ജീവിതത്തില്‍ അഭിനയം കാഴ്ചവയ്ക്കാന്‍ അറിയാത്ത നടന്‍

ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ കേരളീയരെ ഏറ്റവുമധികം ആകര്‍ഷിച്ചത് മികച്ച നടനായി ഇന്ദ്രന്‍സിനെ തെരഞ്ഞെടുത്തതാണ്. പ്രേക്ഷകര്‍ക്കിടയില്‍ ഇന്ദ്രന്‍സിന്‍റെ ഇമേജ് ഒരു കൊമേഡിയന്‍റേതാണ്. മലയാളികളുടെ തനതുശൈലിയില്‍ ഈ നടനെ പലപ്പോഴും 'കൊടക്കമ്പി' എന്ന ഓമനപ്പേരിട്ടാണ് വിളിച്ചിരുന്നത്. കര്‍മ്മം... Read More

ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ കേരളീയരെ ഏറ്റവുമധികം ആകര്‍ഷിച്ചത് മികച്ച നടനായി ഇന്ദ്രന്‍സിനെ തെരഞ്ഞെടുത്തതാണ്. പ്രേക്ഷകര്‍ക്കിടയില്‍ ഇന്ദ്രന്‍സിന്‍റെ ഇമേജ് ഒരു കൊമേഡിയന്‍റേതാണ്. മലയാളികളുടെ തനതുശൈലിയില്‍ ഈ നടനെ പലപ്പോഴും ‘കൊടക്കമ്പി’ എന്ന ഓമനപ്പേരിട്ടാണ് വിളിച്ചിരുന്നത്. കര്‍മ്മം കൊണ്ട് തയ്യല്‍ക്കാരനും. ഉപജീവനത്തിനായി തയ്യല്‍ പണി പഠിച്ച് അതിന്‍റെ തിരക്കുകളില്‍ നിന്ന് മിച്ചം കണ്ട് കടമെടുത്ത സമയത്ത് അമച്വര്‍ നാടകങ്ങളിലഭിനയിച്ച് സിനിമയുടെ സാങ്കേതിക വിഭാഗത്തില്‍ കടന്നുകൂടി ക്യാമറയുടെ മുന്നിലെത്തി മുഖം കാണിച്ച് തിരക്കുള്ള നടനായി മാറി, ഇതാ ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച നടനായി മാറുകയും ചെയ്തിരിക്കുന്നു. വെല്‍ഡണ്‍ ഇന്ദ്രന്‍സ്, ഈ വിജയം പരിശ്രമത്തിന്‍റെയും സ്ഥിരോത്സാഹത്തിന്‍റേതുമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, അഭിനന്ദനങ്ങള്‍. ആളൊരുക്കം എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സിന് അഭിനയത്തിന്‍റെ ഈ പരമോന്നത പദവി ലഭിച്ചിരിക്കുന്നത്.

 

 

തിരുവനന്തപുരം കുമാരപുരത്ത് പാലവിള വീട്ടില്‍ കൊച്ചുവേലുമകന്‍ സുരേന്ദ്രന്‍. ഇപ്പോള്‍ പ്രായം അറുപത്. കൊച്ചുവേലുവിന്‍റെയും ഗോമതിയുടേയും ഏഴുമക്കളില്‍ ഒരാള്‍. ഇന്നിപ്പോള്‍ ഇങ്ങനെയൊന്നും പരിചയപ്പെടുത്തിയാല്‍ ആളറിയാതെ നിങ്ങള്‍ വട്ടം ചുറ്റിപ്പോകത്തേയുള്ളൂ. ഇന്ദ്രന്‍സ് എന്ന സിനിമാനടനെന്ന് നേരെ പറഞ്ഞാല്‍ പിന്നൊന്നും പറയേണ്ട ആവശ്യവുമില്ല. പക്ഷേ മൂട് മറക്കരുതല്ലോ, വന്ന വഴികള്‍ കാണാപാഠമാണിന്നും ഇന്ദ്രന്‍സിന്. നാല്‍പ്പതിലേറെ വര്‍ഷങ്ങളായി അടുത്തറിയാവുന്ന ഈ ഇന്ദ്രന്‍സിനെ പക്ഷേ, എളിമയുടെ ആള്‍രൂപം എന്നു പരിചയപ്പെടുത്താനാണെനിക്കിഷ്ടം. സിനിമയുടെ തട്ടകമാകുമ്പോള്‍ അതൊരപൂര്‍വ്വാനുഭവവുമാണല്ലോ; ആളൊരുക്കത്തിലെ അഭിനയത്തിന് 2017 മലയാളത്തിലെ ഏറ്റവും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇന്ദ്രന്‍സിലില്ല ലവലേശം മാറ്റങ്ങള്‍. അണ്ണാ…ന്നുള്ള ഈ വിളിക്ക് ഏഴുനാക്ക്. അഭിനയകലയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും മുമ്പിലെത്തിനില്‍ക്കുന്ന ഈ നടന് അറിയാത്തത് ഒന്നുമാത്രം. ജീവിതത്തില്‍ അഭിനയം കാഴ്ചവയ്ക്കാന്‍.

 

സ്വന്തം കഴിവും ഭാവനയും ചേര്‍ത്തു സ്വയം തുന്നിക്കൂട്ടിയതാണ് ഇന്ദ്രന്‍സിന്‍റെ ഇന്നത്തെ ഈ പദവി. അക്കാലത്തെ ജീവിതസാഹചര്യവും കാഴ്ചപ്പാടുകളുമൊക്കെ വച്ച് പഠിച്ച് കളക്ടറാകാനൊന്നും ഇന്ദ്രന്‍സ് ആഗ്രഹിച്ചില്ല. കഴിവിനൊത്തു പഠിച്ചു. പിന്നീട് നാട്ടുനടപ്പനുസരിച്ച് എന്തെങ്കിലുമൊരു തൊഴില്‍ പഠിക്കാനായി ഇറങ്ങി തിരിച്ചു. കൂട്ടുകാര്‍ വര്‍ക്ക് ഷോപ്പിലും ബീഡിതെറുക്കാനുമൊക്കെ പോയപ്പോള്‍ ഇന്ദ്രന്‍സ് തെരഞ്ഞെടുത്തത് തുന്നല്‍ പഠനമാണ്. അമ്മാവനായ അപ്പു ആശാന്‍റെ കടയില്‍ ബട്ടണ്‍ഹോള്‍ വരിഞ്ഞുകൊണ്ട് ഇതിന് തുടക്കമിട്ടു. ചെയ്യുന്ന ജോലിയില്‍ പൂര്‍ണ്ണമായി മനസ്സിരുത്തി തയ്യലിന്‍റെ ഓരോ ഘട്ടങ്ങളും മുന്നേറുകയായിരുന്നു. ഇതിനിടയില്‍ തയ്യല്‍ക്കടയിലെ വരുത്തുപോക്കരുമായുള്ള ചങ്ങാത്തത്തിലൂടെ വായനശാലയും, ആര്‍ട്ട്സ്ക്ലബ്ബുകളും കൊച്ചുകൊച്ചു നാടകംകളിയുമായൊക്കെ പരിചയപ്പെട്ടു. അതിലൊക്കെ അക്കാലത്തൊരു പ്രത്യേക കമ്പം തന്നെ തോന്നിയിരുന്നു. പക്ഷേ അതൊക്കെ തൊഴിലിന് മൂന്നുകാതം അപ്പുറമേ നിര്‍ത്തിയുള്ളൂ. സന്ധ്യയ്ക്ക് കട അടച്ചാല്‍ മാത്രമേയുള്ളൂ ഇത്തരം ഇടപാടുകള്‍, അല്ലെങ്കില്‍ അവധിദിവസമായ ഞായറാഴ്ചകളില്‍മാത്രം. അക്കാലത്ത് കുറെ ഏറെ നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടുകയും ചെയ്തു. ഇല്ലാത്ത പാരമ്പര്യമൊന്നും പറഞ്ഞ് മേനി നടിക്കാന്‍ ഇന്ദ്രന്‍സ് ഒരുക്കമില്ല. വല്യച്ഛനൊരാള്‍ പണ്ടെന്നോ കാക്കാരശ്ശി നാടകം കളിച്ചിരുന്നൂന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അത്രമാത്രം.

 

കടപ്പാടിന്‍റെ കാര്യം പറഞ്ഞാല്‍ തൂണിനോടും തുരുമ്പിനോടും വരെ കടപ്പാടുകളുണ്ടെന്നാണുത്തരം. തയ്യല്‍ക്കാലത്ത് പരിചയപ്പെട്ട മേക്കപ്പ്മാന്‍ മോഹന്‍ദാസിലൂടെയാണ് ആ വഴി തുടങ്ങിയത്. ചൂതാട്ടം സിനിമയ്ക്കുവേണ്ടി കോസ്റ്റ്യൂമര്‍ ലക്ഷ്മണന്‍ തയ്ക്കാനൊരാളായി ഇന്ദ്രന്‍സിനെയും കൂട്ടി. കെ. സുകുമാരന്‍ നായര്‍, ടി.എം.എന്‍. ചാര്‍ലി, കീഴില്ലം വേലായുധന്‍, ആലപ്പി അഷ്റഫ്, സുരേഷ് ഉണ്ണിത്താന്‍, സിബിമലയില്‍, പത്മരാജന്‍ അങ്ങനെവിട്ടുപോയ എല്ലാപേരുകളും ചേര്‍ത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍ വരെ കടപ്പാടിന്‍റെ നിര എത്തിനില്‍ക്കുന്നു. മാണി. സി. കാപ്പന്‍, ഗാന്ധിമതി ബാലന്‍, ഭദ്രന്‍, രാജസേനന്‍ ഇങ്ങനെ ഓര്‍ത്തുപറയാന്‍ പിന്നെയും നിരവധിയുണ്ട് പേരുകള്‍.

 

കഥാവശേഷന്‍, രാമാനം, പിന്നെയും, മണ്‍റോ തുരുത്ത് തുടങ്ങി ആളൊരുക്കം വരെ എത്തിനില്‍ക്കുന്നു. ഇന്ദ്രന്‍സിന്‍റെ അഭിനയമികവ് പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ച ചിത്രങ്ങള്‍. തൃപ്തനാണ് ഈ മനുഷ്യന്‍, പരിപൂര്‍ണ്ണ സംതൃപ്തന്‍.

 

ആളൊരുക്കത്തെക്കുറിച്ച് അവാര്‍ഡ് സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ തന്നെ അത്തരം വലിയ സ്വപ്നങ്ങളൊന്നും പേറി നടക്കാനുള്ള ശരീരപ്രകൃതിയല്ല തന്‍റേതെന്ന് ഇന്ദ്രന്‍സ് പറയുന്നു. ആളൊരുക്കത്തിന്‍റെ പ്രമേയം ഇഷ്ടമായി. പക്ഷേ ഇന്‍ററാക്ഷന്‍ സീനുകളില്‍ പലതും ഡയലോഗില്ലാതെ അഭിനയിക്കേണ്ടതായിരുന്നു. എങ്ങനെവരുമെന്നൊരു ഭയമൊക്കെ ഉള്ളിലുണ്ടായിരുന്നു. എങ്ങനെയോ അതൊക്കെയങ്ങ് ഫലിച്ചു. സമ്മാനവും കിട്ടി.

 

 

ഇന്ദ്രന്‍സിന്‍റെ സഹധര്‍മ്മിണി ശാന്തയാണ്. രണ്ടുമക്കള്‍. മഹിതയും മഹേന്ദ്രനും. മഹിതയുടെ ഭര്‍ത്താവ് ശ്രീരാജ് മഹിത ഡോക്ടറാണ്. ഇന്ദ്രന്‍സിന്‍റെ മരുമകള്‍(മകന്‍റെ ഭാര്യ) സ്വാതിയും ഡോക്ടറാണ്. മഹിതയും ഭര്‍ത്താവും വര്‍ക്കലയാണ് താമസം. മകനും മരുമകളും കുമാരപുരത്ത് കൂടെയുണ്ട്.

 

അവാര്‍ഡിന്‍റെ ഹാങ് ഓവറൊന്നും തെല്ലുമേയില്ല. ഇന്ദ്രന്‍സിന് തിരക്കോട് തിരക്കുതന്നെ. അഭിനന്ദനം അറിയിക്കാന്‍പോലും ആളെ കിട്ടാനില്ല. പ്രഖ്യാപനത്തിനുശേഷം ജോഷിമാത്യുവിന്‍റെ ചിത്രത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി, ഇപ്പോള്‍ കോതമംഗലത്ത് ഷാഫിയുടെ പടത്തില്‍ ചേര്‍ന്നുകഴിഞ്ഞു, ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പടം ക്യൂവിലാണ്.

കെ.സി. മധു

Show Less

No comments Yet

SLIDESHOW

LATEST VIDEO