ഞാന്‍ തികഞ്ഞ മതവിശ്വാസിയാണ്; ദിവസവും നിസ്ക്കരിക്കും

എ.എം. ആരിഫ് എം.പി     ലിപ്സ്റ്റിക്കിട്ട പുരുഷന്‍; ലിപ്സ്റ്റിക്കിടാത്ത സ്ത്രീ ? ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്തൊന്‍പത് മണ്ഡലങ്ങളിലും തകര്‍പ്പന്‍ വിജയമാണ് യു.ഡി.എഫിന് ലഭിച്ചത്; ഒന്നും ഒന്നരയുമൊക്കെ ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം.... Read More

എ.എം. ആരിഫ് എം.പി

 

 

ലിപ്സ്റ്റിക്കിട്ട പുരുഷന്‍;
ലിപ്സ്റ്റിക്കിടാത്ത സ്ത്രീ
? ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്തൊന്‍പത് മണ്ഡലങ്ങളിലും തകര്‍പ്പന്‍ വിജയമാണ് യു.ഡി.എഫിന് ലഭിച്ചത്; ഒന്നും ഒന്നരയുമൊക്കെ ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം. പക്ഷേ ആലപ്പുഴ മാത്രം ചെറുത്തുനിന്നു. ആലപ്പുഴയില്‍ താങ്കളുയര്‍ത്തിയ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ രാഹുല്‍ തരംഗത്തിന് (അങ്ങനൊന്നുണ്ടായിരുന്നെങ്കില്‍) കഴിഞ്ഞില്ല. എന്താണതിന് കാരണം.
തെരഞ്ഞെടുപ്പ് വിജയത്തില്‍ സ്ഥാനാര്‍ത്ഥിക്ക് വ്യക്തിപരമായി വലിയൊരു പങ്ക് വഹിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അക്കാര്യത്തില്‍ എനിക്ക് എന്‍റേതായ ഒരു ശൈലിയുണ്ട്. വോട്ടര്‍മാരുമായുള്ള ഇടപെടല്‍, പ്രചരണതന്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ നേരിട്ടിടപെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ഉണര്‍ത്തുകയും, ആ രീതിയിലേക്ക് പ്രവര്‍ത്തനം കൊണ്ടുപോവുകയും ചെയ്യുന്ന ശൈലി. അതുവഴി, വിജയിക്കും എന്ന ഒരു ഓളം പ്രവര്‍ത്തകരിലും വോട്ടര്‍മാരിലും ഉണ്ടാക്കിയെടുക്കാന്‍ കഴിയണം. അതൊരു പ്രധാന ഘടകമാണ്. അരൂര്‍ ഡിവിഷനില്‍നിന്നും ജില്ലാകൗണ്‍സിലിലേക്ക് മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ അത് ഞാന്‍ കൃത്യമായും ചെയ്തുപോരുന്നുണ്ട്.
മറ്റൊന്ന് എനിക്കെതിരെ യു.ഡി.എഫ് ഉയര്‍ത്തിയ വ്യക്തിപരമായ ചില പ്രചരണങ്ങള്‍ എനിക്ക് ഗുണം ചെയ്തു എന്നുള്ളതാണ്. ‘ലിപ്സ്റ്റിക്കിട്ട പുരുഷന്‍; ലിപ്സ്റ്റിക്കിടാത്ത സ്ത്രീ’ എന്നതായിരുന്നു. അവരുടെ ഒരു പ്രചരണം. അതായത്, പണ്ടുമുതല്‍ക്കേ എന്‍റെ ചുണ്ടുകള്‍ അല്‍പ്പം ചുവന്നിട്ടാണ്. ജന്മനാ അങ്ങനാണ്. അതല്ലാതെ ലിപ്സ്റ്റിക്കിട്ട് ചുവപ്പിക്കുന്നതൊന്നുമല്ല. എന്നുമാത്രമല്ല, ലിപ്സ്റ്റിക് എന്നുപറയുന്ന ഒരു സാധനം ജീവിതത്തിലിന്നുവരെ ഞാന്‍ തൊട്ടിട്ടുപോലുമില്ല. എന്നിട്ടും യു.ഡി.എഫ് കേന്ദ്രങ്ങള്‍ അങ്ങനൊരു പ്രചരണം നടത്തിയത്, ലിപ്സ്റ്റിക്കിട്ട് ചുണ്ടൊക്കെ ചുവപ്പിച്ച് ഒരുങ്ങിച്ചമഞ്ഞ് നടക്കുന്നതിലല്ലാതെ മണ്ഡലത്തിന്‍റെ വികസനകാര്യത്തില്‍ ഒരു ശ്രദ്ധയും ഞാന്‍ പുലര്‍ത്താറില്ല എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു.
അതുപോലെതന്നെ ഞാന്‍ മേക്കപ്പിട്ട് പോസ്റ്ററൊട്ടിച്ചു എന്നു പ്രചരിപ്പിക്കുക മാത്രമല്ല, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ‘ചായം പുരട്ടാത്ത വ്യക്തിത്വം; ചായമടിക്കാത്ത രാഷ്ട്രീയം’ എന്ന വാചകം ചേര്‍ക്കുകയും ചെയ്തു. അതുരണ്ടും പക്ഷേ അവര്‍ക്കുതന്നെ വിനയായി മാറി എന്നുള്ളതാണ് സത്യം. ഞാന്‍ മേക്കപ്പിട്ട് പോസ്റ്ററടിച്ചു എന്ന്, ഏതോ മഹാപരാധം ചെയ്തെന്ന മട്ടില്‍ പ്രചരിപ്പിച്ചവര്‍, ചായം പുരട്ടാത്ത വ്യക്തിത്വം എന്നുപറഞ്ഞുകൊണ്ടിറക്കിയ പോസ്റ്ററിന്‍റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. അത് മൊത്തം ചായമായിരുന്നു. അത് ജനങ്ങള്‍ക്കിടയില്‍ നല്ല സംസാരമായി.
ലിപ്സ്റ്റിക്കിട്ട പുരുഷന്‍ എന്നുള്ള പ്രചരണവും ഗുണം ചെയ്തു. കാരണം, അരൂര്‍കാര്‍ക്ക് ഞാന്‍ സുപരിചിതനാണെങ്കിലും മറ്റ് മണ്ഡലത്തിലുള്ളവര്‍ക്ക് അങ്ങനെയല്ലല്ലോ. അതുകൊണ്ട് ലിപ്സ്റ്റിക്കിട്ട പുരുഷനെ കാണാനും പോസ്റ്ററില്‍ കാണുന്ന ആരിഫ് മേക്കപ്പുകാരനേയും കൊണ്ടുനടക്കുകയാണോ എന്നൊക്കെ അറിയാന്‍ എന്‍റെ സ്വീകരണസ്ഥലങ്ങളില്‍ റോഡിന്‍റെ ഇരുവശത്തും വലിയ ആള്‍ക്കൂട്ടമാണ് നിലയുറപ്പിച്ചിരുന്നത്. സിനിമാക്കാരനെ കാണാന്‍ നില്‍ക്കുംപോലെ. അതും എനിക്ക് ഗുണമായി മാറി. പിന്നെ, എന്നെക്കുറിച്ച് സുകുമാര്‍ അഴീക്കോട്, മമ്മൂട്ടി തുടങ്ങിയവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയിറക്കിയ ബുക്കും, ഏറെ ഗുണം ചെയ്തു.
സത്യപ്രതിജ്ഞാച്ചടങ്ങു
പോലും വര്‍ഗ്ഗീയമാക്കി
? ബി.ജെ.പിക്ക് മൃഗീയഭൂരിപക്ഷം; സി.പി.എമ്മിന് ആകെ മൂന്ന് എം.പിമാര്‍; കേരളത്തില്‍നിന്ന് താങ്കള്‍ മാത്രം. ഈ ഒരവസ്ഥയില്‍ ഒരു ലോക്സഭാംഗം എന്ന നിലയില്‍ കാര്യമായി ഒന്നും ചെയ്യാനാകില്ലെന്നിരിക്കെ, എം.എല്‍.എയായി തുടര്‍ന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നുണ്ടോ.
ശരിയാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു ഇടതുപക്ഷ അംഗത്തിന് ലോക്സഭയില്‍ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ നിയമസഭയില്‍ ഒരംഗമായി തുടരുന്നതായിരുന്നു നല്ലത് എന്ന് തോന്നിക്കുന്ന അനുഭവങ്ങളാണ്, തുടക്കത്തില്‍തന്നെ അവിടെ കാണുവാന്‍ കഴിഞ്ഞ പലതും. തുടക്കം പോലും വലിയ വര്‍ഗ്ഗീയ ചേരിതിരിവാക്കി മാറ്റി. അംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങ് സമയത്ത് ഒരു ഭാഗത്ത് ജയ്ശ്രീറാം വിളി. മറുഭാഗത്ത് യാ അള്ളാ വിളി. പിന്നെ കുറെ മതസാമുദായിക ആത്മീയനേതാക്കളുടെ പേരുപറഞ്ഞുള്ള സിന്ദാബാദ് വിളി. ഒരിക്കലും പാടില്ലാത്തതാണ് അതൊക്കെ. ഭരണഘടനാവിരുദ്ധമാണിത്. അതുപോലെ തന്നെ ഒന്നുകില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാം. അതല്ലെങ്കില്‍ ദൃഢപ്രതിജ്ഞയെടുക്കാം. അതല്ലാതെ സത്യപ്രതിജ്ഞാവാചകത്തില്‍ വെളിയില്‍ നിന്ന് ഒന്നും പറയാന്‍ പാടില്ല. പക്ഷേ അതൊക്കെ നഗ്നമായി ലംഘിക്കുന്ന അവസ്ഥയാണ് കണ്ടത്. അതുപോലെ ഭരണകക്ഷിക്കാര്‍, അവര്‍ക്കനുകൂലമായ കാര്യങ്ങള്‍ വരുമ്പോള്‍ ജയ്ശ്രീറാം, ഭാരത്മാതാ എന്നൊക്കെ വിളിക്കും. ഇപ്പുറത്ത് വേറെ വിളികള്‍. ഇതൊന്നും സംസ്ഥാന സഭയിലില്ലല്ലോ. അങ്ങോട്ടും ഇങ്ങോട്ടും വഴക്കുണ്ടാവുകയും, സംഭവിക്കുവാന്‍ പാടില്ലാത്ത അനിഷ്ടസംഭവങ്ങള്‍ സംഭവിക്കുകയുമൊക്കെ ചെയ്താലും അതെല്ലാം കഴിഞ്ഞ് പുറത്തുവരുമ്പോള്‍ പരസ്പരം കൈകോര്‍ത്ത്, കാന്‍റീനില്‍ പോയിരുന്ന് അത് വേണ്ടായിരുന്നു, ഇതുവേണ്ടായിരുന്നു എന്നൊക്കെ പറഞ്ഞ് സൗഹൃദത്തോടെ സംസാരിക്കുകയും, വൈകിട്ടെന്താ പരിപാടി എന്നുചോദിച്ച് ഒന്നിച്ച് സിനിമയ്ക്ക് പോവുകയും ചെയ്യുന്ന ഒരന്തരീക്ഷമാണ് നമുക്കിവിടെയുള്ളത്. ഇതൊന്നും അവിടെയില്ല.

 

ഞാന്‍ പറഞ്ഞതല്ല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്
? തുടക്കത്തില്‍ തന്നെ വിവാദത്തിലുംപെട്ടല്ലോ. പ്രേമചന്ദ്രന്‍റെ സ്വകാര്യബില്ലിനെ താങ്കള്‍ അനുകൂലിച്ചത് വിവാദമായില്ലേ.
സ്വകാര്യബില്ല് ഒരംഗത്തിന്‍റെ അവകാശമാണ്. അതിന്മേല്‍ നമ്മള്‍ കമന്‍റ് പറയണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഒരംഗം ഒരു ബില്ലവതരിപ്പിക്കുമ്പോള്‍ അതിനുമേല്‍ ഇടപെട്ട് ആര്‍ക്കുവേണമെങ്കിലും കമന്‍റ് പറയാം; പറയാതിരിക്കാം. അതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് ഗവണ്‍മെന്‍റാണ്. സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്‍റെ ഒരു വിധി മറികടക്കാനാണ് നിയമനിര്‍മ്മാണം കൊണ്ടുവരുന്നതെങ്കില്‍, അത് ഗവണ്‍മെന്‍റുതന്നെ കൊണ്ടുവന്നാലേ പറ്റൂ. അതിന് സ്വകാര്യാംഗത്തിന്‍റെ ബില്ല് മാത്രം പോരാ. ഗവണ്‍മെന്‍റാണ് അതിന്മേല്‍ നയം വ്യക്തമാക്കേണ്ടത്. വ്യക്തി എന്ന നിലയില്‍ ഞാന്‍ പറയേണ്ടതില്ല എന്നാണ് മീഡിയാക്കാരോട് ഞാന്‍ പറഞ്ഞത്. അതല്ലാതെ അനുകൂലിക്കുന്നു എന്നോ പ്രതികൂലിക്കുന്നു എന്നോ പറഞ്ഞില്ല. പക്ഷേ അടിച്ചുവന്നപ്പം ബില്ലിനെ ഞാന്‍ അനുകൂലിക്കുന്നു എന്ന രീതിയിലായി.
അതുപോലെ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയില്‍ ‘ജനം’ ടി.വിയുടെ റിപ്പോര്‍ട്ടര്‍ എന്നോട് ചോദിച്ചു. എല്‍.ഡി.എഫിന്‍റെ പരാജയത്തില്‍ ശബരിമലയും കാരണമായോ എന്ന്. കാരണമായിട്ടുണ്ടാകാം എന്നു ഞാന്‍ പറഞ്ഞു.
ശബരിമലയില്‍ ഗവണ്‍മെന്‍റ് സ്വീകരിച്ച നിലപാട് വിശദീകരിച്ച് ബോദ്ധ്യപ്പെടുത്തിയിരുന്നെങ്കില്‍ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നു. തെരഞ്ഞെടുപ്പില്‍ ഞാനടക്കമുള്ളയാളുകള്‍ പേടിച്ചിട്ട് ശബരിമല വിഷയം മിണ്ടാതിരുന്നു. സെന്‍സിറ്റീവ് ഇഷ്യു അല്ലേ. മിണ്ടണ്ടാ എന്നുകരുതി. അതുമൂലം പലയിടത്തും ആ വിഷയത്തില്‍ എല്‍.ഡി.എഫ് നയം പറഞ്ഞുകൊടുക്കാന്‍ പറ്റിയില്ല. എല്‍.ഡി.എഫിനോ ഗവണ്‍മെന്‍റിനോ അവിടെ ആരെയെങ്കിലും കയറ്റണമെന്ന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നെങ്കില്‍, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്താല്‍ എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും പെട്ട എത്രയെത്ര ചെറുപ്പക്കാരികള്‍ അവിടെ എത്തുമായിരുന്നു. അങ്ങനെ അവരാരെങ്കിലും എന്തെങ്കിലും ആഹ്വാനം ചെയ്തോ? ആരെങ്കിലും സ്വമേധയാ അവിടെ വന്നോ? ആരും ആഹ്വാനം ചെയ്തതുമില്ല, ആരും വന്നതുമില്ല. അതിനുകാരണം, ഞങ്ങള്‍ക്ക് വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണം എന്നതുതന്നെയായിരുന്നു താല്‍പ്പര്യം. അല്ലാതെ വെല്ലുവിളിച്ച് ആളെ എത്തിക്കുകയായിരുന്നില്ല ഉദ്ദേശം എന്നും പറഞ്ഞു.
എന്നാല്‍ ‘ജനം’ ടി.വിക്കാരന്‍ അതിന്‍റെ ഇടയ്ക്കുവച്ച് എഡിറ്റ് ചെയ്തു. കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്താല്‍ ലക്ഷക്കണക്കിന് യുവതീയുവാക്കള്‍ അവിടെയെത്തും എന്ന് നിയുക്ത എം.പി എ.എം. ആരിഫ് പ്രകോപനപരമായ രീതിയില്‍ നയം വ്യക്തമാക്കി എന്ന് വാര്‍ത്ത കൊടുത്തു. അങ്ങനെ ആഹ്വാനം ചെയ്തില്ല, ആരും പറഞ്ഞില്ല, ആരും വന്നില്ല എന്ന ഭാഗം കട്ട് ചെയ്തു. വ്യക്തിപരമായി എനിക്ക് വളരെയധികം മാനസിക വിഷമമുണ്ടാക്കിയ സംഭവമാണത്. അങ്ങനെ പറഞ്ഞു എന്നുപറഞ്ഞാല്‍, എനിക്ക് വോട്ട് ചെയ്ത വിശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമല്ലേ അത്. അതേത്തുടര്‍ന്ന് ആര്‍.എസ്.എസിന്‍റെ വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളില്‍ പിന്നീടങ്ങോട്ട് തെറിയഭിഷേകമായിരുന്നു. വിശ്വാസികളെ വെല്ലുവിളിക്കുന്ന ഒരാളെയാണല്ലോ വിജയിപ്പിച്ചതെന്ന്, വോട്ടുചെയ്തവരെയടക്കം ചിന്തിപ്പിക്കുന്ന രൂപത്തിലുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തി സംഗതി വികൃതമാക്കി.
ആ സമയത്താണ് ഈ ചോദ്യം വന്നത്. അപ്പോള്‍ സൂക്ഷിച്ചുമാത്രം മറുപടി പറയാന്‍ തീരുമാനിച്ചു. നമ്മള്‍ പറയുന്നതോ ഉദ്ദേശിക്കുന്നതോ അല്ല കൊടുക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഇങ്ങനെ പറഞ്ഞു- പ്രേമചന്ദ്രന്‍റെ ബില്ലിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യേണ്ട ചുമതല എനിക്കില്ല. അതൊരു അംഗത്തിന്‍റെ സ്വകാര്യബില്ലാണ്. അതിന്മേല്‍ നയം വ്യക്തമാക്കേണ്ടത് ഗവണ്‍മെന്‍റാണ്. മറ്റംഗങ്ങളല്ല എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, പ്രേമചന്ദ്രന്‍റെ സ്വകാര്യബില്ലിനെ എതിര്‍ക്കില്ല, അനുകൂലിക്കും എന്നുപറഞ്ഞു, എന്നായി വ്യാഖ്യാനം.
ബി.ജെ.പിയും കോണ്‍ഗ്രസും സര്‍ക്കാരിനെ വെട്ടിലിട്ടു
? യഥാര്‍ത്ഥത്തില്‍ ശബരിമല വിഷയം പരാജയത്തിന് കാരണമായില്ലേ. അങ്ങനൊരഭിപ്രായം താങ്കള്‍ക്കുണ്ടോ,
ഏതൊരു നവോത്ഥാനവും ഒരു സംഘടതിത മൂവ്മെന്‍റിലൂടെയാണ് ഉണ്ടായിട്ടുള്ളത്. നവോത്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അത് ബോധ്യമാകും. അതു നമുക്ക് വേണ്ടതാണ്, നമ്മള്‍ നേടിയെടുക്കേണ്ടതാണ്, ഒന്നിച്ചുനിന്നാല്‍ നേടിയെടുക്കാം… എന്നൊക്കെപ്പറഞ്ഞ് ബോധ്യപ്പെടുത്തി, അതിനായുള്ള മൂവ്മെന്‍റിലേക്ക് ജനങ്ങളെ കൊണ്ടുവരികയാണ് എല്ലാക്കാലത്തും നവോത്ഥാന നായകര്‍ ചെയ്തിട്ടുള്ളത്. അങ്ങനെയാണ് എല്ലാ പരിഷ്ക്കരണങ്ങളും ഉണ്ടായിട്ടുള്ളത്. തൊട്ടുകൂടായ്മയായാലും, തീണ്ടിക്കൂടായ്മയായാലും, ക്ഷേത്രപ്രവേശനമായാലുമൊക്കെ, അത്തരത്തിലുള്ള മൂവ്മെന്‍റിന്‍റെ ഭാഗമായി രൂപപ്പെട്ടതാണ്. അങ്ങനൊരു മൂവ്മെന്‍റ് രൂപപ്പെടാതെ, കോടതി വിധിയിലൂടെ ഒരു മൂവ്മെന്‍റ് ഉണ്ടാവുകയാണ് ഇവിടെ സംഭവിച്ചത്.
മാറ്റത്തിന് മാനസികമായി സജ്ജമാകാതെ, ആര്‍ക്കാണോ മാറ്റം ആവശ്യം അവരെ അതിനു സജ്ജരാക്കാതെ, അവര്‍ക്കത് ആവശ്യമുണ്ടോ എന്ന് തിരക്കാതെ ഒരു പരിഷ്ക്കാരം കൊണ്ടുവന്ന് അവരുടെ തലയില്‍ വെച്ചുകൊടുത്തിട്ട്, ഇന്നാ പിടിച്ചോ… വേണമെങ്കിലെടുത്തോ എന്നു പറയുമ്പോള്‍, അത് വിശ്വാസത്തിന്‍റെ ഭാഗമായി കാണുന്ന ആള്‍ക്കാരെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ പ്രയാസം കാണും.
കര്‍ഷകത്തൊഴിലാളികളുടെ സമരചരിത്രത്തെക്കുറിച്ച് പത്തിരുപത്തിയഞ്ചുകൊല്ലം മുമ്പ് ലേഖനമെഴുതിയിട്ടുള്ളയാളാണ് ഞാന്‍. കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുവാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് വി.എസ്. ഉള്‍പ്പെടെയുള്ളവര്‍ കുട്ടനാട്ടിലേക്ക് ചെല്ലുമ്പോള്‍ കര്‍ഷകതൊഴിലാളികള്‍ പറഞ്ഞതെന്താണെന്നറിയാമോ? ഞങ്ങളെ തീറ്റിപ്പോറ്റുന്ന ദൈവംതമ്പുരാന്‍മാരാണവര്‍ (ജന്മികള്‍); അവര്‍ക്കെതിരേ സമരം ചെയ്യാന്‍ ഞങ്ങളില്ല എന്നായിരുന്നു. അപ്പോള്‍, സമരം ചെയ്യേണ്ടുന്നതിന്‍റേയും, കൂലി കൂട്ടിക്കിട്ടേണ്ടതിന്‍റേയുമൊക്കെ ആവശ്യവും അവകാശവും അവരെ ബോധ്യപ്പെടുത്തി സമരമൂവ്മെന്‍റിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. അങ്ങനെ ജനം കാര്യങ്ങള്‍ ബോധ്യപ്പെട്ട് മൂവ്മെന്‍റ് ഏറ്റെടുത്തപ്പോഴാണ് അത് വിജയിച്ചത്.
എന്നാലിവിടെ ജനം മാറ്റത്തിന് സജ്ജരായിരുന്നില്ല. അതിന് മുമ്പേ തുടങ്ങിവച്ചു. എന്നിട്ട് സര്‍ക്കാരിനേയും വെട്ടിലിട്ടു. സുപ്രീംകോടതി വിധി വന്നപ്പോള്‍ ആര്‍.എസ്സ്.എസ്സ്.എ.ഐ.സി.സി നേതൃത്വങ്ങള്‍ നല്ല വിധിയാണെന്ന് പ്രസ്താവനയിറക്കി വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. ആ നല്ല വിധിയുടെ ക്രഡിറ്റ് ആര്‍.എസ്.എസും കോണ്‍ഗ്രസും ഒക്കെ തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍, നല്ല വിധിയുടെ ക്രഡിറ്റ് നമുക്കും കിട്ടേണ്ടെ എന്ന നിലയിലേക്ക് പാര്‍ട്ടിയും ഗവണ്‍മെന്‍റുമെല്ലാം പോയി. ഇത് നല്ല വിധിയാണെന്ന് പറയുവാന്‍ അവരേക്കാള്‍ മുമ്പ് ചാടിയിറങ്ങി. എന്നാല്‍ നല്ല വിധിയാണെന്ന് പറഞ്ഞ അവര്‍തന്നെ പിറ്റേന്ന്, എന്‍.എസ്.എസ് സ്ത്രീകള്‍ പ്രവാഹംപോലെ ഒഴുകിയിറങ്ങി തെരുവില്‍ കൂടുന്നത് കണ്ടപ്പോള്‍ പിറ്റേന്ന് കാലുമാറി. അപ്പോള്‍ നമ്മള്‍ പക്ഷേ മാറിയില്ല. നല്ല വിധിയാണെന്നും പറഞ്ഞിട്ടും അവര്‍ മാറിയപ്പോള്‍ നമുക്ക് മാറാന്‍ പറ്റിയില്ല. ഇതൊക്കെയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.
? താങ്കള്‍ മതഗ്രന്ഥങ്ങളൊക്കെ വായിക്കുന്ന വ്യക്തിയാണോ.
ഉവ്വ്. ഞാന്‍ ഏറ്റവും ഒടുവില്‍ എഴുതിയ ലേഖനം മനുസ്മൃതിയും അംബേദ്ക്കറും എന്നതാണ്. മനുസ്മൃതിദഹനസമരത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് അംബേദ്ക്കര്‍. അത് സംബന്ധമായ ലേഖനമെഴുതാന്‍, മനുസ്മൃതിയുമായി ബന്ധപ്പെട്ട് കിട്ടാവുന്ന പുസ്തകങ്ങളൊക്കെയും ഞാന്‍ തെരഞ്ഞുപിടിച്ചുവായിച്ചു. അങ്ങനെ ഓരോ ലേഖന രചനയ്ക്കുവേണ്ടിയും വലിയ തെരച്ചിലും വായനയും നടത്താറുണ്ട്.
? താങ്കള്‍ മതവിശ്വാസിയാണോ.
അതേ. ഞാനൊരു തികഞ്ഞ മതവിശ്വാസിയാണ്. മതം പറയുന്ന നന്മയില്‍ അടിയുറച്ചുവിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മതവിശ്വാസി. എല്ലാ ദിവസവും രാവിലെ നിസ്ക്കരിക്കാറുണ്ട്. വെള്ളിയാഴ്ചകളില്‍ പള്ളിയില്‍പോകും. നോമ്പുമാസത്തില്‍ മാത്രം അഞ്ചുനേരം നിസ്ക്കരിക്കും. ഓര്‍മ്മയായ കാലം മുതല്‍ നോമ്പുപിടിക്കാറുണ്ട്. ഇത്തവണയും 30 നോമ്പും പിടിച്ചു. അതൊക്കെ കൊണ്ടാണ് മനുഷ്യനെ മനുഷ്യനായി കാണാന്‍ എനിക്ക് കഴിയുന്നത്.
? വനിതാമതില്‍ സംഘടിപ്പിച്ച ദിവസം കനകദുര്‍ഗ്ഗ ശബരിമല കയറിയത് ഗവണ്‍മെന്‍റിന്‍റെ ഒത്താശയോടെ ആയിരുന്നില്ലേ.
കനകദുര്‍ഗ്ഗ എന്ന സ്ത്രീ വനിതാമതിലിന്‍റന്ന് ശബരിമല കയറിയതാണല്ലോ വലിയ പ്രകോപനം ഉണ്ടാക്കിയത്. വാസ്തവത്തില്‍ അവര്‍ ഗവണ്‍മെന്‍റിനെ വെട്ടിലാക്കാന്‍ വന്ന സ്ത്രീയാണെന്നാണ് എന്‍റെ ഇപ്പോഴത്തെയും വിശ്വാസം. ആരാണ് ഭക്തന്‍, ആരാണ് ഭക്ത എന്ന് ഭഗവത് ഗീതയില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഭക്തരുടെ മനസ്സും ശരീരവും ചിന്തയും പ്രവൃത്തിയുമൊക്കെ ശാന്തമായിരിക്കും.
ശബരിമലയില്‍ സംഘര്‍ഷവും അശാന്തിയും നിലനില്‍ക്കുമ്പോഴാണല്ലോ അവര്‍ മല ചവിട്ടാനെത്തിയത്. ആ സംഘര്‍ഷസ്ഥലത്തേക്ക് ഭയചകിതയായി, എന്നെ പ്രവേശിപ്പിക്കുമോ, സംഘര്‍ഷക്കാര്‍ ഉപദ്രവിക്കുമോ എന്ന് ചിന്തിച്ചല്ലേ അവര്‍ പോയത്. ഈ ചിന്തകളൊക്കെ അലയടിക്കുന്ന അശാന്തമായ മനസ്സുമായി പോയ അവര്‍ ഒരിക്കലും ഭക്തയാകില്ല. അങ്ങനെ ഭക്തയല്ലാത്ത, ആക്ടിവിസ്റ്റായ ഒരു സ്ത്രീ അവിടെപ്പോയി എന്നതുകൊണ്ട് വിശ്വാസികള്‍ നല്ലൊരു ശതമാനം പാര്‍ട്ടിക്കും ഗവണ്‍മെന്‍റിനും എതിരായി ചിന്തിക്കാന്‍, അവരുടെ പ്രചരണം ഉപകരിച്ചിട്ടുണ്ട്. അതുകൊണ്ട് എന്‍റെ ബലമായ വിശ്വാസം കനകദുര്‍ഗ്ഗയെ മനഃപൂര്‍വ്വം കയറ്റിയതാണ്. അത് ഗവണ്‍മെന്‍റല്ല. പിന്നെ ആര് എന്നുള്ളത് വ്യക്തമാണ്.
? സമരക്കാരാണോ?
യഥാര്‍ത്ഥത്തില്‍ അവരുടെ മലകയറ്റം ആരും എതിര്‍ത്തില്ലല്ലോ. അതുകൊണ്ടല്ലേ കയറിയത്. സമരക്കാരുള്‍പ്പെടെ ആരും അവരെ എതിര്‍ത്തില്ല. തടയാന്‍ ചെന്നതുമില്ലാ. എന്‍റെ ബലമായ വിശ്വാസം 12 കൊല്ലം കേസ് നടത്തിയിട്ട്, വിധി പറയാന്‍ കോടതിക്ക് ധാരാളം സമയമുണ്ടായിട്ടും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അതുവന്നത്. അപ്പോള്‍ വിധി വന്ന സമയം, അതിനുമേല്‍ പെട്ടെന്നുണ്ടായ ഡവലപ്പുമെന്‍റ് എല്ലാം വച്ചുനോക്കുമ്പോള്‍ കേരളീയ സമൂഹത്തെ വലിയ തോതില്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുവാന്‍, ചേരിതിരിവുണ്ടാക്കുവാന്‍ ആ വിധി കാരണമായി. കേരളത്തിന് ഒരു മതേതരമനസ്സാണുള്ളത്. ആ മതേതര മനസ്സിനെ തട്ടുകളായി തിരിക്കുവാനും, ധ്രുവീകരണം ഉണ്ടാക്കുവാനും ഈ വിധി ഉപയോഗപ്പെടുത്തി. കേരളീയ സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കണമെന്നാഗ്രഹിച്ചവര്‍ക്ക് ഈ വിധി ഗുണകരമായി. അതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് വാസ്തവത്തില്‍ ശരിയായിരുന്നു. പക്ഷേ അത് ബോധ്യപ്പെടുന്ന രീതിയില്‍ സമൂഹം രൂപപ്പെട്ടില്ല. അതാണ് ഞാന്‍ പറഞ്ഞത് എല്ലാ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി, ജനങ്ങള്‍ക്കിടയില്‍തന്നെ ആവശ്യകത രൂപപ്പെട്ടുവരാറുണ്ട്. എല്ലാ ഉത്തരവുകളും ഇറങ്ങുന്നത് ജനങ്ങളുടെ സമ്മര്‍ദ്ദത്തിന്‍റെ ഫലമായിട്ടാണ്. അതേസമയം ഇവിടെ ശബരിമല വിഷയത്തില്‍ കേസുകൊടുത്തവര്‍ ശബരിമലയില്‍ വരാനാഗ്രഹിച്ചവരാണോ എന്നറിയില്ല. അവര്‍ വന്നിട്ടുമില്ല.
അപ്പോള്‍ ഇതിന്‍റെയൊക്കെ പിന്നില്‍ വലിയ തിങ്ക്ടാങ്കുകളുണ്ടെന്ന് വേണം കരുതുവാന്‍. കേരളത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനുള്ള മൂവ്മെന്‍റ് എവിടൊക്കെയോ രൂപപ്പെടുന്നുണ്ട്.
അതുകൊണ്ട് കേരളത്തിന്‍റെ മതേതര മനസ്സ് പിടിച്ചുനിര്‍ത്തണമെങ്കില്‍ കേരളത്തിന്‍റെ തനത് ആഘോഷങ്ങള്‍ നിലനിര്‍ത്തണം. ഒന്ന്, ഓണമാണ്. ഓണം എന്നുപറയുന്ന കണ്‍സെപ്റ്റില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ഒരു മാലയില്‍ കോര്‍ത്ത മുത്തുമണികളെപ്പോലെയാണ് ജീവിക്കുന്നത്. അതുപാടില്ലാ എന്നുള്ളതുകൊണ്ടാണ് ഓണത്തെ തള്ളിപ്പറഞ്ഞ് വാമനനെ കൊണ്ടുവരാനുള്ള ശ്രമം. അതുണ്ടാകാതിരിക്കണമെങ്കില്‍ ഓണം നമ്മള്‍ ഏറ്റെടുക്കണം. നന്നായി ആഘോഷിക്കണം. അതുപോലെ ക്രിസ്തുമസും പെരുന്നാളുമെല്ലാം. ആഘോഷങ്ങളെ ഉപയോഗപ്പെടുത്തി, കേരളത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുവാനുള്ള നീക്കത്തെ പ്രതിരോധിക്കണം. ഓരോ സമുദായത്തിന്‍റേയും ആഘോഷങ്ങള്‍ മറ്റ് സമുദായങ്ങള്‍ കൂടി ചേര്‍ന്ന് ആഘോഷിക്കണം. ശബരിമല അങ്ങനെ കൊണ്ടുപോകേണ്ടതാണ്. അവിടെ വാവരാണ് രണ്ടാമത്. എന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആരോ ഒരു പോസ്റ്റിട്ടു. എന്തുകൊണ്ടാണ് ആരിഫ് ആലപ്പുഴയില്‍ തെരഞ്ഞെടുക്കപ്പെട്ടത് എന്ന് ചോദിച്ചപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു, വാവരുടെ സ്ട്രോംഗ് റെക്കമന്‍റേഷനുണ്ടായിരുന്നു. എനിക്ക് തള്ളിക്കളയാന്‍ പറ്റില്ല എന്ന്.
അതൊരു നല്ല പോസിറ്റീവ് കമന്‍റാണ്. മതസൗഹാര്‍ദ്ദത്തിന്‍റെ കമന്‍റ്. മലയ്ക്കുപോകുന്നവര്‍ വാവരുസ്വാമിയേയും കാണും. ഞാനും പോയതാണ്. പമ്പയില്‍ നിന്ന് നടന്ന് സന്നിധാനത്തുപോയി പ്രസാദം വാങ്ങിച്ചയാളാണ് ഞാന്‍. കൂടെയുണ്ടായിരുന്ന ബാക്കി എം.എല്‍.എമാരൊക്കെ ഡോളിയില്‍ പോയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഞാന്‍ നടന്നു. ചേര്‍ത്തല ഭാഗത്തുള്ളവര്‍ മലയ്ക്ക് പോയിട്ടുവന്ന് മാലയൂരുന്നത് വെളുത്തച്ഛന്‍ എന്ന് പറയുന്ന അര്‍ത്തുങ്കല്‍ പള്ളിയിലെ വെളുത്തച്ഛനെ കണ്ടിട്ടാണ്. അതാണ് ശബരിമലയുടെ മതേതര കണ്‍സെപ്റ്റ്. അത് തിരിച്ചുപിടിക്കണം. ഇവിടെ സംഭവിച്ചത്, ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുവാന്‍ ആര്‍.എസ്.എസിനും യു.ഡി.എഫിനും അവസരം കൊടുത്തു എന്നുള്ളതാണ്. ഇന്നിപ്പോള്‍ സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുവാന്‍ നമ്മുടെ സാമുദായിക നവോത്ഥാന നായകരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു. ഇസ്ലാമിക രാഷ്ട്രമുണ്ടാക്കാന്‍ ഐ.എസുകാരും മറ്റ് തീവ്രവാദികളും മുഹമ്മദ് നബിയെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നു.
സ്വച്ഛ് ഭാരതക്കാര്‍ ഗാന്ധിജിയുടെ കണ്ണട അടിച്ചുമാറ്റി. അയ്യന്‍കാളിയേയും വര്‍ഗ്ഗീയവല്‍ക്കരിച്ചു. പലമത സാരവുമേകം എന്നുപറഞ്ഞ ഗുരുദേവനുണ്ടല്ലോ എന്നായിരുന്നു അപ്പോഴൊക്കെയും ഏക ആശ്വാസം. പക്ഷേ ഒരു ഘട്ടത്തില്‍ അദ്ദേഹത്തെ ബി.ഡി.ജെ.എസ് തട്ടിക്കൊണ്ടുപോയി. അതുസംബന്ധമായി ഞാനൊരു കവിതയെഴുതിയിട്ടുണ്ട്.
? എഴുത്തിന്‍റെ അസ്ക്കിത കാര്യമായിട്ടുണ്ടോ.
ഉവ്വ് എന്നുപറയാം.

Show Less

No comments Yet

SLIDESHOW

LATEST VIDEO