുത്ത് എത്തിയപ്പോള്‍നിന്നു. ഡ്രൈവ് ചെയ്തിരുന്നത് ആസിഫ്അലിയാണ്. ‘ഹേയ്… എന്താ ഈ വഴി’.
‘കഥപറയാന്‍…’
‘ആന്‍റോ ചേട്ടന്‍ പറഞ്ഞിരുന്നു’.
ആസിഫ് ഷൂട്ടിംഗിലാണെന്നറിയാം. ഞാന്‍ ഇവിടെ വെയിറ്റ് ചെയ്യാം. (കഥ പറയാന്‍ പോയി കാത്തിരുന്നു നമുക്ക് അത് ശീലമായി.)
‘ഇല്ലെടോ… എനിക്ക് ഇനി ഏഴുമണിക്കുശേഷമേ വര്‍ക്കു കാണു. ഞാന്‍ ഫ്രീയാണ്. താന്‍ വണ്ടിയില്‍ കയറ്.’

 

 

ബാഗുമായി ഞാന്‍ കയറി. പുതിയ കാറാണ്. എന്നെയും കയറ്റി വണ്ടിവിട്ടു. പുതിയ കാര്‍ വാങ്ങിയതിന്‍റെ സന്തോഷത്തിലായിരുന്നു ആസിഫ്. കാറിന്‍റെ ഫുള്‍ ഫീച്ചേഴ്സ് എനിക്ക് കാണിച്ചുതന്നു. സ്പീഡില്‍ വണ്ടിയോടിച്ചു കാക്കനാട് പോയി. അവിടുന്ന് തിരിച്ചു ഇരുമ്പനത്തേക്ക് വന്നു. ആ യാത്ര മാനസികമായി എന്നെ ധൈര്യപ്പെടുത്തി. തിരിച്ചു ഇരുമ്പനത്ത് എത്തിയപ്പോള്‍ ആസിഫ്ചോദിച്ചു. നമുക്കൊരു കാപ്പികുടിച്ചാലോ. ഞാന്‍ ഓക്കെ പറഞ്ഞു. ഞങ്ങളൊരു കോഫിഷോപ്പില്‍കയറി.

 

‘തനിക്ക് ഇപ്പോള്‍ കഥ പറയാനുള്ള സെറ്റപ്പുണ്ടോ?’

ഫുള്‍ സെറ്റപ്പിലാണെന്നു പറഞ്ഞു.
ആസിഫ് അപ്പോള്‍ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചു, ഞാന്‍ ഇവിടെ ഇന്ന കോഫിഷോപ്പിലുണ്ട്. രണ്ടുമണിക്കൂര്‍ നേരത്തെയ്ക്കു ഫോണ്‍ ഓഫ് ചെയ്യുകയാണ്. എന്നെ വിളിക്കുകയേ വേണ്ട. ഏഴുമണിക്കു ഞാന്‍ ലൊക്കേഷനിലുണ്ട്. ആസിഫ് മൊബൈല്‍ ഓഫ് ചെയ്തു.

‘താന്‍ കഥ പറഞ്ഞോ…?’
ഫുള്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ ആസിഫ് കൈതന്നു. പൊളി ഐറ്റമാണല്ലോ, നമുക്കു ഇത് എപ്പോള്‍ ചെയ്യണം.
എല്ലായിടത്തും തള്ളിപ്പറഞ്ഞു ആകപ്പാടെ വിഷമിച്ചുനില്‍ക്കുന്ന സമയത്ത് ആസിഫിന്‍റെ വാക്കുകള്‍ എന്നിലുണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. അവിടെ നിന്നാരംഭിച്ചതാണ് ഞങ്ങളുടെ നല്ല സൗഹൃദം. നമ്മള്‍ ഹാര്‍ഡ്വര്‍ക്കു ചെയ്താല്‍ ഉറപ്പായും പ്രതിഫലം ഉണ്ടാകും. ദൈവം നമ്മളെ കൈവിടില്ല. നല്ലതു പറയാന്‍വേണ്ടിയാണ് ഈ രംഗം തെരഞ്ഞെടുത്തത്. സണ്‍ഡേ ഹോളിഡേയില്‍ ലാല്‍ജോസ്, ശ്രീനിയേട്ടനോട് ചോദിക്കുന്നുണ്ട്.

 

 

താനൊരു കോളേജ് അദ്ധ്യാപകനല്ലേ. പിന്നെ എന്തിനാണ് സിനിമ എന്നുപറഞ്ഞുനടക്കുന്നത്.
അതിന് ശ്രീനിയേട്ടന്‍റെ മറുപടിയുണ്ട്.
സാര്‍ പതിനായിരം വേദികളില്‍ കയറിനിന്നു പ്രസംഗിക്കുന്നതിന് തുല്യമാണ് ഒരു നല്ല സിനിമ ചെയ്യുന്നത്. പ്രസംഗം കുറച്ചുപേര്‍ മാത്രമാണ് കേള്‍ക്കുന്നത്. സിനിമ അങ്ങനെയല്ല. നമ്മള്‍ കൊടുക്കുന്നത് ശ്രദ്ധിക്കപ്പെട്ടാല്‍ ഒരേ സമയം ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്. സിനിമയുടെ നെറ്റ്വര്‍ക്ക് വളരെ വലുതാണ്.
അടുത്തിരിക്കുന്നത് ഒരാള്‍ക്ക് ചെറിയൊരു ചിരി സമ്മാനിക്കാന്‍ കഴിയുക. ജീവിതത്തെ ലൈറ്റായി കാണാന്‍ പ്രേരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന നല്ല സിനിമകള്‍ ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം.

അഞ്ജു അഷ്റഫ്
Show Less

No comments Yet

SLIDESHOW

LATEST VIDEO