തികഞ്ഞ പെര്‍ഫെക്ഷനിസ്റ്റാണ് പ്രണവ് -ജീത്തു ജോസഫ്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദി'.  ജീത്തുവിന്‍റെ എട്ടാമത്തെ ചിത്രമാണ് ആദി. 'ഞാന്‍ ഏഴ് ചിത്രങ്ങളും ചെയ്തത് ഒരു ടെന്‍ഷനും ഇല്ലാതെയാണ്. പക്ഷേ ആദി ചെയ്യാന്‍ ഒരുങ്ങുന്നത് ഏറെ സമ്മര്‍ദ്ദങ്ങളോടെയാണ്.... Read More

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദി’.  ജീത്തുവിന്‍റെ എട്ടാമത്തെ ചിത്രമാണ് ആദി.

‘ഞാന്‍ ഏഴ് ചിത്രങ്ങളും ചെയ്തത് ഒരു ടെന്‍ഷനും ഇല്ലാതെയാണ്. പക്ഷേ ആദി ചെയ്യാന്‍ ഒരുങ്ങുന്നത് ഏറെ സമ്മര്‍ദ്ദങ്ങളോടെയാണ്. അപ്പുവിനോട് ഈ സിനിമയുടെ കഥ പറഞ്ഞുകഴിയുമ്പോള്‍ ഞാന്‍ ഒരു കാര്യം പ്രത്യേകം സൂചിപ്പിച്ചിരുന്നു. ഈ സിനിമ ആദ്യം ചെയ്യണമെന്നില്ല. എന്‍റെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു. പക്ഷേ നടന്നില്ലെന്ന് മാത്രം.’ ജീത്തു പറഞ്ഞു.
‘ആദി’യെക്കുറിച്ച് ഒന്നും പറയാനില്ലെന്ന ആമുഖത്തോടെയാണ് ജീത്തു തുടങ്ങിയത്.
ഞങ്ങള്‍ക്ക് ആദിയെക്കുറിച്ച് ഒന്നും കേള്‍ക്കണ്ട എന്നുപറഞ്ഞപ്പോള്‍ ജീത്തു ചിരിച്ചു. എങ്കില്‍ പിന്നെ എന്തും ചോദിച്ചുകൊള്ളാന്‍ ജീത്തുവും അനുവാദം തന്നു.

 

ഒരുതരത്തില്‍ നോക്കിയാല്‍ നിയോഗമാണ് ജീത്തുവിന് കൈവന്നു ചേര്‍ന്നിരിക്കുന്നത്. ഒരേ സമയം പ്രണവ് മോഹന്‍ലാല്‍, ജീത്തുവിന്‍റെ സിനിമകളില്‍(ലൈഫ് ഓഫ് ജോസൂട്ടി, പാപനാശം) അസിസ്റ്റന്‍റ് ഡയറക്ടറും ഇപ്പോള്‍ നടനായും അഭിനയിക്കുന്നു. അതുകൊണ്ടുതന്നെ പ്രണവിനെ ഇപ്പോള്‍ ഏറ്റവും അടുത്തറിയാവുന്നതും ജീത്തുവിനാണ്. എങ്കില്‍ ചോദിക്കട്ടെ, ഒരു അസിസ്റ്റന്‍റ് ഡയറക്ടര്‍ എന്ന നിലയിലാണോ, നടനെന്ന നിലയിലാണോ പ്രണവിനെ താങ്കള്‍ പ്ലെയ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്?
ഏത് ജോലി ചെയ്താലും അതില്‍ പൂര്‍ണ്ണത ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരനാണ് പ്രണവ്. അത് അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിരുന്നപ്പോഴും ഇപ്പോള്‍ എന്‍റെ സിനിമയില്‍ അഭിനേതാവായി തുടരുമ്പോഴും.
ഒരു കാര്യം ഏല്‍പ്പിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണതയ്ക്കുവേണ്ടി അയാള്‍ എന്തും ചെയ്യും. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല. എന്‍റെ അഭിപ്രായത്തില്‍ തികഞ്ഞൊരു പെര്‍ഫെക്ഷനിസ്റ്റാണ് പ്രണവ്.
അപ്പു (പ്രണവിന്‍റെ വിളിപ്പേര്) നന്നായി ഗിറ്റാര്‍ വായിക്കും. ഒരിക്കല്‍ അയാള്‍ ഗിറ്റാര്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, ആരാണ് ഗുരുവെന്ന്? ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ പഠിക്കുകയായിരുന്നുവെന്നാണ് അപ്പു പറഞ്ഞത്. ഒരാളുടെ കീഴില്‍ പോയി പഠിക്കാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വാധീനം ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അതെന്നായിരുന്നു അപ്പുവിന്‍റെ മറുപടി. ഇങ്ങനെ അനവധി സവിശേഷസ്വഭാവങ്ങള്‍ ഉള്ളയാളാണ് അപ്പു. എന്തുചെയ്താലും അത് മൗലികമായിരിക്കുമെന്നും അയാള്‍ക്ക് ബോദ്ധ്യമുണ്ട്. അതുകൊണ്ട് അയാള്‍ ഏത് ഫീല്‍ഡില്‍ വര്‍ക്ക് ചെയ്താലും അവിടെയെല്ലാം ശോഭിക്കുമെന്ന് ഉറപ്പാണ്.

 

പ്രണവിന് മുമ്പ് മോഹന്‍ലാലിനെ വച്ചും താങ്കള്‍ ദൃശ്യം പോലൊരു സിനിമ ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ഒരു താരതമ്യം അവര്‍ക്കിടയില്‍ നടത്തിയിട്ടുണ്ടോ?
അത് ഒരിക്കലും പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ ഒന്നുകില്‍ ബുദ്ധി ഇല്ലാത്തവരാണ്. അല്ലെങ്കില്‍ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്.
അല്ലെങ്കിലും എന്തിനാണ് ഒരഭിനേതാവിനെ മറ്റൊരാളുമായി കമ്പയര്‍ ചെയ്യുന്നത്. ഓരോ അഭിനേതാക്കള്‍ക്കും ഓരോ പ്രത്യേകതകള്‍ ഉണ്ട്. അവര്‍ കഥാപാത്രങ്ങളെ കണ്‍സീവ് ചെയ്യുന്നതും വെവ്വേറെ രീതികളിലാണ്. അത് മമ്മൂട്ടിയായാലും മോഹന്‍ലാലായാലും സുകുമാരനായാലും ദുല്‍ഖര്‍ ആയാലും പൃഥ്വിരാജ് ആയാലും ഇനി പ്രണവ് ആയാലും അങ്ങനെ തന്നെയായിരിക്കും.

 

എന്നിട്ടും എന്തുകൊണ്ടാണ് പ്രണവിനെ വച്ച് ഒരു പടം ചെയ്യാന്‍ ഭയമുണ്ടെന്ന് താങ്കള്‍ പറഞ്ഞത്?
അതിനുകാരണം ഈ ചിത്രത്തിന്മേലുള്ള പ്രേക്ഷകരുടെ അമിതപ്രതീക്ഷയാണ്. അത് എന്നെ തീര്‍ച്ചയായും ഭയപ്പെടുത്തുന്നുണ്ട്. പക്ഷേ ഞാന്‍ തുറന്നുപറയട്ടെ, ‘ആദി’ ഒരു ലോകോത്തര സിനിമയൊന്നുമല്ല. ഒരു സാദാചിത്രം. എന്നാല്‍ ഒരു കൊമേഴ്സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും അതിലുണ്ട്.
മൂന്ന് വ്യത്യസ്ത മുഖങ്ങളാണ് പ്രണവിന് ഈ ചിത്രത്തിലുള്ളത്. ആദ്യത്തെ രണ്ട് മുഖങ്ങളിലും നിങ്ങള്‍ക്ക് പരിചയമുള്ള പ്രണവിനെ തന്നെയാവും കാണാനാവുക. മൂന്നാമത്തെ മുഖം തീര്‍ച്ചയായും അപരിചിതമായിരിക്കും. അതാണ് ഈ സിനിമയുടെ രസക്കൂട്ടും.

 

‘ആദി’യിലേക്ക് പ്രണവിനെ കാസ്റ്റ് ചെയ്തത് എങ്ങനെയാണ്?
അപ്പു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനം എടുത്തുകഴിഞ്ഞശേഷം, സുചിത്ര(പ്രണവിന്‍റെ അമ്മ) എന്നെ കാണുമ്പോഴൊക്കെ അയാള്‍ക്ക് ചെയ്യാന്‍ പറ്റിയ സിനിമകള്‍ വന്നാല്‍ പറയണമെന്ന് പറഞ്ഞിരുന്നു. സുചിത്ര മാത്രമല്ല, ആന്‍റണി പെരുമ്പാവൂരും ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്.
ഒരിക്കല്‍ ഒരു കഥയുടെ പ്ലോട്ട് മനസ്സില്‍ രൂപപ്പെട്ടപ്പോള്‍ അത് അപ്പുവിനോട് പറഞ്ഞു. ഇഷ്ടപ്പെട്ടാല്‍ മാത്രം ചെയ്താല്‍ മതിയെന്ന ്ഉപദേശത്തോടെ. അപ്പുവിന് കഥ ഇഷ്ടപ്പെട്ടു. പിന്നീട് സുചിത്രയ്ക്കും ആന്‍റണിയും ലാലേട്ടനുമൊക്കെ ആദിയെ ഇഷ്ടമായി. അപ്പുവിന്‍റെ യഥാര്‍ത്ഥ സ്വഭാവസവിശേഷതകളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന കഥാപാത്രം കൂടിയാണ് ആദി.

 

 

പ്രണവിനെ വച്ച് സിനിമ ചെയ്യുന്നതിനുമുമ്പ് ഏതെങ്കിലും നിര്‍ദ്ദേശം മോഹന്‍ലാലോ, സുചിത്രയോ നല്‍കിയിരുന്നോ?
പ്രത്യേകിച്ചും ഒന്നും പറഞ്ഞില്ല. പക്ഷേ നേരത്തെ പറഞ്ഞതുപോലെ ‘ആദി’യുടെ കഥ എല്ലാവരുമായി ചര്‍ച്ച ചെയ്തു. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നല്‍കി. നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. മറ്റുള്ളവയെ ഉപേക്ഷിച്ചു.
‘ആദി’യിലെ പ്രണവിന്‍റെ ഗെറ്റപ്പ് പോലും അങ്ങനെ ഉണ്ടായതാണ്. മുടിയും താടിയും നീട്ടിവളര്‍ത്തിയ അപ്പു, എല്ലാവര്‍ക്കുമൊരു ക്രെയ്സ് ആയിരുന്നല്ലോ. പക്ഷേ ആദിയുടെ ക്യാരക്ടറൈസേഷന്‍ വച്ചുനോക്കിയാല്‍ അപ്പുവിന് ഇണങ്ങുക മുടിവെട്ടി ഒതുക്കിയ ഒരാളുടെ രൂപം തന്നെയായിരിക്കും. അങ്ങനെയാണ് അപ്പുവിനെ ഈ ഗെറ്റപ്പിലേക്ക് എത്തിച്ചതും.

 

ആദിനാദമാണ് പ്രണവം. പ്രണവ് നായകനായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ പേര് ‘ആദി’ എന്നും. ഈ സാമ്യത ബോധപൂര്‍വ്വം സംഭവിച്ചതാണോ?
അല്ല. സിനിമയില്‍ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ആദിത്യമോഹന്‍ എന്നാണ്. അത് ചുരുക്കി, ആദി എന്ന ടൈറ്റിലും നല്‍കി. ടൈറ്റില്‍ അനൗണ്‍സ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഇങ്ങനെയൊരു വ്യാഖ്യാനം പലരും നല്‍കുകയുണ്ടായി. അത്രയേയുള്ളൂ.

 

 

പ്രണവിനെക്കുറിച്ചും, ആദിയെക്കുറിച്ചും ധാരാളം കേട്ടെങ്കിലും അയാളുടെ നായിക ആരാണെന്നുമാത്രം വെളിപ്പെടുത്തിയില്ലല്ലോ?
അങ്ങനെയൊരു നായിക കഥാപാത്രം ഈ ചിത്രത്തില്‍ ഇല്ല. എന്നാല്‍ മൂന്ന് സ്ത്രീകഥാപാത്രങ്ങളുണ്ട്. ലെനയും അനുശ്രീയും അതിഥി രവിയുമാണവര്‍. ഇതില്‍ പ്രണവിന്‍റെ ജോഡി എന്നുവേണമെങ്കില്‍ പറയാവുന്നത് അതിഥി രവിയെയാണ്.
ആദിയെക്കുറിച്ച് ഒന്നും കേള്‍ക്കണ്ടാ എന്നുപറഞ്ഞാണ് സംസാരം തുടങ്ങിയതെങ്കിലും, അഭിമുഖത്തിനിടെ പലയിടങ്ങളിലും ആ പേര് കയറിവന്നു. സംസാരിച്ചുതീരുന്നതുവരെ അത് ജീത്തുവോ, എഴുതി തീരുന്നതുവരെ ഈ ലേഖകനോ അത് തിരിച്ചറിഞ്ഞിരുന്നില്ലെന്നതാണ് സത്യം.

തയ്യാറാക്കിയത്: കെ. സുരേഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO