ജയനാണ് എന്‍റെ ധൈര്യം -സരിതജയസൂര്യ

ബയോടെക്നോളജിയില്‍ മാസ്റ്റര്‍ബിരുദമുള്ള സരിതജയസൂര്യ ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഫാഷന്‍ഡിസൈനറാണ്. വളരെക്കുറച്ച് സിനിമകളില്‍മാത്രം വര്‍ക്കുചെയ്തിട്ടുള്ള സരിതയുടെ കണ്ടെത്തലുകള്‍ പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പുണ്യാളന്‍ അഗര്‍ബത്തീസിലെ ജയസൂര്യയുടെ കുര്‍ത്തയും ആട് 2 എന്ന സിനിമയില്‍ ഷാജിപാപ്പാന്‍റെ ചുവപ്പും കറുപ്പും നിറമുള്ള... Read More

ബയോടെക്നോളജിയില്‍ മാസ്റ്റര്‍ബിരുദമുള്ള സരിതജയസൂര്യ ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഫാഷന്‍ഡിസൈനറാണ്. വളരെക്കുറച്ച് സിനിമകളില്‍മാത്രം വര്‍ക്കുചെയ്തിട്ടുള്ള സരിതയുടെ കണ്ടെത്തലുകള്‍ പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പുണ്യാളന്‍ അഗര്‍ബത്തീസിലെ ജയസൂര്യയുടെ കുര്‍ത്തയും ആട് 2 എന്ന സിനിമയില്‍ ഷാജിപാപ്പാന്‍റെ ചുവപ്പും കറുപ്പും നിറമുള്ള മുണ്ടും ശ്രദ്ധേയമായിരുന്നു.

 

എറണാകുളത്ത് പനമ്പിള്ളി നഗറില്‍ സരിതജയസൂര്യ ഫാഷന്‍ സ്റ്റുഡിയോ എന്ന പേരില്‍ സ്വന്തമായി ബൊട്ടിക്കും നടത്തുന്നുണ്ട്. ജയസൂര്യ അഭിനയിക്കുന്ന പ്രേതം 2 ന്‍റെ ഷൂട്ടിംഗ് നടക്കുന്ന ഒറ്റപ്പാലത്ത് വരിക്കാശ്ശേരി മനയുടെ ഉമ്മറത്തിണ്ണയിലിരുന്ന് സരിത സംസാരിക്കുന്നു.

 

വിവാഹത്തിനുമുമ്പ് സിനിമയെക്കുറിച്ചോ ഫാഷന്‍ ഡിസൈനിംഗിനെക്കുറിച്ചോ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. സിനിമ കാണാറുണ്ട്. നമ്മുടേതായ വസ്ത്രങ്ങള്‍ സെലക്ട് ചെയ്യുന്നതില്‍ പണ്ടുമുതലേ പ്രത്യേകമായ താല്‍പ്പര്യവും കൗതുകവുമുണ്ടായിരുന്നു. ഒരു വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ അത് നമ്മുടെ ശരീരഘടനയ്ക്ക് ചേരുന്നതാണോ, കളര്‍കോമ്പിനേഷന്‍ എങ്ങനെയാണ് അതൊക്കെ ശ്രദ്ധിച്ചിരുന്നു. ഞാന്‍ പഠിച്ചത് ബയോടെക്നോളജിയാണ്. ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്തതും ബാംഗ്ലൂരിലാണ്. കൂടുതല്‍ പഠിക്കണം, റിസര്‍ച്ച് ചെയ്യണം, ജോലിക്കുപോണം അതൊക്കെയായിരുന്നു ആഗ്രഹം.

 

 

കല്യാണം കഴിഞ്ഞതോടെ പ്ലാനിംഗ് മൊത്തം തെറ്റി. ജയന്‍ മിക്കവാറും ഷൂട്ടിംഗിലോ യാത്രയിലോ ആയിരിക്കും. ആദ്യമൊക്കെ ഞാനും കൂടെ പോയിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഫാമിലി ലൈഫിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ്. ജോലിയും മറ്റുമായി ഞാനും കൂടി പോയാല്‍ ബാലന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ടാകുമെന്ന് വന്നപ്പോള്‍ പിന്മാറാന്‍ തീരുമാനിച്ചു.

 

പഠിച്ചത് സയന്‍സാണല്ലോ…ഫാഷന്‍ ഡിസൈനിംഗ് തൊഴിലായി സ്വീകരിക്കാന്‍ കാരണമെന്താണ്?

 

പഠിക്കുന്ന കാലത്തും കല്യാണം കഴിഞ്ഞപ്പോഴും ഫാഷന്‍ഡിസൈനിംഗിനോടുള്ള പാഷന്‍ മനസ്സില്‍ കിടപ്പുണ്ടായിരുന്നു. മകന്‍ ജനിച്ചു നാലുവയസ്സായി സ്ക്കൂളില്‍ ചേര്‍ത്തപ്പോഴാണ് സമയം കയ്യിലായത്. വെറുതെയിരുന്ന് മൂഡൗട്ടിലേക്ക് പോകാതെ സ്വയം ക്രിയേറ്റീവായിട്ടിരിക്കുക. ജയനോട് ചോദിച്ചപ്പോള്‍ ഓക്കെ പറഞ്ഞു. എട്ടുവര്‍ഷംമുമ്പ് നേരമ്പോക്കായിട്ടാണ് ബൊട്ടീക്ക് തുടങ്ങിയതെങ്കിലും പിന്നീട് സീരിയസായി. BUYING & SELLING എന്നതില്‍നിന്ന് യുണീക്കായിട്ടുള്ള സംഭവത്തിലേക്കുപോയി. പഠിച്ചത് വേറെയാകാം, ബേസിക്കലി ടേസ്റ്റുണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്.

 

സിനിമയിലേക്കുള്ള തുടക്കം എങ്ങനെയാണ്. അതിനുള്ള ധൈര്യം എവിടുന്നുകിട്ടി?

 

എന്‍റെ ധൈര്യം ജയനാണ്. ജയന്‍ അഭിനയിച്ച ചില സിനിമകളുടെ പാട്ടുസീനുവേണ്ടി ഡ്രസ്സ് സെലക്ട് ചെയ്യാന്‍പോയിട്ടുണ്ട്. നമ്മള്‍ പെഴ്സണലി ചൂസ് ചെയ്തുകൊണ്ടുവരുന്ന വസ്ത്രങ്ങള്‍ ധരിക്കുന്ന ആളാണ് ജയന്‍. അതായിരുന്നു തുടക്കം. പിന്നീട് മൂവിയിലേക്കുവന്നു. നമ്മുടെയൊരു ഹോംപ്രൊഡക്ഷനുവേണ്ടിയാണ് ആദ്യം ചെയ്തത്. പിന്നീട് പുറത്തുപോയി ചെയ്തത് ജയന്‍ അഭിനയിച്ച ആട് ഒരു ഭീകരജീവി, ഫുക്രി എന്നീ സിനിമകളാണ്. ഹോംപ്രൊഡക്ഷനായ പുണ്യാളനില്‍ വര്‍ക്കുചെയ്യാന്‍ പറഞ്ഞു. ആ സിനിമയില്‍ ജയനുവേണ്ടി പുതിയൊരുതരം കുര്‍ത്ത അവതരിപ്പിച്ചു. പടം ഹിറ്റായി, അതോടൊപ്പം ജയന്‍ ധരിച്ച കുര്‍ത്തയും ക്ലിക്കായി.

 

 

പൊതുവേ ആണുങ്ങള്‍ക്ക് ഡിസൈന്‍ വെയേഴ്സ് കുറവാണ്. കുര്‍ത്ത ശ്രദ്ധിക്കപ്പെട്ടതോടെ പിടിച്ചുനില്‍ക്കാന്‍ പറ്റുമെന്ന് തോന്നി. പ്രേതം ആറാമത്തെ സിനിമയാണ്. സൂസൂ സുധിവാത്മീകത്തില്‍ നായികമാര്‍ക്കുവേണ്ടിയും കോസ്റ്റ്യൂം ചെയ്തു. പ്രേതത്തിലും ചെയ്തു. പ്രധാനമായും ജയന്‍റെ വര്‍ക്കാണ് ചെയ്യുന്നത്.

 

 

വളരെ സെലക്ടീവായി കഥാപാത്രങ്ങളെ സ്വീകരിക്കുന്ന നടനാണ് ജയസൂര്യ. ആ കഥാപാത്രങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്യുമ്പോള്‍ എന്തൊക്കെയാണ് പരിഗണിക്കാറ്?

 

ഞാന്‍ ധാരാളം യാത്ര ചെയ്യാറുണ്ട്. യാത്രകളിലാണ് പുതിയ ഫാബ്രിക്സ് പരിചയപ്പെടുന്നത്. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയില്‍ രണ്ട് നിറത്തിലുള്ള മുണ്ട് ചെയ്തു. പെട്ടെന്നുണ്ടായ ഒരു തോന്നലാണത്. ഇങ്ങനെയൊരു മുണ്ടുചെയ്താല്‍ എന്താ? ജയനോട് ചോദിച്ചപ്പോള്‍ ചെയ്തുനോക്കാന്‍ പറഞ്ഞു. ഉടുക്കുമ്പോള്‍ ഒരു കളര്‍ മടക്കിക്കുത്തുമ്പോള്‍ വേറൊരു കളര്‍. ജയന്‍ ആ മുണ്ട് പ്രൊഡ്യൂസറെയും ഡയറക്ടറെയും കാണിച്ചു. അവര്‍ക്ക് ഇഷ്ടപ്പെട്ടു. ആ സിനിമയില്‍ മൊത്തം ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രങ്ങളാണ് ഷാജിപാപ്പാനുവേണ്ടി ചെയ്തത്.

 

ആടിന്‍റെ സെക്കന്‍റ് പാര്‍ട്ടില്‍ മാറ്റമുണ്ട്. കറുപ്പും ചുവപ്പും കൂടാതെ വേറെ ചില നിറങ്ങളും വരുന്നുണ്ട്. ഡിഫറന്‍റ് സ്റ്റൈലിലുള്ള മുണ്ടായതുകൊണ്ടായിരിക്കാം അത് ശ്രദ്ധിക്കപ്പെട്ടത്. പ്രേതം സിനിമയില്‍ കഥാപാത്രം ഒരു മെന്‍റലിസ്റ്റാണ്. അപ്പോള്‍ മറ്റുള്ളവരില്‍നിന്ന് ഇയാളെ മാറ്റിനിര്‍ത്തണം. ക്യാരക്ടറിന്‍റെ സ്വഭാവത്തിനനുസരിച്ച് പ്രത്യേകമായ ഡ്രസ്സിംഗ് പാറ്റേണാണ് ഉപയോഗിച്ചത്.

 

 

ബീച്ച് സൈഡില്‍ ധരിക്കാവുന്ന ലൂസ് ഫിറ്റഡ് സംഭവങ്ങളായിരുന്നു. പ്രേതം ഒന്നിന്‍റെ ബാക്ക്ഡ്രോപ്പല്ല പ്രേതം 2. പഴയൊരു മനയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരണം. ക്യാരക്ടറിന്‍റെ ബേസിക് സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് പുതിയൊരു വസ്ത്രധാരണ രീതിയാണ് കൊണ്ടുവരുന്നത്. ഹാരെം (HARE.M) ലൂസ്പാന്‍റാണ് ഉപയോഗിക്കുന്നത്.

 

സിനിമയിലും സിനിമയ്ക്ക് പുറത്തും ഡിസൈന്‍വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ. ഇത് തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?

 

സിനിമയില്‍ കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായ ഡിസൈനുകളായിരിക്കണം. ആ പരിമിതിക്കുള്ളില്‍നിന്ന് എത്രത്തോളം ഭംഗിയാക്കാമെന്നാണ് ചിന്തിക്കേണ്ടത്. പുറത്ത് ചെയ്യുമ്പോള്‍ ക്രിയേറ്റിവിറ്റിയും സ്പേസും കൂടുതല്‍ കിട്ടും. രണ്ടും ആസ്വദിക്കാന്‍ പറ്റുന്നുണ്ട്. നമ്മള്‍ എപ്പോഴും അപ്ഡേറ്റായിരിക്കണം. അപ്ഡേഷനില്ലാതെ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ പറ്റില്ല. ഫാഷന്‍രംഗത്തുമാത്രമല്ല ഒരിടത്തും ഒരു ചുവടു മുന്നോട്ടുവെക്കാന്‍ കഴിയില്ല. ഒരു സംഭവം ചെയ്യുമ്പോള്‍ ഞാന്‍ അതേക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളു. പുതുമ കൊടുക്കാന്‍ കഴിയണം. കണ്ട കാഴ്ചയില്‍ നിന്ന് മാറിക്കാണുമ്പോഴാണ് ഫ്രഷ്നെസ് തോന്നുന്നത്. ആളുകള്‍ക്ക് വേണ്ടതും അവര്‍ പ്രതീക്ഷിക്കുന്നതും പുതുമയാണ്.

 

എല്ലാം ഒരു പരീക്ഷണമാണ്?

 

അങ്ങനെയും പറയാം. നമ്മള്‍ കണ്ടെത്തി ജയനില്‍ പരീക്ഷിക്കുന്നു. എന്നെ സംബന്ധിച്ച് ഏത് സിനിമയ്ക്കുവേണ്ടി ഡിസൈന്‍ ചെയ്താലും പൂര്‍ണ്ണമായും അതില്‍ ഫോക്കസ്ഡാകണം. സിനിമയില്‍ മുഴുവന്‍ സമയവും കൂടെയുണ്ടാകണം. ജയനുവേണ്ടിയാകുമ്പോള്‍ എന്‍റെ ഭര്‍ത്താവല്ലേ എത്ര സുന്ദരനാക്കാമെന്ന കാര്യത്തില്‍ വളരെയധികം ആത്മവിശ്വാസമുണ്ടാകും. സിനിമ വല്ലപ്പോഴുമേ ചെയ്യുന്നുള്ളു. അത് നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. വര്‍ഷത്തില്‍ എത്ര സിനിമ ചെയ്തു എന്നതിനേക്കാള്‍ എത്ര നല്ല സിനിമ ചെയ്യുന്നു എന്നതിലാണ് കാര്യം.

 

 

ബൊട്ടിക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ്? അവിടുത്തെ പ്രധാന ആകര്‍ഷണം എന്താണ്?

 

എക്സ്ക്ലൂസീവ് ഡിസൈനുകളാണ് ബൊട്ടിക്കിലെ ആകര്‍ഷണം. സാരി, കുര്‍ത്ത, സല്‍വാര്‍… എല്ലാം സെലക്ടഡ് മെറ്റീരിയലാണ്. കല്യാണഡ്രസ്സ് തയ്യാറാക്കുന്നുണ്ട്. ബ്രൈഡല്‍ ഓര്‍ഡേഴ്സ് വരുമ്പോള്‍ നാച്വറലി അതൊരു ഫാമിലിപാക്കേജായി മാറാറുണ്ട്. നമ്മുടേത് ഇന്‍ഹൗസ് പ്രൊഡക്ഷനാണ്. മൂന്നുമാസം കൂടുമ്പോള്‍ മുംബൈ, കൊല്‍ക്കത്ത, വാരണാസി തുടങ്ങി നോര്‍ത്തിന്ത്യയില്‍ യാത്രപോകാറുണ്ട്. അവിടുന്ന് മെറ്റീരിയല്‍ സെലക്ട് ചെയ്യും. what you make എന്നുള്ളത് നമ്മുടെ സ്റ്റോറിയാണ്.

 

ജയസൂര്യയുടെ ഡ്രസ്സിന്‍റെ കാര്യത്തില്‍ നടത്തുന്നതുപോലെയുള്ള പരീക്ഷണം ഫുഡ്ഡിന്‍റെ കാര്യത്തിലുണ്ടോ?

 

ഫുഡ്ഡിന്‍റെ കാര്യത്തില്‍ യാതൊരു പരീക്ഷണത്തിനും അദ്ദേഹം നില്‍ക്കുന്നതല്ല. ഷൂട്ടിംഗ് സമയത്ത് വളരെയധികം കണ്‍ട്രോള്‍ ചെയ്തേ ഭക്ഷണം കഴിക്കൂ. ഷൂട്ടിംഗ് കംപ്ലീറ്റ് കഴിഞ്ഞശേഷം ഈ പറഞ്ഞ കണ്‍ട്രോളൊന്നും കാണില്ല. എന്തും കഴിക്കും. ശരീരം നന്നായിരുന്നാലേ ഉടുപ്പിട്ടാല്‍ ഭംഗിയുണ്ടാകൂ.

 

പാചകം ചെയ്യാറുണ്ടോ? കൈപ്പുണ്യം എന്നൊക്കെ പറയുന്ന ഒരു സംഗതിയുണ്ടല്ലോ?

 

അതൊന്നും എനിക്കറിയില്ല. പക്ഷേ വളരെ നന്നായി ഞാന്‍ പാചകം ചെയ്യും. വീട്ടില്‍ അമ്മയുണ്ട്, അമ്മൂമ്മയുണ്ട് അവരുടെ പാചകരീതികളും കുറച്ചൊക്കെ അറിയാം. അമ്മൂമ്മ എന്‍റെ കൂടെത്തന്നെയുണ്ട്. ഞങ്ങള്‍ നാല് ജനറേഷനാണ്. അമ്മൂമ്മ, അമ്മ, ഞാന്‍, മോള്… കുട്ടികളെ സംബന്ധിച്ച് ഗ്രാന്‍റ്ഫാദറിനെയും ഗ്രാന്‍റ് മദറിനെയും കണ്ടിട്ടുണ്ടാകും. ഗ്രേറ്റ് ഗ്രാന്‍റ്ഫാദറിനെയോ ഗ്രേറ്റ് ഗ്രാന്‍റ് മദറിനെയോ കണ്ടിട്ടുണ്ടാവില്ല. ശരിക്കും അതൊരു ബ്ലെസിംഗാണ്.

 

 

ഇപ്പോഴത്തെ ഈ യാത്രയ്ക്കിടയില്‍ സിനിമയില്‍ അഭിനയിക്കാന്‍ ആരെങ്കിലും വിളിച്ചിരുന്നോ?

 

സോറി… അതിനാരും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല. അഭിനയിക്കാനുള്ള ആഗ്രഹവുമില്ല. അല്ലാതെ തന്നെ ബിസ്സിയാണ്. എന്‍റെ സിസ്റ്റര്‍ പ്രേതം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ക്യാമറയുടെ മുന്നില്‍ നില്‍ക്കണമെങ്കില്‍ പ്രത്യേക ടാലന്‍റൊക്കെ വേണം.

 

കലാരംഗവുമായി ഒരു ബന്ധവുമില്ലെന്നാണോ പറഞ്ഞുവരുന്നത്?

 

പഠിച്ചിരുന്ന കാലത്ത് പാട്ടും ഡാന്‍സുമൊക്കെയായി വളരെ സജീവമായിരുന്നു. ഡിഗ്രിക്ക് ബാംഗ്ലൂരില്‍ ചേര്‍ന്നതോടെ, ടോട്ടലി ഇതില്‍നിന്ന് കട്ട് ഓഫായിട്ടുള്ള പഠനമായിരുന്നു. ഇപ്പോള്‍ ഒന്നുമില്ല. അമ്മയുടെ ഫാമിലിയില്‍പ്പെട്ടവരെല്ലാം പാട്ട് പഠിച്ചവരാണ്. അമ്മൂമ്മ ബി.എ മ്യൂസിക്കാണ്. പാട്ട് നമുക്ക് പാരമ്പര്യമായി കിട്ടിയതാണ്.

 

ജയസൂര്യയെ ആദ്യമായി കണ്ട നിമിഷം ഓര്‍മ്മയുണ്ടോ?

 

അതെങ്ങനെമറക്കാന്‍ പറ്റും. പത്തൊന്‍പത് വര്‍ഷം മുമ്പ് ജയന്‍ സൂര്യാ ടി.വിയില്‍ പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. അന്നേരം സിനിമാനടനായിട്ടില്ല. എന്‍റെ അമ്മൂമ്മയും അനുജത്തിയും ജയന്‍റെ പ്രോഗ്രാം സ്ഥിരമായി കാണുന്നവരാണ്. ഞാന്‍ ബാംഗ്ലൂരില്‍നിന്നും നാട്ടില്‍ വന്ന സമയത്ത് ഒരിക്കല്‍ ഫോണില്‍ പരിചയപ്പെട്ടു. പിന്നീട് ജയന്‍റെ വീടിനടുത്തേക്ക് പോയപ്പോള്‍ നേരില്‍ കണ്ടു. ആ കൂടിക്കാഴ്ച വിവാഹത്തില്‍ എത്തി. പതിനാല് വര്‍ഷം മുമ്പ് ജനുവരി പതിനഞ്ചിനായിരുന്നു വിവാഹം.

 

 

നടനെന്ന നിലയില്‍ ജയസൂര്യയെക്കുറിച്ച് എന്തുപറയുന്നു?

 

ജയന്‍റെ അഭിനയജീവിതത്തില്‍ വലിയ പ്രോഗ്രസ്സാണ് ഉണ്ടായിട്ടുള്ളത്. സിനിമയെ സീരിയസ്സായി കാണാനും ഹാര്‍ഡ് വര്‍ക്ക് ചെയ്യാനുമുള്ള ജയന്‍റെ മനസ്സ്, അത് നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ പൂര്‍ണ്ണമായും അതിന്‍റെ കൂടെയായിരിക്കും. അറബിക്കഥ, കങ്കാരു എന്നീ സിനിമകളാണ് മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. ക്യാരക്ടര്‍ അപ്രോച്ച് മാറിത്തുടങ്ങി. അപ്പോത്തിക്കിരി, ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി അങ്ങനെ ഓരോന്നും പുതിയ പുതിയ സംഭവങ്ങളായിരുന്നു. കോമഡിയില്‍ തുടങ്ങി ഇന്നത്തെ ജയനിലേക്കുള്ള മാറ്റം…

 

അത് ഇന്‍റേര്‍ണലിയുള്ള ഒരാളുടെ ഗ്രോത്താണ്. ജയന്‍റെ ഗ്രാഫെടുത്തു നോക്കിയാല്‍ ഗ്രാജ്വലിയായിട്ടുള്ള വളര്‍ച്ചയാണ്. നമ്മള്‍ എപ്പോഴും അപ്ഗ്രേഡ് ചെയ്യേണ്ടത് നമ്മളായിട്ട് തന്നെയാണ്. മറ്റൊരാളിലേക്ക് ഏത് നിമിഷമാണ് താരതമ്യം ചെയ്തുതുടങ്ങുന്നത്, നമ്മള്‍ ആ വ്യക്തിയായിട്ടേ വളരുകയുള്ളൂ. കുട്ടികളോട് ജയന്‍ പറയാറുണ്ട്… നീ നിന്‍റെ മാത്രം കാര്യങ്ങള്‍ പറയുക. വേറൊരു കുട്ടിയെക്കുറിച്ച് പറയണ്ട. നിനക്ക് ഇതില്‍ എന്തായിരുന്നു അതില്‍ എന്തായിരുന്നു അടുത്തതില്‍ എന്ത് അങ്ങനെ ചിന്തിക്കുക. മനസ്സില്‍ അസൂയയില്ല കുശുമ്പില്ല നമ്മള്‍ എപ്പോഴും സന്തോഷമായിരിക്കണം. മറ്റുള്ളവരെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുന്ന സമയത്ത് നമ്മള്‍ അസ്വസ്ഥനായി തുടങ്ങും.

 

ഭര്‍ത്താവില്‍ കാണുന്ന സവിശേഷത എന്താണ്?

 

പരസ്പരബഹുമാനവും പ്രചോദനവും സ്വാതന്ത്ര്യവുമൊക്കെയാണ് ജയനെന്ന ഭര്‍ത്താവിനെ വേറിട്ട് നിര്‍ത്തുന്നത്.

 

 

കുടുംബവിശേഷങ്ങള്‍?

 

ഞങ്ങള്‍ക്ക് രണ്ട് മക്കള്‍, മകന്‍ അദ്വൈത്(ആദി) മകള്‍ വേദ. പന്ത്രണ്ട് വയസ്സുകാരനായ അദ്വൈത് അച്ഛന്‍റെ വഴിയേ യാത്ര തുടങ്ങിക്കഴിഞ്ഞു. അവന്‍ അഭിനയിച്ച് സ്വന്തമായി സംവിധാനം ചെയ്ത് എഡിറ്റ് ചെയ്ത ഷോര്‍ട്ട് ഫിലിം ഓര്‍ലാന്‍റ് ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ട് ചെയ്തിരിക്കുകയാണ്. ഡബ്ബിംഗ് തിയേറ്റര്‍ എടുത്തുകൊടുത്തതൊഴിച്ചാല്‍ ബാക്കിയെല്ലാം അവന്‍ തനിയെ പോയി ചെയ്തതാണ്.

 

ആറുവയസ്സുകാരി വേദ പാട്ടും ഡാന്‍സും പഠിക്കുന്നുണ്ട്. ഫാഷനോട് കുറച്ച് താല്‍പ്പര്യമൊക്കെയുള്ള കൂട്ടത്തിലാണ്. നന്നായി വരയ്ക്കും. ഇതാണ് ഞങ്ങളുടെ കുടുംബചിത്രം.

 

അഞ്ജുഅഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO