ജീവിത പരീക്ഷണങ്ങളെ നേരിടാന്‍ വേണ്ടത് മനക്കരുത്ത് -കസ്തൂരി

ഒരു സിനിമാനടി എന്ന നിലയ്ക്കും, മിനിസ്ക്രീന്‍ താരം എന്ന നിലയ്ക്കും ഏവര്‍ക്കും സുപരിചിതയാണ് കസ്തൂരി. എന്നാല്‍ അതിലുപരി ഇന്ന് കസ്തൂരി, സാമൂഹ്യപ്രവര്‍ത്തക, വിമര്‍ശക, സോഷ്യല്‍ മീഡിയയിലെ സജീവസാന്നിദ്ധ്യം എന്നിങ്ങനെ അറിയപ്പെടുന്ന ഒരു മഹിള കൂടിയാണ്.... Read More

ഒരു സിനിമാനടി എന്ന നിലയ്ക്കും, മിനിസ്ക്രീന്‍ താരം എന്ന നിലയ്ക്കും ഏവര്‍ക്കും സുപരിചിതയാണ് കസ്തൂരി. എന്നാല്‍ അതിലുപരി ഇന്ന് കസ്തൂരി, സാമൂഹ്യപ്രവര്‍ത്തക, വിമര്‍ശക, സോഷ്യല്‍ മീഡിയയിലെ സജീവസാന്നിദ്ധ്യം എന്നിങ്ങനെ അറിയപ്പെടുന്ന ഒരു മഹിള കൂടിയാണ്. ഈ ഐഡന്‍റിറ്റികളേക്കാളേറെ കസ്തൂരിയെ നാം അഭിനന്ദിക്കേണ്ടത് അവരുടെ പ്രയത്നങ്ങളേയും വ്യക്തിജീവിതത്തിലെ ആത്മവിശ്വാസത്തേയുമാണ്.

 

ഏതൊരു സ്ത്രീക്കും ആത്മവിശ്വാസവും പ്രയത്നവുമുണ്ടെങ്കില്‍ ഏത് കടുത്ത പ്രതിസന്ധിയേയും തരണം ചെയ്യാനാവും എന്നതിന് ദൃഷ്ടാന്തമാണ് കസ്തൂരി. രക്താര്‍ബുദത്താല്‍ മരണവക്കിലെത്തിയ തന്‍റെ മകളെ രോഗമുക്തയാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന കസ്തൂരിയുടെ പോരാട്ടങ്ങളെക്കുറിച്ച് അറിയുമ്പോള്‍ നമ്മള്‍ മനസ്സുകൊണ്ട് കൂടുതല്‍ അവരോട് അടുത്തുപോകുന്നു. അവര്‍ അനുഭവിച്ച മാനസികവേദനകള്‍ പങ്കുവെച്ചുകൊണ്ട് ‘മഹിളാരത്ന’ത്തോട് അവര്‍ സംസാരിച്ചു.

 

 

‘ഭര്‍ത്താവിന് അമേരിക്കയിലാണ് ജോലി എന്നതിനാല്‍ വിവാഹാനന്തരം അമേരിക്കയില്‍തന്നെ സ്ഥിരതാമസമാക്കി. ദിവസവും രാവിലെ ഉറക്കമുണരുമ്പോള്‍ എന്‍റെ ഇടത് തോളില്‍ മകളും വലത് തോളില്‍ മകനും ഉറങ്ങിക്കിടക്കുന്ന നിര്‍വൃതി അനുഭവിച്ചുകൊണ്ടിരുന്നകാലം. കൃത്യമായി പറഞ്ഞാല്‍ 2013 വര്‍ഷക്കാലം. എന്‍റെ മാതാപിതാക്കളുടെ വേര്‍പാട്, സാമ്പത്തികബുദ്ധിമുട്ടുകള്‍, ഇതിനിടയില്‍ ജീവിതത്തില്‍ എനിക്ക് സന്തോഷം പകര്‍ന്നുകൊണ്ടിരുന്നത് എന്‍റെ കുട്ടികളുടെ സ്നേഹമാണ്.

 

എന്‍റെ മകള്‍ക്ക് ആഹാരം കൊടുത്താല്‍ അത് കഴിച്ചയുടന്‍ ഛര്‍ദ്ദിക്കും. ഇടയ്ക്കിടെ അവള്‍ക്ക് പനി വരും. പെട്ടെന്നുറങ്ങും. ഒരിക്കല്‍ അവള്‍ക്ക് തൊണ്ടയില്‍ ഇന്‍ഫെക്ഷനുണ്ടായപ്പോള്‍ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. മര്യാദയ്ക്ക് ആഹാരം കഴിച്ചാലല്ലേ ആരോഗ്യമുണ്ടാവൂ. ഡോക്ടര്‍തന്നെ അവളോട് നല്ലവണ്ണം ഭക്ഷണം കഴിക്കാന്‍ ഉപദേശിക്കൂ എന്ന് സാധാരണ അമ്മമാര്‍ പറയുന്നതുപോലെ ഞാന്‍ ഡോക്ടറോട് പരാതി പറഞ്ഞു. അവളെ പരിശോധിച്ചശേഷം ഇത് ആഹാരം കഴിക്കാത്തതുകൊണ്ടോ പോഷകക്കുറവു കൊണ്ടോ അല്ല എന്ന് പറഞ്ഞ് കുറെ ടെസ്റ്റുകള്‍ നടത്തി. ആകെ ഭീതിയിലായ എന്നെ ഭര്‍ത്താവ് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹവും ഡോക്ടറാണല്ലോ.

 

റിസല്‍ട്ട് വന്നു. മോള്‍ക്ക് ലുക്കേമിയ എന്ന രക്താര്‍ബുദം. ഞാന്‍ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു. ഡോക്ടര്‍ അത് പറയുമ്പോള്‍ എന്‍റെ ജീവന്‍ നിലച്ചതുപോലെ തോന്നി. ഡോക്ടര്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുകയില്ല. ഈ ഹോസ്പിറ്റലും ചികിത്സയും ശരിയല്ല. ടെസ്റ്റ് റിസള്‍ട്ട് തെറ്റാണ് എന്ന് പറഞ്ഞ് ഞാന്‍ അലറിക്കരഞ്ഞു. പിന്നെ ഞാന്‍ ചിന്തിച്ചു.

 

 

മകളുടെ ജീവന്‍ രക്ഷിക്കുവാന്‍ എനിക്ക് എന്തുചെയ്യുവാന്‍ കഴിയും? മകള്‍ക്ക് കാന്‍സറിനുള്ള ചികിത്സ ആരംഭിച്ചു. മരണതുല്യമായ ഒരവസ്ഥയായിരുന്നു അത്. എന്‍റെ മോള്‍ കാലുതെറ്റി താഴെ വീണാല്‍പോലും ഭയക്കുന്ന ഞാന്‍ അവള്‍ അനുഭവിക്കുന്ന വേദനകള്‍ കണ്ടുകൊണ്ട് കൈവിറയ്ക്കാതെ ഞാന്‍ തന്നെ അവള്‍ക്ക് ഇഞ്ചക്ഷന്‍ കൊടുക്കുന്നതിനെക്കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെട്ടു. ഒരു കിണ്ണം നിറയെ ഗുളികകള്‍ അവള്‍ ദിവസവും കഴിക്കണം. അവള്‍ക്ക് പിടിപെട്ടത് ഒരു അപൂര്‍വതരം കാന്‍സറായിരുന്നു. ലോകത്തുതന്നെ ഇരുന്നൂറ് പേര്‍ക്കേ ഈ രോഗം ഉള്ളുവത്രെ. ഈ അപൂര്‍വ്വതരം കാന്‍സറിനെ കണ്ടുപിടിച്ചത് അമേരിക്കയിലും സിംഗപ്പൂരിലുമുള്ള രണ്ട് ഡോക്ടര്‍മാരാണ്.

 

തീവ്രപരിശ്രമത്തിനും അന്വേഷണത്തിനും ശേഷം അവരെ ചെന്നു കണ്ട് നേരിട്ട് സംസാരിച്ചു. അവരുടെ കൂടി നിര്‍ദ്ദേശാനുസരണം ചികിത്സ തുടര്‍ന്നു. ഒരു മാസത്തെ ചികിത്സയ്ക്കുശേഷം ‘സ്റ്റെംസെല്‍’ മാറ്റണം എന്ന് പറഞ്ഞു. അങ്ങനെ മാറ്റിയാലും ചികിത്സയ്ക്കിടെ 50 ശതമാനം ജീവാപായം ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. ജീവന്‍ തിരിച്ചുകിട്ടിയാലും നിരന്തരമായ ചില രോഗങ്ങള്‍ ഉണ്ടായേക്കാം എന്നൊക്കെ എന്‍റെ മകളുടെ ആയുസ്സിനെക്കുറിച്ചുള്ള കണക്കുകള്‍ ഡോക്ടര്‍മാര്‍ പറയുമ്പോള്‍ ഞാന്‍ ജീവച്ഛവമായി മാറുമായിരുന്നു. എന്‍റെ ഭര്‍ത്താവ് വളരെ ആലോചിച്ചശേഷം ഒരു തീരുമാനത്തിലെത്തി. ഇനി ഈ അഡ്വാന്‍സ്ഡ് ട്രീറ്റുമെന്‍റൊന്നും വേണ്ട. കാന്‍സറിനുള്ള ചികിത്സയ്ക്കൊപ്പം ആയൂര്‍വേദ ചികിത്സയും നടത്തിനോക്കാം.

 

തനിക്ക് വന്നിട്ടുള്ളത് എന്ത് രോഗമാണെന്നറിയാതെ എന്‍റെ മോള്‍ ചികിത്സയില്‍ പൂര്‍ണ്ണമായും സഹകരിക്കയായിരുന്നു. പനിക്ക് മരുന്ന് കഴിക്കുന്നതുപോലെ അവള്‍ മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്നു. കീമോതെറാപ്പി ചികിത്സകാരണം തലയിലെ മുടിയെല്ലാം കൊഴിഞ്ഞ് ശരീരം എല്ലും തോലുമായ അവളെ കാണുമ്പോള്‍ അവളറിയാതെ ഞാന്‍ പൊട്ടിക്കരയും. അമേരിക്കയില്‍ അവള്‍ പഠിച്ച സ്ക്കൂളുകാരുടെ സമീപനം വളരെ ആശ്വാസകരമായിരുന്നു. തീവ്രചികിത്സയിലായിരുന്ന ദിവസങ്ങളില്‍ അവളുടെ അദ്ധ്യാപിക വീട്ടില്‍ വന്ന് പാഠങ്ങള്‍ പഠിപ്പിച്ച് അവളെ സ്വാഭാവികമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിച്ചു.

 

 

ആ ആശുപത്രി യില്‍ പല കുട്ടികളും ഓരോ മാറാരോഗങ്ങളുമായി എത്തി പോരാടി ചികിത്സിക്കുന്നതുകണ്ടപ്പോള്‍, ‘എന്‍റെ കുട്ടിക്ക് മാത്രം എന്താ ഇങ്ങനെ?’ എന്ന ചോദ്യം എന്നെ വിട്ടകന്നു. ജീവിതത്തിന്‍റെ ആഴം മനസ്സിലായി. ലോകത്ത് ജനങ്ങള്‍ ഇങ്ങനെയൊക്കെ ബുദ്ധിമുട്ടുമ്പോള്‍ മറ്റൊരുഭാഗത്ത് നടക്കുന്ന അന്യായങ്ങള്‍ കണ്ടിട്ട് മൗനം പാലിച്ച് കണ്ടില്ലെന്ന് നടിച്ച് നടക്കാന്‍ കഴിഞ്ഞില്ല. സാമൂഹികമായ അഭിപ്രായങ്ങള്‍ ഞാന്‍ പരസ്യമായി പറയാന്‍ കാരണം ഈ അനുഭവങ്ങളാണ്. സ്റ്റെറോയിഡ് നല്‍കിയാല്‍ അര്‍ദ്ധരാത്രിയില്‍പോലും അവള്‍ക്ക് വിശപ്പുണ്ടാകും.

 

ആഹാരം, മരുന്ന്, ചികിത്സ എന്നിങ്ങനെ സദാസമയവും എന്‍റെ മകളെ പരിചരിക്കാനുള്ള ഉത്തരവാദിത്വം മൂലമുള്ള ഉറക്കമില്ലായ്മ എന്നെ രോഗിയാക്കി. രണ്ടരവര്‍ഷത്തെ ചികിത്സാകാലവും, അടുത്ത അഞ്ചുവര്‍ഷത്തെ ഒബ്സര്‍വേഷന്‍ പീരിയഡും കഴിഞ്ഞ് ഇപ്പോള്‍ നിങ്ങളുടെ മകളുടെ രോഗം മാറി’ എന്ന് ഡോക്ടര്‍ പറഞ്ഞ ആ നിമിഷം ഞങ്ങളുടെ കുടുംബത്തിന്‍റെ പുനര്‍ജ്ജന്മ മുഹൂര്‍ത്തമായിരുന്നു.

 

ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കാരണം അവളുടെ എല്ലുകള്‍ ബലഹീനമായിരുന്നിട്ടും ‘എനിക്ക് കഴിയും എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തുവിടു’ എന്ന് അവള്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ഇന്ത്യയിലെത്തുമ്പോഴൊക്കെ അവളെ ഡാന്‍സ് ക്ലാസില്‍ അയയ്ക്കും. ‘നെവര്‍ എവര്‍ഗീവ് അപ്’ എന്ന സിദ്ധാന്തം എനിക്ക് പഠിപ്പിച്ചു തരുന്ന ഗുരുവാണ് അവള്‍. ചികിത്സ നടക്കുമ്പോള്‍ അവള്‍ കരഞ്ഞിരുന്നെങ്കിലും മറ്റുള്ള സമയത്ത് അവളുടെ ചിരി അവളെ വിട്ടുപിരിഞ്ഞിരുന്നില്ല.

 

 

‘എന്തുവന്നാലും എന്ത് സംഭവിച്ചാലും നേരിടാം’ എന്ന അവളുടെ ആറ്റിറ്റ്യൂഡ് അവള്‍ക്ക് ജീവിതം തിരിച്ചുനല്‍കി. ഇന്നവള്‍ ഏഴാംക്ലാസില്‍ പഠിക്കുകയാണ്. വിവരങ്ങള്‍അറിയാനുള്ള പ്രായമായപ്പോള്‍ ‘അമ്മ എന്‍റെ സ്കൂളില്‍ ഫ്രണ്ട്സിനോടൊന്നും ഞാന്‍ ട്രീറ്റ്മെന്‍റ് എടുത്ത കാര്യം പറയേണ്ട, എന്നെ ആരും അനുകമ്പയോടെ നോക്കേണ്ട’ എന്ന് പറഞ്ഞു.

 

‘മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ ആരൊക്കെയോ ആകണമെന്ന മോഹമുണ്ടാവും. എന്നെ സംബന്ധിച്ചിടത്തോളം അവര്‍ ആരോഗ്യവും സന്തോഷവുമുള്ള മനുഷ്യരായി വളര്‍ന്നാല്‍മതി എന്നേ ഞാന്‍ പറയുകയുള്ളു. ഇവിടെ എന്‍റെ മകളുടെ ചികിത്സയെക്കുറിച്ച് വിവരിച്ചത് നിങ്ങളെയൊക്കെ ഭയപ്പെടുത്താനല്ല. ഞാന്‍ അനുഭവിച്ച മാനസികപീഡനങ്ങളുടെ ഒരു അംശം മാത്രമേ ഞാന്‍ ഇവിടെ വിവരിച്ചുള്ളു. രോഗത്തിനുള്ള ഏറ്റവും വലിയ ഔഷധം അതിനെ നേരിടുവാനുള്ള മനക്കരുത്താണ്.

 

എന്‍റെ മകളുടെ ഇന്നത്തെ പുഞ്ചിരി എല്ലാവര്‍ക്കും ആത്മവിശ്വാസം പകരണം എന്നതിനുവേണ്ടിയാണ് ഞാനിത്രയും ഇവിടെ പറഞ്ഞത്. കുട്ടികള്‍ക്കും രോഗികള്‍ക്കും സാമ്പത്തിക സഹായവും കൗണ്‍സിലിങ്ങും നടത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചു. പലരേയും സഹായിക്കുവാനുള്ള പരിശ്രമത്തിലാണ് ഞാന്‍…’ കസ്തൂരി പറഞ്ഞുനിര്‍ത്തി.

 

പ്രീതാ അജയ്കുമാര്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO