ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല   

    -ഡി.ജി.പി. ഡോ. ജേക്കബ് തോമസ്         സംസ്ഥാന പൊലീസ് സേനയിലെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഓഫീസര്‍ ഡോ. ജേക്കബ് തോമസ് തന്‍റെ നയം വ്യക്തമാക്കുന്നു. ആനുകാലിക, രാഷ്ട്രീയ,... Read More

 

 

-ഡി.ജി.പി. ഡോ. ജേക്കബ് തോമസ്

 

 

 

 

സംസ്ഥാന പൊലീസ് സേനയിലെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഓഫീസര്‍ ഡോ. ജേക്കബ് തോമസ് തന്‍റെ നയം വ്യക്തമാക്കുന്നു. ആനുകാലിക, രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം ‘കേരളശബ്ദ’ത്തോട് മനസുതുറക്കുന്നു. 

 

 

?നിര്‍ണായകവിധി വന്ന് ആഴ്ചകള്‍ പിന്നിടുന്നു. പക്ഷേ, ഡി.ജി.പി. ഡോ. ജേക്കബ് തോമസ് ഇന്നും പടിക്ക് പുറത്താണ്. എന്തുകൊണ്ട് 

2017 ഡിസംബറില്‍ എന്നെ വിജിലന്‍സ് ആന്‍റി കറപ്ഷന്‍ ബ്യൂറോ മേധാവിസ്ഥാനത്തുനിന്നും നീക്കണമെന്ന് ചിലര്‍ തീരുമാനിച്ചു. അവര്‍ അത് നടപ്പാക്കി. അത് നടപ്പാക്കിയവര്‍ ശക്തരാണ്, പ്രബലരാണ്. അവര്‍ അങ്ങിനെ ചെയ്യാന്‍ ഒരു കാരണമുണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. അന്നത്തെ സാഹചര്യങ്ങള്‍ക്ക് ഇന്നും മാറ്റമുണ്ടായിട്ടുമില്ല. അതുകൊണ്ട് തന്നെയാകും ഇപ്പോഴും എന്നെ പടിക്ക് പുറത്തുനിര്‍ത്താന്‍ അവര്‍ താത്പര്യപ്പെടുന്നത്.

?  അപ്പീല്‍പോകാന്‍ അവസരമുണ്ട്. എന്തുകൊണ്ട്

പ്രയോജനപ്പെടുത്തുന്നില്ല ജീവിതത്തെ മൂന്ന് ഘട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. ആദ്യത്തെ മുപ്പതുവര്‍ഷം ഞാന്‍ കുറേകാര്യങ്ങള്‍ സ്കൂളിലും കോളേജിലുമൊക്കെയായി പഠിച്ചു. അതിലൂടെ കരിയര്‍ ബില്‍ഡ് ചെയ്തു. രണ്ടാമത്തെ മുപ്പത് വര്‍ഷം മറ്റുള്ളവരില്‍ നിന്നും തൊഴില്‍സാഹചര്യങ്ങളില്‍ നിന്നും പലതും പഠിച്ചു. മൂന്നാമത്തെഘട്ടം ഇപ്പോള്‍ തുടങ്ങാന്‍ പോകുന്നതേയുള്ളൂ. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഞാന്‍ പഠിച്ചതും എന്നെ പലരും പഠിപ്പിച്ചതുമായ കാര്യങ്ങളുടെ ഒരു സങ്കലനമാകും മൂന്നാമത്തെ ഘട്ടം. അങ്ങിനെവരുമ്പോള്‍ മുമ്പ് കൈക്കൊണ്ട തീരുമാനങ്ങള്‍ പോലെയാകില്ല ഇനിയുള്ള എന്‍റെ തീരുമാനങ്ങള്‍. അതുകൊണ്ടുതന്നെയാണ് ഞാന്‍ അപ്പീല്‍ നടപടികളെക്കുറിച്ചൊന്നും ചിന്തിക്കാത്തത്. 
?  സമയത്തോളം വിലപ്പെട്ട ഒന്നില്ല. അങ്ങയുടെ ഒന്നരവര്‍ഷമാണ് സര്‍ക്കാര്‍ പാഴാക്കിയത്. ഈ നഷ്ടമായ സമയം തിരികെ വാങ്ങാന്‍ ശ്രമിക്കുമോ 

ഒരിക്കലുമില്ല. കാരണം എനിക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ 20 മാസത്തിലധികമായി ഞാന്‍ സസ്പെന്‍ഷനില്‍ കഴിയുന്നു. ഐ.എം.ജി. ഡയറക്ടറായിരിക്കെയാണ് എന്നെ സസ്പെന്‍റ് ചെയ്യുന്നത്. സസ്പെന്‍ഷനൊന്നും ലഭിക്കാതെ ഞാന്‍ ഐ.എം.ജിയില്‍ തന്നെ തുടരുകയായിരുന്നെങ്കില്‍ എനിക്ക് ചെയ്യാവുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സസ്പെന്‍ഷനില്‍ കഴിയുമ്പോള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഒരു സിസ്റ്റത്തിന്‍റെ പുറത്തുവരുമ്പോള്‍ നമുക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം കൂടും. കല്‍പ്പിച്ചുതന്നിട്ടുള്ള പ്രവര്‍ത്തനമേഖകള്‍ക്കപ്പുറത്തേക്ക് നാം നമ്മുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോള്‍ എന്തെന്നില്ലാത്ത സ്വാതന്ത്ര്യവും സന്തോഷവും പ്രാപ്യമാകും. അതുകൊണ്ട് എനിക്ക് നഷ്ടബോധത്തിന്‍റെ തേങ്ങലുകളൊന്നുമില്ല.ഒരുദാഹരണം പറയാം. എനിക്ക് മുന്നേ വിജിലന്‍സ് ഡയറക്ടറായിരുന്ന ഡി.ജി.പി. ഉപേന്ദ്രവര്‍മ്മയെ മുമ്പൊരുസര്‍ക്കാര്‍ ഐ.എം.ജി. ഡയറക്ടറാക്കിയിട്ടുണ്ട്. അദ്ദേഹം സിവില്‍ സര്‍വീസ് ലവലിലുള്ള എന്തെങ്കിലും സേവനം ഐ.എം.ജിക്ക് നല്‍കിയിട്ടുള്ളതായി ഞാന്‍ കേട്ടിട്ടില്ല. ഡോ.ടി.പി. സെന്‍കുമാര്‍ മറ്റൊരുദാഹരണം. സമാനസാഹചര്യമാണ് അദ്ദേഹത്തിന്‍റെ കാര്യത്തിലും. ഐ.എം.ജി. ഡയറക്ടറായിരിക്കെ സിവില്‍ സര്‍വീസ് ഓഫീസര്‍ തലത്തില്‍ അദ്ദേഹത്തിന് എത്രത്തോളം കോണ്‍ട്രിബ്യൂഷന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഒന്നുമില്ല. മുമ്പ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും ഒരാളെ ഐ.എം.ജി. ഡയറക്ടറാക്കി മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് എന്ത് ചെയ്യാന്‍ സാധിച്ചു. ഇതൊക്കെ ഇവിടെ നടന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഐ.എം.ജിയില്‍ നിന്നും മാറിയതുകൊണ്ട് എനിക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

 ?  അങ്ങ് സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. ആദ്യമൊന്നും അങ്ങയ്ക്ക് അനുകൂലമായ നിലപാട് ഒരുഫോറത്തില്‍ നിന്നും ലഭിച്ചിരുന്നില്ല. പെട്ടെന്ന് ഒരുമാറ്റം എങ്ങിനെ സംഭവിച്ചു

നമ്മള്‍ ഒരു വിത്തിട്ടാല്‍ അത് പിറ്റേന്ന് മുളച്ച് ചെടിയും മരവുമൊന്നുമാകില്ലല്ലോ. ഇവിടെയും അതാണ് സംഭവിച്ചത്. എന്‍റെ ജീവിതത്തിന്‍റെ രണ്ടാംഘട്ടത്തില്‍ ഞാന്‍ ഒരു വിത്തിട്ടു. അതിന്‍റെ ഫലം വന്നത് മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോഴാണ്. വിത്ത് വളര്‍ന്ന് ചെടിയാകുമ്പോള്‍ അതിന്‍റെ ഇലകള്‍ കടിക്കാനും അതിനെ നശിപ്പിക്കാനും ചില മൃഗങ്ങള്‍ വരുന്നത് സ്വാഭാവികം. അതാണിപ്പോള്‍ നടക്കുന്നത്.  

? ജേക്കബ് തോമസ് എന്ന ചെടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മൃഗം ആരാണ്

 ഒന്നല്ല. ഒന്നിലധികം മൃഗങ്ങളുണ്ട്. മൃഗീയവാസനകള്‍ ഉള്ളവര്‍ നിരവധിയുണ്ടല്ലോ.

 ?  ഈ മൃഗങ്ങള്‍ക്ക് ഒരു നേതാവില്ലേ ? അതാരാണ് 

 

എല്ലാമൃഗങ്ങള്‍ക്കും നേതാവുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. ഒരുചെടി വളര്‍ന്നാല്‍ കുഴപ്പമാണെന്ന് തോന്നുന്ന ആര്‍ക്കും ആ ചെടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കാമല്ലോ. അതിന് നേതാവിന്‍റെ ആവശ്യമില്ല. 

? താങ്കളെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് തീര്‍ച്ചയായും.

? മുന്‍ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ കൂടി അംഗമായ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (സി.എ.ടി.) ബെഞ്ചാണ് അങ്ങേയ്ക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ പാറ്റൂര്‍കേസില്‍ കുടുക്കിയത് ജേക്കബ് തോമസ് ആണ് എന്നൊരാക്ഷേപം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ശരിയാണോ 

ഞാന്‍ ലോകായ്കതയില്‍ അന്വേഷണഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് പാറ്റൂര്‍ കേസ് അന്വേഷിക്കുന്നത്. ഞാന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. അതോടെ എന്‍റെ റോള്‍ കഴിഞ്ഞു. ഇപ്പോള്‍ കേസ് ലോകായുക്തയുടെ പരിഗണനയിലാണ്. ആ അന്വേഷണം ഫലം കണ്ടിട്ടില്ല എന്ന് പാറ്റൂര്‍ വഴി ഇന്ന് യാത്ര ചെയ്യുമ്പോള്‍ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ആ കേസുമായി ബന്ധപ്പെട്ട എന്‍റെ റോള്‍ അവസാനിച്ചു. അതുകഴിഞ്ഞ് ഞാന്‍ വിജിലന്‍സില്‍ വരുമ്പോള്‍ പാറ്റൂരുമായി ബന്ധപ്പെട്ട സി.എ.ജിയുടെ ഒരു റിപ്പോര്‍ട്ട് അവിടെ ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സിന്‍റെ സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതവരുടെ ഡ്യൂട്ടിയാണ്. എന്‍റെ കാലത്ത് വിജിലന്‍സില്‍ അധികാരവികേന്ദ്രീകരണം നടപ്പാക്കിയിരുന്നു. അതിന്‍റെ ഭാഗമായി എല്ലാ യൂണിറ്റുകള്‍ക്കും പൂര്‍ണസ്വതന്ത്രാന്വേഷണഅധികാരം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ പാറ്റൂര്‍കേസില്‍ എനിക്ക് ഒരു റോളുമില്ലായിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി പാറ്റൂര്‍കേസില്‍ ബാധിക്കപ്പെട്ടെങ്കില്‍ അത് വിജിലന്‍സ് നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ്. അതില്‍ എന്നോട് അദ്ദേഹത്തിന് വിരോധം തോന്നേണ്ട കാര്യമില്ലല്ലോ.

?  ഭരത് ഭൂഷണ്‍ സി.എ.ടി. അംഗമായതുകൊണ്ട് അങ്ങയ്ക്ക് നീതി ലഭിക്കാന്‍ വൈകി എന്നൊരാക്ഷേപം ഇല്ല 

ഒരിക്കലുമില്ല. 

? നല്ല ജഡ്ജിമാരുണ്ടെന്ന് തെളിയിക്കപ്പെട്ടു എന്നാണ് വിധിവന്ന ദിവസം താങ്കള്‍ പ്രതികരിച്ചത്. ഇതേ ജഡ്ജിമാരെ വിമര്‍ശിച്ചതിന് വില കൊടുക്കേണ്ടിവന്ന ഓഫീസറാണ് താങ്കള്‍ 

ജുഡീഷ്യറിയെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. അത് ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം നടത്തിയ കാര്യമാണ്. 2018 ഫെബ്രുവരി 26 ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ഞാന്‍ ചീഫ് സെക്രട്ടറി മുഖേന ഒരുകത്തയച്ചിരുന്നു. അതില്‍ പറഞ്ഞിരിക്കുന്നത് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത അഴിമതികേസുകള്‍ കൂട്ടത്തോടെ എഴുതിത്തള്ളാനും അതിലൂടെ ജേക്കബ് തോമസ് എന്ന ഓഫീസറെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢനീക്കത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ഉബൈദിന്‍റെയും എബ്രഹാംമാത്യുവിന്‍റെയും പരിഗണനയ്ക്ക് വന്ന, ഉന്നതരുള്‍പ്പെട്ട ഹൈപ്രൊഫൈല്‍ഡ് കേസുകളില്‍ പ്രോസിക്യൂട്ടര്‍മാരുടെയും അന്വേഷണഉദ്യോഗസ്ഥര്‍മാരുടെയും ഭാഗത്തുനിന്നുണ്ടായ ഗൂഢാലോചനയും അധികാരദുര്‍വിനിയോഗവും അന്വേഷിക്കണമെന്നാണ് ഞാന്‍ ആ കത്തില്‍ ആവശ്യപ്പെട്ടത്.

?  വൈകിയായാലും നീതി ലഭിച്ചു. പക്ഷേ, സര്‍ക്കാര്‍ കനിയുന്നില്ല. എന്താകാം കാരണം 

അതിന് ഉത്തരം പറയേണ്ടത് ഞാനല്ലല്ലോ. കോടതിവിധികള്‍ നടപ്പാക്കേണ്ടവരല്ലേ. 

?  ചില വിധികള്‍ വന്നാലുടന്‍ നടപ്പാക്കുമെന്ന് ചിലര്‍ പ്രഖ്യാപിക്കുന്നു. അതേസമയം, മറ്റുചില വിധികള്‍ വന്നയുടന്‍ സമവായത്തിന്‍റെ പാതയിലേക്ക് നീങ്ങുന്നു. ഇവിടെ ആളും തരവും നോക്കിയാണോ വിധി നടപ്പാക്കുന്നത് 

മുന്നില്‍ വരുന്ന മെറ്റീരിയല്‍ എവിഡന്‍സ് വിലയിരുത്തിയാണ് കോടതികള്‍ വിധി പുറപ്പെടുവിക്കുന്നത്. ആ വിധി നടപ്പാക്കേണ്ടത് എക്സിക്യൂട്ടീവ്സ് ആണ്. ജീവന്‍റെയും സ്വത്തിന്‍റെയും സംരക്ഷണം, ക്രമസമാധാനം എന്നീ രണ്ടുകാര്യങ്ങള്‍ പരിശോധിച്ചാകും എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ വിധികള്‍ നടപ്പാക്കുന്നതിന്‍റെ മുന്‍ഗണനാക്രമം നിശ്ചയിക്കുക. ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാകുന്ന ഒരുവിഷയമാണെങ്കില്‍ അത് ചിലപ്പോള്‍ സാവകാശം എടുത്താകും നടപ്പാക്കുക. 

?  24 കൊല്ലമായി അങ്ങയ്ക്ക് ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്ന് പറയുന്നു. പക്ഷേ, മുമ്പൊരിക്കലും അങ്ങ് ഇക്കാര്യം പരസ്യമാക്കിയിട്ടില്ല. ഒരിക്കലും പരസ്യമായി ആര്‍.എസ്.എസ്. വേദികള്‍ പങ്കിട്ടിരുന്നുമില്ല. ഇപ്പോള്‍ എന്താണ് സംഭവിച്ചത് 

എനിക്ക് 30 കൊല്ലമായി ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധമുണ്ട്. 1989 ല്‍ കാസര്‍ഗോട് ഡി.സി.സി. പ്രസിഡന്‍റായിരുന്ന കെ.പി. കുഞ്ഞിക്കണ്ണനുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. അതുപോലെ ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പലരോടും. അതിന് മുമ്പ് ഞാന്‍ ഇന്ദിരാഗാന്ധിയുടെ വീട്ടില്‍ പോയിട്ടുണ്ട്. 91-92 കാലഘട്ടത്തില്‍ ഞാന്‍ പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ എം.ഡി. ആയിരുന്നപ്പോള്‍ അന്നത്തെ യൂണിയന്‍ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുമായും ആര്യാടന്‍മുഹമ്മദുമായൊക്കെ നല്ല ബന്ധമായിരുന്നു. സി.പി.എം. നേതാവും മുന്‍സ്പീക്കറുമൊക്കെയായിരുന്ന എ.പി. കുര്യന്‍ എന്ന തൊഴിലാളിനേതാവുമായി 1991 ല്‍ വളരെ നല്ല ബന്ധമായിരുന്നു. അതിന് ശേഷം ഇ.കെ. നയനാര്‍ മുഖ്യമന്ത്രി ആയപ്പോള്‍ നല്ല ബന്ധമായിരുന്നു. കേരളാകോണ്‍ഗ്രസ് നേതാക്കന്‍മാരുമായും സി.പി.ഐ. നേതാക്കന്‍മാരുമായൊക്കെ നല്ല ബന്ധമാണ് എനിക്ക് ഉണ്ടായിരുന്നത്. ഇതുപോലെ തന്നെയാണ് ആര്‍.എസ്.എസുമായും പല എന്‍.ജി.ഒകളുമായും എനിക്കുളള ബന്ധം. 

?  പക്ഷേ, ആര്‍.എസ്.എസുമായല്ലാതെ മറ്റാരുമായും താങ്കള്‍ വേദി പങ്കിടുകയോ പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല 

സിവില്‍ സര്‍വീസിന്‍റെ ഭാഗമായി നില്‍ക്കുമ്പോള്‍ ഞാന്‍ നിഷ്പക്ഷമായാണ് നിലകൊണ്ടിട്ടുള്ളത്. ആരുടെയും വക്താവാകാതെ മറ്റുള്ളവര്‍ക്കുവേണ്ടി ഫയല്‍ കൈമാറ്റം ചെയ്ത് ഉപജീവനം കഴിക്കാതെ നട്ടെല്ലുയര്‍ത്തിപ്പിടിച്ചാണ് ഞാന്‍ ജോലി നോക്കിയത്. സ്വയം വിരമിക്കാന്‍ തീരുമാനിച്ചശേഷമാണ് ഞാന്‍ ഏതെങ്കിലും വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പക്ഷേ ഒരുകാര്യം ഞാനിപ്പോഴും തറപ്പിച്ച് പറയുന്നു. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തിന്‍റെ ഭാഗമാകുന്നെങ്കില്‍ അത് സിവില്‍ സര്‍വീസില്‍ നിന്നും പുറത്തുവന്നതിന് ശേഷം മാത്രമായിരിക്കും. 

?  കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും താങ്കള്‍ ഇപ്പോഴും സിവില്‍ സര്‍വീസിന്‍റെ ഭാഗമാണ്. താങ്കളുടെ വി.ആര്‍.എസ്. അംഗീകരിക്കപ്പെട്ടിട്ടില്ല 

എന്നെ സംബന്ധിച്ചിടത്തോളം 2019 ഏപ്രില്‍ ഒന്ന് കണക്കാക്കി ഞാന്‍ വി.ആര്‍.എസ്. അപേക്ഷ നല്‍കിക്കഴിഞ്ഞു. നോട്ടീസ് പീരീഡും കഴിഞ്ഞു. ഇതുവരെയും നടപടിയുണ്ടായില്ല. ഇറ്റ് അസ്യൂംസ് ദാറ്റ് ഐ ആം നോട്ട് എ പാര്‍ട്ട് ഓഫ് സിവില്‍ സര്‍വീസ്. 

?  നിലപാട് വ്യക്തമാണെങ്കിലും സാങ്കേതികമായി താങ്കള്‍ ഇപ്പോഴും സിവില്‍ സര്‍വീസിന്‍റെ ഭാഗമാണ്. അങ്ങിനെയെങ്കില്‍ താങ്കള്‍ ആര്‍.എസ്.എസ്. വേദികളില്‍ പ്രത്യക്ഷപ്പെടുന്നത് രാഷ്ട്രീയനിലപാട് വ്യക്തമാക്കല്‍ തന്നെയല്ലേ 
ആര്‍.എസ്.എസ്. രാഷ്ട്രീയസംഘടനയാണ് എന്നത് കേരളത്തിലെ മണ്ടന്‍മാര്‍ പറഞ്ഞുപ്രചരിപ്പിക്കുന്ന സംഗതി മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒ. ആണ് ആര്‍.എസ്.എസ്. ആ രീതിക്ക് വേണം ആ പ്രസ്ഥാനത്തെ കാണാന്‍. 

?  ആര്‍.എസ്.എസ്. പ്രൊമോട്ട് ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനമല്ലേ ബി.ജെ.പി. അപ്പോള്‍ പിന്നെങ്ങിനെ ആര്‍.എസ്.എസിനെ എന്‍.ജി.ഒ. പാനലില്‍ മാത്രമാക്കി ഒതുക്കാന്‍ സാധിക്കും 
ആര്‍.എസ്.എസ്. പിന്തുണയോടെ പലരും ബി.ജെ.പിയിലെത്തുന്നു. ചിലര്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു എന്നത് നേരാണ്. പക്ഷേ, അടിസ്ഥാനപരമായി രണ്ടും രണ്ട് തട്ടിലാണ്. മറിച്ചുള്ള ചിന്താധാര സമൂഹത്തില്‍ പടര്‍ത്തുന്നത് ഇന്നാട്ടിലെ മാധ്യമങ്ങളാണ്. രാഷ്ട്രീയവിദ്യാഭ്യാസവും സാംസ്കാരികവിദ്യാഭ്യാസവും പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായകപങ്കാണുള്ളത്. അവര്‍ ബോധപൂര്‍വ്വം ഒരു തെറ്റ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്തുചെയ്യാന്‍ സാധിക്കും. അത്തരം ചെയ്ത്തുകളുടെ ഫലമാണ് ആര്‍.എസ്.എസിനെക്കുറിച്ചുള്ള തെറ്റിധാരണകള്‍ക്കാധാരം. ഈ അവസ്ഥ മാറേണ്ടതുണ്ട്.

?  മാധ്യമങ്ങള്‍ക്ക് എന്താണ് ഇതില്‍ താത്പര്യം 
കച്ചവടതാത്പര്യം എന്ന് ഒറ്റവാക്കില്‍ പറയാം. ഉത്പാദനച്ചെലവിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കപ്പെടുന്ന ഏക ഉത്പന്നമാണ് പത്രങ്ങള്‍. അപ്പോള്‍ നഷ്ടം വരുന്ന തുക അവര്‍ എവിടെ നിന്ന് കണ്ടെത്തുന്നു. പരസ്യവരുമാനത്തില്‍ നിന്ന്. ഏതെങ്കിലും ഒരുവിഭാഗത്തിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ മറ്റുചില കാര്യങ്ങള്‍ തമസ്കരിക്കപ്പെടണം. അങ്ങിനെ ചെയ്താല്‍ മാത്രമേ അവര്‍ക്ക് നിലനില്‍പ്പുള്ളൂ. നിലനില്‍പ്പുണ്ടെങ്കില്‍ മാത്രമേ വരുമാനം ലഭിക്കുകയുള്ളൂ. സ്ഥിരമായ വരുമാനം നിലനിര്‍ത്തണമെങ്കില്‍ സ്ഥിരമായ കുപ്രചാരണങ്ങള്‍ വേണ്ടിവരും. വാര്‍ത്തകളായി നമുക്ക് മുന്നില്‍ വരുന്ന ഓരോ സംഗതിയിലും 15 ശതമാനം മാത്രമായിരിക്കും വാര്‍ത്ത. ബാക്കി പരസ്യവും പി.ആര്‍. വര്‍ക്കും മാത്രമാണ്. 
?  ആര്‍.എസ്.എസും ബി.ജെ.പിയും തമ്മില്‍ ഒരുബന്ധവുമില്ല എന്ന് പറയുന്നത് എത്രത്തോളം വിശ്വസനീയമാണ് 
1925 ലാണ് ആര്‍.എസ്.എസ്. ഉണ്ടാകുന്നത്. 1952 ലാണ് ജനസംഘം എന്ന രാഷ്ട്രീയപാര്‍ട്ടിയുണ്ടാകുന്നത്. 1977ല്‍ അത് ജനതാപാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് ബി.ജെ.പി. എന്ന പ്രസ്ഥാനം പിറവിയെടുക്കുന്നത്. 

?  പക്ഷേ, ഇന്ന് നാട് ഭരിക്കുന്ന പലരും ആര്‍.എസ്.എസില്‍ നിന്നും വന്നവരോ ആര്‍.എസ്.എസ്. അനുഭാവമുള്ളവരോ ആണ്. അത് നിഷേധിക്കാനാകുമോ 
മതത്തെ നിന്ദിക്കുന്ന, അല്ലെങ്കില്‍ മതം ഇല്ലെന്ന് പറയുന്നവരുടെ പാര്‍ട്ടിയില്‍ മതസംഘടനകളുടെ വക്താക്കള്‍ ഇല്ലേ. അപ്പോള്‍ പിന്നെ ബി.ജെ.പിയെ മാത്രം വിമര്‍ശിക്കുന്നത് എന്തിന് ?

ആര്‍.എസ്.എസ്. എന്നു പറയുന്ന പ്രസ്ഥാനം ഇവിടെ ഏഴുമേഖലകളിലാണ് പ്രവര്‍ത്തനം നടത്തുന്നത്. അതില്‍ പ്രധാനമാണ് വിദ്യാഭ്യാസം. അതിന് ഒരു ബൃഹത്ശൃംഖല തന്നെ അവര്‍ക്കുണ്ട്. അതുപോലെ തന്നെയാണ് പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനുള്ള (വാചകമടിക്കാനും പിരിവ് നടത്താനുമല്ല) സംവിധാനം. അവര്‍ക്ക് രാജ്യത്താകമാനം സുശക്തമായ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് സംവിധാനം ഉണ്ട്. പിന്നെ ദേശസംസ്കാരം എന്ന വാല്യു പ്രചരിപ്പിക്കുന്നു. അതുകഴിഞ്ഞ് ഭാരതസംസ്കാരം പ്രചരിപ്പിക്കുക തുടങ്ങി നിരവധി മൂല്യങ്ങളാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ആര്‍.എസ്.എസിന്‍റെ ഈ വശങ്ങള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുകയോ അതിനെക്കുറിച്ച് തെറ്റിധാരണ പരത്തുകയോ ചെയ്യുന്നു. അതാണ് ഞാന്‍ ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നത്. 

?  കേസ് അനുകൂലമാകാന്‍ അങ്ങ് ആര്‍.എസ്.എസ്. പാളയത്തിലേക്ക് ചേക്കേറിയെന്ന് വിമര്‍ശകര്‍ പറയുന്നു. ശരിയാണോ 

 

 

 

എന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ നിലകൊള്ളേണ്ടത് എവിടെയാണ്? കേരളത്തില്‍ സുശക്തമായ സംഘടനാസംവിധാനമുള്ള മുഖ്യധാരാപ്രസ്ഥാനങ്ങളോട് അടുത്തുനിന്നാല്‍ മാത്രമല്ലേ എനിക്ക് പ്രശ്നങ്ങള്‍ മറികടക്കാനാകൂ. എനിക്ക് സ്വാര്‍ത്ഥതാത്പര്യങ്ങളുണ്ടെങ്കില്‍ ഞാന്‍ ആ വഴിക്കല്ലേ നീങ്ങേണ്ടത്. അതേസമയം, സി.പി.എമ്മിലും കോണ്‍ഗ്രസിലുമൊക്കെ എത്രയോ നല്ല ആള്‍ക്കാര്‍ ഇപ്പോഴുമുണ്ട്. അവരോടെല്ലാം എനിക്ക് ഇപ്പോഴും നല്ല ബന്ധമാണുള്ളത്. 

?  ആര്‍.എസ്.എസ്. ലോകത്തിലെ ഏറ്റവും വലിയ എന്‍.ജി.ഒ. എന്ന് അങ്ങ് പറയുന്നു. പക്ഷേ, കേരളത്തില്‍ അവര്‍ക്ക് കലാപരാഷ്ട്രീയത്തിന്‍റെ മുഖമല്ലേ ഉള്ളത് 

ഒരു ആനയെ സങ്കല്‍പ്പിക്കുക. ചിലര്‍ ആനയുടെ തുമ്പിക്കൈ കാണുന്നു. ചിലര്‍ തൂണുപോലുള്ള കൈകാലുകള്‍ കാണുന്നു. ചിലര്‍ അതിന്‍റെ വിശാലമായ ചെവികള്‍ കാണുന്നു. മറ്റുചിലര്‍ നിലത്തുകിടക്കുന്ന ആനപ്പിണ്ടം മാത്രം കാണുന്നു. അവര്‍ മറ്റൊന്നും ശ്രദ്ധിക്കുകയുമില്ല.

?  പക്ഷേ, ആനപിണ്ടം ഒരു സത്യമല്ലേ. മറ്റുള്ളകാര്യങ്ങള്‍ കാണുകയും കാണാതിരിക്കുകയും ചെയ്യുമ്പോഴും ആനപ്പിണ്ടം അവിടെതന്നെയുണ്ട് എന്നത് വിസ്മരിക്കാനാകുമോ 

ഇവിടെ രാഷ്ട്രീയസംഘട്ടനങ്ങള്‍ ഉണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ സംഘട്ടനം നടക്കാറില്ലേ. മുസ്ലീംലീഗും സി.പി.എമ്മും തമ്മില്‍ നടക്കാറില്ലേ. കേരളാ കോണ്‍ഗ്രസിലെ അണികള്‍ ചേരിതിരിഞ്ഞ് സംഘട്ടനങ്ങള്‍ നടത്താറില്ലേ. ഇതെല്ലാം ഇന്നാട്ടിലെ യാഥാര്‍ഥ്യങ്ങളാണ്. അതുപോലെ ആര്‍.എസ്.എസിനുനേരെ ആക്രമങ്ങള്‍ വരുമ്പോള്‍ അവര്‍ പ്രതികരിക്കുന്നുണ്ടാകാം. 

?  ആരാധനാലയങ്ങള്‍ സമാധാനത്തിനും ശാന്തിക്കുംവേണ്ടി നിലകൊള്ളേണ്ടവയാണ്. അവിടങ്ങള്‍പോലും ആര്‍.എസ്.എസ്. ആയുധപ്പുരകളാക്കാറുണ്ടെന്നാണല്ലോ ആരോപണം ആര്‍.എസ്.എസുകാര്‍ ഒരിക്കലും ആയുധം സംഭരിക്കാറില്ല. ജമ്മുകശ്മീറിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞശേഷം അവിടെ പരിശോധനകള്‍ വ്യാപകമായി നടന്നു. പല ആരാധനാലയങ്ങളില്‍ നിന്നും ആയുധശേഖരം കണ്ടെടുത്തു. അതെല്ലാം ആരാണ് സൂക്ഷിച്ചിരുന്നത്, എന്തിനാണ് സൂക്ഷിച്ചിരുന്നത് എന്ന് പരിശോധിച്ചുനോക്കണം. ദൗര്‍ഭാഗ്യവശാല്‍ ഇതുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും പുറംലോകം അറിയുന്നില്ല. കേരളത്തിലെ ആരാധനാലയങ്ങളില്‍ ഇത്തരം പരിശോധനകള്‍ നടത്താനും ആയുധങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെടുക്കാനും ഇവിടത്തെ പൊലീസ് നേതൃത്വത്തിനോ ഭരണകൂടത്തിനോ സാധിക്കുമോ ?

?  ആര്‍.എസ്.എസുകാര്‍ ആയുധങ്ങള്‍ സംഭരിക്കില്ലെന്ന് അങ്ങ് പറയുന്നു. പക്ഷേ, 2016 ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി തിരുവനന്തപുരം കാട്ടായിക്കോണത്ത് ആര്‍.എസ്.എസ്, സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായി. അന്ന് പൊലീസ് പരിശോധനയില്‍ ചില ആര്‍.എസ്.എസ്. കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. അത് നിഷേധിക്കാനാകുമോ ?

ഇതെല്ലാം ആരാണ് പറയുന്നത്. അന്ന് ഈ വിഷയം കൈകാര്യം ചെയ്ത അഞ്ച് പത്രങ്ങള്‍ പരിശോധിക്കൂ. അഞ്ചിലും അഞ്ച് വാര്‍ത്തയാണ്. ഇതില്‍ സത്യം എവിടെയാണ്. ഞാന്‍ പറഞ്ഞല്ലോ മുഖ്യധാരാമാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകളില്‍ 15 ശതമാനം മാത്രമാണ് സത്യം. 

?  മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരുസേനയുടെ തലപ്പത്ത് നില്‍ക്കുന്നയാളാണ് ജേക്കബ് തോമസ്. ഹൈന്ദവതയ്ക്ക് ഊന്നല്‍ നല്‍കുന്ന ഒരു പ്രസ്ഥാനത്തിന്‍റെ കൂടെ നില്‍ക്കുന്നത് ശരിയാണോ 

ഇന്ത്യ; ദാറ്റ് ഈസ് ഭാരത്. നമ്മുടെ ഭരണഘടനയുടെ ആദ്യത്തെ ആര്‍ട്ടിക്കിള്‍ തുടങ്ങുന്നത് ഇങ്ങിനെയാണ്. ഇനി ഭാരത് എന്നാല്‍ എന്താണ്. അത് ഭാരതസംസ്കാരമാണ്. ഭാരതസംസ്കാരം എന്നത് ഹൈന്ദവതയാണ്. അപ്പോള്‍ അതല്ലേ നമ്മള്‍ ഉള്‍ക്കൊള്ളേണ്ടത്. അല്ലാതെ അമേരിക്കക്കാരുടെ സംസ്കാരമാണോ നാം പിന്തുടരേണ്ടത്. ഇതില്‍ സംശയമുള്ളവര്‍ അന്നത്തെ കോണ്‍സ്റ്റിറ്റ്യൂഷന്‍ അസംബ്ലിയിലെ ചര്‍ച്ചകള്‍ പരിശോധിക്കണം. അത് പഠിക്കണം. അരുണ്‍ ഷൂരിയുടെ എമിനന്‍റ് ഹിസ്റ്റോറിയന്‍സ് എന്ന പുസ്തകവും ഇതോടൊപ്പം വായിക്കണം. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ മഹാന്‍മാരാണ് എന്ന് പ്രഖ്യാപിച്ച മഹാന്‍ പ്രചരിപ്പിച്ച ഒരു ഹിസ്റ്ററി ഇവിടെയുണ്ട്. അതുകൊണ്ടാണ് ദി റിയല്‍ ഹിസ്റ്ററിയെക്കുറിച്ച് പലരും അജ്ഞരായത്. ഈ രാഷ്ട്രീയ അജ്ഞത മാറ്റാന്‍ ഉത്തരവാദിത്തപ്പെട്ടവരാരും അത് ചെയ്യുന്നുമില്ല.  

?  ആര്‍.എസ്.എസ്. അല്ലെങ്കില്‍ സംഘ്പരിവാര്‍ സംഘടനകള്‍  വിശാലമതേതര കാഴ്ചപ്പാട് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടുണ്ടോ 

കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിട്ടുണ്ട്. ഡെല്‍ഹിയില്‍ മോഹന്‍ ഭഗവത് അഭിസംബോധന ചെയ്ത മഹാസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നാനാജാതിമതസ്ഥരെ ഉള്‍ക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടാണ് അവര്‍ക്കുള്ളത്.

?  അങ്ങിതൊക്കെ പറയുമ്പോഴും ഗ്രൗണ്ട് റിയാലിറ്റി മറ്റൊന്നല്ലേ. സമൂഹമാധ്യമങ്ങളില്‍ നഗ്നമായ വര്‍ഗീയവിദ്വേഷമാണ് സംഘ്പരിവാര്‍ സംഘടനകള്‍ പ്രചരിപ്പിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വരുന്നതെല്ലാം ശരിയാണോ ?
 മറ്റുരാജ്യങ്ങളില്‍ ഇരുന്നുകൊണ്ട് ഇന്ത്യക്കാരുടേതെന്ന തരത്തില്‍ പലരും പലതും പ്രചരിപ്പിക്കുന്നില്ലേ. ഇതിലൊക്കെ എത്രത്തോളം വസ്തുതയുണ്ട്. ലളിതജീവിതം നയിക്കുകയും ബഹുസ്വരത ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതാണ് ശരിയെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

?  ഇത്രയൊക്കെ അടിവരയിട്ടുറപ്പിക്കുമ്പോഴും ആര്‍.എസ്.എസിന്‍റെ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നവര്‍ ഔദ്യോഗികപേജുകളില്‍ പോലും വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നുണ്ട് 

അത്തരം സംഗതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ദേശീയനേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ക്കൊണ്ടുവരേണ്ടതാണ്.  അതേസമയം, ഒരുസംഘടനയില്‍പ്പെട്ടവര്‍ വ്യത്യസ്തമായ അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. അതാണല്ലോ ജനാധിപത്യം. വ്യത്യസ്ഥമായ ആശയങ്ങളും ചര്‍ച്ചകളും നടക്കുമ്പോഴാണല്ലോ ക്രിയാത്മകമായ വഴിത്തിരിവുകള്‍ ഉണ്ടാവുക. ഭിന്നസ്വരങ്ങളെ തള്ളാനാകില്ല. കശ്മീര്‍പ്രശ്നത്തില്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിന് വിരുദ്ധമായി വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ രംഗത്തുവന്നിരുന്നല്ലോ. അഭിപ്രായവൈവിധ്യങ്ങളെ അതിന്‍റെതായ രീതിയില്‍ കാണേണ്ടതുണ്ട്. പക്ഷേ, സഭ്യതയും അന്തസും കൈവിടരുതെന്ന് മാത്രം. 

?  തീവ്രദേശീയ നിലപാട് ഉയര്‍ത്തുന്നവര്‍ മാത്രമാണ് രാജ്യസ്നേഹികളെന്നും ബാക്കിയുള്ളവരെല്ലാം രാജ്യദ്രോഹികളെന്നും പറയുന്നത് എത്രത്തോളം  ശരിയാണ് 

ഇന്ത്യ, ദാറ്റ് ഈസ് ഭാരത് എന്നു പറയുന്നതാണ് ദേശീയത. അതായത് ഞാന്‍ ഇന്ത്യനാണ്, ഇന്ത്യയില്‍ ജനിച്ചതില്‍ അഭിമാനം കൊള്ളുന്നു, ഇന്ത്യയുടെ സംസ്കാരവും മൂല്യങ്ങളും ഇന്ത്യയുടെ വളര്‍ച്ചയും അംഗീകരിക്കുന്നു എന്ന് സാരം. ഇന്ത്യയില്‍ ജീവിക്കുന്നെങ്കിലും അതിനോട് വലിയ താത്പര്യമൊന്നുമില്ലാത്ത ചിലരുണ്ട്. ഇവിടെ ജനിച്ചു. വലിയ കുഴപ്പമൊന്നുമില്ല. കുറച്ചുകഴിഞ്ഞാല്‍ ഞാന്‍ മറ്റെവിടെയെങ്കിലും പോകും. അന്നേരം അവിടത്തെ വ്യവസ്ഥിതി അംഗീകരിക്കും. അങ്ങിനൊക്കെ ചിന്തിക്കുന്നവരാണ് ലഘുദേശീയത മുന്നോട്ടുവെയ്ക്കുന്നത്. ലഘുദേശീയത മുന്നോട്ടുവെയ്ക്കുന്നവരെ വിമര്‍ശിക്കുന്നവരെയാണ് തീവ്രദേശീയവാദികള്‍ എന്നുപറയുന്നത്. വാസ്തവത്തില്‍ അവര്‍ ദേശീയത ഉണ്ടാകണം എന്ന് മാത്രമാണ് പറയുന്നത്. അതില്‍ എന്താണ് തെറ്റ്. പിന്നെ തീവ്രത എന്ന പ്രയോഗം. അത് അടുത്തിടെ ഉണ്ടായ ഒരു പുതിയ പ്രയോഗം മാത്രമാണ്. പീഡനങ്ങളുടെ അളവുകോലായി ചിലര്‍ അതുപയോഗിക്കുന്നു. അതുകൊണ്ടാണല്ലോ ചില പീഡനങ്ങള്‍ക്ക് തീവ്രതപോരായെന്നൊക്കെ പറയുന്നത്

. ?  ഇന്ത്യയുടെ ഭാവി ബി.ജെ.പി. നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്‍റെ കൈയില്‍ സുരക്ഷിതമെന്ന് പറയുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഭാവി ഈ സര്‍ക്കാരിന് കീഴില്‍ എത്രത്തോളം സുരക്ഷിതമാണ് 

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്‍റെ പാരമ്പര്യം അവകാശപ്പെടുന്ന ചിലരാണല്ലോ സ്വാതന്ത്ര്യാനന്തരമുള്ള പതിറ്റാണ്ടുകളോളം നമ്മെ ഭരിച്ചത്. അവരുടെ കാലത്ത് ഉണ്ടായത്രയും വര്‍ഗീയലഹളകള്‍ മറ്റൊരുകാലത്തും ഉണ്ടായിട്ടില്ല എന്നതാണ് ചരിത്രസത്യം. ബി.ജെ.പി. എന്ന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തില്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നോ അതിനുശേഷം ലഹളകള്‍ക്ക് ഈ മണ്ണില്‍സ്ഥാനമില്ല. അതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് എന്‍റെ പക്ഷം.?  പക്ഷേ, ബി.ജെ.പി. ഒറ്റയ്ക്ക് ഭരിച്ച സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെട്ടത് ഒരു യാത്ഥാര്‍ഥ്യമല്ലേ കേന്ദ്രത്തിലും ബഹുഭൂരിപക്ഷം വരുന്ന സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവുമായി എന്നുമുതലാണ് ബി.ജെ.പി. അധികാരത്തില്‍ വന്നതെന്ന് പരിശോധിക്കുക. അതിനുശേഷം ഇവിടെ എന്ത് കലാപമുണ്ടായി എന്ന് പരിശോധിക്കുക. ഡിവൈഡ് ആന്‍റ് റൂള്‍ എന്ന സമ്പ്രദായം ബി.ജെ.പിക്കില്ല. അത് ബ്രിട്ടീഷുകാരുടെ തിയറിയാണ്. അത് പിന്തുടര്‍ന്നതും പ്രാവര്‍ത്തികമാക്കിയതും ആരാണെന്ന് ചരിത്രസത്യങ്ങളിലുണ്ട്. പക്ഷേ, ചരിത്രങ്ങളില്‍ ഉണ്ടാകില്ല. കാരണം ചരിത്രം പലരും ചേര്‍ന്ന് പലര്‍ക്കുവേണ്ടിയും എഴുതിയുണ്ടാക്കിയതാണ്.

 ?  ഇന്ത്യന്‍ദേശീയപ്രസ്ഥാനത്തിന്‍റെ പാരമ്പര്യംപേറുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനമുണ്ട് ഇന്നാട്ടില്‍. അവരുടെ അവസ്ഥ എന്താകും 

ജനാധിപത്യപ്രക്രിയയില്‍ ഭരണപക്ഷംപോലെ തന്നെ ശക്തമായ പ്രതിപക്ഷവും അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ അതിശക്തമായ പ്രതിപക്ഷമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇപ്പോള്‍ അതില്ലെങ്കില്‍ അതിന് കാരണക്കാരായവരെ മാറ്റിനിര്‍ത്തി പുതിയൊരുനേതൃത്വം ഉയര്‍ന്നുവരേണ്ടതാണ്. അതുണ്ടായേ പറ്റൂ. 

?  ഇടതുചിന്താധാര എന്നുപറയുന്നത് മാനവികതയാണ്. പക്ഷേ നാം ഇന്ന് കാണുന്ന ഇടതുചിന്താധാരയെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ് 

തുല്യനീതി, പരസ്പരസാഹോദര്യം, മതരാഹിത്യം, മാനവികത ഇതൊക്കെയാണ് ഇടതുചിന്താധാരയുടെ കാതലായ തത്വങ്ങള്‍. ക്യാപിറ്റലിസത്തിന് എതിരായ നിലപാടാണ് ഇടതുചിന്താധാരയില്‍ ഉയര്‍ന്നുവന്നിരുന്നത് (ആശയപരമായി). അതുകൊണ്ടുതന്നെയാണ് തൊഴില്‍മേഖലകളില്‍ ഇടതുചിന്തകള്‍ക്ക് പ്രസക്തിയും ആഴവും വര്‍ധിച്ചത്. എന്നാലിന്ന് നേതാക്കളില്‍ പലരും, അവര്‍ തന്നെ മുമ്പ് വര്‍ഗശത്രുവെന്ന് ആക്ഷേപിച്ചിരുന്ന ക്യാപിറ്റലിസ്റ്റുകളുടെ പാതയിലാണ് സഞ്ചരിക്കുന്നത്. ഇതിനെ ഒരു ജീര്‍ണതയായി വേണം കാണാന്‍. ശാസ്ത്രത്തിന്‍റെ വളര്‍ച്ചയോടെ മതം ഇല്ലാതാകുമെന്നായിരുന്നു ഇടതുതത്വവാദികള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ മതം ഒരു ഫംഗ്ഷണല്‍ നീഡായി മാറിയിരിക്കുന്നു. ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും എന്ന് പറഞ്ഞിരുന്നവര്‍ തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോകാന്‍ തുടങ്ങി. ഇപ്പോള്‍ ചിലര്‍ പരസ്യമായും പോയിത്തുടങ്ങി. മുമ്പൊരിക്കല്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാലിന്ന് അമ്പലത്തില്‍ പോകുന്നയാളുടെ അച്ഛനെ പാര്‍ട്ടി പുറത്താക്കുന്നുണ്ടോ. ഇല്ല. അതുപോലെ തന്നെയാണ് പരിസ്ഥിതിസംരക്ഷണം. മാനവികതയില്‍ അധിഷ്ടിതമായി നിലകൊള്ളേണ്ടപ്രസ്ഥാനങ്ങള്‍ പരിസ്ഥിതിയെ മറന്നതിന്‍റെ തിക്തഫലങ്ങളാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ പ്രളയവും ഉരുള്‍പൊട്ടലും വരുമ്പോഴും ആരും തെറ്റ് ഉള്‍ക്കൊണ്ട് തിരുത്തല്‍ശക്തിയാകുന്നില്ല. ഇവയൊക്കെ ഇടതുചിന്താധാരയ്ക്ക് വന്ന മൂല്യശോഷണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 

?  ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്‍റെ പ്രസക്തി ഇനി എന്താണ് 

ലിബറലിസം എന്നൊരു കണ്‍സപ്റ്റുണ്ട്. അത് ലെഫ്റ്റ് ലിബറലിസം ആകണമെന്നില്ല. അത് ആവശ്യമാണ്. യഥാര്‍ഥ ലിബറലിസം പ്രൊത്സാഹിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറായാല്‍ അവര്‍ക്ക് നിലനില്‍ക്കാനാകും. പുറമേ ലിബറലിസം പറയുകയും ഉള്ളുകൊണ്ട് അതിനെ നിരാകരിക്കുകയും ചെയ്യരുത്. 

? അടുത്തിടെയായി ഒരുപാട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ബി.ജെ.പി. പാളയത്തിലേക്ക് അടുക്കുന്നു. ഇവരില്‍ പലരും അധികാരമോഹികളാണെന്ന ആക്ഷേപവും ശക്തമാണ്. അങ്ങയുടെ അഭിപ്രായം

 
പി.സി. അലക്സാണ്ടര്‍ എന്നൊരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാവുകയും ഗവര്‍ണറാവുകയും ചെയ്തിട്ടുണ്ട്. അതുപോലെയാണ് കെ.ആര്‍. നാരായണന്‍ എന്ന നമ്മുടെ മുന്‍രാഷ്ട്രപതി. യശ്വന്ത് സിന്‍ഹ എന്നൊരു നേതാവുണ്ടാകുന്നതും ഇതേ പശ്ചാത്തലത്തിലാണ്. അദ്ദേഹം ബി.ജെ.പിയിലാണ് ചേര്‍ന്നത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ആദ്യത്തെ സംഭവമോ അപൂര്‍വ്വം സംഭവമോ ഒന്നുമല്ല. ഇത് ഓരോത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്.

 ? ബി.ജെ.പിയില്‍ ചേരാന്‍ പലര്‍ക്കും താത്പര്യമുണ്ട്. പക്ഷേ, ആരെ കൂടെക്കൂട്ടണമെന്ന് സൂക്ഷിച്ച് തീരുമാനിക്കേണ്ടതുണ്ട് എന്നാണ് മുന്‍ പൊലീസ് മേധാവി ഡോ.ടി.പി. സെന്‍കുമാര്‍ അടുത്തിടെ പറഞ്ഞത്. അങ്ങയുടെ അഭിപ്രായം

 എല്ലാമേഖലയിലും സെലക്ഷന്‍ ക്രൈറ്റീരിയ വെയ്ക്കുന്നത് നല്ല കാര്യമാണ്. കള്ളനാണയങ്ങളെ ഫില്‍റ്റര്‍ ചെയ്ത് മാറ്റാന്‍ അതുപകരിക്കും. 

? ജേക്കബ് തോമസ് സജീവമുഖ്യധാരാരാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് കരക്കമ്പികള്‍ പ്രചരിക്കുന്നു. വളച്ചുകെട്ടില്ലാതെ ഒരുമറുപടി പറയാമോ 

മൂന്നുപതിറ്റാണ്ടിലേറെയായി ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നാണ് ജോലി നോക്കിയത്. ഇനിയൊരു കൂടിനുള്ളിലേക്കില്ല. എന്‍റെ നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും വിലക്കുകളില്ലാത്ത ഒരു സ്പെയ്സില്‍ ഞാന്‍ നില്‍ക്കും.

 ? അങ്ങയുടെ മുന്നില്‍ രണ്ട് കസേരകള്‍ തരികയാണ്. ഒന്ന് സംസ്ഥാന പൊലീസ് മേധാവിയുടേത്. രണ്ട് ഒരു ജനപ്രതിനിധിയുടേത്. ഏത് സ്വീകരിക്കും 

രണ്ടും സ്വീകരിക്കില്ല. 

? ഭരണഘടനാപദവിയിലേക്ക് പരിഗണിച്ചാല്‍ എന്താകും നിലപാട് ?

നിലവില്‍ അക്കാദമിക് വിഷയങ്ങളിലാണ് ഞാന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അവിടെത്തന്നെ തുടരാനാണ് നിലവിലെ തീരുമാനം.

? ജനങ്ങളോട് എന്താണ് പറയാനുള്ളത് 

നമ്മള്‍ ക്യൂനിന്ന് വോട്ട് ചെയ്ത് ജയിപ്പിച്ചുവിട്ടവര്‍ നാം കൂടി ഉള്‍പ്പെട്ട പൊതുസമൂഹത്തിന്‍റെ സ്വത്ത് കൈകാര്യം ചെയ്യുന്ന ട്രസ്റ്റികള്‍ മാത്രമാണ്. നമ്മുടെ സ്വത്ത് ആരെങ്കിലും കട്ടാല്‍ നമ്മള്‍ കൈയുംകെട്ടി മിണ്ടാതിരിക്കുമോ. ഇല്ല. ഇതേനിലപാട് തന്നെയാകണം പൊതുസ്വത്തിന്‍റെ കാര്യത്തിലും തുടരേണ്ടത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO