സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ആഴങ്ങളിലൂടെ…

ഒരു ചരടില്‍ കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെയാണ് സംഗീതവും നൃത്തവും ലയിച്ചുകിടക്കുന്നത്. പാട്ടിന്‍റെ താളത്തില്‍ നൃത്തം അവതരിപ്പിക്കുമ്പോഴുള്ള കാഴ്ചാനുഭവവും ശ്രവണാനുഭവവും മനസ്സിനെ ധന്യമാക്കുന്നുണ്ടെങ്കില്‍ അത് ആ ഒത്തുചേരലിന്‍റെ മാഹാത്മ്യം കൊണ്ടാണ്. പാട്ടിനെ സ്നേഹിക്കുകയും പാട്ടുകാരിയായി മാറുകയും... Read More

ഒരു ചരടില്‍ കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെയാണ് സംഗീതവും നൃത്തവും ലയിച്ചുകിടക്കുന്നത്. പാട്ടിന്‍റെ താളത്തില്‍ നൃത്തം അവതരിപ്പിക്കുമ്പോഴുള്ള കാഴ്ചാനുഭവവും ശ്രവണാനുഭവവും മനസ്സിനെ ധന്യമാക്കുന്നുണ്ടെങ്കില്‍ അത് ആ ഒത്തുചേരലിന്‍റെ മാഹാത്മ്യം കൊണ്ടാണ്. പാട്ടിനെ സ്നേഹിക്കുകയും പാട്ടുകാരിയായി മാറുകയും ചെയ്ത മൃദുലാവാര്യരും നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയും ആത്മമിത്രങ്ങളായി മാറിയതിന്‍റെ പിന്നില്‍ സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയുമൊക്കെ വൈകാരികതലങ്ങള്‍ പിന്‍ബലമായി നില്‍ക്കുന്നുണ്ടാകില്ലേ? ഉണ്ടായിരിക്കണം. അല്ലെങ്കില്‍ പിന്നെ കൃഷ്ണപ്രഭയുടെ പുതിയ നൃത്ത വിദ്യാലയത്തിലെ ഫ്ളോറില്‍ ‘മഹിളാരത്നം’ വായനക്കാര്‍ക്കുവേണ്ടി ഇവര്‍ സംഗമിക്കുമായിരുന്നുവെന്ന് തോന്നുന്നുന്നില്ല.

 

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഓസ്ട്രേലിയയില്‍ വച്ചുനടന്ന ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ ഇവര്‍ ഒന്നിച്ചുണ്ടായിരുന്നു. ആ ദിവസങ്ങളിലൂടെ ഇവരുടെ ഹൃദയങ്ങളും കൂടുതല്‍ അടുക്കുകയായിരുന്നു. ഏറെനാള്‍ വൈകുംമുമ്പ് ദുബായിലും സ്റ്റേജ്ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോഴും ഈ പാട്ടും നൃത്തവും സംഗമിച്ചു. മൃദുല പാടുന്നു. കൃഷ്ണപ്രഭ നൃത്തമാടുന്നു… അല്ലെങ്കില്‍ സ്കിറ്റില്‍ പങ്കെടുക്കുന്നു. പ്രോഗ്രാമും റിഹേഴ്സലുകളും ഒന്നുമില്ലാത്ത ഒഴിവുവേളകളിലെല്ലാം ഇവരുടെ മനസ്സ് തുറന്നു. കലയും നൃത്തവും പാട്ടും സിനിമയും തുടങ്ങി കുടുംബവിശേഷങ്ങളും എല്ലാം അവര്‍ സംസാരിച്ചു. ഒന്നിച്ചുള്ള ഷോപ്പിംഗ്… അങ്ങനെയങ്ങനെ വിദേശയാത്രകള്‍, സ്നേഹം ഉറപ്പിക്കുന്ന നിമിഷങ്ങള്‍.

 

 

എറണാകുളത്ത് പനമ്പള്ളിനഗറിലുള്ള കൃഷ്ണപ്രഭയുടെ വീട്ടിലും ഇപ്പോള്‍ ഈയടുത്ത് കൃഷ്ണപ്രഭ തുടങ്ങിയിരിക്കുന്ന നൃത്തവിദ്യാലയത്തിലും മൃദുലാവാര്യര്‍ പലതവണ വന്നിട്ടുണ്ട്. മൃദുലാവാര്യര്‍ ഇപ്പോള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ആലുവായിലെ ഫ്ളാറ്റിലും പട്ടാമ്പിയിലെ മൃദുലയുടെ ഭര്‍ത്തൃഗൃഹത്തിലും കോഴിക്കോട്ട് മൃദുലയുടെ സ്വന്തം വീട്ടിലും കൃഷ്ണപ്രഭ പോയിട്ടുണ്ട്. സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ആഴമാണ് ഇരുവരെയും അതിന് പ്രേരിപ്പിക്കുന്നത്.

 

അതുകൊണ്ടുതന്നെയാണ് മൃദുല ഇങ്ങനെ സംസാരിച്ചതും. എനിക്കൊരുപാട് സൗഹൃദങ്ങളുണ്ട്. ഒത്തിരി ഫ്രണ്ട്സുമുണ്ട്. കൃഷ്ണപ്രഭയുമായുള്ള നിമിഷങ്ങള്‍ വളരെ ആത്മവിശ്വാസം നല്‍കാറുണ്ട്. വിദേശത്ത് പോയപ്പോഴുമൊക്കെ ഞങ്ങളുടെ അമ്മമാര്‍ കൂടെയുണ്ടായിരുന്നെങ്കിലും ഇനി ഞങ്ങള്‍ ഒന്നിച്ചുപോയാല്‍ക്കൂടി വളരെ കംഫോര്‍ട്ടബിളായി എനിക്ക് ഫീല്‍ ചെയ്യുന്നത് കൃഷ്ണയിലൂടെയാണ്. ഞാനത് എപ്പോഴും വീട്ടില്‍ പറയാറുണ്ട്. ഒരു നിമിഷം കഴിഞ്ഞപ്പോള്‍ മൃദുല മൂളിപ്പാട്ടുപോലെ കളിവീടിലെ ലാലീ… ലാലീ… എന്ന ഗാനത്തിന്‍റെ രണ്ട് വരികള്‍ മൃദുലമായ ശബ്ദത്താല്‍ ഒന്നുപാടി. ഒപ്പം കൃഷ്ണയുടെ ചുണ്ടുകളും ചെറുതായി അനങ്ങിതുടങ്ങി. കൃഷ്ണപ്രഭ ചോദിച്ചു.

 

മൃദുലയുടെ പുതിയപാട്ടുകള്‍ ഏതൊക്കെയാണ്?

 

ചില്‍ഡ്രന്‍സ് പാര്‍ക്ക്, കിംഗ്ഫിഷ്, താക്കോല്‍, മുന്ന, മിഠായിത്തെരുവ്, ഉസ്താദ് എന്‍റെ സുല്‍ത്താന്‍, പോര്‍ക്കളം, മാഹി… തുടങ്ങിയവയാണ് എന്‍റെ പുതിയ സിനിമകള്‍.

 

മൃദുല സിനിമയില്‍ ആലാപനരംഗത്തുവന്നിട്ട് എത്ര നാളായി?

 

ഇപ്പോള്‍ പന്ത്രണ്ട് വര്‍ഷമാകുന്നു. മുന്നൂറോളം പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്.

 

മൃദുല: കൃഷ്ണ ഹെയര്‍കട്ട് ചെയ്തു അല്ലേ? പുതിയ ലുക്ക്. നന്നായിട്ടുണ്ട്. സിനിമയ്ക്കുവേണ്ടി ആയിരുന്നോ?

 

കൃഷ്ണ: അല്ല. ഞങ്ങള്‍ എല്ലാവര്‍ഷവും തിരുപ്പതി ക്ഷേത്രത്തില്‍ പോകാറുണ്ട്. പോകുമ്പോഴെല്ലാം അമ്മയും സഹോദരനും തല മുണ്ഡനം ചെയ്യുക പതിവാണ്. ഓരോ വര്‍ഷവും അവര്‍ എന്നെയും നിര്‍ബന്ധിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ എന്‍റെ മനസ്സ് അതിന് തയ്യാറായി. അങ്ങനെയാണ് തലമൊട്ടയടിച്ചത്. ഈ ലുക്ക് നന്നായിട്ടുണ്ടെന്നാണ് പലരും പറയുന്നത്. ഈ ഗെറ്റപ്പില്‍ ഒരു സിനിമ ചെയ്യണമെന്നും എനിക്കുണ്ട്.

 

തലമുണ്ഡനം ചെയ്തപ്പോഴുണ്ടായിരുന്ന മാനസികാവസ്ഥ?

 

കൃഷ്ണ: ഒരു കണക്കിന് പറഞ്ഞാല്‍ തലമൊട്ടയടിക്കാന്‍ ഒരു ധൈര്യം വേണം. പിന്നെ, തല മൊട്ടയടിച്ച് പുറത്ത് നടക്കാന്‍ ഒരു ധൈര്യം വേണം. ഞാന്‍ മൊട്ടയടിച്ചുകഴിഞ്ഞതുകൊണ്ട് പറയട്ടെ, ഇതിനൊരു പ്രത്യേക സുഖമുണ്ട് കേട്ടോ. പുരുഷന്മാര്‍ സാധാരണ തല മൊട്ടയടിക്കാറുണ്ടല്ലോ. സ്ത്രീകള്‍ക്ക് അത് കുറവാണ്. എന്‍റെ അനുഭവത്തില്‍നിന്നും ഞാന്‍ പറയുന്നു, സ്ത്രീകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും തല മൊട്ടയടിക്കണമെന്ന്. അതൊരു സുഖം തന്നെയാ. ഡാന്‍സൊക്കെ ചെയ്യുന്നതുകൊണ്ട് തല മൊട്ടയടിച്ചാല്‍ എങ്ങനെയാകും എന്നൊക്കെയുള്ള ഒരു ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാല്‍, ഒന്നും പേടിക്കാനില്ല. ഞാന്‍ വിഗ്ഗ് വച്ചുപോലും ഡാന്‍സ് ചെയ്തുകഴിഞ്ഞു. ആദ്യംതന്നെ ഈ തലയുമായി ഒരു റാംബോയില്‍ പങ്കെടുത്തു. അതും ഒരു വെറൈറ്റിയായി. പലരും എന്നെ തെറ്റിദ്ധരിച്ചു, എന്തൊ അസുഖം വന്നിട്ടാണെന്ന് പലര്‍ക്കും തോന്നിയിരുന്നു. മുറിച്ച മുടി തിരുപ്പതിയില്‍തന്നെ കൊടുക്കുകയായിരുന്നു.

 

മൃദുലയുടെ കുടുംബവിശേഷങ്ങള്‍?

 

ഹസ്ബന്‍റ് ഡോക്ടറല്ലേ? പട്ടാമ്പിയില്‍ പ്രാക്ടീസിന്‍റെ തിരക്കുകളുണ്ട്. മോള്‍ മൈത്രേയി ഈ വര്‍ഷം സ്ക്കൂളില്‍ പോയി തുടങ്ങിയിരിക്കുന്നു.

 

 

‘ആണോ?’ ചോദ്യവുമായി കൃഷ്ണ ചിരിക്കുന്നു. എന്നിട്ട് ചോദിച്ചു?

 

സ്ക്കൂളില്‍ പോയി തുടങ്ങിയിട്ട് എങ്ങനെയുണ്ടായിരുന്നു?

 

മൈത്രേയി സ്ക്കൂളില്‍ പോയി തുടങ്ങിയിട്ട് ആദ്യത്തെ കുറച്ചുദിവസം കരച്ചിലായിരുന്നു. സ്ക്കൂളില്‍ പോകേണ്ടാ…. ന്ന് പറഞ്ഞ് കരയുമായിരുന്നു. പ്ലേസ്ക്കൂളാണ്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മൈത്രേയിയുടെ മട്ടും ഭാവവും ഒക്കെ മാറിത്തുടങ്ങി. സ്ക്കൂളില്‍ പോകാന്‍ ഇഷ്ടമായി. മൈത്രേയി പൊതുവെ വികൃതിയാണ്. ആദ്യം കാണുന്നവര്‍ക്കൊക്കെ മോള്‍ പാവമാണെന്ന് തോന്നും. എന്നാല്‍, അടുത്തുകഴിയുമ്പോഴായിരിക്കും അറിയുക, ഭയങ്കര വികൃതിയാണ്. കളിയും ചിരിയുമായി നില്‍ക്കുന്നതുകൊണ്ടുതന്നെ സ്ക്കൂളില്‍ ചെല്ലുമ്പോഴും വികൃതിയുണ്ട്. അതിലെല്ലാം ഇഷ്ടമായതുകൊണ്ട് ആദ്യത്തെ മടി മാറി എന്നുമാത്രമല്ല, അവധി ദിവസങ്ങളില്‍ കൂടി സ്ക്കൂളില്‍ പോകാനുള്ള ഉത്സാഹം കാണിക്കുന്നുണ്ട്.

 

ഡാന്‍സ് സ്ക്കൂളിനെകുറിച്ച് പറയാമോ?

 

ഒരു ഡാന്‍സ് സ്ക്കൂള്‍ തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എപ്പോഴെങ്കിലും എന്ന രീതിയില്‍ അതെക്കുറിച്ച് ആലോചിച്ചിട്ടേയുണ്ടായിരുന്നുള്ളുവെങ്കിലും പെട്ടെന്ന് നടന്നു… അല്ലെങ്കില്‍ സംഭവിച്ചു എന്ന് പറയുന്നതാകും ശരി. മമ്മൂക്കയായിരുന്നു ഉദ്ഘാടനം ചെയ്തത്. പനമ്പള്ളിനഗറില്‍ എന്‍റെ ഫ്ളാറ്റിന്‍റെ ഓപ്പസിറ്റായിത്തന്നെ റൂം കിട്ടി. ക്ലാസിക്കല്‍ ഡാന്‍സ്, സൂംബാഡാന്‍സ്, പാട്ട് തുടങ്ങിയവയെല്ലാം പഠിപ്പിക്കുന്ന ഒരു കലാഗൃഹമായിരുന്നതിനാല്‍ മമ്മൂക്കയെ കൊണ്ടുതന്നെ ഉദ്ഘാടനം നടത്തണമെന്നതായിരുന്നു എന്‍റെ ആഗ്രഹം. പോരെങ്കില്‍ മമ്മൂക്കയുടെ വീടിന്‍റെ തൊട്ടടുത്തുമല്ലേ സ്ഥാപനം.

 

ഞാനിക്കാര്യം ആദ്യം മമ്മുക്കയോട് പറഞ്ഞപ്പോള്‍ മമ്മുക്ക ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു. എറണാകുളത്ത് വരുമ്പോള്‍ നോക്കാം എന്നുമാത്രം പറഞ്ഞു. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മമ്മുക്ക വിളിച്ചിട്ടു പറഞ്ഞു. എറണാകുളത്ത് വരുന്നുണ്ടെന്ന്. പിന്നെല്ലാം പെട്ടെന്നായിരുന്നു. അതാണ് ഞാന്‍ പറഞ്ഞത് എല്ലാം സംഭവിക്കുകയായിരുന്നുവെന്ന്. ജൈനിക സ്ക്കൂള്‍ ഓഫ് ആര്‍ട്സ് പിറവികൊണ്ടത് അങ്ങനെയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 9 ആയിരുന്നു ആ ദിനം.മമ്മുക്ക ഇപ്പോഴും നേരില്‍ കാണുമ്പോഴെല്ലാം ചോദിക്കാറുണ്ട്. ജൈനിക എങ്ങനെ പോകുന്നുവെന്ന്. ശരിക്കും പറഞ്ഞാല്‍ മമ്മുക്കയാണ് ഈ സ്ഥാപനത്തിന്‍റെ ഗോഡ് ഫാദര്‍.

 

ജൈനികയില്‍ എല്ലാ ദിവസവും ക്ലാസ്സുകള്‍ ഉണ്ടോ?

 

ഉണ്ട്. ഈവനിംഗ് ക്ലാസ്സാണ് ഇപ്പോള്‍ കൂടുതലായും ഉള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മറ്റ് സമയങ്ങളിലും ഉണ്ടായിരിക്കും. ഭരതനാട്യം പഠിപ്പിക്കുന്നത് എന്‍റെ ഗുരുവായ ആര്‍.എല്‍.വി. പ്രദീപ്കുമാര്‍ തന്നെയാണ്. ആര്‍.എല്‍.വിയില്‍ തന്നെയുള്ള അര്‍ച്ചന ടീച്ചറും ഡാന്‍സ് ക്ലാസ്സെടുക്കുന്നുണ്ട്. പിന്നെ വോക്കല്‍ പഠിപ്പിക്കുന്നുണ്ട്. ഞാനും ഭരതനാട്യം പഠിപ്പിക്കാറുണ്ട്, സിനിമയുടെ വര്‍ക്കില്ലാത്തപ്പോള്‍.

 

 

മൃദുല ചെയ്ത ‘നീലക്കുറിഞ്ഞി’ എന്ന കവര്‍ സോംഗ് മികച്ച അഭിപ്രായം നേടിയിരുന്നു അല്ലേ?

 

മൃദുല: അതെ. ഒരുപാട് പേര്‍ നല്ല അഭിപ്രായം പറഞ്ഞു. എന്‍റെ ആദ്യത്തെ കവര്‍ സോംഗ് ആണത്. പഴയ പാട്ടുകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നതാണല്ലോ കവര്‍ സോംഗ്. ചിത്രച്ചേച്ചിയുടെ രണ്ട് പാട്ടുകള്‍ ചേര്‍ത്തിട്ടാണ് ഞാന്‍ കവര്‍സോംഗ് ചെയ്തത്. ആ പാട്ടുകള്‍ ഇറങ്ങിയ സമയത്ത് വളരെ നല്ല റെസ്പോണ്‍സ് എനിക്ക് കിട്ടിയിരുന്നു. ചിത്രച്ചേച്ചിയുടെ രണ്ട് പാട്ടുകള്‍ കവര്‍ സോംഗായി ഞാന്‍ അവതരിപ്പിച്ചപ്പോള്‍ ചിത്രച്ചേച്ചി നന്നായിട്ടുണ്ടെന്ന് അഭിപ്രായം പറഞ്ഞത് കൂടാതെ എഫ്.ബിയില്‍ ഷെയര്‍ ചെയ്യാമോയെന്ന് ചോദിച്ചപ്പോള്‍ ഒരു മടിയും പറയാതെ അത് ഷെയര്‍ ചെയ്തു. അതാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്.

 

തയ്യാറാക്കിയത് : ജി. കൃഷ്ണന്‍

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO